news-details
ധ്യാനം

സന്തോഷത്തോടെ ആരംഭിക്കാം


ഒരു പുതിയ വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. 2020 ല്‍ അനുഭവിച്ച ദുരിതത്തിന്‍റെ സ്മരണകളുമായാണ് പുതുവര്‍ഷത്തിലേക്കുള്ള പ്രവേശനം. കോവിഡ് 19 വരുത്തിവച്ച മുറിവുകള്‍ മനസ്സുനിറയെ ഉണ്ട്. അവയില്‍ നിന്നെല്ലാം പാഠങ്ങള്‍ പഠിച്ചുകൊണ്ട് പുതിയ പ്രയാണത്തിനായി ഒരുങ്ങാം. ശരിക്കും ജീവിച്ചു തീര്‍ക്കാനുള്ളതാണ് ജീവിതം. റോഡിലൂടെ നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ബമ്പുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതായി കാണാം. അതിന്‍റെ മുകളിലൂടെ വാഹനം ഓടിച്ചാണ് നാം ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്. പ്രതിസന്ധികളുടെ മുമ്പില്‍ തളരാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറാം. ശരിക്കും ആസ്വദിച്ചു തീര്‍ക്കേണ്ട ജീവിതമാണിത്. ചിക്കന്‍ ഗുനിയായും, ഡങ്കിപ്പനിയായും, നിപ്പാ വൈറസും, മഹാ പ്രളയവും, കൊറോണാ വൈറസും ബബുകളായി നില്‍ക്കുന്നു. എത്താനുള്ള ലക്ഷ്യവും ചെയ്തു തീര്‍ക്കുവാനുള്ള ജോലികളും, നമ്മെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരും, നമ്മള്‍ ചെയ്തില്ലെങ്കില്‍ ശൂന്യമായിപ്പോകുന്ന കര്‍മ്മങ്ങളും മുമ്പില്‍ നില്‍ക്കുന്നു. ഒന്നിനെയും ഭയപ്പെടാതെ ലക്ഷ്യത്തിലേക്ക് നാം കുതിക്കണം.
നമ്മള്‍ പിറന്നു വീണ ഭൂമി കുറവുകള്‍ നിറഞ്ഞതായിരുന്നു. ഈ ലോകംവിട്ടു നാം പിരിയുമ്പോള്‍ ഇവിടം അല്പം കൂടി മെച്ചപ്പെടണം. പ്രകാശിക്കുന്ന ജീവിതങ്ങളായി നമുക്കു ജീവിക്കാം. ക്രിസ്തുമസ്സിനോടു ചേര്‍ത്തു വച്ച് നാം നക്ഷത്രങ്ങളെപ്പറ്റി ധ്യാനിച്ചു. എല്ലാ നക്ഷത്രങ്ങളും പ്രകാശം പരത്തി കത്തിത്തീരുന്നു. നക്ഷത്രത്തിന്‍റെ സന്തോഷം അതു പകര്‍ന്ന പ്രകാശമാണ് ചുറ്റുമുള്ള ലോകത്തിന് നമ്മള്‍ പകര്‍ന്നു കൊടുക്കുന്ന പ്രകാശം നമ്മെ സന്തോഷിപ്പിക്കണം. സൂര്യന്‍റെ പ്രകാശം പകര്‍ന്നില്ലെങ്കിലും ഒരു മിന്നാമിനുങ്ങിന്‍റെ പ്രകാശം പകരുവാന്‍ നമുക്കു കഴിയും. രാഷ്ട്രീയത്തിലും, മതത്തിലും സമൂഹത്തിലും ഇപ്രകാരമുള്ള പ്രകാശവാഹകരാകുവാന്‍ പരിശ്രമിക്കാം. ഏല്പിക്കപ്പെട്ട ജോലികള്‍ നല്കപ്പെട്ട സമയത്തിനുള്ളില്‍ സന്തോഷത്തോടെ പൂര്‍ത്തീകരിക്കാം. ജലത്തില്‍ പതിക്കുന്ന കല്ല് ചുറ്റുപാടും ഓളങ്ങളുടെ വൃത്തങ്ങള്‍ സൃഷ്ടിക്കുന്നതുപോലെ നമുക്കു ചുറ്റും നന്മയുടെ ചെറിയ വൃത്തങ്ങള്‍ രൂപപ്പെടുത്താം.
സമയം വിലപ്പെട്ടതാണ്. ഇന്നലെ നാം ചെലവഴിച്ച സമയം നമ്മുടെ ഭൂതകാലമാണ്. നമ്മുടെ ജീവിതകാലമെന്നു പറയുന്നത് നമുക്കു നല്‍കപ്പെട്ട സമയാണ്. ഓരോ നിമിഷത്തെയും വിലപ്പെട്ടതായി കാണാം. ഖേദിക്കുന്ന ഭൂതകാലസ്മരണകള്‍ ഉണ്ടാകാതിരിക്കട്ടെ. അലസമായി കളയുന്ന ഓരോ നിമിഷവും നഷ്ടപ്പെട്ട ജീവിതമാണെന്നോര്‍ക്കുക. ചലിക്കുവാന്‍ പറ്റുന്ന കാലത്തോളം വിശ്രമമറിയാതെ ജോലി ചെയ്യാം. കര്‍മ്മനിരതരായ ഒരു ജീവിതം വഴി ഒരു പുതിയ ലോകക്രമത്തിലേക്കു പ്രവേശിക്കുക. നമ്മെ ദൈവം ഏല്പിച്ച താലന്തുകള്‍ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കുവാന്‍ 2021 ല്‍ സാധിക്കട്ടെ. റിട്ടയര്‍മെന്‍റായി എന്നു പറഞ്ഞു ദുഃഖിക്കാതെ പുതിയ വഴിയിലേക്കു തിരിയണം. രോഗം ബാധിച്ചു കട്ടിലില്‍ തളര്‍ന്നു കിടക്കുന്നവര്‍ ഒരു പുഞ്ചിരികൊണ്ടു സന്ദര്‍ശകരെ ഉണര്‍ത്തണം. ഓരോ രാത്രിയില്‍ ഉറങ്ങുവാനൊരുങ്ങുമ്പോള്‍ അന്നത്തെ ദിവസം എങ്ങനെ ചെലവഴിച്ചുവെന്ന് ആത്മശോധന ചെയ്യുക. ഓരോ പ്രഭാതത്തിലുമുണരുമ്പോള്‍ ആ ദിവസത്തെ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുക.
വിജയത്തിന്‍റെ ജീവിതത്തേക്കാള്‍ വിശ്വസ്ഥതയുടെ ജീവിതത്തിനായി പ്രയത്നിക്കാം. നമ്മുടെ മഹത്വവും പ്രശസ്തിയും താല്‍ക്കാലികമാണ്. ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കുമായുള്ള പ്രയത്നത്തിലായിരിക്കണം നമ്മള്‍. മറ്റുള്ളവരെ ആദരിക്കുക. ചുറ്റുമുള്ളവരെ അഭിനന്ദിക്കുക. എന്നേക്കാള്‍ വിലപ്പെട്ടവനായി അപരനെ കാണുക. ആദരവോടെ അപരനെ സ്വീകരിക്കുമ്പോള്‍ ഞാന്‍ ബഹുമാന്യനായിത്തീരും. "ഞാനില്ലെങ്കില്‍ കാണാം", "എനിക്കുശേഷം പ്രളയം" എന്നുള്ള കാഴ്ചപ്പാടുകളാണ് പലരെയും തകര്‍ക്കുന്നത്. ആത്മീയ ജീവിതത്തില്‍ ശരിയായി യുദ്ധം ചെയ്ത് മുന്നേറുവാന്‍ പരിശ്രമിക്കാം.
പുതിയ വര്‍ഷത്തില്‍ പുതിയ ഭാഷ സംസാരിക്കാന്‍ പരിശീലിക്കാം. കോപത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ഭാഷകള്‍ ഉപേക്ഷിക്കാം. വെറുപ്പിന്‍റെയും പകയുടെയും ശൈലികളോടു വിടപറയാം. സ്നേഹത്തിന്‍റെയും കരുണയുടെയും പുതിയ ഭാഷകള്‍ സംസാരിക്കുന്നവരായിത്തീരാം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്ലീലച്ചുവയുള്ള വാക്കുകളും നമ്മില്‍ നിന്നും അകലട്ടെ. സഭ്യവും മാന്യവുമായ പദപ്രയോഗങ്ങള്‍കൊണ്ട് നമ്മുടെ സംസാര രീതികളെ മെനഞ്ഞെടുക്കാം. യോഗ്യരായി ജീവിച്ച് അന്തസ്സുള്ള മരണത്തിലേക്കു നീങ്ങാം. 2020 എന്ന വര്‍ഷം വളരെ വേഗത്തില്‍ മരിച്ചു പോയി. 2021 എന്ന വര്‍ഷവും അങ്ങനെ കടന്നുപോകും. പുതിയ വര്‍ഷത്തിന്‍റെ അവസാനത്തില്‍ പിന്നോട്ടു തിരിഞ്ഞു നോക്കി ദുഃഖിക്കാതിരിക്കുവാന്‍ നമുക്കു സാധിക്കട്ടെ. പുതുവര്‍ഷമംഗളങ്ങള്‍.
 
 
 
 
 
ReplyForward
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

You can share this post!

ബെത്ലെഹെമിലേക്കുള്ള യാത്ര

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ബേത്ലെഹെമില്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts