news-details
കവർ സ്റ്റോറി

കറുപ്പിന്‍റെ രാഷ്ട്രീയം

അവസരസമത്വത്തിന്‍റെയും അവകാശസമരങ്ങളുടെയും കാതലാകുന്ന കറുപ്പിന്‍റെ രാഷ്ട്രീയം

തൊലിനിറത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ബോധങ്ങള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്. മാനവികതയെ വിഭജിക്കാനുള്ള ത്വരയാണ് ആ രാഷ്ട്രീയബോധം. ഒന്ന് മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമെന്ന് പറഞ്ഞു പഠിപ്പിക്കുന്ന വര്‍ണവെറിയുടെ കഥ ലോകചരിത്രത്തിലെല്ലാം തന്നെ അസമത്വമെന്ന ആശയത്തെ പ്രചരിപ്പിക്കുന്നു. അത് വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ഉയര്‍ത്തുന്നത്. വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ മനുഷ്യരിലെ ജനാധിപത്യ ബോധ്യത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്. എന്നാല്‍ സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും പുറംതള്ളലുകളും ബഹിഷ്കരണങ്ങളും നേരിട്ട് കൊണ്ടിരിക്കുന്ന കറുത്ത വര്‍ഗക്കാരുടെ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെയും ചെറുത്തു നില്‍പുകളുടെയും ആകെ തുകയാണ് കറുപ്പിന്‍റെ രാഷ്ട്രീയം. കറുപ്പ് എന്നത് കേവലം ഒരു നിറമല്ലെന്നും, വൈവിധ്യമാര്‍ന്ന സംസ്കാരത്തിന്‍റെയും അവയുടെ അടയാളപ്പെടുത്തലിന്‍റെയുമൊക്കെ സൂചനകളാണെന്നും വര്‍ണത്തിന്‍റെയും വര്‍ഗത്തിന്‍റെയും പേരില്‍ അസമത്വം അനുഭവിക്കുന്ന മനുഷ്യരോടൊക്കെ സാഹോദര്യത്തോടെ ചേര്‍ന്ന് നില്‍ക്കാന്‍ സഹായിക്കുന്ന, പ്രേരിപ്പിക്കുന്ന ഘടകവുമാണത്. പക്ഷേ കറുപ്പ് ദുഃഖത്തിന്‍റെയും ദുഷ്ടതയുടെയും അടിമത്വത്തിന്‍റെയും കീഴ്പ്പെടലിന്‍റെയും പ്രതീകമാക്കി മാറ്റാന്‍ സവര്‍ണ ചിന്തകള്‍ക്ക് കഴിഞ്ഞുവെന്നത് എത്രത്തോളം ആഴത്തില്‍ ഈ സവര്‍ണമായ കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ വേരോടിയിരിക്കുന്നുവെന്നതില്‍ മനസിലാക്കാവുന്നതാണ്. ഇന്ത്യയില്‍ മനുഷ്യരെ വിഭജിക്കാനായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു നിറം. വര്‍ണവിവേചനമെന്ന പേരില്‍ നിലനില്‍ക്കുകയും നൂറ്റാണ്ടുകളോളം പരിശീലിക്കുകയും ചെയ്തിരുന്ന ഒരു സംവിധാനം പിന്നീട് ആളുകള്‍ ചെയ്തിരുന്ന തൊഴിലിന്‍റെ അടിസ്ഥാനത്തിലും വേര്‍തിരിക്കാന്‍ സഹായിക്കുകയായിരുന്നു. ആത്യന്തികമായി മനുഷ്യരെ വിഭജിക്കാനുള്ള അളവുകോലായാണ് നിറത്തെ കണ്ടിരുന്നത്. ഇവയുടെ അടിസ്ഥാനത്തിലാണ് മറ്റ് വിവേചനങ്ങളും വ്യത്യസ്തതകളും നിലനിര്‍ത്തിയിരുന്നതും.

കല്യാണം, ഗൃഹപ്രവേശം പോലുള്ള ശുഭകാര്യങ്ങളില്‍ കറുപ്പ് അണിയുന്നത് അശുഭമാണെന്ന തുടങ്ങി കറുത്ത നിറമുള്ള മനുഷ്യനെ ഉപദ്രവിക്കുകയും കളിയാക്കുകയും എന്തിനേറെ കൊലപ്പെടുത്തുകയും ചെയ്യാമെന്ന മാനസിക നിലവാരത്തിലേക്ക് എത്തിക്കുന്നവയായിരുന്നു അവര്‍ നിര്‍മ്മിച്ച കാഴ്ചപ്പാടുകളുടെ പരിണതഫലം. ഇതിന് ഉത്തമ ഉദാഹരണമാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡ് അമേരിക്കന്‍ പോലീസിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവം. ജോര്‍ജ് ഫ്ളോയ്ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ലോകമൊട്ടാകെ 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' എന്ന ഹാഷ്ടാഗോടു കൂടി സമരങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്നെങ്കിലും പൊതുബോധത്തെ ഇളക്കിമറിക്കാന്‍ അതിനായില്ല. കൂടുതല്‍ സവര്‍ണമായ ആശയങ്ങളെ കൂട്ടുപിടിക്കുകയും സവര്‍ണബോധത്തെ ഊട്ടി ഉറപ്പിക്കാനുമാണ് ഇപ്പോഴും പൊതുജന താല്പര്യം. ഒരു കുട്ടി ജനിക്കുന്നത് മുതല്‍തന്നെ ആ കുട്ടി വര്‍ണവെറിക്ക് വിധേയമാകാറുണ്ട്. കുഞ്ഞ് വല്ലാതെ കറുത്ത് പോയെന്നും, മഞ്ഞളും ചന്ദനവും പുരട്ടിയാല്‍ 'വെളുത്ത് സുന്ദരിയാവുമെന്നും' ഉപദേശിക്കുന്ന മനുഷ്യര്‍ തന്നെയാണ് നമുക്ക് ചുറ്റുമെന്നുള്ളത് തന്നെയാണ് അതിനുള്ള ഉദാഹരണവും.

 

മനുഷ്യന്‍റെ കഴിവിനെയും മൂല്യങ്ങളെയും നിശ്ചയിക്കാനുള്ള മൂല്യങ്ങളിലൊന്നായാണ് പലപ്പോഴും തൊലിനിറത്തെ അവതരിപ്പിക്കപ്പെടുന്നത്. അതിന് ഇവിടുത്തെ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന സൗന്ദര്യ വര്‍ധക ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ പരിശോധിക്കുന്നത് തന്നെ ധാരാളം. ക്രീമോ, പൗഡറോ പോലെയുള്ള ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉടന്‍ നിറത്തില്‍ വ്യത്യാസം വരികയും ഉടനെ ആത്മവിശ്വാസം കൂടുകയും ബുദ്ധി ശക്തിയോ പ്രാവീണ്യമോ ആവശ്യമോ വേണ്ടിയുള്ള അവസരങ്ങളോ ജോലിയോ നേടുകയും ചെയ്യുന്നത് ഇവിടുത്തെ പരസ്യങ്ങളുടെ സ്ഥിരം പാറ്റേണുകളാണ്. ഇത് കറുത്ത നിറത്തെ പ്രശ്നവത്കരിക്കുകയാണ് ചെയ്യുന്നത്. കറുത്ത അല്ലെങ്കില്‍ ഇരുണ്ട നിറമുള്ള മനുഷ്യരെ മുഴുവന്‍ അപകര്‍ഷതാബോധത്തിലേക്ക് തള്ളിയിടാന്‍ പ്രാപ്തമായ ഇത്തരം പരസ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍സ്വീകാര്യതയുമാണ്.

 

സൗത്ത് ഇന്ത്യയില്‍, പ്രത്യേകിച്ച് ദ്രാവിഡ ചരിത്രമുള്ള ഇന്ത്യയുടെ ഭാഗങ്ങളില്‍ ഇരുണ്ട തൊലിനിറമെന്നത് മനുഷ്യരുടെ ജീവശാസ്ത്രപരമായ പ്രത്യേകതയാണ്. ഇവിടുത്തെ ഭൂപ്രകൃതിക്കും ജീവിത സാഹചര്യങ്ങള്‍ക്കുമനുസരിച്ച് ഉണ്ടായി വന്നതാണ് ഓരോ ഭൂപ്രദേശങ്ങളിലെയും മനുഷ്യരുടെ നരവംശപരമായ പ്രത്യേകതകള്‍. എന്നാല്‍ അവയെയൊക്കെ ഹനിക്കുന്നതാണ് ഇവിടുത്തെ സവര്‍ണമായ ആശയങ്ങള്‍. സമസ്ത മേഖലയിലും സവര്‍ണതയ്ക്കുണ്ടായ മേല്‍ക്കോയ്മ ആധിപത്യം സത്യത്തില്‍ ഇത്തരം മിഥ്യാധാരണകളെ പ്രചരിപ്പിക്കാന്‍ സാഹായിക്കുന്നുവെന്ന് വേണം മനസിലാക്കാന്‍.

 

ഇതിന് പുറമേയാണ് ഇരുണ്ട/ കറുത്ത നിറമുള്ള മനുഷ്യരുടെ അവസരങ്ങള്‍ വെളുത്ത് വിളറിയ നിറമുള്ള മനുഷ്യര്‍ ഹൈജാക്ക് ചെയ്യുന്നതും. വെളുത്ത തൊലിനിറത്തിന് മേല്‍ കറുപ്പടിച്ചു (ബ്ലാക്ക് ഫിഷിങ്) കൊണ്ട് തട്ടിയെടുക്കപ്പെടുന്ന അവസരങ്ങള്‍ ശരിക്കും അനീതിയായാണ് മനസിലാക്കേണ്ടത്. ഒരേസമയം കറുത്ത നിറമുള്ള മനുഷ്യരുടെ അവസരങ്ങളെ ഇല്ലാതാക്കുകയും, അവര്‍ അന്നോളം അഭിമുഖീകരിച്ച എല്ലാ അവഹേളനങ്ങളെയും കളിയാക്കലുകളേയും സവര്‍ണമായ പ്രിവിലേജുകള്‍ കൊണ്ട് റദ്ദ് ചെയ്യപ്പെടുകയുമാണ് ചെയ്യുന്നത്.

 

കരിങ്കല്ല് പെറ്റിട്ടെന്നോണം കറുത്തുടലുള്ള, ടോര്‍ച്ചടിക്കുന്നത് പോലെ ഇടിമിന്നല്‍ ചിരിയുള്ള, കറുത്ത നീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലെ നഖങ്ങളോട് കൂടിയ പെണ്ണായി ഉറൂബ് എഴുതിയ രാച്ചിയമ്മ സ്ക്രീനില്‍ പാര്‍വതി തിരുവോത്ത് എന്ന വെളുത്ത നിറമുള്ള നടി ആകുന്നതിനെ വിമര്‍ശിക്കുന്നതിന് പിറകിലുള്ള കാരണം അതാണ്. അതൊരു ഫിക്ഷണല്‍ കഥാപാത്രമാണെന്നും ഒരു റിയല്‍ ലൈഫ് കഥാപാത്രമായിരുന്നെങ്കില്‍ ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കില്ലെന്നുമായിരുന്നു പാര്‍വതി വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടി. പക്ഷേ അവിടെ ഉണ്ടാകുന്ന അവസരസമത്വത്തിന് മറുപടി നല്‍കാന്‍ പാര്‍വതിയുടെ ഈ ഉത്തരം പര്യാപ്തമല്ല. സാമൂഹികമായും സാംസ്കാരികമായും പുറംതള്ളപ്പെടുന്ന, അകറ്റിനിര്‍ത്തപ്പെടുന്ന ഒരു വലിയ ജനസമൂഹത്തിനെ പുറത്തുനിര്‍ത്തി കൊണ്ടാണ് അവര്‍ ഇത്തരത്തില്‍ ഒരു മറുപടി പറയുന്നത്. കറുത്ത/ഇരുണ്ട നിറത്തിലെ മനുഷ്യര്‍ക്ക് ദൃശ്യമാധ്യമങ്ങളില്‍ നല്‍കുന്ന അവസരങ്ങളെ പുനഃപരിശോധിക്കുകയും വിലയിരുത്തുകയും ചെയ്താല്‍ മാത്രമേ അത് സാധ്യമാകുകയുമുള്ളൂ. കറുത്ത നിറമുള്ള കഥാപാത്രങ്ങളെ വഴിപിഴച്ചവരും ഗുണ്ടകളും വേശ്യകളുമായി ഒരു ഗ്രേ ഷേഡുകളാക്കി സ്റ്റീരിയോടൈപ്പ് ചെയ്ത് നിലനിര്‍ത്തുകയും നായക പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ഉള്ളവര്‍ എപ്പോഴും വെളുത്ത നിറമുള്ള ആണുങ്ങളും പെണ്ണുങ്ങളുമാകുന്നതിന്‍റെ ഫോര്‍മുലയാണ് സത്യത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടത്.  സമൂഹമാധ്യമങ്ങളില്‍ പ്രചാരമുള്ള ചില ഫോട്ടോ ആപ്ലിക്കേഷനുകളും ഇത്തരത്തില്‍ പുനഃപരിശോധിക്കേണ്ടതാണ്. കറുത്ത തൊലിനിറമുള്ള ആളുകളുടെ ഫോട്ടോ വെളുപ്പിച്ചും നേര്‍പ്പിച്ചുമുള്ള ട്രെന്‍ഡ് വെളുത്ത/വിളറിയ നിറത്തോടുള്ള ഒബ്സഷനെയാണ് ഉപയോഗിക്കുന്നത്. പക്ഷേ കറുപ്പടിയോടും അത്തരം പ്രവണതകളോടും സ്വന്തം നിറത്തിന്‍റെ പേരില്‍ അപമാനിതരായി കൊണ്ടിരുന്ന ഒരു കൂട്ടം യുവതീയുവാക്കള്‍ മുന്നോട്ട് വന്ന് അവരുടെ ജീവിത അനുഭവങ്ങള്‍ വിവരിക്കുകയും തങ്ങള്‍ക്ക് കിട്ടേണ്ടിയിരുന്ന അവസരങ്ങളെ വെളുത്ത തൊലിയില്‍ നിറം ചേര്‍ത്ത് തട്ടിപ്പറിക്കുന്നവര്‍ക്ക് നേരെ തങ്ങളുടെ സര്‍ഗാത്മകത ഉപയോഗിച്ച് പോരാടുകയുമായിരുന്നു. ഞങ്ങളുടെ നിറത്തില്‍ അഭിമാനിക്കുന്നുവെന്നും കറുപ്പ് ഞങ്ങള്‍ക്ക് ഒരു നിറം മാത്രമല്ല പകരം നമ്മുടെ പൂര്‍വികരില്‍ നിന്നും ലഭിച്ച പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും പ്രതീകമാണെന്നും അവര്‍ തെളിയിക്കുക അല്ലാതെ, നിങ്ങള്‍ക്ക് തോന്നുമ്പോള്‍ എടുത്ത് അണിയാനുള്ളതല്ല ഞങ്ങളുടെ കറുപ്പെന്നുമുള്ള ഉറച്ച രാഷ്ട്രീയത്തെ അടയാളപ്പെടുത്തുകയുമായിരുന്നു. അവരുടെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും കേരളത്തിലെ ജനങ്ങളെ മാറിചിന്തിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. അവയുടെ ഫലമായാണ് നിരവധി കറുത്ത നിറമുള്ളവര്‍ക്ക് മോഡലിംഗ് പോലുള്ള മേഖലകളില്‍ ഉണ്ടായ അവസരങ്ങള്‍. ഇത്തരത്തിലുള്ള ഇടപെടലുകളില്‍ കൂടി മാറ്റങ്ങള്‍, പതുക്കെയെങ്കിലും മാറ്റങ്ങള്‍ സാധ്യമാണെന്നതിനുള്ള ശുഭസൂചകമായി ഇതിനെ വിലയിരുത്താം. അലീന ആകാശമിഠായി, നിമിഷ, കാജല്‍, അനീഷ എന്നിവര്‍ക്ക് കിട്ടുന്ന അവസരങ്ങളെ വലിയ മാറ്റമായി തന്നെ കണ്ട് പ്രോല്‍സാഹിപ്പി ക്കേണ്ടതുണ്ട്.

അതേസമയം, സമൂഹത്തില്‍ നിലനില്‍ക്കുന്ന നിറത്തെ പറ്റിയുള്ള ചില കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കാന്‍ ഇവ മതിയാകാതെ വരും. കാരണം,

 

ഇന്ത്യന്‍ സാഹചര്യത്തില്‍, നിറമെന്നത് തൊലിനിറത്തേക്കാള്‍ ഒരു വ്യക്തിയുടെ സാമൂഹിക ചുറ്റുപാടുകളെയും ജാതിയെയും വ്യക്തമാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ തന്നെ ഒരു വ്യക്തി എവിടെ നിന്നു വരുന്നുവെന്നും അയാളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി എന്തെന്നും തിരിച്ചറിയാനുമായി ഇന്ത്യന്‍ ജനത തൊലിയുടെ നിറത്തെ ഉപയോഗിക്കുന്നുണ്ട്. ഇരുണ്ട/ കറുത്ത തൊലി നിറമുള്ളവര്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് അനുമാനിച്ച് അവര്‍ക്ക് നേരെ ജാതീയ അധിക്ഷേപങ്ങളും കളിയാക്കലുകളും നല്‍കുന്ന ഒരു വലിയ സമൂഹം ഇവിടെ നിലവിലുണ്ട്.

 

അംബേദ്കര്‍ വിഭാവനം ചെയ്ത ഇന്ത്യന്‍ ഭരണഘടനയിലെ ആറ് മൗലിക അവകാശങ്ങളില്‍ ഒന്നാണ് തുല്യതയ്ക്കുള്ള അവകാശം. ജാതി, മതം, ലിംഗം, ഭാഷ എന്നിവ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവേചനങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിക്കാനുള്ള ചാലകശക്തിയായി വര്‍ത്തിക്കാനുള്ളതാണ് ഭരണഘടന നമുക്ക് നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശം. എന്നിരുന്നാലും ഇത് നിറത്തിന്‍റെയും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ പലപ്പോഴും ലഭ്യമാകാതെ പോകുകയും ചെയ്യാറുണ്ട്. ഇവിടുത്തെ പരമ്പരാഗത തദ്ദേശീയ ജനവിഭാഗങ്ങളായ ദളിത്-ആദിവാസി-മുക്കുവ സമൂഹങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ചെറുതും വലുതുമായ അവകാശ ലംഘനങ്ങള്‍ ഇവയ്ക്ക് ഉദാഹരണമാണ്. കരയും കാടും കടലും നഷ്ടപ്പെടുത്തി അവരെ കുടിയിറപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇവിടുത്തെ സവര്‍ണ ഇടപെടലുകളും ഹിന്ദുത്വ രാഷ്ട്രീയവും ബ്രാഹ്മണിസവും മുതലാളിത്തവുമാണ്. അവയ്ക്കൊക്കെ പ്രതിരോധം തീര്‍ക്കുന്നതിനും വിജയം നേടുന്നതിനും ഭരണഘടനയെയും കറുപ്പിന്‍റെ രാഷ്ട്രീയത്തെയും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇവിടുത്തെ അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശമാണ്. പക്ഷേ ഈ അവകാശബോധം ജനാധിപത്യ ബോധ്യത്തില്‍ നിന്നാണ് ഉയര്‍ന്നു വരേണ്ടതാണെന്നുള്ളത് കൊണ്ടാണ് ഇവിടെ അംബേദ്കര്‍ രാഷ്ട്രീയത്തിന് പ്രാധാന്യമുണ്ടാകുന്നത്. മനുഷ്യരെ വേര്‍തിരിക്കുന്ന എല്ലാ ആശയങ്ങളെയും എതിര്‍ക്കുകയും സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും ചെയ്തിരുന്ന അംബേദ്കര്‍, ബ്രാഹ്മണിസത്തിനും മുതലാളിത്തത്തിനുമെതിരായി വിട്ടുവീഴ്ചയില്ലാതെ പോരാടാന്‍ ആഹ്വാനിച്ചിരുന്നതും ഇവയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ എല്ലാവിധ സര്‍വ്വാധിപത്യങ്ങളെയും നിഷേധിക്കുന്ന അംബേദ് കറുടെ രാഷ്ട്രീയ ദര്‍ശനം സമഗ്രമായ സാമൂഹിക പരിവര്‍ത്തനത്തിനും രാഷ്ട്രീയങ്ങള്‍ക്കും വേണ്ടിയാണ് സംവദിക്കുന്നതും. എന്നാല്‍ സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയം സര്‍വ്വ മേഖലകളിലും പിടിമുറുക്കുന്ന ഈ കാലത്തില്‍ കറുത്ത ശരീരങ്ങളുടെ രാഷ്ട്രീയ-സാംസ്കാരിക സ്വത്വത്തെ തിരിച്ചുപിടിക്കുവാനും ദളിത്-ആദിവാസി-മുക്കുവ-പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അംബേദ്കര്‍ രാഷ്ട്രീയം എന്ന ബദല്‍ സംവിധാന ത്തെയല്ലാതെ മറ്റെന്തിനെ ആശ്രയിക്കാനാണ്.

 

Wisconsin-Madison യൂണിവേഴ്സിറ്റിയിലെ റിസേർച്ച് അസിസ്റ്റൻറ് ആണ് ലേഖിക 

You can share this post!

അഭിമുഖം

അജി ജോര്‍ജ് & ഫാ.റോണി കിഴക്കേടത്ത്.
അടുത്ത രചന

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
Related Posts