മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍, അനുഭവിക്കാവുന്ന വിധത്തില്‍ ദൈവം തന്‍റെ സ്നേഹത്തെ ലോകത്തിനു വെളിപ്പെടുത്തിയതാണ് - ക്രിസ്തു. ഓരോ പുലരിയും ഉയിര്‍പ്പിന്‍റെ, വീണ്ടെടുപ്പിന്‍റെ ശോഭയില്‍ ആരംഭിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ഈസ്റ്റര്‍. എത്ര തകര്‍ക്കപ്പെട്ടാലും മുറിവേറ്റാലും പരിത്യക്തനായാലും വിധിക്കപ്പെട്ടാലും വധിക്കപ്പെട്ടാലും അതിനുമപ്പുറം ഉയിര്‍പ്പിന്‍റെ പുതുപുലരി നല്കാനായി നമ്മെ കാത്തിരിക്കുന്ന ദൈവമുണ്ടെന്ന് ഈശോയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. അവന്‍റെ ജീവിതം മരണത്തിലൊടുങ്ങാതിരുന്നത് ദൈവവുമായി പുലര്‍ത്തിയിരുന്ന അഭേദ്യമായ ബന്ധം മൂലമായിരുന്നു: "ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണെന്ന്" പറയാന്‍തക്ക ആഴമുള്ള ബന്ധം. അവസാനംവരെ അവന്‍റെ ജീവിതവും നിലപാടുകളും അയച്ചവന്‍റെതു മാത്രമായിരുന്നു. അത്രമാത്രം ആഴത്തില്‍ ദൈവത്തില്‍ ജീവിക്കുന്ന ഒരാള്‍ എങ്ങനെയാണ് മരണത്തില്‍ അവസാനിക്കുക! ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടേ മതിയാകൂ, അത് തന്‍റെ നിലപാടുകള്‍ ശരിയെന്ന് തെളിയിക്കാനായി ക്രിസ്തുവിന്‍റെയോ അവനില്‍ വിശ്വസിച്ചവരുടെയോ മാത്രം ആവശ്യമായിരുന്നില്ല, അത് ദൈവത്തിന്‍റെ കൂടി ആവശ്യമായിരുന്നു. കാരണം അവനില്‍ സകലരും തങ്ങളുടെ ജീവന്‍റെ സത്തയും ജീവിതത്തിന്‍റെ അര്‍ത്ഥവും ഉയിര്‍പ്പും കണ്ടെത്തുന്നു.
തന്‍റെ ഇഹലോകവാസം മുഴുവനും ക്രിസ്തു മനുഷ്യരെ ഇത്തരമൊരു ഉയിര്‍പ്പനുഭവത്തിലേക്ക് ക്ഷണിക്കുകയും സൗഖ്യപ്പെടുത്തി കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. പലതരത്തിലും നിര്‍ജീവത ബാധിച്ചിരുന്ന ആ സമൂഹത്തില്‍ അവന്‍ ജീവന്‍റെ സമൃദ്ധിയായിരുന്നു. തങ്ങളുടെ മൃതാവസ്ഥകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുവാനുള്ള ജീവജലത്തിന്‍റെ അരുവിയായിരുന്നു അവന്‍. പാപത്തിന്‍റെ, രോഗത്തിന്‍റെ, തിന്മകളുടെ, അനീതിയുടെ ഒക്കെ ജീര്‍ണതകളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനത്തെ വാക്കുകളും ജീവിതവുംകൊണ്ട് ക്രിസ്തു വീണ്ടെടുക്കുകയായിരുന്നു. ഒരേ പിതാവിന്‍റെ മക്കളെന്ന നിലയില്‍ പരസ്പരം കൊടുക്കേണ്ട സ്നേഹത്തിന്‍റെ, ആദരവിന്‍റെ, കരുതലിന്‍റെ പാഠങ്ങളെ അവന്‍ പകര്‍ന്നുനല്കി. അത്തരമൊരു കരുതലും സ്നേഹവും അനുഭവിച്ചറിഞ്ഞ ക്രിസ്തു ശിഷ്യര്‍ എപ്രകാരം ആനന്ദത്തോടെ ജീവിച്ചുവെന്നും, ചുറ്റുമുള്ളവരുടെ ജീവിതങ്ങളില്‍ ജീവന്‍റെ സമൃദ്ധിയായി മാറിയെന്നുമൊക്കെ ശ്ലീഹന്മാരുടെ നടപടി പുസ്തകത്തില്‍ നമ്മള്‍ വായിച്ചറിയുന്നുണ്ട്.
ഭിന്നതകള്‍ ഇല്ലാതാക്കാന്‍ പിറന്നവന്‍റെ പേരില്‍തന്നെ എത്രമാത്രം ഭിന്നതകള്‍ക്കും കലഹങ്ങള്‍ക്കുമാണ് നമ്മള്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഇവിടെ ക്രിസ്തുവിന്‍റെ ഉയിര്‍പ്പാണോ മരണമാണോ സംഭവിക്കുന്നത്. ഇത്തരം ഭിന്നതകളെ തങ്ങളുടെ മുതല്‍ക്കൂട്ടാക്കാന്‍ പരിശ്രമിക്കുന്നവരെ തിരിച്ചറിയാതെപോകുന്നത് അപകടകരം തന്നെ. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളവും പ്രവേശിക്കുകയാണ്. എത്രമാത്രം വിഭാഗീയ ചിന്താഗതികളാണ് സമൂഹത്തില്‍ പ്രബലമാകുന്നത്. സമൂഹത്തിന്‍റെ പൊതുനന്മയോ, നേതൃത്വഗുണമോ, സത്യസന്ധതയോ, ആര്‍ജ്ജവത്വമോ നിലപാടുകളോ ഒന്നുമല്ല മറിച്ച് ജാതി-മത-ലിംഗ-വര്‍ഗ്ഗങ്ങളുടെ മുന്‍തൂക്കമാണ് സ്ഥാനാര്‍ത്ഥിത്വം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകമെന്ന നിലയിലേക്ക് മുന്നണിരാഷ്ട്രീയങ്ങള്‍ അധപ്പതിച്ചു കഴിഞ്ഞു.
സാമൂഹ്യനീതി ഉറപ്പാക്കുന്ന, ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സത്യസന്ധതയും വ്യക്തമായ നിലപാടുകളും ഉള്ള ഒരു നേതൃസമൂഹം നമ്മുടെ ഇടയില്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
ക്രിസ്തുപാത പിന്‍ചെല്ലുന്നവരെന്ന നിലയില്‍ അവന്‍റെ ഉത്ഥാനം നമ്മിലൂടെ ഇന്നത്തെ സമൂഹത്തിലും സംഭവിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും ഉയിര്‍പ്പ് ആവശ്യമാണ്. വ്യക്തിപരമായ ജീവിതത്തിന്‍റെ മൃതാവസ്ഥകളില്‍ നിന്നുള്ള ഉയിര്‍പ്പാകാം, ഭൂതകാലത്തിന്‍റെ ഓര്‍മ്മകളില്‍ നിന്നും മുറിവുകളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും വെറുപ്പില്‍ നിന്നുമൊക്കെയുള്ള ഉയിര്‍പ്പാകാം. സമൂഹത്തിന്‍റെ ജീര്‍ണ്ണതകളില്‍നിന്ന് മൂല്യങ്ങളിലേക്കുള്ള ഉയിര്‍പ്പ്. ജാതി-മത-ലിംഗ-വര്‍ണ വ്യത്യാസങ്ങളുടെ വേര്‍തിരിവുകളില്‍ നിന്നുള്ള ഉയിര്‍പ്പ്. ഇത്തരം ഒരു ഉയിര്‍പ്പിലേക്ക് ക്രിസ്തു നമ്മളെ നിരന്തരം ക്ഷണിക്കുന്നു. ഭൂമിയിലെ ഓരോ മനുഷ്യനും ഉയിര്‍പ്പിക്കപ്പെടുമ്പോള്‍ ക്രിസ്തുവാണ് ഉയിര്‍പ്പിക്കപ്പെടുന്നത്. തകര്‍ന്നുപോകുമായിരുന്ന നമ്മുടെ ജീവിതത്തെ വാക്കുകൊണ്ടും കൂട്ടുകൊണ്ടും ഉയിര്‍പ്പിച്ച നമ്മുടെ ചങ്ങാതിമാര്‍ പകര്‍ന്നുതന്നത് ആ ഉയിര്‍പ്പിന്‍റെ ശോഭയായിരുന്നില്ലേ.
പരസ്പരം പകര്‍ന്നു നല്കേണ്ട ഉയിര്‍പ്പനുഭവത്തെ കൂടി ഈസ്റ്റര്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. കുടുംബത്തിലും സമൂഹത്തിലുമൊക്കെ ഉയിര്‍പ്പനുഭവങ്ങള്‍ നല്കുന്നവരാകാം. തകര്‍ന്നും തളര്‍ന്നും നിരാശയിലാണ്ടും സ്വയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എണ്ണം നമുക്കിടയില്‍ വര്‍ധിച്ചുവരുന്നു. നല്ല വാക്കുകള്‍ പറഞ്ഞും സ്നേഹപൂര്‍വ്വം കേട്ടും സാമീപ്യമായുമൊക്കെ നാം ഉത്ഥിതന്‍റെ ജീവനുള്ള സാന്നിധ്യങ്ങളായി മാറേണ്ടതുണ്ട്.
സമൂഹത്തില്‍ ഉയരുന്ന ചെറിയ പ്രതിരോധത്തിന്‍റെ ശബ്ദംപോലും ഉയിര്‍പ്പിന്‍റെ കാഹളമായി മാറും. എല്ലാകാലത്തും ഓരോരോ കാരണങ്ങള്‍കണ്ടെത്തി മുഴുവന്‍ ജനത്തെയും അടിച്ചമര്‍ത്തി ഭരിക്കാന്‍ കഴിയുമെന്ന ചിലരുടെ മൂഢവിശ്വാസങ്ങളുടെ അടിത്തറ ഇളകുകതന്നെ ചെയ്യും. വൈകിയെങ്കിലും നീതിബോധവും സമാധാനതല്പരതയുമുള്ള ഒരു ജനത ഇവിടെയും ഉയിര്‍ത്തെഴുന്നേല്ക്കും. കര്‍ഷകരുടെ സമരത്തെ ഇത്തരമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ മുന്നോടിയായി നമുക്കു പ്രത്യാശിക്കാം. അത്തരമൊരു ആശയം സണ്ണി പൈകട ഭംഗിയായി ഈ ലക്കം അസ്സീസിയില്‍ എഴുതുന്നു. ഉത്ഥിതനായ ക്രിസ്തു നമ്മിലൂടെയാണ് ജീവിക്കുന്നതെന്നും ഉത്ഥിതനു ചേര്‍ന്ന ജീവിതമാകണം നമ്മുടെതെന്നും ജോബി താരമംഗലം ഓര്‍മ്മിപ്പിക്കുന്നു. നാനാതരം ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് ദൈവത്തിന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് അപരനെയും ഗൗരവത്തിലെടുക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ജോയി ഫ്രാന്‍സിസ്, കറുപ്പിന്‍റെ രാഷ്ട്രീവും നിലപാടുകളും പങ്കുവച്ചുകൊണ്ട് ആരതി എം. ആര്‍. സംസാരിക്കുന്നു.
ഈസ്റ്റര്‍ മംഗളങ്ങളോടെ,