സുഭാഷിണി മിസ്ത്രി. നാമധികം കേട്ടുപരിചയിച്ചിട്ടില്ലാത്ത ഒരു പേരാണ്. വാഴ്ത്തുപാട്ടുകളില്ലാതെ വന്‍കാര്യങ്ങള്‍ സാധ്യമാക്കിയ ഇത്തരം ചിലരെക്കുറിച്ചൊരു കുട്ടിപ്പുസ്തകമുണ്ട്. അനിതാ പ്രതാപിന്‍റെ Unsung. ചെവാങ് നോര്‍ഫല്‍, ഹസ്നത്ത് മന്‍സൂര്‍, കെ.എ. ചിന്നപ്പ, രാമസ്വാമി ഇളങ്കോ എന്നിങ്ങനെ കുറേയേറെ സമാന്തരജീവിതങ്ങളുടെ കഥനമാണിത്. തങ്ങള്‍ക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സ്വയം സമര്‍പ്പിച്ച മനുഷ്യജീവികള്‍ക്കുള്ള ആദരോപഹാരമാണ് ഈ പുസ്തകം എന്നാണ് അനിത തന്നെ വിശേഷിപ്പിക്കുക. സാമ്പത്തിക ശേഷിക്ക് ബദലായി ദര്‍ശനം, ഇച്ഛാശക്തി, സമര്‍പ്പണം, ഊര്‍ജ്ജം എന്നീ ആന്തരശേഷികള്‍ മാത്രം കൈമുതലായിട്ടുണ്ടായിരുന്നവര്‍. അവരിലൊരാളാണ് സുഭാഷിണി മിസ്ത്രി. അവയിലൊന്നാണ് ആ വിധവ കെട്ടിപ്പടുത്ത ആതുരാലയത്തിന്‍റെ ചരിത്രം. യഥാവിധി ചികിത്സ ലഭിക്കാത്തതിനാല്‍ സ്വഭര്‍ത്താവിനെ നഷ്ടമായ തന്‍റെ ദുര്‍വിധി ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു അവരുടെ മൂലധനം. ദിനംതോറും അഞ്ചുവീടുകളില്‍ പണിക്ക് പോയി നാലുമക്കളെയും അവര്‍ വളര്‍ത്തി. ധാപാഗ്രാമത്തില്‍ വഴിയോരത്ത് വെറുതെ വളര്‍ന്ന പച്ചക്കറികള്‍ പറിച്ചെടുത്ത് വിറ്റ് പണം സമ്പാദിച്ചു. മാസവരുമാനം അഞ്ഞൂറ് രൂപയിലെത്തിയപ്പോള്‍ തപാലാപ്പീസില്‍ അക്കൗണ്ട് തുറന്നു. നീണ്ട ഇരുപത് കൊല്ലക്കാലം ഏറെ പിശുക്കി ജീവിച്ചു. 1992-ല്‍ ഭര്‍ത്താവിന്‍റെ ഗ്രാമത്തില്‍ പതിനായിരം രൂപയ്ക്ക് ഒരേക്കര്‍ ഭൂമി വാങ്ങി. നാട്ടുകാരുടെ ചില്ലിത്തുട്ടുകളും ചേര്‍ത്ത് ഒരു താല്ക്കാലിക ഷെഡ് ഉയര്‍ത്തി. ഡോക്ടര്‍മാരോട് സൗജന്യസഹായം യാചിച്ചു വാങ്ങി. Humanity Hospital ആദ്യദിനം 252 രോഗികള്‍ക്ക് വൈദ്യസഹായം നല്‍കി. അനാഥാലയത്തില്‍ വിട്ട മൂത്തമകന്‍ പഠിച്ച് ഡോക്ടറായി തിരികെയെത്തി ആശുപത്രിയുടെ സാരഥ്യം ഏറ്റെടുക്കുമ്പോള്‍ സുഭാഷിണി വീണ്ടും പാലത്തിന് മുകളിലെ പച്ചക്കറി വില്പനയിലേക്ക് മടങ്ങി. പഴയ കുടിലില്‍ തന്നെ താമസം തുടര്‍ന്നു. ഇതൊരു സിനിമാക്കഥയല്ല സഖാവേ! സമ്പാദിച്ചതെല്ലാം തനിക്കായി സ്വരൂപിച്ചിരുന്നുവെങ്കില്‍ ഇതിലും മെച്ചപ്പെട്ട അവസ്ഥയില്‍ അവര്‍ സമ്പാദിച്ചേനേ!
സുഭാഷിണി പറയുന്നത് നോക്കുക, 'ധാരാളം സാരി, വള തുടങ്ങിയ സാധനങ്ങളുടെ ഉപയോഗമെന്താണ്? മരിക്കുമ്പോള്‍ നമുക്ക് കൂടെ കൊണ്ടുപോകാനാവില്ല. ദീനം മാറിയ അനേകരുടെ മുഖത്തെ സന്തോഷമാണ് എന്‍റെ ആനന്ദമത്രയും. ആ കാഴ്ചയാണ് എന്‍റെ ജീവിതത്തിന് അര്‍ത്ഥം തന്നത്!
ഒരു പക്ഷേ, സുഭാഷണിയെന്ന പേര് ഇപ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. 2018-ല്‍ പത്മശ്രീ നല്കി ഈ വനിതയെ രാജ്യം ആദരിച്ചു. ഇക്കാലമത്രയും ഒരു വാഴ്ത്തുപാട്ടിന്‍റെയും അകമ്പടിയില്ലാതെ നന്മകള്‍ നട്ടുവളര്‍ത്തിയ ഒരമ്മ. സത്യത്തില്‍, ഇങ്ങനെയെത്ര പേരാണ് നാമൊക്കെ കൊട്ടിഘോഷിക്കുന്ന ജീവകാരുണ്യപദ്ധതി പരസ്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന് നന്മകളേകുന്നത്. കാരാശ്ശേരിമാഷ് പരിഭാഷയുടെ ആമുഖത്തില്‍ പറഞ്ഞത് ശരിയാണ്. ശരിക്കും മനുഷ്യനിലുള്ള നമ്മുടെ വിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുന്ന പുസ്തകം തന്നെയാണ് Unsung. ഇതിലെ മനുഷ്യരുടെ ജീവകാലമത്രയും സഹജീവികള്‍ക്കായുള്ള കരുതലിന്‍റേതാണ്. അല്ലാതെ, പ്രളയത്തിലും ക്ഷാമത്തിലും ഭൂകമ്പത്തിലും രോഗവൃത്താന്തത്തിലും പിന്നെ ജൂബിലികളിലും തിരുന്നാളുകളിലും മാത്രം ഉദ്ധരിക്കുന്ന നമ്മുടെ കാരുണ്യാതിരേകം മാതിരിയല്ല സഖേ!
ദര്‍ശനവും ഇച്ഛാശക്തിയും സമര്‍പ്പണവും അപാരമായൊരു ആന്തരിക ബലവുംകൊണ്ട് പരമ കാരുണ്യത്തിന്‍റെ അമ്മയായിത്തീര്‍ന്ന നസറേത്തിലെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി പിന്നെയും പിന്നെയും മനസ്സിലറിയാതെ തിങ്ങുന്നു. നിറയുന്നു.