ഹാംലറ്റ് എന്ന കഥാപാത്രത്തെക്കൊണ്ടാണ് ഷേക്സ്പിയര്‍ അസ്തിത്വത്തെ സംബന്ധിച്ച ഏറ്റവും ഗൗരവമായ പ്രശ്നം ഉന്നയിപ്പിക്കുന്നത്. ഹാംലറ്റിന്‍റെ ഒരു നീണ്ട ആത്മഗതം തുടങ്ങുന്നത് ഇങ്ങനെയാണ്:"to be, or not to be, that's the question.' ലോകത്തില്‍ ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് ഈ വരികളാണ്. ജീവിതം ജീവയോഗ്യമാണോ എന്ന സംഘര്‍ഷഭരിതമായ ചോദ്യമാണ് ഇതില്‍ മുഴങ്ങുന്നത്. ആത്യന്തികമായി ജീവിതം വിധിയുടെ ദയയെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവ് ഹാംലറ്റിനെ ഹതാശനാക്കുന്നു. അങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമായിരിക്കുമോ എന്ന് അവന്‍ ചിന്തിക്കുന്നു. മരണമാണ് ജീവിതത്തേക്കാള്‍ ശക്തമായത്, മരണമാണ് ജീവിതത്തെ നിയന്ത്രിക്കുന്നത്. മരണമില്ലെങ്കില്‍ സ്നേഹത്തിനു പോലും പ്രസക്തി നഷ്ടപ്പെടുന്നുണ്ട്. മരണത്തിന്‍റെ മുമ്പില്‍ ജീവിതത്തിന്‍റെ ഏറ്റവും വലിയ സ്തംഭംപോലും വിറച്ചുപോകുന്നു. അങ്ങനെയാണങ്കില്‍ ജീവിക്കാതിരിക്കുന്നതല്ലേ ഭേദം? പക്ഷെ, മരണാനന്തര ജീവിതം എന്നൊന്നുണ്ടെങ്കില്‍ അത് ജീവിതത്തേക്കാള്‍ ഭീകരമായിരിക്കാനും സാധ്യതയുണ്ട്. അപ്പോള്‍ ജീവിച്ചിരിക്കുന്നതല്ലേ മരണത്തേക്കാള്‍ ഭേദം? ഹാംലറ്റിന്‍റെ മനസ്സ് ജീവിതത്തിന്‍റെയും മരണത്തിന്‍റെയും സന്ദേഹങ്ങളുടെ ഉഷ്ണക്കാറ്റില്‍ ആടിയുലയുന്നു. പക്ഷെ, ഹാംലറ്റ് ആത്മഹത്യ ചെയ്യുന്നില്ല.
ആത്മഹത്യയെ ഒരു ചിന്താപരമായ വിഷയമാക്കുമ്പോള്‍ അതിന്‍റെ പ്രഹേളികപരമായ സ്വഭാവം കൂടുകയാണ് ചെയ്യുന്നത്. ജീവിതം ജീവയോഗ്യമല്ല എന്ന് തറപ്പിച്ചെഴുതിയ ചിന്തകരാരും തന്നെ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. പകരം കൂടുതല്‍ കാലം ജീവിച്ചിരിക്കുകയാണ് ചെയ്തത്. റൊമേനിയന്‍ ഫ്രഞ്ച് ചിന്തകനായ എമില്‍ ചിയറാന്‍ ഇതിനുദാഹരണമാണ്. എമില്‍ ചിയറാന്‍റെ ചിന്താ പദ്ധതിയുടെ ഭാവം മനസ്സിലാ ക്കാന്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ ഈ ചോദ്യം സഹായിക്കും:"Is it possible that existence is our exile and nothingness our home?'
ദുഃഖത്തിന്‍റെയും നിരാശയുടെയും കെടുതികളുടെയും നടുവിലും ജീവിതത്തെ സമര്‍ത്ഥിക്കുകയായിരുന്നു ദെല്യുസിന്‍റെ ലക്ഷ്യം. ഒരു ശ്വാസകോശ രോഗിയായിരുന്ന അദ്ദേഹത്തിന്‍റെ അവസാനത്തെ ഓപ്പറേഷനും പാളിപ്പോയപ്പോള്‍ ജീവിതം ഒരു ഓക്സിജന്‍ സിലിണ്ടറില്‍ കെട്ടപ്പെട്ടതായി. ഭ്രാന്തില്ലായ്മയുടെ പ്രവാചകനായ നീഷേ ഭ്രാന്തനായി മാറിയതുപോലെ ജീവിതത്തിന്‍റെ ചിന്തകനായ ദെല്യുസ് ആത്മഹത്യയില്‍ അഭയം കണ്ടെത്തി.
ആത്മഹത്യയില്‍ അഭയം കണ്ടെത്താന്‍ ശ്രമിക്കാതിരുന്ന കാമ്യു ഇതിനെ വിളിച്ചത് മെറ്റാഫിസിക്കല്‍ ക്രൈം എന്നാണ്. ഒരാള്‍ അയാളെ തന്നെ കൊല്ലുന്നതും ക്രൈമാണ്, അതു പക്ഷെ ഭൗതികമല്ല, അതിഭൗതികമാണ്. അതിഭൗതിക കുറ്റങ്ങള്‍ സ്വാഭാവികമായും ദൈവത്തിനെതിരെയുള്ള കലഹമാണ്. ആരാണോ എനിക്ക് ജീവിതത്തിന്‍റെ ടിക്കറ്റ് നല്‍കിയത് ആ ടിക്കറ്റ് ചിലര്‍ തിരികെ കൊടുത്തിട്ടു പോകുന്നു.
ഇന്ന് നമ്മള്‍ കേള്‍ക്കുന്ന ആത്മഹത്യകള്‍ക്ക് എന്തെങ്കിലും ദാര്‍ശനികമാനം ഉണ്ടോ എന്നറിയില്ല. ആത്മഹത്യ ഇന്നൊരു രോഗമാണ്. ക്യാപ്പിറ്റലിസം നല്‍കിയ പുതിയൊരു രോഗാതുരമായ അവസ്ഥയാണ് ഡിപ്രഷന്‍. ഇന്ന് നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതി വിജയികളെ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ളതാണ്. വിജയികളുടെ കൂട്ടത്തില്‍ പെടാന്‍ തിക്കും തിരക്കുമാണ് എവിടെയും. ഈ തിക്കും തിരക്കും കഴിയുമ്പോള്‍ വിജയികളും പരാജിതരും ഒന്നുപോലെ ഡിപ്രഷന്‍റെ പിടിയിലായിരിക്കും. ഇന്നിവിടെ ജീവിച്ചിരിക്കുക എന്നത് ക്യാപ്പിറ്റലസത്തിന്‍റെ കെണിയില്‍ പെടാതിരിക്കുക എന്നതാണ്. മരണത്തിന്‍റെ സംസ്കാരം നമുക്ക് ചുറ്റും പടരുന്നുണ്ട്. കാല്‍ച്ചുവട്ടിലെ മണ്ണിനെ പോലും വില്‍പനക്ക് വയ്ക്കുന്നുണ്ട്. ജീവിതം എന്നത് ഇതിനെതിരെയുള്ള പ്രതിരോധമായി മാറുന്നില്ലെങ്കില്‍ ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകും.
സങ്കടം ഒരിക്കലും മരണകാരണമാകുന്നില്ല. സങ്കടംകൊണ്ട് ആത്മഹത്യ ചെയ്തതായി ചരിത്രമില്ല. പക്ഷെ, നിരാശ ഒരു പ്രധാനകാരണമാണ്. പക്ഷെ, നിരാശ ഒരു ആവശ്യ കാര്യമാണ്. നിരാശയും പ്രത്യാശയും മനസ്സിന്‍റെ രണ്ട് അവസ്ഥകളാണ്. നിരാശ ഉള്ളതുകൊണ്ടാണ് പ്രത്യാശ വരുന്നത്. പ്രത്യാശ തന്നെയാണ് മറ്റൊരവസ്ഥയില്‍ നിരാശയ്ക്ക് ജന്മം കൊടുക്കുന്നത്. പ്രത്യാശക്കും നിരാശക്കും അടിമപ്പെടാതിരുന്നുകൊണ്ട് നിരാശയെ കൂടുതല്‍ പ്രത്യാശയിലേക്ക് നയിക്കുന്ന ഊര്‍ജമാ ക്കുകയായിരിക്കും നല്ലത്.
മുനമ്പുകളിലേക്കാണ് ജീവിതം സഞ്ചരിക്കുന്നത്. വാസ്കോഡഗാമ താന്‍ വന്നിറങ്ങിയ തീരത്തെ പ്രത്യാശയുടെ മുനമ്പ് എന്നാണ് വിശേഷി പ്പിച്ചത്. ചിലര്‍ അവരുടെ ജീവിതത്തെ കൊണ്ടെത്തിക്കുന്നത് ആത്മഹത്യയുടെ മുനമ്പിലേക്കാണ്. അതില്‍ നിന്നും താഴേക്ക് നിപതിക്കാനേ സാധിക്കുകയുള്ളു. അതൊരു വീണുപോയ ജീവിതമായിരിക്കും. പ്രത്യാശയുടെ മുനമ്പില്‍ നിന്നും ആര്‍ക്കും വീണുപോകാന്‍ സാധിക്കില്ല, കയറിപ്പോകാനേ സാധിക്കുകയുള്ളു. വീണുപോകുന്ന അഗാധതകളേക്കാള്‍ ഭേദമാണ്, ഇറങ്ങിപ്പോകാന്‍ സാധിക്കുന്ന അഗാധത.