news-details
മറ്റുലേഖനങ്ങൾ

പാരിജാതം പോലൊരു പെണ്‍കുട്ടി

രാവിലത്തെ കാപ്പികുടിയും കഴിഞ്ഞു പാഷന്‍ ഫ്രൂട്ടിന്‍റെ പന്തലിനു കീഴെ കാറ്റും കൊണ്ട് പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ലപൂക്കളുടെ സുഗന്ധവും ആസ്വദിച്ചു ചാരുകസേരയില്‍ കിടന്നപ്പോഴാണ്  പാരിജാതവും മല്ലിയും ഓര്‍മ്മയില്‍ വന്നത്. എല്ലായ്‌പ്പോഴും പിച്ചിപ്പൂവിന്‍റെ മാല തലയില്‍ ചൂടിയിരുന്ന, മുല്ലപ്പൂമൊട്ടു പോലുള്ള പല്ലുകള്‍ എല്ലാം കാട്ടി സദാ പുഞ്ചിരിയോടെ നടന്നിരുന്ന പാരിജാതത്തെ, കോട്ടഗിരിയില്‍ വച്ചാണ് കാണുന്നത്.

എട്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ്, പഠനത്തിന്‍റെ ഒരാവശ്യവുമായി കോട്ടഗിരിയില്‍ പോയിരുന്നു. ഇതുവരെ പോയിട്ടുള്ള സ്ഥലങ്ങളില്‍ മനോഹരവും പ്രശാന്തവുമായിട്ടുള്ള, വീണ്ടും പോകണമെന്നും താമസിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു സ്ഥലം കൂടിയാണിത്.

ഏകദേശം രണ്ടാഴ്ച്ചയോളം അവിടെ ഉണ്ടായിരുന്നു. പ്രകൃതിയുടെ സ്വച്ഛതയും ശാന്തതയും തണുപ്പുമൊക്കെ ആസ്വദിച്ചുള്ള ഞങ്ങളുടെ പതിവ് സായാഹ്നസവാരികളില്‍ കുറച്ചു സ്കൂള്‍കുട്ടികളെ കാണാറുണ്ടായിരുന്നു. ചുവപ്പ് കളറിലെ സ്വെറ്ററും സ്കര്‍ഫു മൊക്കെ ധരിച്ചു കളിച്ചു ചിരിച്ചു നടക്കുന്ന അവരില്‍ പലരുമായും ഞങ്ങള്‍ ചങ്ങാത്തം കൂടി.

വള്ളിപടര്‍പ്പ് മൂടി കിടക്കുന്ന ഒരു വീടിന്‍റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുമ്പോഴാണ് പുറകില്‍ നിന്നും കിലുകിലുന്നൊരു സ്വരം കേട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു സുന്ദരികുട്ടികള്‍ കൗതുകത്തോടെ നോക്കി ചിരിക്കുന്നു. മൂന്നാം ക്ളാസില്‍ ആണ് രണ്ടുപേരും പഠിക്കുന്നത്. ഒരാള്‍ മല്ലി മറ്റേ ആള്‍ പൂ.. രണ്ടുപേരും നിന്നു പരുങ്ങുന്നുണ്ട്. അറിയാവുന്ന തമിഴ് ഒക്കെ വച്ചു കാര്യം ചോദിച്ചപ്പോള്‍ അവര്‍ക്ക് ഒരു ഫോട്ടോ എടുക്കണം. ഒന്നല്ല ഒരുപാട് പോസില്‍ അവരുടെ ഫോട്ടോസ് എടുത്തു. അതൊക്കെ അവരെ കാണിച്ചപ്പോള്‍ അവരുടെ മുഖത്തു വിരിഞ്ഞ ചിരിയുണ്ടല്ലോ ഹോ അത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.

നിഷ്കളങ്കതയുടെ ചിരികള്‍ അല്ലേലും അത്ര പെട്ടെന്നൊന്നും ഹൃദയത്തില്‍ നിന്നും മായില്ലല്ലോ.

പതുക്കെ ഇവര്‍ രണ്ടുപേരുമായും നല്ലൊരു ചങ്ങാത്തം തുടങ്ങി. കുഞ്ഞുകുട്ടികളുമായി സംസാരിച്ചു തുടങ്ങിയാല്‍ സമയം പോകുന്നത് പോലും അറിയില്ല. എന്തു രസമാണെന്നോ. ഇതില്‍ മല്ലിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു. പിന്നെ സ്ഥിരം ഇവരുടെ കൂടെയായി നടപ്പ്. അങ്ങനെ ഉള്ള ഒരു നടത്തത്തില്‍ ആണ് ആദ്യമായി പാരിജാതത്തെ കാണുന്നത്.

കുട്ടികളുടെ കൂടെ കളിച്ചു ചിരിച്ചു നടക്കുമ്പോള്‍ ഏതോ ഒരു പൂവിന്‍റെ മണം മൂക്കില്‍ വന്നടിച്ചു. അതെവിടുന്നാണെന്നു അറിയാനുള്ള ജിജ്ഞാസയോടെ ചുറ്റും നോക്കുമ്പോള്‍. റോഡിനരികെയുള്ള തേയില ഫാക്ടറിയില്‍ നിന്നു തലയില്‍ നിറയെ പൂവൊക്കെ ചൂടി ഒരു സുന്ദരി വരുന്നു. നല്ല എണ്ണകറുപ്പിന്‍റെ നിറമാണവള്‍ക്ക്. കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും നിഷ്കളങ്കമായി ചിരിക്കാമെന്നു മനസ്സിലായത് അവളുടെ ചിരി കണ്ടാണ്. മല്ലികുട്ടി 'അമ്മേ'എന്നു വിളിച്ചു ഓടിച്ചെന്നപ്പോഴാണ് ഇത് മല്ലിയുടെ അമ്മ പാരിജാതം ആണെന്നു മനസ്സിലായത്.

ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പാരിജാതത്തെ അത്ര പെട്ടെന്നു മറക്കാനും കഴിയില്ല. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തെ അന്തേവാസിയായിരുന്ന നിര്‍മ്മലാണ് അവളെ പറ്റി കൂടുതല്‍ പറഞ്ഞു തന്നത്. 'ബഡ്ക' ഗോത്രത്തില്‍ പെട്ട ഒരുവള്‍ ആണ് പാരിജാതം. ജാതിശുദ്ധിയുടെ കാര്യത്തില്‍ അതീവശ്രദ്ധയുള്ള ഒരു ഗോത്രമാണ് ഇത്. ഇവരുടെ ജാതിയില്‍പെട്ടവരെ മാത്രമേ കല്യാണം കഴിക്കാന്‍ പാടുള്ളൂ. അങ്ങനെ കുറെ നിബന്ധനകള്‍ ഉണ്ട്.

പാരിജാതം, കൂടെ ജോലി ചെയ്യുന്ന വേറൊരു ജാതിയില്‍പെട്ട ഒരാളെ സ്നേഹിച്ചെന്നും അവനില്‍നിന്നും ഗര്‍ഭിണിയാവുകയും ചെയ്തുമെന്നൊക്കെയാണ് പറയപ്പെടുന്നത്. എങ്കിലും അവളുടെ തന്നെ അപ്പന്‍റെ അനിയന്‍ ആണ് ഇതിനു പുറകില്‍ എന്നും തന്‍റെ പേര് മോശമാകാതിരിക്കാന്‍ അവളുടെ കൂടെ ജോലിചെയ്യുന്ന ഏതോ പാവം പിടിച്ച ചെക്കന്‍റെ പേരില്‍ കഥയുണ്ടാക്കി അവനെ മര്‍ദ്ദിച്ചു മൃതപ്രായനാക്കിയെന്നതുമാണത്രെ സത്യം.  അവനെ തല്ലി ജീവശ്ചവമാക്കിയത് അറിഞ്ഞപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോന്നു.

ജാതിക്കാര്‍ പ്രശ്നമുണ്ടാക്കാന്‍ വന്നെങ്കിലും അവിടെയുള്ള ഫ്രാന്‍സിസ്ക്കന്‍ അച്ചന്മാര്‍ അവര്‍ക്ക് അഭയം നല്‍കി. പ്രശ്നക്കാരെ എങ്ങിനെയൊക്കൊയോ പറഞ്ഞു മടക്കി വിട്ടു. ഇവര്‍ക്ക് അവരുടെ എസ്റ്റേറ്റിലെ വര്‍ക്കേര്‍സ് ക്വാര്‍ട്ടേഴ്സില്‍  അഭയം കൊടുക്കുകയും ചെയ്തു.  അവള്‍, രണ്ടു കൊല്ലത്തോളം അവനെ ശുശ്രൂഷിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പോഴേക്കും മല്ലിയും ജനിച്ചിരുന്നു.  ഇപ്പോള്‍ അവള്‍ തേയിലത്തോട്ടത്തിലും അല്ലാത്തപ്പോള്‍ ഫാക്ടറിയിലുമൊക്കെ പണിയെടുത്തു ജീവിക്കുന്നു.

പിന്നീട് പാരിജാതത്തോട് സംസാരിക്കാന്‍ ഇടയായപ്പോള്‍, ഒരിക്കല്‍പോലും തന്നെ ഒറ്റപ്പെടുത്തിയ നാട്ടുകാരോടും വീട്ടുകാരോടും പരാതിയോ പരിഭവമോ ആ വാക്കുകളില്‍ നിഴലിച്ചിരുന്നില്ല. പതിനാറാം വയസ്സില്‍ ആണ് മല്ലിയെ അവള്‍ പ്രസവിച്ചത്. ഇപ്പോള്‍ മല്ലികുട്ടിക്കു എട്ട് വയസ്സായി. എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പാരിജാതത്തെ ഇന്ന് അവിടെ ഉള്ളവര്‍ക്കെല്ലാം വല്യകാര്യമാണ്. തന്നെക്കൊണ്ട് പറ്റുന്ന എന്തു സഹായവും ആര്‍ക്കും ചെയ്തു കൊടുക്കും.

സ്നേഹിക്കാന്‍ മാത്രം അറിയുന്ന അവള്‍ക്കും മല്ലികുട്ടിക്കും ഇന്ന് ശത്രുക്കള്‍ ആരുമില്ല. എല്ലാവരും മിത്രങ്ങള്‍ ആണ്. രക്തബന്ധത്തെക്കാള്‍ എത്രയോ വിലപ്പെട്ടതാണ് സ്നേഹം കൊണ്ട് നേടാന്‍ പറ്റുന്ന ബന്ധങ്ങള്‍ എന്ന് അവള്‍ ജീവിതം കൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുവാണ്.

ഒരു സംശയം എന്‍റെ ഉള്ളില്‍ കിടന്നു വിങ്ങുന്നുണ്ടായിരുന്നു. അതിനു ഉത്തരം കാണാതെ പോയാല്‍ എനിക്കു സമാധാനം കിട്ടില്ലായിരുന്നു. കോഴ്സ് തീര്‍ന്നുപോരുന്നതിന്‍റെ തലേദിവസം യാത്ര പറയാനും മല്ലികുട്ടിക്ക് എടുത്ത ഫോട്ടോകള്‍ സമ്മാനിക്കുന്നതിനുമായിട്ടു ഞാന്‍ അവരുടെ വീട്ടില്‍ പോയി.

ഫോട്ടോകള്‍ കണ്ടപ്പോള്‍ ഹൃദയം തുറന്നു ചിരിച്ച മല്ലികുട്ടിയെ വീണ്ടും എന്‍റെ ക്യാമറകണ്ണുകള്‍ ഒപ്പിയെടുത്തു. യാത്ര പറഞ്ഞു പോരാന്‍ നേരം പാരിജാതത്തോട് എന്‍റെ സംശയം അവതരിപ്പിച്ചു.

'നീ തെറ്റ് ചെയ്യാതിരുന്നിട്ടും എന്തിനാണ് അവനെ നോക്കാനായി വീടുവിട്ടു പോന്നത്?'
അവള്‍ പറഞ്ഞു, 'ഈ ആശ്രമം പള്ളിയില്‍ നേരത്തെ ഒരു അന്തോണിസ്വാമി ഉണ്ടായിരുന്നു. സ്വാമി എപ്പോഴും പറയുന്ന  ഒരു കാര്യമുണ്ട്.

'നമുക്ക് ആര്‍ക്കും നന്മ ചെയ്യാന്‍ പറ്റിയില്ലെങ്കിലും ആരും നമ്മള്‍ മൂലം വേദനിക്കാന്‍ ഇട കൊടുക്കരുതെന്ന്.'

'ഞാന്‍ മൂലം ആണ് അപ്പനും അമ്മയും ഇല്ലാത്ത ഒരു പാവം ചെറുക്കനെ തല്ലികൊല്ലാറാക്കിയത്. അതുകൊണ്ട് അയാളെ ശുശ്രൂഷിച്ചു ഞാന്‍ മൂലം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാമെന്നു കരുതി. അതു കൊണ്ടാണ് രണ്ടും കല്പിച്ചു വീട് വിട്ടിറങ്ങിയത്. പിന്നെ ഇവിടെ അന്തോണിസ്വാമി ഞങ്ങളെ കൈവിടി ല്ലെന്നറിയാമായിരുന്നു.'

ഞാന്‍ അവളോട് ഒരു കാര്യം കൂടെ ചോദിച്ചു:
"നിനക്കു സന്തോഷത്തോടെ ഇരിക്കാന്‍ പ്രത്യേകിച്ച് ഒരു കാരണവും ഞാന്‍ കാണുന്നില്ല. എങ്കിലും നിനക്ക് എങ്ങനെ എപ്പോഴും ചിരിക്കാന്‍ കഴിയുന്നു."

അവള്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:
"അന്തോണിസ്വാമി പറയാറുള്ള ഒരു കാര്യം കൂടിയുണ്ട്. നമ്മളെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും ആ സ്നേഹം തിരിച്ചറിഞ്ഞാല്‍ ആരെയും സ്നേഹിക്കാതിരിക്കാന്‍ പറ്റില്ലെന്നും.

ഈയൊരു കാര്യം ഞാന്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് എനിക്ക് എല്ലാരോടും ഇഷ്ടം. പിന്നെ ജീവിതത്തില്‍ സംഭവിച്ച വിഷമങ്ങള്‍ ഓര്‍ത്തു ജീവിതകാലം മുഴുവന്‍ കരഞ്ഞു ജീവിക്കുന്നതിനെക്കാളും നല്ലതു ചിരിച്ചുകൊണ്ടു എല്ലാര്‍ക്കും സന്തോഷം കൊടുത്തുകൊണ്ട് കഴിയുന്നതല്ലേ."

ഇവള്‍ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണല്ലോ ദൈവമേ. ദൈവത്തിനു വേണ്ടിയും മനുഷ്യര്‍ക്കു വേണ്ടിയും മാറ്റിവയ്ക്കപ്പെട്ട ജീവിതം എന്നു പറഞ്ഞു നടക്കുന്ന എനിക്ക് ഇത്രയും വര്‍ഷത്തെ പഠനതിനുശേഷം പോലും ഇങ്ങനെയൊന്നും ചിന്തിക്കാന്‍ എന്താണാവോ കഴിയാത്തത് എന്ന് ആത്മഗതം നടത്തി, അവരോടു യാത്ര പറഞ്ഞു തേയില തോട്ടങ്ങള്‍ നിറഞ്ഞ ആ കുന്ന് ഇറങ്ങുമ്പോള്‍ അവള്‍ ചൂടിയ പിച്ചിപ്പൂവിന്‍റെ മണം അപ്പോഴും എന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നു.  ഇന്നും ഇടയ്ക്ക് ആ മണം ഓര്‍മ്മയില്‍ വരാറുണ്ട്. അപ്പോഴൊക്കെ  വിരിഞ്ഞ കണ്ണുകളും തെളിഞ്ഞ ചിരിയുമായി അവര്‍ രണ്ടുപേരും ഉള്ളില്‍ നിറഞ്ഞുവരും .... ഇതുപോലെ...

ഉള്ളില്‍ സ്നേഹിക്കാന്‍ തീരുമാനിച്ചു ജീവിക്കുന്നവരുടെ ഓര്‍മ്മയ്ക്കുപോലും സ്നേഹത്തിന്‍റെ ഗന്ധമാണല്ലേ......

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
Related Posts