news-details
മറ്റുലേഖനങ്ങൾ

തിരുഹൃദയം ക്രിസ്തുവിന്‍റെ അഗാധമായ മനുഷ്യത്വമാണ്

ഗംഗയിലൊഴുകുന്ന ആയിരക്കണക്കിനു ജഡങ്ങള്‍ നമ്മെ കരിയിപ്പിക്കാത്തത് എന്താണ്? ഓക്സിജന്‍ കിട്ടാതെ ശ്വാസംമുട്ടി മരിക്കുന്നവര്‍ നമ്മുടെ ഉറക്കം കെടുത്താത്തത് എന്തുകൊണ്ടാണ്? ആയിരക്കണക്കിനു മനുഷ്യര്‍ മരണവുമായി മല്ലിടുമ്പോള്‍ ഓക്സിജനും റെഡിസീവറും മറ്റ് കോവിഡ് പ്രതിരോധമാര്‍ഗങ്ങളുമെല്ലാം കരിഞ്ചന്തയില്‍ വില്ക്കാന്‍ മനുഷ്യന് എങ്ങനെ സാധിക്കുന്നു! ഏറ്റവും ഹൃദയശൂന്യമായൊരു കാലത്തിലാണു നാം ജീവിക്കുന്നതെന്നു തോന്നിപ്പോകുന്നു, സമകാലികമായ കാഴ്ചകളിലേക്കു കണ്ണെറിയുമ്പോള്‍...

ഹൃദയം നഷ്ടപ്പെട്ടു എന്നു പറയുന്നതിന്‍റെ അടയാളമെന്താണ്? നെഞ്ചിനുള്ളില്‍ കണ്ണീര്‍ കിനിയുന്നില്ല എന്നതാണത്. മാനവദുഃഖങ്ങളില്‍ എന്‍റെ മിഴികള്‍ സജലമാകുന്നില്ല...

ക്രിസ്തുവിന്‍റെ ഹൃദയത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ഉദ്ധരിക്കുന്ന വാക്യമാണ് അവന്‍റെ വിലാപ്പുറത്തു നിന്ന് രക്തവും വെള്ളവും ഒഴുകി എന്നത്. ലാസറിന്‍റെ ശവകുടീരത്തിനു മുമ്പില്‍ വച്ചാണ് യേശുവിന്‍റെ തിരുഹൃദയം വെളിപ്പെട്ടത് എന്നാണ് എന്‍റെ പക്ഷം. അടുത്ത നിമിഷം താന്‍ ഉയിര്‍പ്പിക്കും എന്ന് ഉറപ്പുള്ളയാളുടെ ശവകുടീരത്തിനു മുന്നിലാണ് യേശു നിന്നു കണ്ണീരു വാര്‍ത്തത്. അത്ര മാത്രം മനുഷ്യ ദുഃഖങ്ങളുമായി അവിടുന്നു താദാത്മ്യം പ്രാപിച്ചു എന്നുള്ളതിന്‍റെ പ്രകാശനമാണ് ആ കണ്ണീര്‍ വാര്‍ക്കല്‍.

സെന്‍റ് അഗസ്റ്റിന്‍റെ ആത്മകഥയായ കണ്‍ഫെഷനില്‍ വായിച്ചതോര്‍ക്കുന്നു, ജന്മം കണ്ണീരാക്കിയ അമ്മ മോനിക്കയുടെ ശവസംസ്കാരവേളയിലുട നീളം അഗസ്റ്റിന്‍ സ്വയം ശകാരിച്ചു കൊണ്ടിരുന്നു - കരയരുത്. അവിശ്വാസികളെ പോലെ കണ്ണീരു പൊഴിച്ചു പോകരുത്. വിശ്വാസികള്‍ക്കു കരയാന്‍ പാടില്ലല്ലോ! അമ്മയെ അടക്കി ഏകാന്തതയിലേക്കു പിന്‍വാങ്ങിയ അഗസ്റ്റിന്‍റെ നെഞ്ചില്‍ ഒരു തടാകം വിങ്ങി നിന്നു. കണ്ണീരു പൊഴിക്കുന്നതിനു സകല വിശ്വാസങ്ങളും തന്നെ കുറ്റം വിധിച്ചു കൊള്ളട്ടേ എന്നു പറഞ്ഞു കൊണ്ട് അഗസ്റ്റിന്‍ നെഞ്ചിലെ തടാകത്തെ തുറന്നുവിട്ടു. ആ മിഴിനീര്‍ പ്രവാഹ ത്തിന്‍റെ രാത്രിയില്‍ അഗസ്റ്റിന്‍ മാനുഷികതയെയും ദൈവികതയെയും ഒരേ സമയം തൊട്ടു!

ജീവിതം വല്ലാത്ത ഒരിരുളിലേക്കു കൂപ്പുകുത്തുന്നുവെന്ന ആത്മസങ്കടം വളരെ പ്രിയപ്പെട്ട ഒരാളോട് ഒരിക്കല്‍ പങ്കുവച്ചു. നിര്‍മമതയുടെ തവിട്ടു കുപ്പായമണിഞ്ഞ ഒരു സന്ന്യാസിയില്‍ നിന്നു ഞാന്‍ മറ്റെന്തും പ്രതീക്ഷിച്ചു. കണ്ണീരൊഴികെ. എന്നാല്‍ എന്‍റെ മുന്നില്‍ നിന്ന് ആ കണ്ണുകള്‍ നിറഞ്ഞൊഴുകുക മാത്രമാണ് ചെയ്തത്. നേര്‍ത്ത ആ ദീര്‍ഘനിശ്വാസത്തില്‍ ഞാനന്നു കേട്ടതു ക്രിസ്തുവിന്‍റെ നിശ്വാസം. നിറമിഴികളുള്ള സന്ന്യാസികളെ മാത്രം ഞാനിന്ന് ആദരവോടെ ഓര്‍മിക്കുന്നു!

ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തിനോ വഴക്കു കൂടി. അഹത്തിന്‍റെ രണ്ടു പര്‍വ്വതങ്ങള്‍പോലെ അവര്‍ പരസ്പരം ഉയര്‍ന്നു നിന്നു. യുദ്ധത്തിന്‍റെ അവസാനം ഭാര്യ പറഞ്ഞു, എനിക്കു നിന്‍റെ നെഞ്ചില്‍ തലചായ്ച്ച് ഒന്നു കരയണം! എന്‍റെ നെഞ്ചിലെ മുറിവുകള്‍ മറച്ചുവയ്ക്കാനാണ് ഞാന്‍ ഈ പാറക്കെട്ടുകളുടെ മുഖംമൂടിയണിഞ്ഞത്. ഭര്‍ത്താവ് അവളെ നെഞ്ചില്‍ ചേര്‍ത്തണച്ചു. ആ ജലപ്രവാഹത്തില്‍ നെഞ്ചിലെ കല്ലുകള്‍ അലിഞ്ഞു പോയി. ഒരു പുഴ മാത്രം അവര്‍ക്കിടയില്‍ ഒഴുകി. എന്തിനാണു വഴക്കുകൂടിയതെന്നു പോലും പിന്നീടവര്‍ക്ക് ഓര്‍മിക്കാനായില്ല. വാക്കുകള്‍ കൊണ്ടു വ്യക്തമാക്കാന്‍ കഴിയാതിരുന്ന മനസ്സിന്‍റെ ആഴങ്ങള്‍ ഹൃദയജലം വഴി എത്രയെളുപ്പത്തിലാണ് അവര്‍ക്കിടയില്‍ സുതാര്യമായി തീര്‍ന്നത്!

 

ബെന്യാമിന്‍റെ ആടുജീവിതം എന്ന ഉജ്ജ്വലമായ പുസ്തകത്തില്‍ ഒരു ചിത്രമുണ്ട്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മരുഭൂമിയില്‍ മഴ പെയ്യു മ്പോള്‍ അതുവരെ പുലിയെ പോലെ ക്രൗര്യവുമായി നടന്നിരുന്ന അറബിയായ അര്‍ബാബ് പേടിച്ചുവിറച്ച് മുറിയിലൊളിച്ചിരിക്കുന്നത്. മരുഭൂമിയുടെ കൊടും വരള്‍ച്ച മാത്രം ശീലിച്ച അയാള്‍ക്ക് മഴ സഹിക്കാനാകുന്നില്ല, അതിനെ ഉള്‍ക്കൊള്ളാന്‍ പോലുമാകുന്നില്ല. വിപല്ക്കരമായ രീതിയില്‍ നെഞ്ചിനുള്ളിലെ മഴകളെ ഭയക്കുന്ന ഒരു കാലമാണിവിടെ സംജാതമാകുന്നത് എന്നു ഞാന്‍ ഭയപ്പെടുന്നു. അല്ലെങ്കില്‍ എങ്ങനെയാണു നമുക്കു ജീവന്‍രക്ഷാ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്ക്കാന്‍ സാധിക്കുക? ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മരിച്ചു വീഴുന്ന മനുഷ്യ ജന്മങ്ങള്‍ ഹൃദയശൂന്യതയുടെ ഓരോരോ കഥകള്‍ പറയും. നെഞ്ചിനുള്ളില്‍ ഹൃദയജലം ഇല്ലാതെ പോയതിന്‍റെ കഥകള്‍.

 

ഒന്നോര്‍ത്തു നോക്കൂ. എന്നാണു ഞാന്‍ ആദ്യമായി കരഞ്ഞത്? പിറന്നു വീണപ്പോഴുള്ള ആദ്യത്തെ നിലവിളിക്കുശേഷം ഞാന്‍ കണ്ണീരു വാര്‍ത്തത്? നഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെ ചൊല്ലി. പിണങ്ങിയ സുഹൃത്തിനെ ചൊല്ലി, അമ്മയുടെ ചൂരലടിയുടെ വേദനയില്‍, പിന്നെ കൗമാരത്തിലെ ഏകാന്തതയില്‍ തനിച്ചായപ്പോള്‍. അപ്പോഴെല്ലാം ഞാന്‍ എനിക്കു വേണ്ടിയാണ് മിഴിനീരു ചിന്തിയിരുന്നത്. പിന്നെ എന്നു മുതലാണു മറ്റുള്ളവരെ കുറിച്ചോര്‍ത്തു ഞാന്‍ മിഴിനീരു വാര്‍ത്തത്? എവിടെയോ തടവിലാക്കപ്പെട്ട ആര്‍ക്കോ വേണ്ടി ഞാന്‍ കരഞ്ഞത്? എവിടെയോ വിശന്നു മരിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍ത്തു ഞാന്‍ എന്‍റെ കുളിമുറിയില്‍ ആരും കാണാതെ കയ്പോടെ നിലവിളിച്ചത്?

 

അന്നായിരുന്നു, ക്രിസ്തുവിന്‍റെ തിരുഹൃദയം എന്നെ തൊട്ടത്. അന്നായിരുന്നു, ഞാന്‍ മനുഷ്യത്വത്തിലൂടെ ദൈവികതയെ തൊട്ടത്. അഗാധമായ മനുഷ്യത്വമാണ് ക്രിസ്തുവിനെ ക്രിസ്തുവാക്കുന്നതും ക്രിസ്തുവിന്‍റെ ഹൃദയത്തെ തിരുഹൃദയമാക്കുന്നതും. ഏറ്റവും ആഴമുള്ള മനുഷ്യത്വം പ്രകടമാകുന്ന നിമിഷത്തിലാണ് ക്രിസ്തുവിന്‍റെ ദൈവികത ഏറ്റവും സ്പഷ്ടമായി വെളിപ്പെടുന്നത്. അതു പ്രകടമാക്കാന്‍ വേണ്ടിയാണു ക്രിസ്തു നെഞ്ചിലെ വസ്ത്രം നീക്കി തന്‍റെ ഹൃദയം മനുഷ്യ ര്‍ക്കു കാണിച്ചു കൊടുത്തതും!

You can share this post!

പാരിജാതം പോലൊരു പെണ്‍കുട്ടി

ആന്‍റണി അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഡോ. ജെറി ജോസഫ് OFS
Related Posts