news-details
എഡിറ്റോറിയൽ

ഒന്നോര്‍ത്താല്‍ ക്രിസ്തീയതപോലെ വൈവിധ്യവും വ്യത്യസ്തവുമായ ഒരു വിശ്വാസം ലോകത്തില്‍ വേറെയില്ല. ക്രിസ്തുവെന്ന ഏകകത്തില്‍ എല്ലാവരും ഒന്നാണുതാനും. കൂടെയുണ്ടായിരുന്ന ശിഷ്യരും ചുറ്റും കൂടിയ ജനവുമൊക്കെ എത്ര വ്യത്യസ്തമായാണ് ഈശോയെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും. സുവിശേഷങ്ങള്‍തന്നെ വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്നുള്ള ക്രിസ്താനുഭവം പങ്കുവയ്ക്കുന്നു. സുവിശേഷം ചെന്നെത്തിയ ഇടങ്ങളിലൊക്കെ ആ നാടിനോട് അനുരൂപമായ രീതിയില്‍ അതു വ്യാഖ്യാനിക്കപ്പെട്ടു, പ്രഘോഷിക്കപ്പെട്ടു. കത്തോലിക്കാസഭയില്‍ത്തന്നെ 24 റീത്തുകള്‍ രൂപപ്പെട്ടത് അങ്ങനെയാണല്ലോ. ഇതരസഭകളും കൂട്ടായ്മകളും ഒക്കെ ചേര്‍ന്ന് എത്ര വൈവിധ്യമാര്‍ന്ന രീതിയിലാണ് ക്രിസ്തുവിനെ അറിയുന്നതും അനുഭവിക്കുന്നതും പ്രഘോഷിക്കുന്നതും. എല്ലാ വൈവിധ്യങ്ങളുടെയും പിന്നില്‍ നില്ക്കുന്ന, എല്ലാ വൈവിധ്യങ്ങളെയും ഒന്നിപ്പിക്കുന്ന ക്രിസ്തുവിനെക്കാള്‍, വൈവിധ്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുമ്പോഴാണ് എതിര്‍സാക്ഷ്യമായി മാറുന്നത്. പരസ്പരം ആദരവോടെ കാണേണ്ട, ആഘോഷിക്കേണ്ട ഈ വൈവിധ്യത്തിനെതിരെ ഹൃദയം കഠിനമാക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ഹൃദയം തന്നെയല്ലേ മനസ്സിലാക്കപ്പെടാതെ പോകുന്നത്. വ്യത്യസ്തമായ ആചാരങ്ങളും പാരമ്പര്യങ്ങളും തനതു ശൈലികളുമൊക്കെ പിന്തുടരുമ്പോഴും ആഘോഷിക്കപ്പെടുന്നത് ഒരേ ക്രിസ്തു തന്നെയെന്ന നമ്മുടെ അറിവ് ബോധ്യമായി മാറട്ടെ.


"നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ ഉറ കൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല" (മത്തായി 5/13). ഭക്ഷണം രുചികരമാക്കാനും കേടുവരാതെ സംരക്ഷിക്കാനും മണ്ണില്‍ വളമായും ഉപ്പ് ഉപയോഗിക്കുന്നു. അശ്രദ്ധമായ പരിചരണം മൂലം ഉപ്പിന്‍റെ ഉറ കെട്ടുപോകുന്നു. ഉറ നഷ്ടപ്പെട്ട ഉപ്പ് ഉപയോഗശൂന്യമായാല്‍  വലിച്ചെറിയപ്പെടും. തന്‍റെ ശിഷ്യര്‍ ഭൂമിയുടെ ഉപ്പാണ് എന്നു പഠിപ്പിക്കുമ്പോള്‍, ഉപ്പ് ഭക്ഷണത്തിനെന്നപോലെ, ചുറ്റുമുള്ള സമൂഹത്തിനു സ്നേഹവും ശാന്തിയും ആനന്ദവുമാകുന്ന രുചി പകരാനും, നീതിയും സത്യവും ധാര്‍മ്മികതയുമൊക്കെ കേടുകൂടാതെയും കോട്ടംതട്ടാതെയും സംരക്ഷിക്കാനുമാണ് ഈശോ ആവശ്യപ്പെടുന്നത്. ദൈവരാജ്യത്തിന്‍റെ, സുവിശേഷത്തിന്‍റെ കാതലായ ഇവ നഷ്ടപ്പെടുമ്പോള്‍ ഉറ കെട്ടുപോകുന്നു എന്ന, ജീവജലത്തിന്‍റെ ഉറവക്കണ്ണ് അടഞ്ഞുപോകുന്നു എന്ന തിരിച്ചറിവിലേക്കു ഹൃദയം തുറക്കാം.

 

"നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്"(മത്തായി 5/14). അല്പം ഉപ്പുപോലെ സഹജീവികളുടെ ജീവിതത്തിലേക്കു സ്നേഹവും നീതിയും സമാധാനവുമൊക്കെ പകര്‍ന്നുകൊടുക്കുമ്പോഴാണ് ക്രിസ്തുശിഷ്യന്‍ ലോകത്തിന്‍റെ പ്രകാശമായി മാറുന്നത്. ഓരോരുത്തരുടെയും ജീവിതം അവര്‍ ഉള്‍ക്കൊള്ളുന്ന മൂല്യങ്ങളുടെ പ്രകാശനമാണ്. "അപ്രകാരം മനുഷ്യര്‍ തങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ"(മത്തായി 5/16).

ചെറിയകാര്യങ്ങളോടാണ് ഈശോ ദൈവരാജ്യത്തെ കൂടുതല്‍ തവണ ഉപമിച്ചിരിക്കുന്നത്. ഇത്തിരി പുളിമാവ്, കടുകുമണി, വിത്ത്, ഉപ്പ്, ചെറിയ അജഗണം ഇവയൊക്കെ അവയില്‍ ചിലതാണ്. ഇത്തിരി പുളിമാവ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുന്നതുപോലെ, ഇത്തിരി ഉപ്പ് അതു ചേര്‍ക്കുന്ന ഭക്ഷണത്തെ രുചികരമാക്കുന്നതുപോലെ, ഒരു ചെറിയ തിരിനാളം മുറി മുഴുവന്‍ പ്രകാശിപ്പിക്കുന്നതുപോലെ, ക്രിസ്തുചൈതന്യം നന്നായി ഉള്‍ക്കൊണ്ട ഒരു ചെറിയ സമൂഹത്തിനുപോലും തങ്ങളുടെ കാലത്തെ, തങ്ങളായിരിക്കുന്ന ഇടത്തെ, വളരെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയും. എനിക്കൊരല്പം ഉപ്പായാല്‍ മതി, ക്രിസ്തുവിന്‍റെ സ്നേഹവും നീതിയും പകര്‍ന്ന് അലിഞ്ഞുതീരുന്ന ഇത്തിരി ഉപ്പ്. ആരെയും പൊള്ളിക്കാതെ ക്രിസ്തുവിലേക്കു വഴികാട്ടുന്ന ചെറുനാളമായാല്‍ മതി.

 

ചുറ്റും നല്ലതല്ലാത്ത ഒരുപാടു കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും പ്രചരിക്കുകയും ചെയ്യുമ്പോള്‍ ഒരു സാധാരണ വിശ്വാസിക്കുണ്ടാകുന്ന ആശങ്കകള്‍ എന്നെയും അലട്ടാറുണ്ട്. എന്നാല്‍ സ്രഷ്ടാവിനെ സൃഷ്ടി സംരക്ഷിക്കണമോ എന്ന (വികട?) ചിന്ത തോന്നാറുമുണ്ട്. അപ്പോഴൊക്കെ സുവിശേഷത്തിലെ ഒരു രംഗം ഓര്‍ക്കാറുണ്ട്. കടലിനെ നന്നായി അറിയുന്ന ശിഷ്യന്മാര്‍പോലും മുങ്ങിപ്പോകുമെന്നു ഭയപ്പെട്ട രാത്രിയില്‍, അവരുടെ വഞ്ചിയില്‍ സുഖമായി ഉറങ്ങിയ ഈശോയെ വിളിച്ചുണര്‍ത്തി. അവന്‍ ഉണര്‍ന്ന് കാറ്റിനെയും കടലിനെയുമൊക്കെ ശാന്തമാക്കുന്നു. എന്‍റെ അശ്രദ്ധകൊണ്ടും ബോധപൂര്‍വ്വമായ മറവികൊണ്ടും ചിരപരിചയം കൊണ്ടുമൊക്കെ എന്‍റെ അന്തരംഗത്തില്‍ ഉറങ്ങിപ്പോയ ക്രിസ്തുബോധത്തെ തട്ടിയുണര്‍ത്തുക തന്നെ. അവന്‍ ഉണര്‍ന്ന് എന്നെയും ശാസിച്ചേക്കാം. അല്പവിശ്വാസി ഭയന്നതെന്ത്? കൂടെയുള്ള ദൈവത്തെ തിരിച്ചറിയാതെ പോകുന്നതെന്തേ? ഞാന്‍ അവന്‍റെ ഒരംശം തന്നെയല്ലേ, ഞാനവന്‍റേതു തന്നെ.

 

ഇനി ഒരു തിരിച്ചുപോക്ക് അസാധ്യമാകുമാറ് പ്രകൃതി വല്ലാതെ ചൂഷണം ചെയ്യപ്പെടുന്നു. പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടി ഉയരുന്ന നിലവിളികള്‍ വനരോദനമായി തീരുന്നു. 164 ദിവസമായി പഠിപ്പു മുടക്കി കാലാവസ്ഥാ വ്യതിയാനത്തിലേക്കു ശ്രദ്ധ തിരിക്കുന്ന ഗ്രേറ്റ ട്യൂണ്‍ ബര്‍ഗും കൂട്ടുകാരും അതില്‍ ഉള്‍പ്പെടും. അതോടൊപ്പം പ്രകൃതിയിലെ  ഏതു പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ ചെറുകിട കര്‍ഷകരാണെന്ന മിഥ്യാബോധം നമ്മുടെ മനസ്സില്‍ രൂഢമൂലമാണ്. അത്തരം നിലപാടുകളുടെ പൊളിച്ചെഴുത്താണ് സ്റ്റാന്‍ലി ജോര്‍ജിന്‍റെ ലേഖനം. യു. എന്നില്‍ പ്രവര്‍ത്തിച്ച തന്‍റെ അനുഭവസമ്പത്തിന്‍റെ വെളിച്ചത്തില്‍ വിശ്വാസത്തിലൂന്നിയ പരിസ്ഥിതി സംരക്ഷണ  പ്രവര്‍ത്തനങ്ങളെക്കുറിച്ച് സി. സെലിന്‍ എം. എം. എസ്. വിശദീകരിക്കുന്നു.

ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധി കാരണം കഴിഞ്ഞ മൂന്നു ലക്കം അസ്സീസി മാസിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞ സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ അഗാധമായ ഞടുക്കവും ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. പാവപ്പെട്ടവരുടെ മേല്‍ അധികനുകം ചേര്‍ത്തുവയ്ക്കുന്ന വിലവര്‍ദ്ധനവുകളെയും ഭരിക്കുന്നവരുടെ ചൂഷണത്തെയും ശക്തമായി അപലപിക്കുന്നു. നീതിബോധമുള്ള വളര്‍ന്നുവരുന്ന യുവതയുടെ മുമ്പില്‍ നിങ്ങള്‍ ഇതിനൊക്കെ നീതീകരണം നല്കേണ്ടിവരും. വിവിധ കാരണങ്ങളാല്‍ ജീവനും ജീവിതവുമായി പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യരുടെ വേദനയില്‍ പങ്കുചേരുന്നു.  

You can share this post!

Jesus is the Passion of God

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts