news-details
കവർ സ്റ്റോറി

കൃഷിയും പരിസ്ഥിതിയും വേണ്ടത് സമഗ്രമായ സമീപനം

വന്യജീവികളോട് പൊരുതി ജീവിക്കുന്ന കര്‍ഷകരോട് പൊതുസമൂഹം കാണിക്കുന്നത് കുറ്റകരമായ നിസ്സംഗതയാണ്. പൊതുസമൂഹത്തിന്‍റെയും മൃഗസ്നേഹികളുടെയും പൊതുവേയുള്ള കാഴ്ചപ്പാട് മൃഗങ്ങള്‍ നിര്‍ലോഭം വിഹരിക്കേണ്ട സ്ഥലത്തുപോയി കയ്യേറിയും അല്ലാതെയും കൃഷിയിറക്കിയതിന്‍റെ കുഴപ്പമാണ്, അവരനുഭവിക്കട്ടെ എന്നതാണ്.

ഉദാഹരണത്തിന് വനാതിര്‍ത്തിയിലുള്ള 10 കിലോമീറ്റര്‍ ദൂരം കര്‍ഷകരെ നഷ്ടപരിഹാരം കൊടുത്തോ അല്ലാതെയോ ഒഴിവാക്കിയെന്നു കരുതുക. അപ്പോള്‍ പുതിയ വനാതിര്‍ത്തിയുണ്ടാകും. വികസിപ്പിച്ച വനങ്ങളില്‍ മൃഗങ്ങള്‍ പെരുകും. പുതിയ വനാതിര്‍ത്തിയില്‍ പഴയ അവസ്ഥയുണ്ടാകും. അങ്ങനെ വനം വികസിച്ച് വികസിച്ച് എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും എത്തിയാല്‍ മനുഷ്യര്‍ എന്തു ചെയ്യും?

ഫോറസ്റ്റ് സയന്‍സ് അറിയാവുന്നവര്‍ക്കറിയാം വനാതിര്‍ത്തിയിലുള്ളവരും മൃഗങ്ങളും തമ്മിലുള്ള ടെന്‍ഷന്‍ അനിവാര്യമാണ്. അത് പ്രായോഗികമായ രീതിയില്‍ കര്‍ഷകര്‍ക്കും കൃഷിക്കും സുരക്ഷി തത്വം കൊടുക്കുന്ന രീതിയില്‍ ക്രമപ്പെടുത്തണമെന്നു മാത്രമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

മൃഗങ്ങള്‍ക്കവകാശപ്പെട്ട സ്ഥലം മനുഷ്യര്‍ കയ്യടക്കിയതാണെന്ന വാദത്തിലെ പൊള്ളത്തരം എടുത്തു കാണിക്കാനാണിതെഴുതിയത്. പെരിയാറും കരമനയാറും ചാലിയാറും മലിനമായതിനാരാണുത്തരവാദികള്‍? നദികളിലും  സംരക്ഷിക്കപ്പെടേണ്ട വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുണ്ട്. ആ നാശത്തിന് ആര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്? ആരുടെ ഉത്തരവാദിത്തമാണത്?

പരിസ്ഥിതി പ്രാധാന്യം ആനയ്ക്കും പെരുച്ചാഴിക്കും പാമ്പിനും ചിതലിനും മണ്ണിരയ്ക്കുമുണ്ട്. കര്‍ഷകരെ ഒറ്റപ്പെടുത്താതെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമാക്കുകയാണു വേണ്ടത്.

മലയോര കര്‍ഷകരുടെ പ്രധാന പ്രശ്നങ്ങള്‍
1. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വിലയില്ലാത്തത്
2. വന്യമൃഗങ്ങളുടെ ശല്യം
3. തൊഴിലാളികളുടെ ദൗര്‍ലഭ്യം
4. ഉയര്‍ന്ന കൂലിച്ചെലവ്
5. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങള്‍
6. കനത്തമഴമൂലം മണ്ണില്‍ നിന്ന് നഷ്ടപ്പെടുന്ന ധാതുക്കളും ജൈവാംശവും, കൂടിവരുന്ന അമ്ലാ വസ്ഥയും .
7.സൂക്ഷ്മമായും ശാസ്ത്രീയമായും കൃഷിയിടങ്ങള്‍ പ്ലാന്‍ ചെയ്യാനും കര്‍ഷകരെ സഹായിക്കാനും പ്രാപ്തിയുള്ള കാര്‍ഷിക വിദഗ്ദരുടെ അഭാവം.

കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവനുമുള്ള കര്‍ഷകരുടെ കാതലായ പ്രശ്നം കൃഷിയുടെ റിസ്ക് മുഴുവന്‍ കര്‍ഷകര്‍ക്ക് മാത്രമാണെന്നുള്ളതാണ്. വിളവുള്ളപ്പോള്‍ വിലയില്ല, വിലയുള്ളപ്പോള്‍ വിളവില്ല. ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ ഉപഭോക്താക്കള്‍ ബഹളമുണ്ടാക്കും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വലുത്. ഉപഭോക്താക്കളാണെന്നതുകൊണ്ട് രാഷ്ട്രീയക്കാരും ഭരണസംവിധാനവും ഉല്‍പ്പന്നങ്ങളുടെ വില താഴ്ത്തി നിര്‍ത്താന്‍ ശ്രദ്ധിക്കും.

ഭരണസംവിധാനത്തിനെതിരെ സമരങ്ങള്‍ക്കിറങ്ങാന്‍ കൃഷിയുടെ തിരക്കൊഴിഞ്ഞ് കര്‍ഷകര്‍ക്ക് സമയവുമില്ല, സാമ്പത്തിക ശേഷിയുമില്ല. ഇനി എന്തെങ്കിലും ഒരു സമരമുന്നേറ്റം ഉണ്ടായാല്‍ രാഷ്ട്രീയക്കാര്‍ അതില്‍ നുഴഞ്ഞുകയറി അത് പൊളിച്ചു കളയുകയും ചെയ്യും.

ആദ്യം സൂചിപ്പിച്ച പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് ഭരണ നേതൃത്വമാണ്. ഭരണപരാജയം മറച്ചുവച്ച്, ഗാഡ്ഗിലും പരിസ്ഥിതിപ്രവര്‍ത്തകരുമാണ്, എല്ലാ കാര്‍ഷിക പ്രശ്നങ്ങള്‍ക്കും കാരണമെന്നു വരുത്തിതീര്‍ക്കുന്നവരുടെ ലക്ഷ്യം വേറെയാണ്.

 

കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ സ്വയം പ്രതിരോധം തീര്‍ത്തേ മതിയാവൂ. മലയോര മേഖലയ്ക്കുള്ള മെച്ചം ശുദ്ധമായ വായുവും കുടിവെള്ളവുമാണ്. കോവിഡിനു ശേഷം ധാരാളം പ്രഫഷണലുകള്‍ Work from home എന്ന രീതിയിലേക്കു മാറിയിട്ടുണ്ട്. ഇതെങ്ങനെ ഗ്രാമീണമേഖലയുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കണം. കേരളത്തിലെ Education and medical  infrastructure  ഗ്രാമീണ മേഖലയിലും പൊതുവെ ആവറേജിനു മുകളിലാണ്. അത് റൂറല്‍ enterprises ന് അനുകൂലഘടകമാണ്.

 

കേരളത്തില്‍ റൂറല്‍ enterprises വളരാനുള്ള  സാധ്യതകള്‍ വളരെ വലുതാണ്.

1. 5G network ഗ്രാമീണ മേഖലയില്‍ എത്തണം.
2.കാറ്റിലും മഴയിലുമുള്ള പവര്‍ കട്ട് ഒഴിവാകണമെങ്കില്‍ Quality power കുറഞ്ഞ ചെലവില്‍, ഭൂമിക്കടിയിലുള്ള കേബിളുകള്‍ വഴിയെത്തണം. ബിസിനസ്സ് സംരഭങ്ങള്‍ക്ക് അവശ്യം വേണ്ട ഒരു കാര്യമാണിത്.
3.റൂറല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവുകള്‍ കൊടുക്കണം.
4. അനാവശ്യ സമരങ്ങളും ഹര്‍ത്താലുകളും ഒഴിവാക്കണം.
5. മുഖ്യമന്ത്രി സൂചിപ്പിച്ചതു പോലെ ഈസ് ഓഫ് ഡുയിംഗ് ബിസിനസ്സ് ഒരു സംസ്കാരമായി വളരണം.
6. പുതിയ വ്യവസായ മന്ത്രി രാജീവ് സൂചിപ്പിച്ചതുപോലെ സ്ലേറ്റുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ. ബിസിനസ്സ് സംരംഭങ്ങളുണ്ടായാലേ തൊഴിലവസരങ്ങളുണ്ടാവൂ.

റൂറല്‍ ഇക്കോണമി ശക്തിപ്പെടുമ്പോള്‍ സ്വാഭാവികമായും പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്ന ങ്ങളുടെയും, Value added ഉല്‍പ്പന്നങ്ങളുടെയും വിപണി വലുതാകും. കനത്ത മഴയുള്ള കേരളത്തില്‍ കൃഷി ദുഷ്കരമാണ്. Agroforestry കേരളത്തിന് അനുയോജ്യമാണ്. റബ്ബര്‍ ബോര്‍ഡിന്‍റെ വികലമായ നയം മൂലമാണ് മലയോരങ്ങളിലെ വൃക്ഷസമ്പത്ത് നശിച്ചു പോയത്. റബ്ബര്‍  തോട്ടങ്ങളില്‍ ആഞ്ഞിലി, ഉരുപ്പ് തുടങ്ങി ഉയരത്തില്‍ വളരുന്ന ഉരുപ്പടി മരങ്ങള്‍ വളര്‍ത്താന്‍ പറ്റും. സമ്മിശ്രകൃഷി വഴി കൃഷിയിടങ്ങളുടെ വരുമാനം. വര്‍ദ്ധിപ്പിക്കാനും, മണ്ണിന്‍റെ പുഷ്ടി നിലനിര്‍ത്താനും  ദീര്‍ഘകാല ആസ്തികള്‍ ഉണ്ടാക്കാനും സാധിക്കും.

സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് timber financing ആണ്. കൃഷിയിടങ്ങളില്‍ ദീര്‍ഘകാല, ഹ്രസ്വകാല ഉരുപ്പടി മരങ്ങള്‍ വളര്‍ത്താനുള്ള ഹ്രസ്വകാല, ദീര്‍ഘകാല സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കണം.

കേരളത്തില്‍ സാധ്യതയുള്ള മറ്റൊരു കാര്‍ഷിക മേഖല Fruit Orchards ആണ്. അത് നില നില്‍ക്ക ണമെങ്കില്‍ അനുബന്ധമായി Food processing industry യും വേണം. Perishable crops അല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണ്. പഴങ്ങള്‍ നശിച്ചു പോകാതെ Value addition ചെയ്യണമെങ്കില്‍ പുതിയ ഡിസ്റ്റിലറികള്‍ ആവശ്യമായി വന്നേക്കാം. ചക്കപ്പഴവും വാഴപ്പഴവുമൊക്കെ ferment ചെയ്ത് ഡിസ്റ്റില്‍ ചെയ്താല്‍ നല്ല ആല്‍ക്കഹോള്‍ ലഭിക്കും. മലയാളികളെന്തിനാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന  ആല്‍ക്കഹോള്‍ ഉപയോഗിച്ച് സംസ്ഥാനത്തിന്‍റെ പണം പുറത്തേക്കൊഴുക്കിക്കളയുന്നത്?

ശാസ്ത്രീയമായ കൃഷിയുടെ അടിത്തറ ഏഴു കാര്യങ്ങളാണ്.

1. മണ്ണിലെ ഈര്‍പ്പവും വായുസഞ്ചാരവും,

2. സൂര്യപ്രകാശം ഓരോ വിതാനത്തിലും ഓരോ വിളവിനുമാവശ്യമായ രീതിയില്‍ പ്ലാന്‍ ചെയ്യുന്നത്

3. മണ്ണില്‍ നിന്ന് ഓരോ മഴക്കാലത്തും, ഓരോ വിളവെടുപ്പിലും നഷ്ടമാകുന്ന മൂലകങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നതും, ശാസ്ത്രീയമായ കമ്പോസ്റ്റിങ്ങും,

4. മണ്ണിലെ organic carbon content നിലനിർത്തുന്നത്.

5. കൃഷിഭൂമിയിലെ ഇക്കോ സിസ്റ്റം മാനേജ്മെന്‍റ്,

6. ഉയര്‍ന്ന നിലവാരമുള്ള വിത്തുകളും തൈകളും,

7. കര്‍ഷകന്‍റെ അറിവും മാനേജ്മെന്‍റും.

പലരും ധരിച്ചുവെച്ചിരിക്കുന്നത് ശാസ്ത്രീയ കൃഷിയെന്നു പറഞ്ഞാല്‍ കുറച്ചു രാസവളവും കീടനാശിനിയും ആണെന്നും, ജൈവ കൃഷിയെന്നാല്‍ കുറച്ച് ചാണകവും ചവറും കോരിയിട്ട് ഒന്നും ചെയ്യാതെ ഇരിക്കലുമാണെന്നാണ്. Agriculture is a total science.

വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടനടി പരിഹാരമുണ്ടാകണം. വനങ്ങള്‍ മിസ് മാനേജ് ചെയ്ത് ഭക്ഷ്യ ദൗര്‍ലഭ്യം ഉണ്ടാകുന്നതും, ആവാസ വ്യവസ്ഥയില്‍ ഉണ്ടാകുന്ന അസംതുലിതാവസ്ഥയുമാണ് മൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്കിറങ്ങുന്നതിന് പ്രധാന കാരണം. വനങ്ങളുടെ സംവാഹകശേഷി (carrying capacity) യില്‍ കൂടുതല്‍ മൃഗങ്ങള്‍ പെരുകിയാല്‍ സ്വാഭാവികമായും Culling വേണ്ടി വരും. കാട്ടുപന്നിയെ വെടിവെയ്ക്കാന്‍ ആളെ കണ്ടുപിടിക്കുന്നതിന്‍റെ ഉത്തരവാദിത്തം കര്‍ഷകന്‍റേതല്ല, വനംവകുപ്പിന്‍റേതാണ്. ഇത്തരം കാര്യങ്ങളില്‍ ഭരണനേതൃത്വം പ്രായോഗികമായ ഉറച്ച തീരുമാനങ്ങളെടുക്കണം. കര്‍ഷകര്‍ക്കു വേണ്ടത് മുതലക്കണ്ണീരോ അന്നദാതാവിനെ പുകഴ്ത്തിയുള്ള കവിതകളോ അല്ല. മൃഗങ്ങള്‍ക്കു മാത്രമല്ല കര്‍ഷകര്‍ക്കും കരുതല്‍ വേണം.

ഉപരിപ്ലവമായ പരിസ്ഥിതിവാദവും, ശാസ്ത്ര വാദവും ഒരുപോലെ അപകടകാരികളാണ്. പശ്ചിമഘട്ടത്തില്‍ മാത്രമല്ല, തീരപ്രദേശങ്ങളിലും, നഗരപ്രദേശങ്ങളിലും സമഗ്രമായ പരിസ്ഥിതി മാനേജ്മെന്‍റ് അനിവാര്യമാണ്.

 

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കാലാവസ്ഥാ വ്യതിയാനം മൂലം നാം നേരിടാന്‍ പോകുന്ന വിപത്തുകളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായി മാത്രം കണ്ടാല്‍ മതി. പ്രകൃതി ദുരന്തങ്ങളുമൊത്തുള്ള ജീവിതമാണ് മുന്നിലുള്ളത്. അതിന് പ്രതിരോധം തീര്‍ക്കാന്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. Climate resilient agriculture എങ്ങനെയാണ് ഡിസൈന്‍ ചെയ്യേണ്ടത്? കഴിഞ്ഞ പ്രളയത്തില്‍ നിന്ന് എന്തു പാഠമാണ് പഠിച്ചത്? ഇനിയൊരു പ്രളയം വന്നാല്‍ കഴിഞ്ഞതില്‍നിന്നു വ്യത്യസ്തമായി എങ്ങിനെയാണു നേരിടാന്‍ പോകുന്നത്? ഇതൊക്കെ അറിയാന്‍ ജനങ്ങള്‍ക്കവകാശമില്ലേ? കേരളത്തില്‍ അക്കാദമിക് രംഗത്തിനു പുറത്തു പ്രായോഗിക പരിജ്ഞാനമുള്ള പ്രഫഷണല്‍ ജിയോളജിസ്റ്റുകള്‍ ഇല്ലെന്നു തന്നെ പറയാം. Automatic weather stations കേരളത്തില്‍ എല്ലാ പഞ്ചായത്തുകളിലും  ഉടനടി സ്ഥാപിച്ച് scientific data and documentation നടപ്പാക്കണം.

 

ഓരോ മഴക്കാലത്തും മലയോരങ്ങളിലും, തീര പ്രദേശങ്ങളിലും  പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിലും ജനങ്ങള്‍ ഭീതിയിലാണ് ജീവിക്കുന്നത്. Domain expertise ഉള്ള ഒരു ടീം ഓരോ പ്രദേശത്തിനും വേണ്ട Disaster mitigation and management പ്ളാന്‍ ചെയ്യണം. Domain expertise ഉള്ളവര്‍ പൊതുജനങ്ങളുമായി ശാസ്ത്രീയമായ അറിവുകള്‍ പങ്കുവെയ്ക്കണം. കര്‍ഷക കൂട്ടായ്മകള്‍ അസത്യങ്ങളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും കെണിയില്‍ വീഴാതെ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് ഏക വഴി. കൃഷിക്കു പുറമെ അനുബന്ധ ബിസിനസ്സു കളിലും കര്‍ഷകര്‍ ഭാഗമായേ തീരൂ.

ആഗോളതാപനവും കര്‍ഷകരും

കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ ദുരിതങ്ങള്‍ വിതയ്ക്കുന്ന കാലമാണ് മുന്നിലുള്ളത്. ഭൂമിക്കടിയിലെ കല്‍ക്കരിയും പെട്രോളിയവും  കത്തിച്ചുള്ള ഊര്‍ജ്ജോല്‍പ്പാദനം നമുക്കു ജീവിത സൗകര്യങ്ങള്‍ നല്‍കിയെങ്കിലും അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് വര്‍ദ്ധിക്കുവാനും ആഗോള താപനത്തിനും ഇടയാക്കിയിട്ടുണ്ട്.

 

വനങ്ങള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആണ്. പ്രകാശ സംശ്ലേഷണം വഴി ആഗിരണം ചെയ്യപ്പെടുന്ന കാര്‍ബണ്‍, മരങ്ങള്‍ മണ്ണോടു ചേരുന്ന വിഘടന പ്രക്രിയയില്‍ വീണ്ടും അന്തരീക്ഷത്തിലേക്കു തിരിച്ചുപോകും. കൃഷിയിടങ്ങളില്‍ കാര്‍ബണ്‍ ആഗിരണം ചെയ്യപ്പെടണം, ഫര്‍ണിച്ചറുകള്‍ക്കും കെട്ടിട നിര്‍മ്മാണത്തിനും മരങ്ങള്‍ ഉപയോഗിച്ച് ഭൂമിയില്‍ കാര്‍ബണ്‍ പിടിച്ചുനിര്‍ത്തണം, ആഗോള താപനത്തെ പ്രതിരോധിക്കുവാന്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനവും പ്രായോഗികവും ആയിട്ടുള്ളത് ഈ വഴിയാണ്. യുദ്ധങ്ങളും ആയുധക്കൂമ്പാരങ്ങളും  പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം ആണ് രാഷ്ട്രീയ- സാമൂഹിക പരിസ്ഥിതി ചര്‍ച്ചകളില്‍ ഉയരേണ്ടത്. Climate resilient sustainable farming (കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന സുസ്ഥിര കൃഷി) ചര്‍ച്ച ചെയ്യാം.

 

കൃഷിയിടങ്ങളിലെ മണ്ണില്‍ ജൈവാംശം (organic carbon) വര്‍ദ്ധിപ്പിക്കുക, ഫര്‍ണിച്ചറിനും കെട്ടിട നിര്‍മ്മാണത്തിനും വേണ്ട ഉരുപ്പടി മരങ്ങള്‍ വളര്‍ത്തുക തുടങ്ങിയവ ആഗോള താപനത്തിനെതിരായ പ്രതിരോധമായി കണ്ട് കര്‍ഷകര്‍ക്ക് Carbon funding വഴി സാമ്പത്തിക സഹായത്തിനായി package Budget ലുണ്ടാകണം.

മണ്ണിലെ ജൈവാംശം വര്‍ദ്ധിക്കുമ്പോള്‍ മണ്ണിലെ ബാക്ടീരിയ മുതല്‍ പെരുച്ചാഴി വരെയുള്ള ജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടും. അവയുടെ പ്രവര്‍ത്തനം മണ്ണിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കും, ആഴത്തിലുള്ള മണ്ണിലെ മൂലകങ്ങള്‍ ഉപരിതലത്തിലെത്തി ഉപരിതലത്തിലെ മണ്ണ് ഫലഭൂയിഷ്ടമാക്കും, പാറകള്‍ വിഘടിച്ച് മണ്ണുണ്ടാകും, കൃഷിയിടങ്ങളിലെ ഈര്‍പ്പം വര്‍ദ്ധിക്കും, കരയുടെ ജലസംഭരണ ശേഷി വര്‍ദ്ധിച്ചു തോടുകളിലും, പുഴകളിലും വേനല്‍ക്കാലത്തും വെള്ളമുണ്ടാകും.

 

ജലസുരക്ഷയ്ക്കു ഡാമുകളിലും ചെക്കു ഡാമുകളിലും കുഴല്‍ക്കിണറുകളിലുമല്ല മുതല്‍ മുടക്കേണ്ടത്, കര്‍ഷകര്‍ക്കുള്ള carbon funding ലാണ്. കുഴല്‍ക്കിണറിലെ വെള്ളം കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതു ശാസ്ത്രീയമായി ചെയ്യണം. ഭൂമിക്കടിയിലെ വെള്ളം ഉപരിതലത്തിലെത്തി അന്തരീക്ഷത്തിലേക്ക് ആവിയായി പോകുമ്പോള്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴേക്കു പോയി ഒരു ജലശൂന്യ പ്രതലം സൃഷ്ടിക്കപ്പെട്ട് ഉപരിതലത്തിലെ വെള്ളം താഴേക്കു വലിഞ്ഞു പോയി കൃഷിഭൂമികള്‍ വരണ്ടു പോകും. കുടിവെള്ളം ഇല്ലാതെയാകും. തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും ലക്ഷക്കണക്കിനു കിണറുകളാണ് വരണ്ടുപോയി ഉപയോഗ ശൂന്യമായിട്ടുള്ളത്. അത്തരം പ്രദേശങ്ങളില്‍ ഞാന്‍ നടത്തിയ പഠനത്തില്‍ മനസ്സിലായത്, കുഴല്‍ക്കിണറുകളിലെ ജലനിരപ്പ് പ്രതിവര്‍ഷം 25 അടി മുതല്‍, 50 അടിവരെ താഴേക്കു പോകുന്നുണ്ടെന്നാണ്. വലിയ ഒരു ജല പ്രതിസന്ധിയിലേക്കാണു രാജ്യം പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ മരുവല്‍ക്കരണം നമ്മെ കാത്തിരിക്കുന്ന ടൈം ബോംബാണ്.

 

കേരളത്തില്‍ മഴയുള്ളതുകൊണ്ട് നമ്മള്‍ പൊതുവെ ഉദാസീനരാണ്. മലയോരങ്ങളില്‍ വേന ല്‍ക്കാലത്ത് വരള്‍ച്ചയും  മഴക്കാലത്തു മണ്ണൊലിപ്പും കൂടുതലാണ്, തീരപ്രദേശങ്ങളില്‍ പ്രളയവും സ്വാഭാവികമായിക്കഴിഞ്ഞു. സമഗ്രവും ശാസ്ത്രീയവുമായ ഒരു പരിസ്ഥിതി മാനേജ്മെന്‍റിന് ആരു നേതൃത്വം കൊടുക്കുമെന്നാതാണു വിഷയം.

കര്‍ഷകര്‍ക്കു പരിസ്ഥിതിക്കു പ്രതിരോധം തീര്‍ക്കാന്‍ കഴിയും. മണ്ണുമായും പ്രകൃതിയുമായും കൃഷിയുമായും ബന്ധമില്ലാത്ത വിവിധ ബോര്‍ഡുകളും ഡിപ്പാര്‍ട്ട്മെന്‍റുകളും ഗവേഷകരും വിദഗ്ദരും ഉദ്യോഗസ്ഥരും നേരമ്പോക്കിനായി കുറച്ച് സെമിനാറുകളും പ്രബന്ധങ്ങളും മറ്റുമായി പൊതുമുതല്‍ കാര്‍ന്നുതിന്നുകൊണ്ടിരിക്കും. കര്‍ഷകര്‍ക്കോ പരിസ്ഥിതിക്കോ ഇത്തരക്കാരെക്കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ഇതിലെ നല്ലവരും സമര്‍ത്ഥരും സിസ്റ്റത്തിനുള്ളില്‍ നിസ്സഹായരാണ്.

 

കേരളത്തിലെ കൃഷിയിടങ്ങളില്‍ നിന്നും കടുത്ത മഴയത്ത് ഒരു nutrient loss ഉണ്ട്. അത് കൃത്യമായി മനസ്സിലാക്കി തിരിച്ചു കൊണ്ടുവരണം. ചെടികള്‍ക്ക് NPK (Nitrogen, Phosphorus and Potassium) മാത്രം പോരാ, മറ്റ് മൂലകങ്ങളും വേണം. മൂലകങ്ങളുടെ ആഗിരണത്തിന് മണ്ണിലെ PH, neutral ആയിരിക്കണം. ആഴത്തിലുള്ള മൂലകങ്ങള്‍  ഉപരിതലത്തിലേക്കു കൊണ്ടുവരാന്‍ പറ്റിയ വലിയ വൃക്ഷങ്ങള്‍ കൃഷിയിടത്തിലുണ്ടാവണം. കൃഷിയിടങ്ങളിലെ കാര്‍ബണ്‍മൂലകങ്ങള്‍, ഈര്‍പ്പം, PH,, ഉപരിതല ജലനിരപ്പ്, ഭൂഗര്‍ഭജല നിരപ്പ്, ജൈവ വൈവിദ്ധ്യം മറ്റു കാലാവസ്ഥാ ഘടകങ്ങള്‍ തുടങ്ങിയവ കൃഷിക്കാരോടൊത്ത് പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രൊഫഷണല്‍ സംവിധാനം നമുക്കുണ്ടാകണം. പ്രളയത്തില്‍ നിന്നും മണ്ണിടിച്ചിലില്‍ നിന്നും കൃഷിഭൂമികള്‍ സംരക്ഷിക്കാന്‍ ജിയോളജിയിലും, എന്‍ജിനീയറങ്ങിലുമുള്ള അറിവ് കൃത്യമായി പ്രയോഗിക്കണം. കൃഷിയിടങ്ങളുടെ Holistic Design ചെയ്യാന്‍ കര്‍ഷകരെ പ്രാപ്തരാക്കണം.

 

കര്‍ഷകര്‍ക്കു സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണ് പുതിയ തലമുറ കൃഷിയിലേക്കു തിരിച്ചുവരാത്തതും മറ്റു ജോലികള്‍ക്കായി നഗരത്തിലേക്കും വിദേശങ്ങളിലേക്കും ചേക്കേറുന്നതും. അതുകൊണ്ടുതന്നെയാണ് ഭൂമി ഖനനത്തിനു വില്‍ക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതും.

 

കൃഷിയിടങ്ങളിലെ പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യോല്‍പ്പാദനം, കര്‍ഷകരുടെ വരുമാനം, ജല സുരക്ഷ ഇതൊക്കെ സമഗ്രമായി കാണുന്ന ഒരു Holistic, Scientific, Ecological and Economic മാനേജ്മെന്‍റ് ആണ് രൂപപ്പെട്ടു വരേണ്ടത്. Water cycle, mineral cycle, energy cycle, succession ഇത് നാലുമാണ് പരിസ്ഥിതി സംതുലിതാവസ്ഥയുടെ കാതല്‍. വനങ്ങള്‍ ശരിയായ രീതിയില്‍ മാനേജ് ചെയ്യാത്തതു കൊണ്ടാണ് invasive species കടന്നു കയറുന്നതിനും വനങ്ങളുടെ ഭക്ഷ്യസുരക്ഷ നഷ്ടപ്പെട്ടു മൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്കു കടന്നു കയറാനും കാരണം. ഒരു സംസ്ഥാനത്തെ വനങ്ങള്‍ ഒറ്റയ്ക്കു മാനേജ് ചെയ്യാനാവില്ല. മറ്റു സംസ്ഥാനങ്ങളിലെ വനങ്ങളുമായി ചേര്‍ത്ത് ഒരു Holistic forest and wildlife corridor management ആണ് വേണ്ടത്. വനങ്ങള്‍ commercial ആവശ്യത്തിനായി timber വളര്‍ത്താന്‍ ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന mineral loss, വനങ്ങളുടെ നാശത്തിനുകാരണമാകം. കൃഷിയിടങ്ങളില്‍ മരം വളര്‍ത്താന്‍ സഹായിച്ചാല്‍ കര്‍ഷകര്‍ക്കു ദീര്‍ഘകാലത്തേക്കുള്ള ആസ്തിയും വരുമാനവും ആകും.

 

കൃഷിയിടങ്ങളില്‍ പെരുകുന്ന കാട്ടുപന്നി പോലുള്ള ജീവികളെ വന്യജീവിയായി കണക്കാക്കാന്‍ പാടില്ല. അതു നിയന്ത്രിക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്കായിരിക്കണം. അതിനുള്ള ഒരു Process and Documentation തയ്യാറാക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്തു ജനാധിപത്യം? വനങ്ങളുടെ വിജിലന്‍സ്, camera വഴിയും പരിസരവാസികളെയും കര്‍ഷകരെയും ഉള്‍പ്പെടുത്തിയും കൂടുതല്‍ വനപാലകര്‍ വഴിയും ശക്തിപ്പെടുത്തണം.

 

കര്‍ഷകരും ഉല്‍പ്പാദനമേഖലയിലും സേവന മേഖലയിലും പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ സംരംഭകരും, പ്രൊഫഷണലുകളും ചേര്‍ന്നുള്ള Agri, Business eco system ശക്തിപ്പെടുത്തണം. ഈ കൂട്ടായ്മയുടെ ശക്തിയിലാണ് പരിസ്ഥിതിയുടെയും രാജ്യത്തിന്‍റെയും ഭാവി. KIFA ഇതില്‍ ശ്രദ്ധിക്കണം, സാമ്പത്തികമായി കരുത്താര്‍ജ്ജിക്കണം. വൈകാരികത വിറ്റു കാശാക്കി ഉപജീവനം നടത്തുന്ന ഉപരിപ്ളവ കലാ, സാഹിത്യ, സാമൂഹ്യ, സാംസ്കാരിക നായകന്‍മാരോടും, കേവല പരിസ്ഥിതിവാദികളോടും സംവേദിച്ച് സമയം കളയരുത്. മേല്‍പ്പറഞ്ഞ Agri, business കൂട്ടായ്മ ശക്തിപ്പെടുമ്പോള്‍ കൃഷിയും പരിസ്ഥിതിയും സമ്പദ്ഘടനയും മാത്രമല്ല, രാഷ്ട്രീയവും കലയും സാഹിത്യവും  സംസ്കാരവും ഗവേഷണവും എല്ലാം നന്നാവും.

 

ലേഖകന്‍ - കര്‍ഷകനും സിവില്‍ എന്‍ജിനിയറും സംരംഭകനുമാണ്. ബാംഗ്ലൂരില്‍ താമസിക്കുന്നു.

You can share this post!

(ജൂലൈ 28 ലോകപരിസ്ഥിതിസംരക്ഷണദിനം) പരിസ്ഥിതി സംരക്ഷണത്തില്‍ വിശ്വാസത്തിന്‍റെ അടിത്തറ

സി. സെലിന്‍ പറമുണ്ടയില്‍ എം. എം.എസ്. (മൊഴിമാറ്റം : ടോം മാത്യു)
അടുത്ത രചന

അസ്സീസിയിലെ വിശുദ്ധ വികൃതി

റ്റോംസ് ജോസഫ്
Related Posts