news-details
കവർ സ്റ്റോറി

കത്തോലിക്ക തിരുസഭ - കാലിക പ്രശ്നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും

അഭിമുഖം
 
കത്തോലിക്ക തിരുസഭ ഇന്ന് അഭിമുഖീകരിക്കുന്ന ചില കാലിക പ്രശ്നങ്ങളും അവയ്ക്കുള്ള  പ്രായോഗിക പരിഹാര നിര്‍ദ്ദേശങ്ങളും അസ്സീസിക്കായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവക വൈദികനായ ഫാ. ബെന്നി മാരാംപറമ്പില്‍ പങ്കുവയ്ക്കുന്നു.
 
നമുക്ക് ബോധപൂര്‍വ്വം ജാഗരൂകരാകേണ്ടതുണ്ട്
 
ക്രിസ്തുവിന്‍റെ സഭ നൂറ്റാണ്ടുകളായി ചരിത്രവഴികളില്‍ ഇടം പിടിക്കുമ്പോഴും അതേ പാരമ്പര്യവും പൈതൃകങ്ങളും അണമുറിയാതെ ഈ കൊച്ചുകേരളത്തിലും പിന്‍തുടരുമ്പോഴും ചില ഇടങ്ങളില്‍ ഈ കാലഘട്ടത്തില്‍ ഒരു അപചയം സംഭവിക്കുന്നതായി തോന്നുന്നുണ്ടോ?
 
സഭയുടെ അകത്തളങ്ങളില്‍നിന്ന് പുറത്തുവരുന്ന കഥകള്‍ പലതും നമ്മെ ഞെട്ടിപ്പിക്കുകയും നമ്മുടെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന തലങ്ങളിലേക്ക് വളരുകയും ചെയ്തിരിക്കുന്നു. വത്തിക്കാനില്‍, പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ നടത്തിയ ശുദ്ധീകരണപ്രക്രിയകള്‍, സാമ്പത്തിക കാര്യാലയങ്ങളിലെ നയരൂപവത്കരണം ഒക്കെ ആത്മാവിന്‍റെ ഇടപെടലുകളായി കാണാം. അങ്ങനെ തിരിച്ചറിയുന്ന അപചയങ്ങളെ സഭയ്ക്കുള്ളില്‍ത്തന്നെ തിരുത്തുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉള്ള അവസരങ്ങള്‍ വൈദീകര്‍ക്കും, സന്ന്യസ്തര്‍ക്കും, അല്മായര്‍ക്കും ദൈവാത്മാവിനാല്‍ നിറയുമ്പോള്‍ ലഭിക്കും.
 
അതായത് ഇവിടെ സഭയുടെ ഘടനയ്ക്കുള്ളിലും സംവിധാനങ്ങളിലും ഒരു ശുദ്ധികലശം അനിവാര്യമാണെന്നാണോ?
 
തീര്‍ച്ചയായും കേരളസഭയെപ്പറ്റി പൊതുവില്‍ പറയാന്‍ ഞാനാളല്ല, എങ്കിലും ഇന്നു കാണുന്ന ലക്ഷണങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്തവിധം സഭ അഴിമതിയിലേക്ക് നീങ്ങുന്നതായി കാണുന്നു. വളരെയേറെ തിന്മകളുടെ ദുഃസ്വാധീനത്തില്‍ പെട്ടുപോകുന്നു. അതു സഭയുടെ അടിത്തട്ടിലല്ല, മുകള്‍ത്തട്ടില്‍ കാണുന്നു എന്നതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതൊരു തരം മരവിപ്പാണ്. തെറ്റിനെ തെറ്റായി കാണാതിരിക്കല്‍.
 
ഇങ്ങനെ സംഭവിക്കാനുള്ള കാരണം? കൃത്യമായ രൂപരേഖകളോടെയും നിയമനടപടികളോടെയും മുന്നേറുന്ന സഭയില്‍ ഇങ്ങനെ സംഭവിക്കുമോ?
സാധാരണക്കാരനെ അലട്ടുന്ന സ്വാഭാവികമായ ചോദ്യം ഇതാണ്.
 
ആത്മീയത പ്രസംഗിക്കുകയും ഒട്ടും ആത്മീയതയില്ലാതെ ജീവിക്കുകയും ചെയ്യുന്നവര്‍ ഉന്നതങ്ങളില്‍ എത്തുന്നതാണ് പ്രശ്നം. ഇതിനൊരു മാറ്റം അനിവാര്യമാണ്.
 
ഇത്തരം അപചയം സഭയുടെ മുകള്‍ത്തട്ടില്‍ മാത്രമേ ഉള്ളൂ എന്നെങ്ങനെ പറയാന്‍ പറ്റും? ഇടവകയില്‍ത്തന്നെ തുടങ്ങുന്നില്ലേ ഇപ്രകാരമുള്ള കൂട്ടുകെട്ടുകള്‍? സ്വാഭാവികമായും ഒരു ഇടവകയിലെ വികാരിയുടെ Good bookല്‍ Entry കിട്ടാനിടയുണ്ടാവുക ഇടവകയിലെ 'പ്രമാണി/പ്രമുഖ' വ്യക്തികള്‍ക്കല്ലേ? സമ്പത്ത് അതില്‍ ഒരു വലിയ മാനദണ്ഡമല്ലേ?
 
പൊതുവില്‍ പറഞ്ഞാല്‍ ശരിയാണ്. Noble class എന്നൈ രീതിയില്‍ ഒരു വേര്‍തിരിവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒരു വലിയ വിഭാഗം എന്നും നിശബ്ദരാക്കപ്പെട്ടിട്ടുണ്ട്. അവര്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലാനും നേര്‍ച്ചയിടാനും മാത്രമുള്ളവരായി. അഭിപ്രായങ്ങള്‍ പറയാനും തീരുമാനങ്ങളെടുക്കാനും പ്രമുഖര്‍ മുമ്പിലാണ്. സാമ്പത്തിക മേധാവിത്വത്തെക്കാള്‍ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ അധികാരവും സ്വാധീനവും പുരുഷമേധാവിത്വവും പ്രബലമാണ്.
 
ഈ വരേണ്യവര്‍ഗ്ഗത്തിന്‍റെ അതിപ്രസരണത്തിനു സഭാധികാരികള്‍ പൊതുവായി ഉത്തരവാദികളല്ലേ?
 
തീര്‍ച്ചയായും. കഴിഞ്ഞ ദിനം സഭയ്ക്കു പുറത്തുളള ഒരാളുടെ കമന്‍റിതായിരുന്നു,Your Church is notoriously prorich.ഇത് പൊതുസമൂഹത്തിന്‍റെ ഒരു ചിന്തതന്നെയാണ്. 
 
സഭാധികാര ശ്രേണിയില്‍ ജനാധിപത്യം എന്നതിന് പ്രസക്തിയുണ്ടോ?
 
സഭയില്‍ ജനാധിപത്യം എന്ന സാങ്കേതികത എത്രമാത്രം ശരിയാകുമെന്നെനിക്കറിഞ്ഞുകൂടാ;  ജനാധിപത്യം എന്ന വാക്കിനേക്കാള്‍  മനുഷ്യനു വിലകൊടുക്കുന്ന ഒരു ശൈലി സഭയില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അത്മായരെ 'സിംപിള്‍ & ഓര്‍ഡിനറി' എന്നു പറഞ്ഞിട്ട് മാറ്റി നിര്‍ത്തിയ അനുഭവം  സീറോ മലബാര്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സഭാചരിത്രം പഠിക്കുമ്പോള്‍ പറവൂര്‍ യാക്കോബായ പള്ളിയിലെ ശിലാഫലകത്തില്‍ എഴുതിയിരിക്കുന്നത് നാം കാണുന്നതിങ്ങനെയാണ്. "മെത്രാനും, വൈദികരും,  ഇണങ്ങരും (അല്മായര്‍) ചേര്‍ന്ന് ഈ പള്ളിയുടെ ശിലസ്ഥാപിച്ചിരിക്കുന്നു"വെന്ന്. അതിനര്‍ത്ഥം ഇവിടുത്തെ സഭാജീവിതത്തില്‍ അല്മായര്‍ക്ക് തക്കതായ സ്ഥാനം നേരത്തേ ഉണ്ടായിരുന്നുവെന്നു തന്നെയാണ്. പക്ഷേ ഇന്ന് പുരുഷമേധാവിത്വവും പുരോഹിതമേധാവിത്വവും അതിനെക്കാള്‍ മെത്രാന്മാരുടെ മേധാവിത്വവും പലയിടത്തും പ്രകടമാണ്.
 
ജനങ്ങള്‍ക്ക്/അത്മായര്‍ക്ക്  അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സഭാനയരൂപവത്കരണങ്ങളില്‍ പങ്കാളികളാകാന്‍ ഒരു പൊതുവേദി ഉണ്ടോ?
 
ഇല്ല എന്നു തന്നെ പറയേണ്ടിവരും, പാസ്റ്ററല്‍ കൗണ്‍സില്‍, വൈദീകര്‍ക്ക് Presbyteral കൗണ്‍സില്‍ ഒക്കെയുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അതെല്ലാം 'ഏട്ടിലെ പശു' മാത്രമാണിന്ന്. ഇതിനൊരു പരിഹാരം ഉണ്ടാകണം. പാരിഷ് കൗണ്‍സിലില്‍ ഒരു അല്മായന്‍ വികാരിയച്ചന് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാല്‍ അവന്‍ പുറത്തായി. പള്ളിയോഗങ്ങളില്‍ ഒരെതിരഭിപ്രായം പറയാന്‍ സ്പേസില്ലാതെയായി. സ്തുതിപാഠകരുടെ ഇടയില്‍ ജീവിച്ച് നമ്മുടെ അധികാരികളും വല്ലാതെ ജീര്‍ണ്ണിച്ചുപോകുന്നു.
 
ഈ അവസ്ഥയില്‍ പ്രായോഗിക പരിഹാരം?
 
നമ്മള്‍ തുടങ്ങേണ്ടത് ഇടവകതലത്തില്‍ തന്നെയാണ്. പണ്ട് മര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പള്ളിയോഗങ്ങള്‍ എന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഇത് ശക്തമായ ഒരു വേദിയായിരുന്നു. എന്നാല്‍ ഇന്ന് സീറോ മലബാര്‍ സഭയില്‍ പള്ളിയോഗനടപടിക്രമം എന്നത് ഒരു നിയമാവലിയില്‍ ഒതുങ്ങുന്നു. സത്യസന്ധമായി പറഞ്ഞാല്‍ എന്തു വ്യത്യസ്തതകള്‍ക്കും നൂതന ആവിഷ്കാരങ്ങള്‍ക്കും അതില്‍ യാതൊരു സ്വാതന്ത്ര്യവുമില്ല. കാലഘട്ടത്തിനനുസൃതമായി ജനത്തിന് അധികാരം കൂടുതല്‍ നല്‍കണം. അടിസ്ഥാനപരമായി നമ്മുടെ പള്ളിയോഗങ്ങളെ ശക്തിപ്പെടുത്തി അധികാര വികേന്ദ്രീകരണത്തിന് അവസരം നല്‍കണം
സഭയുടെ ഭൗതികസ്വത്തിന്‍റെ ക്രയവിക്രയം ഇടവകകളെയോ അല്മായരെയോ ഏല്‍പിക്കാന്‍ സാധിക്കുമോ? അതോ അത് മെത്രാനില്‍ നിഷിപ്തമാണോ? 
 
കത്തോലിക്കാ സഭയുടെ കാനന്‍ നിയമങ്ങള്‍ അനുസരിച്ച് ഇതില്‍ ഒരിക്കലും അല്മായര്‍ക്ക് ഉടമസ്ഥവകാശമില്ല. എന്നാല്‍ ഇന്ന് സഭയുടെ കാനന്‍ നിയമങ്ങളുടെ നഗ്നമായ ലംഘനം സഭാ അധികാരികളില്‍ നിന്നും നടക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് എറണാകുളത്തെ ഭൂമിവിവാദം. ഏതാനും കോടികളുടെ പ്രശ്നം മാത്രമല്ല ഇത്, ധാര്‍മ്മികതയുടെയും സഭാ നിയമങ്ങളുടെയും സിവില്‍നിയമങ്ങളുടെയും ലംഘനങ്ങളാണിത് സഭാ നടപടികള്‍ കുറെക്കൂടി സുതാര്യമാക്കാന്‍ അത്മായ പങ്കാളിത്തം കുറെക്കൂടി ആവശ്യമാണ്. കാരണം ഈ സ്വത്ത് സാധാരണക്കാരായ ജനം പിടിയരി പിടിച്ചും കഷ്ടപ്പെട്ടും സഭയ്ക്ക് ഉണ്ടാക്കിയെടുത്ത സ്വത്താണ്. നിയമത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും ഒരു ധാര്‍മ്മിക ഉത്തരവാദിത്വം നമുക്ക് ജനങ്ങളോടുണ്ട്.
 
സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും ജനം ഇപ്രകാരമുള്ള സഭാനടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കണ്ടു. നീതിന്യായവ്യസ്ഥയുടെ സഹായംവരെ തേടി. ഇതിലെന്താണ് പറയാനുള്ളത്?
 
പണ്ട് സഭാവിരുദ്ധരുടെ ഭാഗത്തുനിന്നും സഭയോടെതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നുമായിരുന്നു ഇപ്രകാരമുള്ള പ്രതികരണങ്ങള്‍ കൂടുതലായി കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ജനം സഭയെ സ്നേഹിക്കുന്നതുകൊണ്ടാണിതെല്ലാം ചെയ്യുന്നത്. ഇതാണിതിന്‍റെ വൈരുദ്ധ്യവും നന്മയും.
 
സഭാ നേതൃത്വത്തിലും സഭയിലും അപചയങ്ങള്‍ ഉണ്ട് എന്നത് വിശ്വാസസമൂഹത്തിന് വലിയ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടില്ലേ?
 
ഉണ്ട്, കാരണം ജനങ്ങളോട് സത്യം എന്താണെന്ന് കൃത്യമായി പറയാന്‍ വൈദികസമൂഹം പലയിടങ്ങളിലും തയ്യാറായിട്ടില്ല. സത്യം എല്ലാ കാലങ്ങളിലും ഇടങ്ങളിലും തുറന്നുപറയാനാവുക എന്നത് വലിയ ഒരു ആത്മീയ സ്വാതന്ത്ര്യമാണ്. ജനം ഒരു പക്ഷം പിടിക്കണമെന്നില്ല. എന്നാല്‍ സത്യം അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്.
ഈ സത്യം തിരിച്ചറിയാന്‍ സാധിച്ചത് എന്‍റെ വിശ്വാസത്തെ ആഴപ്പെടുത്തിയിട്ടുണ്ട്. തെറ്റുകള്‍ സംഭവിച്ചിട്ടുള്ളത് തിരുത്താന്‍ നേതൃത്വവും, സഭാസമൂഹവും തയ്യാറാവണം.
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത് സഭയെന്നത് ദൈവജനമാണ്. ഈ ദൈവജനത്തിന് പറയാനുള്ള വേദികളുടെ അഭാവത്തെപ്പറ്റി പറയുമ്പോഴും കൃത്യമായ ചില സംവിധാനങ്ങളിലൂടെ (ഉദാ:'എപ്പാര്‍ക്കിയല്‍ അസംബ്ലി')  ദൈവജനത്തിന്‍റെ ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സഭാ മേഖലകളില്‍  ഇടം ഉണ്ട്. പക്ഷേ എന്തുകൊണ്ട് അവയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ ആവാതെ പോകുന്നു?
 
നിര്‍ഭാഗ്യവശാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുന്നുണ്ടോ എന്ന് 'മോണിറ്ററിംഗ്' ചെയ്യേണ്ടവര്‍ അത് ചെയ്യുന്നില്ല. സര്‍ക്കുലറുകളിലും പ്രസംഗങ്ങളിലും ദേവാലയനിര്‍മ്മാണ ധൂര്‍ത്തുകളെപ്പറ്റിയും പെരുന്നാള്‍ ധൂര്‍ത്തുകളെപ്പറ്റിയും കോഴവാങ്ങുന്നതിനെതിരെയും ഒക്കെ പറയുമ്പോഴും എന്തുകൊണ്ട് ഇത് നടപ്പിലാക്കാന്‍ പറ്റാതെ വരുന്നു? ഒരു പള്ളി പണിയാന്‍ അനുമതികൊടുക്കുമ്പോള്‍ എന്തുകൊണ്ട് ധൂര്‍ത്തിനെതിരെ കൃത്യമായി പറയാന്‍ പറ്റുന്നില്ല? അഴിമതിയും ധൂര്‍ത്തും ചെറുക്കാന്‍ പറ്റുന്ന ഒരു സംവിധാനശ്രമം സഭയില്‍ രൂപപ്പെടണം. ആര് ഏത് പദവി വഹിച്ചാലും മൂല്യങ്ങള്‍ ഹനിക്കപ്പെടാതെയുള്ള സംവിധാനക്രമമാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ സഭയെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ക്കും വിരാമമാകും.
 
അപ്രിയസത്യങ്ങള്‍ തുറന്നു പറയുന്നതില്‍ ഭയമില്ലേ?
 
ഇല്ല; സത്യത്തിനുവേണ്ടി നിലപാടെടുക്കുമ്പോള്‍ ദൈവവും എന്‍റെ രൂപതയിലെ വൈദിക സമൂഹവും എനിക്കൊപ്പമുണ്ട്.  ഒപ്പം ഞാന്‍ സഭാ വിരുദ്ധരനല്ല, സഭയെ സ്നേഹിക്കുന്നതുകൊണ്ടാണ് സത്യം പറയുക. സത്യം പറഞ്ഞതുകൊണ്ടാണല്ലോ ക്രിസ്തു മരിച്ചതും സഭ രൂപപ്പെട്ടതും.
 
അവസാനമായി ഒരു ചോദ്യം. നമ്മള്‍ ഒരു വിരല്‍ അധികാരവ്യവസ്ഥിതയുടെ ദുഷിപ്പിനെതിരെ ചൂണ്ടുമ്പോഴും മറ്റു മൂന്നുവിരലുകളും നിങ്ങള്‍ക്കു നേരേ തിരിയുന്നില്ലേ?

തീര്‍ച്ചയായും, ഇത് ഒരു ഇരുതലവാളാണ്. സഭയുടെ അപചയങ്ങളെപ്പറ്റി പറയുമ്പോഴും, സഭാ നേതൃത്വം കൂറേക്കൂടി സുതാര്യവും മനുഷ്യകേന്ദ്രീകൃതവുമാകണമെന്നു വാശിപിടിക്കുമ്പോഴും, ആത്യന്തികമായി ഞാനും അതിന്‍റെ ഭാഗമാണ്, ഈ നവീകരണം എന്നിലും സഹവൈദീകരിലും ഇടവക ജനത്തിലുമെല്ലാം ഉണ്ടാകണം. അതായത് നമ്മള്‍ കുറേക്കൂടി ജാഗ്രതയുള്ളവരാകണം. ക്രിസ്തുവിനെ പിന്‍ചെല്ലാന്‍, ക്രിസ്തുവിനെപ്പോലെയാകാന്‍, ക്രിസ്തുവിന്‍റെ അനുയായി ആകാന്‍, ഈ ജാഗ്രത കൂടിയേ മതിയാവൂ. ഇപ്രകാരം ഒരു ജാഗ്രത വാക്കിലും പ്രവൃത്തിയിലും വരുമ്പോള്‍ അത് വലിയൊരു മാറ്റത്തിനു വഴി തുറക്കും. ആത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഭയില്‍ നിര്‍ബാധം തുടരുകയും ചെയ്യും.

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts