news-details
മറ്റുലേഖനങ്ങൾ

നമ്മുടെ ദൈവസങ്കല്പം

ദൈവത്തെപ്പറ്റിയുള്ള ഒരുവന്‍റെ ദൈവസങ്കല്പം അയാളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയുമെല്ലാം ആഴത്തില്‍ സ്വാധീനിക്കുന്ന കാര്യമാണ്. ദൈവത്തെ കര്‍ക്കശനും കടുംപിടുത്തക്കാരനും അസഹിഷ്ണുവുമായി സങ്കല്പിക്കുന്നവന്‍റെ സ്വഭാവത്തിലും ഈ പ്രത്യേകതകളൊക്കെയുണ്ടായിരിക്കും. മറിച്ച്, ദൈവത്തെ സ്നേഹമയനും കരുണാനിധിയുമായി സങ്കല്പിക്കുന്നവന്‍ സ്വയം സ്നേഹമയനും കാരുണ്യവാനുമാകുവാന്‍ പരിശ്രമിക്കുകയെങ്കിലും ചെയ്യും. ചരിത്രത്തില്‍ പലപ്പോഴും നാം കണ്ടുമുട്ടിയിട്ടുള്ളതും ഇന്നു പൂര്‍വ്വാധികം ശക്തിയോടെ ഉറഞ്ഞുതുള്ളുന്നതുമായ മതതീവ്രവാദങ്ങളെല്ലാം ദൈവത്തെപ്പറ്റിയുള്ള ചിലരുടെ വികലസങ്കല്പങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞവയാണ്.

ബൈബിള്‍ തെറ്റിദ്ധരിക്കുന്നവര്‍

വിജാതീയര്‍ മാത്രമാണ് ദൈവത്തെക്കുറിച്ച് തെറ്റായ സങ്കല്പങ്ങള്‍ വച്ചുപുലര്‍ത്തുന്നതെന്ന് വിചാരിക്കരുത്. ചരിത്രപരമായ ദൈവികവെളിപാട് ലഭിച്ചുവെന്നഭിമാനിക്കുന്ന യഹൂദരുടെയും ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയുമിടയിലുമുണ്ട് ദൈവത്തെപ്പറ്റി വികലമായ ധാരണകള്‍ സൂക്ഷിക്കുന്നവര്‍. ബൈബിള്‍ ദൈവത്തെപ്പറ്റി നല്‍കുന്ന ചില ചിത്രീകരണങ്ങളാണ് അവിടത്തെ തെറ്റിദ്ധരിക്കുവാന്‍ പലര്‍ക്കും പ്രേരണയാകുന്നത്. മനുഷ്യന്‍റെ തന്നെ ഭാവനകളും ചിന്താരീതികളുമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്ന സത്യം പലരും മറന്നുകളുയുന്നു. ദൈവത്തെ കോപിഷ്ഠനായ വിധിയാളനും ക്രൂരനായ ശിക്ഷകനുമായി ചിത്രീകരിക്കുന്ന ഭാഗങ്ങള്‍ ബൈബിളില്‍  കാണുന്നുണ്ടെന്നത് ശരിതന്നെ. മനുഷ്യന്‍റെ സ്വാര്‍ത്ഥതയും അനീതിയും ക്രൂരതയുമെല്ലാം അവരുടെ തന്നെ വലിയ ദുരന്തം വരുത്തുമെന്ന വിശുദ്ധ ഗ്രന്ഥകാരന്‍റെ ഉറച്ച ബോധ്യത്തെ ഊന്നിപ്പറയുകയാണ് അദ്ദേഹം ചെയ്യുന്നത്. ബൈബിള്‍ ദൈവവചനമാണ്, അതേസമയം അതു മനുഷ്യവചനവുമാണ്. ഓരോ കാലത്തുമുള്ള മനുഷ്യരുടെ ബുദ്ധിപരവും ശാസ്ത്രീയവും സാംസ്കാരികവും സാന്മാര്‍ഗികവുമായ വളര്‍ച്ചയെ ആശ്രയിച്ചിരിക്കും ദൈവവചനം അവര്‍ മനസ്സിലാക്കുകയും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്ന രീതി. മനുഷ്യന്‍റെ പരിമിതികള്‍ക്കു വിധേയനായി, അവന്‍റെ ഭാഷാശൈലിയിലും ഭാവനകളിലും സങ്കല്പങ്ങളിലും കൂടി സ്വയം വെളിപ്പെടുത്തുവാന്‍ ദൈവം തിരുമനസ്സായതുകൊണ്ട്. അവന്‍റെ പരിമിതികളും വൈകല്യങ്ങളും ഈ വെളിപാടുകളില്‍ പ്രതിഫലിക്കുന്നുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ലല്ലോ. അങ്ങനെയാണ് ശത്രുക്കളെ വെറുക്കുകയും പ്രതികാരബുദ്ധിയോടെ അവരോടു പെരുമാറുകയും ചെയ്യുന്ന മനുഷ്യന്‍റെ വെറും മാനുഷികവും ചിലപ്പോള്‍ അധാര്‍മ്മികവുമായ ചിന്തകളും പ്രവര്‍ത്തനശൈലികളും ദൈവത്തില്‍ ആരോപിക്കുകയും അവിടുത്തെ ആജ്ഞകളും പ്രവൃത്തികളുമായി തെറ്റിദ്ധരിച്ച് ബൈബിളില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. അതുപോലെതന്നെ, പാപികള്‍ക്കും ശത്രുക്കള്‍ക്കുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും മറ്റുള്ളവരില്‍നിന്നു നേരിടുന്ന വിപത്തുകളുമെല്ലാം ദൈവത്തിന്‍റെ ശിക്ഷയായിട്ടാണ് വിശുദ്ധ ഗ്രന്ഥകര്‍ത്താക്കള്‍ കാണുന്നത്. ഇതെല്ലാം വേണ്ടവിധം മനസ്സിലാക്കാതെ ദൈവത്തെപ്പറ്റി ധാരാളം തെറ്റിദ്ധാരണകള്‍ ഭക്തജനങ്ങള്‍പോലും കൊണ്ടുനടക്കാറുണ്ട്.

മാനദണ്ഡം മനുഷ്യാവതാരം ചെയ്ത ദൈവവചനം

ദൈവത്തെ അറിയുവാന്‍ നാം ആശ്രയിക്കേണ്ടത് ആത്യന്തികമായി ബൈബിളിനെ അഥവാ ദൈവവചനത്തെയാണ്. എന്നാല്‍, ദൈവവചനത്തെ ശരിയായി മനസ്സിലാക്കുവാനുള്ള മാനദണ്ഡം മനുഷ്യാവതാരം ചെയ്ത ദൈവവചനമാണ്. ക്രിസ്തുവാണ് നമ്മുടെ ഏകഗുരുവെന്നത്രേ ദൈവവചനം തന്നെ പറയുന്നത്(മത്താ. 23: 10). വീണ്ടും തിരുവചനത്തില്‍ നാം വായിക്കുന്നു; "നിയമം മോശവഴി നല്‍കപ്പെട്ടു. കൃപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്(യോഹ. 1: 17-18). യേശുനാഥന്‍റെ വചനത്തിലും ജീവിതത്തിലുമാണ് യഥാര്‍ത്ഥ ദൈവത്തെ നാം കണ്ടുമുട്ടുക.

സ്നാപകയോഹന്നാന്‍റെ ദൈവസങ്കല്പം

യേശു വെളിപ്പെടുത്തിയ ദൈവത്തെ അറിയുന്നതിന്, ഒന്നാമതായി സ്നാപകനായോഹന്നാന്‍റെയും യേശുവിന്‍റെയും ദൈവസങ്കല്പത്തെ താരതമ്യപ്പെടുത്തി നോക്കുന്നതു പ്രയോജനകരമായിരിക്കും. മൂന്നു സമാന്തരസുവിശേഷകന്മാരും അനുതാപത്തിന്‍റെ ജ്ഞാനസ്നാനം നല്‍കിക്കൊണ്ട് പ്രത്യക്ഷപ്പെട്ട സ്നാപകയോഹന്നാന്‍റെ പ്രസംഗത്തിന്‍റെ രത്നച്ചുരുക്കം നമുക്കു നല്‍കുന്നുണ്ട്. ദൈവത്തിന്‍റെ ക്രോധവും പാപത്തിനുള്ള ഭയാനകമായ ശിക്ഷയും ആസന്നമായിരിക്കുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലി വെച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയും. തനിക്കു പിന്നാലെ വരുന്നവന്‍ കൈയില്‍ വീശുമുറവുമായിട്ടാണു വരിക. അവന്‍ കളം വെടിപ്പാക്കി ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കും. പതിരു കെടാത്തതീയില്‍ കത്തിച്ചു കളയും. മാനസാന്തരത്തിനുള്ള അവസാനത്തെ അവസരമാണിത്. ഈ ഭയാനകമായ ശിക്ഷയില്‍ നിന്നു രക്ഷപെടാനാണ് യോഹന്നാന്‍ മനുഷ്യരെ അനുതാപത്തിലേക്കു ക്ഷണിക്കുന്നത്. പഴയ നിയമത്തില്‍ ഇതുപോലെതന്നെ ഭയാനകമായ ദൈവശിക്ഷയെപ്പറ്റിയും അനുതാപത്തെപ്പറ്റിയും പ്രസംഗിച്ചിരുന്നു.

യേശുവിന്‍റെ പ്രസംഗത്തിന്‍റെ വ്യത്യസ്തത

എന്നാല്‍, യേശുവിന്‍റെ പ്രസംഗം തികച്ചും വ്യത്യസ്തമാണ്. "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ 1:15). ഭയാനകമായ ദൈവശിക്ഷയല്ല, സമാഗതമായിരിക്കുന്ന ദൈവരാജ്യത്തിന്‍റെ സുവിശേഷം -സദ്വാര്‍ത്ത - ആണ് യേശു പ്രസംഗിക്കുന്നത്. വ്യവസ്ഥയില്ലാത്ത സ്നേഹവും നിരുപാധികമായ മാപ്പുമായി ദൈവം യേശുവില്‍ നമുക്ക് സമീപസ്ഥനായിരിക്കുന്നു എന്നതുതന്നെയാണ് ദൈവരാജ്യത്തിന്‍റെ സുവിശേഷം. ഈ സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് പഴയ പാപകരമായ ജീവിതത്തോടു വിട പറയുക - അതുതന്നെയാണ് അനുതാപവും വിശ്വാസവും. ഈ വിടപറയല്‍ അഥവാ അനുതാപം ദൈവം സ്നേഹിക്കുന്നതിനും മാപ്പുതരുന്നതിനുമുള്ള വ്യവസ്ഥയല്ല. പ്രത്യുത അതിന്‍റെ അനന്തരഫലം ആണ്.  മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ദൈവം സ്നേഹിക്കുന്നതും മാപ്പുതരുന്നതും നമ്മുടെ അനുതാപത്തിന്‍റെയോ പരിഹാരപ്രവൃത്തികളുടെയോ ഫലമായിട്ടല്ല. പ്രത്യുത അവിടുന്ന് അനന്തനന്മയും സ്നേഹവുമായതുകൊണ്ടാണ്.

സിനഗോഗിലെ പ്രസംഗം

മനുഷ്യരുടെ നേര്‍ക്കുള്ള ദൈവത്തിന്‍റെ ഈ അനന്തനന്മയും സ്നേഹവും എപ്രകാരമാണ് യേശുവിലൂടെ പ്രകാശിതമാകുന്നതെന്നു വി. ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. യോഹന്നാനില്‍ നിന്നു സ്വീകരിച്ച ജ്ഞാനസ്നാനവും മരുഭൂമിയിലെ പ്രലോഭനവും കഴിഞ്ഞ് യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു. വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകം അവര്‍ അവനു നല്‍കി. പുസ്തകം തുറന്ന് യേശു വായിച്ചു. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ച് ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവന്‍ ഇരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു." ദൈവം യേശുവിനെ ആത്മാവിനാല്‍ അഭിഷേകം ചെയ്ത് ലോകത്തിലേക്ക് അയച്ചിരിക്കുന്നത് ദരിദ്രര്‍ക്കു സദ്വാര്‍ത്ത അറിയിക്കാനാണ്. ബന്ധിതര്‍ക്കു മോചനം നല്‍കാനാണ്, അന്ധര്‍ക്കു കാഴ്ച കൊടുക്കാനാണ്, അടിച്ചമര്‍ത്തപ്പെട്ടവരെ സ്വതന്ത്രരാക്കാനാണ്. എന്നു വേണ്ടാ, ചൂഷിതരും മര്‍ദ്ദിതരും പീഡിതരുമായവരെയെല്ലാം ഉദ്ധരിക്കാനാണ്. എല്ലാ മനുഷ്യരും വിശിഷ്യ ഏതെങ്കിലും തരത്തില്‍ വേദനയോ കഷ്ടപ്പാടോ അനുഭവിക്കുന്നവരെല്ലാം ദൈവത്തിന്‍റെ സ്നേഹഭാജനങ്ങളാണ്. അവരെ സമഗ്രമായ മോചനത്തിലേക്കും സര്‍വ്വതോന്മുഖമായ സൗഭാഗ്യത്തിലേക്കും ആനയിക്കുന്നതിനാണ് യേശുവിനെ അവിടുന്ന് അയച്ചിരിക്കുന്നത്. കാരണം ദൈവം സ്നേഹമാണ്, കാരുണ്യമാണ്, വേദനിക്കുന്നവരോടുകൂടെ വേദനിക്കുന്നവനാണ്. ഇതാണ് ദൈവത്തെപ്പറ്റി യേശു വരച്ചുകാട്ടുന്ന ചിത്രം.

ഏശയ്യായുടെ പുസ്തകത്തില്‍നിന്നു വിട്ടുകളഞ്ഞ ഭാഗം

എന്നാല്‍, ഏശയ്യായുടെ പുസ്തകത്തില്‍ യേശു വായിച്ച ഭാഗം മാത്രമല്ല ദൈവത്തെ വെളിപ്പെടുത്തുന്നത്. വായിക്കാതെ അവിടുന്നു വിട്ടുകളഞ്ഞ ഭാഗവും വളരെ വാചാലമായി ദൈവത്തിന്‍റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. ഏശയ്യാ 61: 1-2ല്‍ നിന്നാണ് അവിടുന്നു വായിച്ചത്. എന്നാല്‍ 61: 2 ലെ 'നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിനവും പ്രഘോഷിക്കാന്‍' എന്ന ഭാഗം യേശു വിട്ടുകളയുന്നു. ഇതാണ് സിനഗോഗിലുണ്ടായിരുന്ന യഹൂദപ്രമാണികളെ കോപാകുലരാക്കിയത്. അവരെ സംബന്ധിച്ചിടത്തോളം നിയമലംഘകരും പാപികളുമെല്ലാം ഭയാനകമായ ശിക്ഷ അര്‍ഹിക്കുന്നവരാണ്. അവര്‍ ദൈവത്തിന്‍റെയും മനുഷ്യരുടെയും ശത്രുക്കളാണ്. നശിപ്പിക്കപ്പെടേണ്ടവരാണ്. യേശുവിനാകട്ടെ അവര്‍ രോഗികളാണ്. കാരുണ്യമര്‍ഹിക്കുന്നവരാണ്. ദൈവത്തിന്‍റെ മക്കളാണ്. നീതിമാന്മാരെക്കാള്‍ ഈ പാപികളെ തേടിയാണ് യേശു ലോകത്തിലേക്കു വന്നത്. അനന്തമായ സ്നേഹവായ്പാണ് ദൈവത്തിന് അവരുടെ നേര്‍ക്കുള്ളത്. അവരാരും നശിച്ചുപോകാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല.

ദൈവസ്നേഹത്തിന്‍റെ കരളലിയിപ്പിക്കുന്ന ഉപമകള്‍

പാപികളോടുള്ള ദൈവത്തിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹത്തിന്‍റെയും അതിരറ്റ കാരുണ്യത്തിന്‍റെയും കരളലിയിപ്പിക്കുന്ന ചിത്രമാണ് കാണാതായ ആടിന്‍റെയും ധൂര്‍ത്തപുത്രന്‍റെയും ഉപമകളിലൂടെ യേശു വരച്ചുകാട്ടുന്നത്. കാണാതായ ഒരാടിനെത്തേടി മറ്റു തൊണ്ണൂറ്റിയൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, ഹൃദയവ്യഥയോടെ തേടി അലഞ്ഞ് അവസാനം കണ്ടെത്തുമ്പോള്‍ അതിനെ വാത്സല്യത്തോടെ വാരിപ്പുണര്‍ന്നു തോളിലേറ്റി വീട്ടിലെത്തുമ്പോള്‍ കൂട്ടുകാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി സന്തോഷിക്കുന്ന   ആട്ടിടയനെപ്പോലെ, പാപിയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന ദൈവം നഷ്ടപ്പെട്ട ഒരു നാണയത്തിനുവേണ്ടി വിളക്കുകൊളുത്തി വീട് അടിച്ചുവാരി അതു കണ്ടുകിട്ടുവോളം അത്യദ്ധ്വാനം ചെയ്യുകയും കണ്ടുകിട്ടിയാലുടനെ കൂട്ടുകാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി സന്തോഷിക്കുന്ന സ്ത്രീയെപ്പോലെ, പാപിയുടെ മനസാന്തരത്തില്‍ ആനന്ദപുളകിതനാകുന്ന ദൈവം, ധൂര്‍ത്തപുത്രന്‍റെ തിരിച്ചുവരവിനായി കരളുരുകി കാത്തിരുന്ന്, അവസാനം അവന്‍ വരുന്നത് ദൂരെനിന്നുതന്നെ കണ്ട് മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ദൈവം - അതാണ് യേശുനാഥന്‍ വരച്ചുകാട്ടുന്ന ദൈവത്തിന്‍റെ ചിത്രം. ദൈവം വ്യവസ്ഥയില്ലാതെ സ്നേഹിക്കുകയും നിരുപാധികം ക്ഷമിക്കുകയും ചെയ്യുന്നതുകൊണ്ട് യേശുവും നിയമത്തിന്‍റെ വിലക്കുകളെ അവഗണിച്ച് പാപികളോടും ചുങ്കക്കാരോടും വേശ്യകളോടുമൊപ്പം പന്തിഭോജനം നടത്തുന്നു. അവരോടു സഹവസിക്കുന്നു. ദൈവരാജ്യത്തിന്‍റെ കൂട്ടായ്മയിലേക്ക് അവരെ സ്വീകരിക്കുന്നു. പാപികളുടെയും ചുങ്കക്കാരുടെയും സ്നേഹിതന്‍ എന്ന പരിഹാസപ്പേര് അവര്‍ അവനു നല്‍കിയത് അതുകൊണ്ടാണ്. അങ്ങനെ വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്തികളിലൂടെയും സ്നേഹസ്വരൂപനും കരുണാമയനുമായ ഒരു ദൈവത്തെയാണ് യേശു വെളിപ്പെടുത്തുന്നത്.
ദൈവം ആബ്ബാ - പിതാവ്
 യേശുവിനും ദൈവം ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും നിയന്താവും പരിപാലകനും സര്‍വ്വശക്തനും അനന്തജ്ഞാനിയുമെല്ലാമാണെങ്കിലും അതിനെല്ലാമുപരി ദൈവത്തെ യേശു കാണുന്നത് മനുഷ്യരുടെ പിതാവായിട്ടാണ്. യേശുവിനു മുന്‍പ് ചില പ്രവാചകന്മാരും അതുപോലെതന്നെ യഹൂദ റബ്ബിമാരും ചുരുക്കം ചില അവസരങ്ങളില്‍ ദൈവത്തെ പിതാവായി സങ്കല്പിച്ചിട്ടുണ്ടെന്നതു ശരിതന്നെ. എങ്കിലും യേശുവിനെപ്പോലെ മറ്റാരും ദൈവമനുഷ്യബന്ധത്തെ ഇത്ര ശക്തമായും സാമാന്യമായും പിതൃപുത്രബന്ധമായി ചിത്രീകരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഇവിടെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന മറ്റൊരു കാര്യമുണ്ട്: യേശു ദൈവത്തെ പിതാവായി കാണുക മാത്രമല്ല ചെയ്തത്. പിതാവ് എന്ന വാക്കല്ല അവിടുന്ന് ഉപയോഗിക്കുന്നത്. പിന്നെയോ ആബ്ബാ എന്ന വാക്കാണ്. കുഞ്ഞുകുട്ടികള്‍ സ്നേഹത്തോടെ അപ്പനെ വിളിക്കുന്ന വാക്കാണിത്. അതുകൊണ്ടാണ് അറമായ ഭാഷയില്‍ത്തന്നെ അതിന്‍റെ തര്‍ജ്ജമയോടുകൂടി പുതിയ നിയമം ഈ പദം നിലനിര്‍ത്തിയിരിക്കുന്നത്. മര്‍ക്കോസിന്‍റെ സുവിശേഷത്തിലും (മര്‍ക്കോ 14: 36) പൗലോസിന്‍റെ റോമാക്കാര്‍ക്കുള്ള ലേഖനത്തിലും മാത്രമേ അറമായ മൂലവും തര്‍ജ്ജിമയും കാണുന്നുള്ളുവെങ്കിലും 176 പ്രാവശ്യമെങ്കിലും ആബ്ബാ എന്ന വാക്കാണ് ഉപയോഗിച്ചതെന്നാണ് ബൈബിള്‍ പണ്ഡിതനായ ജോവാക്കീം ജെറെമിയാസ് പറയുന്നത്.
യേശുവും പിതാവും തമ്മിലുള്ള ഈ അവഗാഢവും ആന്തരികവും സ്നേഹോഷ്മളവുമായ ബന്ധത്തില്‍ ഉള്‍ച്ചേര്‍ന്ന് നമുക്കും ദൈവത്തെ ആബ്ബാ, പിതാവേ, എന്നു വിളിക്കാനും ദൈവത്തിന്‍റെ മക്കളും യേശുവിന്‍റെ കൂട്ടവകാശികളും ആകുവാനുള്ള മഹാഭാഗ്യമാണ് തന്‍റെ പീഡാനുഭവവും മരണവും ഉയിര്‍പ്പുവഴി യേശു നമുക്കു നേടിത്തന്നിരിക്കുന്നത്. പിതാവുമായുള്ള ഈ പുതിയ ബന്ധത്തെ പൗലോസ് ശ്ലീഹാ വിവരിക്കുന്നത് ഇപ്രകാരമാണ്: "നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, മറിച്ച് പുത്രസ്വീകാരത്തിന്‍റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം ആബ്ബാ - പിതാവേ എന്നു വിളിക്കുന്നത്. നാം ദൈവത്തിന്‍റെ മക്കളാണെന്ന് ഈ ആത്മാവ് നമ്മുടെ ആത്മാവിനോടു ചേര്‍ന്ന് സാക്ഷ്യം നല്‍കുന്നു. നാം മക്കളെങ്കില്‍ അവകാശികളുമാണ്. ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്‍റെ കൂട്ടവകാശികളും. (റോമ 8: 15-17). ഇതു തന്നെ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലും പൗലോസ് ആവര്‍ത്തിക്കുന്നു. "നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ- പിതാവേ എന്നു വിളിക്കുന്ന തന്‍റെ പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാല്‍, നീ ഇതിന്മേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്, പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച അവകാശിയുമാണ്." (ഗലാ. 4:6-7). അങ്ങനെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം അടിമത്തത്തിന്‍റെയോ ഭയത്തിന്‍റെയോ അല്ല. കാരണം ദൈവം കോപിഷ്ഠനായ വിധിയാളനോ ക്രൂരനായ ശക്ഷകനോ അല്ല. പ്രത്യുത വ്യവസ്ഥയില്ലാതെ സ്നേഹിക്കുകയും നിരുപാധികം ക്ഷമിക്കുകയും ചെയ്യുന്ന നമ്മുടെ ആബ്ബാ - പിതാവാണ്. അതുപോലെ തന്നെ നാം അവിടുത്തെ വത്സലമക്കളും പരസ്പരം സഹോദരങ്ങളുമാണ്. അതാണ് യേശു നമുക്കു വെളിപ്പെടുത്തിയിട്ടുള്ള ദൈവത്തിന്‍റെ ചിത്രം.   

You can share this post!

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

പരിശുദ്ധത്രിത്വവും തിരുസഭയും

ജീവൻ
Related Posts