news-details
മറ്റുലേഖനങ്ങൾ

കുടുംബത്തിനൊരു സ്ത്രീവീക്ഷണം

മതമാണ് കുടുംബത്തിന്‍റെ സ്രഷ്ടാവ്. മതത്തിന്‍റെ അധികാരത്തിന്‍ കീഴില്‍, മതംതന്നെ മുന്‍കൈയെടുത്ത് കുടുംബത്തെ രൂപപ്പെടുത്തുന്നു. കാലാകാലങ്ങളായുള്ള ചരിത്രഗതിയില്‍ പല കുടുംബമാതൃകകള്‍ നാം കാണുന്നുണ്ട്. ചിലതു തകരുകയോ, പുതിയവ രൂപപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ അടിസ്ഥാനകാരണം സാമ്പത്തികമാറ്റമാണ്. ഫ്യൂഡല്‍ കാലഘട്ടത്തിലെ ഫ്യൂഡല്‍ കുടുംബങ്ങള്‍ തകര്‍ന്നതും മുതലാളിത്ത കുടുംബവ്യവസ്ഥിതി ഉടലെടുത്തതും ദൃഷ്ടാന്തമാണ്. നമ്മുടെയിടയില്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴികൊടുത്തത് ഇപ്രകാരമാണ്. ഇന്ന് നാം അഭിമുഖീകരിക്കുന്ന അപചയങ്ങളായ, മതവിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത ഒരേ വര്‍ഗ്ഗവ്യക്തികള്‍ തമ്മിലുള്ള കുടുംബങ്ങള്‍, പുരുഷന്മാര്‍ക്കു നിയന്ത്രണമുള്ള കുടുംബങ്ങള്‍, ഒറ്റയാള്‍ കുടുംബങ്ങള്‍, പിന്നെ  കമ്യൂണുകള്‍ ഇങ്ങനെ പലതും ആളുകള്‍ പരീക്ഷിക്കുന്നു.

കുടുംബത്തെ സൃഷ്ടിക്കുന്നത് രണ്ടു വ്യക്തികളുടെ കൂടിച്ചേരലിലൂടെയാണെങ്കിലും വ്യക്തികള്‍ക്ക് ഇതില്‍ വലിയ പങ്കൊന്നുമില്ല. സ്വത്ത്, തറവാട്, ജാതി, പൊരുത്തം തുടങ്ങിയവ ഒത്തുവന്നാല്‍ വ്യക്തിയുടെ താല്പര്യം അപ്രസക്തമായി. ഇവിടെ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമായി. ഇതു തികച്ചും അപ്രസക്തമാണെന്നു വിവക്ഷയില്ല. രണ്ടു വ്യക്തികള്‍ക്ക് ആശയപരമായി പരസ്പരം ബഹുമാനിച്ചും പൊരുത്തുപ്പെട്ടും മാതൃകാപരമായി ജീവിക്കാനുതകുന്നതാകണം കുടുംബം. കാരണം ലൈംഗികത മാത്രമല്ല, കുടുംബം. രണ്ടു വ്യക്തികളുടെ പൊരുത്തങ്ങളെ നോക്കാതെ ജീവിതമാരംഭിച്ചവര്‍ നിലനിന്നു പോകുന്നതു കര്‍ശനമായ നിയമത്തിന്‍റെ വലയത്തിലായതിനാലാണ്. ഭര്‍ത്താവിന് വിധേയയാകേണ്ടവളാണ് താനെന്ന് വിശ്വസിക്കുന്ന ഭാര്യയും തന്നെപ്പോലെതന്നെ ഭാര്യയെ സ്നേഹിക്കണമെന്ന് വിശ്വസിക്കുന്ന ഭര്‍ത്താവും നിയമത്തിന്‍ കീഴിലാണ് കുടുംബത്തെ നിലനിര്‍ത്തുക. ഇത്തരം കുടുംബമാതൃകകളെ പിടിച്ചുനിര്‍ത്തുവാന്‍ വിധിക്കപ്പെട്ട സ്ത്രീകളുടെ അദ്ധ്വാനം സമൂഹത്തിനുവേണ്ടിയും അതിന്‍റെ ആദ്ധ്യാത്മികതയ്ക്കും ക്രിയാത്മകമായി ഉപയോഗിക്കാന്‍ സാധ്യമാകാതെ വരുന്നു. സ്ത്രീയുടെ ധനശേഷിയില്ലായ്മ, സ്ത്രീ-പുരുഷബന്ധത്തിലെ ലിംഗപദവിയുമൊക്കെ ഇതിനു കാരണമാകുന്നു. ക്രമേണ പ്രശ്നപരിഹാരത്തിന്‍റെ സ്ഥാപനമായി കുടുംബത്തെ ചുരുക്കുന്നു.

സര്‍ഗ്ഗാത്മകമായ ലോകത്തെ സൃഷ്ടിക്കാന്‍ ഒരഴിച്ചുപണി അനിവാര്യമാണ്. കുടുംബത്തെ തകര്‍ക്കണമെന്ന മൗലിക സ്ത്രീവാദികളുടെ കാഴ്ചപ്പാടല്ലിത്. കൂട്ടായ്മയുടെ ഏറ്റവും ലളിതവും ഹൃദ്യവുമായ ഘടനയാണ് കുടുംബം. എന്‍റെ സ്വന്തമെന്ന് ആത്മബോധത്തില്‍ നിറഞ്ഞ തീവ്രമായ പങ്കുവയ്ക്കലിന്‍റെ വേദിയാണിത്. അതുകൊണ്ട് കുടുംബത്തെ തകര്‍ക്കണമെന്നല്ല, നിലനില്‍ക്കുന്ന കുടുംബത്തിന്‍റെ പോരായ്മകളെ പരിഹരിക്കാന്‍ തയ്യാറാകണമെന്നാണ് ഞാന്‍ പറയുക.
വ്യക്തികളുടെ സ്വാതന്ത്ര്യം മതപരമാണെങ്കില്‍പോലും, പരമപ്രധാനമാണ്. ഒരു വ്യക്തിക്ക് മറ്റൊരു മതത്തിലെ വ്യക്തിയുടെകൂടെ സുഗമമായി ജീവിക്കാനാകുമെങ്കില്‍ അത്തരം കുടുംബങ്ങള്‍  ഉണ്ടാകുന്നതില്‍ തകരാറില്ല. ഇത്തരം കുടുംബസൃഷ്ടിയില്‍ രണ്ടുപേര്‍ക്കും വ്യക്തമായ ധാരണ ആവശ്യമാണ്. രണ്ടു വ്യക്തികള്‍ക്ക് സര്‍ഗ്ഗാത്മകമായി ജീവിക്കാനാകുന്ന ആരോഗ്യപരവും ദീര്‍കാലാടിസ്ഥാനത്തിലുള്ളതുമായ താല്പര്യങ്ങള്‍ക്കാണ് മതേതരമായ കുടുംബസൃഷ്ടിയില്‍ പ്രാധാന്യം നല്കേണ്ടതുണ്ട്. എത്ര കുടുംബങ്ങളില്‍ ശരിയായ യോജിപ്പുള്ള ദാമ്പത്യം നിലനില്‍ക്കുന്നുവെന്നതു ചിന്തിക്കണ്ട വസ്തുതയാണ്. സുഗമമായി പോകുന്നുവെന്നു കരുതുന്ന കുടുംബങ്ങളില്‍ ഒരാള്‍ സര്‍ഗ്ഗാത്മകതയറിയാതെ അജ്ഞതയിലായിരിക്കും. ഇതില്‍ ഏറിയ പങ്കും സ്ത്രീകളാണ്. ഇവര്‍ക്ക് ത്യാഗവും സഹനവുമാണിതൊക്കെ. ഇത്തരം ആദര്‍ശങ്ങളില്‍നിന്ന് അവകാശങ്ങളിലേക്ക് സ്ത്രീകള്‍ പ്രവേശിച്ചാല്‍, ചോദ്യങ്ങള്‍ ചോദിച്ചാല്‍ കുടുംബസമാധാനം തകര്‍ക്കപ്പെടും. നിശ്ശബ്ദരാക്കപ്പെട്ടവരുടെ ചെലവിലാണ് കുടുംബസമാധാനം നിലനില്‍ക്കുന്നത്. ഇങ്ങനെ തകര്‍ക്കപ്പെടേണ്ട ഒന്നല്ല കുടുംബം. സമൂഹഭദ്രതയുടെ അടിസ്ഥാനശിലയാണിത്, തന്മൂലം കുടുംബം ഭദ്രമാകേണ്ടതുണ്ട്.

എന്‍റെ എഴുത്തുകളില്‍ സ്ത്രീക്കും പുരുഷനും തുല്യതയുള്ള സര്‍ഗ്ഗാത്മകമായ ലോകത്തെയാണ് ഉന്നംവയ്ക്കുക. സമ്പൂര്‍ണ്ണ വ്യക്തിസ്വാതന്ത്ര്യത്തിന് കുടുംബഘടനയുടെ പൊളിച്ചെഴുത്താവശ്യമാണ്. വീടുകളില്‍ കുട്ടികള്‍ അവരുടെ രീതിയില്‍ സര്‍ഗ്ഗാത്മകത കാട്ടുമ്പോള്‍ നമുക്കത് ബാലചാപല്യങ്ങളാണ്. കുട്ടികളുടെമേല്‍ ഭയങ്കര സമ്മര്‍ദ്ദം അടിച്ചേല്പിക്കുന്ന മാതാപിതാക്കള്‍, അവരെ വ്യക്തികളായി അംഗീകരിക്കുന്ന കുടുംബഘടന സ്ഥാപിക്കപ്പെടണം. സ്ത്രീകളെ വ്യക്തികളായി അംഗീകരിക്കുന്ന കുടുംബഘടന സ്ഥാപിക്കപ്പെടണം. കുടുംബനാഥന്‍ എന്ന് ഒരാള്‍ വിശേഷിപ്പിക്കപ്പെടരുത്. ഒരു പോലീസുകാരനെപ്പോലെ മറ്റുള്ളവരെ ഭരിക്കുന്ന രീതി പൊളിഞ്ഞു പോകണം. അതോടൊപ്പം സ്ത്രീയുടെ ഇന്നത്തെ റോളും പൊളിഞ്ഞുപോകണം. സമൂഹത്തില്‍ ഇതു കാണാനാകാത്തതിനാലാണ് എന്‍റെ കഥകളില്‍ ഈയൊരവസ്ഥ സങ്കല്പിക്കപ്പെടുന്നത്.

ഇത്തരം പശ്ചാത്തലത്തില്‍ ക്രൈസ്തവകുടുംബങ്ങളെ അപഗ്രഥിച്ചാല്‍ അവ മറ്റു സമുദായങ്ങളിലെ കുടുംബങ്ങളെക്കാള്‍ മെച്ചമാണെന്ന പക്ഷം എനിക്കില്ല. മതത്തിന്‍റെ കര്‍ശന നിയമത്തിന്‍റെ കൂട്ടില്‍ തകരാതെ അവ പിടിച്ചുനില്ക്കുന്നു. "ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"  എന്ന വിശ്വാസത്തെ ശൈശവത്തിലെ ഫീഡ് ചെയ്യുന്നു. ഇതിന്‍റെ പേരില്‍ നരകയാതന അനുഭവിക്കുന്ന കുടുംബങ്ങളെ അവ കുടുംബമാണോയെന്ന് സഭ ആഴത്തില്‍ പരിശോധിക്കണം. ശബ്ദമില്ലാതെ അസ്തമിച്ചുപോകുന്ന സ്ത്രീജീവിതങ്ങളുണ്ടിവിടെ. അധിനിവേശ സംസ്കാരത്തിന്‍റെയും ആര്യഅധിനിവേശത്തിന്‍റെയും പ്രത്യാഘാതങ്ങളാണിവ. ഇസ്ലാംമതത്തില്‍ പുരുഷന്‍ പരമാവധി ലൈംഗിക സ്വാതന്ത്ര്യം എടുത്ത് സ്ത്രീയെ ഒതുക്കുന്ന കുടുംബഘടനയാണുള്ളത്. ഹൈന്ദവരുടെയിടയിലെ സ്ത്രീക്കുള്ള സ്വയം നിര്‍ണ്ണയാവകാശത്തെ (നായര്‍സമൂഹം) സദാചാരവിരുദ്ധമായി കൊളോണിയല്‍ സംസ്കാരം പഠിപ്പിച്ചു. കേരളത്തിലെ കുടുംബങ്ങള്‍ യാതനയുടെ മുകളിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും കുടുംബസമാധാനത്തെ നിലനിര്‍ത്തുന്നതും. വേദന വിശ്വാസത്തിലൊതുക്കി ആദ്ധ്യാത്മികതയായി നല്കപ്പെടുകയാണിവിടെ.

പെണ്‍കുഞ്ഞ് ജനിക്കുന്നത് നഷ്ടമായി കാണുന്ന സംസ്കാരമിവിടെ വളരുകയാണ്. സ്ത്രീജന്മം ഇവിടെ ആഘോഷമല്ല. വളരുംതോറും അവള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. കല്യാണത്തിനുവേണ്ടി വളര്‍ത്തപ്പെടുകയാണിവിടെ പെണ്ണ്. "നീ ഈ വീട്ടിലെ അല്ല", "ഈ വീട് നിന്‍റേതല്ല" എന്ന ബോദ്ധ്യമാണ് ഓര്‍മ്മവയ്ക്കുന്ന നാള്‍ മുതലവള്‍ക്കു നല്കപ്പെടുക. മറ്റൊരു വീട്ടിലേക്ക് പോകേണ്ടവളായി അവള്‍ തിരിച്ചുനിര്‍ത്തപ്പെടുന്നു, നിശ്ശബ്ദയാക്കപ്പെടുന്നു. കുടുംബത്തിലെ സ്ത്രീയുടെ സ്ഥാനം, അവളുടെ സമൂഹത്തിലെ സ്ഥാനം തന്നെയാണ്. സ്ത്രീയും പുരുഷനും തോളോടു തോള്‍ ചേര്‍ന്ന് കൊണ്ടുപോകേണ്ട ഒരു  സാമൂഹികമാറ്റത്തിന്‍റെ പരിശ്രമത്തില്‍ സ്ത്രീയെ ഒഴിവാക്കി, വെറും വൈകാരിക ബോംബാക്കി പുരുഷാധിപത്യത്തിലേക്ക് പോകാനാണ് നമ്മുടെ നാട്ടില്‍ വിപ്ലവകാരികള്‍പോലും ശ്രമിക്കുന്നത്.

ഒരു വിദൂരസാധ്യതയാണെങ്കിലും സ്ത്രീയെ ശക്തിയാക്കാന്‍ മതത്തിന് സ്ത്രീവീക്ഷണമാവശ്യമാണ്. ദൈവങ്ങളെ പുരുഷനായി കാണുകയും പരമ്പര മുഴുവനും പുരുഷന്മാരുടേതാകുമ്പോള്‍ അതിനെതിരെ വിമര്‍ശനമാവശ്യമാണ്.  മറിയത്തിന്‍റെ തിരഞ്ഞെടുപ്പായിരുന്നു അവളുടെ മാതൃത്വം. അത് ജോസഫിന്‍റെ മഹത്ത്വം കൂടിയാണ്. സ്ത്രീയുടെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞ് അവളുടെ വിധേയത്വത്തെ ഉദാത്തീകരിക്കുകയും അതിന് വിശുദ്ധിയുടെ പരിവേഷം നല്‍കുകയുമാണിവിടെ.

യേശു ആരോടൊപ്പം നടന്നു എന്നതാണ് എന്നെ ആകര്‍ഷിക്കുന്നത്. ദരിദ്രരും പാപികളും വേശ്യകളും സ്ത്രീകളുമൊപ്പം യേശു സ്വാതന്ത്ര്യത്തോടെ നടന്നു. പുറംജാതികളോടൊത്തു ഭക്ഷിച്ചു. ക്രിസ്തുവിന്‍റെ പ്രവൃത്തികളെ അത്ഭുതങ്ങളാക്കിയത് പള്ളി ചെയ്ത തെറ്റ്. ഒരു മനുഷ്യന് മജ്ജയും മാംസവും രക്തവും കൊണ്ട് ചെയ്യാനാകാത്ത പ്രവൃത്തികളായി അവയെ മാറ്റി. അഞ്ചപ്പം അയ്യായിരം പേര്‍ക്ക് പങ്കുവയ്ക്കുന്നതിലൂടെ പങ്കുവയ്ക്കലിന്‍റെ മനോഭാവമാണ് ക്രിസ്തു പഠിപ്പിച്ചത്. സ്കൂളില്‍ കുഞ്ഞിനെ ചേര്‍ക്കാന്‍ അയ്യായിരം ആവശ്യപ്പെടുന്ന സ്ഥാപനങ്ങള്‍ ക്രിസ്തുവിന്‍റെ കൂടെയല്ല. ക്രിസ്തുവും മതവും ഇന്ന് വിഭിന്നമാണ്. ക്രിസ്തുവിന്‍റെ കൂടെപോയാല്‍ മതത്തിന്‍റെ കൂടെ നില്‍ക്കാനാവില്ല. ഞാന്‍ അറിയുന്ന ക്രിസ്തുവല്ല മതം കൊണ്ടുനടക്കുന്ന ക്രിസ്തു. ക്രിസ്തുവിനോടൊപ്പം നില്ക്കുമ്പോള്‍, ക്രിസ്തുവിനെ അറിയുമ്പോള്‍ ചിലപ്പോള്‍ മതത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടതായി വരും. മറിച്ചാകുമ്പോള്‍ വിശ്വാസം സ്റ്റാറ്റസിന്‍റെ ഭാഗമായി അധഃപതിക്കുകയും ചെയ്യും. 

You can share this post!

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

നമ്മുടെ ദൈവസങ്കല്പം

ജീവൻ
Related Posts