news-details
മറ്റുലേഖനങ്ങൾ

പ്രതികരണം

എം. എന്‍. വിജയന്‍ മാഷ് ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്. "കാലാവസ്ഥയോട് ഓരോ ശരീരവും ഓരോ തരത്തില്‍ പ്രതികരിക്കുന്നതുപോലെ വസന്തകാലത്ത് ഹൃദയം നിറയെ ആഹ്ലാദം നിറയുന്നു എന്നു വര്‍ണ്ണിക്കുന്ന കവികളും അതേ വസന്തകാലത്ത് വായുവില്‍ പൂമ്പൊടിയുള്ളതുകൊണ്ട് നിരന്തരമായി തുമ്മാന്‍ ഇടയാകുന്നു എന്നു പറയുന്ന ആളുകളും ഉണ്ട്. കാലാവസ്ഥയെ ശരീരം നേരിടുന്നതുപോലെ ചരിത്രത്തിലെ കാലാവസ്ഥയെ വ്യക്തികള്‍ നേരിടുന്ന രീതിക്കും വ്യത്യാസമുണ്ടാകാം. ഒരേ കാലാവസ്ഥയെ ഇടപ്പള്ളി മൗനം കൊണ്ടും ചങ്ങമ്പുഴ വാചാലതകൊണ്ടുമാണ് നേരിട്ടത്. ഇത് ചരിത്രത്തോടുള്ള, സമൂഹത്തോടുള്ള, സംഭവങ്ങളോടുള്ള വ്യക്തിയുടെ പ്രതികരണങ്ങളുടെ സവിശേഷതയാണ്.'

അങ്ങനെയെങ്കില്‍ സമകാലിക കാലാവസ്ഥയോടുള്ള ക്രൈസ്തവ പ്രതികരണങ്ങള്‍ എത്രമേല്‍ സാധൂകരിക്കാത്തതാണ്?  നന്മയും പൂര്‍ണപ്രസാദവുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിഞ്ഞ് മനസ്സ് പുതുക്കാനും ചിന്തകളെ നവീകരിക്കാനുമാകാതെ 'ലോകാനുരൂപികളാവാന്‍' വല്ലാതെ തത്രപ്പെടുന്നവരാണ് നാം. സുഭാഷ് ചന്ദ്രന്‍ പറഞ്ഞമാതിരി, 'അഭയപ്പെടാന്‍ ഒരാദര്‍ശവും പ്രത്യയശാസ്ത്രവുമൊന്നും കാണുന്നില്ല. ഇണയായോ തുണയായോ ഗുരുവായോ അന്തസുള്ള ഒരാത്മാവിനെപ്പോലും ലഭിക്കാത്ത ഒരു കാലം' തന്നെയാണിത്. ഇത്തരമൊരു പരിസരത്തിലാണ് അസ്സീസിയിലെ ഫ്രാന്‍സിസ് സര്‍വ്വകാലികപ്രസക്തമായ ഒരു ബദല്‍  സാധ്യതയായി നിലകൊള്ളുക. ധര്‍മ്മസ്ഥാപനങ്ങള്‍ക്കുമപ്പുറത്തേയ്ക്ക് ധാര്‍മ്മികതയുടെ ഉന്നതനിലകള്‍ പടുത്തുയര്‍ത്തുന്നതില്‍ സഭ പരാജയപ്പെടുന്നുവോ എന്ന  സന്ദേഹങ്ങള്‍ക്കിടയിലാണ് ഫ്രാന്‍സിസിന്‍റെ ഓര്‍മ്മ കയറിവന്ന് നമ്മെ ആശ്വസിപ്പിക്കുക. അതിദുഷ്കരമായ ഏത് കാലാവസ്ഥയോടും ക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ പ്രതികരണം ഇങ്ങനെയായിരിക്കണമെന്ന ഒരേയൊരു ശാഠ്യം മാത്രമാണ് ഫ്രാന്‍സിസിനുള്ളത്. ഒരതിജീവനത്തിനുള്ള സാധ്യതയുടെ വാതിലാണ് ഈ ഓര്‍മ്മക്കാറ്റ് ഉള്ളടരുകളിലെവിടെയോ തള്ളിത്തുറക്കുക. ആകാശത്തോളമെത്തുന്ന ദേവാലയഗോപുരങ്ങളും താഴികക്കുടങ്ങളും പൊന്‍കുരിശുകളും കൊടിമരങ്ങളും ജൂബിലികളും വിളംബരജാഥകളും കൊണ്ട് 'ആഘോഷിച്ചു' പോന്ന ആത്മീയപാപ്പരത്തിന്‍റെ നേര്‍ക്കാണ് ഫ്രാന്‍സിസ് ഒരു ദര്‍പ്പണമായി നില്‍ക്കുന്നത്. ഒന്നുകില്‍ ഇത്തരം കണ്ണാടി പ്രതിഷ്ഠകളെ നാം തച്ചുടക്കണം, എന്നിട്ട് വീണ്ടും അഹന്തയുടെ പ്രദര്‍ശനപ്പെരുമകളില്‍ മുഴുകണം. അല്ലെങ്കില്‍ ക്രിസ്തുവിനെ മാത്രം കാട്ടുന്ന ഇത്തരം വിശുദ്ധഓര്‍മ്മകളിലിങ്ങനെ നോക്കി നോക്കിയിരുന്ന് നമ്മെത്തന്നെ  വീണ്ടെടുക്കണം. വര്‍ത്തമാനകാല ചരിത്രത്തോടും പറയാനാവണം, വെള്ളിയും പൊന്നുമല്ല, ക്രിസ്തുവിനെയാണ് നമുക്ക് നല്കാനുള്ളത് എന്ന്! 

You can share this post!

പാകത

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts