news-details
കവർ സ്റ്റോറി

യേശുവിന്‍റെ സാമൂഹിക ദര്‍ശനം ഇന്ത്യന്‍ ഭരണഘടനയില്‍

ഭരണഘടനാ മൂല്യങ്ങള്‍ സംരിക്ഷിക്കേണ്ടത് ഭാരതീയ ക്രൈസ്തവരുടെ കടമയാകുന്നത് എന്തുകൊണ്ട്?

ഭാരതീയ ജനതാ പാര്‍ട്ടിയുടെയും മാര്‍ഗദര്‍ശകരായ രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെയും ആശയസംഹിത ഭരണഘടനയുടെ അന്തസത്തയ്ക്ക് കടകവിരുദ്ധമാണെങ്കിലും ഇന്ത്യന്‍ ഭരണഘടനയെ 'ദേശത്തിന്‍റെ വേദ'മെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിക്കുകയുണ്ടായി. നരേന്ദ്രമോദി ഭരണഘടനാ മൂല്യങ്ങളില്‍  വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യത്തിന്‍റെ അഖണ്ഡതയെയും ഐക്യത്തെയും വളര്‍ച്ചയെയും വികസനത്തെയും സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍റെ വാക്കുകള്‍ തീര്‍ത്തും പ്രസക്തമാണ്. ഭരണഘടനയുടെ മൂല്യങ്ങളും തത്വങ്ങളും പിന്തുടര്‍ന്നു മാത്രമേ, മത, സംസ്കാര, ഭാഷ വൈവിധ്യങ്ങളാല്‍ ബഹുസ്വരമായിരിക്കുന്ന ഇന്ത്യയെ ഐക്യത്തില്‍ നിലനിര്‍ത്താന്‍ കഴിയൂ.

ഏതൊക്കെ അടിസ്ഥാന മൂല്യങ്ങളുടെയും തത്വങ്ങളുടെയും കാഴ്ചപ്പാടിലാവണം ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടതെന്നും ഇന്ത്യയില്‍ ഭരണനിര്‍വഹണം നടക്കേണ്ടതെന്നും ഭരണഘടനയുടെ ആമുഖം തന്നെ വ്യക്തമാക്കുന്നു.

കാലത്തിന്‍റെ തികവില്‍ കെട്ടിപ്പടുക്കേണ്ട ഇന്ത്യ എപ്രകാരമായിരിക്കണമെന്ന് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നു. വ്യത്യസ്ത മതങ്ങളിലും, ജാതിയിലും ഭാഷയിലും പെട്ട ജനങ്ങളെ എന്തിനാല്‍ ഒന്നിച്ചു നിര്‍ത്തണമെന്നതാണ് ഭരണഘടനയുടെ കാഴ്ചപ്പാട്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം

നാം ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര, സമത്വാധിഷ്ഠിത, മതേതര ജനാധിപത്യ റിപ്പബ്ളിക്കായി കെട്ടിപ്പടുക്കുന്നതിനും എല്ലാ പൗരജനങ്ങള്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയിലും, ആവിഷ്കാരത്തിലും അഭിപ്രായത്തിലും വിശ്വാസത്തിലും ആരാധനയിലും സ്വാതന്ത്ര്യവും, അന്തസിലും അവസരങ്ങളിലും തുല്യതയും, വ്യക്തികളുടെ അന്തസും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് സാഹോദര്യവും, ഉറപ്പുവരുത്തുന്നതിനും ഇന്നേദിവസം 1949 നവംബര്‍ 26-ാം തീയതി നമ്മുടെ ഭരണഘടനാ അസംബ്ലിയില്‍ ഈ ഭരണഘടന ഇതിനാല്‍ സ്വീകരിക്കുകയും നടപ്പാക്കുകയും നല്‍കുകയും ചെയ്തിരിക്കുന്നു.

'നാം ഇന്ത്യയിലെ ജനങ്ങള്‍' എന്നാണ് ഭരണഘടനയുടെ ആമുഖം ആരംഭിക്കുക. ഇന്ത്യയുടെ പരമാധികാരം ഇന്ത്യയിലെ ജനങ്ങള്‍ക്കാണെന്നും ഏതെങ്കിലും രാജാക്കന്മാര്‍ക്കോ, പ്രത്യേക വിഭാഗത്തിനോ അല്ലെന്നും അതിനാല്‍ ഭരണഘടന അടിവരയിടുന്നു. ഇന്ത്യന്‍ ജനത അവരുടെ തന്നെ പ്രതിനിധികളാല്‍ ഭരിക്കപ്പെടുമെന്ന് 'റിപ്പബ്ലിക്' എന്ന പദം വ്യക്തമാക്കുന്നു. ഇന്ത്യന്‍ റിപ്പബ്ലിക് സമത്വാധിഷ്ഠിത, മതേതര, ജനാധിപത്യ രാജ്യമായിരിക്കുമെന്നും ഭരണഘടനയുടെ ആമുഖം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിക്കുന്നു.

പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ പ്രധാന പങ്ക് വഹിക്കുന്ന മിശ്രസമ്പദ്വ്യവസ്ഥയിലൂടെ ദാരിദ്ര്യവും അജ്ഞതയും രോഗങ്ങളും അസമത്വവും തുടച്ചുനീക്കുന്നതിന് രാജ്യം മുന്‍ഗണന നല്‍കുമെന്ന് സമത്വാധിഷ്ഠിതം (Socialism) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതരം അഥവാ മതനിരപേക്ഷം (Secularisom) എന്നതുകൊണ്ട് രാജ്യം ഒരു മതത്തോടും പ്രത്യേക ആഭിമുഖ്യം പുലര്‍ത്തുന്നില്ല എന്ന് അര്‍ത്ഥമാക്കുന്നു. എല്ലാ മതങ്ങള്‍ക്കും ഒരേ പദവിയും പിന്തുണയും നല്‍കുന്നു. ഓരോ വ്യക്തിക്കും അവരുടെ മതം ആചരിക്കുന്നതിനും ആരാധിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. മതേതരത്വത്തിന്‍റെ ഇന്ത്യന്‍ പതിപ്പിന് ബഹുസ്വരത എന്ന വാക്കാവും കൂടുതല്‍ യോജിക്കുക.

ബഹുസ്വരങ്ങള്‍, വ്യത്യസ്തതകള്‍ ഇവിടെ  സ്വീകരിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു, ആദരിക്കപ്പെടുന്നു, ആഘോഷിക്കപ്പെടുന്നു.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന പ്രാതിനിധ്യ പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഭരണനിര്‍വ്വണം അതിന്‍റെ എല്ലാം നയങ്ങളിലും നടപടികളിലും നിയമനിര്‍മ്മാണ സഭയോട് വിധേയപ്പെട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം, നിശ്ചിത കാലാവധികളില്‍ തെരഞ്ഞെടുപ്പ്, നിയമവാഴ്ച, സ്വതന്ത്രമായ നീതിന്യായസംവിധാനം, വിവേചന രാഹിത്യം എന്നിവയാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യത്തിന്‍റെ സവിശേഷകള്‍.

നീതിയും സമത്വവും സ്വാതന്ത്ര്യവും, വ്യക്തിയുടെ അന്തസും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യവുമാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ അഥവാ തത്വങ്ങള്‍.

നീതി:  മൗലിക അവകാശങ്ങളിലൂടെയും മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളിലൂടെയും ഏവര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഭരണഘടന ഉറപ്പുനല്‍കുന്നു, മത, ജാതി, വര്‍ഗ, വര്‍ണ, വംശ, ലിംഗ വ്യത്യാസമില്ലാതെ ഓരോ പൗരനും തുല്യ സാമൂഹിക പദവിയും പരിഗണനയും സാമൂഹികനീതിവഴി നടപ്പില്‍ വരുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിനും പ്രത്യേക പരിഗണന ലഭിക്കുന്നില്ലെന്നും അത് അര്‍ത്ഥമാക്കുന്നു.

സ്വാതന്ത്ര്യം:  വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ രാജ്യം ഒരു കാരണവശാലും കൈകടത്തുന്നില്ല. അതുപോലെതന്നെ ഓരോ വ്യക്തിക്കും വളരുന്നതിനും വികസിക്കുന്നതിനും തുല്യ അവസരങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ ഓരോ പൗരനും ചിന്തയിലും ആവിഷ്കാരത്തിലും അഭിപ്രായത്തിലും വിശ്വാസത്തിലും ആരാധനയിലും പൂര്‍ണ്ണ സ്വാതന്ത്ര്യം, മൗലികാവകാശങ്ങളിലൂടെ ഉറപ്പാക്കുന്നു. അവ ലംഘിക്കപ്പെട്ടാല്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള അവകാശവും നല്‍കിയിരിക്കുന്നു.

സമത്വം:  എല്ലാ പൗരന്മാര്‍ക്കും യാതൊരു വിവേചനവും കൂടാതെ മതിയായ അവസരങ്ങള്‍ ലഭിക്കുമെന്നും ഒരു വിഭാഗത്തിനും പ്രത്യേക പരിഗണന നല്‍കില്ലെന്നും ഭരണഘടന ഉറപ്പു നല്‍കുന്നു. പദവികളിലും അവസങ്ങളിലും എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുന്നു. അതുവഴി രാഷ്ട്രീയ, സാമ്പത്തിക, പൗരത്വ സമത്വം വിഭാവനം ചെയ്യുന്നു.

സാഹോദര്യം:  ഇന്ത്യന്‍ ജനത ഒന്നടങ്കം സഹോദരര്‍ എന്ന് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. സാഹോദര്യം എന്ന വികാരം ഒരൊറ്റ പൗരത്വം എന്ന സംവിധാനത്തിലൂടെ  സാഹോദര്യം എന്ന വികാരം പ്രബുദ്ധമാക്കുന്നതിന് ഭരണഘടന ലക്ഷ്യം വയ്ക്കുന്നു. പ്രബുദ്ധമാക്കുന്നതിന് ഭരണഘടന ലക്ഷ്യം വയ്ക്കുന്നു. മത,ജാതി, ഭാഷാ, പ്രദേശ ഭേദമില്ലാതെ ഇന്ത്യയിലെ മുഴുവന്‍ ജനതയ്ക്കുമിടയിലും സമാധാനവും ശാന്തിയും സാഹോദര്യത്തിന്‍റെ ചൈതന്യവും നിലനിര്‍ത്താനും വളര്‍ത്താനും മൗലിക ഉത്തരവാദിത്വത്തിലൂടെ (അനുച്ഛേദം 51 എ) ഓരോ ഇന്ത്യന്‍ പൗരനും കടപ്പെട്ടിരിക്കുന്നു. സാഹോദര്യം രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഭരണഘടന അനുശാസിക്കുന്നു; വ്യക്തികളുടെ അന്തസ്സും രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും.

യേശുവിന്‍റെ സാമൂഹിക ദര്‍ശനം

സമൂഹത്തെക്കുറിച്ചും മാനുഷികതയെക്കുറിച്ചും കൃത്യവും വ്യക്തവുമായ കാഴ്ചപ്പാട് യേശുവിനുണ്ടായിരുന്നു. അവന്‍റെ പ്രബോധനങ്ങളിലൂടെ പ്രകടമായ സാമൂഹിക ദര്‍ശനം സുവിശേഷങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. 'ദൈവരാജ്യം' അഥവാ 'ദൈവഭരണം' എന്നതാണ് സമൂഹത്തെക്കുറിച്ചുള്ള അവന്‍റെ കാഴ്ചപ്പാട്. "അനുതപിക്കൂ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു" (മത്താ. 3:2) എന്ന പ്രഖ്യാപനത്തോടെയാണ് യേശു തന്‍റെ പ്രബോധനം ആരംഭിക്കുന്നത്. 'ദൈവരാജ്യം' എന്നും 'സ്വര്‍ഗ്ഗരാജ്യം' എന്നുമുള്ള പദങ്ങള്‍ സുവിശേഷങ്ങളില്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചുകാണുന്നു. സുവിശേഷങ്ങളില്‍ നിന്ന് നാം മനസ്സിലാക്കുന്നതുപോലെ 'സ്വര്‍ഗ്ഗരാജ്യം' അഥവാ ദൈവരാജ്യം ഒരു സ്ഥലമല്ല, മറിച്ച് ദൈവം പിതാവായും, എല്ലാ മാനവരും തുല്യ അന്തസും അവകാശങ്ങളും അവസരങ്ങളുമുള്ള സഹോദരരായും അംഗീകരിക്കപ്പെടുന്ന അവസ്ഥയാണ്. ദൈവം നമ്മുടെ പിതാവാണെന്നതും, എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാര്‍ ആണെന്നതും നാം പരസ്പരം സ്നേഹിക്കണം എന്നതുമാണ് യേശുവിന്‍റെ പരമപ്രധാന പ്രബോധനം. ദൈവസ്നേഹത്തെയും മനുഷ്യസ്നേഹത്തെയും പരസ്പരം കൂട്ടിയിണക്കി പുതിയൊരു നിയമം യേശു തന്‍റെ ജീവിതത്തിന്‍റെ അന്തിമനാളുകളില്‍ ശിഷ്യര്‍ക്ക് നല്‍കുന്നുണ്ട്. "ഞാന്‍ പുതിയൊരു കല്‍പ്പന നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങള്‍ക്കും പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യരെന്ന് എല്ലാവരും അറിയും" (യോഹ. 13:34-35). ദൈവരാജ്യത്തെ ചേര്‍ത്തു നിര്‍ത്തുന്ന ഘടകം രക്തബന്ധമോ മതമോ ജാതിയോ വംശമോ അല്ല മറിച്ച് സ്നേഹം മാത്രമാണ്. ആ സ്നേഹം ഉള്‍ക്കൊള്ളലിലൂടെയും തുല്യതയിലൂടെയും നീതിയിലൂടെയും സ്വാതന്ത്ര്യത്തിലൂടെയും പരസ്പരമുള്ള കരുതലിലൂടെയും പ്രകടമാകുന്നു.

ദൈവത്തെ മനുഷ്യരിലൂടെ കാണുന്നതിന് യേശു തന്‍റെ പ്രബോധനത്തിലുടനീളം ഊന്നല്‍ നല്‍കുന്നു. നല്ല ശമരിയാക്കാരന്‍റെയും ധനവാന്‍റെയും ലാസറിന്‍റെയും അന്ത്യവിധിയുടെയും ഉപകളിലൂടെ, മനുഷ്യര്‍ക്ക് ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം തന്നെയാണ് ദൈവസേവയെന്നും അതുതന്നെയാണ് യഥാര്‍ത്ഥ ആരാധനയെന്നും യേശു നമ്മോട് അസന്നിഗ്ധമായി പറയുന്നു. 'സര്‍വ്വരും സഹോദരര്‍' എന്ന ഇടയലേഖനത്തില്‍ "രക്ഷകന്‍റെ ശരീരത്തെ ആദരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ അതിനെ പരിഹാസപാത്രമാക്കാതിരിക്കുക. പുറത്ത് തണുത്ത് മരവിച്ച് നഗ്നമായി അത് കിടക്കുമ്പോള്‍ പള്ളിക്കകത്ത് അതിനെ ആഡംബര വസ്ത്രങ്ങള്‍കൊണ്ട് പൊതിയാതിരിക്കുക" എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു.

യേശു ശിഷ്യരെ പഠിപ്പിച്ച ഒരേയൊരു പ്രാര്‍ത്ഥനയായ "സ്വര്‍ഗ്ഗസ്ഥനായ പിതാവേ....." യില്‍ സാഹോദര്യവും ഒരുമയും പരസ്പരമുള്ള കരുതലും മനോഹരമായി പ്രകടമാകുന്നു. വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെട്ട സ്ത്രീയെ സ്വതന്ത്രയായി പോകാന്‍ അനുവദിക്കുന്നതിലൂടെ യേശു അനീതിയെയും ലിംഗ അസമത്വത്തെയും ചോദ്യം ചെയ്യുന്നു. പുരുഷനും സ്ത്രീയും ഉള്‍പ്പെട്ട പ്രവൃത്തിയാണ് വ്യഭിചാരം. സ്ത്രീയെ മാത്രം ശിക്ഷിക്കുകയെന്നത് അനീതി മാത്രമല്ല നിയമത്തിനു മുന്നിലെ ലിംഗപരമായ വിവേചനവും കൂടിയാണ്. പന്ത്രണ്ട് ശിഷ്യരില്‍ സ്ത്രീകളില്ലെങ്കിലും യേശുവിനെ അനുഗമിച്ച സ്ത്രീകളെക്കുറിച്ച് സുവിശേഷം പറയുന്നുണ്ട് (ലൂക്ക 8:1-3, മര്‍ക്കോസ് 15:40-41). ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും മൗലികവകാശങ്ങള്‍ പ്രദാനം ചെയ്യുകയും നിയമവാഴ്ചയ്ക്ക് അതായത് എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണ് എന്ന തത്വത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.

ബഹുസ്വരതയുടെ പ്രയോഗം യേശുവിന്‍റെ ജീവിതത്തിലും പ്രബോധനങ്ങളിലും ഒരുപോലെ പ്രകടമാകുന്നു. യഹൂദര്‍ ഭ്രഷ്ടരായി കണക്കാക്കിയിരുന്ന ചുങ്കക്കാരില്‍ ഒരാളായിരുന്നു അവന്‍റെ ശിഷ്യന്‍ മത്തായി (മത്തായി 9:9-13). യഹൂദര്‍ അധമരായി കണ്ട് അകറ്റി നിര്‍ത്തിയിരുന്ന ശമരിയാക്കാരെ അവരുടെ വിശ്വാസത്തിന്‍റെ പേരില്‍ യേശു പലപ്പോഴും പ്രശംസിക്കുന്നു (ലൂക്ക 17:17-19). യഹൂദര്‍ വെറുത്തിരുന്ന റോമാക്കാരില്‍ ഉള്‍പ്പെട്ട ശതാധിപന്‍റെ വിശ്വാസത്തെയും യേശു പ്രകീര്‍ത്തിക്കുന്നു (ലൂക്ക 7:1-10). യേശു ഏവര്‍ക്കും പ്രാപ്യനായിരുന്നു. മനുഷ്യര്‍ നിര്‍മ്മിച്ച അതിരുകളും മതിലുകളും അവന്‍ പൊളിച്ചു നീക്കി. എല്ലാത്തരം വിവേചനങ്ങളെയും അപലപിച്ചു. ഒരാള്‍പോലും മതത്തിന്‍റെയും ജാതിയുടെയും മറ്റും പേരില്‍ വിവേചനം അനുഭവിക്കാത്ത എല്ലാവരെയും ഹൃദയപൂര്‍വ്വം ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ നമ്മുടെ ഭരണഘടന വിഭാവം ചെയ്യുന്നു.

യേശുവിന്‍റെ സൗഖ്യശുശ്രൂഷയുടെ പ്രധാന ലക്ഷ്യം മനുഷ്യന്‍റെ അന്തസ് പുനസ്ഥാപിക്കുക എന്നതായിരുന്നു. കുഷ്ഠരോഗികളും, മാനസികരോഗികളും, അംഗവിഹീനരും യഹൂദസമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയും അവര്‍ അതിനീചമാംവിധം വിവേചനം അനുഭവിക്കുകയും ചെയ്തിരുന്നു. അവരെ സുഖപ്പെടുത്തുക വഴി യേശു അവരുടെ അന്തസ് അവര്‍ക്ക് തിരിച്ചു നല്‍കി. അതുവഴി അവര്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ തിരികെ പ്രവേശിച്ചു.

തൊട്ടുകൂടായ്മയെ, അയിത്തത്തെ എന്നന്നേക്കുമായി തുടച്ചു നീക്കുന്ന ഇന്ത്യന്‍ ഭരണഘടന അതിന്‍റെ ഏതുരൂപത്തിലുള്ള ആചരണത്തെയും പൂര്‍ണമായി വിലക്കുന്നു. കാരണം അത് മനുഷ്യന്‍റെ അന്തസിന് വിരുദ്ധമാണ്. അത് മനുഷ്യന്‍റെ അവകാശങ്ങളെ ലംഘിക്കുന്നു.

മനുഷ്യനെ അടിമയാക്കുന്ന എന്തിനെയും യേശു കഠിനമായി വിമര്‍ശിച്ചു. "മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല സാബത്ത് മനുഷ്യനു വേണ്ടിയാണ്" എന്ന പ്രഖ്യാപനത്തിലൂടെ എല്ലാ നിയമങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവനെ മഹത്വപ്പെടുത്തുന്നതാവണം എന്ന് അവന്‍ നിഷ്കര്‍ഷിച്ചു. ജീവനെ മഹത്വപ്പെടുത്താത്ത, മനുഷ്യനന്മയ്ക്ക് ഉതകാത്ത എല്ലാ നിയമങ്ങളെയും ആചാരങ്ങളെയും അവന്‍ തള്ളിക്കളഞ്ഞു.

ഇന്ത്യന്‍ ഭരണഘടന പൗരന്‍റെ പരമപ്രാധാന്യം എടുത്തു പറയുന്നു.  പൗരാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍, അത് പുനസ്ഥാപിക്കാനുള്ള അധികാരം നീതിന്യായ സംവിധാനത്തിന് നല്‍കപ്പെട്ടത് അതുകൊണ്ടാണ്.

ഭരണനിര്‍വഹണ സംവിധാനത്തിന്‍റെയും പുനപ്പരിശോധനയ്ക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നത് അതുകൊണ്ട്. നിയമനിര്‍മ്മാണസഭകളുടെയും ഭരണനിര്‍വാഹണസംവിധാനത്തിന്‍റെയും പ്രവര്‍ത്തനങ്ങളെ പുനരവലോകനം ചെയ്യുന്നതിനും അവ ഭരണഘടനാപരമായി നിലനില്‍ക്കുന്നവയാണോയെന്ന് കണ്ടെത്തുന്നതിനും ഇതു പ്രകാരം സുപ്രിംകോടതിക്കും ഹൈക്കോടതിക്കും അവകാശം നല്‍കപ്പെട്ടിരിക്കുന്നു. (അനുഛേദം 31, 136, 226, 227).

ദൈവരാജ്യത്തെക്കുറിച്ച് അഥവാ സ്വര്‍ഗരാജ്യത്തെക്കുറിച്ച് യേശുവിനുണ്ടായിരുന്ന ദര്‍ശനം  ആദിമ ക്രൈസ്തവസമൂഹത്തില്‍ എപ്രകാരം പ്രായോഗികമായി എന്ന് അപ്പസ്തോലരുടെ നടപടി പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു, "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു. അപ്പസ്തോലന്മാര്‍ കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിന് വലിയ സാക്ഷ്യം നല്‍കി. അവരുടെയെല്ലാവരുടെയും മേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു. അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരുമുണ്ടായിരുന്നില്ല. കാരണം പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവര്‍ എല്ലാം അവയത്രയും വിറ്റ് കിട്ടിയത് അപ്പസ്തോലരുടെ കാല്‍ക്കലര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കു ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു" (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 4: 32-35). സമത്വാധിഷ്ഠിത സമൂഹത്തിന്‍റെ മാതൃകയായിരുന്നു അത്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളുമുള്ള, ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് ആവുന്നത്ര കുറവുള്ള, സമത്വപൂര്‍ണ്ണമായ സമൂഹം ഇന്ത്യ ഭരണഘടന മുന്നോട്ടു വയ്ക്കുന്നു.

സുപ്രിം കോടതിയിലെ മുന്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ഒരു സര്‍വ്വമത സമ്മേളനത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഞാന്‍ പങ്കെടുക്കുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ അക്കമിട്ട് നിരത്തിയിരിക്കുന്ന മൂല്യങ്ങള്‍ തന്നെയാണ് ദൈവരാജ്യത്തിന്‍റെയും മൂല്യങ്ങള്‍ എന്ന് അദ്ദേഹം തന്‍റെ പ്രഭാഷണത്തില്‍ പറയുകയുണ്ടായി. അതിനാല്‍ യേശുവിന്‍റെ അനുയായികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അധികബാധ്യത ഉണ്ടെന്നും.

ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയും ലംഘനങ്ങളും

സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള 72 വര്‍ഷങ്ങളില്‍ ഇന്ത്യ വിവിധമേഖലകളില്‍ ശ്ലാഘനീയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നു. ഭരണഘടനയുടെ അടിസ്ഥാനം അതേപടി നിലനില്‍ക്കുന്നു. വലിയ നേട്ടങ്ങള്‍ തന്നെയാണ് ഇവ. അതേസമയം ജനാധിപത്യത്തിന്‍റെ പ്രയോഗത്തില്‍ വലിയ വൈകല്യം സംഭവിച്ചിരിക്കുന്നു. ഭരണഘടനയുടെ വ്യവസ്ഥകള്‍ മാറ്റാതെ തന്നെ ഭരണഘടനാമൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്നു. ജനാധിപത്യ സ്ഥാപനങ്ങള്‍ തമസ്കരിക്കപ്പെടുന്നു.

ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല എന്നതാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടാന്‍ പ്രധാന കാരണം. രാഷ്ട്രീയ നേതാക്കള്‍ ജനാധിപത്യത്തെ തെരഞ്ഞെടുപ്പുകളിലേക്ക് ചുരുക്കി. ജനാധിപത്യം, ജനങ്ങളുടെ ജനങ്ങള്‍ക്കുവേണ്ടിയുള്ള ഗവണ്‍മെന്‍റിനെ എങ്ങിനെ സൃഷ്ടിക്കുമെന്ന് ജനങ്ങള്‍ പഠിച്ചില്ല. അതിനാല്‍ മതവും ജാതിയും പോലുള്ള വൈകാരിക വിഷയങ്ങള്‍ വച്ചു കളിക്കുന്ന രാഷ്ട്രീയനേതാക്കളുടെ മസ്തിഷ്ക പ്രക്ഷാളനത്തില്‍ പാവം ജനം പെട്ടുപോയി.

ഇന്ത്യയില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും കനത്ത തിരിച്ചടി സംഭവിച്ചത്. ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയയെയും ദുര്‍ബലപ്പെടുത്തി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാന്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി ഗവണ്‍മെന്‍റുകള്‍ നിരന്തരം ശ്രമിക്കുന്നു.

ഭരണഘടനയുടെ ആമുഖം ഉറപ്പു നല്‍കുന്ന നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും കളിയാടുന്ന ഇന്ത്യയെ ബിജെപിയുടെ ഹിന്ദുത്വ ആശയം നഖശിഖാന്തം എതിര്‍ക്കുന്നു. മുസ്ലീങ്ങളും ക്രൈസ്തവരും മറ്റും അടങ്ങുന്ന ന്യൂനപക്ഷങ്ങളെ രണ്ടാം തരക്കാരായി കണക്കാക്കുന്ന രാജ്യത്തെ ഹിന്ദുത്വ ആശയം വിഭാവനം ചെയ്യുന്നു.

ലോക്സഭയിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് ചര്‍ച്ചപോലും കൂടാതെ ബില്ലുകള്‍ പാസാക്കിയെടുക്കുന്ന ബി.ജെ.പി. ഗവണ്‍മെന്‍റ് പാര്‍ലമെന്‍റിനെ റബര്‍ സ്റ്റാമ്പാക്കിയിരിക്കുന്നു. ഭരണഘടനയുടെ 370, 35 എ അനുഛേദങ്ങള്‍ റദ്ദാക്കിക്കൊണ്ട് ജമ്മുവിനെയും കാശ്മീരിനെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തരംതാഴ്ത്തുന്നത് ഉള്‍പ്പെടെ, ഇരുപത് ബില്ലുകള്‍ (ഇതില്‍ വിവാദ കാര്‍ഷിക ബില്ലുകളും ഉള്‍പ്പെടും). പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം കാര്യമായ ചര്‍ച്ചയൊന്നും കൂടാതെ പാസ്സാക്കിയെടുത്തത് നിയമ നിര്‍മ്മാണ പ്രക്രിയയെ നോക്കുകുത്തിയാക്കുന്നതിന്‍റെ പല ഉദാഹരണങ്ങളില്‍ ഒന്നു മാത്രം.

ഭരണനിര്‍വഹണം നടത്തുന്ന ഗവണ്‍മെന്‍റാകട്ടെ തികച്ചും ഏകാധിപത്യപരമായിരിക്കുന്നു. ആയിരക്കണക്കിന് ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമാക്കിയ നോട്ട് റദ്ദാക്കലും കോവിഡ്കാല ലോക്ക് ഡൗണും പോലുള്ള തീരുമാനങ്ങള്‍ ഈ ഗവണ്‍മെന്‍റ് നടപ്പിലാക്കിയത് എത്ര ക്രൂരമായാണെന്ന് കാണുക.

സാമൂഹികപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യുന്നതും മാസങ്ങളും വര്‍ഷങ്ങളും തടവിലിടുന്നതും ഗവണ്‍മെന്‍റെനെയോ ഭരണകക്ഷിയെയോ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയോ, ദേശസുരക്ഷാനിയമം, യു.എ.പി.എ. തുടങ്ങിയ കരിനിയമങ്ങള്‍ ഉപയോഗിച്ചോ ജയിലില്‍ തള്ളുന്നതും മാസങ്ങളോളമോ വര്‍ഷങ്ങളോളമോ ജാമ്യം അനുവദിക്കാതിരിക്കുന്നതും സാധാരണമായിരിക്കുന്നു. വിയോജിക്കുന്നവരെ ഗവണ്‍മെന്‍റും ഭരണകക്ഷിയും ചേര്‍ന്ന് ദേശദ്രോഹികളെന്ന് മുദ്രകുത്തുന്നു.

ഭരണഘടനയെ സംരക്ഷിക്കുകയും മൗലികാവകാശങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ട നീതിന്യായസംവിധാനം അതിന്‍റെ ഉത്തരവാദിത്തങ്ങളില്‍ പലപ്പോഴും പരാജയപ്പെടുന്നു. അയോധ്യകേസിലെ സുപ്രിം കോടതി വിധി ജുഡീഷ്യറിയുടെ ഗവണ്‍മെന്‍റ് അനുകൂല നിലപാടിന്‍റെ ഒരു ഉദാഹരണം മാത്രം. ഭരണഘടനാപരമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ അനുവദിക്കുന്ന 32-ാം അനുച്ഛേദത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് സുപ്രീം കോടതി പലപ്പോഴും സ്വീകരിക്കുന്നത്.

മൗലികാവകാശങ്ങളുടെ സംരക്ഷകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സുപ്രീം കോടതി പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് മുന്‍ നിയമ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് എ.പി. ഷാ അസന്നിഗ്ദ്ധമായി കുറ്റപ്പെടുത്തുന്നു.

"പ്രതിഷേധിച്ചതിനും വിയോജിച്ചതിനും അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചതിനുപോലും ഇരകളാക്കപ്പെട്ട പൗരന്മാരെ പ്രതിരോധിക്കാന്‍ കോടതി വിസമ്മതിച്ച നിരവധി സംഭവങ്ങളുണ്ടായതായി" ജസ്റ്റീസ് ഷാ, കരണ്‍ താപ്പര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഏതാനും ഇംഗ്ലീഷ് ദിനപത്രങ്ങളും ഒന്നോ രണ്ടോ ടി.വി. ചാനലുകളും  ഒഴിച്ച് മാധ്യമങ്ങളെല്ലാം ഗവണ്മെന്‍റിനെ പിന്തുണയ്ക്കുകയോ നിര്‍ലജ്ജം പുകഴ്ത്തുകയോ ചെയ്യുന്നു. അതിനാല്‍ ജനങ്ങള്‍ വാസ്തവം അറിയുന്നില്ല അര്‍ധസത്യങ്ങളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും പലപ്പോഴും അസത്യങ്ങളുമാണ് അടിമത്തമനോഭാവത്തോടെ മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ വിളമ്പുന്നത് അങ്ങിനെ ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങളും അവരുടെ കടമയില്‍ തോറ്റിരിക്കുന്നു.

രാഷ്ട്രീയരംഗം ഇരുളിലാണ്ടിരിക്കുന്നു. ഭരണഘടനയെ സംരക്ഷിക്കാന്‍ ഭരമേല്‍പ്പിക്കപ്പെട്ടവര്‍ അതു തകര്‍ക്കുന്നു. ജനാധിപത്യത്തിന്‍റെ നാലു തൂണുകള്‍ - നിയമനിര്‍മ്മാണ സഭ, ഭരണ നിര്‍വഹണ വിഭാഗം, നീതിന്യായ സംവിധാനം, മാധ്യമങ്ങള്‍ - ചേര്‍ന്ന് ഭരണഘടനയെ തോല്‍പ്പിക്കുന്നു. സ്ഥാപനസംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ തിരുത്തേണ്ട ഉത്തരവാദിത്തം ജനങ്ങള്‍ക്കാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ഭരണഘടനയെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് അറിവും അവഗാഹവും ഉണ്ടായിരുന്നെങ്കില്‍ ജാതിയുടെയും മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഷയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയില്ലായിരുന്നു. ബഹുസ്വര ജനാധിപത്യത്തെ, 'മത,  വംശീയ ദേശീയത' ഉപയോഗിച്ച് അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ മസ്തിഷ്ക പ്രക്ഷാളനത്തിന് ജനങ്ങള്‍ വശംവദരാവുമായിരുന്നില്ല.

യേശുവിന്‍റെ അനുയായികളുടെ പങ്ക്

യേശുവിന്‍റെ ഇന്ത്യയിലെ അനുഗാമികള്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയെ പ്രത്യേകിച്ച് ബഹുസ്വര ജനാധിപത്യത്തെ കാത്തു സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മാത്രവുമല്ല അതു നമ്മുടെ നിലനില്‍പ്പിന് അനിവാര്യവുമാണ്. അവര്‍ വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള തന്ത്രങ്ങള്‍ ബി.ജെ.പി. - ആര്‍.എസ്.എസ്. ദ്വന്ദ്വം പടിപടിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഏറ്റവും പ്രധാനമായി, സംഘപരിവാറിന്‍റെ തന്ത്രങ്ങളില്‍ വീഴാതിരിക്കാനുള്ള വിവേകം യേശുവിന്‍റെ അനുയായികള്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

അഞ്ചുകോടി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അവര്‍ വഴി 10 കോടി മാതാപിതാക്കളുമായി ബന്ധമുള്ള 50, 000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ കടന്നുപോകുന്ന കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ പഠിപ്പിച്ചു നല്‍കാന്‍ നമ്മുടെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ ശ്രദ്ധ വച്ചിരുന്നെങ്കില്‍ രാജ്യത്തിന്‍റെ രാഷ്ട്രീയചിത്രം വേറൊന്നാകുമായിരുന്നു. ഇനിയെങ്കിലും ഇക്കാര്യത്തില്‍ ചില ചുവടുവയ്പുകള്‍ നാം നടത്തേണ്ടതുണ്ട്.

* ഭരണഘടനാ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് മുന്തിയ പരിഗണന നല്‍കാന്‍ ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനിയെങ്കിലും തയ്യാറാകണം. ഭരണഘടനാവാരം ആചരിക്കുന്നതിലൂടെയും ഇന്ത്യന്‍ ഭരണഘടനയെ അടിസ്ഥാനമാക്കി പ്രഭാഷണ, ലേഖന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെയും അതിന് തുടക്കമിടാം.

* പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും രൂപീകരണ പ്രക്രിയയില്‍ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള പഠനം ഉള്‍പ്പെടുത്തുക. ഭരണഘടനാവ്യവസ്ഥകള്‍ ഇന്ത്യയില്‍ എപ്രകാരം പ്രായോഗികമാകുന്നു എന്നതില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഈ പഠനം ചിട്ടപ്പെടുത്തുക.

* സഭകളുടെ എല്ലാ ദൗത്യങ്ങളിലും, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലും പുരോഹിത ശുശ്രൂഷയിലും, ഭരണഘടനാ മൂല്യങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക.

* വേദപാഠ ക്ലാസ്സുകളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ കൂടി പഠിപ്പിക്കുക.

* വിദ്യാര്‍ത്ഥികളില്‍ എല്ലാ മതവിശ്വാസങ്ങളോടും ബഹുമാനവും ആദരവും വളര്‍ത്തുന്നതിനും മതമൗലികവാദത്തിന്‍റെ വളര്‍ച്ച തടയുന്നതിനും വിവിധ മതങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ കൂടി അവരെ പഠിപ്പിക്കുക.

ഉപസംഹാരം

ഇന്ത്യ ഒരു നിര്‍ണായക സന്ധിയിലൂടെ കടന്നുപോവുകയാണ്. ബഹുസ്വര ജനാധിപത്യരാജ്യം എന്ന നിലയില്‍ നമ്മുടെ ഭാവി തുലാസിലാണ്. സാഹചര്യം അത്യന്തം അപകടകരമാണ്. ജാഗ്രതയും ഉണര്‍വ്വും ഐക്യവുമുള്ള ഒരു പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ ഭരണകക്ഷി അതിന്‍റെ ഭരണപരവും ആശയപരവുമായ പിടി ഇന്ത്യയൊട്ടാകെ, പ്രത്യേകിച്ച് തെക്കേയിന്ത്യയിലേക്ക് വ്യാപിപ്പിച്ചേക്കാം. ബിജെപി അതിന്‍റെ ഹിന്ദുത്വ അജണ്ട ഒളിഞ്ഞു തെളിഞ്ഞും ആക്രമണോല്‍സുകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കര്‍ണാടക ഗവണ്‍മെന്‍റ് നടപ്പിലാക്കിയ പരിഹാസ്യവും ദുരുപദിഷ്ടവുമായ ഗോവധ നിരോധന നിയമവും, രണ്ട് മതവിശ്വാസത്തില്‍പ്പെടുന്ന രണ്ട് പ്രായപൂര്‍ത്തിയായവര്‍ തന്നിലുള്ള മിശ്രവിവാഹത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റിന്‍റെ ഓര്‍ഡിനന്‍സും സ്വാതന്ത്ര്യം, ബഹുസ്വരത, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യയില്‍ ഇന്ന് ജനാധിപത്യം ഫാസിസ്റ്റ് ഏകാധിപത്യവാഴ്ചയ്ക്ക് വഴി മാറുന്നു. അതിന്‍റെ ഉദാഹരണങ്ങള്‍ നിരവധിയാണ്.

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ നല്‍കേണ്ട വില നിതാന്തമായ ജാഗ്രതയാണ്. അപകടകരമായ ഗതിമാറ്റം തടയാനുള്ള സമയമാണിത്. യേശുവിന്‍റെ അനുഗാമികള്‍ പ്രത്യേകിച്ച് ബിഷപ്പുമാരും പുരോഹിതരും അല്‍മായരും അവരുടെ പ്രവാചകദൗത്യം ഗവണ്‍മെന്‍റിന്‍റെ ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങളെയും നടപടികളെയും എതിര്‍ക്കുന്നതിന് ഉപയോഗിക്കേണ്ടിയിരിക്കുന്നു. അതിനവര്‍ ഇന്ത്യയിലും പുറത്തും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ദൈനംദിന പത്രവായനയിലൂടെയും സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് പ്രത്യേകിച്ച് മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് നടത്തപ്പെടുന്ന വെബിനാറുകളിലൂടെയും അവബോധം നേടേണ്ടിയിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനും അവനവനെയും ചുറ്റുമുള്ളവരെയും ബോധവല്‍ക്കരിക്കുന്നതിന് അവര്‍ കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കേണ്ടിയിരിക്കുന്നു.

You can share this post!

ഉടലാല്‍ അപമാനിതമാകുമ്പോള്

റിച്ചു ജെ. ബാബു (മൊഴിമാറ്റം: ടോം മാത്യു)
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts