news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

സൃഷ്ടി തുടങ്ങി ആറാം ദിവസമാണ് ദൈവത്തിനു കൈയബദ്ധം പിണഞ്ഞതെന്നു കവി സച്ചിദാനന്ദന്‍. അന്നാണു പ്രണയമില്ലാതെ പ്രാപിക്കുകയും വിശപ്പില്ലാതെ കൊല്ലുകയും ചെയ്യുന്ന മനുഷ്യനെ സൃഷ്ടിച്ചത്. ദൈവം സൃഷ്ടിച്ചത് പറുദീസയായിരുന്നു- പച്ചപ്പും കുളിര്‍കാറ്റും അരുവികളും കിളികളും മൃഗങ്ങളും സസ്യങ്ങളും മനുഷ്യനും ദൈവവും കൈകോര്‍ത്ത് സായാഹ്നസവാരിക്കിറങ്ങുന്ന ഇടം. പക്ഷേ മനുഷ്യന്‍ സൃഷ്ടിച്ചത് ബാബേല്‍ ഗോപുരമാണ്- അവനും കോണ്‍ക്രീറ്റും മാത്രമുള്ള ഇടം. ബാക്കിയുള്ളതൊക്കെ അവന് ഉപഭോഗിച്ചു തീര്‍ക്കാനുള്ളതായിരുന്നു. അങ്ങനെയെല്ലാം തീര്‍ന്നുകൊണ്ടിരുന്നപ്പോള്‍ യുദ്ധങ്ങള്‍ അനിവാര്യമായിവന്നു. ഉത്പത്തി 26-ാം അദ്ധ്യായം ഇസഹാക്കിന്‍റെ അനുയായികളും ഫിലിസ്ത്യരും തമ്മില്‍ കിണറുകള്‍ക്കുവേണ്ടി നടത്തിയ യുദ്ധം പ്രതിപാദിക്കുന്നു. അത്തരം യുദ്ധങ്ങള്‍ ഇന്നു മുഴുവന്‍ മണ്ണിലും വ്യാപൃതമായി. സുഡാനിലെ ഡാര്‍ഫറില്‍, ബൊളീവിയയിലെ കൊച്ചബാംബയില്‍, മുല്ലപ്പെരിയാറില്‍, കാഷ്മീരില്‍... വെള്ളത്തിനുവേണ്ടിയുള്ള തര്‍ക്കമോ രക്തച്ചൊരിച്ചിലോ പടരുകയാണ്.

ലോകത്തിന്‍റെ ഒരു ഭൂപടത്തില്‍ ഏറ്റവും സംഘര്‍ഷഭരിതമായ ഇടങ്ങള്‍ അടയാളപ്പെടുത്തുക; മറ്റൊന്നില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളും അടയാളപ്പെടുത്തുക. രണ്ടു ഭൂപടങ്ങളും ഏകദേശം സമാനമായാണ് അടയാളപ്പെടുത്തപ്പെട്ടതെന്ന് നമുക്കു കാണാനാകും. അതങ്ങനെയാകാതെ തരമില്ല. ഫോര്‍ച്യൂണ്‍ മാസിക പറയുന്നത് രാഷ്ട്രങ്ങളുടെ ആസ്തി നിര്‍ണ്ണയിക്കുന്നതില്‍ പെട്രോളിയത്തിന് ഇരുപതാംനൂറ്റാണ്ടില്‍ ഉണ്ടായിരുന്ന പങ്ക് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വെള്ളത്തിനായിരിക്കും എന്നാണ്.

കണക്കുകള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. 2000-ല്‍ ജലത്തിന്‍റെ ആഗോള ഉപഭോഗം 1900- ല്‍ ഉള്ളതിന്‍റെ ഏഴുമടങ്ങായിരുന്നു. പക്ഷേ ആകെയുള്ള വെള്ളത്തിന്‍റെ അളവ് കൂടുന്നില്ലല്ലോ. 2030 ആകുമ്പോഴേക്കും ആകെയാവശ്യമുള്ള വെള്ളത്തിന്‍റെ അറുപതുശതമാനമേ ഈ മണ്ണില്‍ ഉണ്ടാകൂ. ലോകത്തിലെ പ്രധാനപ്പെട്ട നദികളില്‍ പത്തിലൊന്നും മിക്ക മാസങ്ങളിലും ഒഴുകി കടലിലെത്തുന്നില്ല. (കേരളത്തിലുള്ളത് ഭാരതപ്പുഴയല്ല, ഭാരതപ്പൂഴിയാണെന്ന് സുകുമാര്‍ അഴീക്കോട്). പശ്ചിമേന്ത്യയിലുള്ള കിണറുകളില്‍ മുപ്പതുശതമാനവും വെള്ളമില്ലാത്തതുകൊണ്ട് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.   ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടു പ്രകാരം, സബ്-സഹാറന്‍ ആഫ്രിക്കയിലെ സ്ത്രീകള്‍ 4000 കോടി മണിക്കൂറാണ് ഒരു വര്‍ഷം വെള്ളത്തിനുവേണ്ടി മാത്രം ചെലവഴിക്കുക. (ഫ്രാന്‍സിലെ മുഴുവന്‍ തൊഴിലാളികളുടെയും ഒരുവര്‍ഷത്തെ തൊഴില്‍ സമയമാണിത്.)

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതല്ല, ആക്കിയതാണ്. ഒരാളുടെ  സകല ആവശ്യങ്ങള്‍ക്കും പ്രതിദിനം വേണ്ട വെള്ളത്തിന്‍റെ അളവ് ഏകദേശം 52 ലി. ആണ്. പക്ഷേ അമേരിക്കക്കാരന്‍ ഉപയോഗിക്കുന്നത് 280 ലി. വെള്ളമാണ്. (കക്കൂസിലെ ഫ്ളഷ് ചീറ്റിക്കുമ്പോള്‍ നഷ്ടപ്പെടുന്നത്ര വെള്ളമാണ് ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഒരു വ്യക്തിക്ക് ഒരു ദിവസം  ആകെ ലഭിക്കുന്നത്.) മഹാരാഷ്ട്രയില്‍ ഒരിടത്ത് വരള്‍ച്ചമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു; മറ്റൊരിടത്ത്   ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമുപയോഗിച്ച് വാട്ടര്‍ തീം പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. പ്ലാച്ചിമടയില്‍ കൊക്കകോള പ്രതിദിനം ഊറ്റിയെടുത്തത് 5 ലക്ഷം ലി. ഭൂഗര്‍ഭജലമാണ്. ചിലരുടെ ദുര നിമിത്തം ഇവിടെ ജലദൗര്‍ലഭ്യം ഏറുകയാണ്. ഒപ്പം വെള്ളക്കച്ചവടം കൊഴുക്കുകയുമാണ്. ഇന്ന് ഏതു മുക്കിലും മൂലയിലും കുപ്പിവെള്ളം ലഭ്യമാണ്. കഴിഞ്ഞ 50 കൊല്ലംകൊണ്ട് ഇന്ത്യന്‍ ഭരണകൂടം ജലസേചനരംഗത്ത് മുടക്കിയത് 80,000കോടി രൂപയാണ്. എന്നിട്ടുമവര്‍ പരാജയപ്പെട്ടിടത്ത് വെള്ളക്കച്ചവടക്കാര്‍ വിജയിച്ചിരിക്കുന്നു. വെള്ളം പെട്രോളുപോലെ വില്ക്കപ്പെടുന്നു.

നവജാതശിശു 91% വെള്ളമാണ്, പ്രായപൂര്‍ത്തിയായ വ്യക്തി 75 ശതമാനവും. ശരീരത്തിലെ വെള്ളത്തിന്‍റെ അളവില്‍ വെറും 2% കുറവു വന്നാല്‍ ഭയങ്കരമാകും ഫലം. ഇന്നു ദാഹിക്കുന്നവരൊക്കെ പലായനം ചെയ്യുകയാണ്. മധ്യപ്രദേശിലെ വരള്‍ച്ച ബാധിത ജില്ലയായ ധീമാര്‍ പുരയില്‍ 70 ശതമാനം വീടുകളും അടഞ്ഞുകിടക്കുകയാണത്രേ. അവരൊക്കെ അയല്‍സംസ്ഥാനങ്ങളിലേക്കു പോയിരിക്കുന്നു. ലോകമെമ്പാടും ഓരോ ആഴ്ചയിലും പത്തുലക്ഷം മനുഷ്യരാണ് നഗരങ്ങളിലേക്കു കുടിയേറിക്കൊണ്ടിരിക്കുന്നത്. ഒരിടത്തു വെള്ളം കിട്ടാതാവുമ്പോള്‍ അടുത്തയിടത്തേക്ക് അവര്‍ പോകും. അവിടെയും വെള്ളം കിട്ടാതാകുമ്പോള്‍ മറ്റൊരിടത്തേക്ക്. ഒടുക്കം അവരെന്തു ചെയ്യും? വരണ്ട തൊണ്ടയുമായി എല്ലാം സഹിച്ച് അവര്‍ എത്രനാള്‍ ഓടിക്കൊണ്ടിരിക്കും?

എവിടെയാണു നമുക്കു പിഴച്ചത്? നാലുകാലില്‍ നടന്നവന്‍ നിവര്‍ന്നുനിന്നപ്പോള്‍ താന്‍ മണ്ണിന്‍റെ ഭാഗമല്ലെന്നങ്ങ് കരുതിപ്പോയി. കോടാനുകോടി വര്‍ഷങ്ങള്‍ ലക്ഷോപലക്ഷം കീടങ്ങളും സസ്യങ്ങളും ജീവികളും അണമുറിയാതെ കാത്തുസൂക്ഷിച്ച ജീവന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ഒരു കണിക മാത്രമാണ് മനുഷ്യനെങ്കിലും, അവന്‍ പടച്ചുണ്ടാക്കിയ മതദര്‍ശനവും തത്ത്വചിന്തയും അവനെ സൃഷ്ടിയുടെ മകുടമാക്കി. മനുഷ്യനൊഴികെ എല്ലാറ്റിനെയും ദൈവം നേരിട്ടാണു സൃഷ്ടിച്ചതെന്നും അവനെമാത്രം മണ്ണില്‍നിന്നാണു മെനഞ്ഞെടുത്തതെന്നും അവന്‍ മറന്നുപോയി. മനുഷ്യനില്ലെങ്കിലും പ്രകൃതിയും അതിലെ ജീവജാലങ്ങളും ഇവിടെയുണ്ടാകുമെന്നും മണ്ണില്ലെങ്കില്‍ മനുഷ്യനില്ലെന്നുമുള്ള അതിലെ പാഠം അവന്‍ ഗ്രഹിച്ചില്ല. അവന്‍ ഉണ്ടാക്കിയ സ്വര്‍ഗ്ഗസങ്കല്പത്തില്‍ അവനല്ലാതെ മറ്റാര്‍ക്കും അവന്‍ ഇടം കൊടുത്തില്ല. ഒരിക്കലും ഗ്രഹിക്കാനാവാത്ത ഒരു രഹസ്യസ്വഭാവം പ്രപഞ്ചത്തിനുണ്ടെന്നു ദൈവം പറഞ്ഞിട്ടും അറിവിന്‍റെ കനി ഭക്ഷിച്ചവനെന്ന ഹുങ്കോടെ അവനുണ്ടാക്കിയെടുത്തതാണ് ശാസ്ത്ര-സാങ്കേതിക വിദ്യ. പക്ഷേ ഒരഗ്നിപര്‍വ്വതം പുറത്തുവിട്ട പൊടിപടലത്തിന് നൂറുകണക്കിന് വിമാനങ്ങളെ പൂട്ടിയിടാന്‍ കഴിയുമെന്ന് അടുത്തയിടെ നാം കണ്ടു. നദിക്കടിയില്‍നിന്ന് മണ്ണാര്‍മണിഞണ്ട്  കരയിലെത്തിച്ച മണ്ണുരുളകള്‍ മണ്ണാര്‍മണിത്തുമ്പി കൂട്ടിക്കൂട്ടിവച്ചാണ്  കേരളമുണ്ടാക്കിയതെന്ന മിത്തിലെ സത്യം അവന്‍ പുച്ഛിച്ചുതള്ളി. തുമ്പിയെ സ്റ്റഫ് ചെയ്തുവച്ചും ഞണ്ടുകറി കൂട്ടിയും അവനാഘോഷിച്ചു. നാലിലൊന്നു സസ്തന ജീവികളും  എട്ടിലൊന്നു പക്ഷികളും മൂന്നിലൊന്ന് ഉഭയജീവികളും സ്വാഭാവികമായി നശിക്കുന്നതിന്‍റെ ആയിരമിരട്ടി വേഗത്തില്‍ ഒടുങ്ങുമ്പോഴും അവന്‍ പെരുകിക്കൊണ്ടേയിരിക്കുന്നു.  

നമുക്കു നമ്മുടെ വിജയം കോളകുടിച്ച് ആഘോഷിക്കാം. പക്ഷേ എത്രനാള്‍? മഞ്ഞും ആലിപ്പഴവും മഴയും ഹിമാനികളും നദികളും അരുവികളും തടാകങ്ങളും കുളങ്ങളും നീരുറവകളും ചതുപ്പുനിലങ്ങളും ഭൂഗര്‍ഭജലസ്രോതസ്സുകളും മണ്ണിലെയും അന്തരീക്ഷത്തിലെയും ആര്‍ദ്രതയും എല്ലാം ചേര്‍ന്നൊരുക്കുന്ന അതിഗൂഢവും അതിലോലവുമായ വെള്ളത്തിന്‍റെ ശൃംഖല പൊട്ടിച്ചെറിഞ്ഞിട്ട് എത്രനാള്‍ നമുക്കിങ്ങനെ തുടരാനാകും? കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നാടുമുഴുവന്‍ തീര്‍ത്ത്, അലങ്കാരഇഷ്ടികകള്‍ മണ്ണില്‍ മുഴുവന്‍ നിരത്തി, ഒരിറ്റുവെള്ളം മണ്ണിലിറക്കിവിടാതെ, കാലില്‍  ഒട്ടും ചെളി പുരളാതെ എത്രനാള്‍ നമുക്കു ജീവിക്കാനാവും?

വെള്ളം വറ്റുകയും ഭൂമി പൊള്ളുകയും ചെയ്യുമ്പോള്‍ സമ്പന്ന-ദരിദ്രരാഷ്ട്രങ്ങളെന്നും ക്യാപിറ്റലിസ്റ്റ്- കമ്മ്യൂണിസ്റ്റെന്നും ഇന്ത്യ-പാക്കിസ്ഥാനെന്നും ഹിന്ദു-ക്രിസ്ത്യാനി യെന്നും പൗരന്‍-ഭരണകൂടമെന്നുമുള്ള എല്ലാ വിഭജനങ്ങളും തര്‍ക്കങ്ങളും ശുദ്ധഅസംബന്ധമാണ്. വരള്‍ച്ചയ്ക്ക് അതിര്‍ത്തികളില്ലെങ്കില്‍ അതിനെതിരെയുള്ള പോരാട്ടങ്ങള്‍ക്കും അതിര്‍ത്തികള്‍ പാടില്ല. ഇനിയുമിവിടെ ജീവിക്കണമെങ്കില്‍ അമേരിക്കക്കാരന്‍ മാത്രമല്ല, ഞാനും നീയും മാറേണ്ടതുണ്ട്; നമ്മുടെ ജീവിതശൈലി മാറ്റേണ്ടതുണ്ട്. ഒരു കിലോ ഉരുളക്കിഴങ്ങുണ്ടാക്കാന്‍ നൂറുലിറ്റര്‍ വെള്ളവും ഒരു കിലോ ഇറച്ചിയുല്പാദിപ്പിക്കാന്‍ 13,000 ലിറ്റര്‍ വെള്ളവും വേണ്ടിവരുന്നുണ്ട്. ആമസോണ്‍ കാടുകള്‍ വെട്ടിത്തെളിച്ച് കാളക്കും  പോത്തിനും വേണ്ട സോയാബീന്‍ നട്ടുപിടിപ്പിക്കപ്പെടുന്നു. മരങ്ങള്‍ മാംസമായി മാറ്റപ്പെടുകയാണ്. സ്വന്തം കുഞ്ഞിന്‍റെ യൗവനവും ചൂണ്ടിയെടുത്തു സുഖിക്കുന്ന യയാതിമാരാകാന്‍ പാടില്ല നാം. സബര്‍മതി ആശ്രമത്തിനു മുന്നിലൂടെ കരകവിഞ്ഞൊഴുകുന്ന നദിയില്‍നിന്ന് ഒരു ചെറുബക്കറ്റ് വെള്ളം മാത്രം കുളിക്കാനുപയോഗിക്കുകയും നദി തന്‍റേതല്ലെന്നു തിരിച്ചറിയുകയും ചെയ്ത ഗാന്ധിയെ തിരിച്ചുപിടിച്ചില്ലെങ്കില്‍ തൊണ്ട വരണ്ടു ചത്തുപോകും നമ്മള്‍.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts