news-details
മറ്റുലേഖനങ്ങൾ

നിസ്സംഗത മുറ്റിയ ബന്ധങ്ങള്‍

പൊതുവെ നമ്മള്‍ കരുതുന്നത് മനുഷ്യബന്ധങ്ങളെ സ്നേഹത്തിന്‍റെ ബന്ധങ്ങളെന്നും വെറുപ്പിന്‍റെ ബന്ധങ്ങളെന്നും രണ്ടായി തരംതിരിക്കാം എന്നാണ്. ഈ രണ്ടുഗ്രൂപ്പുകളിലും പെടാത്ത മറ്റൊരുതരം ബന്ധംകൂടിയുണ്ട് - നിസ്സംഗമായ ബന്ധങ്ങള്‍. അധികമാരും കാര്യമായി ചിന്തിച്ചിട്ടില്ലെങ്കിലും സമകാലീന ലോകത്തില്‍ മനുഷ്യബന്ധങ്ങളെ വ്യാപകമായി ഭരിക്കുന്ന ഒന്നാണ് നിസ്സംഗത.

സ്നേഹത്തിന്‍റെ വിപരീതം വെറുപ്പ് എന്നാണ് നാം പൊതുവേ പറയുന്നത്. താത്വികമായി പറഞ്ഞാല്‍ സ്നേഹത്തിന്‍റെയും വെറുപ്പിന്‍റെയും പൊതുവിപരീതം നിസ്സംഗതയാണ്. കാരണം, എനിക്ക് അപരനുമായുള്ള ബന്ധം സ്നേഹത്തിന്‍റെതാണെങ്കിലും വെറുപ്പിന്‍റെതാണെങ്കിലും ഞാന്‍ അയാളെ ഒരു വ്യക്തിയായി പരിഗണിക്കുന്നുണ്ട്. നമുക്ക് മേശയെയോ, കസേരയെയോ സ്നേഹിക്കാനോ വെറുക്കാനോ ആവില്ലല്ലോ. വ്യക്തികളെ മാത്രമെ സ്നേഹിക്കാനോ, വെറുക്കാനോ ആകൂ. പക്ഷേ നിസ്സംഗമനോഭാവത്തില്‍ എനിക്ക് അപരന്‍ വ്യക്തിയേ അല്ല, വെറുമൊരു വസ്തുവാണ് - ഒഴിവാക്കാവുന്ന ഒരു വസ്തു. വെറുക്കാന്‍പോലും യോഗ്യതയില്ലാത്ത ഒന്നാണത്.

നിസ്സംഗമായ ബന്ധങ്ങളില്‍ അപരന്‍ അവനോ അവളോ അല്ല, വെറും 'അത്' ആണ്. റെയില്‍വേസ്റ്റേഷനിലെ ടിക്കറ്റ്കൗണ്ടറില്‍ ടിക്കറ്റ് നല്കുന്നത് ആരാണെങ്കിലും - ആണോ, പെണ്ണോ, മെഷീനോ ആരുമാകട്ടെ - എനിക്കതൊരു വിഷയമേയല്ല. ഒരു പ്രായോഗികാവശ്യം നിമിത്തമാണ് ഞാന്‍ 'അതിന്‍റെ' മുമ്പില്‍ നില്ക്കുന്നത്. അല്ലാതെ 'അതിന്‍റെ' സുഖമന്വേഷിക്കാനോ, വീട്ടുകാര്യമോ നാട്ടുകാര്യമോ ചോദിക്കാനോ അല്ല. അവയൊന്നും എന്നെ ബാധിക്കുന്നതേയല്ല. 'എത്രയും പെട്ടെന്ന് എനിക്കു ടിക്കറ്റു കിട്ടണം' ഇതു മാത്രമാണ് 'അതു'മായുള്ള ബന്ധത്തില്‍ എന്നെ ഭരിക്കുന്ന ഒരേയൊരു ചിന്ത. ഒരാള്‍ വിലയിരുത്തപ്പെടുന്നത് അയാള്‍ ചെയ്യുന്ന കര്‍മ്മത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ്. ഇന്നു നമ്മുടെ സമൂഹത്തില്‍ 'മുഖ'മുള്ളവര്‍ ചുരുങ്ങുകയാണ്, പകരം മുഖമില്ലാത്തവര്‍ - പോസ്റ്റ്മാന്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, എന്‍ജിനീയര്‍, സുപ്പീരിയര്‍, പ്രൊവിന്‍ഷ്യല്‍ - ഏറുകയാണ്. ഓരോരുത്തരും നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്വത്തിന്‍റെ പേരില്‍ മാത്രം ഞാന്‍ അവരുമായി ബന്ധം പുലര്‍ത്തുമ്പോള്‍ ഉപയോഗപരതയില്‍ അധിഷ്ഠിതമായിത്തീരുന്നു എന്‍റെ ബന്ധങ്ങള്‍. എനിക്കുപകാരപ്പെടുമെങ്കില്‍ മാത്രം ഞാന്‍ ഒരാളുമായി ബന്ധപ്പെടുന്നു. ഒരു സൈക്കിള്‍ ഞാന്‍ തൂത്തുതുടയ്ക്കുന്നത് എനിക്കതിനോടുള്ള സ്നേഹം കൊണ്ടല്ല, അതെനിക്ക് ഉപകാരപ്പെടുന്നതുകൊണ്ടാണ്.

നിസ്സംഗമായ മനോഭാവത്തില്‍ ഞാന്‍ വ്യക്തികളെ  വസ്തുവെന്നപോലെ പരിഗണിക്കുന്നു. സമൂഹമെന്ന ഒരു വലിയ മെഷീനറിയുടെ ചെറിയൊരു പാര്‍ട്ട് മാത്രമാണ് ഓരോ വ്യക്തിയും. വ്യക്തികളെ അവര്‍ ചെയ്യുന്ന കര്‍മ്മത്തിലേക്കു നാം ചുരുക്കുന്നു. അത്തരമൊരു   സമൂഹത്തിലെ അംഗങ്ങള്‍ നിസ്സംഗത മുഖമുദ്രയാക്കിയവരാണ്. സമകാലീന സമൂഹത്തിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും ഇതു ശരിയാണ്.

ഇന്നത്തെ സമൂഹം ക്രമബദ്ധവും കണക്കുകൂട്ടലുകള്‍ക്കനുസരിച്ചു നീങ്ങുന്നതുമാണ്. നമ്മുടെ ഓരോ പ്രവൃത്തിയും നിലപാടും കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതാണ്. ഒരു പ്രത്യേക ലക്ഷ്യത്തിനായി ഒരു പ്രത്യേകരീതിയില്‍ മാത്രം നാം പ്രവര്‍ത്തിക്കുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു; ഉല്പന്നങ്ങള്‍ക്കനുസരിച്ച് ആവശ്യങ്ങളും. എല്ലാറ്റിനെയും സംഖ്യകള്‍കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു: നിരത്ത്, കെട്ടിടം, വണ്ടി, വ്യക്തി... എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ഇവിടെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായ പ്ലാനനുസരിച്ച് വ്യക്തമായ ഒരു പദ്ധതിപ്രകാരം ചലിക്കുന്നു. നിസ്സംഗത ജീവിതത്തെ യന്ത്രസമാനമാക്കിത്തീര്‍ക്കുന്നു.

ആഗോളവത്ക്കരണത്തിന്‍റെയും സാങ്കേതിക മികവിന്‍റെയും ഇക്കാലം നമ്മെ വല്ലാതെ അപമാനവീകരിക്കുന്നു എന്നു നാം അറിയുന്നതേയില്ല. കൊടുക്കാനും വാങ്ങാനുമുള്ള ചരക്കുകളായി, ഉപയോഗിക്കപ്പെടാനുള്ള ഉപകരണങ്ങളായി നാം മാറുന്നു. സാങ്കേതിക ലോകത്തുമാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല നിസ്സംഗമായ മനോഭാവം. അതു കുടുംബങ്ങളെവരെ ബാധിച്ചിരിക്കുന്നു. കണക്കുകൂട്ടലുകളുടെ ലോകത്ത് നഷ്ടപ്പെടുന്നത് ബന്ധങ്ങളുടെ ഊഷ്മളതയും വൈശിഷ്ട്യവും സുതാര്യതയുമാണ്.    

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts