news-details
മറ്റുലേഖനങ്ങൾ

അസഹിഷ്ണുത വളരുന്ന കേരളം

കേരളസമൂഹത്തില്‍ പണ്ട് ഉണ്ടായിരുന്ന സൗഹൃദഭാവവും സഹവര്‍ത്തിത്വവും സഹകരണമനോഭാവവും ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ? നമ്മുടെ പത്രമാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കണ്ടാല്‍ അങ്ങനെ തോന്നിപ്പോയേക്കാം. അക്രമങ്ങളുടെയും വഴക്കുകളുടെയും തര്‍ക്കങ്ങളുടെയും മത്സരങ്ങളുടെയും അസഹിഷ്ണുതയുടെയും കഥകളനവധിയാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രം നമ്മുടെ സമൂഹത്തില്‍ ഇന്ന് അസഹിഷ്ണുതയ്ക്കു മുന്‍തൂക്കം ലഭിച്ചുകഴിഞ്ഞിരിക്കുന്നു എന്ന തീരുമാനത്തിലെത്തുവാന്‍ സാധിച്ചെന്നു വരികയില്ല. പണ്ടു കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹികവ്യവസ്ഥിതിയില്‍ ജനാധിപത്യമൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വ്യാപൃതമായ അംഗീകാരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഗണ്യമായ ഒരുവിഭാഗം കേരളീയര്‍ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയരായിരുന്നു. അവര്‍ കൈവന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് അന്നുവരെ നിഷേധിക്കപ്പെട്ടവയ്ക്കായി ശക്തമായ അവകാശവാദങ്ങള്‍ ഉന്നയിച്ചുതുടങ്ങിയിരിക്കാം. ഈ അവകാശവാദങ്ങള്‍ കേട്ടു മുന്‍കാലങ്ങളില്‍ ചോദ്യംചെയ്യാനാവാത്ത അധികാരങ്ങള്‍ അനുഭവിച്ചിരുന്ന ചിലരെങ്കിലും പ്രതിരോധമാര്‍ഗ്ഗങ്ങളിലേക്കു തിരിഞ്ഞിരിക്കാം. കൂടാതെ പുതിയ അവകാശവാദങ്ങളെ നേരിട്ടെതിര്‍ക്കാതെ, ഒളിയുദ്ധമുറകള്‍ സ്വീകരിച്ച വിഭാഗങ്ങളും കണ്ടേക്കാം. ഇത്തരം ഒരു സ്ഥിതിവിശേഷത്തെ അസഹിഷ്ണുതയുടെയും മത്സരങ്ങളുടെയും ഒരു ചിത്രമായി മാത്രം കാണുവാന്‍കഴിയുമോ? അത്തരം അവസ്ഥയില്‍ അന്തര്‍ലീനമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നവര്‍ അവകാശങ്ങള്‍ ഒന്നൊന്നായി കൈവരിക്കുന്നു എന്ന പോസിറ്റീവായ ഒരു ഘടകം കാണേണ്ടതല്ലേ?

പ്രധാനമായും രാഷ്ട്രീയപ്രവര്‍ത്തനത്തിനു മുന്‍കൈ ലഭിച്ച വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള തര്‍ക്കങ്ങളെയും സമരങ്ങളെയും സംഘര്‍ഷങ്ങളെയും ഇപ്പോള്‍പ്പറഞ്ഞ രീതിയിലുള്ളവയായി കാണാം. അത്തരം സംഘര്‍ഷങ്ങളെല്ലാം പൂര്‍ണ്ണമായും പോസിറ്റീവാണെന്നോ, അവയില്‍ നെഗറ്റീവായ ഘടകങ്ങളൊന്നുമില്ലെന്നോ അല്ല ഇവിടെ സമര്‍ത്ഥിക്കുന്നത്. അതുപോലെതന്നെ ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍, ജാതിയിലധിഷ്ഠിതമായി നിഷേധിക്കപ്പെട്ട പൗരാവകാശങ്ങള്‍ക്കായും ഭൂമി നിഷേധത്തിനെതിരായും ഉണ്ടായ സമരങ്ങള്‍ എന്നിവയെയും ഇത്തരം വിഭാഗത്തില്‍പ്പെടുത്താമെന്നു കരുതുന്നു. സമരങ്ങളും സംഘര്‍ഷങ്ങളും സമാധാനഭംഗത്തിനു വഴിതെളിക്കുമെങ്കിലും അവയില്‍ ന്യായത്തിനുവേണ്ടിയുള്ള ശ്രമം ഒരു വിഭാഗത്തില്‍നിന്നും ഉണ്ടാകുന്നതുകൊണ്ട് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുള്ള കടമ പൊതുസമൂഹത്തിനുണ്ട് എന്നുപറയാം. ഇതുപോലെയുള്ള ന്യായത്തിനും അടിസ്ഥാന അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങളുടെ സംഖ്യ വര്‍ദ്ധിച്ചുവന്നതിനാലാണ് സ്വാതന്ത്ര്യാനന്തര കേരളത്തില്‍   സംഘര്‍ഷനിര്‍ഭരമായ ഒരു അന്തരീക്ഷം ശക്തിപ്രാപിച്ചതെന്നു പൊതുവെ പറയാം. എന്നാല്‍ ഇവ മാത്രമാണോ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടിയത്?

വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള സമരങ്ങളും അവ ഏറ്റക്കുറച്ചിലുകളോടെ സ്വാധീനിച്ച രാഷ്ട്രീയസമരങ്ങളും ജാതി-സമുദായാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട അവകാശസമരങ്ങളും മാത്രമല്ല കേരളത്തില്‍ അടുത്തകാലത്തു ശക്തിപ്രാപിച്ചിട്ടുള്ളത്. മതത്തിന്‍റെ അടിസ്ഥാനത്തിലും വിശ്വാസത്തെ മുന്‍നിര്‍ത്തിയും ജനങ്ങളെ വേര്‍തിരിച്ചുകാണുവാനും ആ തരംതിരിവുകളുടെ അടിസ്ഥാനത്തില്‍ നേട്ടങ്ങള്‍ കൊയ്യുവാനുള്ള സംരംഭങ്ങളും മറ്റുള്ളവരെ തളര്‍ത്തുവാനുള്ള ശ്രമങ്ങളും കേരളത്തില്‍ വളര്‍ന്നുവരുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങളെയും തര്‍ക്കങ്ങളെയും അസഹിഷ്ണുതയെയും ന്യായത്തിന്‍റെയും അവകാശങ്ങളുടെയും അടിസ്ഥാനത്തില്‍ ന്യായീകരിക്കുവാനാകുമോ? മതസംഹിതകളെല്ലാംതന്നെ സഹിഷ്ണുതയുടെയും സമന്വയത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും അടിസ്ഥാനപാഠങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ പ്രത്യേകിച്ചും അവയെ അടിസ്ഥാനമാക്കി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതു ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തില്‍ത്തന്നെ വിവിധ സാംസ്കാരികധാരകളുടെ സമന്വയത്തിന്‍റെയും സഹിഷ്ണുതയുടെയും ഒരു അന്തര്‍ധാര നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നാണ് എം. ജി. എസ്സ്. നാരായണനെയും രാജന്‍ ഗുരുക്കളെയുംപോലുള്ള പ്രമുഖചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നത്. രാജന്‍ ഗുരുക്കള്‍ മദ്ധ്യകാലകേരളത്തില്‍ നിലനിന്നിരുന്ന ഉല്‍പാദനരീതികളുടെ അടിസ്ഥാനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുണ്ടായ പരസ്പരാശ്രയത്വത്തേയും അതിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ട സഹവര്‍ത്തിത്വത്തെയും ചൂണ്ടിക്കാണിക്കുന്നു. വിദേശവ്യാപാരത്തിലൂന്നിയ ക്രൈസ്തവ , യഹൂദ (പില്‍ക്കാല മുസ്ലീം) ജനവിഭാഗങ്ങള്‍ക്കു പ്രാമുഖ്യമുണ്ടായിരുന്ന തീരപ്രദേശങ്ങളും, നെല്‍കൃഷിയിലധിഷ്ഠിതമായ ഹൈന്ദവവിഭാഗങ്ങള്‍ക്കു മുന്‍തൂക്കമുണ്ടായിരുന്ന മദ്ധ്യകേരളവും, ജൈന-ബൗദ്ധ വിഭാഗങ്ങള്‍ക്കും ആദിവാസഗോത്രങ്ങള്‍ക്കും പ്രാമുഖ്യമുണ്ടായിരുന്ന സുഗന്ധവ്യജ്ഞനങ്ങളുടെ ഉല്‍പാദനവും സമീപപ്രദേശങ്ങളുമായുണ്ടായിരുന്ന കച്ചവടവും നടന്നിരുന്ന ഉള്‍നാടന്‍ പ്രദേശങ്ങളും ആയിരുന്നു അക്കാലത്തെ കേരളത്തിന്‍റെ ഉല്‍പാദന മാതൃക. ഇതില്‍ ഓരോ വിഭാഗത്തിന്‍റെയും "ഉല്‍പന്നങ്ങള്‍" മറ്റുവിഭാഗങ്ങളുടെ ആവശ്യങ്ങളുമായിരുന്നു. ഇത്തരം പരസ്പരാശ്രയത്വം ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നു കോഴിക്കോട് മുതലായ ചില പ്രദേശങ്ങളെക്കുറിച്ചുള്ള സൂക്ഷ്മപഠനങ്ങള്‍ കാണിക്കുന്നുമുണ്ട്.

ഈ ലേഖകന്‍തന്നെ മറ്റൊരു പഠനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കേന്ദ്ര ആഭ്യന്തരവകുപ്പ് വര്‍ഷംതോറും പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കുന്ന 'വര്‍ഗ്ഗീയ സംഭവങ്ങളുടെ' ലിസ്റ്റനുസരിച്ച് അക്കാര്യത്തില്‍ നിരന്തരമായി ഏറ്റവുംകുറച്ചു സംഭവിക്കുന്നതു കേരളത്തിലാണ്. കേരളത്തിന്‍റെ സമീപകാല പാരമ്പര്യംപോലും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍റേതുമാണെന്നാണ് ഇതിന്‍റെയര്‍ത്ഥം. എങ്കില്‍പ്പിന്നെ കേരളം അസഹിഷ്ണുതയുടെയും സംഘര്‍ഷത്തിന്‍റെയും പിടിയിലേക്കു വഴുതിവീഴുന്നുവെന്നു എങ്ങനെ കരുതുവാനാകും? നമ്മളില്‍ പലരും വായിച്ചുംകേട്ടും അറിയുന്നതും ചിലരെങ്കിലും അനുഭവിച്ചറിയുന്നതുമായ അനുഭവങ്ങള്‍ അത്ര ശുഭോദര്‍ക്കമല്ല. ചോദ്യപേപ്പറില്‍ തെറ്റുകടന്നുകൂടിയാല്‍ അദ്ധ്യാപകന്‍റെ കൈവെട്ടുക, മതവിമര്‍ശനത്തിന്‍റെപേരില്‍ ഊരുവിലക്കുക, അന്യമതവിശ്വാസിയുമായി സ്നേഹത്തിലായാല്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവരിക, അതിലും വലുതെന്നു സാങ്കല്പികമായി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ക്കു കഴുത്തുതന്നെ വെട്ടുക എന്നിങ്ങനെ ഭീതിപ്പെടുത്തുന്ന ചെയ്തികള്‍ കേരളത്തിലും സംഭവിക്കുന്നുണ്ട്. കൂടാതെ, കേരളത്തെപ്പോലെതന്നെ വര്‍ഗ്ഗീയസംഭവങ്ങളുടെ എണ്ണം കുറഞ്ഞിരുന്ന പഞ്ചാബ് ഒരു പ്രത്യേകാവസ്ഥയില്‍ പെട്ടെന്നു നിരന്തരസംഘര്‍ഷങ്ങളിലേയ്ക്കു കൂപ്പുകുത്തിയതും നാം കണ്ടനുഭവിച്ചതാണ്. കേരളത്തിലും അങ്ങനെ സംഭവിക്കുമെന്നു കരുതാമോ?

കേരളത്തിലും അങ്ങനെ സംഭവിച്ചുകൂടെന്നില്ല. കാരണങ്ങള്‍ പലതാണ്. നമുക്കു രാജന്‍ഗുരുക്കളുടെ ഹൈപ്പോതീസിസിലേയ്ക്കു തിരിച്ചുപോകാം. അതനുസരിച്ച്, കേരളത്തിന്‍റെ സാമുദായിക സൗഹാര്‍ദ്ദത്തിന്‍റെ അടിസ്ഥാനം പരസ്പരാശ്രയം വളര്‍ത്തുന്ന ഉല്‍പാദനക്രയവിക്രയരീതികളാണ്. ഈ പരസ്പരാശ്രയം തന്നെയായിരിക്കാം നമ്മള്‍, വിവിധ മത-ജാതി-സമുദായങ്ങളെ അടുത്തടുത്തു വീടുകള്‍വച്ചു താമസിക്കുവാന്‍ പ്രേരിപ്പിച്ചതും. എന്നാല്‍ കേരളത്തിന്‍റെ സമീപകാല സാമ്പത്തികവികസന ചരിത്രം കാണിക്കുന്നത്, ചില സാമ്പത്തിക സ്രോതസ്സുകളില്‍ മറ്റുള്ളവയെക്കഴിഞ്ഞ് ഉയര്‍ന്നനിരക്കിലുള്ള വളര്‍ച്ച ഉണ്ടായതായാണ്. ഉദാഹരണത്തിന് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി, സംസ്ഥാനത്തിനു പുറത്തുനിന്നുമുള്ള പണംവരവ്, അബ്കാരി ഉള്‍പ്പെടെയുള്ള കച്ചവടം എന്നിവയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച വളരെ പ്രകടമാണ്. ഇവയോടൊപ്പം ബന്ധപ്പെട്ട ചില മേഖലകളിലും വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇവയുടെ വളര്‍ച്ച താരതമ്യേന ചില സമുദായങ്ങളിലെ അംഗങ്ങളുടെ സാമ്പത്തികനില കൂടുതല്‍ ശക്തമാക്കി. ഇതിനു ചരിത്രപരമായ ചില കാരണങ്ങളുണ്ട്. ഇവര്‍ക്ക് പരസ്പരാശ്രയത്തിന്‍റെ നേരിട്ടുള്ള ബന്ധത്തില്‍നിന്നും പുറത്തുകടക്കുവാനും 'സ്വതന്ത്രമായി' സാമ്പത്തികനടപടികളിലേര്‍പ്പെടുവാനും സാധ്യമായി. കൂടാതെ സാമ്പത്തികമായി വളര്‍ച്ചപ്രാപിച്ച ജനവിഭാഗങ്ങളില്‍ തങ്ങളുടെ സ്വസമുദായാംഗങ്ങളില്‍പ്പെട്ടവരെ കാണുമ്പോള്‍ അവരുമായി സംഘംചേരുവാനും അവരുമായി ഒത്തുചേര്‍ന്നു താമസസൗകര്യം ഒരുക്കുവാനും സാധ്യതകള്‍തെളിഞ്ഞു. അങ്ങനെ നമ്മുടെ പട്ടണങ്ങളിലും, പട്ടണങ്ങളുടെ രീതിയില്‍ത്തന്നെ, പട്ടണങ്ങളോടടുത്തു വളര്‍ന്നുവരുന്ന ഗ്രാമപ്രദേശങ്ങളിലും ഉയര്‍ന്നുവരുന്ന ആവാസവ്യവസ്ഥ സമുദായാടിസ്ഥാനത്തില്‍ തിരിച്ചറിയപ്പെടുന്ന കോളനികളായി രൂപപ്പെട്ടുവരുന്നതിന്‍റെ സൂചനകളുമുണ്ട്.

ഇത്തരം സാമ്പത്തികവളര്‍ച്ചയുടെ പല പ്രത്യാഘാതങ്ങളില്‍ ഒന്ന്, വിവിധ മതവിഭാഗങ്ങളുടെ ചട്ടക്കൂട്ടില്‍നില്ക്കുന്ന ജനവിഭാഗങ്ങള്‍ തമ്മിലുള്ള "ഐക്യം" ശക്തിപ്പെടും എന്നതാണ്. ഈ ഐക്യം ശക്തിപ്പെടുത്തുവാന്‍ സമ്പത്തിനോടൊപ്പം ആചാരങ്ങളുടെയും പിന്‍ബലംവേണം. അങ്ങനെവരുമ്പോള്‍ നമ്മള്‍ ഒരുകാലത്ത് ഉപേക്ഷിച്ചുവെന്നുകരുതുന്ന വേഷവിധാനങ്ങളും ആചാരവിശേഷതകളും വീണ്ടും ശക്തിയോടുകൂടിത്തന്നെ പുനസ്സൃഷ്ടിക്കപ്പെടും. ഒരു വശത്തു മതസമൂഹങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ജാതി-ഉപജാതി, ഡിനോമിനേഷന്‍, സെക്ട് എന്നിവ ശക്തിപ്രാപിക്കുകയും അതോടൊപ്പം മറുവശത്ത് ഹൈന്ദവ-ഇസ്ലാം-ക്രൈസ്തവ എന്ന മതലേബലുകളില്‍തന്നെ സംഘടിക്കുവാനും അതിനുള്ളിലുള്ള വിഭാഗീയതകളെ നിരാകരിച്ച് വളരുവാനും ഉള്ള പ്രവണതയും ശക്തിപ്രാപിക്കുകയും ചെയ്യും. ഇതു രണ്ടും ശക്തിപ്രാപിക്കണമെങ്കില്‍ സ്വന്തംഗ്രൂപ്പുകളെ അടിസ്ഥാനമാക്കുകയും മറ്റുഗ്രൂപ്പുകളെ വിരോധിക്കുകയും ചെയ്യുന്ന മനോഭാവം വികസിക്കേണ്ടിവരുന്നു. ഇവയുടെ വളര്‍ച്ച അസഹിഷ്ണുതയ്ക്ക് ആക്കംകൂട്ടുകയും ചെയ്യും.ഇത്തരം മത, ജാതി, ഉപജാതി, ഡിനോമിനേഷന്‍, സെക്ട് അടിസ്ഥാനത്തിലും മതങ്ങളുടെ വ്യാപകാടിസ്ഥാനത്തിലും ഉള്ള 'മത്സര'ത്തെ പ്രോത്സാഹിപ്പിക്കുന്ന രണ്ടു സ്ഥൂലഘടകങ്ങളിന്നു നിലവിലുണ്ട്. അതിലൊന്ന് ഇന്‍ഡ്യ മുഴുവനും, കേരളത്തിലും നിലവിലിരിക്കുന്ന സാമ്പത്തികക്രമമാണ്. ഇതു മത്സരത്തിലും ലാഭത്തിലും അധിഷ്ഠിതമായ ഉദാരവല്‍കൃതസംവിധാനമാണ്. അതിന്‍റെ വളര്‍ച്ച സ്വാഭാവികമായ പരമകാഷ്ഠയെ പ്രാപിക്കുമ്പോള്‍ മതപരവും ജാതിപരവും ആയ ലേബലുകളെയൊക്കെ നിരാകരിച്ചു ലാഭംമാത്രം കണക്കാക്കിയുള്ള നിക്ഷേപപരിപാടികളിലേയ്ക്കു സമൂഹത്തെ നയിക്കുമെന്നാണു വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ കേരളത്തിലിന്നും അത്തരം ഉദാരവല്‍കൃതവ്യവസ്ഥയുടെ വളര്‍ച്ച അതിന്‍റെ പൂര്‍ണ്ണരൂപത്തിനടുത്തുപോലും എത്തിയിട്ടില്ല. അതുകൊണ്ട്, അവികസിതമുതലാളിത്തസംവിധാനത്തില്‍ ജാതിയുടെയും മതത്തിന്‍റെയും ലേബലുകളിലേയ്ക്കും അവയുടെ അടിസ്ഥാനത്തിലുള്ള സംഘംചേരലുകളിലേയ്ക്കും നയിക്കപ്പെടുവാന്‍ പലരും നിര്‍ബന്ധിതരാകും. അതോടൊപ്പം കേരളത്തിലെ രാഷ്ട്രീയസംവിധാനത്തില്‍ പല പാര്‍ട്ടികളും നിലവിലിരിക്കുന്നുണ്ടെങ്കിലും, പൊതുവെപറഞ്ഞാല്‍ ഏതാണ്ടു തുല്യശക്തികളായ രണ്ടു രാഷ്ട്രീയമുന്നണികളിലൊതുങ്ങിയാണിവയെല്ലാംതന്നെ പ്രവര്‍ത്തിക്കുന്നത്. ഈ രണ്ടു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ വേണ്ടതു വ്യക്തികളുടെയും അവരുള്‍പ്പെടുന്ന ഗ്രൂപ്പുകളുടെയും വോട്ടും സഹകരണവുമാണ്. കേരളത്തിന്‍റെ സാമൂഹികസാംസ്കാരിക മണ്ഡലങ്ങള്‍ വിവിധഗ്രൂപ്പുകളായി ചിതറിക്കിടക്കുകയാണ്. അതിലെത്ര ചെറിയഗ്രൂപ്പിനും തെരഞ്ഞെടുപ്പു കാലത്തെങ്കിലും അവരുടെ സംഖ്യയെക്കവിഞ്ഞ ശക്തി പ്രകടിപ്പിക്കുവാന്‍ സാധിക്കും. അതിനെ ചെറുക്കുവാന്‍ വോട്ട് ആവശ്യമായ രാഷ്ട്രീയ മുന്നണികള്‍ക്കു ശക്തികുറഞ്ഞുമിരിക്കും. ഈ രണ്ടു സ്ഥൂലഘടകങ്ങളും മുന്‍പുസൂചിപ്പിച്ച മത്സരത്തിലധിഷ്ഠിതമായ അസഹിഷ്ണുതയെ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

ഇതില്‍ ആശങ്കജനിപ്പിക്കുന്ന മറ്റൊരു ഘടകംകൂടിയുണ്ട്. കേരളത്തിന്‍റെ സാമ്പത്തികവളര്‍ച്ച മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വളരെ ഉയര്‍ന്നതുതന്നെയാണ്. ഇത്തരം വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ക്രമേണയെങ്കിലും ലഭ്യമാകേണ്ടതാണ്. എന്നാല്‍ ഈ വളര്‍ച്ചയ്ക്കനുയോജ്യമായ തൊഴിലവസരങ്ങള്‍ വളരുന്നതായി കാണുന്നില്ല. അതിന്‍റെയര്‍ത്ഥം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്കു മറ്റുള്ളവരുടെയൊപ്പം നേട്ടങ്ങള്‍ കൈവരിക്കുവാനാകില്ലെന്നാണ്. അതോടൊപ്പം നമ്മുടെ വികസനപ്രവര്‍ത്തനങ്ങളില്‍ പലതും പരിസ്ഥിതി സംരക്ഷണത്തിനനുയോജ്യമായതല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതുംകൂടി കണക്കിലെടുക്കുമ്പോള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചില്ലെങ്കില്‍ അവര്‍ നിരന്തരമായി അവഗണിക്കപ്പെട്ടുപോകും. അവര്‍ക്കു കേരളസമൂഹത്തിലെ മറ്റുവിഭാഗങ്ങള്‍ നേട്ടങ്ങള്‍ കൊയ്തതുപോലെ നേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍, ഭൂമിയുടെമേലുള്ള അവകാശവും വിദ്യാഭ്യാസസൗകര്യങ്ങളും മറ്റുള്ളവരെ അപേക്ഷിച്ച് കൂടതല്‍ ലഭ്യമാകണം. ഇതുരണ്ടും നേരേമറിച്ചാണു സംഭവിക്കുന്നതെന്ന് ഔദ്യോഗികപഠനങ്ങള്‍തന്നെ ചൂണ്ടിക്കാണിക്കുന്നു. തല്‍ഫലമായി ദാരിദ്ര്യത്തിന്‍റെ തോതു കേരളസമൂഹത്തില്‍ ഏറ്റവും വര്‍ദ്ധിച്ചുകാണുന്നത് ആദിവാസികള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, പട്ടികജാതിക്കാര്‍ എന്നിവരുടെയിടയിലോ അവര്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലോ ആണ്. എന്നാല്‍ ഇവര്‍ മറ്റുള്ളവരെപ്പോലെ സംഘടിതരല്ലാത്തതുകൊണ്ടോ, അവര്‍ ഓരോ വിഭാഗമായി കണക്കാക്കിയാല്‍ ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാന്‍തക്കവണ്ണം സംഖ്യയില്ലാത്തതുകൊണ്ടോ ആയിരിക്കാം ഇവരുടെ ഡിമാന്‍റുകള്‍ക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കാതെപോകുന്നത്. കേരളത്തിന്‍റെ വികസനചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകുന്നതുപോലെ, മറ്റു കേരളീയ സാമൂഹികവിഭാഗങ്ങളില്‍ സര്‍വ്വതോന്മുഖമായ വികസനം ലഭ്യമായത് ഉയര്‍ന്ന "വര്‍ഗ്ഗങ്ങളില്‍" പ്പെട്ടവര്‍പോലും അവരുടെ പൊതു ആവശ്യങ്ങളില്‍ അവരേക്കാള്‍ സാമ്പത്തികമായി താഴ്ന്നനിലവാരത്തിലായിരുന്നവരുടെ ആവശ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതുകൊണ്ടാണ്. ഇത്തരം പൊതുപ്രവര്‍ത്തനത്തിന്‍റെ ശക്തി ക്രമേണകുറഞ്ഞുവന്നതായാണു കണ്ടുവരുന്നത്. അതു ചെറുക്കണമെങ്കില്‍ പൊതുജനജിഹ്വകളായി കരുതപ്പെടുന്ന പത്രമാധ്യമങ്ങള്‍ ഇത്തരം കൂട്ടരുടെ ആവശ്യങ്ങള്‍ക്കു പ്രത്യേകപ്രാധാന്യം നല്‍കണം. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍പോലും പണം സ്വീകരിക്കപ്പെടുന്ന ഇന്നത്തെ കാലത്തെ പത്രമാധ്യമങ്ങളില്‍നിന്നും അതു പ്രതീക്ഷിക്കാനാവുമോ? അതുപോലെ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുന്ന ന്യൂനപക്ഷം അതിലൂടെ കൈവരിക്കേണ്ടത്, ജോലി നേടാനുള്ള കഴിവും അതോടൊപ്പം ജനാധിപത്യ-സാമൂഹികമൂല്യങ്ങളും ആണ്. മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ ഇവയില്‍ രണ്ടാമതുപറഞ്ഞ കാര്യത്തിനു പ്രസക്തി കുറയും. ഇങ്ങനെവരുമ്പോള്‍ "ദരിദ്രരായവരെ" നിത്യദാരിദ്ര്യത്തിലേയ്ക്കു പറഞ്ഞയച്ച്, മതത്തിന്‍റേതായാലും മറ്റുവിഭാഗങ്ങളിലധിഷ്ഠിതമായ വിഭാഗീയതയായാലും, ചൂഷണം ചെയ്തു മത്സരരംഗത്ത് ഒരുപടികൂടി മുന്നേറാനായിരിക്കും പലരുടെയും ശ്രദ്ധ. അങ്ങനെവരുമ്പോള്‍ അസഹിഷ്ണുതയും സംഘര്‍ഷങ്ങളും വളര്‍ന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

(ഈ ലേഖനത്തില്‍ അവതരിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളെല്ലാം തികച്ചും വ്യക്തിപരം മാത്രമാണ്.)

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts