news-details
കവർ സ്റ്റോറി

സത്യത്തില്‍ കുട്ടികള്‍ക്കെന്തെങ്കിലും കഴിയുമോ?

ദിവസങ്ങളും മാസങ്ങളും നീളുന്ന പ്രക്രിയകളാവില്ല പലപ്പോഴും നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുന്നത്. ഏതാനും നിമിഷങ്ങള്‍ നീളുന്ന ആരുടെയോ പ്രവൃത്തികള്‍, ചിലപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന നല്ല ചിന്തകള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരുപക്ഷേ നമ്മുടെ ജീവിതസങ്കല്‍പങ്ങളെ പാടേ മാറ്റിമറിച്ചേക്കാം. നമുക്കൊരിക്കലും  മുന്‍ധാരണ വയ്ക്കാനാവാത്ത കാര്യങ്ങളാണിവ. അങ്ങനെ കുറേ കുട്ടികളുമായി ബന്ധപ്പെട്ടുണ്ടായ കുറച്ചനുഭവങ്ങളാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത്. 
 
ഒരു നേച്ചര്‍ക്ലബ് അംഗം എന്നതിലുപരി കുട്ടികള്‍, കുട്ടികളുടെ ക്യാമ്പുകള്‍ ഒക്കെ ഏറെ ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണ് ഞാന്‍. കുട്ടികള്‍ എപ്പോഴും പ്രതീക്ഷയുടേയും നന്മയുടേയും പ്രതീകമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഏതാണ്ട് 1980-കളുടെ അവസാനത്തോടെ എല്‍. പി. തലത്തിലെ കുട്ടികളുടെ അടുത്തേക്ക് പാട്ടുകളും കഥകളും മറ്റുമായി ഞങ്ങള്‍ കുറേ കൂട്ടുകാര്‍ ഡബ്ള്യു. ഡബ്ള്യു. എഫിന്‍റെ സ്കൂള്‍തല പരിപാടികളുടെ ഭാഗമായി എത്തി. അങ്ങനെയാണ്  ആദ്യമായി കുട്ടികളുമായി ബന്ധപ്പെടുന്നത്.  അത് എന്‍റെ ജീവിതത്തെയും കാഴ്ചപ്പാടുകളേയും പാടേ മാറ്റിമറിച്ചു.  
 
ഒരു കാര്യം ചെയ്യുമ്പോള്‍ അതിന്‍റെ പ്രതിഫലനങ്ങള്‍ അപ്പപ്പോള്‍ അല്ല, പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം അന്നത്തെ കുട്ടികള്‍ ഓരോ സ്ഥാനങ്ങളില്‍ എത്തിക്കഴിയുമ്പോഴാണ് മനസ്സിലാവുക എന്നത് ഒരു ഹൈപ്പോത്തീസിസ് മാത്രം ആയിരുന്നു. അന്ന് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് ഇന്ന് പരിസ്ഥിതി എന്ന വിഷയം പൊതുബോധമണ്ഡലത്തിലേക്ക് ഒരു സംസാരവിഷയമായിട്ടെങ്കിലും എത്തിക്കാനായത.്  നാം ഈ ചെയ്യുന്നത് ഒന്നും പോരാ എന്ന വിചാരത്തോടെ, തിരിച്ചറിവോടെ തന്നെ നമുക്കീ വിഷയങ്ങള്‍ മനസ്സിലാക്കാം.
 
എല്‍. പി. തലത്തിലേയും യു. പി. തലത്തിലേയും കുട്ടികളെയാണ് ആ കാലഘട്ടത്തില്‍ എറ്റവും കൂടുതലായി കണ്ടിരുന്നത്. ഇപ്പോള്‍ വഴിയില്‍ വച്ചു കണ്ടുമുട്ടുന്ന, അവരില്‍ പലരും അന്നത്തെ കഥകളും ക്ലാസ്സുകളും തങ്ങള്‍ക്ക് എത്രത്തോളം പ്രതീക്ഷ നല്‍കിയിരുന്നു എന്നു പറയാറുണ്ട്. പക്ഷേ ഇന്നത്തെ കുട്ടികള്‍ അന്യോന്യം സ്നേഹമില്ലായ്മയില്‍ വളരുന്നതു കാണുമ്പോള്‍ മാനവവംശത്തിന്‍റെ മുന്നോട്ടുള്ള പോക്കില്‍ത്തന്നെ അവര്‍ക്കുള്ള ആകുലതയും പ്രകടിപ്പിക്കാറുണ്ട്. മറ്റൊന്നും നേടിയില്ലെങ്കിലും സ്വന്തം കുഞ്ഞുങ്ങള്‍ മറ്റു ജീവനോടും മനുഷ്യരോടും കനിവും അലിവും ഉള്ളവരായിരിക്കുന്നത്, തങ്ങള്‍ ഇത്തരം ക്ലാസ്സുകള്‍ ഉള്‍ക്കൊണ്ടതിനാലാണെന്ന് അവരില്‍ പലരും പറയുന്നു.
 
ഒരുതരത്തില്‍ ഇതുതന്നെ ഒരു പ്രധാന ജീവിതചര്യയായി തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ കുറച്ചു പേരെ പ്രേരിപ്പിച്ചതും ഈ അനുഭവ പാഠങ്ങളാവാം. ഈ യാത്രയില്‍ ഒട്ടേറെ കുട്ടികള്‍ ഏറെ പ്രത്യേകതയുള്ളവരായി തോന്നിയിട്ടുമുണ്ട്. ജീവിതയാത്രയിലെ, മുമ്പേ പറക്കുന്ന പക്ഷികളായേ ഇവരെ നമുക്കു കാണാനാവൂ. 
 
പാലക്കാട്ടെ ശ്രീകൃഷ്ണപുരത്ത് 90-കളുടെ അവസാനം നടത്തിയ ഒരു വിദ്യാഭ്യാസ പരിപാടിയുടെ കൂട്ടിക്കെട്ടലില്‍ അവരവരുടെ ചുറ്റുപാടുകളുടെ ഉത്തരവാദിത്തം അവനവനാണെന്നും, വീടായിക്കോട്ടെ, സ്കൂളായിക്കോട്ടെ   ഭംഗിയായി വയ്ക്കുന്നതില്‍ എല്ലാവരും പങ്കാളികളാവേണ്ടതിന്‍റെ ആവശ്യകതയും ഒക്കെ പറഞ്ഞു. ചിത്രങ്ങള്‍ വച്ച് ഉദാഹരണങ്ങള്‍ നിരത്തിയ കൂട്ടത്തില്‍, അവിടുള്ള ഒരു പ്രമുഖ സ്കൂളിന്‍റെ മുന്‍വശത്തു തന്നെയുള്ള ഒരു സിമന്‍റ് ടാങ്കും അതിലെ ചപ്പുചവറും കാണിക്കുകയുണ്ടായി. കുട്ടികള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ ഈ വൃത്തികേടു മാറ്റി അവിടെ ഭംഗിയാക്കാമായിരുന്നു എന്ന കാര്യം ഞങ്ങള്‍ പങ്കുവച്ചു. വേനലവധി കഴിഞ്ഞ് സ്കൂളിലേക്കെത്തിയ ഞങ്ങളെ അത്ഭുതപ്പെടുത്തി, ആ ടാങ്ക് ഒരു ആമ്പല്‍ക്കുളമായി മാറിയിരുന്നു. ആരാണതിനു പിന്നില്‍ എന്നു ഹെഡ്മാസ്റ്ററോട് ചോദിച്ചപ്പോള്‍ തൊട്ടടുത്ത യു. പി. സ്കൂളില്‍ നിന്നും ഈ ഹൈസ്കൂളിലേക്ക് പുതുതായി ചേര്‍ന്ന കുട്ടികളാണെന്ന് മനസ്സിലായി. അതിനു നേതൃത്വം വഹിച്ച ധനേഷിനേയും സംഘത്തേയും ഞങ്ങള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. കാരണം ഞങ്ങളുടെ ക്ലാസ്സുകളില്‍ ഞങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ചിലരായിരുന്നു ആ സംഘം. 
 
എല്ലാ കാലത്തും ഇത്തരം കുറച്ചു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ മുതിര്‍ന്നവര്‍ക്ക് ഭൂമിയേയും അതിലെ ജീവനേയും കുറിച്ചുണ്ടായിരുന്ന ആകുലതകളെ നന്നായി മനസ്സിലാക്കിയിരുന്നതായി കാണാം. എന്നാല്‍ 2000-മാണ്ടോടെ കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരെ പോലെ, 'എന്താണ് ഈ കാടും കാട്ടറിവുകളും നദിയും ജീവനും പിന്നെ വികസന സങ്കല്പങ്ങളും പറഞ്ഞു നടക്കുന്നതു കൊണ്ടു നിങ്ങള്‍ക്കുള്ള പ്രയോജനം' എന്നു ചോദിച്ചു തുടങ്ങിയപ്പോള്‍ ഒന്നു ബ്രേക്കിടാൻ സമയമായി എന്നു തോന്നി. പിന്നെ ഞങ്ങളുടെ ക്ലാസ്സുകള്‍, വളരെ സ്നേഹത്തോടെയും ഉറപ്പോടെയും വിളിക്കുന്ന സ്ഥലങ്ങളില്‍ മാത്രമാക്കി.
 
2000-ത്തിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ ഒരുപക്ഷേ കേരളത്തില്‍ നടന്ന ഏറ്റവും നല്ല പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി, അന്നത്തെ ബ്ലോക്ക് പ്രസിഡന്‍റായിരുന്ന അഡ്വക്കേറ്റ് ജോസഫ് ഫിലിപ്പിന്‍റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയിലെ മാടപ്പള്ളി ബ്ലോക്കിലേതായിരിക്കണം. 80-ഓളം സ്കൂളുകളെ സംയോജിപ്പിച്ച് അദ്ദേഹം കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ബോധവല്‍ക്കരണ-ജീവിതശൈലീ നവീകരണ ക്ലാസ്സുകളും ക്യാമ്പുകളും മാടപ്പള്ളി ബ്ലോക്കു പരിധിയിലെ സ്കൂളുകളില്‍ എമ്പാടും നടത്തിച്ചു. വേണമെങ്കില്‍ ഒരു സ്ഥിര രാഷ്ട്രീയ ചുവയുള്ള ഒരു പരിപാടിയായി മാറാമായിരുന്ന ഈ പരിപാടിയില്‍ പ്രസിഡന്‍റിന്‍റെ വലംകൈ പി. സുകുമാരന്‍ എന്ന ഒപ്പോസിഷന്‍ ലീഡര്‍ ആയിരുന്നു എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഈ പരിപാടിയുടെ ആത്മാര്‍ത്ഥത നമുക്കു മനസ്സിലാക്കാനാവും. ആരോഗ്യമുള്ള വ്യക്തികള്‍ ഉണ്ടെങ്കിലേ വികസനം കൊണ്ടു കാര്യമുള്ളൂ എന്ന് പി. എസ്. വിശ്വസിച്ചിരുന്നു. 
 
അവസാനം, ചുറ്റിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കോര്‍ത്തിണക്കി  കുട്ടികളുടെ ഒരു പാര്‍ലമെന്‍റ് നടത്തുകയുണ്ടായി. കുട്ടികള്‍ എങ്ങനെ ഈ കേട്ടതും കണ്ടതും ആയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു എന്നറിയാന്‍ വേണ്ടി.  പ്രശ്നങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല എന്തു കാരണത്താല്‍ അവ സംഭവിക്കുന്നു, എങ്ങനെ ഇതിനൊരു മാറ്റം വരുത്താം, പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വന്നിരുന്നു. സ്കൂള്‍ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്ക് പ്രശ്നങ്ങള്‍, പാറപൊട്ടിക്കല്‍, മണ്ണെടുപ്പ്, മണലുവാരല്‍, മണ്ണൊലിപ്പ്, കൃഷിനാശം ജീവിതശൈലീ രോഗങ്ങള്‍ ഒക്കെ ചര്‍ച്ചചെയ്യപ്പെട്ടു. ഇതു കൂടാതെ കലാപരമായും സാഹിത്യപരമായും ഒക്കെ കുട്ടികള്‍ ഈ വിഷയത്തെ വളരെ ആയാസരഹിതമായി അന്ന് കൈകാര്യം ചെയ്തു.
 
ഡിസംബര്‍ മാസങ്ങളില്‍ ട്രൈബല്‍ ഡിപാര്‍ട്ട്മെന്‍റ് ആദിവാസി കുട്ടികള്‍ക്കു വേണ്ടി കേരളത്തില്‍ ഉടനീളം ക്യാമ്പുകള്‍ നടത്താറുണ്ട്. അങ്ങനെ കാണാറുള്ള കുട്ടികളില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ നല്‍കുന്ന പ്രതീക്ഷയും ധൈര്യവും വളരെ വലുതാണ്. പഠിക്കുന്നത് സ്വന്തം ചുറ്റുപാടുകളേയും അതിലെ മനുഷ്യരേയും മെച്ചപ്പെടുത്താനും, എല്ലാത്തിനേയും ഉള്‍ക്കൊണ്ട് ജീവിക്കാനുമാണെന്ന തിരിച്ചറിവ് ബഹുഭൂരിപക്ഷം വരുന്ന ഈ കുട്ടികള്‍ക്ക് ഉണ്ട് എന്നു പറയാം. ആദിവാസികളെ അവരായി നിലനിര്‍ത്താനുള്ള തിരിച്ചറിവ്, അവരുടെ പല അറിവുകള്‍ക്കും വന്നിട്ടുള്ള ച്യുതി, എന്നാല്‍ അതു തിരിച്ചറിയേണ്ടതിലെ ആവശ്യകത തുടങ്ങി ഏതു വിഷയവും ഒരുതരത്തില്‍ ഈ കുട്ടികളോടു പങ്കുവയ്ക്കാന്‍, അവരിലെ സ്വത്വത്തെ തിരിച്ചറിയാന്‍, അവരിലൂടെ ഏറെ കാര്യങ്ങള്‍ തിരിച്ച് എനിക്കു പഠിക്കാന്‍ ഒക്കെ ഈ ക്യാമ്പുകള്‍ ഉപകരിച്ചിട്ടുണ്ട്. മൂന്നോ നാലോ ദിവസത്തിനൊടുവില്‍ നമുക്കൊരു കൈയ്യഴുത്തു പ്രതി വേണമെന്നു പറഞ്ഞാല്‍ അവര്‍ തയ്യാറാക്കി തരുന്ന പുസ്തകത്തില്‍ വരുന്ന വിഷയങ്ങള്‍, അവരുടെ വരകള്‍, വീക്ഷണങ്ങള്‍ ഒക്കെ നാളെ ഈ നാട്ടില്‍ വരുന്ന മാറ്റങ്ങളുടെ തുടക്കമാണെന്നു പറയാം. 
 
ഒരു സി.ബി.എസ്.സി. സിലബസിലും കാണാത്ത ആര്‍ജ്ജവത്വം, ധൈര്യം, കാഴ്ചപ്പാടിലെ വ്യക്തത തുടങ്ങിയവ അവര്‍ കൈവരിച്ചിരിക്കുന്നത് വായനയിലൂടെയും പങ്കുവയ്ക്കലിലൂടെയും ആണെന്നു കാണാം. വായന അസ്തമിച്ചോ എന്നു സംശയം തോന്നുന്ന ഈ കാലത്ത് സാഹിത്യം - അതു കഥയാകട്ടെ കവിതയാകട്ടെ നോവലാകട്ടെ അവരുടെ ചൊല്‍പ്പടിയിലാണ്. വെറുതെ നടക്കുമ്പോള്‍ മധുസൂദനന്‍നായര്‍ സാറിന്‍റെയും മുരുകന്‍ കാട്ടാക്കടയുടേയും കവിതകള്‍ അവര്‍ ചൊല്ലുന്നു. എന്തെങ്കിലും ഒരു പരിപാടി അവതരിപ്പിക്കാന്‍ എല്ലാരും തോളോടുതോള്‍ ചേരുന്നു. ചുരുക്കത്തില്‍, ഈ കുഞ്ഞുങ്ങള്‍ നാളെ ഈ നാടിന്‍റെ നിയതി നിശ്ചയിക്കുന്നതില്‍ ഒരു പ്രധാനപങ്കു വഹിക്കും എന്നതില്‍ ഒരു സംശയവും വേണ്ട തന്നെ. 
 
ഒരുപക്ഷേ ഈ കുട്ടികളാണ് കുറച്ചുകാലമായി തോന്നിയിരുന്ന മന്ദതയില്‍ നിന്നു പുറത്തിറങ്ങാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. കുട്ടിക്കാലത്ത് പൂമ്പാറ്റകളെ നോക്കി നടക്കാന്‍ ഇഷ്ടമായിരുന്നതു പോലെ ഇനി വരുന്ന കുഞ്ഞുങ്ങളെ അവര്‍ക്കിഷ്ടമുള്ള എന്തെങ്കിലുമൊക്കെ നോക്കി നടക്കാന്‍ പഠിപ്പിക്കേണ്ടത് വീണ്ടും ഒരാവശ്യമായി വരുന്നു എന്നു തോന്നി തുടങ്ങിയപ്പോളാണ് ട്രീ വോക്കിന്‍റെ ജനനം. ബോട്ടണി പ്രൊഫസറായിരുന്ന ഡോ. തങ്കം ശര്‍മ്മയുടെ പേരില്‍ ആരംഭിച്ച പരിപാടി പതുക്കെ സ്കൂളുകളിലേക്കും നീണ്ടു. കുട്ടികള്‍ മരങ്ങളെ മാത്രമല്ല, ഇന്നു നടക്കുന്ന വികസന പരിപാടികളെ കുറിച്ചും ആഗോളതാപനത്തെകുറിച്ചും ആരോഗ്യപരമായ ജീവിതത്തെകുറിച്ചും ചിന്തിക്കാന്‍ ട്രീ വോക്ക് പരിപാടികള്‍ സഹായകമായിരുക്കുന്നു. കുട്ടികള്‍ നമ്മള്‍ പറയുന്നതല്ല, ചെയ്യുന്നതാണ് ശ്രദ്ധിക്കുന്നത് എന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു കോട്ടണ്‍ ഹില്ലിലെ ഗൗരി, ഡോ. തങ്കം ശര്‍മ്മയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍, പറയുകയുണ്ടായത്. സ്കൂളിലെ മരങ്ങളെ അവ എന്താണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കാതെ വെറും മരങ്ങളായി മാത്രം കണ്ടു പോയത് ഒരു നഷ്ടമായി ഇന്നു തന്‍റെ കൂട്ടുകാര്‍ക്കു തോന്നുന്നതായി ഗൗരി പറയുന്നു. മാത്രമല്ല, അവരുടെ സ്കൂളിലെ മരങ്ങളെ പരിചയപ്പെടുത്താനെത്തിയ ചേച്ചി, നടന്നു പോകുന്നതിനിടയില്‍ കുനിഞ്ഞിരുന്ന് എന്തിന്‍റെയോ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതു നോക്കിയപ്പോളാണ് അത് അതീവസുന്ദരമായൊരു കൂണാണെന്നു മനസ്സിലായതും, തങ്ങള്‍ ഒന്നും നോക്കാതെ ഓടി തിമിര്‍ക്കുമ്പോള്‍ ഇത്തരത്തില്‍ എത്രപേരെ കാണാതെ പോയിട്ടുണ്ടാവും എന്നും അവര്‍ക്കു വിഷമം തോന്നിയത്രേ. ഇനി മുതല്‍ കണ്ണുതുറന്ന് ജീവിക്കും എന്ന് ഈ സംഘം പറയുന്നു. 
 
ഏറെ രസകരമായ ഒരനുഭവം ആയിരുന്നു മഴത്തുള്ളി എന്നു പേരിട്ട് ടൂറിസം വകുപ്പ് കഴിഞ്ഞ അവധിക്കാലത്തു നടത്തിയ ക്യാമ്പ്. അവധിക്കാലത്തിന്‍റെ സന്തോഷവും സത്തയും കളയാതെ കുട്ടികള്‍ക്ക് ധാരാളം അനുഭവങ്ങള്‍ കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. ആക്കുളം ഇക്കോ വില്ലേജില്‍ വച്ചു നടത്തിയ ക്യാമ്പില്‍ 27 കുട്ടികള്‍ ഉണ്ടായിരുന്നു. അതില്‍ നാലു കുട്ടികള്‍ പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികള്‍. ഓട്ടിസം വല്ലാതെ പിടിമുറുക്കിയിട്ടുണ്ടെങ്കിലും പാട്ടും ഡ്രംസും തന്‍റെ പിടിയിലാക്കി മാസ്മരീകത തീര്‍ക്കുന്ന അതുല്‍ തുടങ്ങി ആമിനയും ദേവനന്ദനയും കാവ്യയും കൃഷ്ണയും സെബാനും ഒക്കെ അടങ്ങുന്ന ഈ എല്ലാ പ്രായക്കാരും അടങ്ങുന്ന കൊച്ചു സംഘത്തോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ, അവരെ മോഹവലയത്തില്‍ പെടുത്തിയിരിക്കുന്ന ഫോണിന്‍റേയും കമ്പ്യൂട്ടറിന്‍റെയും ലോകത്തുനിന്നും പുറത്തിറങ്ങി, ചുറ്റുപാടുകളുടെ സൗന്ദര്യവും സമന്വയവും കാണാന്‍ ശ്രമിക്കുക എന്ന്. 
 
ആദ്യ ക്ലാസ്സില്‍ പുറത്തിറങ്ങി മണ്ണില്‍ തൊട്ട ഒരു കുട്ടിയുടെ ആത്മഗതം, 'അവസാനമൊന്നു മണ്ണില്‍ തൊടാന്‍ കഴിഞ്ഞു' എന്നതാണ്. നീന്തലും സൈക്കിളിംഗും മാത്രമല്ല മരം കയറാനും ഇറങ്ങാനും, എന്തെങ്കിലും ഒരു പണി ഏല്‍പിച്ചാല്‍ കൃത്യമായി ചെയ്യാനും അവര്‍ കാണിച്ച ഉത്സാഹം ഒന്നു വേറെതന്നെ.  എത്ര നന്നായിട്ടാണ് പ്രത്യേക പരിചരണം വേണ്ടവര്‍ പോലും അന്യോന്യം കാര്യങ്ങള്‍ പങ്കുവച്ചത്, മറ്റുള്ളവരെ കരുതിയത്. അവസാനം പരിസമാപ്തിക്ക് അവര്‍ ആരുടേയും ഗൈഡന്‍സില്ലാതെ പോലും ഒരുങ്ങിയത് എന്തു ഭംഗിയായാണ്. എന്നെ വല്ലാതെ പിടിച്ചുലച്ചത് കുട്ടികളുടെ സന്തോഷം കൂട്ടാനെന്നോണം സെക്രട്ടറി ആക്കുളം ടൂറിസ്റ്റ് വില്ലേജ് വികസനത്തിനായി 5 കോടി രൂപവരുന്നുണ്ട്, അവിടെ തീംപാര്‍ക്കുണ്ട്, റോപ്പ് വേയുണ്ട് എന്നൊക്കെ വിശദികരിച്ചു വരുമ്പോള്‍ കുട്ടികള്‍ എണീറ്റു പറഞ്ഞു, "എന്തു വികസനം കൊണ്ടുവന്നാലും ഇവിടുത്തെ ഒരു മരം പോലും മുറിക്കരുത്. പാര്‍ക്കിനുള്ളിലും വെളിയിലുമായി 6-7 ഡിഗ്രി ചൂടിന്‍റെ വ്യത്യാസം ഞങ്ങള്‍ തെര്‍മോമീറ്ററിലൂടെ കണ്ടു. അതുകൊണ്ട് മരങ്ങള്‍ മുറിക്കരുത്." څ 
 
മണ്ണ് തൊടാനും മരം കയറാനും വെള്ളത്തില്‍ നനയാനും അനുവദിക്കാതെ നമ്മളിവരെ എവിടേക്കാണ് കൂട്ടികൊണ്ടു പോകാന്‍ നോക്കുന്നത്. പ്രകൃതിയെ അറിയാതെ വളരുന്ന കുട്ടികളില്‍ വളര്‍ന്നു വരുന്ന നേച്ചര്‍ ഡെഫിസ്റ്റ് സിന്‍ഡ്രോമിനെ കുറിച്ച് ഇന്നു നമുക്കറിയാം. മണ്ണില്‍ കളിച്ചും മഴ നനഞ്ഞും വെയില്‍ കൊണ്ടും വളരുന്ന കുട്ടികള്‍ക്കേ രോഗപ്രതിരോധ ശേഷി കൈവരുന്നുള്ളൂ എന്ന കാര്യം ഡോക്ടര്‍മാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. സഹകരണത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേയും പാഠങ്ങള്‍ പഠിക്കുന്നതും ഇവിടുന്നു തന്നെ. റഷ്യയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും മഞ്ഞുകാലത്ത് കുട്ടികളെ ഇറക്കി മഞ്ഞില്‍ കളിപ്പിക്കുക പാഠ്യപദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. അങ്ങനെ വളര്‍ന്ന ഒരു കുട്ടിയെ പരിചയപ്പെട്ട കഥ ഇനിയും എനിക്കു മറക്കാനായിട്ടില്ല.   
 
ഒരു പ്രമുഖ സ്കൂളിലെ കുട്ടികളേയും കൂട്ടി മഴക്കാടുകള്‍ പരിചയപ്പെടുത്താനായി കുളത്തുപ്പുഴ റെയിഞ്ചിലെ അരിപ്പയിലേക്കു പോകുമ്പോളാണ് റസലിനെ പരിചയപ്പെട്ടത്. നാലാം ക്ലാസ്സിലെ കുട്ടികളുടെ നിഷ്കളങ്കതയിലായിരുന്നു അവരെങ്കിലും ആധുനികലോകത്തിന്‍റെ കമ്പ്യൂട്ടര്‍ ഭാഷയില്‍  സംസാരിച്ചുകൊണ്ടേയിരുന്നു. ബസ്സില്‍ അവര്‍ക്കൊപ്പം ഡൂഡും ഷിറ്റും കേട്ട് യാത്ര തുടങ്ങിയപ്പോള്‍, എന്‍റെ ഹൃദയവും മനസ്സും ഏതോ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നതു കണ്ട് ഞാന്‍ പകച്ചു. 
 
കാടെത്തിയപ്പോള്‍ കാടിന് ഈ കാലഘട്ടത്തില്‍ വന്നിരിക്കുന്ന ശോഷണവും, റബര്‍ തോട്ടങ്ങള്‍ പോലും കാടിനെക്കാള്‍ പച്ചപ്പുമായി നില്‍ക്കുന്നതിനാല്‍ തോന്നുന്ന കൃത്രിമ ഭംഗിയും, അവിടെ കണ്ടേക്കാന്‍ സാധ്യതയുള്ള ജീവികളെ കുറിച്ചും ഒക്കെ ഞാന്‍ അവരോട് എന്‍റെ അനുഭവങ്ങള്‍ പങ്കിട്ടു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു, നിങ്ങളീ യാത്രയില്‍ നിന്നും എന്താ പ്രതീക്ഷിക്കുന്നതെന്ന് ഒന്ന് എഴുതുക.  ഒരു നിമിഷം പോലും എടുത്തില്ല, കൂട്ടത്തില്‍ നിന്നും റസല്‍ പറഞ്ഞു, 'മിസ് ഞാനെന്‍റെ റിഫ്ളക്ഷന്‍സ് എഴുതി കഴിഞ്ഞു.' കുട്ടി പറഞ്ഞ രീതിയും, ഉപയോഗിച്ച വാക്കും കാരണം അവന്‍റെ പേരും രൂപവും എന്‍റെ മനസ്സില്‍ പതിഞ്ഞു. കൂട്ടത്തില്‍ കാടു കണ്ടിട്ടുള്ള ഏക കുട്ടിയും അവനായിരുന്നു. 
 
കാട്ടിലേക്കുള്ള നടത്തത്തിനിടയില്‍ ഒരുപാടൊരുപാട് സംശയങ്ങളും പലവിധ അഭിപ്രായങ്ങളുമായി മറ്റുള്ളവര്‍ക്കൊപ്പം അവനുമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ അധികം പേരും പരിസ്ഥിതി വിഷയങ്ങളിലും ജീവന്‍റെ ലോകത്തിലും തല്‍പ്പരരാണ്. ചുറ്റും കാണുന്ന കാര്യങ്ങള്‍ കാണാനും അറിയാനുമുള്ള ആകാംക്ഷയുടെയും അന്വേഷണങ്ങളുടേയും ഭാഗമായി, പെണ്‍കുട്ടികള്‍ അധികം പേരും കാര്യങ്ങള്‍  എഴുതിയെടുക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 
 
ചിലരുടെ സംസാരത്തില്‍ മുതിര്‍ന്നവരുടെ വാക്കുകളുടെ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു.  പോളണ്ടുകാരിയായ ഒരു ഏനയും അവളുടെ ഒന്നു രണ്ടു കൂട്ടുകാരികളും സ്വപ്നം കാണുന്നത് ഒരുപാട് ഇനം മൃഗങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും ഒരു റെസ്ക്യൂ സെന്‍ററാണ്. ചിലപ്പോള്‍ റസ്സല്‍ കൂടിയുണ്ടാവുമെന്നും അവന്‍ പക്ഷേ ഇക്കാര്യത്തില്‍ അവന്‍റെ ഉറച്ച തീരുമാനമൊന്നും അറിയിച്ചിട്ടില്ലെന്നും അവള്‍ പറഞ്ഞു.  
 
ആണ്‍കുട്ടികള്‍ പലരും ആദ്യമായി ഇത്തരം തുറസ്സായ ഇടത്തിലേക്ക് എത്തിപ്പെട്ടതു കൊണ്ടാകണം പൊതുവേ ഒരു സാഹസിക പര്യടനത്തിലായിരുന്നു. വീണു കിടക്കുന്ന മരങ്ങളുടെ മുകളില്‍ വലിഞ്ഞു കയറലും, അതിനാല്‍ തന്നെ ഉരുണ്ടുവീഴലും മുള്ളുകുത്തലും ഒക്കെയായി അവരും ഞങ്ങള്‍ക്കൊപ്പം ഉണ്ടായി. ഈ പര്യടനത്തിനിടയില്‍ അവര്‍ക്ക് അധികമൊന്നും കാണാനായി എന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ അനുഭവ പഠനം ഏറെ ഉണ്ടായിട്ടുണ്ടു താനും.
 
ഒരുപാട് ചിത്രശലഭങ്ങളും പക്ഷികളും മറ്റ് ഷഡ്പദങ്ങളും ഒക്കെ ഈ ഫെബ്രുവരിയിലേ വരണ്ടുണങ്ങി കഴിഞ്ഞ കാട്ടില്‍ ജൈവസമ്പന്നതയുടെ  ബാക്കിപത്രങ്ങളായി ഉണ്ടായി. നല്ലൊരു ശതമാനം പെണ്‍കുട്ടികളും വളരെ കുറച്ചു ആണ്‍കുട്ടികളും ഇതിനൊക്കെ ആസ്വാദകരായി. സ്കൂള്‍ വിടേണ്ട സമയത്തു തന്നെ തിരിച്ചെത്തേണ്ടതിനാല്‍, ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ട  നടത്തത്തിനൊടുവില്‍ ഞങ്ങള്‍ തുടങ്ങിയ ഇടത്തു തന്നെ തിരിച്ചെത്തി.
 
ഞങ്ങള്‍ കഴിക്കാനിരിക്കുമ്പോള്‍ റസ്സല്‍ പുറത്തേയ്ക്കു നടന്നു.  ഒരു നീണ്ട കമ്പുമായി അവന്‍ ചുറ്റും കിടക്കുന്ന പേപ്പറും പ്ലാസ്റ്റിക്കും കുത്തിയെടുത്തു തുടങ്ങി. പിന്നെ നോക്കുമ്പോള്‍ കാണുന്നത് അതെല്ലാം അവന്‍ ഒരു സ്ഥലത്ത് കൊണ്ടു വന്ന് കൂട്ടിയിടുകയാണ്. څ"ആരാ നിന്നോടിതു ചെയ്യാന്‍ പറഞ്ഞത്?"چ څ"ആരും പറഞ്ഞില്ല. ഇതെല്ലാം ഇങ്ങനെ കിടക്കുന്നത് വൃത്തികേടാ, അതുകൊണ്ടാ..."چ സംസാരിക്കാന്‍ വലിയ താല്‍പര്യമൊന്നുമില്ലാത്ത മട്ടില്‍ അവന്‍ പറഞ്ഞവസാനിപ്പിച്ചു. പിന്നെ നോക്കുമ്പോള്‍ ഞങ്ങളിരിക്കുന്നതിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കുകയാണവന്‍. മൂന്നു നാലു കുട്ടികള്‍ ആകാംക്ഷാപൂര്‍വ്വം ചുറ്റിലുമുണ്ട്. പിന്നീട്  ആരൊക്കെയോ അവനൊപ്പം കൂടി. പിന്നെ അവരും പോയി. എല്ലാവരും കഴിച്ച് തീര്‍ത്ത് യാത്രാവിശകലനത്തിനിരിക്കുന്നതു വരെ അവനവന്‍റെ പണി തുടര്‍ന്നു.
 
ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ വിശകലനം നടന്നു. കാര്യങ്ങള്‍ നോക്കി നടന്നവര്‍ക്ക് ഒരുപാടു കാര്യങ്ങള്‍ ഓര്‍മ്മിക്കാനുണ്ടായി. മറ്റുള്ളവര്‍ കല്ലും മുള്ളും ഓര്‍മ്മിച്ചു. കുറേ കുട്ടികള്‍ നമ്മള്‍ ഭൂമിയോടു ചെയ്യുന്ന അനീതികളില്‍ ആശങ്കയുള്ളവരായിരുന്നു. റസല്‍ സംസാരിക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ലാത്ത കുട്ടി ആയതിനാല്‍ അവന്‍ വളരെ ഭംഗിയായി ശാസ്താംകോട്ടയിലെ അവരുടെ കുടുംബവീടും അവിടുത്തെ കൃഷിയും, കന്നുകാലികളും... അവയൊക്കെ എത്ര നല്ലതാണെന്നും ആസ്വാദ്യകരമാണെന്നും പങ്കുവച്ചു. കുറച്ചു ദൂരെയിരിക്കുന്ന അവരുടെ വീട്ടില്‍ നിന്നും മുമ്പൊക്കെ അവനെ അച്ഛനോ മറ്റോ വണ്ടിയില്‍ കൊണ്ടാക്കേണ്ടി വന്നിരുന്നതും ഇപ്പോള്‍ ആ വഴിയൊക്കെ താന്‍ തനിയേ നടന്നു പോകുന്നതാണ് പതിവെന്നും അതെത്ര ആരോഗ്യപരമാണെന്നും പറഞ്ഞു. 
 
ഒരു കാര്യം അവനുറപ്പിച്ചു പറഞ്ഞു, ഈ ചുറ്റുപാടുകള്‍ വളരെ വൃത്തികേടായി കിടക്കുകയാണ് അതിനാല്‍ത്തന്നെ താന്‍ എത്രയും പെട്ടെന്ന് തിരിച്ചെത്തി ഇവിടെ വൃത്തിയാക്കും എന്നും പറഞ്ഞ് അവന്‍ വിശകലനം താല്‍കാലികമായി നിര്‍ത്തി. അത്ര വ്യക്തതയുള്ള ഒരു വിശകലനം അതുവരെ അവിടെ നടക്കാതിരുന്നതു കൊണ്ട് എല്ലാവരും കുറച്ചു സമയത്തേക്ക് നിശ്ശബ്ദരായി.  ടീച്ചറാകട്ടെ സമയോചിതമായി ഇടപെട്ട് ഇങ്ങനെയാണ് കാര്യങ്ങള്‍ കാണേണ്ടതെന്നും, ഒരു സ്ഥലത്തു പോകുമ്പോള്‍, ആ പ്രദേശം കൂടുതല്‍ ഭംഗിയാക്കി വേണം തിരിച്ചുപോകാന്‍ എന്നും പറഞ്ഞു.
 
കുറച്ചു വിശകലനങ്ങള്‍ കൂടി നടന്നു. പെട്ടെന്ന് റസ്സല്‍ തന്‍റെ കുഞ്ഞു കൈകള്‍ ഉയര്‍ത്തി, എല്ലാവരും അവന്‍റെ നേരെ നോക്കി. എന്‍റെ നേര്‍ക്കു കൈകള്‍ ചൂണ്ടി അവന്‍ പറഞ്ഞു, ആന്‍റി നമ്മള്‍ നടന്നു വരുമ്പോള്‍ അവിടെ കണ്ട ബോര്‍ഡില്ലേ, 
 
പത്തു കിണറുകള്‍ക്കു സമം ഒരു കുളം
പത്തു കുളങ്ങള്‍ക്കു തുല്യം ഒരു പുഴ
പത്തു പുഴകള്‍ക്കു തുല്യം ഒരു പുത്രന്‍
പത്തു പുത്രന്മാര്‍ക്കു തുല്യം ഒരു മരം 
 
എന്നു പറഞ്ഞില്ലേ, അതിന്‍റെ മറ്റൊരര്‍ത്ഥം, ഒരു മരം നമ്മള്‍ മുറിക്കുമ്പോള്‍ പത്തു നല്ല പുത്രന്മാരെ അല്ലെങ്കില്‍ പുത്രിമാരെ കൊല്ലുന്നു എന്നു കൂടിയല്ലേ, അവന്‍ പറഞ്ഞു നിര്‍ത്തി....
 
കണ്ണുകള്‍ നിറയാതിരിക്കാന്‍ അവിടുണ്ടായിരുന്ന മുതിര്‍ന്നവര്‍ പാടുപെട്ടു. ഞാന്‍ പറഞ്ഞു, തീര്‍ച്ചയായും അതേ റസ്സല്‍, നമ്മള്‍ ഓരോ മരം മുറിക്കുമ്പോഴും അതു തന്നെയാണ് ചെയ്യുന്നത്...
 
റസ്സലിന്‍റെ കഥ ഞാന്‍ നിങ്ങളോടു പങ്കുവച്ചത് ഒരു കുട്ടിയെ പൊക്കി പറയാനല്ല.  ഞാനൊരു പക്ഷേ ആ കുട്ടിയെ ഒരിക്കലും കണ്ടുമുട്ടിയില്ലെന്നും വരാം. പണ്ട് നാം പറയും ഒരു കുട്ടിയുടെ മനസ്സ് ഒരു സ്ലേറ്റു പോലെയാണ്, അതിലെന്താണ് നാം എഴുതുന്നത് അതാണ് അവന്‍ എന്ന്. പിന്നെ നാം അതൊരു എഴുതാത്ത പുസ്തകമാണെന്നു തിരുത്തി. ഒരുപാട് മാറിപ്പോയ ഈ കാലഘട്ടത്തില്‍ നമുക്കറിയാം അതൊരു പുതിയ കമ്പ്യൂട്ടര്‍ പോലെയാണെന്ന്. അതിലേക്കു ഫീഡ് ചെയ്യുന്ന കാര്യങ്ങളേ ആ കമ്പ്യൂട്ടര്‍ തിരിച്ചു തരൂ. വൈറസു കയറാനുള്ള സാഹചര്യങ്ങള്‍ എല്ലാം ഒരുക്കിവച്ച ശേഷം അതു നന്നായി പ്രവര്‍ത്തിച്ചോളും എന്ന് ആശിക്കാന്‍ മാത്രമേ നമുക്കാവൂ. മുതിര്‍ന്നവരായ നാം ഈ കാര്യം ഓര്‍മ്മയില്‍ വയ്ക്കുന്നത് നന്നാണ്. 
 
അതിനാല്‍ റസല്‍ എന്‍റെ മുമ്പില്‍ നില്‍ക്കുന്നത് മാറ്റം അനിവാര്യമായി തീര്‍ന്നിരിക്കുന്ന മനുഷ്യവംശത്തിന്‍റെ ഒരു നവലോക പ്രതിനിധിയായിട്ടാണ്. മനസ്സില്‍ നിറയെ നന്മയുണ്ടാവുകയും, അതു ചുറ്റുപാടുമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പാകത്തിനു മനസ്സിലാക്കി തരികയും ചെയ്യാന്‍ നിഷ്കാമ കര്‍മ്മിയായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള പൂര്‍ണ്ണനായ ഒരു കൊച്ചുമാനവന്‍. ഇങ്ങനെ എത്രയോ കൊച്ചു കൂട്ടുകാര്‍. ഒരു നിമിഷം നമുക്കവര്‍ക്കു ചെവി കൊടുക്കാന്‍ മനസുണ്ടായാല്‍ നമുക്കു മനസിലാകും യാഥാര്‍ത്ഥ്യത്തില്‍ നിന്നും നാം എത്ര കാതം അകലെയാണെന്ന്. ഏതു വേദിയിലും എണീറ്റു നിന്ന്, നിങ്ങളില്‍ ആരെക്കാളും ഇന്ന് ഏറ്റവും ചെറിയ കാര്‍ബണ്‍ ഫുട്ട്പ്രിന്‍റുമായി ജീവിക്കുന്ന കര്‍ഷകനായ അച്ഛന്‍റെ മക്കളാണ് എന്ന് സ്വാഭിമാനം പറയാന്‍ കഴിയുന്ന കുട്ടികള്‍ ഉള്ളൊരു നാടാണ് ഇത്.  അവരെ വലിച്ച് നമ്മുടെ ഭയപ്പാടുകളിലേക്കും പങ്കപ്പാടുകളിലേക്കും ഇടുന്നതിനുപകരം നമുക്കും അവര്‍ക്കൊപ്പം കൂടാം. നമ്മളെക്കാള്‍ ബഹുദൂരം മുന്നോട്ടു നടന്നു കഴിഞ്ഞ റസ്സലിനെ പോലുള്ളവര്‍ക്കൊപ്പം, നാളെ നമ്മളുണ്ടാവുമോ....?
 
പരിസ്ഥിതി വിദ്യാഭ്യാസപരിപാടികള്‍ സംഘടിപ്പിക്കുന്ന ലേഖിക, കേരളത്തിലെ വിദ്യാലയങ്ങളില്‍ ഇപ്പോള്‍ നാം കാണുന്ന Nature clubകളുടെ ആരംഭകകൂടിയാണ്.

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts