news-details
മറ്റുലേഖനങ്ങൾ

ലൗദാത്തോ സി, മി സിഞ്ഞോരെ

ഈ ലേഖനത്തിന്‍റെ തലക്കെട്ട് 2015 മെയ് 24ന് ഫ്രാന്‍ സിസ് മാര്‍പാപ്പ ഒപ്പുവച്ച ചാക്രികലേഖനത്തിന്‍റെ തലക്കെട്ടും ആദ്യവരിയും ആയിട്ടാണ് ഇപ്പോള്‍ പലരും അറിയുന്നത്; നല്ലതുതന്നെ. ഈ ചാക്രികലേഖനം പഠനവിഷയമാക്കിയപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന രണ്ടു ചോദ്യങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

1. അസ്സീസിയിലെ ഫ്രാന്‍സിസ് പുണ്യാളന്‍ എഴുതിയ സൂര്യകീര്‍ത്തനമാണ് റോമിലെ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ചാക്രികലേഖനത്തില്‍ ഉടനീളം പ്രതിപാദിച്ചിരിക്കുന്നത് എന്ന് അറിയുന്നു. എന്താണ് സൂര്യകീര്‍ത്തനത്തിന്‍റെ ചരിത്രം?

2. തന്നെത്തന്നെ 'സാധാരണക്കാരനായ മണ്ടന്‍' എന്നു വിശേഷിപ്പിക്കുന്ന അസ്സീസിയിലെ ഫ്രാന്‍സിസിന് സൂര്യകീര്‍ത്തനം പോലുള്ള ഒരു കൃതി എഴുതാന്‍ സാധിക്കുമോ? ആരൊക്കെയോ എഴുതി പിന്നീട് പ്രചരണാര്‍ത്ഥം ഫ്രാന്‍സിസിനോട് ചേര്‍ത്തുവച്ചതല്ലേ?
സൂര്യകീര്‍ത്തനത്തിന് ഒരു ആമുഖം നമ്മള്‍ക്കു ലഭ്യമായ ഫ്രാന്‍സിസ്ക്കന്‍ ലിഖിതങ്ങള്‍ എല്ലാംതന്നെ ലത്തീന്‍ ഭാഷയിലാണ് എന്നു പറയുന്നതിന് എതിരായി നില്‍ക്കുന്നത് പ്രത്യേകമായും രണ്ടു രചനകളാണ്. ഒന്ന് ക്ലാരയ്ക്കും സഹോദരിമാര്‍ക്കും എഴുതിയ അനുശാസനകീര്‍ത്തനം. രണ്ട് സൂര്യകീര്‍ത്തനം.

ഇവ രണ്ടും ഉമ്പ്രേരിയന്‍ പ്രാദേശിക ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിസ്ക്കന്‍ ലിഖിതങ്ങളെക്കുറിച്ച് നല്ല വിവരമുള്ളവര്‍ക്കിടയില്‍ ഒരുപാട് കാലമായി ചര്‍ച്ചകളും ഉപചര്‍ച്ചകളും നടന്നിരുന്നു. അസ്സീസിയിലെ ഫ്രാന്‍സിസ് തന്നെയാണോ സൂര്യകീര്‍ത്തനം എഴുതിയത് എന്നതിനെക്കുറിച്ച്! എന്നാല്‍ ഇപ്പോള്‍ ഇതിനെക്കുറിച്ചുള്ള ഭൂരിഭാഗം പണ്ഡിതമതം ഇതു ഫ്രാന്‍സിസ് തന്നെ രചിച്ചതാണെന്നാണ്. ഇതിന്‍റെ രചനയുടെ കാലഘട്ടം നിര്‍ണയിക്കുക എളുപ്പമല്ല. എന്നിരുന്നാലും അതിലേയ്ക്കു വിരല്‍ചൂണ്ടുന്ന ഏറ്റവും പഴയ അടിസ്ഥാനമുള്ളത്, ആദ്യകാല ഫ്രാന്‍സിസ്ക്കന്‍ എളിയ സഹോദരനായ സെലാനോയിലെ തോമസിന്‍റെ 1245-1247 കാലഘട്ടത്തില്‍ എഴുതിയ ഫ്രാന്‍സിസ് ഓഫ് അസ്സീസിയുടെ രണ്ടാമത്തെ ജീവചരിത്രത്തില്‍. അതില്‍ വിവരിച്ചിരിക്കുന്ന അനുഭവം ഇപ്രകാരമാണ്; ഒരിക്കല്‍ ശാരീരികമായും മാനസികമായും അതീവക്ഷീണിതനായ ഫ്രാന്‍സിസ് ശാരീരിക അസ്വാസ്ഥ്യത്താല്‍ പീഡിതനായിരിക്കവേ, തന്നോടുതന്നെ അനുകമ്പ തോന്നി, അതും ഹൃദയത്തിന്‍റെ അകത്തട്ടില്‍. എന്നാല്‍ ശാരീരിക വിചാരവികാരങ്ങള്‍ക്ക് വശംവദനാകാതിരിക്കാന്‍ ഫ്രാന്‍സിസ് ക്രിസ്തുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഈ സമയം  കര്‍ത്താവ് ഫ്രാന്‍സിസിനോട് ഇപ്രകാരം പറയുന്നതായി അനുഭവപ്പെട്ടു. "പ്രപഞ്ചം മുഴുവനായും വിലമതിക്കാനാവാത്ത സ്വര്‍ണ്ണത്താല്‍ നിര്‍മ്മിതമാണ് എന്നു കരുതുക. നിന്‍റെ വേദനകള്‍ക്കും സഹനങ്ങള്‍ക്കും തുലനം ചെയ്യാന്‍ ആ സ്വര്‍ണ്ണം ഒന്നുമേ അല്ലല്ലോ? അവ സഹിക്കാന്‍ നീ തയ്യാറാകില്ലേ?" "അവര്‍ണ്ണനീയമായ സന്തോഷത്തോടെ ഞാന്‍ തയ്യാറാകും" എന്നായിരുന്നു ഫ്രാന്‍സിസിന്‍റെ മറുപടി. കര്‍ത്താവ് തുടര്‍ന്നു: "ആഹ്ലാദിക്കുവിന്‍, നിന്‍റെ സഹനം സ്വര്‍ഗ്ഗരാജ്യത്തില്‍ നീ ഇടം നേടിയിരിക്കുന്നു എന്നതിന് ഉറപ്പായ അടയാളമാണ്."

ഈ സംഭവത്തിന്‍റെ തുടര്‍വിവരണം 'Assisi Compilation,' 'Mirror of Perfection' എന്നീ ഫ്രാന്‍സിസ്ക്കന്‍ ആദ്യകാല ഗ്രന്ഥങ്ങളില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്: "പിറ്റേ ദിവസം രാവിലെ ഫ്രാന്‍സിസ് തന്‍റെ സഹോദരരോടായി പറഞ്ഞു: തന്‍റെ ഒരു ഭൃത്യനു  ചക്രവര്‍ത്തി ഒരു രാജ്യം നല്കിയാല്‍ ഒരുപാട് സന്തോഷമാകില്ലേ? അതിലും എത്ര മടങ്ങ് സന്തോഷമായിരിക്കും തന്‍റെ സാമ്രാജ്യം മുഴുവന്‍ ഭൃത്യനു ലഭിച്ചാല്‍. ഫ്രാന്‍സിസ് തുടര്‍ന്നു: ഞാന്‍ എന്‍റെ അനാരോഗ്യത്തിലും അസ്വസ്ഥതകളിലും ലഭിച്ച, ദയയ്ക്കും കൃപയ്ക്കും അനുഗ്രഹങ്ങള്‍ക്കുമായി പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നന്ദി അരുളുന്നു. അവിടുന്ന്, അര്‍ഹതയില്ലാത്ത, ജടികനായ ഈ ഭൃത്യന് സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നു. അതിനാല്‍ ദൈവമഹത്വത്തിനും പുകഴ്ചയ്ക്കും നമ്മുടെ തന്നെ സമാധാനത്തിനുമായി സകല ചരാചരങ്ങളുടെയും സ്രഷ്ടാവിനെ സ്തുതിക്കുന്നു."

ഇതാണ് സൂര്യകീര്‍ത്തനത്തിന്‍റെ പിന്നിലെ സംഭവമായി ഫ്രാന്‍സിസ്കന്‍ ആദ്യകാല ഗ്രന്ഥങ്ങള്‍ നല്‍കുന്നത്. ഈ കൃതി ഫ്രാന്‍സിസ് ഗദ്യരൂപത്തിലാണ് നല്‍കിയതെന്നും സഹോദരനായ പസിഫിക്കോയും മറ്റു സഹോദരരും ചേര്‍ന്ന് പദ്യരൂപത്തിലാക്കിയതാണെന്നും പറയപ്പെടുന്നു. ആദ്യകാല ഗ്രന്ഥങ്ങളില്‍നിന്നു മാറി ഈ കൃതി പതിനാലു ചെറിയ ശ്ലോകങ്ങളായി പഠനത്തിന്‍റെയും വ്യാഖ്യാനത്തിന്‍റെയും എളുപ്പത്തിനായി തരംതിരിച്ചിട്ടുണ്ട്. ഒന്നും രണ്ടും ശ്ലോകങ്ങള്‍ ദൈവസ്തോത്രത്തിന്‍റെ മുഖവുരയായും പതിനാലാം ശ്ലോകം ഓരോ പ്രപഞ്ചസൃഷ്ടിയെ പ്രതി ദൈവത്തെ സ്തുതിക്കുന്നതിനോട് ചേര്‍ത്തും ചൊല്ലുന്നതിനായി കരുതിപ്പോരുന്നു.

ഈ പതിനാലു ശ്ലോകങ്ങളുടെയും രചന ഒരു കാലഘട്ടത്തില്‍ തന്നെ ആണെന്നും അല്ലെന്നും പണ്ഡിതമതം ഉണ്ട്. ഇതിന്‍റെ ആദ്യത്തെ ഒമ്പതുശ്ലോകങ്ങള്‍ രോഗിയായ ഫ്രാന്‍സിസ് തന്‍റെ സഹനാവസ്ഥയിലും ദൈവത്തില്‍നിന്നു ലഭിച്ച സ്വര്‍ഗ്ഗരാജ്യത്തിന്‍റെ ഉറപ്പിന്‍റെ സമയത്തും, പത്തും പതിനൊന്നും ശ്ലോകങ്ങള്‍ അസ്സീസിയുടെ ബിഷപ്പും മേയറും തമ്മിലുള്ള രൂക്ഷമായ പ്രതിസന്ധി തീര്‍ക്കുന്നതിനായും പതിമൂന്നാം ശ്ലോകം മരണസമയത്തും രചിച്ചതാണെന്നും പൊതുവേ കരുതിപ്പോരുന്നു. ഇതില്‍ത്തന്നെ പത്തും പതിനൊന്നും ശ്ലോകങ്ങള്‍ക്ക് കാരണം തന്‍റെ തന്നെ സഹോദരരില്‍ നിന്ന് പല രൂപത്തിലും ഫ്രാന്‍സിസിന് നേരിടേണ്ടി വന്ന  അനുഭവങ്ങളാണ് എന്നു സമര്‍ത്ഥിക്കുന്നവരും ഇല്ലാതില്ല.

ലത്തീന്‍ഭാഷയില്‍ നിന്ന് ഇറ്റാലിയന്‍ ഭാഷ രൂപംകൊള്ളുന്ന വേളയിലാണ് സൂര്യകീര്‍ത്തനത്തിന്‍റെ രചന എന്നതിനാലും അര്‍ത്ഥവും ഘടനയും ഏറെ വിശിഷ്ടമായതിനാലും ഇറ്റാലിയന്‍ ഭാഷാചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനം സൂര്യകീര്‍ത്തനത്തിനുണ്ട്.

ക്രിസ്തീയ ആദ്ധ്യാത്മികതയെ ചുരുങ്ങിയ വാക്കുകളിലൂടെ വരച്ചുകാട്ടുന്ന ഈ കൃതിക്ക് 148-ാം സങ്കീര്‍ത്തനത്തോടും ദാനിയേലിന്‍റെ പുസ്തകത്തിലെ 'മൂന്ന് യുവാക്കളുടെ കീര്‍ത്തനത്തോടും' 'കര്‍തൃപ്രാര്‍ത്ഥന'യോടും ഉള്ള അടുപ്പം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. 

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts