news-details
മറ്റുലേഖനങ്ങൾ

സമര്‍പ്പണം

അസാധാരണത്വമൊന്നുമില്ലാത്ത ഒരു പെണ്‍കുട്ടിയായിട്ടാണ് മറിയം തിരുവെഴുത്തിലുള്ളത്. അവളുടെ സമര്‍പ്പണവും താഴ്മയുമൊക്കെ പില്‍ക്കാലങ്ങളില്‍ ഏറെ വാഴ്ത്തപ്പെടുന്നുണ്ട്. എന്നാല്‍ ക്രിസ്തീയ ചരിത്രത്തിന്‍റെ പ്രാരംഭ നിമിഷത്തില്‍ അവളും ദൈവവും  മാത്രം അറിയുന്ന രഹസ്യത്തെപ്രതി അവളേറ്റ അപമാനം നിസ്സാരമല്ല.  ഹൃദയത്തിലൂടെ ഒരു വാള്‍ എന്ന സദൃശ്യത്തിലാണ് തിരുവെഴുത്ത് അതിനെ സംഗ്രഹിക്കുക. കുത്തുവാക്കുകളും ആക്ഷേപങ്ങളും ഒളിഞ്ഞും തെളിഞ്ഞും കിട്ടിയിട്ടുണ്ടാവും. അകമെത്ര നൊന്തിരിക്കാം. അവളുടെ മകനും പൊതിഞ്ഞുവെച്ച നോവുകള്‍ എത്രയായിരിക്കും. പക്ഷെ വല്ലാതെ അത്ഭുതപ്പെടുത്തുന്ന ഒന്നുണ്ട്. ഉള്ളിലെ മുറിവുകള്‍ അത്രയും പെട്ടെന്ന് പൊറുത്തുകളയാന്‍ പറ്റാത്തവിധം ഒരു സാധാരണ സ്ത്രീയായിരുന്നിട്ടും  തീരാപകയുടെ ഒരു  കനല്‍തരിപോലും ഉള്ളിലേറ്റാതിരുന്നതാണ് സഖേ അവളുടെ അസാധാരണത്വം. സത്യത്തില്‍ ദൈവം തന്നെ അവള്‍ക്കൊപ്പമാണ്. എന്നിട്ടും അവളെന്തേ ഒരു പ്രതികാരത്തിനും മുതിര്‍ന്നില്ല. മനുഷ്യപുത്രനെ അവള്‍ വളര്‍ത്തിയെടുത്തത് പകയോതിയല്ല എന്ന് ഓര്‍ക്കണം. നമ്മെക്കണക്ക് സാമാന്യമനുഷ്യര്‍ക്കൊക്കെ മറക്കാനാവാത്ത എത്ര എത്ര ഓര്‍മ്മകളുണ്ട്. അതില്‍ത്തന്നെ പൊറുക്കാനാവാത്തവ എത്രയധികം. ഓരോ വിഷയത്തിലും നുഴഞ്ഞുകയറുന്ന പകയൂത്തുകാര്‍ ചേര്‍ന്ന് ദിനംപ്രതി ചാമ്പലാക്കുന്നത് പരമശാന്തി പരത്തേണ്ട ശുദ്ധ പ്രാര്‍ത്ഥനകളുടെ കന്യാവനികളെയാണ് എന്ന് ഓര്‍ക്കുമ്പോള്‍ നല്ല സങ്കടമുണ്ട്.

അവഗണിക്കപ്പെട്ടവരെ ചേര്‍ത്തൊരു വംശാവലി. അതു തരുന്ന ആശ്വാസം ചില്ലറയല്ലല്ലോ പുണ്യപ്പെട്ടവരുടെ ആഘോഷം മാത്രമല്ലത്. നോക്കുക, അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ  ക്രിസ്തുവിന്‍റെ വംശാവലി എന്നു പറഞ്ഞാണ് മത്തായി തുടങ്ങുക. വിശ്വാസികളുടെ പിതാവായ അബ്രഹാം, ഇസ്സഹാക്ക്, യാക്കോബ് എന്നിങ്ങനെ വിശ്വാസത്തിന്‍റെ രാജാക്കന്മാരെയും ദാവീദ്, ശലോമോന്‍ എന്നിങ്ങനെ മഹത്വമുള്ള രാജാക്കന്മാരുടെ വിശ്വാസവും വെളിപ്പെടുത്തുന്ന പരമ്പരയാണ് പിന്നീട് നല്കുക.  എന്നാല്‍ ഇതിനിടയില്‍ ചിലരുണ്ട്. നിസ്സാരരും ദരിദ്രരും താന്താങ്ങളുടെ ജീവിത പരിസരങ്ങളില്‍ ചില നേരങ്ങളില്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടവരും വശീകരിക്കപ്പെട്ടവരും വശപ്പെട്ടവരുമൊക്കെ ഈ പരമ്പരയിലുണ്ട്. പൊതുവേ തെറ്റുകാരും അവമതിക്കപ്പെട്ടവരുമായി കരുതിപ്പോന്ന ഇയാളുകളെ ചേര്‍ത്താണ് ക്രിസ്തുവിന്‍റെ ജീനിയോളജി ചമയ്ക്കപ്പെട്ടത്. എന്തിനാണത്? സത്യമായും നാം പിന്നിട്ട നോമ്പുനാളുകള്‍ ധ്യാനിക്കണം. അതില്‍ അബ്രഹാം പിതാവിനെപ്പോലെ തീഷ്ണവിശ്വാസത്തോടെ നിന്ന ദിനങ്ങള്‍. മഹാനായ ദാവീദിനെപ്പോലെ ധീരമായി പോരാടിയ ദിവസങ്ങള്‍. ശലോമോന്‍റെ ജ്ഞാനത്തില്‍ ഉറച്ചു നിന്ന ദിനങ്ങള്‍. ഇതിനിടയില്‍ എത്രയോ വീഴ്ചകള്‍. സ്വയം കാണാനാവാത്തവിധം അജ്ഞതയും അലസതയും കൊണ്ട് മൂടുപടമിട്ട ദിവസങ്ങള്‍. എന്നിട്ടും താമാറിനെപ്പോലെ ഉടമ്പടി ഓര്‍മ്മിക്കുന്നുണ്ട്. റൂത്തിനെപ്പോലെ സ്നേഹിച്ചിട്ടുണ്ട്. റാഹാബിനെപ്പോലെ സമയോചിതമായി പെരുമാറിയിട്ടുണ്ട്. വികാരം ജനിപ്പിച്ച ബര്‍ശേബയില്‍ നിന്ന് വിവേകം ജനിച്ചിട്ടുണ്ട്. സത്യമായും ഇതെല്ലാം ചേര്‍ന്നിട്ടാണ്  സഖാവേ ക്രിസ്തു പിറക്കുന്നത്. ശരിക്കും അത് തരുന്ന ആശ്വാസം ഒട്ടും ചെറുതല്ലല്ലോ.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts