news-details
മറ്റുലേഖനങ്ങൾ

തോമസിന്‍റെ സുവിശേഷം: ഒരാസ്വാദനം

"അവന്‍ വീണ്ടും, 'ഈ വചനങ്ങളുടെ ഗൂഢാര്‍ത്ഥം കണ്ടുപിടിക്കുന്നവന്‍ മരിക്കുകയില്ല'  എന്നു പറഞ്ഞു" എന്ന വചനത്തോടെയാണ് തോമസിന്‍റെ സുവിശേഷം തുടങ്ങുന്നത്. അപ്പംകൊണ്ടു മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നതെന്നും അവന്‍റെ തിരുമുഖത്തുനിന്നും വരുന്ന വചനങ്ങളാലുമാണെന്നും നാം പലവുരു കേട്ടിരിക്കുന്നു. എന്നാല്‍ അവന്‍റെ വചനങ്ങളുടെ അന്തസ്സത്തയിലേക്ക് ഉണര്‍ന്നുപോയി അതു ജീവിതത്തിന്‍റെ അന്തര്‍ധാരയായിത്തീര്‍ന്നാല്‍ മാത്രമെ നാം യേശുക്രിസ്തുവിനെപ്പോലെ മനുഷ്യപുത്രനില്‍നിന്നും ദൈവപുത്രനിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുകയുള്ളൂവെന്നും ജനനമോ മരണമോ ഇല്ലാത്ത പരംപൊരുളിന്‍റെ നിത്യവര്‍ത്തമാനം അനുഭവിക്കുകയുള്ളൂവെന്നുമുള്ള സൂക്ഷ്മമായ അറിവുകളാണ് ഈ വചനത്തിലൂടെ നാം മനസ്സിലാക്കേണ്ടത്.

നിത്യനിരന്തമായ ധ്യാനാത്മക ജീവിതത്തിലൂടെ മാത്രം സംഭവിക്കുന്ന ബോധശുദ്ധിയില്‍ വിളങ്ങേണ്ടതാണ് വചനങ്ങളുടെ നിഗൂഢത. അതിന് ഇവിടെ, ഇപ്പോള്‍ നാം സത്യമായി അനുഭവിക്കുന്ന ലോകത്തില്‍ കഴിയുന്നത്ര ആത്മാര്‍ത്ഥതയോടെ ജീവിച്ചു തുടങ്ങുകയാണ് വേണ്ടത്. നിഗൂഢമായ അറിവുകളിലേക്കു നമ്മെ നയിച്ചുകൊണ്ടുപോകുന്നത് പ്രത്യക്ഷമായ ജീവിതം തന്നെയാണെന്നറിഞ്ഞ് യാഥാര്‍ത്ഥ്യബോധത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ യേശുക്രിസ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. "നിങ്ങളുടെ കണ്‍മുമ്പിലുള്ളതിനെ അംഗീകരിക്കുക. നിങ്ങളില്‍നിന്നു മറഞ്ഞിരിക്കുന്നതും അപ്പോള്‍ നിങ്ങള്‍ക്കു വെളിവാകും. എന്തെന്നാല്‍ മറഞ്ഞിരിക്കുന്നതായ യാതൊന്നും വെളിപ്പെടുകയില്ലാത്തതായി ഇല്ല."

നാം പലപ്പോഴും കണ്‍മുമ്പിലുള്ളതിനെ അവഗണിച്ച് ദൈവത്തെ തേടുന്നവരാണ്. വഴിവക്കില്‍ നിസ്സഹായരും നിരാലംബരുമായി കഴിയുന്ന മനുഷ്യരെ കാണാതെയും കേള്‍ക്കാതെയുമാണ് നാം ദൈവസന്നിധിയിലേക്ക് ധൃതിയില്‍ ഓടിയെത്തുന്നത്. പ്രാര്‍ത്ഥനാനിരതമായ ഹൃദയത്തോടെ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് നാം നാളുകളായി മുട്ടുകുത്തിയിട്ടും നെറ്റികുത്തിയിട്ടും കൈകൂപ്പിയിട്ടും ഹൃദയത്തില്‍ ധന്യതയുടെ ഉറവകള്‍ പൊട്ടിയൊഴുകാത്തതെന്തെന്ന് ഇനിയെങ്കിലും നാം നമ്മോടു ചോദിക്കേണ്ടിയിരിക്കുന്നു. അതിനുള്ള മറുപടിയാണ് യേശു നമ്മിലേക്കു പകരുന്നത്; "കണ്‍മുമ്പിലുള്ളതിനെ അംഗീകരിക്കുക."

ദൈവത്തിലേക്കുള്ള യാത്ര നാം 'ഇവിടെ' നിന്നാണ് തുടങ്ങേണ്ടത്. എങ്കിലേ നമുക്ക് 'അവിടെ' എത്തിച്ചേരാനാകുകയുള്ളൂ. അരുളും അന്‍പും അനുകമ്പയും സാങ്കല്പികമായ ദൈവസ്നേഹത്തിലൂടെ വളര്‍ത്തിയെടുക്കേണ്ടതല്ല. ദാഹിക്കുന്നവനു വെള്ളം പകരുമ്പോള്‍ നമ്മുടെ അകമേ വന്നുപടരുന്ന നനവാണത്.  ആ നനവിലാണ് ദൈവരാജ്യത്തിലേക്കുള്ള വഴി ഉണര്‍ന്നുവരിക. അവിടെയാണു നാം വചനങ്ങളുടെ നിഗൂഢത കണ്ടെത്തുക. അതിനു വിനയാന്വിതമായ ഹൃദയമാണവശ്യം. വയസ്സില്‍ വൃദ്ധനായ ഒരുവന്‍ ഏഴുദിവസം പ്രായമുളള ഒരു കുഞ്ഞിനോട് ജീവിതത്തെപ്പറ്റി അന്വേഷിക്കാന്‍ മടി കാണിക്കുന്നില്ലെങ്കില്‍ അവനാണ് ജീവിക്കുന്നവന്‍ എന്ന് യേശുക്രിസ്തു പറഞ്ഞതായി തോമസ് രേഖപ്പെടുത്തുമ്പോള്‍ ആ വിനയാന്വിതമായ പുണ്യഹൃദയം എത്ര കരുതലോടെയാണു നമുക്കു വഴി കാണിച്ചു തരുന്നതെന്നോര്‍ത്ത് നമ്മുടെ കണ്ണു നനയാതിരിക്കില്ല.

എന്താണ് നാം അറിഞ്ഞവരിലൂടെ അന്വേഷിക്കേണ്ടത്? അന്നവും വസ്ത്രവും പാര്‍പ്പിടവും കണ്ടെത്താന്‍ നാം ദൈവത്തിലേക്കോ യേശുവിനെപ്പോലുള്ളവരിലേക്കോ തിരിയേണ്ടതില്ല. ജൈവികമായി ലഭിച്ചിട്ടുള്ള ബുദ്ധിയുപയോഗിച്ചുതന്നെയാണ് ഭൂമിയില്‍ രൂപപ്പെട്ട നാള്‍മുതല്‍ നാം അത് അന്വേഷിച്ചിട്ടുള്ളതും കണ്ടെത്തിയിട്ടുള്ളതും. എന്നാല്‍ മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ഉണ്മയുടെ തനിമയിലേക്ക് ബുദ്ധിയുപയോഗിച്ച് പ്രവേശിക്കാനാവില്ല. അവിടെ തുറന്നുവരേണ്ട ഒരു ഹൃദയമുണ്ട്. നമ്മുടെ ശരീരത്തിലെ ഒരവയവമായിരിക്കുന്ന ഹൃദയത്തിന്‍റെ കാര്യമല്ല പറയുന്നത്. ശരീരങ്ങള്‍ക്കെല്ലാം അധിഷ്ഠാനമായിരിക്കുന്ന ചൈതന്യത്തെയാണ് ഹൃദയമായറിയേണ്ടത്. ആ ലക്ഷ്യത്തിലേക്കു വിരല്‍ചൂണ്ടി യേശു പറയുന്നു; "ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു കൈയും തൊട്ടിട്ടില്ലാത്തതും, മനുഷ്യമനസ്സിന് ഒരിക്കലും തോന്നിയിട്ടില്ലാത്തതുമായതിനെ ഞാന്‍ നിങ്ങള്‍ക്കു തരും."

അതിനു നാം കൊച്ചുകൊച്ചു ലക്ഷ്യങ്ങളില്‍നിന്നും വിടുതല്‍ നേടി യേശു ചൂണ്ടിക്കാണിക്കുന്ന നക്ഷത്രത്തിലേക്കു ഹൃദയം തിരിക്കേണ്ടതുണ്ട്.  ജൈവികമായ ചോദനകള്‍ നമ്മെ ഭൂമിയില്‍ വേരിറക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അതു സ്വാഭാവികമായ പ്രേരണയാണെന്നറിഞ്ഞ് അതിനെ മാനിക്കുകതന്നെ വേണം.  അതോടൊപ്പം തുടരേണ്ട യാത്രയെക്കുറിച്ചാണ് യേശു നമ്മെ സദാ ഓര്‍മ്മിപ്പിക്കുന്നത്. ജീവിതത്തിന് ലക്ഷ്യമായിരിക്കേണ്ടത് നൈമിഷികമായ പ്രാപഞ്ചികതകളല്ലെന്നു ബോധ്യമാകുമ്പോഴാണ് യേശുവിന്‍റെ അതീവ ലളിതമായ ഉപമ എത്രമാത്രം ജീവിതത്തിനു വെളിച്ചം പകരുന്നുവെന്നു നാം അറിയുക. അദ്ദേഹം പറയുന്നു; "മനുഷ്യന്‍ കടലില്‍ വലയെറിഞ്ഞ ബുദ്ധിമാനായ മീന്‍പിടുത്തക്കാരനെപ്പോലെയാകുന്നു. വലനിറയെ ചെറിയ മത്സ്യങ്ങളെ അവന്‍ പിടിച്ചു. അവയുടെ ഇടയില്‍ ബുദ്ധിമാനായ മീന്‍പിടുത്തക്കാരന്‍ ഒരു വലിയ നല്ല മീനിനെ കണ്ടു. യാതൊരു പ്രയാസവുംകൂടാതെ അവന്‍ വലിയ മീനിനെ തെരഞ്ഞെടുക്കുകയും ചെറിയതിനെയെല്ലാം കടലിലേക്കു തിരിച്ചിടുകയും ചെയ്തു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ."

അലി അല്‍-സമ്മാന്‍, മുഹമ്മദ് ഖലീഫ എന്നീ രണ്ടു കര്‍ഷക സഹോദരന്മാരാണ് 1945 ഡിസംബറില്‍ തോമസിന്‍റെ സുവിശേഷമടങ്ങുന്ന പുസ്തകശേഖരം ഈജിപ്തിലെ നാഗ് ഹമ്മദ് എന്ന സ്ഥലത്തെ തങ്ങളുടെ വയലില്‍നിന്ന് കണ്ടെത്തിയത്. അറിവിന്‍റെ ആഴമന്വേഷിക്കുന്നവര്‍ക്കു സൂക്ഷ്മമായി ധ്യാനിക്കാവുന്ന 114 വിശുദ്ധ വചനങ്ങളാണ് ഈ സുവിശേഷത്തിലുള്ളത്.

വൈയക്തികമായ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് നാം ജീവിതത്തെ പടുത്തുയര്‍ത്തുന്നത്. ഏതു വിഷയത്തെക്കുറിച്ചും നമുക്കു നമ്മുടേതായ ധാരണകളുണ്ട്. ആ ധാരണകളെ ശരിവയ്ക്കുന്ന ഇടങ്ങളെയാണ് നാം അന്വേഷിക്കുന്നത്. അല്ലാതെ സത്യത്തെയല്ല. ഒരു ക്രിസ്ത്യാനി അവരുടെ വിശ്വാസത്തെ സമ്മതിക്കുന്ന ഇടങ്ങളെ മാനിക്കുമ്പോള്‍ ഒരു മുസ്ലീമിന് ആ ഇടങ്ങള്‍ അരോചകമാണ്. അദ്വൈതിയ്ക്ക് ദ്വൈതിയും വിശിഷ്ടാദ്വൈതിയും വിരോധികളാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്നും നിലനില്ക്കുന്നു.  ഇങ്ങനെയുള്ള ഭ്രാന്തന്‍ സമൂഹത്തിലേക്കാണ് വിഭാഗീതയതകള്‍ക്കെല്ലാം കാരണമായിരിക്കുന്ന ചിന്തകളെ തകര്‍ത്തുകളയുന്ന വിശ്വമാനവികതയുടെ അരുളപ്പാടുകളുമായി യേശുവിനെപ്പോലുള്ളവര്‍ കടന്നുവരുന്നത്.
ജീവിതംകൊണ്ട് അവര്‍ കാണിച്ചു തരുന്ന ദര്‍ശനങ്ങളെ ഹൃദയത്തിലേക്കു സ്വീകരിക്കാന്‍ തുടങ്ങുമ്പോഴാണ് അകത്തെ മതിലുകള്‍ തകര്‍ന്നുതുടങ്ങുക. സാധാരണക്കാരായ നമുക്കു അതു സഹിക്കാനാവില്ല. അസ്വസ്ഥത നിറഞ്ഞ ഒരു അന്തരംഗമാണ് ആ ദര്‍ശനങ്ങള്‍ ആദ്യം നമുക്കു സമ്മാനിക്കുക. അചഞ്ചലമായ വിശ്വാസത്തോടെ മുമ്പോട്ടു യാത്രതുടരാന്‍ നാം തയ്യാറാണെങ്കില്‍ ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന അടരുകളെല്ലാം മെല്ലെമെല്ലെ കൊഴിഞ്ഞുവീഴും. വിഭാഗീയതയുണ്ടാക്കുന്ന ചിന്തകളെല്ലാം അസ്തമിക്കും. അകം ഏകാത്മകതയെ തൊട്ടറിയും. വ്യക്തിതാത്പര്യങ്ങള്‍ക്കുമപ്പുറം വിശ്വതാത്പര്യം സജീവമാകും. ഞങ്ങള്‍, നിങ്ങള്‍ എന്നതില്‍നിന്നും നമ്മള്‍ എന്നുപറയാവുന്ന ഒരുള്ളത്തിലേക്കു നാം വികസിക്കും. പൊട്ടക്കിണറ്റില്‍നിന്നും സാഗരത്തിലെത്തിച്ചേര്‍ന്ന അനുഭവം. അനന്തവിശാലമായ ലോകംകണ്ട് നാം ആശ്ചര്യപ്പെടും. എല്ലാ ഭയങ്ങളും ഒഴുകിമറയും. ശരിയായ അഭയം എന്തെന്ന് ആ നിര്‍ഭയതയില്‍ നാം അനുഭവിക്കും. അങ്ങനെയുള്ള ഒരു ജീവിതാവബോധത്തെ തൊട്ടുകാണിച്ചുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: "അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നതുവരെ അന്വേഷിക്കട്ടെ. കണ്ടെത്തുമ്പോള്‍ അവന്‍ അസ്വസ്ഥനാകും. അസ്വസ്ഥനാകുമ്പോള്‍ അവന്‍ ആശ്ചര്യപ്പെടുകയും എല്ലാറ്റിനെയും അവന്‍ അടക്കിഭരിക്കുകയും ചെയ്യും."

നമുക്കു പലതും അറിയാം. ആകാശത്തെയും അനന്തകോടി നക്ഷത്രങ്ങളെയും സാഗരത്തെയും എല്ലാം നാം മനസ്സിലാക്കിവച്ചിട്ടുണ്ട്. പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും സൂക്ഷ്മമായി നാം അറിയുന്നുണ്ട്. തൊട്ടടുത്തിരിക്കുന്ന മനുഷ്യനെക്കുറിച്ചറിയാനുള്ള നമ്മുടെ ജിജ്ഞാസ ശക്തമാണ്. എന്നാല്‍ ഒരിക്കലെങ്കിലും എല്ലാറ്റിന്‍റെയും എല്ലാവരുടെയും രഹസ്യമറിയാന്‍ വെമ്പുന്ന നമ്മെക്കുറിച്ചറിയാന്‍ നാം ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ നമ്മേക്കാള്‍ വലിയ ദരിദ്രരില്ലെന്നാണ് യേശു പറയുന്നത്. ലോകത്തെയും ലോകരെയും അതിന്‍റെ പാട്ടിനുവിട്ടിട്ട് ബോധത്തിന്‍റെ കേന്ദ്രബിന്ദുവായിരിക്കുന്ന നിശ്ചലതയില്‍ സ്വര്‍ഗ്ഗരാജ്യത്തെ അനുഭവിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം എടുത്തുപറയുന്നു. ദൈവരാജ്യം അകവും പുറവും തിങ്ങിനില്ക്കുന്ന മഹിമാവാണെന്നും ആ മഹിമയില്‍ എന്നെന്നേയ്ക്കുമായി ഇല്ലാതാകാനായാല്‍ നമ്മുടെ സത്യമായ ആന്തരികത തൊട്ടറിയാനാകുമെന്നും അന്നു നാം ജീവിക്കുന്ന പിതാവിന്‍റെ  പുത്രന്മാരാണെന്നറിയുമെന്നും ആവര്‍ത്തിച്ചുപറയുന്നു.  അദ്ദേഹത്തിന്‍റെതന്നെ വാക്കുകള്‍ തോമസ് ഇങ്ങനെ രേഖപ്പെടുത്തുന്നു: "നിങ്ങളെ നയിക്കുന്നവര്‍ നിങ്ങളോട് 'നോക്കൂ, ദൈവരാജ്യം ആകാശത്തിലാണ്' എന്നുപറയുന്നുവെങ്കില്‍, ആകാശത്തിലെ പക്ഷികള്‍ നിങ്ങളെ മുന്‍ഗമിക്കും. അവര്‍ നിങ്ങളോട് 'അതു സമുദ്രത്തിലാണ്' എന്നു പറയുന്നുവെങ്കില്‍ മത്സ്യങ്ങള്‍ നിങ്ങളെ മുന്‍ഗമിക്കും. എങ്കിലോ ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്, അതു നിങ്ങള്‍ക്കു പുറത്തുമാണ്. നിങ്ങള്‍ എപ്പോള്‍ നിങ്ങളെത്തന്നെ അറിയുന്നുവോ, അന്നു നിങ്ങള്‍ അറിയപ്പെടുന്നവരാകുകയും ജീവിക്കുന്ന പിതാവിന്‍റെ പുത്രന്മാര്‍ നിങ്ങള്‍തന്നെയെന്നു നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും. പക്ഷേ, നിങ്ങള്‍ സ്വയം അറിയുന്നില്ലെങ്കിലോ, നിങ്ങള്‍ ദാരിദ്ര്യത്തില്‍ വസിക്കുന്നു. നിങ്ങള്‍ തന്നെയാണ് ആ ദാരിദ്ര്യം."

ദൈവത്തിലേക്ക് അല്ലെങ്കില്‍ അവനവനിലേക്കു തിരിയുന്നതോടെ ജീവിതം അനായാസവും ആനന്ദപ്രദവുമാകുമെന്നു ധരിക്കുന്നുവെങ്കില്‍ നമുക്കു തെറ്റി. ജീവന്‍ ഉത്ഭവിച്ചനാള്‍ മുതല്‍ ജീവരൂപങ്ങളിലൂടെ പ്രവഹിച്ചെത്തി നമ്മുടെ ശരീരത്തിലൂടെ തുടരുന്ന വാസനകളുടെ ഒരു പ്രപഞ്ചമുണ്ട്. ആഴത്തില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന വാസനകളുടെ ഇരിപ്പിടമാണ് നമ്മുടെ ബോധം. നാം ജനിച്ചതിനുശേഷം ആര്‍ജ്ജിച്ചതു മാത്രമല്ല നമ്മുടെ സംസ്കാരമെന്നു മനസ്സിലാക്കാന്‍ അല്പം ജനിതകശാസ്ത്രം അറിഞ്ഞാല്‍ മതി. വാസനാനുസൃതമായി ജീവിച്ചുപോകുമ്പോള്‍ വാസനയുടെ ആഴം നാം അറിയുന്നില്ലെന്നേയുള്ളു. എന്നാല്‍ ആന്തരികജീവിതത്തിന്‍റെ ആകാശത്തിലേക്കു പ്രവേശിക്കുന്നതോടെ യുദ്ധം ആരംഭിക്കുകയായി. മയങ്ങിക്കിടന്നിരുന്ന വാസനകളെല്ലാം ഉണര്‍ന്നുവരികയായി. നാം നമുക്കുതന്നെ ശത്രുവായിത്തീരുന്ന സന്ദര്‍ഭമാണത്. അഗ്നിയുടെ വിളയാട്ടംകൊണ്ട് അന്തരംഗം ചകിതമായിപ്പോകും. ശുദ്ധീകരണപ്രക്രിയയെ തപസ്സെന്നു വിളിച്ചത് വെറുതെയല്ലെന്നു നാം അറിയും.

എല്ലാത്തരത്തിലുള്ള അവിദ്യകളില്‍നിന്നും ബോധത്തെ നിവര്‍ത്തിച്ച് ആദ്യന്തവിഹീനമായ പരംപൊരുളിലേക്ക് ഉന്മുഖമാക്കുന്ന വാക്കുകളാണ് നാം യേശുവിന്‍റേതായി വായിക്കുന്നത്. അദ്ദേഹം നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയല്ല ചെയ്യുന്നത്. എല്ലാ ചോദ്യങ്ങളും അസ്തമിക്കുന്ന ഒരു മണ്ഡലത്തിലേക്ക് നമ്മുടെ ബോധത്തെ ഉണര്‍ത്തിക്കൊണ്ടു പോകുന്ന വാക്കുകളാണ് ആ തിരുഹൃദയത്തില്‍നിന്നും പ്രവഹിച്ചുവരുന്നത്. "ഞാനാണ് അവര്‍ക്കെല്ലാം മുകളിലുള്ള പ്രകാശം. എല്ലാം ഞാന്‍ തന്നെയാണ്. എല്ലാം എന്നില്‍നിന്നും ഉത്ഭവിക്കുകയും എന്നിലേക്ക് വ്യാപിക്കുകയും ചെയ്തു. ഒരു മരക്കഷണം കീറുക, ഞാനവിടെയുണ്ട്. കല്ലു പൊക്കി നോക്കുക, അവിടെയും എന്നെക്കാണും."

ഇവിടെ 'ഞാന്‍' എന്ന് യേശു പറയുന്നത് വ്യക്തിയായ യേശുവിനെ ഉദ്ദേശിച്ചല്ല. മറിച്ച് യാതൊന്നാണോ എല്ലാ 'എന്‍റെ' കള്‍ക്കും അധിഷ്ഠാനമായിരിക്കുന്നത് അതിനെ ചൂണ്ടിയാണ്. എന്‍റെ വീട്, എന്‍റെ നാട്, എന്‍റെ കൈ, എന്‍റെ ശരീരം, എന്‍റെ മനസ്സ്, എന്‍റെ ഹൃദയം, എന്‍റെ ആത്മാവ് എന്നെല്ലാം നാം പറയാറുണ്ട്. ഞാനാണ് ശരീരമെന്നോ, ഞാനാണ് ആത്മാവെന്നോ നാം പറയാറില്ല. എങ്കില്‍ ഏതൊരു ഞാനിനോടു ചേര്‍ത്തുവച്ചാണ് നാം എന്‍റെ വീട്, എന്‍റെ ശരീരം, എന്‍റെ മനസ്സ്, എന്‍റെ  ആത്മാവ് എന്നൊക്കെപറയുന്നത്, ആ ഞാനിലേക്ക് വിരല്‍ചൂണ്ടിയാണ് ഞാനാണ് വഴിയും ജീവനും ലക്ഷ്യവും എന്നൊക്കെ യേശു മൊഴിഞ്ഞത്. അതുതന്നെയാണ് "ഞാനാണ് അവര്‍ക്കെല്ലാം മുകളിലുള്ള പ്രകാശം" എന്നുപറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതും.

ഇങ്ങനെ തോമസിന്‍റെ സുവിശേഷത്തിലൂടെ വായിച്ചുപോകാന്‍ തുടങ്ങിയാല്‍ 114 വചനങ്ങളും എടുത്തു പറയേണ്ടി വരും. യേശുവിന്‍റെ അന്തരംഗത്തെ കുറച്ചുകൂടി സൂക്ഷ്മമായറിയാനാഗ്രഹിക്കുന്നര്‍ ബൈബിള്‍ പോലെതന്നെ പ്രാധാന്യത്തോടെ ധ്യാനിക്കേണ്ടതാണ് ഈ വചനങ്ങള്‍. എന്നാണ് ദൈവരാജ്യം വരികയെന്നു ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി നാം ഹൃദയത്തില്‍ കൊത്തിവയ്ക്കേണ്ടതാണ്: "അതിനുവേണ്ടി കാത്തിരിക്കുന്നതുകൊണ്ട് അതു വരികയില്ല. 'ഇതാ, അതിവിടെയാണ്' എന്നോ, ' അതാ അത് അവിടെയാണ് എന്നോ, പറയാവുന്ന ഒരു കാര്യമല്ല അത്. എങ്കിലോ പിതാവിന്‍റെ രാജ്യം ഭൂമിയില്‍ വ്യാപിച്ചിരിക്കുന്നു. മനുഷ്യര്‍ അതു കാണുന്നില്ല."

ജീവിതത്തിന്‍റെ തനിമയിലേക്ക് ഉണര്‍ന്നുവരാന്‍ സഹായിക്കുന്ന ഈ വചനങ്ങളെ ആത്മാവിലേക്ക് സ്വാംശീകരിക്കാന്‍ നമുക്കാകുമോ? ആകട്ടെ എന്ന പ്രാര്‍ത്ഥനയോടെ നമുക്കു വീണ്ടും സുവിശേഷം വായിച്ചു തുടങ്ങാം...

(വിനയചൈതന്യയുടെ 'തോമസിന്‍റെ സുവിശേഷം' എന്ന വിവര്‍ത്തനത്തെ അധികരിച്ച് എഴുതിയതാണ് ഈ ആസ്വാദനം. മള്‍ബറിയുടെ പ്രസിദ്ധീകരണം. ഇപ്പോള്‍ ഡി സി ബുക്സ് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.)

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts