news-details
മറ്റുലേഖനങ്ങൾ

ഭാര്യാ - ഭര്‍തൃ ബന്ധം: ഒരു തുറന്ന വായന

സ്ത്രീപുരുഷബന്ധം ആസ്വാദ്യവും ഊഷ്മളവുമാക്കുന്നത് അവര്‍ക്കിടയില്‍ അങ്കുരിച്ചു വളരുന്ന പ്രണയമാണ്. പ്രണയത്തിനു മുന്‍പില്‍ മറ്റെല്ലാം അപ്രസക്തമാകുന്നു. ആകുലതകളും ഉള്‍വലിയലുകളും വിരസതയും മടുപ്പും കണക്കുവായനകളുമില്ലാത്ത യഥാര്‍ത്ഥപ്രണയത്തിന്‍റെ മുഖമുദ്രകള്‍ മാനസിക-ശാരീരിക സൗന്ദര്യവും സംതൃപ്തിയും സ്വാതന്ത്ര്യവും ക്രിയാത്മകതയുമാണ്. എന്നാല്‍ പ്രണയബന്ധത്തെക്കാള്‍ എത്രയോ ദൃഢവും ശക്തവും സുദീര്‍ഘവും എന്നു വിശേഷിപ്പിക്കപ്പെടുന്ന - അങ്ങനെയായിരിക്കേണ്ട- ദാമ്പത്യബന്ധത്തില്‍ ഇവയെല്ലാം അന്യമായിരിക്കുന്നത് എന്തുകൊണ്ട്? യാഥാര്‍ത്ഥ്യമേത്, നാട്യമേത് എന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം വൈവാഹിക സ്ത്രീപുരുഷ ബന്ധം ഉപരിപ്ലവമായി മാറുന്നത് എന്തുകൊണ്ട്? വിവാഹ ബന്ധം പ്രണയബന്ധമായില്ലെങ്കില്‍ അതിന് എന്തര്‍ത്ഥമാണുള്ളത്? ഒരായുസു മുഴുവന്‍ ഭയന്നും ഭയപ്പെടുത്തിയും അഭിനയിച്ചും ആത്മവഞ്ചന ചെയ്യാനെങ്കില്‍ വിവാഹബന്ധം പവിത്രമെന്നെങ്ങനെ അവകാശപ്പെടാന്‍ കഴിയും? ശരീരങ്ങള്‍ തമ്മില്‍ ചേരുമ്പോഴും മനസ്സുകള്‍ അനേകകാതം അകന്നു നില്ക്കുകയാണോ?   അങ്ങനെയെങ്കില്‍ 'വ്യഭിചാരം' എന്നു സാമാന്യേന വിവക്ഷിക്കപ്പെടുന്ന വ്യവസ്ഥ, വിവാഹജീവിത ലൈംഗികതയില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകും?  

1. ഏറെ വ്യതിരിക്തമായ രണ്ടു വ്യക്തിത്വങ്ങളെ ഒരേ കോണളവില്‍ വീക്ഷിക്കുമ്പോഴാണ് സ്ത്രീപുരുഷ ലൈംഗികതയുടെ കണക്കുകള്‍ തെറ്റുന്നത്. പുരുഷന്‍റെ നൈസര്‍ഗ്ഗിക ലൈംഗികചോദനകള്‍ ശാരീരികാധിഷ്ഠിതവും സ്ത്രീയുടേത് മാനസികാധിഷ്ഠിതവും ആയിരിക്കവേ, ഈ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും തന്മൂലം ഉടലെടുക്കുന്ന അസ്വാരസ്യങ്ങളും വൈവാഹിക ജീവിതത്തിലെ പ്രണയരാഹിത്യത്തിന് ഒരു പ്രധാന കാരണമാകുന്നു. സ്ത്രീയെ സംബന്ധിച്ച് പുരുഷശരീരം ലൈംഗികാസക്തി ഉണര്‍ത്താന്‍ പര്യാപ്തമായ സൗന്ദര്യമോ ഉത്തേജനമോ ഉള്‍ക്കൊള്ളുന്നില്ല. കൃത്യവും വ്യക്തവും വശ്യവുമായ അഴകളവുകളില്‍ ഉള്‍ക്കൊള്ളിക്കാനാവാത്തതും അതിനാല്‍ത്തന്നെ കൗതുകത്തിനപ്പുറം ഉത്തേജനസാധ്യത കുറഞ്ഞതുമായ പുരുഷശരീരം, ലൈംഗികപ്രക്രിയയില്‍ വെറുമൊരു ഉപകരണം എന്ന വിശേഷണമാണര്‍ഹിക്കുന്നത്. പുരുഷന്‍റെ മനോനില, ചിന്തകളുടെ തെളിമ, ഇടപെടലുകളിലെ മാന്യത, സംസാരത്തിലെ ഋജുത്വം, സര്‍വ്വോപരി ഇവയെല്ലാം ഒന്നുചേരുന്ന അവന്‍റെ വ്യക്തിത്വം -അതാണ് പുരുഷന്‍റെ യഥാര്‍ത്ഥ ലൈംഗികാകര്‍ഷണത്വം. ലൈംഗികബന്ധം സ്ത്രീയെ സംബന്ധിച്ച് ഒരു ശാരീരിക പ്രക്രിയ അല്ലാത്തതിനാല്‍ പുരുഷത്വത്തന്‍റെ ലളിതമായ ഘടനയും സൗന്ദര്യവും മാത്രമേ അതിന്‍റെ ആസ്വാദനത്തിന് അവള്‍ക്കാവശ്യമുള്ളു. അവളെ സംബന്ധിച്ച് ലൈംഗിക ബന്ധം ഒരു മാനസിക പ്രക്രിയയാണ്   - സ്നേഹപ്രകടനത്തിന്‍റെ പരമമായ അവസ്ഥ. മാനുഷികതലത്തില്‍ സ്നേഹപ്രകടനത്തിന് ഒരു മാദ്ധ്യമം ആവശ്യമായതിനാല്‍ ആ നിലയ്ക്കാണ് അവള്‍ ശരീരം ഉപയോഗിക്കുന്നത്. അവളുടെ സ്നേഹപ്രകടനങ്ങള്‍ പലപ്പോഴും ലൈംഗികബന്ധത്തിനുള്ള ക്ഷണമോ പ്രേരണയോ അല്ല; സ്നേഹത്തിന്‍റെ സ്വാഭാവിക തിരതള്ളല്‍ മാത്രമാണ്. എന്നാല്‍ പുരുഷന്‍ ഇത് തെറ്റിദ്ധരിക്കുന്നു. പലപ്പോഴും വളരെ ലഘുവായ സ്പര്‍ശംപോലും അവനെ ഉത്തേജിതനാക്കുകയും സ്ത്രീയെ സംബന്ധിച്ച് ചിലപ്പോഴെങ്കിലും അത് നിര്‍ബന്ധിത ശാരീരികബന്ധമായി മാറുകയും ചെയ്യുന്നു. വൈവാഹിക ലൈംഗികബന്ധത്തില്‍ മടുപ്പ് അനുഭവപ്പെടാനുള്ള കാരണവും ഇതുതന്നെ.

2. പുരുഷ ലൈംഗികതയാകട്ടെ, മഹത്വവത്കരിക്കപ്പെട്ട പൗരുഷമൂര്‍ത്തികളുടെ സ്വാധീനത്താല്‍ പരിണാമവിധേയമായി ഏറെക്കുറെ സ്വാര്‍ത്ഥവും ശാരീരികാധിഷ്ഠിതവുമായിത്തീര്‍ന്നതാണ്. ബലാത്ക്കാരേണ അടിച്ചേല്‍പ്പിക്കപ്പെട്ട പുരുഷമേല്‍ക്കോയ്മാവാദങ്ങളും തദനുസൃത ബിംബകല്പനകളും കാലക്രമേണ, അനിഷേധ്യസത്യങ്ങളായി രൂപംപൂണ്ട്, സാമൂഹികവും വ്യക്തിഗതവുമായ ബോധതലങ്ങളെ കീഴടക്കി. രാമയണം, മഹാഭാരതം മുതലായ പുരാണങ്ങളിലെ കഥാപാത്രസൃഷ്ടികളിലും ഇസ്ലാമിലെ ഹദീസുകളിലും പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലും സമാനരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷാധിപത്യ ചിന്താധാരകള്‍ സുവ്യക്തമാണ്. മറുചോദ്യങ്ങളോ വാദങ്ങളോ പുനര്‍വിചിന്തനങ്ങളോ ഇല്ലാതെ മുഖവിലയ്ക്കെടുത്തു കൈമാറ്റം ചെയ്യപ്പെട്ട ഇത്തരം  പുരുഷബിംബങ്ങളുടെ സ്വാധീനമാവാം പുരുഷലൈംഗികത ശാരീരികാധിഷ്ഠിതമായിത്തീരാനുള്ള കാരണം. സ്ത്രീലൈംഗികതയും അനുബന്ധചോദനകളുമാകട്ടെ പ്രകൃത്യാലുള്ള പ്രണയബന്ധിതസ്വഭാവം തുടര്‍ന്നുപോരുകയും ചെയ്തു. ആധുനിക സാമൂഹികക്രമത്തിനിണങ്ങും വിധം പുനര്‍വ്യാഖ്യാനം ചെയ്യപ്പെട്ട ലൈംഗിക സദാചാരസംഹിതകളും ഈ വിടവിന് ആക്കം കൂട്ടി. അവിടെ പുരുഷന്‍ സര്‍വ്വാധിപത്യക്കാരനും സ്ത്രീ സര്‍വ്വാത്മനാ വിധേയയും സന്താനോല്പാദനോപകരണവുമായി. ലൈംഗികത ജൈവപ്രക്രിയ എന്ന നൈസര്‍ഗ്ഗികതയില്‍നിന്ന് ദൈവിക പരിവേഷത്തോടെ മഹത്വവത്കരിക്കപ്പെട്ടു. സ്ത്രീപുരുഷബന്ധത്തിന്‍റെ ലയാനുഭൂതിതലത്തെ പൂര്‍ണ്ണമായും തമസ്ക്കരിച്ചുകൊണ്ട് ലൈംഗികതയുടെ സദാചാര-പ്രത്യുത്പാദന സാധ്യതകളെ മാത്രം ഉള്‍ക്കൊള്ളിച്ച മത-സാംസ്കാരിക പരികല്പനകള്‍ ലൈംഗികതയുടെ യഥാര്‍ത്ഥ സത്ത വറ്റിവരണ്ടുപോകാനിടയാക്കി.

3. പുരുഷപ്രകൃതി, സാമൂഹിക-പാരമ്പര്യ-മതപരികല്പനകളാല്‍ത്തന്നെ ശരീരബന്ധിയായി വളര്‍ന്നുവരുന്നതാണ്. അബോധപൂര്‍വ്വമായൊരു ഉടമസ്ഥാവകാശചിന്ത, ഈ ബാഹ്യഇടപെടലുകള്‍ അവനോടൊപ്പം അവനില്‍ വളര്‍ത്തുന്നു. പ്രണയത്തിലെ പാരസ്പര്യത്തില്‍ ഇതിന്‍റെ പ്രകടമായ സ്വാധീനം പ്രായേണ അപ്രായോഗികമാണ്. എന്നാല്‍ വിവാഹബന്ധത്തില്‍ ഇതിന് അതിശക്തമായൊരു നിലപാടുതറ സാധ്യമാകുന്നു. ഏതൊരു ജൈവികപ്രക്രിയയും പോലെ സ്വഭാവികമായിരുന്ന പ്രണയവും ലൈംഗികതയും പുരുഷകേന്ദ്രികൃതമായി പുനര്‍നിര്‍വചിക്കപ്പെട്ടപ്പോഴും സ്ത്രീലൈംഗികചോദനകളുടെ പ്രാകൃതസ്വഭാവം യഥാതഥമായിത്തന്നെ തുടര്‍ന്നു. പുരുഷന്‍ ലൈംഗികതയ്ക്കുവേണ്ടി പ്രണയിക്കുന്നു, എന്നാല്‍ സ്ത്രീ പ്രണയത്തിനുവേണ്ടി ലൈംഗികബന്ധത്തിനു വഴങ്ങുന്നു എന്നത് അസ്വാസ്ഥ്യജനകമെങ്കിലും യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു.

4. സ്ത്രീകാമനകളുടെ പ്രത്യക്ഷപരോക്ഷ പ്രകൃതി പ്രണയാധിഷ്ഠിതമായി തുടരുകയാല്‍ അവള്‍ക്കൊരു ഉടമസ്ഥനെയല്ല, പങ്കാളിയെ മാത്രമേ അംഗീകരിക്കാന്‍ കഴിയൂ. കുറവുകള്‍ കുറ്റങ്ങളാക്കാത്ത, മികവുകള്‍ അംഗീകരിക്കുന്ന, ചിന്തകള്‍ കേള്‍ക്കുന്ന ഒരു പങ്കാളി. അവള്‍ക്ക് അവനെ മാത്രമേ പ്രണയിക്കാന്‍ കഴിയൂ. ഉടമസ്ഥാവകാശം പ്രഖ്യാപിക്കുന്നവന്‍, അതിനാല്‍ത്തന്നെ അവളെ വിലമതിക്കാത്തവന്‍, മഹത്വവ്തകരിക്കപ്പെട്ട ജോലിക്കാരിയായി സ്വീകരിക്കപ്പെട്ട അവള്‍ക്ക് പെരുമാറേണ്ട ഇടങ്ങള്‍ നിശ്ചയിച്ചുകൊടുക്കുന്നവന്‍ -അവന്‍ അവള്‍ക്ക് ലൗകികാവശ്യങ്ങള്‍ സാധിക്കാനുള്ള ഒരുപാധിമാത്രമാണ്. പലേ കാര്യസാദ്ധ്യത്തിനും ശരീരം വിട്ടുനല്കുന്ന കൗശലത്തിനപ്പുറം ലൈംഗികാസ്വാദനമോ ആനന്ദമൂര്‍ച്ഛയോ പ്രണയസാഫല്യമോ അവള്‍ പ്രതീക്ഷിക്കുന്നുമില്ല. അങ്ങനെ പരസ്പരമുള്ള മുതലെടുപ്പുകളും കാര്യം കാണലുകളും കൊടുക്കല്‍ വാങ്ങലുകളുമായി ദാമ്പത്യബന്ധത്തിലെ ലൈംഗികതലം അധഃപതിക്കുന്നു.

5. സ്വന്തമായതിനെ എങ്ങനെയും കൈകാര്യം ചെയ്യാം, ആവശ്യപ്പെടുമ്പോള്‍ ഉപയോഗിക്കാം. ആവശ്യമില്ലാത്തപ്പോള്‍ അവഗണിക്കുകയോ പലപ്പോഴും അവമതിക്കുകയോ ചെയ്യാം എന്ന മിഥ്യാ ധാരണ, വിവാഹമെന്ന സ്ഥാപനത്തില്‍നിന്ന് പ്രണയത്തെ എന്നേക്കുമായി നിഷ്കാസനം ചെയ്തു. ബഹുഭൂരിപക്ഷം പുരുഷന്മാരിലും ബോധപൂര്‍വമല്ല ഇത്തരമൊരു ചിന്താഗതി രൂഢമൂലമായിരിക്കുന്നത്. സാംസ്കാരികം എന്നു തെറ്റിദ്ധരിക്കപ്പെടുന്ന സാമൂഹികപാരമ്പര്യം, കാലാകാലങ്ങളായി അനുവര്‍ത്തിച്ചും പരിചയിച്ചും തുടര്‍ന്നുപോരുന്ന കുടുംബാന്തരീക്ഷം, പുനര്‍വിചിന്തനം അനുവദിക്കാത്ത ധാര്‍മ്മിക-മത-മൂല്യങ്ങള്‍ എന്നിവയെല്ലാം അവനെ കൊണ്ടുചെന്നെത്തിക്കുന്ന മിഥ്യാലോകമാണത്. അവിടെ -അബോധപൂര്‍മെങ്കിലും- അവന്‍ രാജാവാണ്. ഉടമയും  ഉടയോനുമാണ്. അവിടെ പാരസ്പര്യത്തിന് പ്രസക്തിയില്ല. ഔദാര്യപൂര്‍വ്വകമായ ഭിക്ഷ നല്‍കലേ ഉള്ളു. അവളാകട്ടെ പ്രണയഭാവം അഭിനയിച്ചു ഫലിപ്പിക്കുകയും ശരീരത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്വന്തം നിലനില്പ് ഭദ്രമാക്കുകയും ചെയ്യുന്നു. വിവാഹബന്ധത്തില്‍നിന്നു പ്രണയവും തജ്ജന്യം മാത്രമായ ലൈംഗികാനന്ദവും അന്യമാകുകയും ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.

6. ശരീരസംബന്ധിയായി മാത്രം വിലയിരുത്തപ്പെടുന്ന ആധുനിക ലൈംഗികസദാചാരമൂല്യപാഠങ്ങള്‍ക്കു വിരുദ്ധമായി, സാമൂഹ്യ-വ്യക്തിഗതപെരുമാറ്റ ശൈലികള്‍ക്കാധാരമായ മതകല്പനകളുടെ വായനയില്‍, ലൈംഗികബന്ധത്തിന് തികച്ചും മാനസികബന്ധിയായ തലമാണുള്ളത്.  'ആസക്തിയോടെ സ്ത്രീയെ നോക്കുന്ന ഏവനും ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു' എന്നതുപോലെയുള്ള വായനകള്‍ ലൈംഗികത മാനസികപ്രക്രിയയാണെന്ന് സംശയലേശമെന്യെ പ്രഖ്യാപിക്കുന്നു. സ്ത്രീപുരുഷബന്ധത്തിന്‍റെ അവാസ്തവികവും നിറംപിടിപ്പിച്ചതുമായ അബദ്ധധാരണകളില്‍ അഭിരമിക്കാത്തൊരു പുതു ഭാവുകത്വമാണ് ഇന്നിന്‍റെ ആവശ്യം. ബോധപൂര്‍വ്വമല്ലെങ്കിലും ശാരീരികബന്ധിയായി അപനിര്‍മ്മിക്കപ്പെട്ട പുരുഷലൈംഗികകാമനകള്‍, മാനസികപ്രക്രിയാധിഷ്ഠിതമായി പരിവര്‍ത്തനം ചെയ്യുവാനും തദനുസൃത മാനസികനില രൂപപ്പെടുത്താനുള്ള ഏതൊരു ശ്രമവും ലൈംഗികപ്രക്രിയയുടെ നൈസര്‍ഗിക ലൈംഗികാസ്വാദനതലം പുനര്‍നിര്‍ണ്ണയിക്കും. കീഴടക്കല്‍ - വഴങ്ങിക്കൊടുക്കല്‍ എന്ന മുതലെടുപ്പും തജ്ജന്യ വിരസതയും, പങ്കുവയ്ക്കല്‍ എന്ന മനോവ്യാപാരമായി മാറുമ്പോഴേ ഈ രൂപമാറ്റം പൂര്‍ണ്ണതയിലെത്തൂ. സമൂഹത്തിന്‍റെ ആദര്‍ശസമവാക്യങ്ങളാല്‍ വികലമാക്കപ്പെട്ട വിവാഹബന്ധം വ്യക്ത്യാധിഷ്ഠിത സ്വത്വപൂര്‍ണ്ണതയിലെത്തിക്കുന്ന പ്രണയബന്ധമാകുമ്പോഴേ അത് ഇമ്പമുള്ളതാകൂ - കുടുംബമാകൂ.

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts