news-details
മറ്റുലേഖനങ്ങൾ

ജീവിതം ഇമ്പമുള്ളതാക്കാന്‍...

വീട്ടിലും ഓഫീസിലും സാരി ധരിക്കേണ്ട ആവശ്യമില്ലാത്ത എന്‍റെ സുഹൃത്തിന്‍റെ ഗാര്‍ഡന്‍സാരി ശേഖരം കണ്ട് "ഇതെപ്പോഴാണ് നീ ഉടുക്കാറ്? നിന്നെ സാരിയുടുത്തു കണ്ടിട്ടേയില്ലല്ലോ" എന്ന് ഞാന്‍ അതിശയിച്ചു. പുതുമണവാട്ടിയുടെ ലജ്ജാവിവശതയോടെ കീഴ്ച്ചുണ്ട് കടിച്ചു പുഞ്ചിരിച്ച് അവള്‍ പറഞ്ഞു: "അതൊക്കെയുണ്ട്." എന്‍റെ ജിജ്ഞാസ കൂടി. "സജിക്ക് രാത്രിയില്‍ ഞാന്‍ സാരി ധരിക്കുന്നതാണിഷ്ടം. അതും നേര്‍ത്തുമിനുസമുള്ള പൂക്കളുള്ള സാരി. അതുകൊണ്ട് ഒരൊറ്റ ഗാര്‍ഡന്‍ സാരി സെയില്‍പോലും ഞാനൊഴിവാക്കാറില്ല." പൊതുവെ പരുക്കനും മുന്‍ശുണ്ഠിക്കാരനുമെന്നറിയപ്പെടുന്ന, കെട്ടിട കോണ്‍ട്രാക്ടറും അല്ലറ ചില്ലറ പണമിടപാടു ബിസിനസ്സുമുള്ള ആ കുടവയറന്‍ സജിയില്‍ ഇങ്ങനെയൊരു കലാകാരനുണ്ടാവുമെന്ന് ആരു കണ്ടു? പതിനഞ്ചുവര്‍ഷമായി ആശയും സജിയും വിവാഹിതരായിട്ട്. നാലാംക്ലാസ്സിലും എട്ടാംക്ലാസ്സിലും പഠിക്കുന്ന രണ്ടുകുട്ടികളും സജിയുടെ അമ്മയും അവരുടെയൊപ്പമുണ്ട്. അവിചാരിതമെങ്കിലും ആശയുമായി നടന്ന ഈ സംഭാഷണം കുടുംബജീവിതത്തെ, ലൈംഗികത എത്ര പുതുമയുള്ളതും ഊഷ്മളവുമാക്കുന്നു എന്ന് ചിന്തിക്കാനിടയാക്കി.

ലൈംഗികതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഗവേഷണങ്ങളും എപ്പോഴും ചുറ്റിക്കറങ്ങുന്നത് ആണ്‍പെണ്‍ താത്പര്യങ്ങളിലും, ശാരീരിക-സാമൂഹിക കാരണങ്ങളിലുമാണ്. കേരളത്തിന്‍റെ ചുറ്റുപാടില്‍ ലൈംഗിക ചര്‍ച്ചകള്‍ 'ഇച്ചീച്ചി'യും രഹസ്യസ്വഭാവം പുലര്‍ത്തേണ്ടതുമാണ്. ബയോളജി ക്ലാസ്സുകളില്‍ പ്രത്യുല്പാദനവ്യവസ്ഥയുടെ പാഠങ്ങള്‍ വളരെ വേഗത്തില്‍ ഓടിച്ചുവിടുന്ന ശീലമാണ് നമ്മുടെ അധ്യാപകരില്‍ കണ്ടിട്ടുള്ളത്. ഇത്രയധികം ബലാല്‍സംഗങ്ങളും ലൈംഗികപീഡനങ്ങളും കണ്ടിട്ടും, ശരിയായ ലൈംഗിക വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്ക് നല്‍കണമോ എന്നുള്ളതിനെപ്പറ്റി നമ്മള്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ പുലര്‍ത്തുന്നു. പ്രണയവും നമുക്ക് അംഗീകരിക്കാനാവില്ല. മാറിയ സാമൂഹ്യവ്യവസ്ഥയില്‍ 'വകതിരിവില്ലാത്ത' പ്രണയങ്ങള്‍ കാമ്പസ്സില്‍നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ഒടുവില്‍ വിവാഹം മാത്രമാണ് ലൈംഗികതയ്ക്ക് നമ്മുടെ സമൂഹം പച്ചക്കൊടി കാണിക്കുന്ന ഏകപരിഹാരം. അതും മാതാപിതാക്കള്‍ നിയന്ത്രിക്കുന്ന മത-ജാതി-സാമ്പത്തിക മാനങ്ങള്‍ക്കൊത്തുള്ള വിവാഹം, പിന്നീട് എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെയുള്ള ലൈംഗിക ജീവിതവും. നവവധുവിന്‍റെയും വരന്‍റെയും ലൈംഗിക ജീവിതം അത്യന്തം സന്തോഷപരവും രസകരവുമായിരിക്കണമെന്നും കൂടെ നാം ശഠിക്കുന്നു. പിന്നീട് സമീപ(ദൂര?) കാലഭാവിയില്‍ (നവ)വധു ഗര്‍ഭിണിയാകുന്നതോടെ ലൈംഗികബന്ധത്തിന്‍റെ 'ശരിയായ' ദിശയെക്കുറിച്ച് നമുക്കുറപ്പു ലഭിക്കും.

ഒന്നോ രണ്ടോ കുട്ടികള്‍ക്കുശേഷം ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും ലൈംഗികജീവിതത്തെ സംബന്ധിച്ച് സമൂഹം പൊതുവെ തല പുണ്ണാക്കാറില്ല. ലൈംഗികത പ്രത്യുല്പാദനം മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നും, അതുകഴിഞ്ഞാല്‍ പിന്നെ കുടുംബജീവിതത്തില്‍ ലൈംഗികബന്ധത്തിന് കാര്യമായ ധര്‍മ്മങ്ങളൊന്നുമില്ലെന്നും നാം ധരിച്ചുവച്ചിരിക്കുന്നു. എന്നാല്‍ ഭര്‍ത്താവിനോ ഭാര്യയ്ക്കോ വിവാഹേതര ബന്ധങ്ങളുണ്ടെന്ന വാര്‍ത്ത പരസ്യമായ രഹസ്യമായി ചെവിയില്‍നിന്നും ചെവിയിലേക്ക് പടര്‍ന്നുതുടങ്ങുമ്പോള്‍ ദമ്പതികളുടെ ലൈംഗികജീവിതത്തില്‍ സമൂഹത്തിന് വീണ്ടും ശ്രദ്ധയുണ്ടാവുന്നു. പിന്നെ കാരണങ്ങള്‍ നിരത്തപ്പെടുന്നു:  "അവന്‍ വെറെ പെണ്ണിനെ തേടിപ്പോയത് അവളൊരുത്തി കാരണമാണ്; ഭര്‍ത്താവിനെ വരുതിയിലാക്കാന്‍ കഴിയാത്തവര്‍; ഞാനന്നേ പറഞ്ഞിരുന്നില്ലോ, അവള്‍ അവന് ചേരില്ല എന്ന്; കാണാനൊരു വര്‍ക്കത്തുമില്ലാത്ത അവളുടെ കൂടെ എത്രനാളെന്നു കരുതിയാണ് അവന്‍ കിടക്കുന്നത്". എന്നാല്‍ ഭാര്യയ്ക്കാണ് പരപുരുഷബന്ധമെങ്കില്‍ വിശകലനം മറ്റൊരു നിലയ്ക്കാവും. "അവളല്ലേലും ഒരു കേമിയാണ്; കണ്ടാലറിഞ്ഞുകൂടെ അവനെ വിറ്റകാശ് അവളുടെ കയ്യിലുണ്ടെന്ന് സ്വന്തമായൊരു ജോലിയും പണവും സൗന്ദര്യവുണ്ടെങ്കില്‍ ഇന്ന് പെണ്ണുങ്ങള്‍ക്ക് എന്തുമാകാമെന്നായി; അവനൊരു പാവം, അവളവന്‍റെ കയ്യിലൊന്നും ഒതുങ്ങുകേലെന്നേ."

വ്യക്തമായിപ്പറഞ്ഞാല്‍ "ഇലവന്നു മുള്ളേല്‍ വീണാലും തിരിച്ചായാലും" കുടുംബജീവിതത്തില്‍ ഊഷ്മളമായ ലൈംഗികബന്ധം നിലനിര്‍ത്തേണ്ടത് സ്ത്രീയുടെ (മാത്രം?) ഉത്തരവാദിത്തമാണ്. ഭക്ഷണമുണ്ടാക്കുക, കുട്ടികളെയും മാതാപിതാക്കളെയും പരിപാലിക്കുക എന്നതൊക്കെപോലെ ഭര്‍ത്താവിന്‍റെ ലൈംഗിക താത്പര്യങ്ങളറിഞ്ഞ് പെരുമാറാനും തൃപ്തിപ്പെടുത്താനും ഭാര്യയ്ക്ക് കഴിഞ്ഞേപറ്റൂ. അതിനായില്ലെങ്കില്‍ ഉത്തരം ലളിതം; "അവന്‍ വേറെ പെണ്ണിനെ നോക്കി പോകും." അങ്ങനെ അവള്‍ ഭര്‍ത്താവിന്‍റെ വിവാഹേതര ബന്ധത്തില്‍ തുടങ്ങുന്ന കുടുംബപ്രശ്നങ്ങളുടെ ഇരയാവുന്നു.

ദമ്പതികളുടെ വിവാഹേതരബന്ധങ്ങള്‍ മൂലമുണ്ടാവുന്ന കുടുംബപ്രശ്നങ്ങള്‍ ഇന്ന് കേരളസമൂഹത്തില്‍ ഏറിവരികയാണ്. മനഃശാസ്ത്രജ്ഞരുടെയടുത്തും കുടുംബകോടതിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ മിക്കതും പങ്കാളികളുടെ ലൈംഗികജീവിതത്തിലെ താളപ്പിഴകളില്‍നിന്നും തുടങ്ങുന്നതാണ്. ഗുരുതരമായ പ്രശ്നങ്ങളിലേക്ക് എത്തിപ്പെടുന്നതിനു മുന്‍പ് മിക്ക കുടുംബപ്രശ്നങ്ങളും ഒന്നു മനസ്സുവച്ചാല്‍ ഒഴിവാക്കാവുന്നതോ, ഒരുപക്ഷേ പരിഹരിക്കാവുന്നതോ ആണ്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളുടെ അടിസ്ഥാനം പങ്കാളികളുടെ ശാരീരികവും മാനസികവുമായ അടുപ്പമില്ലായ്മയും ശരിയായ ആശയവിനിമയത്തിന്‍റെ അഭാവവുമാണെന്നുള്ളത് ലളിതമായ വസ്തുതയാണ്. ഊഷ്മളമായ ലൈംഗികബന്ധത്തില്‍ അധിഷ്ഠിതമായ ഒരു ദാമ്പത്യത്തിന് പ്രതിസന്ധികളെ എളുപ്പത്തില്‍ അതിജീവിക്കാനാവുമെന്നും ജീവിതത്തില്‍ ശരിയായ തീരുമാനങ്ങളെടുക്കാനാവുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ലൈംഗികസംതൃപ്തി ദമ്പതികളുടെ ശരിയായ ആശയവിനിമയത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണ്.

അഞ്ചുമുതല്‍ പതിനഞ്ചുവര്‍ഷം വരെയായി ദാമ്പത്യബന്ധം പുലര്‍ത്തുന്ന ചില ദമ്പതികളുമായുള്ള സംസാരത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് സുഗമമായ ലൈംഗികബന്ധം അവരുടെ ജീവിതത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണെന്നാണ്. കുട്ടികളുടെയോ സ്വന്തം മാതാപിതാക്കളുടെയോ സാന്നിദ്ധ്യവും ഇടപെടലുമൊന്നും ഇതിന് തടസ്സമാകരുതെന്നും ചിലര്‍ പറയുകയുണ്ടായി. പങ്കാളികളുടെ ഇഷ്ടമറിഞ്ഞ് അതിനനുസരിച്ച് പെരുമാറാനാവുകയെന്നതാണ്  ലൈംഗിക ജീവിതത്തിന്‍റെ വിജയത്തിനു വേണ്ടതായി മിക്കവരും ചൂണ്ടിക്കാട്ടിയത്.

പകലത്തെ അദ്ധ്വാനത്തിന്‍റെ വിയര്‍പ്പുഗന്ധവുമായിത്തന്നെ ഭാര്യ കിടപ്പറയിലെത്തണമെന്നു ശാഠ്യം പിടിക്കുന്നവനും, ബ്യൂട്ടിപാര്‍ലറില്‍പോയി ശരീരം അടിമുടി ചെത്തിമിനുക്കി ക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഭാര്യ വരുത്തരുതെന്ന് കര്‍ക്കശമായി പറയുന്നവനും, തന്‍റെ ഭാവനയ്ക്കനുസരിച്ച് ചിട്ടപ്പെടുത്തിയ പദചലനങ്ങളോടെ മാത്രമേ അവള്‍ തന്‍റെ മുന്‍പില്‍ എത്താവൂ എന്ന് നിര്‍ബന്ധിക്കുന്നവനും, സ്വശരീരത്തെക്കുറിച്ച്, അതിന്‍റെ പരിപാലനത്തെക്കുറിച്ച് തന്‍റെ പങ്കാളിക്കുള്ള താത്പര്യങ്ങളെയും ആഗ്രഹങ്ങളെയും അവഗണിക്കുന്നു. ഇങ്ങനെ എത്രയെത്ര ചേരായ്മകള്‍ ഏതു ദമ്പതികളുടെ ജീവിതത്തിലും കാണാനാവും. ഇത്തരം ചെറിയ ഇഷ്ടാനിഷ്ടങ്ങളില്‍ തുടങ്ങുന്ന അസ്വാരസ്യങ്ങള്‍ സാഹചര്യങ്ങള്‍ കൊണ്ടോ, മറ്റുകാരണങ്ങള്‍ കൊണ്ടോ, മറ്റുള്ളവരുടെ ഇടപെടല്‍കൊണ്ടോ വഷളാകുന്നു. ഇവിടെ നമ്മള്‍ ശീലിക്കേണ്ടത് ഒരുമിച്ചുള്ള ജീവിതത്തെ ഇത്തരം ചെറിയ കാര്യങ്ങള്‍ക്കുപരിയായി കാണാനാണ്. സമ്മതിച്ചോ, തോറ്റോ, അടിയറവ് പറഞ്ഞോ ഒക്കെ നേടാനാവുന്നത് അവരവരുടെ ദാമ്പത്യത്തിന്‍റെ സുഖവും മനഃസമാധാനവുമാണ്. ഈ പ്രക്രിയയ്ക്ക് ഭാര്യയും ഭര്‍ത്താവും സഹകരണാടിസ്ഥാനത്തില്‍ പോയേ പറ്റൂ. രണ്ടുപേര്‍ക്കും ഇഷ്ടമുള്ള എന്തിലെങ്കിലും ഇടപെടുക, പുതിയ ഒരു വിനോദം ആരംഭിക്കുക, എല്ലാ തിരക്കില്‍നിന്നും വിട്ടുമാറി ഒരുയാത്ര പോകുക, നടക്കാനിറങ്ങുക, സിനിമയ്ക്കുപോകുക അങ്ങനെ പുതിയ രസങ്ങള്‍ ദമ്പതികള്‍ക്ക് കണ്ടെത്താനാവുന്നതാണ്.  വീടലങ്കരിക്കാനും, വീട്ടുപകരണങ്ങളുടെ സ്ഥാനം മാറ്റിയിട്ട് പരീക്ഷിക്കാനും, ഒരുമിച്ച് വീട് വൃത്തിയാക്കാനുമൊക്കെ ശ്രമിക്കാവുന്നതാണ്. ഇവയൊക്കെ എത്ര നിസ്സാരമാണെന്നു പറഞ്ഞാലും, ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ഇവ ചെയ്യുന്നു എന്നതിലാണ് പ്രാധാന്യം.

എന്‍റെ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടത്, പങ്കാളിയില്‍നിന്നും എന്താണോ പ്രതീക്ഷിക്കുന്നത് അത് നാം നമ്മോടുതന്നെ ചെയ്തുകാണിക്കുക എന്ന ഒരു രീതി തീര്‍ച്ചയായും ഫലിക്കുമെന്നാണ്. പലകാര്യങ്ങളും നേരിട്ട് പറയുകയോ, ചെയ്യുകയോ ചെയ്യാതെ, 'ക്ലൂ' കൊടുത്തും, തമാശരൂപേണ സൂചിപ്പിച്ചും പരീക്ഷിക്കുന്നത് ഒരു നേരമ്പോക്കായി കാണാവുന്നതാണ്. ഉദാഹരണത്തിന്, അവരവരുടെ ശരീരത്തെ ആകര്‍ഷണീയമായി സൂക്ഷിക്കുന്ന കാര്യമെടുക്കുക. കുളിച്ച്, വൃത്തിയായി, ഒരല്പം പെര്‍ഫ്യൂമൊക്കെ പൂശി എന്നും ധരിക്കാത്ത, പുതുമയുള്ള വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന രീതി ആര്‍ക്കും ഇഷ്ടമാവും. പങ്കാളിയെ വ്യത്യസ്തരൂപങ്ങളില്‍, ഭാവങ്ങളില്‍, ശീലങ്ങളില്‍ കാണുന്നതുവഴി അവന്‍/അവള്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്നു എന്ന് മറ്റേയാള്‍ക്ക് മനസ്സിലാവുന്നു. ഈ വ്യത്യസ്തതകള്‍ തെരഞ്ഞെടുക്കുന്നതില്‍ പങ്കാളിയെക്കൂടെ ഉള്‍പ്പെടുത്താനും ശ്രമിച്ചുനോക്കാവുന്നതാണ്. അവരവര്‍ക്ക് യോജിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ രീതിയില്‍ വസ്ത്രം ധരിക്കുക, അതിനോടുള്ള പങ്കാളിയുടെ പ്രതികരണത്തിനനുസരിച്ച് അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തുക എന്നതൊക്കെ അത്രയധികം 'സാഹസി'കമല്ല. സ്വന്തം ശരീരത്തിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുക എന്നത് മറ്റൊരു രീതിയാണ്. നിഗൂഢമായ ഏതൊന്നിനോടും നമുക്ക് സ്വാഭാവിക ആകര്‍ഷണമുണ്ടാകും.

ശരീരത്തെ നമ്മള്‍ എത്രകണ്ട് അലങ്കരിച്ചാലും, ഒരാളുടെ വ്യക്തിത്വം തന്നെയാണ് മറ്റുള്ളവരെ അയാളിലേക്ക് അടുപ്പിക്കുന്നത്.  അതുകൊണ്ട് സൗന്ദര്യ-ശരീര സംരക്ഷണത്തോടൊപ്പംതന്നെ പങ്കാളിയോട് ഹൃദ്യമായും സ്നേഹമായും പെരുമാറാനാവുക എന്നത് ഒരു പരിശ്രമമായിത്തന്നെ കണക്കിലെടുക്കണം.  ദൈനംദിന ജീവിതത്തിലെ വികാരവിക്ഷോഭങ്ങളെ ഒഴിവാക്കാനും അതിനെ ബുദ്ധിപരമായി നേരിടാനും നമുക്കു കഴിയും. ഇതു നമ്മള്‍ ശീലിച്ചെടുക്കേണ്ടതാണ്. മനസ്സിന് ക്ഷുഭിതമാകാനാകുമെങ്കില്‍ ശാന്തമാകാനും കഴിയും.

ജീവിതത്തിന്‍റെ വളവുതിരിവുകളില്‍ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങള്‍ ഒന്നിച്ചെത്തിപ്പിടിക്കാന്‍ കൂടെയൊരു കൂട്ടുകാരനോ കൂട്ടുകാരിയോ ഉണ്ടാകുന്നത് എത്രയാശ്വാസമാണ്. ശാരീരിക-സാമൂഹിക-ലൈംഗിക-സാമ്പത്തിക കാരണങ്ങള്‍കൊണ്ട് ആ ബന്ധത്തെ നഷ്ടപ്പെടുത്താതിരിക്കുക. നിങ്ങളുടെ ഭാര്യ എപ്പോഴെങ്കിലും "എനിക്കാരുമില്ല; ഞാനെന്തിനാണിങ്ങനെ ജീവിക്കുന്നത്? ആര്‍ക്കുവേണ്ടിയാണ്" എന്നിങ്ങനെയുള്ള ആക്രോശങ്ങള്‍ നിങ്ങളോട് നടത്തിയിട്ടുണ്ടോ?  നിങ്ങളുടെ ഭര്‍ത്താവ് "നിനക്കെന്നെയൊന്നു മനസ്സിലാക്കിക്കൂടേ; എനിക്കെന്തെല്ലാം പ്രശ്നങ്ങളാണ്" എന്നൊക്കെ പറഞ്ഞ് അനന്തതയിലേക്ക് നോക്കി നെടുവീര്‍പ്പിടുകയോ, തൊട്ടതിനെല്ലാം പരാതിപ്പെടുകയോ ചെയ്യാറുണ്ടോ? ഉണ്ടെങ്കില്‍ ഒന്നു മനസ്സിലാക്കുക. അയാള്‍ക്ക് / അവള്‍ക്ക് നിങ്ങളുടെ സ്നേഹം വേണം- സാമീപ്യം വേണം. നേരിട്ട് നിങ്ങളോട് പറയുകയാണ്, "എന്നെ സഹായിക്കൂ" എന്ന്. ഇപ്പോള്‍ പന്ത് നിങ്ങളുടെ കോര്‍ട്ടിലാണ്. വേണമെങ്കില്‍ ഗോളടിക്കാം, പാസ്സുചെയ്യാം, ഒന്നും ചെയ്യാതെയുമിരിക്കാം. ഒന്നോര്‍ക്കുക, നിങ്ങള്‍ക്ക് നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ മാറ്റത്തിന് ഒരു വലിയ പങ്കു വഹിക്കാനാവും.

***

ദമ്പതികളുടെ ലൈംഗിക ജീവിതത്തെ മനസ്സിലാക്കാനും മെച്ചപ്പെടുത്താനും ചില പൊതുവായ രീതികള്‍ പ്രതിപാദിച്ചു എന്നല്ലാതെ ഇവയെല്ലാം എല്ലാവര്‍ക്കും എപ്പോഴും ഫലപ്രദമായിക്കൊള്ളണമെന്നില്ല. ദാമ്പത്യജീവിതത്തെ ഒരു പരീക്ഷണമായി കാണാന്‍ ശ്രമിച്ചാല്‍ അതിന്‍റെ സുഗമമായ പോക്കിന് പുതിയ മാര്‍ഗ്ഗങ്ങള്‍ ശ്രമിക്കാനും ലൈംഗിക ജീവിതത്തില്‍ സംഭവിക്കാവുന്ന താളപ്പിഴകളെ മുന്‍കൂട്ടി കണ്ടെത്താനും അവയെ ഫലപ്രദമായി നേരിടാനും ദമ്പതികള്‍ക്ക് കഴിയും.

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts