news-details
മറ്റുലേഖനങ്ങൾ

ലൈംഗികതയിലെ പരസ്പരപൂരണവും സൃഷ്ടിപരതയും

മനുഷ്യനു ശരീരത്തിലേ നിലനില്‍ക്കാനാവൂ. ശാരീരികതയില്‍ ലൈംഗികത അഭിവാജ്യഘടകമാണ്. അതുകൊണ്ട് അസ്തിത്വപരമായിതന്നെ മനുഷ്യന്‍ ലൈംഗികജീവിയാണ്. ലൈംഗികതയെ ഏതെങ്കിലും അവയവത്തിലേക്കു ചുരുക്കാനോ ഏതെങ്കിലും പ്രത്യേക പ്രവൃത്തിയുമായി മാത്രം ബന്ധപ്പെടുത്തി പറയാനോ ആകില്ല. ഒരാളുടെ വാക്കിലും നോട്ടത്തിലും നടപ്പിലും കാഴ്ചപ്പാടിലും ഒക്കെ ലൈംഗികത ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ലൈംഗികതയില്ലാതെ മനുഷ്യാസ്തിത്വമില്ല.

ലൈംഗികത ആവിഷ്കരിക്കപ്പെടുന്നത് തനിയേ ഇരിക്കുമ്പോഴല്ല, തന്നില്‍നിന്നു വ്യതിരിക്തനായ/വ്യതിരിക്തയായ ഒരാളുമായി ബന്ധപ്പെടുമ്പോഴാണ്. തന്നില്‍നിന്നു പുറത്തുകടന്ന്, മറ്റൊരാളിലേക്കു പ്രവേശിക്കുമ്പോഴാണ് ലൈംഗികത സജീവമാകുന്നത്. വ്യത്യസ്തമായവയെ ഏകോപിപ്പിച്ച് ഒരൊറ്റ ഐക്യത്തിലേക്ക് എത്തിക്കുന്നു ലൈംഗികത. മാനുഷികബന്ധങ്ങളിലേ ലൈംഗികത അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രശോഭിക്കൂ. വസ്തുക്കളുമായി ഒരാള്‍ക്കു ലൈംഗികബന്ധം ആവില്ലല്ലോ. വൈവിധ്യങ്ങളുടെ പാരസ്പര്യത്തെ അംഗീകരിക്കുകയും അവയെ സമഭാവനയോടെ കാണാനാകുകയും ചെയ്യുമ്പോഴാണ് ലൈംഗികത ഏറ്റവും സത്യസന്ധമാകുക.

ഏതൊരു മനുഷ്യബന്ധത്തിലും ലൈംഗികത ഒരു അടിസ്ഥാന സ്വഭാവമാണ്. ലൈംഗികതയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അതിന്‍റെ സാമൂഹികമാനം ഓരോ ബന്ധത്തിലൂടെയും വികസ്വരമാകുന്നു. കുഞ്ഞുന്നാളിലെ കളിക്കൂട്ടുകെട്ടുകളിലൂടെയും വിദ്യാര്‍ത്ഥി നാളിലെ സൗഹൃദങ്ങളിലൂടെയും മുതിര്‍ന്നപ്പോള്‍ രൂപപ്പെട്ട ബിസിനസ്സ് കൂട്ടായ്മയിലൂടെയും വാര്‍ദ്ധക്യത്തിലെത്തുമ്പോഴുണ്ടാകുന്ന ഒത്തുചേരലുകളിലൂടെയും ഒരാള്‍ തന്നില്‍നിന്നു പുറത്തു കടന്ന് അപരനിലേക്കു പ്രവേശിക്കുകയാണ്. എത്ര ഉപരിപ്ലമായ ബന്ധത്തിലും എത്ര ആഴമേറിയ ബന്ധത്തിലും ലൈംഗികത അടിസ്ഥാനഭാവമായി വര്‍ത്തിക്കുന്നുണ്ട്.

ലൈംഗികതയിലൂടെ ഒരാളിലെ കുറവ് മറ്റേയാള്‍ കുറച്ചെങ്കിലും നികത്തുന്നുണ്ട്. വ്യത്യസ്തരായവര്‍ (ഉദാ. സ്ത്രീയും പുരുഷനും) പരസ്പര പൂരകങ്ങളായി ഭവിക്കുന്നു. അവര്‍ പരസ്പരം ആവശ്യമുള്ളവരാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഈ പരസ്പരപൂരകത്വം രണ്ടു വ്യക്തികള്‍ തമ്മില്‍ മാത്രമല്ല ഉള്ളത്. ജീവിതത്തിന്‍റെ ഏതു മേഖലയെ സംബന്ധിച്ചും ഇതു സംഗതമാണ്. രാഷ്ട്രീയ തലത്തിലും മതാത്മകമേഖലയിലും സാംസ്കാരിക രംഗത്തും തത്വചിന്തയുടെ ലോകത്തും ഈ പരസ്പരപൂരണം കൂടിയേ തീരൂ. സ്ത്രീയും പുരുഷനും അവരില്‍ത്തന്നെ പൂര്‍ണ്ണരാകാത്തതുപോലെതന്നെ, ഏതെങ്കിലും ആത്മീയദര്‍ശനമോ, സംസ്കാരമോ, സംഘടനയോ, മതമോ അതില്‍തന്നെ പൂര്‍ണ്ണമല്ല. ഏതൊന്നിനും തന്നില്‍നിന്നു വ്യത്യസ്തമായതിനെ ആവശ്യമുണ്ട്. ഒന്നും സംഭാവന ചെയ്യാനില്ലാത്തത്ര ശുഷ്കമായി ഇവിടെ ഒന്നുമില്ല. എല്ലാംകൊണ്ടും പൂര്‍ണ്ണതയുള്ളതായിട്ടും ഇവിടൊന്നില്ല. അതുകൊണ്ടുതന്നെ ഇവിടെയുള്ള എല്ലാ വൈവിധ്യങ്ങള്‍ക്കും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കാനാകും.

ലൈംഗികത സൃഷ്ടിപരമാണെന്നതു നമുക്കെല്ലാം അറിവുള്ളതാണ്. വ്യത്യസ്തരായ സ്ത്രീയും പുരുഷനും ഒരുമിക്കുമ്പോള്‍ 'പുതിയ' ഒന്ന് ജനിക്കുന്നു. ഇത് ഇതര മനുഷ്യമേഖലകള്‍ക്കും ബാധകമാണ്. വൈവിധ്യങ്ങളോടു തുറവിയുണ്ടെങ്കില്‍ പുതിയ പുതിയ കാര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും. തുറവിയില്ലെങ്കില്‍ തളംകെട്ടി കിടക്കുന്ന ജലംപോലെ വ്യക്തിയും ആശയവും പ്രസ്ഥാനവും ചത്തുപോകും. പുതിയ ഈണവും പുതിയ ചിന്തയും പുതിയ രുചിയും പുതിയ കാഴ്ചപ്പാടുമൊക്കെ ഉണ്ടാകുന്നത് വ്യത്യസ്തമായവയോടുള്ള സമ്പര്‍ക്കത്തില്‍നിന്നാണ്. എന്നില്‍ നിന്നു വിഭിന്നമായത് എന്നെ തകര്‍ക്കുന്ന ഒന്നല്ല, സൃഷ്ടിക്കുന്ന ഒന്നാണ്. മതപരമോ, രാഷ്ട്രീയപരമോ, അക്കാദമികമോ ആയ ഏതു സംഘത്തിലും ഉള്ള വൈജാത്യങ്ങള്‍ പരസ്പരപൂരകങ്ങളും സൃഷ്ടിപരവുമാണ്. അവയോടുള്ള തുറവിയാണ് ഒരാളെ വളര്‍ത്തുന്നത്, പുതിയതായി സൃഷ്ടിക്കുന്നത്.

ചുരുക്കത്തില്‍, ലൈംഗികത ശാരീരിക പ്രതിഭാസമെന്നതിനേക്കാള്‍ ഉപരി അസ്തിത്വപരമായ പ്രതിഭാസമാണ്. നമ്മിലേക്കുതന്നെ ഉള്‍വലിയാതെ അപരരിലേക്കു പ്രവേശിക്കാന്‍ നമ്മിലെ ലൈംഗികത നമ്മെ പ്രചോദിപ്പിക്കുന്നു.

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ആത്മാവിനെ വിറ്റവരുടെ സ്വര്‍ഗ്ഗം

പോള്‍ തേലക്കാട്ട്
Related Posts