news-details
മറ്റുലേഖനങ്ങൾ

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും നിങ്ങളറിയാതെ ആരോ നിങ്ങളെ നിരീക്ഷിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? പക്ഷേ നിങ്ങള്‍ ചുറ്റിലും നോക്കുമ്പോള്‍ അസാധാരണമായി ഒന്നും കാണുകയുമില്ല. ഇതൊരു തോന്നല്‍ മാത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ അതു ശരിയല്ല. കാരണം, ആയിരക്കണക്കിന് വസ്തുക്കള്‍/ഉപകരണങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതും നിങ്ങള്‍ അറിയാതെ, എല്ലായിടങ്ങളിലും വളരെ വിദഗ്ദ്ധമായി ഒളിച്ചിരുന്നുകൊണ്ട് - ടി വിയുടെ, ഫ്രിഡ്ജിന്‍റെ, ഓഫീസിന്‍റെ എല്ലാം ഉള്ളില്‍. ഈ ഉപകരണങ്ങളും ഉല്പന്നങ്ങളും നിങ്ങളെക്കാളധികം നിങ്ങളുടെ ജീവിതസ്വഭാവരീതികള്‍ മനസ്സിലാക്കുകയും പല വിവരങ്ങളും ഇന്‍റര്‍നെറ്റ് മുഖേന നിങ്ങളറിയാതെ കൈമാറുകയും ചെയ്യുന്നു.

ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന വളരെ ഉപകാരപ്രദമായ സ്മാര്‍ട്ട് ഉപകരണങ്ങളെക്കുറിച്ച് -സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടര്‍, സ്മാര്‍ട്ട് എ. സി.- പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുന്‍പ് നമുക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് അതേ ഉപകരണങ്ങള്‍ നമ്മുടെ ജീവിതം ആയാസരഹിതമാക്കുകയും അതേ സമയം നമ്മുടെ സ്വകാര്യത നഷ്ടപ്പെടുത്തിക്കൊണ്ടും ഇരിക്കുന്നു എന്നാണ് കംപ്യൂട്ടര്‍ വിദഗ്ദ്ധരുടെ പഠനങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നമ്മുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് നമ്മുടെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കെല്പ്പുള്ള തരത്തിലാണ് ഇന്ന് നമ്മുടെ വീടും കാറും ഫോണും കംപ്യൂട്ടറും ഓഫീസും എല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. നമ്മള്‍ ഒരു മുറിയില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ലൈറ്റുകള്‍ ഓട്ടോമാറ്റിക് ആയി ഓണ്‍ ആകുകയും ഓഫ് ആകുകയും ചെയ്യുന്നു. നമുക്ക് ഏറ്റവും സുഖകരമായ രീതിയില്‍ എ. സി.യും കൂളറും നമ്മുടെ ഓരോരുത്തരുടെയും മുറികള്‍ക്കുള്ളിലെ താപനില സ്വയം ക്രമീകരിക്കുന്നു. നിങ്ങളുടെ ഫ്രിഡ്ജിനുള്ളിലെ തക്കാളികള്‍ കേടാകാറായെന്നും പാല്‍ എക്സ്പെയറി ഡേറ്റ് കഴിഞ്ഞെന്നും നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങളുപയോഗിക്കുന്ന വാഷിംഗ് പൗഡറിന്‍റെ ബ്രാന്‍ഡ് ഇത്തവണ മാറിപ്പോയെന്ന് വാഷിംഗ് മെഷീനും വാഹനത്തിന്‍റെ ഇന്‍ഷ്വറന്‍സ് പുതുക്കാറായെന്ന് കാറിന്‍റെ ഡിസ്പ്ലേ ബോര്‍ഡും നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങള്‍ ഗൂഗിള്‍ തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ആദ്യം കാണിക്കുകയും യൂറ്റ്യുബില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ടുകളുടെ ഒരു ശ്രേണി നിങ്ങളാവശ്യപ്പെടാതെ തന്നെ സ്ക്രീനില്‍ തെളിയുകയും ചെയ്യുന്നു.

ഈ മാജിക്കുകള്‍ എല്ലാം ചെയ്യാന്‍ ഇന്‍റര്‍നെറ്റ് എന്ന മായാജാലക്കാരനാണ് സഹായിക്കുന്നത്. നാം ഉപയോഗിക്കുന്ന എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളും ഇന്‍റര്‍നെറ്റ് വഴി നമ്മളെ ആ ഉപകരണങ്ങളുമായും നമ്മളറിയാത്ത പലരുമായും നമ്മെ സദാ ബന്ധപ്പെടുത്തിവയ്ക്കുന്നു. അതായത് സ്മാര്‍ട്ട് ഉപകരണങ്ങളിലെ ഇന്‍റര്‍നെറ്റ് അക്സസ് നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ഓരോ ചലനങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും സ്വഭാവരീതികളും മനസ്സിലാക്കി ഡേറ്റാ അഥവാ വിവരങ്ങള്‍ സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നു. നമ്മുടെ സ്വന്തം വീടും കാറും ഫോണും മാത്രമല്ല, എല്ലാ പൊതുഇടങ്ങളും പൊതുഗതാഗതമാര്‍ഗ്ഗങ്ങളും ഷോപ്പിംഗ് മാളുകളും ജോലിസ്ഥാപനങ്ങളും ടൗണുകളും എല്ലാം ഇതേ സ്മാര്‍ട്ട് ഉപകരണങ്ങളാല്‍ കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു. കൃഷിയിലും ഗതാഗതത്തിലും ലോജിസ്റ്റിക്കിലും ഇന്‍ഡസ്ട്രിയിലുമെല്ലാം ഏതാണ്ട് 22 ബില്യണ്‍ ഇന്‍റര്‍നെറ്റ് കണക്ട് ഉപകരണങ്ങള്‍ ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കണക്കുകള്‍ പ്രകാരം 2030 ആകുമ്പോഴേക്കും അത് 50 ബില്യണ്‍ ആയി ഉയരുകയും ചെയ്യും.

സ്മാര്‍ട്ട് ഉപകരണങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ചുള്ള നിരവധി വിവരങ്ങളാണ് ശേഖരിക്കുന്നത്. വീടുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ, മൈക്രോഫോണ്‍ മുതലായവ നമ്മുടെ ഓഡിയോ വീഡിയോ വിവരങ്ങള്‍, നമ്മുടെ presence  ഉം   absence ഉം, ജീവിതചര്യകള്‍, ആക്ടിവിക്ടികള്‍ എല്ലാം ശേഖരിക്കുന്നു. സ്മാര്‍ട്ട് ടി. വിയില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ, മൈക്രോഫോണ്‍ ഇവ ഉപഭോക്താക്കളെ സദാ നിരീക്ഷിക്കുകയും വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ഉല്പന്ന നിര്‍മ്മാതാക്കളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. സ്മാര്‍ട്ട് ബള്‍ബുകള്‍ നമ്മുടെ ഉറക്കസമയം, ഹൃദയമിടിപ്പ് മുതലായ പലതും ട്രാക്ക് ചെയ്യുന്നു. സ്മാര്‍ട്ട് വാക്വം ക്ലീനര്‍ നമ്മുടെ വീട്ടിലെ എല്ലാ വസ്തുക്കളെയും ഒപ്പം നമ്മുടെ വീടിന്‍റെ ഓരോ കോണും മൂലയും വീട്ടിലെ മറ്റുപകരണങ്ങളുടെ സ്ഥാനവും മനസ്സിലാക്കുന്നു. 'അലക്സ' പോലുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍ റെക്കോര്‍ഡു ചെയ്യുന്ന നമ്മുടെ സംസാരം ആമസോണിലെ ജോലിക്കാര്‍ കേള്‍ക്കുകയും അതനുസരിച്ചുള്ള വ്യതിയാനങ്ങള്‍ അവരുടെ ഉല്പന്നത്തില്‍ വരുത്തുകയും ചെയ്യുന്നു എന്നുള്ള വിവരം പകല്‍പോലെ വ്യക്തവുമാണ്.

ഉദ്ദേശിക്കുന്ന ഗുണം ലഭിക്കുകയില്ല എന്നതിനാല്‍ ഇത്തരം ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന വൈ-ഫൈ ഓഫ് ചെയ്യുക പ്രായോഗികമല്ല താനും. മാത്രമല്ല, ഓഫീസ്, ഷോപ്പിംഗ് മാള്‍, സ്മാര്‍ട്ട് സിറ്റികള്‍ ഇവിടങ്ങളിലുള്ള വൈ-ഫൈ നമ്മുടെ നിയന്ത്രണത്തിലും അല്ല. അതിനാല്‍ ഇത്തരം ഉപകരണങ്ങളുടെ ഉപഭോക്താക്കള്‍ ഇതിന്‍റെ ഗുണഫലത്തോടൊപ്പം സ്വകാര്യതയുടെ കടന്നുകയറ്റങ്ങളും നന്നായി മനസ്സിലാക്കിയിരിക്കണം. കാരണം, സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപഭോക്താവിന്‍റെ എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് കച്ചവടക്കാരനോ ഉപഭോക്താവിനോ പലപ്പോഴും അറിയില്ല. പല വിദേശരാജ്യങ്ങളിലും Data processing regulations (നിയമങ്ങള്‍) നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് എത്രത്തോളം നടപ്പിലാക്കിയിരിക്കുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നിങ്ങള്‍ അടുത്തതവണ ഇത്തരമൊരു സ്മാര്‍ട്ട് ഉപകരണം വാങ്ങുമ്പോള്‍ നിങ്ങളുടെ എന്തെല്ലാം വിവരങ്ങളാണ് ആ ഉപകരണം ശേഖരിക്കുന്നത് എന്നറിയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. ഒപ്പം നിങ്ങള്‍ക്കാവശ്യമില്ലാത്ത ഒരു സെറ്റിംഗ് ആ ഉപകരണത്തില്‍നിന്ന് disable ചെയ്യാനുള്ള വിവേകവും ഉണ്ടാവണം. വെര്‍ബല്‍(വാമൊഴി) കമാന്‍ഡ് കൊടുത്തുതന്നെ കോഫി മെഷിനില്‍ ഒരു കാപ്പി ഉണ്ടാക്കണമെന്ന നിര്‍ബന്ധം അടുത്ത തവണ നിങ്ങള്‍ക്കു തോന്നുമ്പോള്‍ നിങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും നിങ്ങളെ അറിയേണ്ട ആവശ്യമില്ലാത്ത പലരിലും എത്തപ്പെടുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുക.  

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts