news-details
മറ്റുലേഖനങ്ങൾ

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അടിമകള്‍

ഈ ലേഖനത്തിന്‍റെ തലക്കെട്ട് കുറെനാള്‍ മുമ്പ് 'നാഷണല്‍ ജിയോഗ്രഫിക്' മാസികയില്‍ വന്ന ഒരു ലേഖനത്തിന്‍റെ തലക്കെട്ടാണ്. നെയ്ത്തുമെഷീനില്‍ പണിയെടുക്കുന്ന മെല്ലിച്ച ഒരു കുട്ടിയുടെ ഫോട്ടോയും കൊടുത്തിരുന്നു, അതില്‍. ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: "പത്തു വയസ്സുകാരനാണ് പനീര്‍. കാഞ്ചീപുരത്തുള്ള നെയ്ത്തുശാലയില്‍ അവന്‍ ദിവസവും പതിന്നാലു മണിക്കൂര്‍ പണിയെടുക്കുന്നു. അവന്‍റെ ശരീരത്തില്‍ തുണി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഡൈകള്‍ കലര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ സില്‍ക്കു വ്യവസായത്തില്‍ ഇത്തരത്തിലുള്ള അനേകായിരം കുട്ടികള്‍ പണിയെടുക്കുന്നു." ലേഖകന്‍ തുടരുന്നു, "ഈ ലേഖനം എഴുതാനായി അവിടെ എത്തുന്നതുവരെ, ലോകത്താകമാനം 270 ലക്ഷം അടിമ പണിക്കാര്‍ ഉണ്ടെന്ന് എനിക്കറിവേ ഇല്ലായിരുന്നു. അവര്‍ നമ്മുടെയൊക്കെ ചുറ്റുമുണ്ട്; പക്ഷേ, അവര്‍ നിശ്ശബ്ദരും സ്വന്തം സാന്നിദ്ധ്യം അറിയിക്കാത്തവരുമാണ്."

പ്രസ്തുത ലേഖനം ഒരു കാര്യം അടിവരയിട്ടു പറയുന്നു: "ഈ ലേഖനം അടിമകളെക്കുറിച്ചുള്ളതാണ്. അടിമകളെപ്പോലെ പണിയെടുക്കുന്നവരെക്കുറിച്ചുള്ളതല്ല. ഇരുന്നൂറു കൊല്ലം മുമ്പുള്ള അടിമകളല്ല ഇവര്‍. ഇന്നും ലോകത്താകമാനം 270 ലക്ഷം മനുഷ്യര്‍ വാങ്ങപ്പെടുകയും വില്ക്കപ്പെടുകയും തുറങ്കിലടയ്ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ലാഭത്തിനുവേണ്ടി മാത്രം ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്."
ലേഖനത്തിലെ മറ്റൊരു ചിത്രം പണിയെടുക്കുന്ന കുറച്ചു കുട്ടികളെക്കുറിച്ചുള്ളതാണ്. "വെളിച്ചവും വായു സഞ്ചാരവും ഇല്ലാത്ത ഒരു മുറിയില്‍ വളകളുണ്ടാക്കുന്ന പണിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു ഡസന്‍ കുട്ടികള്‍. ഗ്യാസ് ബര്‍ണറുകളുടെ മുകളിലേക്കു കുനിഞ്ഞ് നിന്ന് ഇവര്‍ പണിയെടുക്കുന്നത് ദിവസം പത്തുമണിക്കൂറാണ്. ഇവരെ ഇവരുടെ മാതാപിതാക്കള്‍ പണിശാലയുടെ ഉടമയ്ക്കു വിറ്റിരിക്കുകയാണ്."

ലേഖനത്തിലെ അടുത്ത ഫോട്ടോ  വേശ്യകളായ മൂന്നുകുട്ടികളുടേതാണ്. ലേഖനത്തില്‍ പറയുന്നു: "സ്ത്രീ ശരീരം എത്ര തവണ വേണമെങ്കിലും വില്ക്കപ്പെടാം. സ്ത്രീശരീരം മയക്കുമരുന്നില്‍നിന്നു വ്യത്യസ്തമാകുന്നത് അങ്ങനെയാണ്. മോല്‍സോവയിലും ഉക്രെയിനിലും നാലായിരം ഡോളറിനു പെണ്‍കുട്ടികളെ വാങ്ങാന്‍ കിട്ടും. ഇസ്രായേലി വേശ്യാലയങ്ങളില്‍ ഇത്തരത്തില്‍ വില്ക്കപ്പെട്ട കുട്ടികളേറെയുണ്ട്. മനുഷ്യകടത്തുകാര്‍ തൊഴില്‍ ഏജന്‍റെന്ന രീതിയില്‍ പാവപ്പെട്ട കിഴക്കന്‍ യൂറോപ്യന്‍കാരെ ആകര്‍ഷിച്ച്, വിദേശജോലിയെന്ന വാഗ്ദാനവും നല്കി ഇസ്രായേലിലും ജര്‍മ്മനിയിലും സ്വിറ്റ്സര്‍ലണ്ടിലും ജപ്പാനിലും അമേരിക്കയിലും ഒക്കെ എത്തിക്കുന്നു. അവിടെവച്ച് അവര്‍ പീഡിപ്പിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ അവര്‍ എല്ലാറ്റിനും വഴങ്ങിക്കൊടുക്കേണ്ടി വരുന്നു."

അടുത്ത ഫോട്ടോ ഓരോ ഇന്ത്യക്കാരനെയും ലജ്ജിപ്പിക്കേണ്ടതാണ്. ഫോട്ടോയില്‍ കുറെ സ്ത്രീകളും പെണ്‍കുഞ്ഞുങ്ങളും ഇഷ്ടികകള്‍ ചുമക്കുകയാണ്. തൊട്ടടുത്തായി എഴുതിയിരിക്കുന്നു: "ലോകമാകമാനം അടിമപ്പണി ചെയ്യുന്നവരില്‍ മൂന്നില്‍ രണ്ടുപേരും -150-200 ലക്ഷം പേര്‍- ഇന്ത്യാ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ നാലിടങ്ങളിലാണ്. കടം വീട്ടാനാകാതെ ഒടുക്കം അടിമകളായിത്തീരുന്നവരാണ് ഇവര്‍."

സ്ത്രീകളെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരാള്‍ പ്രസ്തുതലേഖനത്തിന്‍റെ ലേഖികയോടു ചോദിച്ചത്രേ. "സ്ത്രീകളെ വില്ക്കുന്നതില്‍ എന്താണിത്ര തെറ്റ്? ഫുട്ബോള്‍ കളിക്കാരെ ക്ലബ്ബുകള്‍ കാശിനു വാങ്ങാറില്ലേ?"

ലേഖനത്തില്‍ വിക്ടോറിയ എന്ന പെണ്‍കുട്ടിയെക്കുറിച്ചു പറയുന്നുണ്ട്. പാവപ്പെട്ട ഒരു സോവ്യറ്റ് രാഷ്ട്രത്തില്‍ നിന്നുള്ളവളാണ് ഈ പതിനേഴുകാരി. അവളുടെ ഒരു 'സുഹൃത്ത്' ടര്‍ക്കിയില്‍ ഒരു ജോലി കൊടുക്കാമെന്നു പറഞ്ഞു കൊണ്ടുപോകുന്നു. പക്ഷേ അവള്‍ എത്തിപ്പെട്ടത് ബോസ്നിയയിലാണ്. അവിടെവച്ച് സെര്‍ബുകള്‍ അവളെ ഭീഷണിപ്പെടുത്തി പലതവണ ബലാല്‍സംഗം ചെയ്യുന്നു. പല വേശ്യാലയങ്ങളിലേക്കു മാറിമാറി വില്ക്കപ്പെട്ട അവള്‍, അവസാനം രക്ഷപെടുന്നു. അപ്പോള്‍ അവള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. ഒരാള്‍ അവളെ വാങ്ങിക്കഴിയുമ്പോള്‍, അയാള്‍ ചെലവാക്കിയ തുക മുഴുവന്‍ തിരിച്ചുകിട്ടുന്നയത്രയും നാള്‍ അവള്‍ അയാള്‍ക്കു കീഴില്‍ പണിയെടുക്കേണ്ടിവരുന്നു. അതു വീട്ടിക്കഴിയുമ്പോഴേക്കും, അവള്‍ മറ്റൊരാള്‍ക്കു വില്ക്കപ്പെടുകയായി. അയാള്‍ ചെലവാക്കിയ കാശു വീട്ടിത്തീര്‍ക്കാന്‍ വീണ്ടും അവള്‍ നിന്നുകൊടുക്കേണ്ടി വരുന്നു. വേശ്യാലയത്തിലും മറ്റു രംഗങ്ങളിലും ഈ രീതിയിലുള്ള അടിമപ്പണി നിലവിലിരിക്കുന്നു.
അഞ്ചും ആറും വയസ്സുള്ള പാക്കിസ്താനി കുട്ടികളെ ധനാഢ്യരായ ഗള്‍ഫുകാര്‍ വിലകൊടുത്തു വാങ്ങാറുണ്ട്. ജോക്കികളാക്കാനാണു ഇവരെ വാങ്ങുന്നത്. ഒട്ടകങ്ങളുടെ മത്സരയോട്ടത്തില്‍ ഈ കുട്ടികളെ ഒട്ടകങ്ങളുടെ പുറത്തു വച്ചുകെട്ടുന്നു. ഒട്ടകങ്ങളുടെ കൂട്ടയോട്ടത്തില്‍ ഭയന്ന് കുട്ടികള്‍ കാറിത്തുടങ്ങും. അതുകേട്ട് ഒട്ടകങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പായും. ധനാഢ്യരായ ഗള്‍ഫുകാര്‍ക്കു ചിരിക്കാനുള്ള വകയാണത്രേ ഇത്.

അടിമകളുടെ ഉടമകളും അവരെ കടത്തികൊടുക്കുന്നവരും ഉണ്ടാക്കുന്ന കാശിനു കണക്കില്ല. ക്രോയേഷ്യക്കാരനായ ഒരു ടാക്സി ഡ്രൈവര്‍ - ജോസിപ് ലോണ്‍കാറിക്- ഇന്ന് ഒരു വിമാനക്കമ്പനിയുടെ ഉടമയാണ്. പശ്ചിമ യൂറോപ്പിലേക്ക് ആയിരക്കണക്കിനാളുകളെ വേശ്യാവൃത്തിക്കും മറ്റ് അടിമപ്പണികള്‍ക്കുമായി അയാള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട്. അയാളുടെ ഇരകള്‍ക്ക് പതിനെട്ടു മണിക്കൂര്‍വരെ ഹോട്ടലുകളിലും ഇറ്റാലിയന്‍ ലെതര്‍ കടകളിലും പണിയെടുക്കേണ്ടി വന്നിരുന്നു.

ഇത്തരം അടിമപ്പണികള്‍ എത്ര അപകടകരമാണെങ്കിലും അവ ചെയ്യാന്‍ എന്തുകൊണ്ടാണ് ആളുകള്‍ തയ്യാറാകുന്നത്? പ്രധാനകാരണം കൊടിയ ദാരിദ്ര്യം തന്നെ.

ചൂഷണം പല രീതിയിലാണു നടക്കുന്നത്. ശരിയായ രേഖകളില്ലാതെ ഏതെങ്കിലും പണിക്കായി വരുന്ന ഒരു പെണ്‍കുട്ടിയെ, അവളുടെ ഉടമ പോലീസിനു കാണിച്ചുകൊടുക്കുന്നു. ജയിലില്‍ അടയ്ക്കപ്പെടുന്ന അവളെ അവളുടെ തൊഴില്‍ ദാതാവ് ജാമ്യത്തിലിറക്കുന്നു. എന്നിട്ട് ജാമ്യത്തുക വീട്ടാന്‍ അവളെ വേശ്യാവൃത്തിക്കു വിടുന്നു. ഈ കടം വീട്ടാന്‍ മിക്കപ്പോഴും അവള്‍ക്കാകില്ല.

ഇന്നുള്ള അടിമപ്പണിക്കാര്‍ - പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും - നിയന്ത്രിക്കപ്പെടുന്നത് അക്രമത്താലാണ്. അവരെ പീഡിപ്പിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്യുന്നു.

മുംബൈയിലുള്ള രണ്ടുവേശ്യാസ്ത്രീകളുടെ ചിത്രത്തിനു ചുവട്ടില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "6 അടി പൊക്കവും നാലടി വീതിയുമുള്ള ഈ കുടുസുമുറികളില്‍ അവരില്‍ മിക്കവരെയും എത്തിക്കുന്നത് മനുഷ്യരെ കടത്തുന്നവരാണ്. മറ്റുചിലരെ അവിടെ എത്തിക്കുന്നത് മാതാപിതാക്കളോ സ്വന്തം ഭര്‍ത്താക്കന്മാരോ ആണ്." ഈ സ്ത്രീകളില്‍ പകുതിപ്പേരും നേപ്പാളില്‍ നിന്നു ജോലിക്കാണെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുവരപ്പെട്ടവരാണ്. പലരും നാല്പതു വയസ് എത്തുന്നതിനു മുമ്പേ മരിച്ചുപോകുന്നു.

നാം ഏതു ലോകത്തു ജീവിച്ചാലും നമുക്കു ചുറ്റും ക്രൂരതയുടെയും ആര്‍ത്തിയുടെയും ഒരു ലോകം  ഉണ്ടെന്നു നാമറിഞ്ഞിരുന്നെങ്കില്‍. ദരിദ്രനായിരിക്കുക എന്നു വച്ചാല്‍ ഏത് അതിക്രമത്തിനും വശംവദനാകുക എന്നാണര്‍ത്ഥം. അയാള്‍ ഒരടിമപോലുമായിത്തീരാം. നമ്മില്‍ പലര്‍ക്കും ഇവര്‍ സ്ഥിതിവിവരക്കണക്കുകളിലെ അക്കങ്ങള്‍ മാത്രമാണ്. നമ്മള്‍ നമ്മുടെ നാമമാത്ര പ്രശ്നങ്ങളില്‍ കുരുങ്ങി ആയുസ്സു തീര്‍ക്കുമ്പോഴും നമ്മുടെ ചുറ്റും സ്ത്രീകളും പുരുഷന്മാരും കുട്ടികളും വാങ്ങുകയും വില്ക്കപ്പെടുകയും ബലാല്‍ക്കാരം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ദാരിദ്ര്യം എന്ന ഒരൊറ്റ 'കുറ്റ'ത്തിന്‍റെ പേരില്‍ അവര്‍ അവരുടെ മണ്ണില്‍നിന്നും വീട്ടില്‍നിന്നും പറിച്ചെറിയപ്പെടുന്നുണ്ട്.

നാം എന്താണ് ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത്? നമ്മുടെ ജോലിസ്ഥലത്തുള്ള പാവപ്പെട്ടവരോടുള്ള നമ്മുടെ മനോഭാവം എന്താണ്? ലോകം കൂടുതല്‍ കൂടുതല്‍ പുരോഗമിക്കുന്നു എന്ന അവകാശവാദത്തിന്‍റെ മുഖംമൂടി അഴിച്ചുമാറ്റി കാണിക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിലൂടെ സാധിക്കുന്നുണ്ടോ? നമ്മുടെ കുട്ടികളില്‍ ചുറ്റുവട്ടത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ നാം ശ്രമിക്കാറുണ്ടോ? അതോ അവരുടെ ചെറിയ ചെറിയ മുറിവുകള്‍ മാത്രം വച്ചുകെട്ടുന്നതില്‍ നാം ബദ്ധശ്രദ്ധരായിരിക്കുകയാണോ?

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
Related Posts