news-details
മറ്റുലേഖനങ്ങൾ

അതിരൂപിന്‍റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്

കാനേഷുമാരി ഐഡന്‍റിറ്റിയില്‍ നിന്ന് ഒരാള്‍ക്കു മോചനം ലഭിക്കുന്നത് അയാള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാതെ ജീവിച്ചുപോകുമ്പോള്‍ ജനസംഖ്യാ കണക്കുപുസ്തകത്തിലെ ഒരക്കം മാത്രമായി നമ്മള്‍ മാറും. ഒഴുക്കിനൊത്തു നീന്തുന്ന ബഹുഭൂരിപക്ഷത്തിനിടയില്‍ അതിരൂപ്  നൂറ്റൊന്നു ശതമാനം വ്യത്യസ്തനാണ്. നാം ജീവിക്കുന്ന ചുറ്റുപാടിനോടും പ്രകൃതിയോടും നമ്മുടെതന്നെ ആരോഗ്യത്തോടും അല്പം ചങ്ങാത്തം കൂടുന്ന ഇക്കോ ഫ്രണ്ട്ലി ആയ ഒരു പ്രൊജക്റ്റുമായാണ് ഈ ചെറുപ്പക്കാരന്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. എ  ബി സി അഥവാ 'അതിരൂപ് ബൈസിക്കിള്‍ ക്ലബ്'. ഒരു ബൈസിക്കിള്‍ ക്ലബ്ബിന് പുതുമയെന്തെന്നു ചോദിക്കും. ഉണ്ട് അല്പം പുതുമയുണ്ട്.

വാഹനങ്ങളുടെ പെരുപ്പം, ട്രാഫിക് ജാമുകള്‍, ഇന്ധന ക്ഷാമം, പരിസര മലിനീകരണം, അപകടങ്ങള്‍ തുടങ്ങി നഗരജീവിതത്തിന്‍റെ നിത്യ ദുരിതങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ അവയോടൊക്കെ രാജിയായി കഴിയുന്നവര്‍ക്കിടയില്‍ അതിരൂപിന്‍റെ എ ബി സിക്ക് ഒത്തിരിയല്ലെങ്കിലും ഇത്തിരി പ്രസക്തിയുണ്ട്. തിരുവനന്തപുരം നഗരത്തിലാണ് ഈ ചെറുപ്പക്കാരന്‍ തന്‍റെ പരീക്ഷണ പദ്ധതി നടപ്പിലാക്കിയിരുന്നത്. നഗരത്തിലെ തമ്പാനൂര്‍, വെള്ളയമ്പലം, വഴുതക്കാട്, കവടിയാര്‍, മ്യൂസിയം, ശാസ്തമംഗലം, ബേക്കറി ജംഗ്ഷന്‍, പഴവങ്ങാടി തുടങ്ങി തിരക്കുപിടിച്ച പല കേന്ദ്രങ്ങളിലും അതിരൂപിന്‍റെ സൈക്കിളുകള്‍ കാണാം. ഓരോ കേന്ദ്രത്തിലും റോഡരുകില്‍ പ്രത്യേകം തയ്യാറാക്കിയ റാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഏതാനും സൈക്കിളുകള്‍. ആവശ്യക്കാര്‍ക്ക് അതെടുത്ത് ഉപയോഗിക്കാം. ഉപയോഗം കഴിഞ്ഞശേഷം അതേ സ്ഥലത്തുതന്നെ സൈക്കിള്‍ തിരിച്ചു വയ്ക്കണമെന്നില്ല. നഗരത്തിലെ എ ബി സിയുടെ ഏതെങ്കിലും ഒരു റാക്കില്‍ വച്ചാല്‍ മതി. സൈക്കിള്‍ സ്റ്റാന്‍റുകള്‍ക്ക് സമീപം കാവല്‍ക്കാരോ ജോലിക്കാരോ ഇല്ല. സ്വന്തം കാശു  ചെലവാക്കി എഴുപതു സൈക്കിളാണ് ഈ ചെറുപ്പക്കാരന്‍ ഇങ്ങനെ വാങ്ങിവച്ചിരിക്കുന്നത്.

ഇത്രയും വായിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ചിലരുടെയെങ്കിലും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിട്ടുണ്ടാവും. ചുളുവില്‍ ഒരു സൈക്കിള്‍ അടിച്ചെടുക്കാന്‍ നേരെ തമ്പാനൂരിലേക്ക് വച്ചുപിടിക്കാമെന്ന്. അതു നടക്കില്ല. അതിരൂപ് അത്ര പൊട്ടനല്ല. മുപ്പത്തൊന്നുകാരനായ ഈ ബി. ടെക്. എഞ്ചിനീയര്‍ തന്‍റെ പ്രൊജക്റ്റിനു വളരെ പ്രായോഗികമായ ചില വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അമ്പതു രൂപ കൊടുത്ത് എ ബി സി യില്‍ മെമ്പര്‍ ആകുന്നവര്‍ക്കാണ് ഇപ്പോള്‍ സൈക്കിള്‍  ഉപയോഗിക്കാന്‍ കഴിയുക. മെമ്പര്‍ ആകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. സൈക്കിളിന് മുകളില്‍ എഴുതിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ (9645511155) വിളിച്ചു പേരും വിലാസവും നല്കുക. വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പര്‍, ഇമെയില്‍ ഉണ്ടെങ്കില്‍ അതും നല്കുക. നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ അമ്പതു രൂപ സ്റ്റാന്‍റിലുള്ള ബോക്സില്‍ നിക്ഷേപിക്കുക. നിക്ഷേപിക്കുന്ന നോട്ടിന്‍റെ അവസാന നാലക്കം എസ് എം എസ് ആയി അയയ്ക്കുക. ഉടന്‍ നിങ്ങള്‍ക്ക് സൈക്കിളിന്‍റെ നമ്പര്‍ ലോക്കിന്‍റെ പാസ്വേഡ് തിരിച്ചും എസ്. എം. എസ്. ആയി ലഭിക്കും. പിന്നെ ഒന്നും ചെയ്യാനില്ല. സൈക്കിള്‍ ചവിട്ടാന്‍ അറിയുമെങ്കില്‍ അതെടുത്തു ചവിട്ടുക!!! എങ്ങോട്ടാണ് പോകേണ്ടതെന്നുവച്ചാല്‍ അങ്ങോട്ട് വച്ചുപിടിക്കുക. സൈക്കിളിന്‍റെ ഉപയോഗം കഴിഞ്ഞാല്‍ പുറപ്പെട്ടിടത്തു തന്നെ തിരിച്ചുകൊണ്ടുവന്നു വയ്ക്കേണ്ടതില്ല. തൊട്ടടുത്ത എ ബി സി യുടെ ഏതെങ്കിലും റാക്കില്‍ സൈക്കിള്‍ വച്ച് സ്ഥലംവിടാം.

പോകുമ്പോള്‍ ഇത്രയുംകൂടി ചെയ്യണം. അതിരൂപിന്‍റെ നമ്പറിലേക്ക് സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്ന റാക്കിന്‍റെ നമ്പര്‍ എസ്. എം. എസ്. ചെയ്യണം. ഉടന്‍ സൈക്കിള്‍ ലോക്ക് ചെയ്യാനുള്ള കോഡ് നമ്പര്‍ എസ്. എം. എസ്. ആയി ലഭിക്കും. ആ നമ്പര്‍ ഉപയോഗിച്ച് സൈക്കിള്‍ ലോക്ക് ചെയ്യുക. ലോക്കു ചെയ്തു കഴിഞ്ഞാലുടന്‍ നിങ്ങള്‍ ഉപയോഗിച്ച സമയം, ബാലന്‍സ് തുക എന്നിവ എസ്. എം എസ്സായി ലഭിക്കും. മണിക്കൂറിനു രണ്ടു രൂപ നിരക്കിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഒരു പ്രാവശ്യം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒരു എസ്. എം. എസ് അയയ്ക്കുന്ന പണിയേ വേണ്ടൂ... സൈക്കിള്‍ റെഡി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ 'അങ്കമാലിയിലെ പ്രധാനമന്ത്രി' യോട് ചോദിച്ചപോലെ 'വട്ടാണല്ലേ' എന്നു ചോദിക്കുന്നവര്‍ കണ്ടേക്കും. ഇല്ല. ഇതൊരു വട്ടു പദ്ധതിയല്ല. വളരെ കൃത്യമായി ഈ പദ്ധതി നടന്നുകൊണ്ടിരിക്കുന്നു. നഗരത്തിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും വിദ്യാര്‍ത്ഥികളും അതിരൂപിന്‍റെ സൈക്കിളുകള്‍ ഉപയോഗിക്കുന്നു. തമ്പാനൂരില്‍ തീവണ്ടിയോ ബസ്സോ ഇറങ്ങുന്നവര്‍ ഒരു ഓട്ടോ പിടിച്ചു ജോലിസ്ഥലത്ത് എത്തുന്നതിനെക്കാള്‍ എളുപ്പത്തില്‍ ഈ സൈക്കിളുകള്‍ വഴി എത്തുന്നു. പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ ഇല്ല. പണം ലാഭം. ഇന്ധനം ലാഭം. സമയം ലാഭം. എല്ലാത്തിലുമുപരി ജിമ്മില്‍ പോകാതെ തന്നെ നല്ല ഒരു വ്യായാമവും.

കഴിഞ്ഞ ദിവസം ഞാന്‍ അതിരൂപിനെ വിളിക്കുമ്പോള്‍ അദ്ദേഹം കൊച്ചിയിലാണ്. തിരുവനന്തപുരത്തെ പ്രൊജക്റ്റ് വിജയകരമായി മുന്നോട്ടു പോകുന്നതുകൊണ്ട് കൊച്ചിയിലും ഇതാരംഭിക്കാനുള്ള ആലോചനകള്‍ക്കുവേണ്ടി എത്തിയതാണ് ഊര്‍ജ്ജസ്വലനായ ഈ ചെറുപ്പക്കാരന്‍. അമ്പതു സൈക്കിളുകള്‍ കൊച്ചിയിലേക്കായി വാങ്ങിക്കഴിഞ്ഞു. ഏപ്രില്‍ പതിനഞ്ചു മുതലാണ് അതിരൂപിന്‍റെ സ്വപ്നപദ്ധതി തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചു തുടങ്ങിയത്. മോഷണത്തിനും തട്ടിപ്പിനും ഏറെ പഴുതുകള്‍ ഉണ്ടെങ്കിലും ഇതുവരെ അത്തരം ഒരനുഭവം ഉണ്ടായിട്ടില്ലെന്ന് അതിരൂപ് പറഞ്ഞു. എന്നിരുന്നാലും സൈക്കിള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും അതിരൂപ് ഒരുക്കിയിട്ടുണ്ട്. ഈ ട്രാക്കിംഗ് ഉപയോഗിച്ച് സൈക്കിള്‍ ഏതു റൂട്ടിലൂടെ എങ്ങോട്ട് പോകുന്നു എന്നൊക്കെ അറിയാന്‍ പറ്റും. സൈക്കിള്‍ തിരിച്ചു റാക്കില്‍ വച്ചില്ലെങ്കില്‍ വൈകിട്ട് വീട്ടില്‍ ആളെത്തുമെന്നു ചുരുക്കം. അതിരൂപ് ആരാ മോന്‍? പക്ഷെ ഇതിന്‍റെയൊന്നും ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. വളരെ പോസിറ്റീവായ ഒരു സാമൂഹിക സംരംഭത്തോട് ചേര്‍ന്നുനില്ക്കുന്നു എന്ന അഭിമാനത്തോടെയാണ് പലരും സൈക്കിളുകള്‍ ചവിട്ടുന്നത്. ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു സമൂഹം തയ്യാറാണെന്നും അതിന് അവസരം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അതിരൂപ് വിശ്വസിക്കുന്നു.

കുട്ടിക്കാലം മുതലേയുള്ള സൈക്കിള്‍ പ്രേമം അതിരൂപിനെ ഇന്ത്യയില്‍ പലയിടത്തും സൈക്കിളുമായി സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം യാത്രകളുടെ വിശദമായ വിവരങ്ങളും ചിത്രങ്ങളും അതിരൂപിന്‍റെ മനോഹരവും ലളിതവുമായ വെമ്പ്സൈറ്റില്‍ ഉണ്ട്. പട്നിടോപിലെ മഞ്ഞുമലയില്‍ അതിരൂപ് സൈക്കിളുമായി നില്ക്കുന്ന ഒരു ഫോട്ടോ നെറ്റില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഞാന്‍ അദ്ദേഹത്തിന്‍റെ വെബ്സൈറ്റില്‍ എത്തുന്നത്. ആയിരം കുതിരശക്തിയുള്ള മിലിട്ടറി ട്രക്കുകള്‍പ്പോലും കിതച്ചു കിതച്ചു കയറുന്ന ചെങ്കുത്തായ പര്‍വതനിരകളില്‍ ഒരു സാധാരണ സൈക്കിളുമായി ഒറ്റയ്ക്ക് ഒരു ചെറുപ്പക്കാരന്‍ യാത്ര നടത്തുന്നത് സങ്കല്പിക്കാന്‍ തന്നെ പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ പട്നിടോപ്പില്‍ ഞാന്‍ പോയിട്ടുണ്ട്. ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലും തിരിച്ചും അവിടെവച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്. ആ മലനിരകളുടെ കൊതിപ്പിക്കുന്ന സൗന്ദര്യവും റോഡുകളുടെ ഓരങ്ങളിലെ പേടിപ്പെടുത്തുന്ന ആഴവും ഏറെനേരം നോക്കിനിന്നിട്ടുണ്ട്. ആ കൗതുകമാണ് അതിരൂപിന്‍റെ ഫോട്ടോയ്ക്കു പിറകെ പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. എത്തിപ്പെട്ടതോ സൈക്കിളുകളെ സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ വിചിത്രമായ ലോകത്തിലും.

തന്‍റെ ആശയത്തെ പേറ്റന്‍റ് രജിസ്ട്രേഷന്‍ ചെയ്യാനുള്ള ശ്രമങ്ങളും അതിരൂപ് നടത്തുന്നുണ്ട്. Cell-phone based bicycle sharing and parking using bicycle racks എന്നാണ് തന്‍റെ  പ്രൊജക്ടിനെ അതിരൂപ് വിശേഷിപ്പിക്കുന്നത്. സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ പഴഞ്ചന്മാരായി കാണരുതെന്നും പരിഹസിക്കരുതെന്നും എല്ലാവരോടും അതിരൂപ് അഭ്യര്‍ത്ഥിക്കുന്നു. പണം ഈടാക്കാതെ സൈക്കിളുകള്‍ നല്കാന്‍ കഴിയുന്ന ഒരു സംവിധാനത്തെക്കുറിച്ചാണ് ഈ ചെറുപ്പക്കാരന്‍ സ്വപ്നംകാണുന്നത്. സൈക്കിളുകള്‍ വാങ്ങുന്നതിനും അനുബന്ധ ചെലവുകള്‍ക്കുമായി സ്പോണ്‍സര്‍ഷിപ്പുകളും പരസ്യങ്ങളും വാങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. "This Eco-Frienldy Drive Sponsored by" എന്ന കാപ്ഷന്‍ ചേര്‍ത്ത് സൈക്കിളുകളില്‍ പ്രായോജകരുടെ പരസ്യം കൊടുക്കാനുള്ള സാധ്യതയും ആലോചനയിലുണ്ട്.

അതിരൂപിന്‍റെ സൈക്കിളുകള്‍ നമ്മോടു പറയുന്നത് ജീവിതത്തെ കുറേക്കൂടി ലളിതമായി കാണാന്‍ ശ്രമിക്കൂ എന്നാണ്. പെട്രോള്‍ വിലയ്ക്കെതിരെ ഹര്‍ത്താല്‍ നടത്തിയും ട്രാഫിക്ക് ജാമുകളില്‍ സ്വയം ശപിച്ചും വാഹനങ്ങളുടെ പുകപടലങ്ങളില്‍ മൂക്ക് പൊത്തിയും നാം ജീവിച്ചു കൊണ്ടേയിരിക്കുമ്പോള്‍ ഈ സൈക്കിളുകള്‍ ചിലതു പറയാന്‍ ശ്രമിക്കുന്നുണ്ട്. സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല പടിഞ്ഞാറന്‍ നാടുകളില്‍ കഴിയുന്നത്ര ആളുകള്‍ നടന്നു പോകുന്നതും സൈക്കിളുകള്‍ ചവിട്ടുന്നതും. കുറേക്കൂടി പോസിറ്റീവായ ഒരു ജീവിതരീതിയുടെ ഭാഗമാണത്. അവര്‍ക്കൊന്നും മറ്റു പണികള്‍ ഇല്ലാത്തതുകൊണ്ടല്ല വീടും പരിസരവും വൃത്തിയാക്കിവയ്ക്കുന്നത്. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാത്തതു കൊണ്ടല്ല അവ റോഡിലേക്ക് വലിച്ചെറിയാത്തത്. തിരക്കില്ലാത്തതു കൊണ്ടല്ല എല്ലായിടത്തും ക്യൂ നില്ക്കുന്നത്. അതൊക്കെ ഒരു ജീവിതരീതിയുടെ ഭാഗമായി സ്വയം പാലിക്കുന്ന ചില അച്ചടക്കങ്ങളാണ്. യൂറോപ്യന്മാരുടെ ജീവിതരീതികളില്‍ നിന്ന് നല്ലതൊന്നും സ്വീകരിക്കാതിരിക്കുകയും അവരുടെ ചീത്ത സ്വഭാവങ്ങളെ വാതോരാതെ വിമര്‍ശിക്കുകയും (അതോടൊപ്പം അതൊക്കെ അനുകരിക്കുകയും!!) ചെയ്യുന്ന ഒരു പൊതുസ്വഭാവമാണ് നമ്മളില്‍ പലര്‍ക്കുമുള്ളത്.

ഒറ്റയടിക്ക് വലിയ മാറ്റങ്ങളൊന്നും സമൂഹത്തില്‍ വരുത്താന്‍ നമുക്കു കഴിയില്ല. എന്നാല്‍ ചില കൊച്ചു കൊച്ചു പരീക്ഷണങ്ങള്‍ നടത്തിനോക്കാന്‍ കഴിയും. അതിരൂപ് അതിനു ശ്രമിക്കുന്നു. ഈ ചെറുപ്പക്കാരന്‍ നല്കുന്ന സന്ദേശം ഒരു സൈക്കിള്‍ വാങ്ങുവാന്‍ നമുക്കു പ്രേരണയാകുമെങ്കില്‍  അതാണ് ഈ പദ്ധതിയുടെ വിജയം എന്നു ഞാന്‍ വിശ്വസിക്കുന്നു. കാറോ, ബൈക്കോ പോര്‍ച്ചില്‍ ഉണ്ടെങ്കിലും ചെറിയ യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുക എന്നൊരു ശീലം നമുക്ക് വളര്‍ത്തിയെടുക്കാനായാല്‍ അതില്‍ ഒരു സന്ദേശമുണ്ട്. സമൂഹത്തോടും പ്രകൃതിയോടും എന്തിനേറെ നമ്മുടെ ശരീരത്തോടു തന്നെയും സ്നേഹം പങ്കുവയ്ക്കുന്ന ഒരു സന്ദേശം. അതിരൂപിന്‍റെ സൈക്കിളുകള്‍ നമ്മോടു പറയുന്നത് വലിയ വലിയ കാര്യങ്ങളല്ല. കൊച്ചു കൊച്ചു തിരിച്ചറിവുകളാണ്.

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
Related Posts