news-details
എഡിറ്റോറിയൽ
 
 
The measure of life is not its duration, but its donation
- Peter Marshall.
 
തിരുവനന്തപുരത്തെ ആര്‍. സി. സി.യില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ഒരു രോഗീസന്ദര്‍ശന സന്ദര്‍ഭത്തെക്കുറിച്ച് പിന്നീട് പങ്കുവയ്ക്കപ്പെട്ട സംഭവമാണ്, സന്ദര്‍ശകന്‍ കുട്ടികളുടെ വാര്‍ഡിലായിരുന്നു ചെന്നത്. എല്ലാവര്‍ക്കും ആവശ്യത്തിന് ചോക്ലേറ്റുകളും കരുതിയിരുന്നു. അദ്ദേഹം ഓരോ കുട്ടികള്‍ക്കുമായി മിഠായി കൊടുത്തു വരുന്നതിനിടയില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന ഒരു കുട്ടിക്കു സമീപമെത്തി. ഭക്ഷണക്രമീകരണവും ഭക്ഷണനിയന്ത്രണവും ഉള്ളതിനാല്‍ ആ അഞ്ചുവയസുകാരന് മിഠായി നല്‍കാന്‍ പാടില്ലായിരുന്നു. മിഠായി നല്‍കാതെ അവനെ കടന്നുപോയപ്പോള്‍ ഉടന്‍ വന്നു ആ അഞ്ചുവയസ്സുകാരന്‍റെ വിളി..."മാമാ... ഒരു മിഠായി തരുമോ, തിന്നാനല്ല ഒന്നു തൊട്ടു നോക്കാനാണ്."
***
രോഗത്തിന്‍റെ തീവ്രതകള്‍ ഏറിയും കുറഞ്ഞും ആക്രമിച്ചു തുടങ്ങുമ്പോഴും നിത്യജീവിതത്തിന്‍റെ സ്വാഭാവികമായ ഒഴുക്കിനു തടയിട്ടുകൊണ്ട് ശരീരത്തിന്‍റെ വിവിധ അവയവങ്ങള്‍ പണിമുടക്കുനടത്തുമ്പോഴും മുങ്ങിപ്പോകുന്നത് ഒരു ജീവിതം മാത്രമാകണമെന്നില്ല. ഈ വ്യക്തിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന നിരവധി മനുഷ്യരും ബന്ധങ്ങളും മേഖലകളും മരണവക്ത്രത്തിലകപ്പെട്ടുപോകാം. ഞെട്ടറ്റു പോകുമെന്ന സാഹചര്യത്തിലും പിടിച്ചുനില്‍ക്കാനും വീണ്ടും പുനര്‍നവീകരിക്കാനും ആധുനിക വൈദ്യശാസ്ത്രത്തിനാകുന്നുമെന്നത് ഈ സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് ആശ്വാസമാണ്.
 
ഉടലിന്‍റെ സാധ്യതകളെ പരമാവധി പരിഗണിക്കുന്ന, പരിരക്ഷിക്കുന്ന ഒരു കാലഘട്ടത്തില്‍ ജീവന്‍റെ നിലയ്ക്കാത്ത ഒരു പ്രവാഹമായി മാറാന്‍ നിയോഗം കിട്ടുന്ന ചില മനുഷ്യരുണ്ട്. അവയവദാനത്തിന്‍റെ ധാര്‍മ്മിക, സാമൂഹിക, സാമ്പത്തിക മാനങ്ങളെ ഇഴകീറി പരിശോധിക്കുമ്പോഴും അവയവദാതാവിന്‍റെ സാധ്യത ഒരുവേള സ്വീകര്‍ത്താവിനേക്കാള്‍ ഉയരെ അനുഭവിക്കാന്‍ പറ്റുന്ന 'ജീവന്‍ നല്‍കലി'ന്‍റെ വൈകാരിക സംതൃപ്തിയാണ്. ന്യായമായ ഒരു സംതൃപ്തിക്കും നിര്‍വൃതിക്കും കാരണം എന്‍റെ പ്രാണന്‍റെ ഭാഗമായ പലതിന്‍റെയും പാതി അപരന്‍റെ പ്രാണന് കരുത്തായും ദൈര്‍ഘ്യമായും ഞാന്‍ പകുത്തു നല്‍കുമ്പോള്‍ അനുഭവിക്കാവുന്ന വാക്കുകള്‍ക്കതീതമായ ഒരു നിര്‍വൃതി.
 
അവയവദാതാവിന്‍റെ സംതൃപ്തിക്കൊപ്പം സ്വീകര്‍ത്താവിന്‍റെ ആശ്വാസവും ആനന്ദവും ഈ സാഹചര്യങ്ങളില്‍ അതിരറ്റതാണ്. നിലച്ചുപോയ ഒരു ഘടികാരത്തിനു വീണ്ടും ജീവന്‍വച്ചു തുടങ്ങുന്നു. ജീവന്‍ പതിയെ പതിയെ സ്വാഭാവികമായ ഒരു സാഹചര്യത്തിലേക്ക് വീണ്ടും പിച്ചവച്ചു തുടങ്ങുമ്പോള്‍ ആനന്ദവും ആശ്വാസവും വിരിയുന്നത് നിരവധി മുഖങ്ങളിലാവും. 
 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇവയ്ക്കെല്ലാം ഒരു മറുവശം കൂടിയുണ്ട്. നിരുത്തരവാദിത്വപരമായ ജീവിത - ഭക്ഷണശൈലികളും രീതികളും കൊണ്ട് സ്വന്തം ശരീരത്തിന്‍റെ സ്വാഭാവിക ദൈര്‍ഘ്യത്തെ തടസ്സപ്പെടുത്തി രോഗികളാകുന്നവര്‍ മുതല്‍ ജന്മനാ സങ്കീര്‍ണമായ ചില ശാരീരിക അസ്വാഭാവികതകള്‍ മൂലം പണിമുടക്കിലാകുന്ന അവയവങ്ങള്‍ ഉള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഒപ്പം സ്വീകര്‍ത്താക്കളുടെ പ്രായം, സാഹചര്യം, പ്രാധാന്യം ഒക്കെ പരിഗണിക്കപ്പെടേണ്ടതും പഠനവിധേയമാക്കേണ്ടതുമാണ്. സ്വീകര്‍ത്താവിന്‍റെ മാനസിക സംഘര്‍ഷങ്ങളും ആശങ്കകളും അനുഭവിക്കുന്ന ശാരീരിക വേദനകളും തുടര്‍പരിചരണസംവിധാനങ്ങളുമെല്ലാം ഇതില്‍ നിര്‍ണായക ഘടകങ്ങളാണ്. ഇവയൊക്കെ ചില പഠനങ്ങളായി ഈ ലക്കം അസ്സീസിയില്‍ കാണാവുന്നതാണ്. ചില അനുഭവങ്ങള്‍ തുടര്‍ന്നുള്ള ലക്കങ്ങളിലും പങ്കുവയ്ക്കപ്പെടുന്നതാണ്.
 
അവയവദാനത്തിന്‍റെ സാമൂഹിക സാമ്പത്തിക ധാര്‍മ്മിക വശങ്ങളെ കൃത്യമായി അവലോകനം ചെയ്യുകയും അബദ്ധധാരണകളെ തിരുത്തുകയും ചെയ്യേണ്ടത് ഇന്ന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ നമ്മുടെ കേരള സമൂഹത്തിലെങ്കിലും നിലവിലെ സാഹചര്യങ്ങളില്‍ ചില തിരുത്തലുകളും കൃത്യമായ അവബോധവും ജനങ്ങളിലേക്കെത്തിക്കാന്‍ ഇനിയും ദീര്‍ഘദൂരം നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
 
ഒന്ന്, അനാവശ്യമായ അതിപ്രശസ്തി ഒരു അവയവദാതാവിന് നല്‍കുന്നത്; തീര്‍ച്ചയായും അവയവദാനം മഹത്തരമാണ്. ഒപ്പം നിങ്ങള്‍ ഒരു ജീവന്‍റെ പുനഃനിര്‍മ്മിതിയില്‍ അവിഭാജ്യഘടകമായിത്തീരുന്നു്മുണ്ട്. എങ്കിലും, അനാവശ്യമായ ചില പ്രചാരണങ്ങള്‍ അവയവദാനത്തിന്‍റെ മാഹാത്മ്യത്തെ വലുതാക്കി കാണിക്കുന്നതിനു പകരം പ്രശസ്തിക്കു മാത്രം വഴി തുറക്കുന്ന ഒന്നായി അധപ്പതിച്ചുപോകാം.
 
രണ്ട്, ഇത്രയധികം ബോധവത്കരണങ്ങള്‍ നടന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും താരതമ്യേന കുറഞ്ഞ എണ്ണം അവയവമാറ്റങ്ങള്‍ മാത്രം നടക്കുന്നത്? അവയവദാനവുമായി ബന്ധപ്പെട്ട കരിഞ്ചന്തയും കച്ചവട സംസ്കാരവും വളരുന്നത് സ്വീകര്‍ത്താക്കളുടെ എണ്ണം പെരുകുന്നതും ദാതാക്കളുടെ എണ്ണം തുലോം തുച്ഛമാകുന്നതുകൊണ്ടുമാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക നേട്ടത്തിന്‍റെ ഒരു സ്രോതസ്സായി അവയവദാനം മാറുന്നുണ്ട്.
ഇവിടെ കാലാകാലങ്ങളില്‍ മാറിമാറി വരുന്ന ഭരണ-നിയമസംവിധാനങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കും ഇതില്‍ കൃത്യമായ പങ്കുണ്ട്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തിയുടെ തുടര്‍പരിപാലനങ്ങളും ചെലവുകളും ഏറ്റെടുക്കുന്ന ഒരു സമഗ്ര ആരോഗ്യപരിരക്ഷയ്ക്കുതകുന്ന സംവിധാനങ്ങള്‍ സുതാര്യതയോടെ ജനങ്ങളിലേക്ക് എത്തിക്കുന്നത് കരിഞ്ചന്ത തടയാനും കൂടുതല്‍ രോഗികള്‍ക്ക് ആശ്വാസമേകാനും സാധിക്കും. ഒപ്പം നിലവിലെ നിയമവ്യവസ്ഥകളില്‍ അപ്രായോഗികമായതിനെ ലളിതവത്കരിക്കുകയും വേണം. 
 
ഇവയ്ക്കെല്ലാം ഉപരിയായി നമുക്കിന്നത്യാവശ്യം വേണ്ടത്, രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളാണ്. മനുഷ്യശരീരത്തിന്‍റെ സാധ്യതകള്‍ എന്നും എങ്ങനെയും ഉപയോഗിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ ഉയിരു കൊടുക്കാന്‍, ജീവന്‍റെ വക്താവാകാന്‍ അവയവദാനം കൊണ്ട് മാത്രം കാര്യമില്ല. കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാണിന്ന്. ലോകത്തില്‍ ഏറ്റവും അധികം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വാണിജ്യമേഖലയാണിന്ന് ആരോഗ്യപരിരക്ഷമേഖല. മനുഷ്യനെ കൊന്നൊടുക്കിയാലും തിന്നൊടുക്കിയാലും ലാഭം മാത്രം കാണുന്ന കണ്ണുകളില്‍ നിന്ന് മനുഷ്യന്‍റെ ആയുസ്സിനെ വലിച്ചുനീട്ടി ലാഭം കൊയ്യുന്ന വന്‍കിടക്കാരെ നാം കാണാതെ പോകരുത്. നൂറ്റൊന്നാം വയസ്സില്‍ ഏഴാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബില്യണയര്‍ റോബര്‍ട്ട് റോക്കഫെല്ലര്‍ ഒക്കെ കൃത്യമായ ഉദാഹരണങ്ങളാണ്. ഇനി നമുക്കാവശ്യം മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളല്ല, രോഗം വരാതിരിക്കാനുള്ള ജീവിതശൈലികളാണ്. സ്വന്തം സഹോദരനുവേണ്ടി സ്വജീവന്‍ ബലികഴിക്കുന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് ക്രിസ്തു പറയുമ്പോള്‍ ജീവനേകുന്ന ശൈലിക്കുടമയാകാനുള്ള വെല്ലുവിളി കൂടെയാണത്. ജീവന്‍ നിലനിര്‍ത്തുന്ന ലളിതമായ ജീവിതചര്യകളെ തിരികെ പിടിക്കുക ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.  അനാവശ്യതര്‍ക്കങ്ങളുടെയും വിലകുറഞ്ഞ 'ഭീമമായി' വാണിജ്യവത്കരിക്കപ്പെട്ട സേവനമേഖലകളില്‍ നിന്നും പിന്‍വാങ്ങി കാലഘട്ടം ആവശ്യപ്പെടുന്ന ജീവന്‍റെ ശുശ്രൂഷകരാകാന്‍ സഭയ്ക്കും സമൂഹത്തിനും കഴിയട്ടെ. അവിടെയാണുത്ഥാനത്തിന്‍റെ രഹസ്യവും ആനന്ദവും കുടികൊള്ളുക.          
 

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts