news-details
മറ്റുലേഖനങ്ങൾ

പഴയ നിയമത്തിലെ യഹോവ നിരന്തരം ഒരുതരം ദ്വിമുഖപ്രതിരോധത്തിലായിരുന്നു എന്നുപറയാം. ഒന്നാമത്തേത്, ഇസ്രായേല്‍ക്കാരുടെ അന്യദൈവ ഭ്രമത്തിനെതിരെയുള്ള പ്രതിരോധം. രണ്ടാമത്തേത്, സ്വന്തം സ്വത്വം ഇസ്രായേല്‍ വികലമാക്കുന്നതിനെതിരെയുള്ള ചെറുത്തുനില്പ്പ്. വെറുമൊരു വളര്‍ത്തുദൈവമല്ല പഴയ നിയമത്തിലെ യഹോവ എന്നതിന്‍റെ സൂചനകള്‍ ഇസ്രായേലിന്‍റെ തിരഞ്ഞെടുപ്പില്‍ത്തന്നെ വ്യക്തമാണ്. ഇസ്രായേല്‍ക്കാര്‍ക്കൊപ്പം ജീവിച്ചിരുന്ന വിജാതീയ സമൂഹങ്ങള്‍ക്കൊക്കെ സ്വന്തമായി ദൈവങ്ങളുണ്ടായിരുന്നു. എന്നാല്‍ യഹോവ ഒരു സമൂഹത്തെ സ്വന്തമാക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് യഹോവ ഇസ്രായേലിനോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്, 'നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്' എന്ന് (പുറ. 20: 1-3). ചുരുക്കത്തില്‍ മറ്റു ജനപദങ്ങള്‍ക്ക് സ്വന്തം ദൈവങ്ങളുണ്ടായിരുന്നപ്പോള്‍ യഹോവയായ ദൈവം സ്വന്തമാക്കിയ ജനമാണ് ഇസ്രായേല്‍. എന്നിരുന്നാലും യഹോവയുടെ മഹത്വം പുല്ലുതിന്നുന്ന കാളയ്ക്കു വച്ചുമാറിയ ചരിത്രമാണ് ഇസ്രായേലിന്‍റേത് (സങ്കീ. 106: 20).

ഇക്കാലത്തും ഏകദൈവവിശ്വാസം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ബഹുദൈവവിശ്വാസമല്ല. മറിച്ച് വിശ്വാസികള്‍ തങ്ങളുടെ ഇച്ഛാനുസരണം ഏകദൈവസങ്കല്പത്തെ പരുവപ്പെടുത്തുന്നതാണ്. ക്രൈസ്തവ വിശ്വാസവും ഈ പ്രലോഭനത്തിന് ഒട്ടും അതീതമല്ല. 'വിഗ്രഹങ്ങളുടെ ഒരിക്കലും പൂട്ടാത്ത ഫാക്ടറി' എന്നു ജോണ്‍ കാല്‍വിന്‍ മനുഷ്യമനസ്സിനെ വിശേഷിപ്പിച്ചു. അവിടെനിന്ന് ശരിക്കുള്ള ദൈവത്തെക്കാള്‍ ദൈവത്തിന്‍റെ കോമാളിരൂപങ്ങളെ പുറത്തുവരൂ എന്ന് അദ്ദേഹം നിരീക്ഷിച്ചു (John Calvin, The Institutes, I, Ch. XI, section VIII).

ദൈവത്തിന്‍റെ അപരിമേയതയെ  (transcendence) നിസ്സാരമാക്കുന്ന പ്രവണതയായിരിക്കണം വിശ്വാസ സമൂഹത്തിനകത്തുനിന്ന് ക്രൈസ്തവദൈവസങ്കല്പം ഇക്കാലത്ത് നേരിടുന്ന ഏറ്റവും ശക്തമായ വെല്ലുവിളി. അന്തര്‍യാമിയായ  (immanent) ദൈവസങ്കല്പത്തിന്‍റെ ഫലമാണ് 'ദൈവം നമ്മോടുകൂടെ' എന്ന അവബോധം. പക്ഷേ ഈ ബോധ്യത്തിനു അമിതമായ ഊന്നല്‍ ലഭിച്ചാല്‍ ദൈവത്തെ എനിക്ക് കൈകാര്യം ചെയ്യാനൊക്കും എന്ന നിലയുണ്ടാകും. ഫലത്തില്‍ ദൈവം ഒരുതരം വളര്‍ത്തുദൈവമായി (domesticated God) മാറുന്നു. ദൈവശാസ്ത്രത്തിലും അജപാലന രംഗത്തും ആത്മീയജീവിതത്തിലും നിരവധി ദൂഷ്യഫലങ്ങളുണ്ടാക്കാന്‍ പോരുന്നതാണ് ദൈവസങ്കല്പത്തിലെ ഈ സൂക്ഷ്മാപചയം. സര്‍വ്വശക്തനായ ദൈവം വളര്‍ത്തുദൈവമായി തരംതാഴ്ത്തപ്പെടാനിടയുള്ള ജീവിതസന്ദര്‍ഭങ്ങള്‍ നിരവധിയാണ്.

പ്രാര്‍ത്ഥന
പ്രാര്‍ത്ഥനയുടെ ഫലസിദ്ധി ഒരു അവകാശമായി കരുതുമ്പോള്‍ ദൈവത്തെ ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപാധിയാക്കുകയാണ് നാം. നിര്‍ബന്ധബുദ്ധിയുടെ നേര്‍ച്ചനേരല്‍ ദൈവത്തെ വിലയ്ക്കെടുക്കാനുള്ള ഉദ്യമം പോലെയായി മാറിപ്പോകാം. വാസ്തവത്തില്‍ ഓരോ പ്രാര്‍ത്ഥനയും ദൈവം നമ്മില്‍ പ്രവര്‍ത്തിക്കാനുള്ള ഇടമൊരുക്കലാണ്. ദൈവം പ്രവര്‍ത്തിക്കുന്നതാകട്ടെ നമ്മുടെ ആത്യന്തിക നന്മയ്ക്കുവേണ്ടിയും. വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നതും നിരന്തരം പ്രാര്‍ത്ഥിക്കുന്നതും ദൈവത്തിലുള്ള നമ്മുടെ ഇടമുറിയാത്ത ആശ്രയബോധം പ്രകടിപ്പിക്കാനാണ്. ഈ ആശ്രയബോധത്തിന്‍റെ നടുവിലാണ് എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നടക്കട്ടെയെന്ന അന്തിമപ്രാര്‍ത്ഥന ഉയിര്‍ക്കൊള്ളുന്നത്. പ്രാര്‍ത്ഥനയുടെ ഫലസിദ്ധിയെപ്പറ്റി നമുക്ക് സ്വീകരിക്കാവുന്ന ഉത്തമമായ നിലപാടെന്താണ്? "ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍..." എന്ന പ്രാര്‍ത്ഥനാശകലത്തിന്‍റെ ചൈതന്യമാണത്. ദൈവം എന്നെക്കുറിച്ച് തീരുമാനിക്കുന്നത് എന്നില്‍ പൂര്‍ത്തിയാകാന്‍ എന്നെ യോഗ്യനാക്കണമേ എന്നതാകണം പ്രാര്‍ത്ഥനയുടെ ചൈതന്യം. അല്ലാതെവന്നാല്‍ ദൈവത്തെ മെരുക്കാനുള്ള മാര്‍ഗ്ഗമായി മാറാം പ്രാര്‍ത്ഥന.

കൂദാശകള്‍
കൂദാശകള്‍ക്ക് യാന്ത്രികമായ ഫലസിദ്ധി കല്‍പ്പിക്കുമ്പോള്‍ നാം ദൈവത്തിന് ഇണക്കമുള്ള ഉപകാരിയുടെ സ്ഥാനമാണ് നല്‍കുന്നത്. ദൈവത്തിന്‍റെ കൃപയ്ക്ക് നമ്മെ യോഗ്യരാക്കുന്ന സഭയിലെ ഉപാധികാളാണ് കൂദാശകള്‍. കൃപയുടെ അടയാളങ്ങള്‍ മാത്രമല്ല, കൂദാശകള്‍ കൃപ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ കുറ്റമറ്റ കര്‍മ്മവിധികള്‍കൊണ്ട് പ്രീണിപ്പിക്കാവുന്ന ഇഷ്ടദേവനല്ല ദൈവം. കൂദാശകളില്‍ നാം ദൈവത്തെ 'കൈകാര്യം' ചെയ്യുകയല്ല, ദൈവകൃപയ്ക്ക് നമ്മെത്തന്നെ കയ്യേല്‍പ്പിക്കുകയാണ്.

ദൈവത്തിന്‍റെ പ്രതിപുരുഷസ്ഥാനം
ദൈവത്തിന്‍റെ പ്രതിപുരുഷന്മാര്‍ ലാഘവബുദ്ധ്യാ ദൈവഹിതം വ്യാഖ്യാനിക്കുമ്പോള്‍ വളര്‍ത്തുസ്ഥാനത്തേക്ക് താഴ്ത്തി നിറുത്തിയിരിക്കുന്നڔദൈവത്തിന്‍റെ ചിത്രമാണ് തെളിഞ്ഞുവരിക. ദൈവത്തിന്‍റെ നിഗൂഢമായ പദ്ധതികള്‍ക്കു നാം ലളിതവ്യാഖ്യാനങ്ങള്‍ ചമയ്ക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്.  ഉദാഹരണത്തിന്, മറ്റൊരാളുടെ മനഃസാക്ഷിയെ ശങ്കയെന്യേ വിധിക്കുമ്പോള്‍, ദുരന്തങ്ങള്‍ക്ക് ദൈവശിക്ഷയെന്ന വിശദീകരണം കൊടുക്കുമ്പോള്‍, ദൈവത്തിന്‍റെ ശാപം തലമുറകളിലേക്കായി നാം വീതംവയ്ക്കുമ്പോള്‍, സ്വന്തം മനോധര്‍മ്മമനുസരിച്ച് അത്ഭുതങ്ങളെ ഉറപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുമ്പോഴൊക്കെ ദൈവികപദ്ധതിയുടെ രഹസ്യതാളം സ്വന്തമാക്കിയെന്ന് നാം ഭാവിക്കുകയാണ്. ദൈവത്തിന്‍റെ ഉപകരണമായി നില്‍ക്കേണ്ടവര്‍ സ്വയം ദൈവമായോ ദൈവത്തിന്‍റെ സ്വന്തം ആളെന്ന മട്ടിലോ ചമയുമ്പോള്‍ വികലമാക്കപ്പെടുന്നതു ദൈവസങ്കല്പ്പമാണ്.

ആത്മന്യായീകരണങ്ങള്‍
അക്രമവും ആര്‍ഭാടവും അന്ധവിശ്വാസവും ആധിപത്യങ്ങളും ദൈവത്തിന്‍റെ പേരില്‍ നടക്കുന്നത് അസാധാരണമല്ല. സ്വന്തം കുത്സിത പ്രവൃത്തികള്‍ക്ക് ദൈവത്തെ മറയാക്കുമ്പോള്‍ ദൈവമൊരു ബലിയാടായി മാറുന്നു. അധാര്‍മ്മികതയ്ക്കു അരുനില്‍ക്കുന്ന ദൈവത്തെ പ്രതീക്ഷിക്കുന്നവര്‍ ഒരു വളര്‍ത്തുദൈവത്തെയാണ് തേടുന്നത്. മോഷണത്തിനു മുമ്പ് "ഈശ്വരാ കാക്കണേ, പട്ടിയുള്ള വീടാണ്" എന്നു പ്രാര്‍ത്ഥിക്കുന്ന കള്ളന്‍ തന്‍റെ 'ഭക്തി'കൊണ്ട് ദൈവത്തെ പൂട്ടിയിടാനുള്ള ശ്രമത്തിലാണ്. മധ്യകാലഘട്ടത്തിലെ ചിന്തയനുസരിച്ച്, ദൈവമെന്ന യാഥാര്‍ത്ഥ്യത്തെ ഒരുവന്‍ പ്രകടിപ്പിക്കുന്ന രീതിയല്ല, അവന്‍റെ ജീവിതരീതിയാണ് പ്രധാനം  (William of St. Thierry, Aenigma fidei, PL 180, 398 c).

കാതലില്ലാത്ത അഹങ്കാരമുണ്ടെങ്കിലേ ദൈവത്തെ ദൈവശാസ്ത്രത്തില്‍ തളച്ചിടാന്‍ മനുഷ്യര്‍ ശ്രമിക്കൂ. ദൈവശാസ്ത്രത്തിലെ കടുംപിടുത്തങ്ങള്‍ വിചാരലോകങ്ങളുടെ മത്സരഫലമാണ്. ദൈവശാസ്ത്രമനുസരിച്ചാണ് ദൈവം ചരിക്കുന്നത് എന്ന ധാരണ സൃഷ്ടിക്കപ്പെടുന്നിടത്ത് ദൈവത്തിന്‍റെ അപരിമേയതയ്ക്ക് തേയ്മാനം വരികയാണ്. വി. യോഹന്നാന്‍റെ സുവിശേഷത്തിലെ ആമുഖം വ്യാഖ്യാനിച്ചുകൊണ്ട് വി. ആഗസ്തീനോസ് പറഞ്ഞു: "യോഹന്നാന്‍പോലും യാഥാര്‍ത്ഥ്യം ഉള്ളതുപോലെ പറയുകയല്ല അദ്ദേഹത്തിന് സാധിച്ചിടത്തോളം പറയുകയായിരുന്നു. കാരണം അദ്ദേഹം ദൈവത്തെക്കുറിച്ചാണ് പറഞ്ഞത്; അദ്ദേഹമാകട്ടെ വെറുമൊരു മനുഷ്യനും." നമ്മുടെ ദൈവഭാഷണങ്ങളുടെയെല്ലാം പരിമിതികള്‍ വ്യക്തമാക്കിക്കൊണ്ട് ജോണ്‍ ഡമഷീന്‍ എഴുതി, 'ദൈവത്തെക്കുറിച്ച് നാം ഭാവാത്മകമായി പറയുന്നതെല്ലാം ദൈവത്തിന്‍റെ പ്രകൃതിയെക്കുറിച്ചല്ല പറയുന്നത്, ദൈവത്തിന്‍റെ പ്രകൃതിയുടെ ചുറ്റുവട്ടത്തെക്കുറിച്ചാണ്' (PG 94, 800).

അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി!
അളവിനും തൂക്കത്തിനും വഴങ്ങാത്ത രൂപകങ്ങളുപയോഗിച്ച് ദൈവത്തെ ബൈബിള്‍ വിശേഷിപ്പിക്കുന്നത് ദൈവത്തിന്‍റെ അപരിമേയതയ്ക്കുള്ള സ്തുതി എന്ന നിലയ്ക്കുകൂടിയാകണം. ഉദാഹരണത്തിന്, അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതിയെന്ന മാലാഖമാരുടെ കീര്‍ത്തനം ദൈവത്തിന്‍റെ അപരിമേയതയ്ക്കുള്ള പുകഴ്ചയാണ്. മാലാഖമാര്‍ ഇതു പാടുന്നതോ ദൈവം ഒരു ശിശുവായി പിറന്ന നിമിഷത്തിലും. എത്ര ശ്രദ്ധയോടെയാണ് പുതിയ നിയമം ദൈവത്തിന്‍റെ അപരിമേയതയെയും അന്തര്‍യാമിത്വത്തെയും വേര്‍ പെടാതെ നിറുത്തുന്നത്!

മഹാമനീഷിയായിരുന്ന വി. അഗസ്തീനോസ് ദൈവത്തിന്‍റെ അപരിമേയതയ്ക്കുമുമ്പില്‍ കീഴടങ്ങിക്കൊണ്ട് ചോദിച്ചു: "അങ്ങനെയെങ്കില്‍ ഞാനാരാധിക്കുന്ന ദൈവം എന്താണ്? എന്‍റെ ദൈവത്തെ സ്നേഹിക്കുമ്പോള്‍ ഞാനെന്തിനെയാണ് സ്നേഹിക്കുന്നത്?" (Confessions I, 4 X,6). നാമറിയണം,ڔഅഗസ്തീനോസിന്‍റെ ദൈവശാസ്ത്രചിന്തകള്‍ അവസാനിക്കുന്നത് കീര്‍ത്തനങ്ങളിലാണ്. ദൈവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിചാരങ്ങള്‍ സ്തുതിയുടെ രാഗവിസ്താരങ്ങളായി ഒടുങ്ങുന്നു (Confessions X, 34). ദൈവശാസ്ത്രം പൂര്‍ണ്ണമാകുന്നത് ദിവ്യകീര്‍ത്തനങ്ങളിലാണ്. കാരണം ചിന്തയില്‍ വസ്തുവല്‍ക്കരണം (objectification) എപ്പോഴുമുണ്ട്. സംഗീതത്തിലതില്ല. സ്വര്‍ഗ്ഗീയാനുഭവത്തെ സ്വര്‍ഗ്ഗവാസികളുടെ കീര്‍ത്തനമായി വിവരിക്കുന്നത് യാദൃച്ഛികമാണെന്നു തോന്നുന്നില്ല. കാരണം ദൈവത്തെ വസ്തുവല്‍ക്കരിക്കാത്ത ആനന്ദത്തിന്‍റെ പ്രകടനമാണ് സ്വര്‍ഗ്ഗീയ സംഗീതം.

ദൈവത്തിന്‍റെ അപരിമേയതയെ നമ്മുടെ ധ്യാനവിഷയമാക്കുന്നതിന്‍റെ അര്‍ത്ഥം ദൈവം അജ്ഞേയനാണെന്നോ പ്രാര്‍ത്ഥനയ്ക്ക് ഫലസിദ്ധി പ്രതീക്ഷിച്ചുകൂടെന്നോ അല്ല. ക്രിസ്തു ദൈവത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ തുച്ഛവിലയുള്ളതാണെന്നുമല്ല.ڔമറിച്ച് ദൈവശാസ്ത്രത്തേയും നമ്മുടെڔഭക്തിനിഷ്ഠകളേയും അതിലംഘിക്കുന്നവനാണ് ദൈവം എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ദൈവത്തിന്‍റെ അപരിമേയതയ്ക്ക് ഊന്നല്‍കൊടുത്തത് ദൈവത്തിന്‍റെ ഇമ്മാനുവേല്‍ - സ്വഭാവത്തെ ചെറുതാക്കിക്കണ്ടുകൊണ്ടല്ല. നമ്മോടുകൂടെയുള്ള ദൈവം നാമിഷ്ടംപോലെ വെട്ടിനിറുത്തുന്ന അലങ്കാരച്ചെടിക്ക് തുല്യനല്ല എന്നു പറയാന്‍വേണ്ടി മാത്രമാണ്.

'ഇമ്മാനുവേല്‍' എന്നാല്‍ പരുവപ്പെടുത്തിയെടുക്കാവുന്നത് (malleable) എന്നല്ല അര്‍ത്ഥം. പൂജരാജാക്കന്മാരുടെ കാഴ്ചകളിലൊന്ന് കുന്തിരിക്കമായിരുന്നു. മനുഷ്യനായി പിറന്ന ദൈവത്തിന്‍റെ അപരിമേയതയ്ക്കുള്ള അംഗീകാരമായിട്ടാണ് ക്രൈസ്തവ പാരമ്പര്യം ഈ കാഴ്ചയര്‍പ്പണത്തെ കാണുന്നത്. ദൈവാന്വേഷണത്തിന്  via negativa (apophatic) സ്വീകരിക്കുക വഴി പൗരസ്ത്യ സഭാപാരമ്പര്യം ദൈവത്തിന്‍റെ അപരിമേയതയ്ക്കു മുമ്പില്‍ വണങ്ങിനില്‍ക്കുന്നു. ദൈവത്തിന്‍റെ അപരിമേയതയെ ഒരിക്കലും നിസ്സാരമാക്കരുതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് നീസ്സായിലെ വി. ഗ്രിഗരി ദൈവത്തിനു കൊടുക്കുന്ന വിശേഷണം Deus semper maior (The Always Greater God) നിത്യാതിശയിയായ ദൈവം (Canticum Canticorum 8: 1941B). ഇതിനേക്കാള്‍ ഗാഢമായൊരു വിശേഷണം ദൈവത്തിനു കൊടുക്കാന്‍ കഴിയുമോ?

ദൈവത്തിന്‍റെ അപരിമേയതയെ മാനിച്ചും ദൈവത്തിന്‍റെ അന്തര്‍യാമിത്വം അംഗീകരിച്ചും ദൈവത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നത് സ്നേഹംവഴി മാത്രമാണ്. ഈ രണ്ടു ഗുണങ്ങളെയും സമതുലിതമാക്കി നിറുത്താന്‍ ദൈവശാസ്ത്രചിന്തകള്‍ക്ക് സാധിക്കുകയില്ല. വിശുദ്ധ അഗസ്തീനോസ് എഴുതി: 'സ്നേഹിക്കുന്നതുവഴി ഒരുവന്‍ ദൈവത്തെ സ്വന്തമായിട്ടറിയുന്നു; സ്വന്തം സഹോദരനെ അറിയുന്നതിനേക്കാള്‍ കൂടുതലായി. കാരണം ദൈവം നമുക്കു കൂടുതല്‍ സമീപസ്ഥനും സന്നിഹിതനും ഉറപ്പുള്ളവനുമാണ്.' പക്ഷേ ഏതു സ്നേഹത്തെക്കുറിച്ചാണ് ഈ പറയുന്നത് എന്ന സംശയം നമുക്ക് ഉണ്ടാകാം. വി. ആഗസ്തീനോസു തന്നെ ഉത്തരം പറയട്ടെ:ڔ'ദൈവം സ്നേഹമാണ്, നാം ഏത് സ്നേഹം കൊണ്ട് സ്നേഹിക്കുന്നോ അതേ സ്നേഹം തന്നെ' (St. Augustine, De Trinitate, I. VIII, c. VIII, n. 12).

എഴുതിയും പറഞ്ഞുമൊക്കെ നാം രക്ഷിച്ചെടുക്കേണ്ടതാണോ ദൈവത്തിന്‍റെ വലിപ്പവും മഹത്വവും? അല്ല. പക്ഷേ വളര്‍ത്തുദൈവസങ്കല്പം പെരുകുന്ന സമൂഹത്തില്‍ വിഗ്രഹങ്ങളുടെ എണ്ണം കൂടിവരും, ദൈവത്തിന്‍റെ പേരിലും ദൈവപുരുഷന്മാരുടെ രൂപത്തിലും. അതുകൊണ്ട് ദൈവത്തിന്‍റെ അപരിമേയതയെപ്പറ്റി നാം വ്യഥ കൊള്ളേണ്ടത് ദൈവത്തെ രക്ഷിക്കാനല്ല, വളര്‍ത്തുദൈവസങ്കല്പങ്ങളില്‍നിന്ന് നമ്മെത്തന്നെ രക്ഷിക്കാനാണ്. ഇതോടൊപ്പം ദൈവത്തെ നാം നിരന്തരം അന്വേഷിച്ചുകണ്ടെത്തി അനുഭവിക്കേണ്ടതാണ്  എന്ന അറിവും ബാക്കിയാകുന്നു. ദൈവത്തെ ഒരുവന്‍ തേടുന്നതിലും അനുഭവിക്കുന്നതിലും സ്വന്തമാക്കുന്നതിലുമുണ്ട് ദൈവത്തിന്‍റെ പങ്ക്. ഇതാണ് ദൈവത്തിന്‍റെ അപരിമേയതയുടെ വിസ്മയം. തന്നെ തേടുന്നവനോടു ദൈവം ഇങ്ങനെ പറയും എന്നാണ് വി. ആഗസ്തീനോസിന്‍റെ ഉറപ്പ്: 'ഇതിനോടകം എന്നെ കണ്ടെത്തിക്കഴിഞ്ഞിട്ടില്ലെങ്കില്‍ നീയെന്നെ അന്വേഷിക്കുമായിരുന്നില്ല.' ആഗസ്തീനോസിന്‍റെ മനസ്സ് പിന്തുടര്‍ന്നാല്‍ ഇതിന്‍റെ തുടര്‍ച്ചയായി ദൈവം പറയുന്നത് നാം നിശ്ചയമായും കേള്‍ക്കും: 'നീ എന്നെ കണ്ടെത്തിക്കഴിഞ്ഞെങ്കില്‍ ഇനിയും അന്വേഷിച്ചുകൊണ്ടുമിരിക്കും.' കണ്ടെത്തിക്കഴിഞ്ഞതിനെ പിന്നെയും തേടിക്കൊണ്ടിരിക്കുകയോ? അതെ. കണ്ടെത്തുന്നത് അന്തര്‍യാമിയായ ദൈവത്തെയാണ്; പക്ഷേ സര്‍വ്വാതിശയിയായ ദൈവം ഒരു അന്വേഷണത്തിലും അവസാനിക്കുന്നില്ല. അതായത് നമ്മുടെ ദൈവം ഒരിക്കലും നമ്മുടെ പോക്കറ്റിലോ ലോക്കറ്റിലോ ദേവാലയങ്ങളിലോ ഒതുങ്ങുന്ന ഒരു വിഗ്രഹമായിരിക്കുകയില്ല. 

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts