news-details
സഞ്ചാരിയുടെ നാൾ വഴി

ഒരു ചെറുതോണിയില്‍ നിറയെ പുസ്തകച്ചുരുളുകളുമായി മറുകരകടക്കാനുള്ള ശ്രമത്തിലായിരുന്നു വയോധികനായ ആ ബുദ്ധഭിക്ഷു. തോണി വലിയ കാറ്റിലും ചുഴിയിലുംപെട്ട് നട്ടം തിരിഞ്ഞു. പുസ്തകഭാരത്തെ പുഴയ്ക്കു കൊടുത്ത് പ്രാണന്‍ രക്ഷിക്കാനായിരുന്നു തോണിക്കാരന്‍റെ സരളമായ തീരുമാനം. ഭിക്ഷു പറഞ്ഞു അതു വേണ്ട, എന്‍റെ ജീവന്‍ അത്ര പ്രധാനപ്പെട്ടതല്ല. ഈ ചുരുളുകളാകട്ടെ നമുക്കറിയാത്ത ഏതോ കാലത്തുനിന്ന് നമ്മളെ തേടി വന്ന സഞ്ചിതജ്ഞാനം. അതു നിലനില്ക്കേണ്ടതുണ്ട്. പിന്നെ ശാന്തനായി പുഴയുടെ ശാഠ്യത്തിലേക്ക് ഇറങ്ങിപ്പോയി. പുസ്തകങ്ങളുടെ ചരിത്രത്തില്‍ അങ്ങനെയും ഒരു കഥയുണ്ട്.

സന്ന്യസാശ്രമങ്ങളായിരുന്നു ഏറ്റവും നല്ല ഗ്രന്ഥപ്പുരകളെ ഒരു കാലത്ത് നിലനിര്‍ത്തിയിരുന്നത്. പൊതുവേ ദരിദ്രമായിരുന്നു അവരുടെ ജീവിതരീതി. ഒരു കോപ്പ കഞ്ഞി, കിടന്നുറങ്ങാന്‍ ഒരു മരപ്പാളി. തീര്‍ന്നു അവരുടെ ആവശ്യങ്ങള്‍. എന്നിട്ടും കിട്ടാവുന്ന നല്ല പുസ്തകങ്ങളൊക്കെ അവര്‍ കഷ്ടപ്പെട്ടു ശേഖരിച്ചു. പുസ്തകം വാങ്ങാന്‍ പണമില്ലാതെ പോകുമ്പോള്‍ അതിനെ പകര്‍ത്തിയെടുക്കുക എന്ന ശ്രമകരമായ കര്‍മ്മത്തിലേര്‍പ്പെട്ടു. ചിലപ്പോഴെങ്കിലും ഈ സാധുമനുഷ്യര്‍ക്ക് ശത്രുക്കളുമുണ്ടായി. അവരാകട്ടെ, പക വീട്ടാന്‍ ഏറ്റവും നല്ല മാര്‍ഗം ഈ ഗ്രന്ഥപ്പുരകള്‍ക്ക് തീ കൊളുത്തുകയാണെന്ന് വിചാരിച്ചു. അപ്പോഴാണ് ആ പാവം മനുഷ്യര്‍ ശരിക്കും തളര്‍ന്നുപോയത്.

എന്തിനാണ് ഈ പുസ്തകങ്ങളുടെ ആഡംബരം എന്നായിരുന്നു അവരുടെ കാലം അവരെ വിമര്‍ശിച്ചത്. അതിന് മരുഭൂമിയിലെ ഒരു പിതാവ് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ഈ പുസ്തകങ്ങളുടെ ആഡംബരം ഞങ്ങള്‍ സ്വയം അനുവദിച്ചതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെ നിഷ്കളങ്കരും നിസ്സാരരുമായി വ്യാപരിക്കാനാവുന്നതെന്ന് മറക്കരുത്. പുസ്തകങ്ങളുടെ ആ ചെറിയ സൗഭാഗ്യമില്ലാത്തതുകൊണ്ടാണ് നമ്മുടെ കാലത്തില്‍ പലരുമിപ്പോള്‍ ആഡംബരങ്ങളുടെ പൊയ്ക്കാലില്‍ ഇങ്ങനെ അഭിരമിക്കുന്നത്. ഇത്രേയുള്ളു ജീവിതമെന്നും ഇങ്ങനെ ആകാമായിരുന്നു ജീവിതമെന്നും ഒരാളും അവരോടു മന്ത്രിച്ചില്ലത്രെ.

എത്ര പ്രകാശമുള്ള ഓര്‍മ്മപ്പെടുത്തലാണ് അവിടുത്തേത്, മനുഷ്യര്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് വാക്കുകൊണ്ടു കൂടിയാണ്. ചില കാലങ്ങളില്‍ പട്ടിണി കിടക്കാന്‍ നിങ്ങളുടെ മതം നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. വെറുതെ പട്ടിണി കിടന്നിട്ട് കാര്യമില്ലെന്ന് ഓര്‍മ്മിപ്പിക്കാനാണ് ക്രിസ്തു ആഗ്രഹിച്ചത്. എന്തെങ്കിലും ഒരാള്‍ ആഹരിക്കേണ്ടേ? അതു വാക്കാണ്. അതൊക്കെയാണ് ശരിക്കുള്ള ഉപവാസം. വാക്ക് അപ്പത്തിനു പകരമൊന്നുമല്ല. മറിച്ച് എല്ലാ വിശപ്പും അപ്പമര്‍ഹിക്കുന്നില്ല എന്ന മട്ടില്‍ സാത്വികമായ ഒരു നിലനില്‍പ്പ് നിങ്ങള്‍ക്ക് സമ്മാനിക്കുന്നുണ്ട്.

ഒരായുസ്സില്‍ അസാധാരണമായ വിധത്തില്‍ ഭാവാത്മകമായി ജീവിക്കാന്‍ ശ്രമിച്ച ഒരാളുടെ കണ്ടെത്തലുകള്‍ ഒരു ചെറിയ പുസ്തകത്തിലേക്കു സംഗ്രഹിച്ചു ലഭിക്കുന്നതിനേക്കാള്‍ ഭേദപ്പെട്ട മറ്റെന്തു മൂലധനമുണ്ട് വാഴ് വില്‍. ആ പുസ്തകം തൊടുമ്പോള്‍ ഒരു ഹൃദയത്തെ തൊടുന്നു എന്നൊക്കെ വെറുതെ കവിത പറയുകയല്ല. നോക്കൂ, അതില്‍ സത്യമായും അയാളുടെ ഹൃദയം സ്പന്ദിക്കുന്നുണ്ട്. ആകാശം കടന്നുപോകുമ്പോള്‍ ഭൂമിയും കടന്നുപോകുന്നു. നിലനില്‍ക്കുന്നത് ദൈവത്തിന്‍റെ അധരങ്ങളില്‍നിന്ന് മൊഴിഞ്ഞ വാക്കു മാത്രമാണെന്ന് ചെറുതോ വലുതോ ആയ അളവുകളില്‍ ഈ പുസ്തകങ്ങള്‍ക്കും ബാധകമായ നിയമമാണ്. അയാള്‍ അലഞ്ഞ ജീവിതം, അയാള്‍ തട്ടിവീണ കടമ്പകള്‍, അയാള്‍ അണയാതെ സൂക്ഷിച്ച ചെറിയ ചിരാത് ഒക്കെ ആ അക്ഷരങ്ങളിലൂടെ ഡീക്കോഡ് ചെയ്യപ്പെടുകയാണ്.

എഴുത്തുകാരന്‍റെ മൗലികമായ ക്ലേശങ്ങളെക്കുറിച്ചു മാത്രമേ നമുക്കിപ്പോഴും ധാരണയുള്ളു. അയാളുടെ കായികമായ ക്ലേശങ്ങള്‍, മിക്കവാറും ദരിദ്രമായ ജീവിതം അനുഭവിച്ച പരിഹാസം ഒക്കെ അനുവാചകന്‍ കാണാതെ പോകരുത്. താജ്മഹല്‍ നിര്‍മ്മിക്കാനായി ഷാജഹാന്‍ എടുത്ത അത്രയും വര്‍ഷങ്ങള്‍ ശബ്ദതാരാവലി രൂപപ്പെടുത്താന്‍ ശ്രീകണ്ഠന്‍നായര്‍ എടുത്തുവത്രേ. നമ്മുടേതു കണക്കൊരു നാട്ടില്‍ ഒരാള്‍ 20 വര്‍ഷം പണിക്കുപോകാതെയിരിക്കുക. താളിയോലകളുടെ ആ കാലമോര്‍മ്മിക്കുക. എഴുത്താണികൊണ്ട് ഒരക്ഷരം കോറുന്നതുപോലും എത്ര ശ്രമകരമാണെന്ന് നിരീക്ഷിച്ച് അറിയാവുന്നതാണ്. എന്നിട്ടും എത്ര കവികള്‍ - അവരെഴുതി തീര്‍ത്ത എണ്ണിത്തീര്‍ക്കാനാവാത്ത താളിയോലഗ്രന്ഥങ്ങള്‍. നമസ്ക്കരിക്കണം സാര്‍.അന്തിമവിധിയില്‍ ദൈവത്തോടൊപ്പം പുസ്തകങ്ങളും നമുക്കു മീതെ തീര്‍പ്പുകല്പിക്കുമെന്ന പുതിയ നിയമ സൂചനയുണ്ട്. വെളിപാട് ഇരുപതാമദ്ധ്യായത്തിലാണത്. മരിച്ചവരെല്ലാം -വലിയവരും ചെറിയവരും- സിംഹാസനങ്ങളില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു. അതു ജീവന്‍റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്ക് അനുസൃതമായി മരിച്ചവര്‍ വിധിക്കപ്പെട്ടു. ജീവന്‍റെ ഗ്രന്ഥം വേദപുസ്തകമെന്നുതന്നെ കരുതുക. അപ്പോള്‍ മറ്റു ഗ്രന്ഥങ്ങളുടെ സൂചനയെന്താണ്. വേദത്തിലെന്നപോലെ വെളിച്ചത്തെ പ്രസരിപ്പിക്കുന്ന ഉത്തമസൃഷ്ടികളായിരിക്കുമോ അവ. അവ പ്രകാശിപ്പിക്കുവാന്‍ ശ്രമിച്ച ആന്തരിക ലോകത്തില്‍ അമ്പേ തോറ്റുപോയതുകൊണ്ടാണോ നമുക്കീ നിത്യ ശിക്ഷ. വാക്കിനു ശേഷം വെളിച്ചമുണ്ടായെന്നാണ് ഉല്പത്തിപുസ്തകത്തിന്‍റെ സാക്ഷ്യം. ഏതൊരു വാക്കിനു ശേഷവും അങ്ങനെതന്നെയാവണമെന്നാണ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഉയര്‍ത്താവുന്ന കൂട്ട പ്രാര്‍ത്ഥന.

ഭക്ഷിക്കുക എന്നൊരു പദമാണ് വായനക്കായി ബൈബിള്‍ മാറ്റിവച്ചിട്ടുള്ളത്. മനുഷ്യപുത്രാ, ഈ ചുരുളുകള്‍ ഭക്ഷിക്കുക എന്നാണ് ഓരോ പുസ്തകത്തിനുള്ളില്‍നിന്നും ആരോ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നത്. ചിലത് തേന്‍പോലെ മധുരിക്കുന്നു. ചിലത് അധരത്തില്‍ മധുരിക്കുകയും ഉദരത്തില്‍ കയ്ക്കുകയും ചെയ്യുന്നു. വര്‍ത്തമാനകാല പുസ്തകങ്ങള്‍ മിക്കവാറും രണ്ടാമത്തെ സാധ്യതയോടാണ് ചേര്‍ന്നു നില്‍ക്കുന്നത്. നോക്കിനില്ക്കെ നമ്മള്‍ ഭക്ഷിച്ചത് നമ്മളായിത്തീരുന്നുമുണ്ട്. ബിയറു കുടിക്കുമ്പോള്‍ ബിയറു നമ്മളെയും കുടിക്കുന്നുവെന്ന ഷെല്‍വിയുടെ കവിതപോലെ, അങ്ങോട്ടുമിങ്ങോട്ടും ചില രാസപരിണാമങ്ങള്‍ നടക്കുന്നുണ്ട്. ചുരുളുകള്‍ അഴിയുമ്പോള്‍ പ്രകാശം പരക്കുന്നുവെന്നതാണ് വാക്കിനുള്ള വേദപുസ്തകത്തിന്‍റെ വാഴ്ത്ത്. അതങ്ങനെ ആയിരിക്കണമെന്ന് ഒരെഴുത്തുകാരന്‍ ആഗ്രഹിച്ചുതുടങ്ങുമ്പോള്‍ എഴുത്തും വായനയുമാകും മറ്റൊരു സമാന്തരസുവിശേഷം.

എല്ലാ പുസ്തകങ്ങളും ലോകത്തെ മാറ്റിമറിക്കുന്നതാവണമെന്നൊന്നുമില്ല. ഹാരിയത് ബീച്ചര്‍ സ്റ്റോവ് എഴുതിയ അങ്കിള്‍ ടോംസ് ക്യാബിന്‍ എന്ന പുസ്തകമാണ് അടിമത്തത്തിനെതിരെ നില്ക്കുവാന്‍ ലിങ്കണെയും അദ്ദേഹത്തിന്‍റെ കാലത്തെയും സഹായിച്ചത്. കാട്ടുകടന്നല്‍ എന്ന ലിലിയാന്‍ വോയനിച്ചിന്‍റെ പുസ്തകം റഷ്യന്‍ വിപ്ളവത്തിന്‍റെ കാറ്റലിസ്റ്റായി മാറി. രണ്ടുപേരും സ്ത്രീയെഴുത്തുകാരാണെന്നുള്ള സന്തോഷമുള്ള സദൃശ്യതയുണ്ട്. കുറെക്കൂടി സ്വാതന്ത്ര്യത്തിലേക്കും സമഭാവനയിലേക്കും ഉറ്റുനോക്കുന്ന എന്തോ ചില പ്രേരണകള്‍ എല്ലാ പുസ്തകത്തിലുമുണ്ട്. ആ അര്‍ത്ഥത്തില്‍ ഒരു പുസ്തകം അപ്രസക്തമല്ല.

എല്ലാ പുസ്തകവും ഈ ആദര്‍ശത്തേടു ചേര്‍ന്നു നില്‍ക്കുന്നുവെന്ന തെറ്റിദ്ധാരണയുമില്ല. എന്തൊക്കെ പരിണാമങ്ങള്‍ വായനയിലുണ്ടായാലും അതു മീഡിയത്തിന്‍റെ മാത്രം കാര്യമാണെന്നും അതിന്‍റെ ആത്മാവിന് രണ്ടേ രണ്ടു സാധ്യതകളേയുള്ളുവെന്നും ഏതൊരു വായനക്കാരനുമിപ്പോള്‍ തിരിച്ചറിയാവുന്നതാണ്. പാപ്പിറസിലായിരുന്നു പുസ്തകത്തിന്‍റെ ആരംഭം. പിന്നെ മുളക്കീറുകള്‍, മുള, കടലാസ് ഇപ്പോള്‍ ഇ-ബുക്ക്. അതെന്തുമാകട്ടെ വെളിച്ചത്തിലേക്കു പ്രേരണയാകുന്നതും വെളിച്ചം കെടുത്തുന്നതും രണ്ടേ രണ്ടു സാധ്യതകള്‍. ഈയം കൊണ്ടുള്ള അത്ഭുതമെന്ന് ആനന്ദ് പുസ്തകത്തെ വിശേഷിപ്പിച്ചതോര്‍ക്കുന്നു. അച്ചു നിരത്തേണ്ട അക്ഷരങ്ങള്‍ ഏതാനും വര്‍ഷം മുന്‍പുവരെ അതുകൊണ്ടാണല്ലോ ഉണ്ടാക്കിയിരിക്കുന്നത്. ഇതേ ഈയക്കട്ടതന്നെയാണ് പിസ്റ്റളുകളുടെ വെടിയുണ്ടയായി ഉപയോഗിക്കുന്നതെന്ന് ഓര്‍ക്കുമ്പാള്‍ ചെറുതല്ലാത്ത ഒരു ഭയം വരുന്നില്ലേ? വിമലീകരിക്കുന്ന പുസ്തകങ്ങളാണ് ഭൂമിയില്‍ ഏറെയുമെന്നു തോന്നുന്നു. ബൈബിളിനുശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പട്ടിട്ടുള്ള ക്രിസ്ത്വാനുകരണ പുസ്തകമായിരുന്നു അന്യായമായ ഒരു തടവുകാലത്ത് തന്നെ തകരാതെ സഹായിച്ചതെന്ന് അടുത്തയിടെയാണ് ഒരാള്‍ എന്നോടു പറഞ്ഞത്. കസന്‍ദ്സാക്കീസിന്‍റെ സെന്‍റ് ഫ്രാന്‍സിസ് വായിച്ചിട്ട് ദിവസങ്ങളോളം താന്‍ വാവിട്ടു കരയുകയായിരുന്നെന്ന് കവിതയെഴുതുന്ന മറ്റൊരു ചങ്ങാതി. നരജന്മത്തെ 180ഡിഗ്രി തിരിച്ചുവിടുകയെന്ന കര്‍മ്മത്തിലാണ് പുസ്തകങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ബൈബിളല്ല, ദെസ്തേവ്സ്ക്കിയുടെ പുസ്തകങ്ങളാണ് തന്നെ ക്രിസ്തുവിനോട് ചേര്‍ത്തു നിര്‍ത്തിയതെന്ന് തോമസ് മര്‍ട്ടന്‍റെ  സാക്ഷ്യം.

ഉവ്വ്, വിദ്വേഷത്തിന്‍റെ വിത്തുകളും പുസ്തകങ്ങള്‍ വിതയ്ക്കുന്നുണ്ട്. കമ്മ്യു 'പ്ലേഗി'ല്‍ രേഖപ്പെടുത്തിയതുപോലെ: പ്ലേഗിപ്പോള്‍ നിയന്ത്രണത്തിലാണ്, പക്ഷേ അതുകൊണ്ടു കാര്യമില്ല. ഇത്തരം കാര്യങ്ങളുടെ അണുക്കള്‍ പലയിടത്തായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ബുക്ക് ഷെല്‍ഫുകളുമുണ്ട്!  ചില പുസ്തകങ്ങളെ ഓര്‍ത്താല്‍ കാര്യങ്ങള്‍ വളരെ വ്യക്തമാകും. പ്രേട്ടോക്കോള്‍ എന്നൊരു വ്യാജപുസ്തകമുണ്ടായി. യഹൂദര്‍ക്ക് ചില ഗൂഢനീക്കങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്ന മട്ടില്‍ ചമച്ച ആ പുസ്തകം അക്കാലത്തിന്‍റെ ജൂതവിരോധത്തെ ആക്സലറേറ്റു ചെയ്തു. ഒരിക്കല്‍ നിരോധിക്കപ്പെടുകയും പിന്നീട് പുസ്തകശാലകളില്‍ സജീവമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഹിറ്റ്ലറുടെ ആത്മകഥ - മേയിന്‍ കാഫ്, ചെയ്തുകൊണ്ടിരിക്കുന്ന അപകടവുമോര്‍മ്മിക്കുക.

ഒരു പുസ്തകം നിലനില്‍ക്കേണ്ടതെങ്ങനെയാണെന്ന് നിര്‍ണ്ണയിക്കേണ്ടത് ചില കാര്യങ്ങളെ ഒന്നു പരിശോധിച്ചിട്ടാണ്. മലയാളത്തിലെ ഒരു പഴയ പുസ്തകം നല്ല ക്രാഫ്റ്റായി അനുഭവപ്പെടുന്നു. പോഞ്ഞിക്കര റാഫിയുടേതാണ്. 1958-ല്‍ എഴുതിയതാണ്. അതിനും കുറച്ചേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് 6 വര്‍ഷമെടുത്താണ് സ്വര്‍ഗദൂതനെന്ന ആ കൃതി കൂലിപ്പണിക്കാരനായ അയാള്‍ തയ്യാറാക്കിയത്. ആ കൈയെഴുത്തു പ്രതിയുമായി കൊച്ചിയില്‍നിന്ന് കോട്ടയത്തേക്കു ബോട്ടില്‍ പോകുമ്പോള്‍ വേമ്പനാട്ടു കായലില്‍വച്ച് അതു കൈവിട്ടുപോയി. ഏതൊരാളുടെയും മനസ്സു മടുപ്പിക്കാവുന്ന  ഒന്നാണത്. എന്നാല്‍ റാഫി വീണ്ടും എഴുത്താരംഭിച്ചു. പൂര്‍ത്തിയാക്കി. ആ പുസ്തകത്തെ മൂന്നു ഭാഗങ്ങളിലായിട്ടാണ് എഴുത്തുകാരന്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തേത് പറുദീസാ പര്‍വ്വം, പിന്നെ പ്രളയ പര്‍വ്വം, ഒടുവില്‍ പെട്ടക പര്‍വ്വം. അവനവന്‍റെതന്നെ കളഞ്ഞുപോയ നന്മകളെ ഓര്‍മ്മിപ്പിച്ച് ഉള്ളിലെ നോസ്റ്റാള്‍ജിയാ ഉണര്‍ത്തുകയാണ് നല്ലൊരു പുസ്തകത്തിന്‍റെ ആദ്യത്തെ ധര്‍മ്മമെന്നു തോന്നുന്നു. ഒരു തരം വീണ്ടും പിറവിയിലേക്കുള്ള ക്ഷണം. ദെസ്തേവ്സ്ക്കിയുടെ ഒരു കഥാപാത്രം വിലപിക്കുന്നതുപോല: ഹോമോപിച്ച്, എനിക്കുമുണ്ടായിരുന്നു ഒരു ബാല്യം.  പൂമ്പാറ്റകളെയും പൂക്കളെയും തിരഞ്ഞ ഒന്ന്. അടുത്തത് മനുഷ്യന്‍റെ സങ്കടങ്ങളുടെയും പോരാട്ടങ്ങളുടെയും ഓര്‍മ്മപ്പെടുത്തലാണ് - പ്രളയം. സുരക്ഷിതമെന്നു കരുതുന്ന ജീവിതത്തിന്‍റെ യാനപാത്രങ്ങളെ  കാത്തിരിക്കുന്ന ദുരന്തങ്ങളെത്ര. ഒരു പ്രാപഞ്ചികാത്മാവ് ഉള്ളില്‍ പേറുന്നതുകൊണ്ട് ഏതു ദേശത്തിന്‍റെയും ഏതു കാലത്തിന്‍റെയും സങ്കടങ്ങള്‍ നിങ്ങളുടെയും കണ്ണു നനയ്ക്കും. അങ്ങനെയാണ് മാനവരാശി എന്നൊരു സങ്കല്പത്തില്‍ നിങ്ങള്‍ക്ക് അഗാധമായ വിശ്വാസമുണ്ടാകുന്നത്. ഒടുവില്‍ പെട്ടകമാണ്. ഏതൊരു പ്രളയത്തിനുമപ്പുറം ആശിക്കാനും ജീവിക്കാനും  ഇനിയും കാരണങ്ങളുണ്ട്. ഒന്നും അതിന്‍റെ അവസാനമല്ല. എല്ലാം ഇനിയും ആരംഭിക്കും. ഇനിയും നിലനില്‍ക്കും. അനന്യമായ പ്രത്യാശയുടെ മഴവില്ലിലേക്ക് ചൂണ്ടുവിരലാകുന്നുണ്ട് ഭൂമിയിലെ ഏതൊരു നല്ല പുസ്തകവും. അതങ്ങനെയല്ലെങ്കില്‍ യൗദ്ദോഷാമിന് സംഭവിച്ചതുപോലെ എപ്പോഴെങ്കിലും എഴുത്തുകാരന്‍ കുറ്റബോധത്തിലേക്ക് വലിച്ചെറിയപ്പെടും. ഒരു പുസ്തകശാലയില്‍ നില്‍ക്കുമ്പോള്‍ അയാളുടെ സാന്നിധ്യമറിയാതെ അയാളുടെ പുസ്തകത്തെക്കുറിച്ച്  സംസാരിച്ചുകൊണ്ടിരുന്ന ഒരു പുരുഷനെയും ഒരു സ്ത്രീയേയും അയാള്‍ ശ്രദ്ധിച്ചു. അയാളുടെ പുസ്തകം വാങ്ങണമെന്ന് ശഠിച്ച സ്ത്രീയോട് പുരുഷന്‍ പറഞ്ഞു: അതില്‍ ജീവിക്കാനുള്ള ഒരു പ്രേരണയുമില്ല. ചെറിയൊരു മിന്നലില്‍ എഴുത്തുകാരന്‍ കരിഞ്ഞുപോയി. വലിയൊരു തുക റോയല്‍റ്റിയായി കിട്ടിയത് പോക്കറ്റിലുണ്ടായിരുന്നു. പുറത്തുകടന്ന് ഒരു പുഴയിലേക്ക് ലഭിച്ച റൂബിളുകളെ പ്രതീകാത്മകമായിട്ട് ഒഴുക്കിവിട്ടു. ജീവിക്കാനുള്ള പ്രേരണ തരാത്ത ഒന്നിനും ഒരു പുസ്തകഷെല്‍ഫില്‍ ഇടമുണ്ടാകരുത്.

നോക്കൂ, പുസ്തകങ്ങള്‍ അതില്‍ത്തന്നെ ഒരു ലക്ഷ്യമല്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ തന്‍റെ വായനയെ ചുരുക്കണമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്. പുതിയ നിയമവും പഴയനിയമവും തമ്മിലുള്ള സാരമായ വ്യത്യാസമിതാണ്. പഴയനിയമം വാക്കിന്‍റെ തടവറയില്‍ മനുഷ്യനെ കുരുക്കിയപ്പോള്‍ പുതിയനിയമം വാക്കുകൊണ്ട് ആകാശം കാണിച്ച്  പുസ്തകങ്ങള്‍ക്കുമപ്പുറത്തേക്ക് മനുഷ്യനെ നയിക്കുവാന്‍ പ്രേരണ നല്കി. മനുഷ്യരാണ്  വായിക്കേണ്ട നല്ല പുസ്തകങ്ങളെന്ന് ക്രിസ്തു വിചാരിച്ചിട്ടുണ്ടാകും. പുസ്തകങ്ങള്‍ ഒടുവില്‍ എത്തിക്കേണ്ടത് മനുഷ്യനെന്ന മഹാ ഗ്രന്ഥത്തെ വായിക്കുവാനുള്ള വെളിച്ചത്തിലേക്കാണ്.  അല്ലെങ്കിലെന്തിനാണ് ഈ പുസ്തകപ്പുരകള്‍? ലാവോത്സുവില്‍ സംഭവിച്ചതുപോലെ. ചേ രാജവംശത്തിന്‍റെ ഗ്രന്ഥപ്പുരയുടെ സൂക്ഷിപ്പുകാരനായിരുന്നു അയാള്‍. എന്നിട്ടും താന്‍ വായിക്കുകയും കാവലിരിക്കുകയും ചെയ്ത പുസ്തകങ്ങളായിരുന്നില്ല അയാളെ പ്രകാശിപ്പിച്ചത്, മറിച്ച് ധ്യാനത്തിലിരിക്കുമ്പോള്‍ അടര്‍ന്നു വീഴുന്ന ഒരില കണ്ടിട്ടാണ് അയാള്‍ക്ക് ബോധോദയമുണ്ടായത്.      

You can share this post!

ആലാത്ത്

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts