news-details
കവർ സ്റ്റോറി

ലൈംഗികതയും കപടസദാചാരവും

ഒരു സമൂഹത്തിന്‍റെ ലൈംഗിക പൊതുബോധത്തെയാണല്ലോ സദാചാരം എന്ന വാക്കുകൊണ്ട് നമ്മള്‍ അര്‍ത്ഥമാക്കുന്നത്. സ്ത്രീ-പുരുഷ ശരീരങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ വിവേചനങ്ങളെല്ലാം. സ്ത്രീശരീരം പുരുഷന് പ്രലോഭനഹേതുവാണ്. പുരുഷന്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തവനാണ്. അതുകൊണ്ട് അവനെ സ്ത്രീ പ്രലോഭിപ്പിക്കരുത്.  നോക്കുകൊണ്ടോ, വാക്കുകൊണ്ടോ, ചലനംകൊണ്ടോ, വസ്ത്രരീതികൊണ്ടോ അവനിലെ കാമവികാരത്തെ ഉണര്‍ത്തരുത്.  അതിന് അവള്‍ ശരീരം പരമാവധി, തലയടക്കം ഒട്ടും ആകര്‍ഷണം തോന്നാത്തവിധം മറച്ചിരിക്കണം.  കഴിയുമെങ്കില്‍ കണ്ണുകൂടി മൂടണം.  ഇതായിരുന്നു പൊതുവേ ലോകചരിത്രം സ്ത്രീയുടെ ഉടലിനോട് കാണിച്ചുകൊണ്ടിരുന്നത്.  ഇപ്പോഴും കാണിക്കുന്നതും.  സ്ത്രീശരീരം ഏതോ മധുരനാരങ്ങ പൊളിച്ചു തിന്നുംപോലെ, ആപ്പിള്‍ കടിച്ചു തിന്നുംപോലെ തിന്നാനുള്ള സ്വാദിഷ്ടമായ ഒരു ഭക്ഷണ സാധനം എന്നാണ് പൊതുധാരണ.  സ്ത്രീയുടെ സൗന്ദര്യബോധമെന്നു പറയുന്നതുതന്നെ പുരുഷനു സ്ത്രീശരീരത്തോട് ആകര്‍ഷണം തോന്നുന്ന പാകത്തില്‍ സ്ത്രീ സ്വന്തം ശരീരത്തെ പരുവപ്പെടുത്തലാണ്. ഇതുരണ്ടും തമ്മിലാണ് വൈരുദ്ധ്യം. ഒരേ സമയം സ്ത്രീ ഈ രണ്ടു റോളുകളും പുരുഷനുവേണ്ടി അഭിനയിക്കണം.  ഒന്ന,് അവള്‍ പുരുഷന് കാമമുണര്‍ത്താന്‍ പാകത്തില്‍ ശരീരംകൊണ്ടും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും കാമാതുര(പ്രണയാതുര)യായിരിക്കണം.  അതോടൊപ്പംതന്നെ, തന്നെ അവകാശപ്പെട്ട പുരുഷന്‍റെ മുന്നില്‍ മാത്രമേ അങ്ങനെയാകാന്‍ പാടുള്ളൂ എന്ന അലിഖിതനിയമം പാലിക്കുകയും വേണം. ഭര്‍ത്താവല്ലാത്ത മറ്റു പുരുഷന്മാരുടെ മുന്നില്‍ സ്ത്രീ കാമപ്രചോദനമാകുന്നതും തന്‍റെ ഉടമസ്ഥനായ പുരുഷന്‍റെ മുന്നില്‍ കാമപ്രചോദനമാകാതിരിക്കുന്നതും പാപം ആകുന്നു എന്ന ലൈംഗികരീതിയാണ് സ്ത്രീയ്ക്കു പാലിക്കപ്പെടാനുള്ളത്. ഈ പുരുഷാധിപത്യ മൂല്യവ്യവസ്ഥയുടെ നിയമം നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ഇന്നത്തെ സദാചാരപോലീസിംഗ് എന്നുപറയുന്നത്. എല്ലാകാലത്തും ഇങ്ങനെതന്നെയാണ് സദാചാരം.  സ്ത്രീയ്ക്കു നേരെ പുരുഷലോകം എപ്പോഴും ഇരട്ടത്താപ്പ് പ്രയോഗിച്ചിരുന്നു.

കേരളം വളരെ വ്യത്യസ്തമായ രണ്ടു പാരമ്പര്യങ്ങളുടെ സങ്കരസംസ്കാരഭൂമിയാണ്. ഒന്ന,് ഇവിടെ നിലനിന്നിരുന്ന മരുമക്കത്തായം അതായത് അമ്മ വഴി അധികാരങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന അവസ്ഥ. അവിടെ സ്ത്രീയ്ക്ക് സ്വത്തിന്‍റെ ക്രയവിക്രയത്തിനും അവകാശമുള്ളതുപോലെ സ്വന്തം ശരീരത്തിന്‍റെ ഭാഗധേയത്തിലും അധികാരമുണ്ടായിരുന്നു. പെണ്‍മലയാളം എന്നു നാം അതിനെ പിന്നീട് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.  മറ്റൊന്ന് പിതൃദായക്രമമാണ്. ലോകത്തിലെ ഏറ്റവും പ്രബലമായ പുരുഷാധിപത്യസംസ്കാരത്തിന്‍റെ പാരമ്പര്യം. അവിടെ പുരുഷനാണ് സ്വത്തിന്‍റെയും സ്ത്രീയുടെയും ക്രയവിക്രയ അധികാരി.  ഈ രണ്ടു സംസ്കാരവും കാലങ്ങളായി കൂടിക്കഴിഞ്ഞിട്ടും പുരുഷാധിപത്യത്തിനു മുന്‍തൂക്കം ലഭിച്ച ഒരു സംസ്കാരമാണ് കേരളത്തിലുള്ളത്. അല്പമായെങ്കിലും അമ്മവഴി പാരമ്പര്യത്തിന്‍റെ ഘടകം പ്രവര്‍ത്തിക്കുന്നിടത്ത് സ്ത്രീകള്‍ ചെറുത്തുനില്പില്‍ മുമ്പിലാണ്.
പുരുഷകേന്ദ്രീകൃതമായ പൊതുമണ്ഡലത്തില്‍ ലഭ്യമാകേണ്ട മാന്യതയെ കരുതി സ്ത്രീകള്‍ പുരുഷാധിപത്യത്തിന്‍റെ മൂല്യവ്യവസ്ഥയ്ക്കനുസരിച്ച് കുലീനയും ശാലീനയുമായി അറിയപ്പെടാന്‍ ശ്രമിക്കുമ്പോള്‍തന്നെ സ്വകാര്യജീവിതത്തിലും കുടുംബജീവിതത്തിലും ഏറെ തന്‍റേടം പുലര്‍ത്താന്‍ അമ്മ വഴി പാരമ്പര്യത്തില്‍നിന്നുവരുന്ന സ്ത്രീകള്‍ക്കു കഴിയുന്നുണ്ട്. അല്പമെങ്കിലും കുടുംബത്തില്‍ അങ്ങനെയായിരിക്കുന്നതു നല്ലതെന്ന് പുരുഷനും രഹസ്യമായി അംഗീകരിക്കുന്നതിനു കാരണവും സ്ത്രീക്ക് അവളുടെ അമ്മ വഴി പാരമ്പര്യത്തില്‍നിന്ന,് ഈ നാട്ടില്‍നിന്ന് കിട്ടിയ ഊര്‍ജ്ജമാണ്.

സ്മാര്‍ട്ടായിരിക്കണം എന്നാല്‍ എന്നെ അനുസരിക്കുന്നവളായിരിക്കണം തന്‍റെ ഭാര്യ എന്നാണ് ഇന്നത്തെ പുരുഷന്‍റെ ഭാര്യ സങ്കല്പം.  ഈ സ്മാര്‍ട്ടായിരിക്കുന്നതിനാണ് സ്ത്രീയ്ക്കു വിദ്യാഭ്യാസവും ഉദ്യോഗവും വാഹനമോടിക്കാനുള്ള ലൈസന്‍സും അനുവദിക്കുന്നത്.  ഉന്നതപഠനത്തിനു കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കുമാത്രം പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് ഇന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആഗ്രഹമാണ്. കാരണം കുടുംബത്തില്‍ പിറന്നവരില്‍നിന്ന് മക്കള്‍ക്കു നല്ല കല്യാണാലോചന വരണമെങ്കില്‍ കഴിയുന്നതും വനിതാസ്ഥാപനങ്ങളില്‍തന്നെ പഠിപ്പിക്കണം. അതും സിസ്റ്റേഴ്സിന്‍റെ സ്ഥാപനങ്ങളില്‍തന്നെ.  കാരണം ഒരു സ്ത്രീയെ കാലഘട്ടത്തിന്‍റെ പുരുഷാധിപത്യമൂല്യത്തിനനുസരിച്ച് വളര്‍ത്തിയെടുക്കാന്‍ ഏറ്റവും പ്രാപ്തി അവയ്ക്കാണ്. പറയുന്നത് ഏറ്റവും ഭംഗിയായി ചെയ്യാനും തിരിച്ചൊന്നും ചോദ്യം ചെയ്യാനാകാത്തവിധം ചിറകരിഞ്ഞ് രൂപപ്പെടുത്താനും അത്തരം സ്ത്രീവിദ്യാകേന്ദ്രങ്ങള്‍ക്കുള്ള നിപുണതയില്‍ സമൂഹത്തിന് വിശ്വാസമാണ്.

അപ്രകാരമുള്ള സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തില്‍ ഇത്രയധികം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കേരളത്തിലെ സദാചാരപോലീസിംഗിന് ഇത്രമാത്രം അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥകളുമായ സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നത്.  സ്ത്രീയുടെ ശത്രു സ്ത്രീയാണ് എന്ന പുരുഷ നീതിവാക്യം ഈ സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്ന 99% സ്ത്രീകളും പഠിച്ചുകഴിഞ്ഞിരിക്കും.

അങ്ങനെയല്ലാത്ത സ്ത്രീകള്‍ പൊതുശല്യക്കാരാണ്.  അവര്‍ വെറുതെ സമൂഹത്തെ അസ്വസ്ഥപ്പെടുത്തും.കാരണം അവള്‍ അറിവും, അധ്വാനിച്ചു ലഭിക്കുന്ന സമ്പത്തും, സ്വന്തം ശരീരവും എങ്ങനെയായിരിക്കണം ഉപയോഗപ്പെടുത്തേണ്ടത് എന്നു തീരുമാനിക്കാന്‍ കഴിവുള്ളവളാണ്.  അങ്ങനെ ചെയ്യുമ്പോള്‍ അവള്‍ പുരുഷനീതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവളാണ്.  അതുകൊണ്ടുതന്നെ അത് സ്ത്രീവിരുദ്ധമാകും.  സദാചാരവിരുദ്ധമാകും.

എന്തൊക്കെയാണ് ഇന്നത്തെ നമ്മുടെ സദാചാരപോലീസിന്‍റെ അന്വേഷണം.

1. നിയമപ്രകാരം ഭാര്യയും ഭര്‍ത്താവുമില്ലാത്ത ഒരു സ്ത്രീയും പുരുഷനുമൊന്നിച്ച് കുറച്ചു കൂടുതല്‍ സമയം അടുത്തിടപഴകുന്നത് അനാശാസ്യമാണ്.

2. സ്ത്രീകളുടെ വസ്ത്രധാരണം (സിനിമയിലോ, ടിവി. അവതാരണത്തിലോ ആണെങ്കില്‍ കുഴപ്പമില്ല) പുരുഷന് കാമപ്രചോദനമാകരുത്.

3. നമ്മള്‍ ഹോട്ടലില്‍ ഒരു മുറി എടുക്കുകയാണെങ്കില്‍ അതൊരു സ്ത്രീയും പുരുഷനുമാണെങ്കില്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് എഴുതിക്കൊടുക്കണം.  അതിനു തെളിവുചോദിച്ചു തുടങ്ങിയിട്ടില്ല.  ഇനി കല്യാണസര്‍ട്ടിഫിക്കറ്റ് കൂടെ കൊണ്ടുനടക്കേണ്ട കാലം അധികം അകലെയാകില്ല.  

എനിക്ക് 15വര്‍ഷം മുമ്പുണ്ടായ ഒരു അനുഭവം ഇങ്ങനെയാണ്.  എന്‍റെ ഒരു സുഹൃത്ത് വടക്കേ ഇന്ത്യയില്‍ സുവിശേഷവേലയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. വളരെ കുറച്ചുദിവസത്തെ അവധിക്കു നാട്ടില്‍ വന്നു തിരിച്ചുപോകുമ്പോള്‍ എന്‍റെ വീട്ടിലോ, ജോലിസ്ഥലത്തോ വന്നുകാണാനുള്ള സമയം കിട്ടിയില്ല.  അതുകൊണ്ട് എന്നോടു വിളിച്ചുപറഞ്ഞു, "ഉച്ചകഴിഞ്ഞ് നാലുമണിക്കാണ് എന്‍റെ ട്രെയിന്‍. പറ്റുമെങ്കില്‍ നീ സ്റ്റേഷനില്‍ വരണം. കുറേ നാളുകളായി നേരില്‍ കണ്ടിട്ട്."  അങ്ങനെ ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നു കണ്ടു.  ഒരു കാപ്പികുടിച്ച് കുറച്ചുനേരം സംസാരിച്ചിരുന്നു.  അപ്പോഴാണ് അവനു പോകേണ്ട ട്രെയിന്‍ 8 മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്ന അറിയിപ്പുവന്നത്. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും അതു സന്തോഷമായി. കുറേനേരം കൂടി വര്‍ത്തമാനം പറഞ്ഞിരിക്കാമല്ലോ.  അവന്‍ എന്തൊക്കെയോ ഔദ്യോഗികയാത്രകള്‍ കഴിഞ്ഞ് സ്റ്റേഷനില്‍ ഓടിക്കിതച്ച് എത്തിയതായിരുന്നു. അവന്‍ പറഞ്ഞു, "നല്ല ക്ഷീണം.  ഏതായാലും 8 മണിക്കൂര്‍ കഴിയണം. ഞാന്‍ അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം എടുത്താലോ. നിനക്കു പോകാറാകുംവരെ അവിടെയിരുന്ന് സംസാരിക്കാം." അങ്ങനെയാകാം എന്നുപറഞ്ഞ് ഞങ്ങള്‍ റെയില്‍വേസ്റ്റേഷന് അടുത്തുതന്നെയുള്ള ഒരു ഹോട്ടലില്‍ ചെന്നു. അവന്‍ പറഞ്ഞു 8 മണിക്കൂര്‍ നേരത്തേക്ക് ഒരു മുറി വേണം. പ്രത്യേകിച്ചൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ അയാള്‍ വിലാസമെഴുതാനുള്ള പുസ്തകം തന്നു.  അതില്‍ രണ്ടുപേരും തമ്മിലുള്ള ബന്ധം എഴുതണം.  അവന്‍ യാതൊരു സംശയവും കൂടാതെ ഫ്രണ്ട് എന്നെഴുതി. അയാള്‍ സമ്മതിച്ചില്ല. രണ്ടുപേര്‍ക്കുംകൂടി ഒരു റൂം തരാന്‍ പറ്റില്ലെന്നായി. അയാള്‍ പറഞ്ഞു, "അത് അങ്ങനെയാണ്. ഭാര്യയും ഭര്‍ത്താവും ആണെങ്കിലേ ഒരു റൂം തരാന്‍ പറ്റൂ അതാണ് നിയമം."  ഇതാണ് നമ്മുടെ നയം.  നുണ പറഞ്ഞാല്‍ മതി തല്‍ക്കാലം കുഴപ്പമില്ല. പക്ഷേ എന്തോ ഞങ്ങള്‍ തിരിച്ചുപോന്നു. അന്നൊന്നും അതൊരു അപമാനമായി തോന്നിയില്ല. അതൊരു നിയമം എന്നു കരുതി.  ഇപ്പോ മനസ്സിലാകുന്നു സ്ത്രീ ഒരു ശരീരം മാത്രമാണ് എന്ന സമൂഹത്തിന്‍റെ കാഴ്ചപ്പാടാണ് അതിനു പിന്നിലെന്ന്.

ഒരു നാടന്‍പാട്ടു കേട്ടാല്‍ ഒന്നു താളം പിടിക്കണമെങ്കില്‍ സ്ത്രീയാണെങ്കില്‍ അവള്‍ ആലോചിക്കണം അവള്‍ നില്‍ക്കുന്നത് എവിടെയാണെന്ന്.  പാര്‍ട്ടിവേദിയിലായാല്‍ അത് ശരിയല്ല.  ഇനി ഭര്‍ത്താവിനോടൊപ്പമാണെങ്കിലും സര്‍ക്കാര്‍ ഉന്നതനികുതി ചുമത്തി വില്‍ക്കുന്ന ബീവറേജ് ഷോപ്പിന്‍റെ മുന്നില്‍ ഒരു സ്ത്രീ വരിയില്‍ അച്ചടക്കത്തോടെ നിന്നാല്‍ അതും സദാചാരവിരുദ്ധമാണ്.

ഇനി ഒരു ആണിനെ മോശക്കാരനാക്കാനും എളുപ്പമാര്‍ഗ്ഗം സ്വന്തം ഭാര്യയല്ലാത്ത ഒരു പെണ്ണുമായി അടുപ്പമുണ്ട് എന്ന് ആരോപിക്കലാണ്. മറ്റ് എല്ലാ കുറ്റങ്ങള്‍ക്കും ക്രിമിനല്‍ കേസാണെങ്കില്‍ പെണ്ണുമായി ബന്ധപ്പെട്ട എന്തെങ്കിലും ആകുമ്പോള്‍ അതു പെണ്ണുകേസായി. എന്നുവച്ചാല്‍ സദാചാരപ്രശ്നമായി. മാനക്കേടായി. ഇതിന് ഒറ്റ അര്‍ത്ഥമെയുള്ളൂ. സ്ത്രീകള്‍ സ്മാര്‍ട്ടായി സ്വന്തമായി പണം സമ്പാദിച്ച് വീട്ടുകാര്യങ്ങളും ഭര്‍ത്താവിന്‍റെയും കുട്ടികളുടെയും കാര്യങ്ങളും നോക്കി വീട്ടിലുണ്ടാകണം. ജോലിസ്ഥലം കഴിഞ്ഞാല്‍ വീട്.  വീട് വിട്ടാല്‍ ജോലി. ഇതല്ലാതെ മറ്റൊന്നും അവള്‍ ആലോചിക്കരുത്. അങ്ങനെ എന്തെങ്കിലും സ്ത്രീ ആലോചിച്ചുപോയാല്‍ അവളുടെ മുന്നില്‍ ഒരു അപകടരേഖയായിഉയര്‍ത്തിക്കാണിക്കാനാണ് സ്ത്രീപീഡനകേസുകളെ ഇങ്ങനെ മാധ്യമങ്ങളും (സ്ത്രീയ്ക്ക് യാതൊരു പ്രയോജനവും ഇല്ലെങ്കിലും) പെരുപ്പിച്ച് കാണിച്ചുകൊണ്ടിരിക്കുന്നത്.

ചുരുക്കത്തില്‍ ഈ കപടസദാചാരംകൊണ്ട് പുരുഷനുള്ള ഗുണം അച്ചിവീട്ടില്‍ സമ്മന്തവും ഭാര്യയോടൊപ്പം കഴിച്ചിലും തന്നെ. ഉത്തരവാദിത്വമില്ലായ്മയുടെ ആ സുഖം അനുഭവിക്കുന്ന പുരുഷനുണ്ടാക്കിയ സദാചാരത്തിന്‍റെ ഭാരം പേറുന്നത് പുരുഷാധിപത്യ സമൂഹത്തില്‍ ജനിച്ചുവളരേണ്ടിവന്ന സ്ത്രീകളും.

എന്‍റെ ചെറുപ്പത്തില്‍ ഗ്രാമത്തില്‍ ഒരു പാറുക്കുട്ടിയമ്മ (പേരുകള്‍ യഥാര്‍ത്ഥമല്ല) ഉണ്ടായിരുന്നു.  സംബന്ധവഴിയിലെ പാരമ്പര്യമാണവര്‍ക്ക്. ഞാന്‍ കാണുമ്പോള്‍ അവര്‍ ഒരു മദ്ധ്യവയസ്കയാണ്. നാട്ടില്‍ അമ്മായി എന്നാണ് അറിയപ്പെടുക. ചുറ്റുവട്ടത്തെ പുരുഷന്മാര്‍ ഇടയ്ക്കൊക്കെ അവരുടെ അടുത്തുപോകുന്നത് എല്ലാവര്‍ക്കും അറിയാം. എന്നാലും നാട്ടില്‍ അവര്‍ക്കു വിലക്കൊന്നുമില്ല. അതിന്‍റെ പേരില്‍ സ്ത്രീകളാരും അവരോടു വഴക്കിനും പോകാറില്ല. ഞങ്ങളുടെ നാട്ടില്‍തന്നെ ഒരു കൃഷ്ണനെഴുത്തച്ഛന്‍ അയാള്‍ ആരോഗ്യദൃഢഗാത്രനും കുടുംബമായി കഴിയുന്നവനുമാണ്.  അയാളുടെ അടുത്തേക്ക് ദാരിദ്ര്യംകൊണ്ടും മറ്റുപല കാരണങ്ങള്‍ക്കൊണ്ടും പോകുന്ന സ്ത്രീകളും ആ നാട്ടിലുണ്ടായിരുന്നു. സ്ത്രീകള്‍ കൃഷ്ണനെഴുത്തച്ഛന്‍റെ അടുത്ത് പോകുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും അതും വലിയ സദാചാരപ്രശ്നമായി നാട് ഏറ്റെടുത്തിരുന്നില്ല. കഥ അതല്ല. കൃഷ്ണനെഴുത്തച്ഛന്‍ ചാരായം കുടിച്ച് ഭരണിപ്പാട്ടുംപാടി നെഞ്ചുവിരിച്ച് ഒരു നടപ്പുണ്ട്.  നാട്ടുവഴിയിലൂടെ ആ സമയത്ത് ഏതു പെണ്ണിനെക്കണ്ടാലും അയാള്‍ തെറിവിളിക്കും. ഉപദ്രവമൊന്നുമില്ല.  അപ്പോള്‍ അയാളുടെ കണ്ണില്‍ എല്ലാ സ്ത്രീകളും സുന്ദരികളാണ്. അയാള്‍ അവരെ വിളിക്കുന്ന പേര് വേശ്യ എന്നാണ്. ആ വാക്കിന് അയാള്‍ കൊടുക്കുന്ന അര്‍ത്ഥം സുന്ദരി എന്നുമാത്രമാണ്.  വേശു എന്നും വേശി എന്നും ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ക്കു പേരുണ്ടായിരുന്നു.  ചീത്തസ്വഭാവമുള്ള സ്ത്രീ എന്ന് അതിന് അര്‍ത്ഥമുണ്ടായിരുന്നില്ല. സുന്ദരി എന്ന അര്‍ത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ കുടിച്ചിട്ട് പറയുന്നതല്ലേ ആരും അതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.  സ്ത്രീകള്‍ വഴിയുടെ മറ്റേ അരികിലൂടെ കടന്നുപോകും. തന്‍റെ അടുത്തേക്ക് ഇഷ്ടത്തോടെ വരുന്ന സ്ത്രീയെയല്ലാതെ അയാള്‍ ഒരു പെണ്‍കുട്ടിയേയും പീഡിപ്പിച്ച കഥ കേട്ടിട്ടില്ല.  സ്ത്രീപീഡനം എന്ന വാക്കേ അന്നു ഞങ്ങള്‍ കേട്ടിരുന്നില്ല. ഏതെങ്കിലും സ്ത്രീകള്‍ തന്നെ അന്വേഷിച്ചു വന്നാല്‍ അയാള്‍ ശാരീരികമായി ബന്ധപ്പെടുന്നു.  അവള്‍ക്കതിന് എന്താ ആവശ്യം എന്നുവെച്ചാല്‍ അതു കൊടുക്കുന്നു. നാട്ടിന്‍പുറത്ത് പലപ്പോഴും അത് ആ ആഴ്ചയിലെ റേഷന്‍ വാങ്ങാനോ അല്ലെങ്കില്‍ ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കോ ഉപയോഗിച്ചിരിക്കാം. അതിലപ്പുറം പാപബോധമോ കുറ്റബോധമോ അവര്‍ കൊണ്ടുനടന്നിരുന്നതായോ ഒരു തൊഴിലായി അതിനെ സ്വീകരിച്ചിരുന്നതായോ പറഞ്ഞുകേട്ടിരുന്നില്ല. ലൈംഗികതൊഴിലാളികള്‍ എന്ന പദവും അന്നില്ലായിരുന്നു.

ഇങ്ങനെ ശരീരത്തിന്‍റെ ലൈംഗിക സ്വാതന്ത്ര്യത്തെ പരമാവധി ഉപയോഗിച്ചിരുന്ന രണ്ടുപേര്‍ എന്‍റെ ഗ്രാമത്തില്‍ പരസ്യമായി തന്നെ അറിയപ്പെട്ടിരുന്നു. പിന്നെയും ധാരാളം ചിറ്റങ്ങള്‍, വേലിക്കഴകള്‍ ഉണ്ടായിരുന്നു.  അതെല്ലാം എല്ലാവര്‍ക്കും അറിയാം. ആരും അതില്‍ ആവശ്യത്തില്‍ കൂടുതല്‍ ഗൗരവം കൊടുത്തില്ല. എന്നാല്‍ കൃഷ്ണനെഴുത്തച്ഛന്‍ കുടിച്ച് കൂത്താടി മദിച്ച് നടക്കുമ്പോള്‍ ഏതെങ്കിലും ഒരു കുട്ടി വിളച്ചു പറഞ്ഞാല്‍ മതി,  പാറുക്കുട്ടിയമ്മ വരുന്നുണ്ട് എന്ന്. ഇതുകേട്ടാല്‍ അയാള്‍ ശാന്തം. പിന്നെ മിണ്ടാതെ ഒതുങ്ങി നടന്നുപോകും.  അതിനും ഒരു കഥയുണ്ട.് അതും എല്ലാവര്‍ക്കും അറിയാം. പാറുക്കുട്ടിയമ്മയ്ക്ക് സമ്മന്തം പലരുമായിട്ടും ഉണ്ടെങ്കിലും കൃഷ്ണനെഴുത്തച്ഛനുമായി എന്തോ താല്പര്യം തോന്നിയില്ല.  പലപ്രാവശ്യം സമീപിച്ചിട്ടും പാറുക്കുട്ടിയമ്മ സമ്മതിക്കാത്തതുകൊണ്ട് ഒരു ദിവസം ഉച്ചക്ക് പാറുക്കുട്ടിയമ്മ ഒറ്റക്ക് തോട്ടുവക്കത്തുനിന്ന് കുളിക്കുന്നതു കണ്ടപ്പോള്‍ മദ്യപിച്ചു വീട്ടിലേയ്ക്ക് ഉണ്ണാന്‍പോകുന്ന കൃഷ്ണനെഴുത്തച്ഛന് ഒരു മോഹം. അയാള്‍ പാറുക്കുട്ടിയമ്മയോട് ലോഹ്യം കൂടാന്‍ ചെന്നു. പാറുക്കുട്ടിയമ്മ തുണി നനച്ചിട്ട് കുളിക്കാന്‍ തുടങ്ങുകയായിരുന്നു. അരയിലെ താറഴിച്ച് അയാളുടെ മുഖത്ത് ആഞ്ഞടിച്ചത്രെ.  പിന്നീട് പാറുക്കുട്ടിയമ്മയുടെ പേരുകേട്ടാല്‍ അയാള്‍ക്കു പേടിയാണ്. ഇതായിരുന്നു സ്ത്രീയുടെയും പുരുഷന്‍റെയും ലൈംഗികസ്വാതന്ത്ര്യം. ഇന്ന് അങ്ങനെ രണ്ടാളുകളെ കഥയില്‍പ്പോലും നമുക്ക് സങ്കല്പിക്കാനാവില്ല. കാരണം അത്രമാത്രം സദാചാരവിരുദ്ധമാണത്. പകരം ലക്ഷങ്ങള്‍ കൈമാറുന്ന പെണ്‍വാണിഭങ്ങളും മറ്റും രഹസ്യമായ പരസ്യമായി നടക്കുന്നു. രഹസ്യമായിരിക്കണം എന്നേയുള്ളൂ.

അധികാരവും പദവിയും പുരുഷന്‍റെ കയ്യിലായിരിക്കുന്നിടത്തോളം കാലം സ്ത്രീകള്‍ അതിന്‍റെ പങ്കു കൈപ്പറ്റാന്‍ അവളുടെ ശരീരം ഉപയോഗിക്കും. ഒരു ടിന്‍റുമോന്‍ തമാശ വായിച്ചതിങ്ങനെ, ഒരു ഇന്‍റര്‍വ്യൂവിന് ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും വന്നു. ഒരേ കാരണംകൊണ്ട് ഒരാള്‍ക്ക് ജോലികിട്ടി. മറ്റേയാള്‍ക്ക് ജോലികിട്ടിയില്ല.  ഉത്തരം: കോട്ടിന്‍റെ മുകളിലെ ബട്ടണ്‍ രണ്ടാളും ഇട്ടിരുന്നില്ല.  പെണ്‍കുട്ടി ബട്ടണ്‍ ഇടാത്തതുകൊണ്ട് അവള്‍ക്ക് ജോലികിട്ടി.  ആണ്‍കുട്ടി ബട്ടണിടാത്തതുകൊണ്ട് ജോലി കിട്ടിയില്ല. ഇതാണ് ഇന്നത്തെ നമ്മുടെ കപടസദാചാരത്തിന്‍റെ സ്വഭാവം.

സ്ത്രീയും പുരുഷനും സ്വാതന്ത്ര്യത്തോടും ഉത്തരവാദിത്വത്തോടും പ്രേമപൂര്‍വ്വം സ്വന്തം മനസ്സും ശരീരവും അനുഭവിക്കാനുള്ള ഒരു സാമൂഹ്യ അവസ്ഥയാണ് ആരോഗ്യകരമായ സാമൂഹ്യബന്ധത്തിന്‍റെ അടിസ്ഥാനമാകേണ്ടത്. ഒരാള്‍ മറ്റൊരാളെ ചൂഷണം ചെയ്യാതെ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ജീവിക്കാന്‍ മനുഷ്യന് അതേ സാധ്യതയുള്ളൂ.

കുഞ്ഞിനെ ഡോക്ടറെ കാണിക്കേണ്ട ആവശ്യത്തിന് ഓഫീസില്‍നിന്ന് അരമണിക്കൂര്‍ നേരത്തെ ഇറങ്ങണമെങ്കില്‍ മേലധികാരി പുരുഷനാണെങ്കില്‍ അയാളുടെ അരികില്‍ചെന്ന് അല്പം ലജ്ജിച്ച് ചുരിദാറിന്‍റെ ഷാള്‍  അല്പമൊന്ന് കയറ്റിയിട്ട് ചോദിച്ചാല്‍ മതി എന്നത് സ്ത്രീകള്‍ക്കിടയില്‍ പറയാതെ പറയുന്ന തമാശയാണ്.  നിലവിലുള്ള കപട ലൈംഗിക സദാചാരത്തെ ഇപ്രകാരം പരസ്പരം പറ്റിച്ച് സ്ത്രീയും പുരുഷനും കളവിലൂടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇന്ന് സ്ത്രീയ്ക്കറിയാം അവളുടെ ശരീരത്തിനാണ് മാര്‍ക്കറ്റെന്ന്. തന്‍റെ ലാഭത്തിന് അതുപയോഗിക്കാന്‍ അവളും തയ്യാറായി വരുന്നു.  പിടിക്കപ്പെടാതിരുന്നാല്‍ മതിയല്ലോ. അവിടെ സ്നേഹമോ വിശ്വാസമോ ആനന്ദമോ ഉണ്ടാകുന്നില്ല. ഒരു കൊടുക്കല്‍ വാങ്ങല്‍ മാത്രം. ഡിമാന്‍റ് അനുസരിച്ച് സപ്ലേയും സപ്ലേ അനുസരിച്ച് ഡിമാന്‍റും കൂടുന്ന സാമ്പത്തിക ശാസ്ത്രത്തിന്‍റെ നീതിബോധത്തിലാണ് ഇന്ന് മനുഷ്യബന്ധങ്ങളെ നിര്‍വ്വചിക്കുന്നത്. അതുകൊണ്ടാണ് കപടസദാചാരം എന്നൊരു പദംതന്നെ നമുക്കു പ്രയോഗത്തില്‍ വന്നത്. ഈ സാമ്പത്തികശാസ്ത്രസിദ്ധാന്തം ഒരുകാലത്തും മനുഷ്യനെ തൃപ്തിപ്പെടുത്തിയിട്ടില്ല.  അത് കൂടുതല്‍ കൂടുതല്‍ ആര്‍ത്തിയെ ജനിപ്പിച്ചുകൊണ്ടിരിക്കുകയല്ലാതെ. ഇപ്പോള്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന സൂത്രവിദ്യയാണ് കേരളീയ സമൂഹവും സദാചാരപോലീസിംഗ് കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് അധികകാലം നിലനില്ക്കാനാവില്ല. അത് കൂടുതല്‍ അരാജകത്വവും, ലൈംഗിക അസംതൃപ്തിയും സൃഷ്ടിച്ച് തനിയെ പുറത്തുവരും.

വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ക്കു ലഭിക്കേണ്ട പൊതുബോധം തന്‍റെ ശരീരവും ആത്മാവും ഉത്തരവാദിത്വത്തോടു കൂടി പ്രണയപൂര്‍വ്വം അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവുമാണ്. അതിന് മറ്റൊരാളെ ഒരു വസ്തുവായിക്കാണാതെ ആത്മാവും ശരീരവുമുളള ഒരു ദൈവരൂപമാണ് എന്നു തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും കഴിയണം. അത്തരം ഒരു വിദ്യാഭ്യാസം ഇന്ന് മതങ്ങളോ, പാഠ്യപദ്ധതികളോ നമുക്കു നല്കുന്നില്ല. പകരം ലൈംഗികവിദ്യാഭ്യാസം എന്ന പേരില്‍ ലൈംഗികതയുടെ, പരമമായ പ്രണയത്തിന്‍റെ ആനന്ദത്തെ മുഴുവന്‍ തകര്‍ത്തുകളയുകയാണ്. ചെമ്പരത്തിപ്പൂവിനെപറ്റി പഠിക്കാന്‍ അതിനെ നടുവേ കീറുന്ന ശാസ്ത്രത്തിന് ആ പൂവിന്‍റെ സൗന്ദര്യത്തെ കാണാന്‍ കഴിയില്ലല്ലോ.  നമ്മുടെ ലൈംഗിക വിദ്യാഭ്യാസത്തിലും സംഭവിക്കുന്നത് അതാണ്.  അതു കുറേക്കൂടി ലൈംഗിക വൈകൃതങ്ങളെ സൃഷ്ടിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.  എന്തു സംഭവിച്ചാലും ഗര്‍ഭിണിയാകാതിരിക്കാനും എയ്ഡ്സ് വരാതിരിക്കാനുമുള്ള വിദ്യകളാണ് സെക്സ് എഡ്യൂക്കേഷന്‍കൊണ്ട് നമ്മള്‍ കുട്ടികള്‍ക്കു നല്കുന്നത്. അത് ശരീരത്തിന്‍റെ ആര്‍ത്തി വര്‍ദ്ധിപ്പിക്കുകയും ആത്മാവിന്‍റെ അഗ്നിയെ കെടുത്തിക്കളയുകയും ചെയ്യും. ഒരു വ്യക്തി ആത്മാവിലും ശരീരത്തിലും പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോഴാണ് ആ വ്യക്തിക്ക് ലൈംഗികമായി ആനന്ദം ലഭിക്കുന്നത്.  പ്രണയമില്ലാത്ത ഏതു ലൈംഗികതയും ഒരാളെയും തൃപ്തിപ്പെടുത്തുകയില്ല. യഥാര്‍ത്ഥത്തില്‍ പ്രണയിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഒരു വ്യക്തിക്കു നല്കേണ്ട അധികവിദ്യാഭ്യാസം. യഥാര്‍ത്ഥ പ്രണയമാണ് ഒരാളെ കടമകളെക്കുറിച്ച് ഉത്തരവാദിത്വമുള്ള വ്യക്തിയാക്കി മാറ്റുന്നത്.  അല്ലാതെ ഈ സദാചാര പോലീസിനെക്കൊണ്ടൊന്നും മനുഷ്യന്‍റെ ലൈംഗിക ഊര്‍ജത്തെ തടഞ്ഞുനിര്‍ത്താനാകില്ല. അതു നല്ലതിനെകൂടി ചീത്തായാക്കാനേ ഉപകരിക്കൂ.

You can share this post!

തീരദേശ ജനത നേരിടുന്ന വെല്ലുവിളികള്‍

സമരസമിതി
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts