news-details
മറ്റുലേഖനങ്ങൾ

ഇത്തിരി തുണ്ടം പ്രകൃതിയുടെ മകന്‍

ഉമ്പ്രിയായുടെ മരങ്ങള്‍ അവന്‍റെ ഭാഷ സംസാരിക്കുന്നു. അവയെല്ലാം ചേര്‍ന്ന് നമ്മെ ലോകത്തിലെ സകല തരുക്കളുടെയും ഹൃദയാന്തരാളങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി അവയുടെ ഭാഷ പഠിപ്പിക്കുന്നു.

മരങ്ങള്‍ വളരുന്ന രീതി നമ്മുടെയൊക്കെ ജീവിതത്തിന്‍റെ അടിവേരുകളിലേക്ക് എത്തി നില്ക്കത്തക്കവണ്ണം എന്തൊക്കെയോ പ്രത്യേകതകളെ പേറുന്നുണ്ട്. എന്തുകൊണ്ടാണ് മരങ്ങള്‍ ഇത്രകണ്ട് കൗതുകകരമാകുന്നത്? എന്തുകൊണ്ടാവാം എല്ലാ നാടുകളിലേയും സംസ്കാരങ്ങളിലേയും ജനങ്ങള്‍ അവയില്‍ വലിയ നിഗൂഢതകള്‍ കണ്ടുമുട്ടിയത്? പുരാതന ഗ്രീക്കുകാരും ആസ്റ്റെക്കുകളും നോര്‍സ്മാനും സ്വീഡന്‍കാരും ആര്യന്മാരും സെമറ്റിക്ക്  വംശജരും ദ്രാവിഡരും മരങ്ങളെ നക്ഷത്രങ്ങള്‍കൊണ്ടും മാലാഖമാരെകൊണ്ടും ദൈവിക ശബ്ദങ്ങള്‍ കൊണ്ടും പൊതിഞ്ഞിരുന്നു. മോശ മരത്തില്‍ ദൈവത്തെ കണ്ടുമുട്ടുന്നുണ്ട്. ആദത്തിന്‍റെ സന്തതി തലമുറകള്‍ ഒരു മരത്തില്‍ അവരുടെ മരണവും ജീവനും കണ്ടെത്തുന്നു.
"ദൈവം സകല സാധ്യതകളുടെയും ആകെ തുകയാണ്" - എന്ന വാചകം കണ്ടുമുട്ടിയ കാലം മുതല്‍ ഞാന്‍ മരങ്ങളെ മനസ്സിലാക്കാന്‍ ആരംഭിച്ചു. മരങ്ങള്‍ എന്നും നിലനില്‍പ്പിന്‍റെ നൂതനമായ ഭാവങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ്. മരങ്ങള്‍ക്കു ക്രിയാത്മകതയും ഭാവനയും പ്രതീക്ഷകളുമുണ്ട്. അവയ്ക്ക് അവയുടേതായ നിയമങ്ങളുണ്ടെങ്കിലും, ഒപ്പം പ്രവചനാതീതമാണ് അവയുടെ വളര്‍ച്ച. എന്നിരുന്നാലും അവയുടെ നൂതനങ്ങളെ തേടിയുള്ള യാത്രകള്‍ എന്നും ജ്ഞാനത്താല്‍ രുചി ചേര്‍ക്കപ്പെട്ടവയാണ്. "മാറ്റാനാവുന്നത് മാറ്റാന്‍ ശ്രമിക്കുക; മാറ്റാനാവാത്തത് ഉള്‍ക്കൊള്ളുക." അവയില്‍ വീഴുന്ന ഓരോ നിഴലും വീശിയടിക്കുന്ന ഓരോ കാറ്റും അവയുടെ രൂപഭാവങ്ങളെ നിശ്ചയിക്കുന്നു. അങ്ങനെ മരങ്ങള്‍ നമ്മുടെ തന്നെ ഭാവനയും കാല്പനികതയും പ്രതീക്ഷകളും അര്‍പ്പണവുമായി ശക്തമായി സംവദിക്കുന്നു.

ഫ്രാന്‍സിസ് മരങ്ങളോടും വളരുന്ന എല്ലാ ഹരിതാഭയോടും തരളിതമായ ഒരു ഹൃദയം സൂക്ഷിച്ചിരുന്നു എന്നു പറയുന്നതില്‍ അത്ഭുതം കൂറാനില്ല. അവയിലൊക്കെ അവന്‍ ദര്‍ശിച്ചത് ഏറ്റവും അസാധാരണവും കാവ്യാത്മകവുമായ രീതിയില്‍ 'സകല സാധ്യതകളുടേയും ആകെ തുക'യായ അപരിമേയമായ ഒന്നിന് ആരാധന അര്‍പ്പിക്കപ്പെടുന്ന അള്‍ത്താരകളാണ്.

സഹോദരന്മാര്‍, പര്‍ണ്ണശാലകളുടെ ആവശ്യത്തിന് വനത്തില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ ഫ്രാന്‍സിസ് പറയുമായിരുന്നു, 'മുഴുവന്‍ മരവും മുറിച്ചെടുക്കാതെ അതില്‍ ഒരു കമ്പെങ്കിലും അവശേഷിപ്പിച്ചിരിക്കണം; എന്തെന്നാല്‍ അത് ഇനിയും തളിര്‍ക്കാനാവുമെന്ന പ്രതീക്ഷ അവയ്ക്ക് നല്കുന്നു' (2 സെലാ. 165). ആ മനുഷ്യന്‍ എത്ര നന്നായി മരങ്ങളെ മനസ്സിലാക്കിയിരിക്കുന്നു! ഒരു മരക്കമ്പിനെക്കാള്‍ മെച്ചമായി ഈ ലോകത്തില്‍ മറ്റേത് വസ്തുവിനാണ് പ്രതീക്ഷകളെക്കുറിച്ച്, അവ ഒളിപ്പിച്ച് വച്ചിരിക്കുന്ന സാധ്യതകളെക്കുറിച്ച്, അവയുടെ സ്ഫോടനാത്മകമായ ശക്തിയെക്കുറിച്ച് ഒക്കെ ഇത്ര വ്യക്തമായും ഉച്ചത്തിലും സംസാരിക്കാനാവുന്നത്?

ഫ്രാന്‍സിസ് തന്‍റെ തോട്ടങ്ങളില്‍ അല്പം ക്രമരാഹിത്യത്തെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം തോട്ടക്കാരന്‍ സഹോദരനോട് പറയുമായിരുന്നു: "തോട്ടത്തില്‍ ഒരിടം കിളയ്ക്കാതെ, കൃഷി ചെയ്യാതെ, ഒഴിവാക്കിയിടണം. അവിടെ കാട്ടുപുല്ലുകളും പുഷ്പങ്ങളും ആര്‍ത്ത് വളര്‍ന്ന് നമ്മളോട് ദൈവസ്നേഹത്തെക്കുറിച്ച് സംസാരിക്കട്ടെ" (2 സെലാ. 165).

രണ്ടു രീതികളില്‍ ഒരു തോട്ടം ഉണ്ടാക്കുകയും പരിപാലിക്കുകയും ചെയ്യാം. ഒന്നാമതായി, തോട്ടത്തിലെ വഴികളെല്ലാം നേര്‍രേഖയില്‍ കൃത്യതപ്പെടുത്തി, ചെടികളുടെ തടങ്ങളെല്ലാം ജ്യാമിതീയ രൂപങ്ങളില്‍ ക്രമപ്പെടുത്തി, വേലിച്ചെടികളെയെല്ലാം വൃത്തിയായി വെട്ടിയൊതുക്കി തോട്ടം നിര്‍മ്മിക്കാം. അത് വളരെ പ്രാവീണ്യമുള്ളതും യുക്തിപരവും കൃത്യതയുള്ളതുമാണ്. എല്ലാം പദ്ധതി പ്രകാരം രൂപകല്പന ചെയ്യപ്പെട്ടവ. ഇത് നമ്മില്‍ നൈപുണ്യത്തിന്‍റെ ഒരു സുഖം സൃഷ്ടിക്കുകയും എന്തൊക്കെ എവിടെയൊക്കെ എന്ന് കാണാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

മറ്റൊരു രീതിയില്‍, മരങ്ങള്‍ വളരുന്നതുപോലെ പാതകളെ വളഞ്ഞു പുളഞ്ഞ് പോകാനനുവദിച്ച്, കുറ്റിച്ചെടികളേയും വൃക്ഷങ്ങളേയും സ്വതന്ത്രമായി വളരാനനുവദിച്ച് തോട്ടം നിര്‍മ്മിക്കാനാവും. അത്തരം തോട്ടത്തില്‍ നിങ്ങള്‍ നടക്കുന്നത് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് ആയാസകരമായി എത്തിച്ചേരാനല്ല, മറിച്ച് അതിലൂടെയുള്ള നടത്തം തന്നെ ആസ്വാദ്യകരമായതിനാലാണ്. തിരിഞ്ഞും വളഞ്ഞുമുള്ള നിങ്ങളുടെ ആ നടത്തത്തില്‍ ആദ്യം കണ്ടുമുട്ടാത്ത പലതിനേയും സാവകാശം കണ്ടുമുട്ടുന്നു. മുന്‍കൂട്ടി കാണാത്തതിനെ പ്രതീക്ഷിക്കാന്‍ ഇത് നിങ്ങള്‍ക്ക് ഇടതരുന്നു, അങ്ങനെ നിഗൂഢതകളുടെ ഒരു ലോകത്തെ സാവകാശം നിങ്ങളുടെ മുന്നില്‍ തുറന്നുവയ്ക്കുന്നു. ഇത് കടങ്കഥകളിലെ ഏത് സമയവും അത്ഭുതങ്ങള്‍ ഉയര്‍ന്നുവരാവുന്ന പൂന്തോട്ടം പോലെയാവുന്നു. മരങ്ങള്‍ അവയുടെ ശീതളിമയിലിരുന്ന് ധ്യാനനിമഗ്നരാകാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

അത്തരമൊരു തോട്ടം ജീവിതത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിനെയാണ് പ്രതിനിധീകരിക്കുന്നത്. വളഞ്ഞ്പുളഞ്ഞ് പോകുന്ന വഴികള്‍ സമയത്തെക്കുറിച്ചുള്ള ഒരു സങ്കല്പത്തെയാണ് സൂചിപ്പിക്കുന്നത്; ഒപ്പം വിജയം മാത്രം ലക്ഷ്യമാക്കുന്ന പാശ്ചാത്യ സംസ്കാരത്തിനോട് ചേര്‍ന്നുപോകാത്ത ജീവിതരഹസ്യങ്ങളോടുള്ള ധ്യാനാത്മകമായ ഒരു സമീപനവുമാണ്.

പെയിന്‍റ് ചെയ്യപ്പെട്ട ഇഷ്ടികകളില്‍ അതിര്‍വരമ്പുകള്‍ തീര്‍ത്ത നെടുനീളന്‍ പാതകളും അച്ചടക്കത്തോടെ വെട്ടിയൊരുക്കപ്പെട്ട വേലിച്ചെടികളും നമ്മോട് പറയുന്നത് 'എല്ലാം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും, എല്ലാറ്റിനും കൃത്യമായ ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവു'മെന്നുമാണ്. എന്നാല്‍ മരങ്ങള്‍ക്കടിയിലൂടെയും പാലത്തിന് മുകളിലൂടെയും പോകുന്ന വളഞ്ഞ വഴികള്‍ പാതയോരത്തെ വന്യപുഷ്പങ്ങളെ കാട്ടിത്തന്നു കൊണ്ട് വഴിയിലെ കല്ലുകള്‍ നിന്‍റെ വേഗതയെക്കുറച്ചുകൊണ്ട് പറയുന്നു:

"മാലാഖമാര്‍ പ്രാചീനയിടങ്ങളുടെ കാവല്‍ക്കാരാണ്
അവിടെ ഒരു കല്ലുപോലും നിങ്ങള്‍ ഇളക്കാതിരിക്കുക;
എന്നിട്ട് ചിറകുകള്‍ വിരിച്ച് പറക്കുക;
നിങ്ങളുടെ വീര്‍ത്ത മുഖങ്ങള്‍
യാത്രയുടെ വഴിയോരക്കാഴ്ചയുടെ വിസ്മയങ്ങള്‍ നഷ്ടമാക്കും"
(ഫ്രാന്‍സിസ് തോംസണ്‍)
അസ്സീസി പട്ടണവും മുഴുവന്‍ ഇറ്റലിയും അത്തരം അത്ഭുതകഥകളിലെ ഒരു വിസ്മയ പൂന്തോട്ടമാണ്. അവിടെ നിങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം നിങ്ങളുടെ ചെരുപ്പുകള്‍ അഴിച്ചുമാറ്റണം. നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍ നിങ്ങള്‍ അവിടെ പോകരുത്... നിങ്ങള്‍ക്ക് ഒരു കുഞ്ഞാകാന്‍ മനസ്സില്ലെങ്കില്‍ നിങ്ങള്‍ അവിടെ പോകരുത്... നിങ്ങളെ തന്നെ അല്പം ഒരു വിഡ്ഢിയാക്കാനാവുന്നില്ലെങ്കില്‍ അവിടെ പോകരുത്...

നിങ്ങള്‍ ആ പ്രവേശനകവാടം കടന്നുപോകുമ്പോള്‍ നിങ്ങളുടെ മുഴുവന്‍ മൂല്യമാനദണ്ഡങ്ങളെ വഴിയില്‍ അഴിച്ചുവെച്ച് പോവുക. അവിടെ എല്ലാം നിങ്ങളോട് രഹസ്യം പറയാന്‍ നിങ്ങളെ പിടിച്ചു നിര്‍ത്തും, അപ്പോള്‍ ബസ്സ് നിങ്ങള്‍ക്കുവേണ്ടി കാത്തുനില്ക്കുന്നുവെന്ന് പറഞ്ഞ് നിങ്ങള്‍ തിരക്കുകൂട്ടുകയാണെങ്കില്‍ എല്ലാ രഹസ്യങ്ങളും നിങ്ങള്‍ക്ക് നഷ്ടമാകും.

ആ ഇടത്തിനും അവിടെ കുടികൊള്ളുന്ന മനുഷ്യനും സ്വീകരിക്കാന്‍ മനസ്സുള്ളവര്‍ക്ക് തരാന്‍ ഒരു അപൂര്‍വ്വ സമ്മാനമുണ്ട്. കാഴ്ചയുടെ, കേള്‍വിയുടെ, അത്ഭുതം കൂറലിന്‍റെ സമ്മാനം... വേഗത കുറച്ച് ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന ഒരപൂര്‍വ്വ സമ്മാനം!

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts