news-details
കവർ സ്റ്റോറി

നാരകം പൂത്ത രാവ്

ഒരില കൊഴിയുന്നതും പൂവിടരുന്നതും കണ്ട് ഉണര്‍വ് പ്രാപിച്ചവരുണ്ട്. വൃക്ഷദലങ്ങളെ കാറ്റ് തഴുകുമ്പോള്‍ ഇലകള്‍ ഇളകിയാടുന്നതും ഇരവില്‍ ചന്ദ്രന്‍ പ്രഭചൊരിയുന്നതും വന്‍വൃക്ഷങ്ങള്‍ മഴനനഞ്ഞ് ഇലകള്‍ കൂമ്പി നാണിച്ചുനില്‍ക്കുന്നതും കണ്ട് ധ്യാനത്തിലേക്ക് ഉണര്‍ന്നവരുണ്ട്. അടയിരിക്കുന്ന പെണ്‍കിളിയുടെ മുകളിലത്തെ ശിഖരത്തില്‍ ആണ്‍കിളി വന്നിരുന്ന് ചിലക്കുന്നത് കണ്ടപ്പോള്‍ ദൈവത്തിലേക്കുയര്‍ന്ന ഫ്രാന്‍സിസ് പറഞ്ഞു: "നോക്കുക, പെണ്‍കിളി ഈറ്റുനോവ് അനുഭവിക്കുമ്പോള്‍ ദൈവം ആണ്‍കിളിയായ് പറന്നുവന്ന് പെണ്‍കിളിയുടെ വേദന മറക്കുവാന്‍ പാട്ടുപാടുന്നു."

ഒക്ടോബര്‍ നാല് - ഈ വിശ്വം കണ്ടതില്‍വെച്ച് ഏറ്റവും വിശുദ്ധനായ, അടുത്തറിഞ്ഞവര്‍ രണ്ടാം ക്രിസ്തുവെന്ന് വിളിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഓര്‍മ്മദിനം. ഈ ലേഖനം എഴുതുന്നതിന് കാരണമായത് പെരുമഴ പെയ്യുന്ന രാവതൊന്നില്‍ അസ്സീസി പുണ്യാളനെ വെറുതെ മനസ്സില്‍ താലോലിച്ചങ്ങനെയിരിക്കുമ്പോള്‍, കൈയിലിരുന്ന ചെറുനാരങ്ങയില്‍ നിന്നും പുറപ്പെട്ട സുഗന്ധമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ്, അന്തരിച്ച സിനിമാനടനും നിരൂപകനും അദ്ധ്യാപകനുമൊക്കെയായിരുന്ന നരേന്ദ്രപ്രസാദ് കസാന്‍ദ്സാക്കീസിന്‍റെ 'ദൈവത്തിന്‍റെ നിസ്സ്വന്‍' എന്ന നോവലനുഭവം കോറിയിട്ട പത്രത്താളിന്‍റെ പരാഗരേണുക്കള്‍ എഴുതിവച്ച നോട്ട്ബുക്ക് വീണ്ടുമെടുത്ത് മറിച്ചുനോക്കി. മാത്യു പ്രാല്‍ എന്ന തന്‍റെ സ്നേഹിതനെ മഴയുള്ള ഒരു രാത്രി താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തുന്നു നരേന്ദ്രപ്രസാദ്. അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളുടെ വിവരണമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

പനിപിടിച്ച് കിടപ്പിലായിരുന്നു മാത്യു. അതൊന്നും കൂട്ടാക്കാതെ ഉടനെ കാണണമെന്ന് നിര്‍ബന്ധം പറഞ്ഞ നരേന്ദ്രപ്രസാദിന്‍റെ അടുത്തേക്ക് തെല്ല് ഈര്‍ഷ്യയോടെ മാത്യു പാഞ്ഞെത്തി. ആ രാത്രിയില്‍ വിളിച്ചുവരുത്തിയതിലെ അതൃപ്തി അറിയിക്കുകയും ചെയ്തു. ചെന്നുകയറിയ ഉടനെ ഒരു ഗ്ലാസ് മദ്യത്തില്‍ നരേന്ദ്രപ്രസാദിന്‍റേതായ ചില പൊടിക്കൂട്ടുകള്‍ ഇട്ട് കുടിക്കാന്‍ കൊടുക്കുന്നു. സ്നേഹപൂര്‍വ്വം നിരസിച്ച മാത്യുവിനോട് വില്ലന്‍റെ ഘനഗംഭീര  ശബ്ദത്തില്‍ കുടിക്കാന്‍ കല്പിക്കുന്നു. അങ്ങനെ ഇരുവരും മദ്യലഹരിയില്‍ സിനിമാവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. സിനിമയുടെ ലൈംലൈറ്റില്‍ സുഹൃത്തുക്കളുടെയും സിനിമാക്കാരുടെയും പണത്തിന്‍റെയും നടുവില്‍ ഇരിക്കുമ്പോഴും വല്ലാത്ത ഏകാന്തത വന്നു മൂടുന്നു. അപ്പോഴൊക്കെ പഴയ വീഞ്ഞുപോലെ ഉത്തേജിപ്പിക്കുന്ന പഴയ സൗഹൃദങ്ങളെ   തേടിയിറങ്ങും. അങ്ങനെ തേടിപ്പിടിച്ചതാണ്  മാത്യു പ്രാല്‍ എന്ന ചങ്ങാതിയെ. അവനോട് പുതിയ സിനിമയായ നരസിംഹത്തിന്‍റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.

"നീയെന്‍റെ നരസിംഹം കണ്ടോ?"

"ഇല്ല."

"കോട്ടയത്ത് മൂന്നാഴ്ചയായി ഹൗസ്ഫുള്‍ ആയിട്ട് ഓടുന്നു. എന്നിട്ടും നീയത് കണ്ടില്ലേ? സൂപ്പര്‍ഹിറ്റ്. മോഹന്‍ലാലിന്‍റെ സൂപ്പര്‍പെര്‍ഫോമന്‍സ്. എന്‍റേതും ഒട്ടും മോശമല്ല കേട്ടോ. വിശാലമായ മുറി. ഏ. സി. യുടെ കുളിര്‍മ. ടി വി, ഫോണ്‍. മേശനിറയെ ഇഷ്ടവിഭവങ്ങള്‍. മുന്തിയ ഇനം മദ്യം. പണം. പ്രശസ്തി. ഇതാണു സിനിമ. എന്നിട്ടും എന്‍റെ കൂട്ടുകാര് എന്നെ കുറ്റപ്പെടുത്തുന്നു. നിരൂപണം. നാടകം. മണ്ണാങ്കട്ട. സിനിമയും ഒരു കലയാണ്. സിനിമകൊണ്ട് ഞാനെന്‍റെ മധ്യവയസ്സിനെ ആഘോഷിക്കുന്നു. ദുരിതം പിടിച്ചവന് ഇടയ്ക്ക് വിസ്മൃതികള്‍ വേണം ജീവിതം തുടരാന്‍."

ദീര്‍ഘമായൊരു ഇടവേള. പെട്ടെന്ന് പ്രസാദ് ചാടിയെഴുന്നേറ്റു. ബാഗ് വലിച്ചുതുറന്ന് ഒരു പുസ്തകമെടുത്ത് നിവര്‍ത്തി. "കഴിഞ്ഞ രണ്ടാഴ്ചകളായി ഷൂട്ടിങ്ങിന്‍റെ ഇടവേളകളില്‍, രാത്രികളില്‍ ഞാനിതു വായിക്കുകയായിരുന്നു. അല്ല, ഈ പുസ്തകം എന്നെ വായിക്കുകയായിരുന്നു. സെയിന്‍റ് ഫ്രാന്‍സിസ് അസ്സീസി - ഗോഡ്സ് പോപ്പര്‍, നിക്കോസ് കസാന്‍ദ് സാക്കീസ്. നീയിതു വായിച്ചിട്ടുണ്ടോ?"

"ഇല്ല."

"എങ്കില്‍ നീയിതു വായിക്കണം. ഇത് ഞാന്‍ നിനക്കു തരുന്നു, എന്‍റെ ഓര്‍മ്മയ്ക്കായി. ഒന്നല്ല, പലതവണ വായിക്കണം. എന്നിട്ട് നീയിത് വിവര്‍ത്തനം ചെയ്യണം. രണ്ടാഴ്ചയായി ഞാനൊരു ലഹരിയിലായിരുന്നു. ചങ്ങമ്പുഴയുടെ വരികളിലെ വേദന... വേദന... ലഹരിപിടിക്കും വേദന...  ഞാനതില്‍ മുഴുകട്ടെ. അതെ, ഞാനതില്‍ മുഴുകുകയായിരുന്നു. ഇതിന്‍റെ ഓരോ പേജില്‍നിന്നും കസാന്‍ദ്സാക്കീസും ഫ്രാന്‍സിസ് അസ്സീസിയും എന്നോട് ഏറ്റുമുട്ടുകയായിരുന്നു. മാംസവും ആത്മാവും തമ്മിലുള്ള അനശ്വരമായ പോരാട്ടമുണ്ടല്ലോ. അതാണിത്. ഇതില്‍ ഞാനെന്നെ തന്നെ തിരിച്ചറിയുകയായിരുന്നു. അപ്പനോടും അമ്മയോടും വിടപറഞ്ഞ് ബിഷപ്പിന്‍റെ മുന്നില്‍ നിന്ന ഫ്രാന്‍സിസ് എന്ന യുവാവ് തന്‍റെ പട്ടുവസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൂര്‍ണ്ണനഗ്നനായി നിന്നു പറയുന്നു, ഇവയെല്ലാം എന്‍റെ  പിതാവിന്‍റേതാണ്. ഞാനവയെല്ലാം തിരിച്ചുകൊടുക്കുന്നു. അദ്ദേഹത്തിന് ഇനി ഇങ്ങനെയൊരു മകനില്ല, എനിക്ക് ഇങ്ങനെയൊരു പിതാവും. ഞങ്ങള്‍ തമ്മിലുള്ള കണക്കുകള്‍ തീര്‍ക്കുന്നു."

"നിനക്കറിയുമോ, തന്‍റെ കാമുകി ക്ലാരയുടെ പ്രേമത്തെ നിഷേധിച്ച്, അവള്‍ അവളുടെ ഹൃദയഭാഗത്ത് പട്ടുടുപ്പില്‍ കൊളുത്തിയ ചുവന്ന റോസാപ്പൂവ് എറിഞ്ഞുകൊടുത്തത് നിരസിച്ച് ഫ്രാന്‍സിസ് എന്ന കാമുകന്‍ വഴിമാറി നടന്നുചെന്നത് ഒരു ഗുഹയിലെ ഏകാന്തതയിലേക്കായിരുന്നു. മൂന്നു  രാപ്പകല്‍ ആ ഗുഹയിലെ ഏകാന്തതയില്‍ തനിച്ചിരുന്ന ഫ്രാന്‍സിസ് ഇറങ്ങിവന്നത്  താന്‍ നഷ്ടപ്പെടുത്തിയ ആ പ്രേമത്തെ സര്‍വ്വചരാചരങ്ങളിലേക്കും തിരിച്ചുകൊടുക്കാനായിരുന്നു. നരജീവിതമായ വേദനയെ മറക്കാന്‍  ഫ്രാന്‍സിസിനു ദൈവം ലഹരിയായി. ദൈവമില്ലാത്തവന് മറ്റെന്താണ് ലഹരി."

ഇടിമിന്നലുകളോടെ മഴ തകര്‍ക്കുകയാണ്. മാത്യു, നരേന്ദ്രപ്രസാദിനോട് യാത്രപറഞ്ഞ് ഹോട്ടല്‍ വിട്ടിറങ്ങി. വീട്ടിലേക്കുള്ള മടക്കയാത്രയാണ്. കാര്‍ സ്വയം ഡ്രൈവ് ചെയ്തു പോകുന്നു. ഇടത്തെ സീറ്റില്‍ പുസ്തകം കിടപ്പുണ്ട്. വഴി നിറഞ്ഞ് വെള്ളം, റോഡോ, തോടോ തിരിച്ചറിയാന്‍ കഴിയാത്തവിധം. പെട്ടെന്ന് ഒരു മിന്നല്‍. തുടര്‍ന്ന് ഒരിടിയും. വഴിവിളക്കുകള്‍ കെട്ടു. കൂരാകൂരിരുട്ട്. കാറിന്‍റെ വേഗം മെല്ലെ കുറഞ്ഞു. ആക്സിലേറ്ററില്‍ ചവിട്ടി. രക്ഷയില്ല. കാര്‍ താനേ നിന്നു. സ്റ്റാര്‍ട്ടാക്കി. സ്റ്റാര്‍ട്ടാകുന്നില്ല. വീണ്ടും പല തവണ ശ്രമിച്ചു. രക്ഷയില്ല. വലത്ത് നെഹ്റു സ്റ്റേഡിയം. ഇടതുവശത്ത് ചതുപ്പ്നിലം. വിജനമായ ഒരിടം. പിടിച്ചുപറിക്കാരുടെയും കള്ളന്മാരുടെയും വിഹാരരംഗമാണത്.

മനസ്സില്‍ ഭയം അരിച്ചിറങ്ങാന്‍ തുടങ്ങി. ചെറു ചെറു മിന്നലുകളും അതിനെ തുടര്‍ന്നുണ്ടാകുന്ന ഇടിമുഴക്കങ്ങളും കാറ്റുപിടിച്ച മഴയുടെ സീല്‍ക്കാരം. ഒരു വണ്ടിയുടെ വെളിച്ചത്തിനായി കാത്തുനിന്നു. ഈ മഴയത്ത്, വിജനമായ വഴിയിലൂടെ ആര് യാത്രചെയ്യാനാണ്? പെട്ടെന്ന് ഒരു മിന്നലും ഇടിയും ഒരുമിച്ച്. ഞെട്ടിത്തെറിച്ചു.

കാറിന്‍റെ ഉള്ളിലെ ലൈറ്റിട്ടു. പുസ്തകം കൈയിലെടുത്തു. നോവലിന്‍റെ ആരംഭം നോക്കി. ഫ്രാന്‍സിസിന്‍റെ സന്തതസഹചാരിയായ ലിയോ എഴുതിത്തുടങ്ങുകയാണ്. "പിതാവേ, ഞാനിന്ന് എന്‍റെ തൂലിക കൈയിലെടുക്കുകയാണ്. അങ്ങയുടെ ജീവിതത്തെയും സമയത്തെയും കുറിച്ച് എഴുതാന്‍. ദൈവം മഴയായി ഈ ഭൂമിയുടെ മേല്‍ പതിക്കുകയാണ്.Oh, Lord, what a joy! Look how earth, rain, and odours of duing and the Lemon trees all combine one with man’s heart.

മഴയുടെ നൂലിഴകള്‍ക്കിടയിലൂടെ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ഹാവൂ! ആശ്വാസമായി. വെളിച്ചം മെല്ലെ അടുത്തടുത്തു വന്നു. അതൊരു ഓട്ടോറിക്ഷയാണെന്ന് മനസ്സിലായി. കാറിന്‍റെ വിന്‍ഡോ ഗ്ലാസ് അല്പം താഴ്ത്തി. മഴവെളളവും കാറ്റും തണുപ്പും അകത്തേയ്ക്ക് അടിച്ചുകയറി. കൈ പുറത്തേക്കിട്ട് സഹായം തേടി. അടുത്തുവന്ന ഓട്ടോറിക്ഷാ കാറിനോട് ചേര്‍ന്നു നിന്നു. ഡ്രൈവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു:

"തീ... തീ... കാറിനുള്ളില്‍ തീ."

മടിയില്‍ കിടന്ന പുസ്തകം താഴേക്കു വീണു. ഞാന്‍ ഞെട്ടിത്തെറിച്ചു.

"എവിടെ തീ?"

"കാറിനുള്ളില്‍ തീയാളുന്നതു കണ്ടാണ് ഞാന്‍ അടുത്തേക്കു വന്നതു സാര്‍" ഓട്ടോക്കാരന്‍ പറഞ്ഞു.

"സഹോദരാ, താങ്കള്‍ക്കു തോന്നിയതാവും."

"അല്ല ദൂരെ വച്ചേ ഞാന്‍ കണ്ടതാണ്. ചിലപ്പോള്‍ എനിക്കു തോന്നിയതാവാം."

അയാളുടെ വാക്കുകള്‍ മഴനനഞ്ഞ് അകത്തേക്കു വന്നു.

മഴയ്ക്കു ശമനമൊന്നുമില്ല. ആകാശം അതിന്‍റെ കെട്ടിക്കിടന്ന സംഘര്‍ഷം മുഴുവന്‍ ഭൂമിയുടെമേല്‍ തീര്‍ക്കുകയാണ്. ഓട്ടോ പതിയെ സ്റ്റാര്‍ട്ട് ചെയ്തു. അയാള്‍ തന്നെ ഉപേക്ഷിച്ചുപോകുകയാണെന്ന് മാത്യു കരുതി. അല്ല, അയാള്‍ കാറിനുപിറകില്‍ ഓട്ടോ നിര്‍ത്തി.

പിന്നില്‍ മറ്റൊരു ഓട്ടോയുടെ ഇരമ്പലും വെളിച്ചവും. ആദ്യം വന്ന ഓട്ടോക്കാരന്‍ വഴിനടുവില്‍ നിന്ന് കൈകാണിച്ചു. അയാള്‍ നിര്‍ത്തിയപ്പോള്‍ മാത്യു കാറില്‍ കിടന്ന ടര്‍ക്കിയെടുത്ത് തലയിലിട്ട് ഇറങ്ങിച്ചെന്നു. അവരോടു പറഞ്ഞു:

"നിങ്ങളിലൊരാള്‍ എന്നെ വീട്ടിലാക്കണം."

"സാറിന്‍റെ വീടെവിടെയാ?"

വീടിന്‍റെ ലൊക്കേഷന്‍ പറഞ്ഞുകൊടുത്തപ്പോള്‍ രണ്ടാമത് വന്നയാള്‍ വരാമെന്നു സമ്മതിക്കുന്നു. സഹോദരന്‍റെ പേരെന്താ എന്ന മാത്യുവിന്‍റെ ചോദ്യത്തിന് ഫ്രാന്‍സിസ് എന്ന് ഉത്തരം.

എന്‍റെ കണ്ണു നിറഞ്ഞു. ഞാനയാളെ കെട്ടിപ്പിടിച്ചു. അയാളില്‍ നിന്നുള്ള നനവ് എന്നിലേക്കു പ്രവേശിച്ചു. അയാളുടെ മുഖത്ത് ചുംബിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ക്രിസ്തുവാകുമായിരുന്നോ? എന്‍റെ മിഥ്യാബോധം എന്നെ അതില്‍നിന്നും തടഞ്ഞു.

കാറിന്‍റെ അടുത്തുചെന്ന് വാതില്‍തുറന്ന് പുസ്തകമെടുത്ത് വാതില്‍പൂട്ടി, എല്ലാം ഒന്നുകൂടി നോക്കി ശരിപ്പെടുത്തി മാത്യു ഓട്ടോയുടെ അടുത്തേയ്ക്കു ചെന്നു. രണ്ട് ഓട്ടോ ഡ്രൈവറന്മാരും മാത്യുവും ചേര്‍ന്ന് യാത്രയാരംഭിച്ചു. ഓട്ടോ ഡ്രൈവര്‍ മാത്യുവിനോടു ചോദിച്ചു:

"നാരങ്ങായുടെയോ, ഓറഞ്ചിന്‍റെയോ പോലെ മണം. സാര്‍ ഓറഞ്ചു തിന്നുകയാണോ?"

"ഏയ്, എന്‍റെ കൈയില്‍ ഒന്നുമില്ല. ഒരു പുസ്തകമൊഴിച്ച്. "

"എന്തായാലും നല്ല മണമുണ്ട്. എവിടെയെങ്കിലും നാരകം പൂത്തതാകും."

വഴിയിലെ വെള്ളം ഇരുവശങ്ങളിലേക്കും തെറിപ്പിച്ചുകൊണ്ട് ഓട്ടോ വീടിന്‍റെ കാര്‍പോര്‍ച്ചിലെത്തി. മാത്യുവിന്‍റെ കീശയില്‍നിന്നും 50 രൂപ എടുത്തു കൊടുത്തു. ബാക്കി 30 രൂപ തിരിച്ചുകൊടുത്തപ്പോള്‍ വേണ്ട, അതിരിക്കട്ടെ എന്നു നിര്‍ബന്ധം പറഞ്ഞു.

"അല്ല സാര്‍ ഇതു മതി. സാറിന്‍റെ കൈയില്‍നിന്ന് 30 രൂപ മേടിച്ചതുകൊണ്ടൊന്നും ഞാന്‍ ധനികനാവില്ല." ആ തുക നിര്‍ബന്ധിച്ച് മാത്യുവിനെ ഏല്പിച്ചു.

ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ച് ഓട്ടോയുടെ അടുത്തെത്തി. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു തിരിച്ച് നിര്‍ത്തിയപ്പോള്‍ അവരിലൊരാള്‍ സീറ്റില്‍നിന്നും പുസ്തകമെടുത്ത് മാത്യുവിന്‍റെ അടുത്തേക്കു കൊണ്ടുകൊടുത്തു.

"ദേ, സാറിന്‍റെ പുസ്തകം."

മാത്യു പുസ്തകം വാങ്ങി അയാള്‍ക്ക് നന്ദി പറഞ്ഞപ്പോള്‍ അയാള്‍ മാത്യുവിനോട്,

"സാറ്, എന്നോടു പേരുപോലും ചോദിച്ചില്ലല്ലോ" എന്നു പറഞ്ഞു.

"സോറി, പേരെന്താ?"

"എന്‍റെ പേര് അസീസ്."

അയാള്‍ ഓട്ടോയില്‍ കയറി പൊയ്ക്കഴിഞ്ഞു. മഴ വീണ്ടും കനത്തു. ശരിയാണ്, നാരകപ്പൂക്കളുടെ ഗന്ധമുണ്ട്. എവിടെ നിന്നാണത്...?  

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts