news-details
മറ്റുലേഖനങ്ങൾ

ടിബറ്റ് : ലോകത്തിൻറെ നെറുകയിലെ മറ്റൊരു ലോകം

പച്ചപുതച്ച മലനിരകളും താഴ്വാരങ്ങളും മഞ്ഞണിയുമ്പോള്‍ സ്വര്‍ഗ്ഗം താണിറങ്ങിവന്ന പ്രതീതി! 'ലോകത്തിന്‍റെ മേല്‍ക്കൂര' എന്ന് വിശേഷിപ്പിക്കുന്ന, ഹിമാലയസാനുക്കള്‍ക്ക് സമാന്തരമായി സമുദ്രനിരപ്പില്‍നിന്ന് 12,000 അടി ഉയരത്തില്‍ ഒരു പീഠഭൂമി അതാണ് ടിബറ്റ്. ഭൂപ്രദേശത്തിന് ചേര്‍ന്ന ബുദ്ധമതതത്വങ്ങളിലധിഷ്ഠിതമായ ജീവിതരീതിയും വേഷവിധാനങ്ങളും നിറപ്പകിട്ടാര്‍ന്ന സാംസ്ക്കാരികാഘോഷങ്ങളും, ബുദ്ധവിഹാരങ്ങളും, ക്ഷേത്രങ്ങളും, മന്ത്രോച്ഛാരണങ്ങളും എല്ലാംചേര്‍ന്ന് ഇവിടെ കൗതുകങ്ങളുടേയും രഹസ്യങ്ങളുടെയും കലവറയാകുന്നു. ഈ മഹത്തായ സാംസ്കാരിക രൂപീകരണത്തിന് ഏഴാം നൂറ്റാണ്ടില്‍ (എ.ഡി.) പ്രചരിച്ച മഹായന ബുദ്ധമതത്തോടൊപ്പം ഇന്‍ഡ്യ, നേപ്പാള്‍, ചൈന തുടങ്ങിയ അയല്‍രാജ്യങ്ങളോടും ടിബറ്റ് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ തനതായ ഒരു പൈതൃകത്തിന് അടിസ്ഥാനമായത് 'ബോണ്‍' പാരമ്പര്യങ്ങളും (ടിബറ്റിന്‍റെ ആദ്യകാല മതം) ടിബറ്റിന്‍റെ ഭൂമിശാസ്ത്ര പ്രത്യേകതകളുമാണ്.

ലോകം മുഴുവനുമുള്ളവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഈ അത്ഭുതഭൂമി ഇന്ന് വിജനമായിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചൈനയുടെ പ്രദേശമായി മാറിയ ടിബറ്റിന്. ചൈനയുടെ നാലിലൊന്ന് വലുപ്പമുണ്ട്. എന്നിരുന്നാലും ഓര്‍ക്കുക ആ രാജ്യത്തെ അഞ്ഞൂറില്‍ (500) ഒന്നുമാത്രമാണ് ഇന്ന് ടിബറ്റിന്‍റെ ജനവിഭാഗം! ചരിത്രം സാക്ഷിയാവുന്നു!!

പുരാതനഗ്രന്ഥങ്ങളും ചുമര്‍ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്ന ഐതിഹ്യമനുസരിച്ച് അവലോഹിതേശ്യര മഹര്‍ഷി മതപരിശീലനത്തിന് പീഠഭൂമിയിലേയ്ക്കയച്ച കുരങ്ങിന്‍റെയും, ഈ കുരങ്ങില്‍ ആകൃഷ്ടയായ രാക്ഷസിയുടെയും പിന്‍തലമുറക്കാരാണിവര്‍. ശാസ്ത്രീയ പഠനം എത്തിനില്‍ക്കുന്നതാകട്ടെ അശ്വാരൂഢ നാടോടികളായ 'ചിയാങ്ങ്' വര്‍ഗ്ഗക്കാരിലും.

ടിബറ്റിന്‍റെ അറിയപ്പെടുന്ന രാഷ്ട്രീയ ചരിത്രത്തെ രണ്ടായി തിരിക്കാം: ആദ്യകാല രാജഭരണവും, പിന്നീട് ഉദയം ചെയ്ത ദലൈലാമമാരുടെ നേതൃത്വത്തിലുള്ള 'പുരോഹിത ഭരണവും.' ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹിക മതതാല്പ്പര്യങ്ങള്‍ എല്ലാക്കാലത്തും ഒന്നുചേര്‍ന്നുപോയിരുന്നു. ടിബറ്റിന്‍റെ ആത്മീയതയുടെയും ദേശീയതയുടെയും സംസ്ക്കരണത്തിന് കാരണമായത് ബുദ്ധ സന്ന്യാസിമാരുടെ നിരന്തര പരിശ്രമങ്ങളായിരുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ഈ സന്ന്യാസിമാരുടെ ചൈതന്യം മാറ്റിമറിച്ചു. കൃഷി, ഭക്ഷണം, വസ്ത്രധാരണം, സംഗീതം, നൃത്തം, സാഹിത്യം, ചിത്രശില്‍പ്പകല, തച്ചുശാസ്ത്രം, എന്നുവേണ്ട, സാംസ്ക്കാരിക വികാസം എത്തിച്ചെല്ലാത്ത ഒരിടവുമുണ്ടായില്ല. ബുദ്ധവിഹാരങ്ങള്‍ ഇപ്പറഞ്ഞതിന്‍റെയെല്ലാം പഠനകേന്ദ്രങ്ങളായി മാറി. അങ്ങനെ ടിബറ്റിന്‍റെ തനതും, പ്രശാന്തവും, ആത്മീയവുമായ സാംസ്കാരികവികാസത്തിന് ആരംഭം കുറിച്ചതിന്‍റെയും ഊട്ടിയുറപ്പിച്ചതിന്‍റെയും മുഴുവന്‍ അംഗീകാരവും ബുദ്ധവിഹാരങ്ങള്‍ക്കാണ്. ജീവിതം എന്നും ഉത്സവമാണിവിടെ. അനുഗ്രഹീത കാലാവസ്ഥയും, ബുദ്ധമാര്‍ഗ്ഗ സാമൂഹികജീവിതവും എല്ലായിടത്തും ശാന്തിയും സമാധാനവും പടര്‍ന്നുപന്തലിപ്പിച്ചു. ജന്മനാതന്നെ എല്ലാവരും ഗായകരും, താളാത്മക നൃത്തത്തില്‍ നിപുണരുമാണ്. സ്വപ്നപേടകം പ്രത്യേകരീതിയില്‍ ചലിപ്പിച്ച് പാടുന്ന അവരുടെ 'വായ്പ്പാട്ട്' മലനിരകളെയും താഴ്വരങ്ങളെയും ഒരേസമയംതന്നെ തഴുകി കടന്നുപോകുന്നതും പ്രതിധ്വനിപ്പിക്കുന്നതുമാണ്. ടിബറ്റന്‍ ഗാനങ്ങളെ ജപങ്ങള്‍, മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍ തുടങ്ങി ദ്രുതതാളത്തിലുള്ളവരാക്കി വര്‍ഗ്ഗീകരിക്കാം. നൃത്തരൂപങ്ങളിലും ഈ വൈവിധ്യം കാണാവുന്നതാണ്. ബുദ്ധമതതത്വങ്ങള്‍, ഐതീഹ്യങ്ങള്‍, നാടോടിക്കഥകള്‍ തുടങ്ങിയവയുടെ സമന്വയമായ 'അച്ചെലാമോ' എന്ന നൃത്ത-സംഗീത-നാടകം (ഓപ്പറ) ഒന്നു കാണേണ്ട കാഴ്ചതന്നെയാണ്. കലാകാരന്മാരുടെ കഴിവ് മാസ്മരികമാണ്.

മറ്റു സംസ്ക്കാരങ്ങളെ അപേക്ഷിച്ച് ഒരേസമയം തന്നെ സൗര-ചന്ദ്ര കലണ്ടര്‍ ഉപയോഗിക്കുന്നതിനാല്‍ ചന്ദ്രമാസത്തിലെ 28 ദിവസങ്ങള്‍ കണക്കാക്കിയുള്ള മാസങ്ങളെ സൗരവര്‍ഷവുമായി ചേര്‍ത്ത് ക്രമപ്പെടുത്താന്‍ മൂന്ന് വര്‍ഷത്തില്‍ ഒരു 'അധിമാസം' ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മാസങ്ങള്‍ക്ക് പ്രത്യേക പേരുകള്‍ നല്‍കിയിട്ടില്ല, മറിച്ച് സംഖ്യാക്രമത്തിലാണ് അറിയപ്പെടുന്നത്. ഇതില്‍ നാലാം മാസത്തിലാണ് 'ബുദ്ധജയന്തിയും' 'ബോധോദയവും' ആഘോഷിക്കുന്ന 'സാകാ ധവ.' പുതുവര്‍ഷമായ 'ലോസറും' ഷോടോണും കൂടാതെ ജനനം, വിവാഹം, മരണം എന്നിവയോടനുബന്ധിച്ചുള്ള മൂന്ന് സ്നാനോല്‍സവങ്ങളും ഒക്കെയാണ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങള്‍. എല്ലാ ആഘോഷങ്ങളും, വെറുതെയുള്ള കൂടിച്ചേരലും എന്തിനേറെ മരണംപോലും കലാപ്രകടനങ്ങള്‍ക്കുള്ള വേദിയാണ് ടിബറ്റന്‍ ജനതയ്ക്ക്.

ആതിഥ്യ മര്യാദ മുഖമുദ്രയാക്കിയിട്ടുള്ളവരാണ് ടിബറ്റുകാര്‍. കടന്നുവരുന്ന ഏവരെയും ബഹുമാനപൂര്‍വ്വം, സ്വീകരിച്ചിരുത്തി രുചികരമായ ടിബറ്റന്‍ചായ നല്‍കുന്നു. തുടര്‍ന്ന് മുഖ്യവിളയായ ബാര്‍ലി കൊണ്ടുണ്ടാക്കുന്ന പ്രധാന ഭക്ഷണമായ 'സംപാ' നല്‍കി സല്‍ക്കരിക്കും. പാചകകലയില്‍ സമര്‍ത്ഥരാണിവര്‍. 'യോഗൂട്ട്' ആണ് അന്തസ്സിന്‍റെ പ്രതീകവും ദേശീയവുമായ ഭക്ഷണം. വ്യത്യസ്ത മസാലക്കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന, ഉണക്കിയതും, വറുത്തതും, പുഴുങ്ങിയതുമായ വിഭവങ്ങളുടെ രുചി ഒന്നു വേറെതന്നെയാണ്. ഈ ഭക്ഷണങ്ങളെല്ലാംതന്നെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും തണുപ്പിനെ പ്രതിരോധിക്കുന്നതും അതിലുപരി ഔഷധവുമാണ്.

ഇതിഹാസങ്ങളും പുരാണങ്ങളും കൂടാതെ കഥകള്‍, കവിതകള്‍, നാടകം തുടങ്ങിയവയാല്‍ സമ്പന്നമാണ് ടിബറ്റന്‍ സാഹിത്യം. അതില്‍ത്തന്നെ 'ഗേസര്‍' എടുത്തുപറയാവുന്നതും, അനേകം വിദേശഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടതുമായ ഇതിഹാസമാണ്. ചിത്രകല മതവിശ്വാസത്തെ വളര്‍ത്തുന്നതും, അനുദിന ജീവിതവികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ, പ്രത്യേകിച്ച് ക്ഷേത്രനിര്‍മ്മിതിയിലെ ശില്‍പ്പചാതുര്യം, ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കടുംനിറത്തിലുള്ള ചുമര്‍ചിത്രങ്ങളാലും മനോഹരമായ ശില്‍പ്പങ്ങളാലും മനോഹരമാണ് ക്ഷേത്രങ്ങളും വിഹാരങ്ങളും. തറനിരപ്പില്‍ നിന്നുയര്‍ത്തി വടക്കുമുഖമായാണ് പൊതുവെ വീടുകള്‍ പണിയുന്നത്. നിരയായി നിലകൊള്ളുന്ന ചതുരാകൃതിയിലുള്ള വീടുകള്‍ സ്വതവെ സുന്ദരമായ പുഴയോരങ്ങളെ മോടിപിടിപ്പിക്കുന്നു. സുദീര്‍ഘവും തനതുമായ സംസ്ക്കാരത്തിനുടമയായ ടിബറ്റിന് സ്വതന്ത്രരാഷ്ട്രമെന്ന നിലയില്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിനിടയില്‍ പതിമൂന്നും പതിനെട്ടും നൂറ്റാണ്ടുകളിലുണ്ടായിരുന്ന വളരെ ചെറിയ കാലത്തെ വൈദേശിക കൈകടത്തല്‍ ഒഴിച്ചാല്‍ ടിബറ്റ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ത്തന്നെ സ്വതന്ത്രമായിരുന്നു. വളരെ ചുരുക്കം രാഷ്ട്രങ്ങള്‍ക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന പൈതൃകം.

എന്നാല്‍ 1949 ല്‍ ഉദയം ചെയ്ത കമ്മ്യൂണിസ്റ്റ് ചൈനയുടെ പീഠഭൂമിക്ക് മേലുള്ള അവകാശവാദം ടിബറ്റുകാരുടെ എല്ലാ സ്വപ്നങ്ങളും തകിടംമറിച്ചു. വിശുദ്ധിയുടെ മന്ത്രങ്ങള്‍ ഉരുവിട്ടവരുടെ അതെ നാവില്‍നിന്നുള്ള മോചനത്തിനായുള്ള നിലവിളി കിരാതസൈനിക നടപടികള്‍ക്ക് മുമ്പില്‍ ആര്‍ത്തനാദമായി പൊലിഞ്ഞുകൊണ്ടിരുന്നു. നീണ്ടസംഘര്‍ഷങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കുംശേഷം ദലൈലാമ, 1959-ല്‍ ഇന്‍ഡ്യയില്‍ രാഷ്ട്രീയാഭയം തേടി. കരളലിയിപ്പിക്കുന്ന ഈ പലായനത്തിന്‍റെ കഥ 14-ാം ദലൈലാമ 'എന്‍റെ ദേശം, എന്‍റെ ജനത' എന്ന ആത്മകഥയില്‍ കണ്ണീരില്‍ ചേര്‍ത്ത് വിവരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഇന്ന് നേതൃത്വം നല്‍കുന്നത് ഇപ്പോഴുള്ള പ്രവാസഭരണ സംവിധാനമാണ്.

അസാധ്യമെന്ന് തീര്‍ച്ചയായിരുന്ന രണ്ട് വൈരുദ്ധ്യങ്ങളുടെ ഒത്തുചേരലായി ചൈനയുടെ ടിബറ്റ് ഏകീകരണം. മത-സാംസ്കാരികരാഷ്ട്രം മതനിഷേധ-സംഘടനാതത്വാധിഷ്ഠിത രാഷ്ട്രത്തോടുള്ള ഒന്നുചേര്‍ക്കല്‍! ഇത് മതവിശ്വാസത്തിനും അതില്‍ അടിയുറച്ച ടിബറ്റന്‍ ജീവിതരീതിക്കും സംസ്ക്കാരത്തിനും തിരിച്ചടിയായി. മതപീഡനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും തുടര്‍ക്കഥകളായി. നാളിതുവരെ കുറഞ്ഞത് ഒരു ദശലക്ഷത്തിലധികം പേര്‍ കൊല ചെയ്യപ്പെട്ടു. സാംസ്കാരിക സ്മാരകങ്ങളും വിദ്യാലയങ്ങളും ഗ്രന്ഥശാലകളും പൂര്‍ണ്ണമായും തകര്‍ക്കപ്പട്ടു. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള അത്യപൂര്‍വ്വവും ചരിത്രപ്രാധാന്യം നിറഞ്ഞതുമായ പുസ്തകങ്ങള്‍ എന്നെന്നേയ്ക്കുമായി ഇല്ലാതായി. ആറായിരത്തിലധികം ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും മഠങ്ങളും നിലംപതിച്ചു. ഒരു രാഷ്ട്രം നൂറ്റാണ്ടുകളായി സ്വരുക്കൂട്ടിയ സമ്പത്ത് കൊള്ളയടിക്കപ്പെട്ടു, പൈതൃകങ്ങള്‍ ഇല്ലാതായി, സംസ്കാരം ചാരമായി. ഭരണകൂട ഭീകരത അവിടെയും അവസാനിച്ചില്ല, അസ്തിത്വപരമായി ഒരിക്കലും സ്വീകരിക്കാന്‍ പറ്റാതിരുന്ന മറ്റൊരു സംസ്കാരം (ചൈനീസ്) അവരുടെ മുറിവുകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു.

ടിബറ്റിന്‍റെ ചരിത്രം ഇന്നൊരു ആപത്ഘട്ടത്തിലാണ്. പത്തുവര്‍ഷത്തിനുള്ളില്‍ പ്രവാസികള്‍ക്ക് സ്വതന്ത്രരായി സ്വദേശത്ത് തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ ടിബറ്റ് എന്നെന്നേയ്ക്കുമായി ഇല്ലാതാകും. കാരണം ടിബറ്റിനെ ചൈനയായി രൂപാന്തരപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ്, ചിലയിടങ്ങളില്‍ അത് സംഭവിച്ചുകഴിഞ്ഞു. അത് പൂര്‍ണ്ണമായാല്‍ ലോകത്തിന് 'തനതായ ഒരു മനുഷ്യവര്‍ഗ്ഗത്തെ' നഷ്ടമാകും.

എന്നിരുന്നാലും അരനൂറ്റാണ്ടു പിന്നിട്ട അടിമത്തത്തിനും കിരാതമുറകള്‍ക്കും ചിതറിക്കപ്പെടലിനും പ്രവാസജീവിതത്തിനുമൊന്നും ടിബറ്റിന്‍റെ ദേശീയതയെയും സ്വാതന്ത്ര്യമോഹത്തെയും ഇതുവരെയും തകര്‍ക്കുവാന്‍ കഴിഞ്ഞില്ല. ടിബറ്റിനകത്തും പുറത്തും അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ടിബറ്റിന്‍റെ സാംസ്ക്കാരിക തനിമ തുടരുക എന്ന സദുദ്ദേശ്യത്തോടെ തനതായ വിദ്യാശാലകളും ഗ്രന്ഥാലയങ്ങളും സന്ന്യാസമഠങ്ങളും സാംസ്ക്കാരിക കേന്ദ്രങ്ങളും പ്രധാന പ്രവാസകേന്ദ്രങ്ങളായ ധരംസലയിലും കര്‍ണ്ണാടകയിലും അവര്‍ കെട്ടിപ്പെടുത്തിട്ടുണ്ട്. പാരമ്പര്യങ്ങളും സംസ്ക്കാരങ്ങളും അന്യംനില്‍ക്കാതിരിക്കാന്‍ മത സാംസ്ക്കാരികാഘോഷങ്ങള്‍ പ്രവാസഭൂമിയിലും തുടര്‍ന്നുവരുന്നു. എന്നെങ്കിലും, വിദൂരതയിലാണെങ്കില്‍പ്പോലും, സ്വതന്ത്രപരാമാധികാര ടിബറ്റെന്ന സ്വപ്നം പൂവണിയുമെന്ന മോഹം അതിജീവനത്തിനിടയിലെ ഈ ഉത്സവങ്ങള്‍ക്ക് ഐക്യത്തിന്‍റെയും പ്രത്യാശയുടെയും ശോഭ പകരുന്നു.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts