news-details
മറ്റുലേഖനങ്ങൾ

സഹിഷ്ണുതയുടെ അതിരുകള്‍

എല്ലാത്തിനും ഒരു പരിധിയുണ്ട്, സഹിഷ്ണുതയ്ക്ക് പോലും. കാരണം ഈ ലോകത്തില്‍ എല്ലാറ്റിനും മൂല്യമുള്ളതാണ്. "നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല" എന്ന് തറപ്പിച്ച് പറഞ്ഞതിന്‍റെ പേരിലാണ് ഇന്നലത്തെയും ഇന്നത്തെയും പ്രവാചകന്മാര്‍ക്ക് ജീവിതം ബലിയര്‍പ്പിക്കേണ്ടിവന്നത്. ചിലപ്പോള്‍ സഹിഷ്ണുത തിന്മയോടുള്ള കൂട്ടുകെട്ടായും കുറ്റകരമായ ഉപേക്ഷയായും ധാര്‍മ്മിക മരവിപ്പായും വെറും വിധേയപ്പെടലായും വ്യാഖ്യാനിക്കേണ്ട സാഹചര്യങ്ങളുണ്ട്.

ഭൂമുഖത്തുനിന്ന് ജീവനെ തുടച്ചുനീക്കുകയും ജൈവമേഖലയുടെ വിശാല ഇടത്തെയും നശിപ്പിക്കുകയും ചെയ്യുന്നവരോട് നമുക്ക് സഹിഷ്ണുക്കളായിരിക്കാനാവില്ല. അത്തരം ശക്തികളെ നിശ്ചയമായും നാം നിയന്ത്രിക്കാന്‍ ശ്രമിക്കണം. നിഷ്ക്കളങ്ക മനുഷ്യരെ കൊല്ലുകയും കുഞ്ഞുങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുകയും മനുഷ്യാവയവക്കച്ചവടം നടത്തുകയും ചെയ്യുന്നവരോട് സഹിഷ്ണുത പാടില്ല. അവരെ കര്‍ക്കശമായ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നാം ബാദ്ധ്യസ്ഥരാണ്.

കുട്ടികളെക്കൊണ്ട് അടിമപ്പണി ചെയ്യിച്ച്, കുറഞ്ഞ മുതല്‍ മുടക്കില്‍ സാധനങ്ങളുത്പാദിപ്പിച്ച് വിറ്റ്,  ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരോട് നമുക്ക് സഹിഷ്ണുത പാടില്ല. അവരെ അന്താരാഷ്ട്രനിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

മതത്തിന്‍റെയോ രാഷ്ട്രീയത്തിന്‍റെയോ പേരില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും മനുഷ്യനെ നിഷ്കരുണം കൊലചെയ്യുകയും ചെയ്യുന്ന ഭീകരരോട് നമുക്ക് സഹിഷ്ണുക്കളാകാനാവില്ല. അവരെ നാം കടിഞ്ഞാണിടുകയും നീതിന്യായക്കോടതിയുടെ മുന്നില്‍ നിര്‍ത്തുകയും ചെയ്യണം.

മരുന്നില്‍ കൃത്രിമത്വം കാണിക്കുകയും ചികിത്സ മരണകരമാക്കുകയും ചെയ്യുന്നവരോട് സഹിഷ്ണുക്കളാകരുത്. അഴിമതി നിറഞ്ഞ നയരൂപീകരണത്തിലൂടെ പൊതു പ്രകൃതിസ്രോതസ്സുകളെ പാഴാക്കുന്നവരോട് സഹിഷ്ണുത പാടില്ല. മാത്രമല്ല അവരോട് കടുപ്പം കാണിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. കാരണം അവര്‍ ധൂര്‍ത്തടിച്ച് നശിപ്പിക്കുന്നത് മുഴുവന്‍ സമൂഹത്തിന്‍റെ പൊതുസ്വത്താണ്.

ആയുധക്കച്ചവടം നടത്തുന്നവരോട്, മയക്കുമരുന്ന് കള്ളക്കടത്തുകാരോട്, വ്യഭിചാരവൃത്തിയുടെ നടത്തിപ്പുകാരോട്, മനുഷ്യരെ തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നവരോട് സഹിഷ്ണുത പാടില്ല. അവര്‍ക്ക് കൃത്യവും വ്യക്തവുമായ ശിക്ഷയുണ്ട്.

സംസ്കാരത്തിന്‍റെ പേരില്‍ മോഷ്ടാവിന്‍റെ കൈകള്‍ വെട്ടുകയും സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വിഛേദിക്കുകയും ചെയ്യുന്നവരോട് സഹിഷ്ണുക്കളാവരുത്. അത്തരം കാര്യങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടണം.

ഇക്കാര്യങ്ങളിലൊന്നും നാം സഹിഷ്ണുക്കളായിരിക്കരുതെന്ന് മാത്രമല്ല, നിശ്ചയദാര്‍ഢ്യമുള്ളവരും കണിശക്കാരും കാര്‍ക്കശ്യമുള്ളവരുമായിരിക്കണം. അത് നീതി എന്ന പുണ്യമാണ്, അല്ലാതെ അസഹിഷ്ണുത എന്ന തിന്മയല്ല. നാം അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ജീവിതത്തില്‍ മൂല്യങ്ങളില്ലാത്തവരും തിന്മയ്ക്ക് അടിപ്പെടുന്നവരുമാകും.

അതിരുകളില്ലാത്ത സ്വാതന്ത്ര്യം ശക്തന്മാരുടെ സ്വേച്ഛാധിപത്യത്തില്‍ കലാശിക്കുന്നതുപോലെ വ്യവസ്ഥകളില്ലാത്ത സഹിഷ്ണുത സഹിഷ്ണുതയെ തന്നെ ഇല്ലാതാക്കുന്നു. സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്ക്കും നിയമത്തിന്‍റെ സംരക്ഷണം ആവശ്യമുണ്ട്. അല്ലാത്തപക്ഷം ഞങ്ങളുടെ നിലപാടുകളും കാഴ്ചപ്പാടുകളും മാത്രമാണ് സത്യവും കേവലവുമായിട്ടുള്ളത് എന്ന് കരുതുന്നവര്‍ സ്വേച്ഛാധിപത്യം നടത്തുകയും മറ്റുള്ള കാഴ്ചപ്പാടുകളും നിലപാടുകളും എല്ലാം നിരസിക്കപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ അതിന്‍റെ പരിണതഫലം അടക്കാനാവാത്ത പകയും പകയില്‍നിന്ന് ജന്മമെടുക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുമായിരിക്കും.

അങ്ങനെയെങ്കില്‍ സഹിഷ്ണുതയുടെ അതിരുകള്‍ എവിടെയാണ്? അവ സഹനത്തിലും മനുഷ്യാവകാശങ്ങളിലും പ്രകൃതിയുടെ അവകാശങ്ങളിലുമാണ്. വ്യക്തികള്‍ അപമാനവീകരിക്കപ്പെടുന്നിടത്ത് സഹിഷ്ണുത അവസാനിക്കുന്നു. ആര്‍ക്കും മറ്റൊരാളുടെ മേല്‍ അനീതിയായി സഹനമേല്‍പ്പിക്കാന്‍ അവകാശമില്ല. ഈ അവകാശങ്ങള്‍ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശപത്രത്തില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതും എല്ലാ രാജ്യങ്ങളും ഒപ്പുവച്ചിട്ടുള്ളതുമാണ്. എല്ലാ സംസ്കാരങ്ങളും സമൂഹങ്ങളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യാവകാശനിരാകരണമുള്ള ഒരു സംഗതിയേയും സഹിഷ്ണുതയുടെ പേരില്‍ അംഗീകരിക്കാനാവില്ല. "ഭൂമിപത്രം"  (The Letter of the Earth)പ്രകൃതിയുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ കൂടി ഐക്യരാഷ്ട്രസംഘടന അംഗീകരിച്ചിട്ടുള്ളതാണ്. അതിനെ അതിലംഘിക്കുന്നത് നിയമാനുസൃതമല്ല.

അവസാനമായി, അസഹിഷ്ണുക്കളോട് നമ്മള്‍ സഹിഷ്ണുക്കളാകേണ്ടതുണ്ടോ? അസഹിഷ്ണുതയെ അസഹിഷ്ണുതകൊണ്ട് നേരിടുന്നത് നമ്മെ അസഹിഷ്ണുതയുടെ ഒരു വിഷമവൃത്തത്തില്‍ എത്തിക്കുമെന്നതിന് ചരിത്രം തന്നെ തെളിവ്. പ്രായോഗിക കാഴ്ചപ്പാട് അതിരുകള്‍ കല്പിക്കുക എന്നതുതന്നെയാണ്. അസഹിഷ്ണുത കുറ്റകൃത്യങ്ങളിലും അന്യരുടെമേല്‍ കടന്നുകയറ്റത്തിലും ചെന്ന് അവസാനിക്കുന്ന പക്ഷം നിയമം ഇടപെട്ട് അസഹിഷ്ണുതയെ വരുധിയില്‍ നിര്‍ത്തേണ്ടതാണ്. നിയമത്തിന് വെളിയില്‍ മനുഷ്യന് പരിപൂര്‍ണ്ണ സ്വാതന്ത്യമനുഭവിക്കാന്‍ എല്ലാവര്‍ക്കുമാവണം. നാമെല്ലാവരും ഒരേ ജീവലോകത്തില്‍ തുല്യമായി പങ്കുപറ്റുന്നവരാണെന്നും എന്‍റെ നിലപാടുകള്‍ മാത്രമാണ് ശരി എന്ന് ചിന്തിക്കുന്നതില്‍ വൈരുദ്ധ്യമുണ്ടെന്നും സംവാദത്തിലൂടെ അസഹിഷ്ണുക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. എല്ലാവരുടേയും തുല്യതയെ മാനിക്കുന്ന ജനാധിപത്യമാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts