news-details
മറ്റുലേഖനങ്ങൾ

ജീവിതം ജയമോ തോല്‍വിയോ അല്ല

മനുഷ്യജീവിതത്തെ 'വിജയം' അഥവാ 'പരാജയം' എന്നിങ്ങനെ രണ്ടുതരത്തില്‍ വിലയിരുത്താറുണ്ട്.

'അയാളുടെ ജീവിതം ഒരു വിജയമാണ്.'
'മറ്റേയാളുടെ ജീവിതം പരാജയമാണ്'
'ഇനിയൊരാളുടെ ജീവിതം ഉയര്‍ന്ന നിലയിലാണ്'
എന്നിങ്ങനെയൊക്കെയായിരിക്കും അഭിപ്രായ പ്രകടനങ്ങള്‍.
ഈ വിധത്തില്‍ ജീവിതത്തിന്‍റെ ജയപരാജയങ്ങളും നിലയും വിലയും നിര്‍ണ്ണയിക്കുന്നതിന് സാധാരണ അളവുകോലാവുന്നത് ഭൗതികനേട്ടങ്ങളാണ്.

എന്നാല്‍ ഭൗതികമായ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അങ്ങനെ വസ്തുതാപരമായി നിര്‍ണ്ണയിക്കാവുന്നതാണോ മനുഷ്യജീവിതത്തിന്‍റെ ജയപരാജയങ്ങള്‍!? വിലപിടിച്ച പലതും നേടിയ ഒരാളുടെ ജീവിതം ഒരു പക്ഷേ വളരെ വിലകുറഞ്ഞതാവാം. അതുപോലെ, മൂല്യവത്തായ ജീവിതം നയിക്കുന്ന ഒരാളുടെ ഭൗതിക സമ്പാദ്യങ്ങളുടെ വില നന്നേ കുറവുമായിരിക്കാം.

സഹജാവബോധം, സ്നേഹം, ജീവകാരുണ്യം, പരക്ഷേമകാംക്ഷ തുടങ്ങിയ ജീവല്‍ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് ജീവിതം മേല്‍ക്കുമേല്‍ ജീവസ്സുറ്റതായിത്തീരുന്നു. അഥവാ സ്വജീവിതം ഒരുവന്‍ കൂടുതല്‍ കുടൂതല്‍ ആഴത്തില്‍ ജീവിക്കുന്നു. മറിച്ച്, മറ്റുള്ളവരെ വേദനിപ്പിച്ചും ചതിച്ചും, സ്വന്തം ഭൗതികനേട്ടങ്ങള്‍ക്കായി പരക്കംപായുകയും പരാക്രമം കാണിക്കുകയും ചെയ്യുന്ന ഒരാള്‍ ശരിയായ അര്‍ത്ഥത്തില്‍ ജീവിക്കുന്നില്ല. അന്യരെ ശരിയായി ജീവിക്കാന്‍ അനുവദിക്കുന്നുമില്ല.

ഒരു സെന്‍ കഥയുണ്ട്. പണം നേടാനുള്ള ആര്‍ത്തിമൂലം കളവും ചതിയും ക്രൂരതയും ആയുഷ്കാലമത്രയും കൈമുതലായിരുന്ന ഒരാള്‍ ഒടുവില്‍ വാര്‍ദ്ധക്യത്തിലെത്തി മരണം കാത്തുകിടക്കുന്നു. ഏറെ സമ്പാദിച്ചു കൂട്ടിയിട്ടും ജീവിതസംതൃപ്തി എന്തെന്ന് അയാള്‍ ഇന്നോളം അറിഞ്ഞിട്ടേയില്ല. അയാളുടെ അയല്പക്കക്കാരനായി ഒരു സെന്‍ ഗുരു ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും യാതൊന്നും സ്വന്തമായി സമ്പാദിച്ചുവെച്ചില്ല. എന്നിട്ടും തികഞ്ഞ സംതൃപ്തിയോടെയാണ് ജീവിച്ചിരുന്നത്. മരണം കാത്തുകിടന്ന ധനികന് അക്കാലംവരെ സെന്‍ ഗുരുവിനോട് കടുത്ത പുച്ഛവും അവഗണനയുമായിരുന്നു. എന്നാല്‍ മരണസമയം അടുത്തുവെന്നു തോന്നിയപ്പോള്‍ ആ ഗുരുവിനെ ഒന്നു കാണണമെന്ന് അയാള്‍ക്കു തോന്നി. ആളയച്ച് വരുത്തി. അന്നാദ്യമായി ഗുരുവിനോട് അയാള്‍ തന്‍റെ ഉള്ളുതുറന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും തനിക്ക് തൃപ്തി തോന്നിയിട്ടില്ലെന്നും തൃപ്തിയോടെ മരിക്കാനുതകുന്ന എന്തെങ്കിലും ഒരു ഉപദേശം തനിക്കു നല്കണമെന്നും അയാള്‍ ഗുരുവിനോടപേക്ഷിച്ചു. ഗുരു അയാളോടു പറഞ്ഞത് ഇത്രമാത്രം: "നിങ്ങള്‍ക്ക് മരണമില്ല." പുറത്തുകടന്ന ഗുരുവിനോട് അദ്ദേഹം പറഞ്ഞതിന്‍റെ പൊരുളെന്ത് എന്ന് കേട്ടുനിന്ന ചിലര്‍ ചോദിച്ചു. ഗുരു ഇപ്രകാരം വിശദീകരിച്ചു: "അയാള്‍ക്ക് മരണമില്ല എന്നല്ലേ ഞാന്‍ പറഞ്ഞത്. ജീവിച്ചിരുന്നവര്‍ക്കു മാത്രമേ മരണമുള്ളൂ. അയാള്‍ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ല. അതിനാല്‍ മരണവുമില്ല."

ഒരാള്‍ തന്‍റെ സ്വാര്‍ത്ഥമായ സുഖാസക്തികളിലേക്ക് വീണൊട്ടുന്നതനുസരിച്ച് അയാളുടെ ജീവിതം പാരതന്ത്ര്യത്തിലേക്കും തന്മൂലമായ നിര്‍ജ്ജീവതയിലേക്കും നിപതിച്ചുകൊണ്ടിരിക്കും. ഈ സത്യംതന്നെയാണ് എല്ലാ മതദര്‍ശനങ്ങളും മഹദ്വചനങ്ങളും വ്യക്തമാക്കിത്തരുന്നത്. ജീവിതം ജീവിതാസക്തികളില്‍ വീണ് ഒട്ടിപ്പോകുന്ന ഈ മനുഷ്യാവസ്ഥയെ സ്വാമി വിവേകാനന്ദന്‍ ഭംഗിയായി വരച്ചുകാട്ടുന്നുണ്ട്.

തേനീച്ച തേന്‍ കുടിക്കാന്‍ വന്നു. പക്ഷേ അതിന്‍റെ കാലുകള്‍ തേന്‍കുടത്തിലൊട്ടിപ്പോയി. അതിനാല്‍ വേറിട്ടു പോകാന്‍ വയ്യാതായി. വീണ്ടും വീണ്ടും നാം ഈ അവസ്ഥയില്‍ വന്നുപെടുന്നതായി അനുഭവപ്പെടുന്നു. ജീവിതത്തിന്‍റെ രഹസ്യം മുഴുവന്‍ അവിടെയാണ്.
നാം എന്തിനിവിടെ വന്നു? തേന്‍കുടിക്കാനായി വന്നു. എന്നാല്‍ നമ്മുടെ കൈകാലുകള്‍ കുടത്തില്‍ ഒട്ടിപ്പോയി. പിടിക്കാനായിട്ടാണ് വന്നതെങ്കിലും പിടിക്കപ്പെടുന്നു. ആസ്വദിക്കാനായി നാം വന്നു. എന്നാല്‍ ആസ്വദിക്കപ്പെടുകയാണ് ചെയ്യുന്നത്. എല്ലായ്പ്പോഴും ഇതാണ് നാം കാണുന്നത്. നമ്മുടെ ജീവിതത്തില്‍ സര്‍വ്വത്ര ഇതു തന്നെ നടക്കുന്നു. നാം ജീവിതത്തിലെ സുഖങ്ങള്‍ ആസ്വദിക്കുവാനാഗ്രഹിക്കുന്നു. എന്നാല്‍ അവ നമ്മുടെ ഓജസ്സിനെ കരണ്ടുതിന്നുന്നു. പ്രകൃതിയില്‍നിന്ന് ഉള്ളതെല്ലാം കരസ്ഥമാക്കുവാന്‍ നാം ആഗ്രഹിക്കുന്നു. എന്നാല്‍ അവസാനം പ്രകൃതി നമ്മില്‍നിന്ന് ഉള്ളതെല്ലാം അപഹരിച്ച് നമ്മെ നിര്‍വീര്യരാക്കി എറിഞ്ഞുകളയുന്നതായി നാം കാണുന്നു. വേട്ടക്കാരനായി പുറപ്പെട്ടാല്‍ ഇരയാക്കപ്പെടും എന്നതുതന്നെ അവസ്ഥ. ഈ സത്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ജീവിതം ആദ്യന്തം പ്രകാശമാനമായിരുന്നേനെ. ജീവിതത്തില്‍ എത്രതന്നെ ജയപരാജയങ്ങളുണ്ടായിരുന്നാലും സന്തോഷസന്താപങ്ങളുണ്ടായിരുന്നാലും നാം അതില്‍ ഒട്ടിപ്പിടിക്കാതിരുന്നാല്‍ മതി, പിടികൊടുക്കാതിരുന്നാല്‍ മാത്രം മതി. അപ്പോള്‍ ജീവിതം തുടര്‍ച്ചയായ സൂര്യപ്രകാശമായിരിക്കും. ആ വിധം പ്രകാശമയമായിത്തീരുമ്പോഴാണ് ഒരാള്‍ തന്‍റെ ജീവിതം പരിപൂര്‍ണ്ണമായി ജീവിക്കുന്നത്. അങ്ങനെയൊരവസ്ഥയില്‍ ആ ജീവിതം ചുറ്റുപാടുമുള്ള സമസ്തജീവനുകളെയും പ്രകാശിപ്പിച്ചുകൊണ്ടുമിരിക്കും. അപ്രകാരം സ്വയംപ്രകാശിക്കുകയും പരിസരങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നുണ്ടോ, നമ്മുടെ ജീവിതം എന്നതാണ് പരിശോധിക്കേണ്ടത്. ജയം, പരാജയം എന്നിങ്ങനെയുള്ള വാക്കുകള്‍ ആ പരിശോധനയ്ക്കു സമര്‍ത്ഥമല്ല എന്നും അപ്പോള്‍ നാം തിരിച്ചറിയുന്നു.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts