news-details
മറ്റുലേഖനങ്ങൾ

പറയാതെ പോകുന്ന സത്യം

കള്ളസാക്ഷി പറയരുത് എന്ന എട്ടാം പ്രമാണം. ആ പ്രമാണം പാലിച്ച ഒരു സ്ത്രീയും അങ്ങനെ പാലിക്കപ്പെട്ടതിന്‍റെ തിക്തഫലം അനുഭവിക്കേണ്ടിവരുകയും ചെയ്ത ഒരു സ്ത്രീയും. ഈ രണ്ടുസ്ത്രീകള്‍ തമ്മിലുള്ള ഹൃദയംതുറന്ന സംഭാഷണമാണ് ചിത്രത്തിന്‍റെ പ്രമേയം. രണ്ടാം ലോകമഹായുദ്ധത്തില്‍ യഹൂദരെ കൂട്ടത്തോടെ ഹോളേകോസ്റ്റിന് വിധേയമാക്കുന്ന കാലം. ആറുവയസ്സുള്ളൊരു യഹൂദപെണ്‍കുട്ടിയെ അവളുടെ മാതാപിതാക്കള്‍ അയല്‍വാസികളായ ഒരു ക്രിസ്ത്യന്‍ കുടുംബത്തോട് രക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. ആദ്യം ആ കുടുംബം തയ്യാറായെങ്കിലും കത്തോലിക്ക വിശ്വാസിയായ സ്ത്രീ പോലീസിനുമുമ്പില്‍ കള്ളസാക്ഷി പറയുന്നത് തെറ്റായതുകൊണ്ട് കര്‍ഫ്യൂ തുടങ്ങുന്നതിനു തൊട്ടുമുമ്പേ ആ കുട്ടിയെ ഇറക്കിവിടുന്നു. അന്ന് ഇറക്കിവിട്ട സ്ത്രീയും ഇറങ്ങിപ്പോയ കുട്ടിയുമാണ് കഥയിലെ കഥാപാത്രങ്ങള്‍.

ചിത്രം തുടങ്ങുമ്പോള്‍ യുദ്ധത്തിന്‍റെ കെടുതിയില്‍ വീണുപൊളിഞ്ഞ ഒരു കെട്ടിടത്തിനു മുന്നില്‍നിന്ന് ബലിഷ്ഠമായ ഒരു കൈ ആറുവയസ്സുപ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് വേഗത്തില്‍ നടക്കുന്നു. അടുത്തദൃശ്യം പ്രായമായതും എന്നാല്‍ ചുറുചുറുക്കുള്ളതുമായ ഒരു സ്ത്രീയുടെ  പ്രഭാതവ്യായാമത്തിലേയ്ക്കാണ്. അവര്‍ നിത്യശീലമായ വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈ ദൃശ്യം അവരെ പിന്‍തുടരുന്നു. അവര്‍ പോളണ്ടിലെ മാര്‍സേ യൂണിവേഴ്സിറ്റിയിലെ സന്മാര്‍ഗ്ഗശാസ്ത്ര അധ്യാപികയാണ്. അവരുടെ പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തകയും അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ കുറച്ചുകാലം ഒരുമിച്ചുണ്ടായിരുന്ന പത്രപ്രവര്‍ത്തകയാണ് എലിസബത്ത്. അവര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍നിന്നു രക്ഷപ്പെട്ട യഹൂദരുടെ ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ വാര്‍സോയില്‍ എത്തിയതാണ്. അവര്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫ. മരിയയുടെ സന്മാര്‍ഗ്ഗശാസ്ത്രം ക്ലാസ് കേള്‍ക്കാനിരിക്കുന്നു. കള്ളസാക്ഷി പറയരുത് എന്ന കല്പനയെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഒരു പെണ്‍കുട്ടി വളരെ വികാരഭരിതയായി സംസാരിക്കുന്നു. രണ്ടാം പ്രമാണത്തില്‍ ചര്‍ച്ചചെയ്ത കഥയാണ് ആ പെണ്‍കുട്ടി വിവരിക്കുന്നത്. രോഗിയായിത്തീര്‍ന്ന ഭര്‍ത്താവ് ഉടനെ മരിക്കും എന്ന് ഡോക്ടറില്‍നിന്ന് അറിഞ്ഞ ഒരു സ്ത്രീ തനിക്കൊരു കുഞ്ഞുവേണം എന്നു കരുതി കാമുകനില്‍നിന്ന് ഗര്‍ഭം ധരിക്കുന്നു. അവള്‍ ഗര്‍ഭിണിയാണ് എന്നറിയുന്ന ദിവസംതന്നെ അവളുടെ ഭര്‍ത്താവും അത്ഭുതകരമായി രോഗത്തില്‍നിന്ന് രക്ഷപ്പെടുന്നു. ഈ സ്ത്രീ എങ്ങനെയാണ് തന്‍റെ ഭര്‍ത്താവിനോട് സത്യം പറയുകയെന്നാണ്. സന്മാര്‍ഗ്ഗശാസ്ത്രക്ലാസ്സില്‍ ഇങ്ങനെയൊരു ചര്‍ച്ച ശ്വാസം അടക്കിപ്പിടിച്ചാണ് മറ്റു കുട്ടികള്‍ ശ്രദ്ധിക്കുന്നത്. ഇതു കഴിയുമ്പോള്‍ ഏറെ വികാരവിവശയായി എലിസബത്ത് പറയുന്നു. ഇത് ഒരു സാങ്കല്പിക കഥയല്ലേ ഞാന്‍ ഒരു യഥാര്‍ത്ഥ കഥ പറയാം. എനിക്കു ആറുവയസ്സുപ്രായമുള്ളപ്പോഴാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. യഹൂദരെ ഒന്നടങ്കം ഹോളേകോസ്റ്റിലേക്ക് - മരണത്തിലേക്ക് തള്ളിവിടുന്നു. എന്‍റെ അപ്പനും അമ്മയും അയല്‍വാസികളായ ഒരു കത്തോലിക്കാ കുടുംബത്തോട് എന്നെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പട്ടാളക്കാര്‍ വന്നു ചോദിക്കുമ്പോള്‍ ഒരു യഹൂദപെണ്‍കുട്ടി കത്തോലിക്കാ പെണ്‍കുട്ടിയാണെന്നും കള്ളസാക്ഷി പറയാന്‍ കഴിയാതെ ആ വീട്ടമ്മ കര്‍ഫ്യൂ തുടങ്ങുന്നതിനു തൊട്ടുമുമ്പ് എന്നെ അവിടെ നിന്ന് ഇറക്കിവിടുന്നു. ഏതോ ഒരു അജ്ഞാതകൈകളാണ് എന്നെ അന്നു രക്ഷിച്ചത്. ആ പറഞ്ഞുവിട്ട സ്ത്രീയാണ് താനെന്ന് പ്രൊഫ. സോഫിയ  അറിയുന്നു. പിന്നീട് അവര്‍ തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ എന്തുകൊണ്ടങ്ങനെ ചെയ്തു എന്നു വിശദീകരിക്കുകയും  അവരുടെ സംഭാഷണം ഒരു സ്നേഹലയത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ആ പഴയസ്ഥലങ്ങളെല്ലാം സോഫിയ എലിസബത്തിനു കാണിച്ചുകൊടുക്കുന്നു. ഏറെ സംഘര്‍ഷഭരിതമായ കാഴ്ചകളിലൂടെ എലിസബത്ത് കടന്നുപോകുന്നു. അവസാനം തന്‍റെ ഗവേഷണത്തിന്‍റെ ഭാഗമായി രണ്ടാം ലോകമഹായുദ്ധത്തില്‍ രക്ഷപ്പെട്ട തുന്നല്‍ക്കാരനായ ഒരു യഹൂദനെ കണ്ടെത്തുകയും അയാളോട് ആ കാലത്ത് അനുഭവിച്ച ദുരിതങ്ങളെ ഒന്നുകൂടി ഓര്‍ത്തു പറയാമോ എന്ന് ചോദിക്കുന്നു. അയാള്‍ക്ക് അതിനു സമ്മതമല്ല. തിരിച്ചുപോരുന്ന എലിസബത്തിനെ കാത്ത് കാറിനരികില്‍ സോഫിയ നില്ക്കുന്നുണ്ട്. അയാള്‍ തന്നോട് ഒന്നും പറഞ്ഞില്ല എന്നാണ് എലിസബത്ത് സോഫിയയോട് പറയുന്നത്. സോഫിയയുടെ മറുപടിയാകട്ടെ യുദ്ധകാലത്തും അതിനുശേഷവും അയാള്‍ സഹിക്കാവുന്നതിലേറെ സഹിച്ചുകഴിഞ്ഞു എന്നാണ്. വളരെ സ്നേഹപൂര്‍ണ്ണമുള്ള അവരുടെ സംഭാഷണം ജനലഴികള്‍ക്കുള്ളിലൂടെ തുന്നല്‍ക്കാരന്‍ നോക്കിനില്ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

ഒരു നിയമം അനുസരിച്ചതുമൂലം മനസ്സാക്ഷിയില്‍ ഏറെ ദുഃഖം കൊണ്ടുനടക്കേണ്ടിവന്ന സോഫിയയും (അവള്‍ ഏറ്റവും മിടുക്കിയായ സന്മാര്‍ഗ്ഗശാസ്ത്ര അധ്യാപികയാകുന്നു) ആ നിയമപാലനംകൊണ്ട് അതിന്‍റെ ഇരയായി തീരേണ്ടിവന്ന മറ്റൊരു പെണ്‍കുട്ടിയും. ഇവരുടെ ആന്തരസംഘട്ടനങ്ങളിലൂടെയാണ് ചിത്രം കാണികളോട് സംവദിക്കുന്നത്. ഈ ചിത്രം കാണുമ്പോള്‍ പുതിയ നിയമം എന്താണെന്ന് നമുക്ക് മനസ്സിലാകും. സാമ്പത്തിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ യേശു പറഞ്ഞല്ലോ നിയമം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ നിയമത്തിനുവേണ്ടിയല്ല എന്ന്. ഈ വാക്യത്തെ അടിവരയിടുകയാണ് കിസ്ലോവിസ്കിയുടെ എട്ടാം പ്രമാണം എന്ന സിനിമ.

സമീപദൃശ്യങ്ങളിലൂടെ ആന്തരസംഘര്‍ഷങ്ങളെ ശക്തമായി അവതരിപ്പിക്കുന്ന രീതി തന്നെയാണ് ഇതിന്‍റെ ചിത്രീകരണത്തിലും ഉപയോഗിച്ചിരുന്നത്. ഇതിലെ പുറംദൃശ്യം ഒരു തോട്ടമാണ.് പ്രഭാതസവാരിക്ക് സോഫിയ ഉപയോഗിക്കുന്ന ഇടം. പ്രകൃതിയുടെപച്ച അപൂര്‍വ്വമായി മാത്രമെ കിസ്ലോവിസ്കി ചിത്രങ്ങളില്‍ കടന്നുവരാറുള്ളൂ. മനുഷ്യമനസ്സുകളുടെ ആന്തരസംഘര്‍ഷമാണല്ലോ അദ്ദേഹത്തിന്‍റെ ചിത്രീകരണം. ഈ ചിത്രത്തില്‍ കത്തോലിക്കയായ ഏകദേശം വാര്‍ദ്ധക്യത്തോടടുത്ത സോഫിയയുടെ വേദന യുദ്ധകാലത്ത് താന്‍ എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്യാതിരുന്നു എന്നതാണ്. യഹൂദരെ ശത്രുക്കളായി കണ്ട ആ കാലം അവരെ വല്ലാതെ വേദനിപ്പിക്കുന്നു. ഓരോ മതത്തിന്‍റെ നിയമങ്ങളും ആ മതവിശ്വാസികളെ മനസ്സാക്ഷിയുടെ തടവിലാക്കുന്നു എന്നു പറയാതെ പറയുകയാണ് ഈ ചിത്രം. ഈ ചിത്രത്തിന്‍റെ കഥ തന്‍റെ സുഹൃത്തിന്‍റെ ജീവിതമാണെന്ന് കിസ്ലോവിസ്കി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts