news-details
മറ്റുലേഖനങ്ങൾ

പ്രകൃതിവാദികളുടെ വഴി

വസ്ത്രത്തിന്‍റെ ഒരുപയോഗം വസ്ത്രം ഉപേക്ഷിക്കുകയെന്നതാണ്. തീവ്രദുഃഖത്തിന്‍റെ നിമിഷത്തില്‍ മനുഷ്യര്‍ വസ്ത്രം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ മഹത്തായ ഒരുദാഹരണം ബൈബിള്‍ പഴയനിയമത്തിലെ ജോബിന്‍റെ പുസ്തകത്തിലുണ്ട്. ജോബിന്‍റെ ദുഃഖത്തിലും രോഗങ്ങളിലും കഠിനപീഡകളിലും പങ്കാളികളാവാനെത്തിയ ജോബിന്‍റെ സ്നേഹിതന്മാര്‍, തേമാനിയനായ എലീഫാസും ശൂഹിയനായ ബീല്‍ദാദും നാമാതിയനായ സോഫാറും ജോബിനെ കണ്ട് ദുഃഖം സഹിക്കാനാവാതെ ആദ്യം ചെയ്യുന്നത് അവരുടെ മേലങ്കികള്‍ കീറുകയും തലയിലേക്ക് പൂഴി വാരിയിടുകയുമാണ്. അവരുടെ ദുഃഖത്തിന്‍റെയും സഹഭാവത്തിന്‍റെയും ആദ്യപ്രകടനം വസ്ത്രം ഉരിഞ്ഞെറിയലായിരുന്നു. ദുഃഖം വസ്ത്രത്തെ അപ്രസക്തമാക്കുന്നു. ഏറ്റവും നൈസര്‍ഗ്ഗികമായ വികാരങ്ങളുടെ ഘട്ടങ്ങളിലെല്ലാം വസ്ത്രം ഉരിഞ്ഞെറിയാനാണ് മനുഷ്യര്‍ ആഗ്രഹിക്കുക.

ചില പ്രത്യേക കാര്യങ്ങള്‍ക്കുവേണ്ടി ഒരു ശിക്ഷയെന്ന നിലയില്‍ നഗ്നരാവുന്ന ശീലം ആഫ്രിക്കയിലെ സ്ത്രീകള്‍ക്കുണ്ട്. സ്ത്രീകള്‍ക്ക്, ജീവന്‍ നല്‍കാനും തിരിച്ചെടുക്കാനുമുള്ള കഴിവുണ്ട് എന്ന വിശ്വാസം ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലുണ്ട്. തെറീസാ ടര്‍ണറെപോലുള്ള നരവംശശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

വിദേശികളുടെ മുന്നില്‍ വസ്ത്രമുരിഞ്ഞിട്ടാല്‍ ഷണ്ഡത്വവും ഭ്രാന്തും വരുമെന്നാണ് നൈജീരിയായിലെ ആദിവാസികളുടെ വിശ്വാസം. നൈജീരിയായിലെ പെട്രോളിയം വ്യവസായത്തിനെതിരെയുള്ള കൂട്ടായ ചെറുത്തുനില്‍പ്പില്‍ ഈ വിശ്വാസം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

സഹാറാ പ്രദേശത്തെ യുവാക്കള്‍ ചില പ്രത്യേക അവസരങ്ങളില്‍ പൂര്‍ണ്ണനഗ്നരായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇണയെ ആകര്‍ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍, പല നാടുകളിലും ഇണയെ ആകര്‍ഷിക്കാന്‍ വിലകൂടിയ വസ്ത്രം ധരിക്കുകയാണ് ചെയ്യുക.

ഓരോ സമൂഹവും ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ നഗ്നത കണ്ടുപിടിക്കാറുണ്ട്. ചില ശാന്തസമുദ്ര ദ്വീപുകളില്‍ പുരുഷന്മാര്‍ ലിംഗവും വൃഷ്ണവും മാത്രം പൊതിയാന്‍ തക്ക ഒരു കവചം (Penis Sheath)മാത്രമാണ് ധരിക്കുക. ഈ കവചം ധരിക്കാത്തവരെയാണ് നഗ്നരായി കണക്കാക്കുക.

കുറേക്കാലം മറച്ചുവെച്ച ഏതു ശരീരഭാഗവും നഗ്നതയുടെ അനുഭവമുണ്ടാക്കാം. സ്ഥിരമായി കണ്ണട ധരിച്ചു നടന്നിരുന്ന ഒരു പെണ്‍കുട്ടിയോട് അദ്ധ്യാപകന്‍ കണ്ണടയെടുത്തുമാറ്റാന്‍ പറഞ്ഞപ്പോള്‍ അവള്‍ കണ്ണടയൂരി അത്യധികമായ നാണത്തോടെ കണ്ണുപൊത്തിപ്പിടിച്ചത് ഒരിക്കല്‍ കണ്ടിട്ടുണ്ട്. കണ്ണിന്‍റെ വസ്ത്രമായി അവള്‍ കണ്ണടയെ അനുഭവിക്കാന്‍ തുടങ്ങിയിരുന്നിരിക്കണം.

നഗ്നശരീരത്തെ പാപകേന്ദ്രമായി കാണുന്ന ഒരു വീക്ഷണം ലോകത്തെല്ലായിടത്തും പല കാലങ്ങളിലായി വളര്‍ന്നുവന്നിട്ടുണ്ട്. ഇതൊരുതരം പ്ലാറ്റോണിസം (Platonic asceticism)  തന്നെയാണ്. ഈ വീക്ഷണമനുസരിച്ച് ആത്മാവ് പരിശുദ്ധവും ശരീരം പാപപങ്കിലവുമാണ്. ആശയം(Idea) നല്ലതും വസ്തു(matter) ചീത്തയുമാണ് എന്ന വീക്ഷണം തന്നെയാണിത്. അതുകൊണ്ട് തിന്മയുറ്റ ശരീരം (evil body) ആവരണം ചെയ്യണം അഥവാ വസ്ത്രം ധരിക്കണം എന്നിടത്താണ് ഈ വീക്ഷണം ശ്രദ്ധയൂന്നുന്നത്.

നിയോ പ്ലാറ്റോണിസത്തിന്‍റെ ഉപജ്ഞാതാവായ ഗ്രീക്ക് ചിന്തകന്‍ പ്ലോട്ടിനസ് (Plotinus 204 -270 AD) ശരീരത്തെ പാപകേന്ദ്രമായി കാണുന്ന ദര്‍ശനം ലോകത്താകമാനം പ്രചരിപ്പിച്ചു. പ്ലോട്ടിനസിന്‍റെ രചനകള്‍, പേഗന്‍, ക്രിസ്ത്യന്‍, ജൂത, ഇസ്ലാം, ഗ്നോസ്റ്റിക് മതങ്ങളെയാകെ സ്വാധീനിച്ചു. അതിഭൗതിക വാദികളെയും മിസ്റ്റിക്കുകളെയുമെല്ലാം പ്ലോട്ടിനസ് സ്വാധീനിച്ചു. പ്ലോട്ടിനസിനു ശേഷം 150 വര്‍ഷം കഴിഞ്ഞ് സെന്‍റ് അഗസ്റ്റിന്‍ പ്ലോട്ടിനസിന്‍റെ ചിന്തകളില്‍ ആകൃഷ്ടനായി. പാശ്ചാത്യ ക്രൈസ്തവസഭയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച സെന്‍റ് അഗസ്റ്റിന്‍ ഇഹലോകസുഖങ്ങള്‍ക്കും ലൈംഗികതയ്ക്കും എതിരായിരുന്നു. പ്ലാറ്റോണിസം പ്ലോട്ടിനസിലൂടെ സെന്‍റ് അഗസ്റ്റിനില്‍ പ്രവര്‍ത്തിച്ചത് ബ്രഹ്മചര്യത്തിന്‍റെയും സന്ന്യാസത്തിന്‍റെയും രൂപത്തിലാണ്. അത് പിന്നീട് സന്ന്യാസിമഠപ്രസ്ഥാനത്തിനും കാരണമായി.

19-ാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ഇംഗ്ലണ്ടില്‍ അധികാരത്തില്‍ വന്ന വിക്ടോറിയാ രാജ്ഞിയുടെ സദാചാര സങ്കല്പങ്ങള്‍ നഗ്നതയെ ഏതര്‍ത്ഥത്തിലും വിലക്കുന്നതായിരുന്നു. അമേരിക്കയിലും യൂറോപ്പിലും ബ്രിട്ടന്‍റെ കോളനി രാജ്യങ്ങളിലുമെല്ലാം ഈ സങ്കല്പങ്ങള്‍ സ്വാധീനം ചെലുത്തി. വസ്ത്രത്തിന്‍റെ ജന്മപരമ്പരകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ വിക്ടോറിയന്‍ കാലഘട്ടത്തെ അവഗണിക്കാനാവില്ല.

ശരീരത്തെ ആത്മാവിന്‍റെ ശവകുടീരം എന്ന് വിശേഷിപ്പിച്ചവരുണ്ട്. ശരീരത്തെ ആത്മാവിനെ കുഴിച്ചുമൂടാനുള്ള ഇടമായി കാണുന്നത് നഗ്നതയെ ഭയക്കുകയും അവമതിക്കുകയും ചെയ്യുന്ന ചിന്തകളിലും നിലപാടുകളിലുമാണ്.

നഗ്നതയെക്കുറിച്ചുള്ള മുന്‍പറഞ്ഞ വീക്ഷണഗതികള്‍ ബൈബിളിനെതിരാണെന്നാണ് ക്രിസ്തീയ പ്രകൃതി വാദികള്‍ (Christian naturalist)  പറയുന്നത്. ബൈബിള്‍ പ്രബോധനങ്ങളെ കൂട്ടുപിടിച്ചാണ് ക്രിസ്ത്യന്‍ നാച്ചുറലിസ്റ്റുകള്‍ നഗ്നതയുടെ പാവനതയെ വാദിച്ചുറപ്പിക്കുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം ശരീരം ആവരണം ചെയ്യുകയെന്നതിനര്‍ത്ഥം ശരീരത്തെ ലൈംഗികവത്കരിക്കുകയെന്നാണ്. ആളുകളുടെ സാധാരണ വീക്ഷണമനുസരിച്ച് നഗ്നതയും ലൈംഗികതയും തമ്മില്‍ ചേര്‍ന്നുനില്‍ക്കുമ്പോള്‍ നാച്ചുറലിസ്റ്റുകളുടെ വീക്ഷണത്തില്‍ വസ്ത്രവും ലൈംഗികതയും തമ്മിലാണ് ചേര്‍ന്നുനില്‍ക്കുന്നത്.

സംഘടിത രൂപത്തിലുള്ള ക്രിസ്ത്യന്‍ നാച്ചുറലിസം അമേരിക്കയിലും കാനഡയിലും നെതര്‍ലാന്‍ഡിലും ബ്രസ്സീലിലുമാണ് നിലനില്‍ക്കുന്നത്. ദൈവത്തിന്‍റെ ഒടുക്കത്തെ മഹത്തായ സൃഷ്ടിയാണ് മനുഷ്യശരീരം എന്നതാണ് ഇവരുടെ സങ്കല്പം. ആളുകളുടെ പൊതുസങ്കല്പം വസ്ത്രം അവരെ പാപത്തില്‍നിന്നു തടയുന്നു എന്നതാണ്. എന്നാല്‍ സത്യം മറിച്ചാണെന്ന് നാച്ചുറലിസ്റ്റുകള്‍ വാദിക്കുന്നു. വസ്ത്രം പാപത്തിലേക്കടുപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രകൃതിവാദികളുടെ സങ്കല്പമനുസരിച്ച് വസ്ത്രത്തിന്‍റെ ഉദ്ഘാടകന്‍ സാത്താന്‍ ആണ്. സാത്താന്‍ സര്‍പ്പത്തിന്‍റെ രൂപത്തില്‍ വന്ന് വിലക്കപ്പെട്ട കനി തിന്നാന്‍ ഹവ്വയെ പ്രേരിപ്പിക്കുകയും ഹവ്വ അത് തിന്നുകയും പിന്നെ ആദമിനെ അത് തീറ്റുകയും ചെയ്തതുകൊണ്ടാണ് അവര്‍ ഇരുവരുടെയും കണ്ണുകള്‍ തുറക്കുന്നതും തങ്ങള്‍ നഗ്നരാണെന്ന് മനസ്സിലാക്കുന്നതും അത്തിയിലകള്‍ കൂട്ടിത്തയ്ച്ച് അരമറയ്ക്കുന്നതും. ദൈവത്തിന് ആദാമിന്‍റെയും ഹവ്വയുടെയും നഗ്ന ശരീരത്തിലായിരുന്നു താല്പര്യം. ദൈവം തന്‍റെ സൃഷ്ടികളെ ഉടുപുടവകളില്ലാതെ കാണാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വസ്ത്രം ദൈവേച്ഛക്ക് എതിരാണെന്ന് ക്രിസ്ത്യന്‍ നാച്ചുറലിസ്റ്റുകള്‍ വാദിക്കുന്നു. ലൈംഗികാവയവമാണ് ലജ്ജാവിഷയമെന്നത് സാത്താന്‍റെ ആശയമാണ്. അതിനു കാരണം സാത്താന് ദൈവത്തെപ്പോലെ സൃഷ്ടിക്കാനുള്ള കഴിവില്ല എന്നതാണ് എന്ന് ക്രിസ്ത്യന്‍ നാച്ചുറലിസ്റ്റുകള്‍ വാദിക്കുന്നു.

മനുഷ്യശരീരം തിന്മയുടെയും ആത്മാവ് നന്മയുടെയും പ്രതിനിധിയാണ് എന്ന സങ്കല്പത്തെ നാച്ചുറലിസ്റ്റുകള്‍ എതിര്‍ക്കുന്നുണ്ട്. ആത്മാവ് കുടികൊള്ളുന്ന ദേവാലയമാണ് ശരീരം എന്നതാണ് ഇവരുടെ സങ്കല്പം.

ശരീരത്തെ അപമാനകരമായി കാണുന്ന വീക്ഷണഗതി പല ശിക്ഷാമുറകളിലൂടെയും ആവര്‍ത്തിക്കുന്നുണ്ട്. ആളുകളെ അപമാനിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് പല രാജ്യങ്ങളിലും വസ്ത്രമുരിഞ്ഞിടല്‍. 2003-ല്‍ ഇറാക്കില്‍ അധിനിവേശം നടത്തിയ അമേരിക്കന്‍ പട്ടാളക്കാര്‍ അബൂഗാരിബ് തടങ്കല്‍ പാളയത്തില്‍വെച്ച്, കീഴടങ്ങിയ ഇറാക്കി പട്ടാളക്കാരെ നഗ്നരാക്കി ഫോട്ടോയെടുത്ത് രസിക്കുകയായിരുന്നു. സ്ത്രീകളായ സൈനികരാണ് ഈ സുകുമാരകലയില്‍ കൂടുതല്‍ മികവുകാട്ടിയിരുന്നത്. നഗ്നരാക്കല്‍ ഒരു ദൈഹികശിക്ഷ (Corporal Punishment)  എന്ന നിലയിലും ഉപയോഗിക്കുന്നുണ്ട്. നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ ആളുകളെ നഗ്നരാക്കിയാണ് പീഡിപ്പിച്ചിരുന്നത്.

ക്രിസ്തുമതത്തിലെ സ്നാപകന്‍(Baptist)മാര്‍ നഗ്ന ശരീരത്തെയാണ് ആദരിക്കുന്നത്. ശരീരത്തെ നഗ്നമാക്കാനുള്ള ഒരവസരവും അവര്‍ പാഴാക്കുകയില്ല. ആഭരണങ്ങള്‍വരെ അഴിച്ചുമാറ്റണമെന്നാണ് അവര്‍ പറയുക. ആദ്യകാല ക്രിസ്റ്റ്യന്‍ കലയില്‍ ഈ ബാപ്റ്റിസ്റ്റ് മനോഭാവം പ്രകടമായിരുന്നു.

നഗ്നതയെപ്പോലെത്തന്നെ വസ്ത്രത്തിനും സ്വന്തമായിത്തന്നെ ഒരു വിനിമയലോകം രൂപീകരിക്കാന്‍ കഴിയുന്നുണ്ട്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നയാള്‍ക്ക് വെറുതെ തന്നെ ഒരു പ്രാധാന്യം വന്നുചേരുന്നുണ്ട്. വെള്ളവസ്ത്രം മാത്രം ധരിച്ചു നടക്കുന്നയാള്‍ക്ക് ആ വസ്ത്രംകൊണ്ടുതന്നെ ഒരു മാന്യത കൈവരുന്നുണ്ടല്ലോ. ഒരേ നിറത്തിലുള്ള വസ്ത്രം, ചെരുപ്പ്, എന്നിവയെല്ലാം വ്യക്തിയെ മറ്റുള്ളവരുടെ മനസ്സില്‍ പ്രത്യേകമായി അടയാളപ്പെടുത്തും. വെളുത്തവസ്ത്രം നിത്യേന ധരിച്ചു നടക്കുന്നയാള്‍ വിശുദ്ധനായും കാരുണ്യവാനായും വിലയിരുത്തപ്പെടാറുണ്ടല്ലോ. വ്യക്തി വൈശിഷ്ട്യമൊന്നുമില്ലെങ്കിലും വസ്ത്രം തനിച്ചു തന്നെ സാധിച്ചെടുക്കുന്ന ഒരു പരിവേഷമാണിത്.

വെളുത്ത വസ്ത്രത്തിന് കൈവന്ന വിശുദ്ധിയുടെ പ്രതീകമൂല്യം തികഞ്ഞ ഒരു കൊലപാതകിക്കും കള്ളനും കൗശലക്കാരനും ഉപയോഗിക്കാം. ഇക്കാലത്ത് കൊലപാതകികളും വന്‍കവര്‍ച്ചക്കാരുമെല്ലാം വൃത്തിയായി വസ്ത്രം ധരിക്കുന്നവരാണ്. പലരും സുന്ദരന്മാരുമാണ്. റൗഡിയെന്നോ തെമ്മാടിയെന്നോ പറഞ്ഞ് ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ പണ്ട് കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ അവരുടെ വേഷവിധാനത്തിലൂടെത്തന്നെ സ്വയം വെളിപ്പെടുത്തുമായിരുന്നു. ഈ കാലത്തിന്‍റെ ഒരു പ്രത്യേകത വസ്ത്രത്തെ സ്വന്തം ആന്തരിക ലോകം മറച്ചുവെക്കാനുപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നതാണ്.

തെരുവുചട്ടമ്പിമാരെ പണ്ട് തിരിച്ചറിയാനുള്ള മാര്‍ഗ്ഗം അവരുടെ കൊമ്പന്‍മീശയും തെറുത്തുവെച്ച കുപ്പായക്കൈയും മറ്റുമായിരുന്നു. അവരില്‍ പലരും സ്വയം ഭയപ്പെടാതിരിക്കാന്‍ മറ്റുള്ളവരെ ഭയപ്പെടുത്തിയിരുന്നവരാണ്. സ്വന്തം ഞെട്ടലകറ്റാനാണ് അവര്‍ മറ്റുള്ളവരെ ഞെട്ടിച്ചിരുന്നത്. എന്നാല്‍ ഇന്ന് കൊലപാതകി ആരാണെന്ന് അവരുടെ വസ്ത്രത്തിലൂടെ തിരിച്ചറിയാനാവില്ല. അന്യന്‍റെ ശരീരത്തിലേക്ക് ആയുധം കുത്തിയിറക്കുമ്പോഴും അവരുടെ ശരീരത്തില്‍ അതിലോലമായ വസ്ത്രം ചുളിവു വീഴാതെ കിടക്കുന്നുണ്ടായിരിക്കും.

'നന്മ' 'തിന്മ' എന്നീ ദ്വന്ദ്വങ്ങള്‍ പരസ്പരം അലിഞ്ഞു ചേരുകയും അവ സാര്‍വ്വജനീനമായ ദ്വന്ദ്വങ്ങളല്ലാതായി മാറുകയും ചെയ്ത ഒരു കാലത്തിന്‍റെ പ്രതിനിധിയാണ് മുന്‍പറഞ്ഞ വസ്ത്രധാരണം.

ഏതു മുഖംമൂടിയും സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ മുഖം തന്നെയായി മാറും. വസ്ത്രവും അങ്ങനെതന്നെ. എന്നും ധരിക്കുന്ന വസ്ത്രം വ്യക്തിയെ അയാളറിയാതെതന്നെ ആ വസ്ത്രത്തിന്‍റെ നിയന്ത്രണ വൃത്തത്തിനകത്തേക്കു കൊണ്ടുവരും. പിന്നീട് ആ വസ്ത്രം ധരിച്ചാലേ ദിനചര്യ ശരിയാവൂ എന്നിടത്തെത്തും. ഇളംനീല നിറത്തിലുള്ള കുപ്പായമിട്ടു വരുന്ന ദിവസം കുട്ടികളെ കാരണമൊന്നുമില്ലാതെ അടിക്കുന്ന ഒരദ്ധ്യാപകന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കുപ്പായം കണ്ടാല്‍ അന്ന് അടികിട്ടുന്ന ദിവസമാണെന്ന് കുട്ടികള്‍ ഉറപ്പിക്കും. ഇളംനീല കുപ്പായമിട്ട ദിവസം കുട്ടികളെ അടിക്കാതിരിക്കുന്നത് എന്തോ തെറ്റു ചെയ്യുന്നതുപോലെയാണെന്ന ഒരു തോന്നല്‍ അദ്ധ്യാപകനും ഉണ്ടായിരുന്നിരിക്കണം. അത് അഭ്യസന(learning)ത്തിന്‍റെ ഒരു പ്രശ്നമാണ്. വസ്ത്രം വ്യക്തിത്വത്തെ രൂപീകരിക്കുന്നതിന്‍റെ ഒരു വഴി ഇതാണ്. ഒരു വസ്ത്രവുമായി സാത്മീകരണം വരുമ്പോഴാണ് ആ വസ്ത്രം നിങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങുക. ജീവനുള്ള മനുഷ്യനെ ഇപ്രകാരം ജീവനില്ലാത്ത പലതിനും നിയന്ത്രിക്കാന്‍ കഴിയും.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts