news-details
മറ്റുലേഖനങ്ങൾ

ലൈംഗികതയുടെ നൈസര്‍ഗികമായ ആസ്വാദ്യതയും ആത്മീയപരിപാവനതയും

ലൈംഗികത വിവിധ മതപ്രബോധനങ്ങളില്‍

ലോകത്തില്‍ ഏറ്റവും പൗരാണികത അവകാശപ്പെടുന്ന ഹിന്ദുമതം നിയതമായ അര്‍ത്ഥത്തില്‍ ഒരു മതമല്ല (Religion). സനാതനധര്‍മ്മം എന്നതു സന്മാര്‍ഗ്ഗജീവിതം നയിക്കാനുതകുന്ന ജീവിതരീതികള്‍ വിവരിക്കുന്ന സംഹിതയാണ്. ഭാരതീയ സംസ്കാരത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട സന്മാര്‍ഗസംഹിത Hinduism എന്നു വ്യവഹരിക്കപ്പെട്ടുപോരുന്നു. എല്ലാ മതപ്രബോധനങ്ങളിലും ലൈംഗികതയെ ആത്മീയതയുമായി ബന്ധപ്പെടുത്തിയുള്ള വിചിന്തനങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ലൈംഗികതയെ മതാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗപ്പെടുത്തുന്ന ഒരു മതമാണ് ഹിന്ദുമതം.

ഹൈന്ദവ വിശ്വാസമനുസരിച്ച് മനുഷ്യജീവിതം  ചതുരാശ്രമങ്ങളില്‍ക്കൂടെ പൂര്‍ത്തീകരിക്കേണ്ടതാണ് (4 stations in life).. നാല് ആശ്രമങ്ങളില്‍ ആദ്യത്തേത് ബ്രഹ്മചര്യം എന്ന വിദ്യാഭ്യാസകാലമാണ്. ഗുരുകുലസമ്പ്രദായത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നു. ബ്രഹ്മചാരിയായിരിക്കുന്ന കാലത്ത് ലൈംഗികബന്ധങ്ങളിലേര്‍പ്പെട്ടാല്‍ ബുദ്ധിമാന്ദ്യത്തിനു കാരണമാകും എന്ന് ഗുരുവചനങ്ങള്‍ പഠിപ്പിക്കുന്നു. ഗൃഹസ്ഥാശ്രമത്തില്‍, വിവാഹം കഴിച്ചു ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ച് ലൈംഗികബന്ധങ്ങളുടെ സുഖവും സംതൃപ്തിയും ആസ്വദിച്ച് കുടുംബജീവിതത്തിലൂടെ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി അവര്‍ക്ക് സംരക്ഷണവും സന്തോഷവും പ്രദാനം ചെയ്തു അവര്‍ താന്‍ പോരിമ കൈവരിക്കുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഉഭയ സമ്മതപ്രകാരം അടുത്ത ആശ്രമമായ വാനപ്രസ്ഥത്തിലേക്കും (ഭാര്യാ സമേതമോ അല്ലാതെയോ) തുടര്‍ന്ന് സര്‍വ്വസംഗപരിത്യാഗിയായി ശിഷ്ടായുസ്സ് സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകി ജീവിതചക്രം പൂര്‍ത്തിയാക്കുന്നു.

ലൈംഗികതയ്ക്കും ലൈംഗികവൃത്തിക്കും ഏറെ പ്രാധാന്യം നല്‍കുന്ന ജീവിതരീതിയാണ് ഹിന്ദുമതപ്രബോധനങ്ങളില്‍ വിവരിക്കുന്നത്. ക്ഷേത്രങ്ങളിലെ ആരാധനയുടെ ഭാഗമായി ലൈംഗികാനുഷ്ഠാനങ്ങളും വേശ്യാവൃത്തിയും നിലവിലുണ്ടായിരുന്നു (Temple Prostitution) അനുഷ്ഠാനകര്‍മ്മങ്ങളുടെ ഭാഗമായിരുന്ന വേശ്യാവൃത്തി ദേവപ്രീതിക്കുതകും എന്നും വിശ്വസിച്ചിരുന്നു. ലൈംഗികവൃത്തിയില്‍ ദൈവികതയും ആത്മീയതയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള തത്വചിന്തകളും ജീവിതവീക്ഷണങ്ങളും ഭാരതീയ ജ്ഞാനാന്വേഷണത്തിന്‍റെ അനന്യ ഫലസിദ്ധിയാണ്. ലിംഗ പൂജയും യോനിയുടെ അഭിവന്ദ്യതയും ഹൈന്ദവവിശ്വാസധാരയിലെ പൂര്‍വ്വാര്‍ജ്ജിത ചിന്തകളാണ്. പൗരുഷത്തിന്‍റെ മൂര്‍ത്തിയായ ശിവന്‍റെ ലിംഗവും സ്ത്രൈണഭാവത്തിന്‍റെ പ്രതിരൂപമായി യോനിയുടെ രൂപങ്ങളും ഹൈന്ദവപാരമ്പര്യത്തില്‍ ഊര്‍വരതയുടെ (Fertility)ഉപാസനാമൂര്‍ത്തികളാണ്. ലൈംഗികതയുടെ മൂര്‍ത്തിമദ്ഭാവം ശ്രീകൃഷ്ണ ഭക്തിയിലാണ് പ്രകടമാകുന്നത്. നദിയില്‍ നീരാടുന്ന ഗോപസ്ത്രീകളുടെ വസ്ത്രങ്ങള്‍ ഒളിപ്പിച്ചുവച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്ത്രീകളോട് തലയില്‍ കൈവച്ചു തന്‍റെ മുമ്പിലെത്തിയാല്‍ വസ്ത്രങ്ങള്‍ തിരികെ നല്‍കാമെന്നു പറയുന്നതിലെ പൊരുള്‍ ഭഗവാന്‍റെ മുമ്പില്‍ അനാവൃതമാകുന്ന ആത്മീയമായ നഗ്നതയാണ് (Spiritual Nakedness) ദ്യോതിപ്പിക്കുന്നതെന്ന യോഗാത്മക വിശദീകരണമാണ് (Mystical Explanation)  പണ്ഡിതന്മാര്‍ നല്‍കുന്നത്. ഗോപസ്ത്രീകളില്‍ പരമസുന്ദരിയായ രാധയും കൃഷ്ണനും തമ്മിലുള്ള ഗാഢമായ പ്രേമത്തിനും ലൈംഗികബന്ധങ്ങള്‍ക്കും അവിഹിതവേഴ്ചയുടെ അപഖ്യാതിയുണ്ട്. രാധ വിവാഹിതയാണ്; ഭര്‍ത്താവിനെ ഉപേക്ഷിച്ചുകൊണ്ടായാലും പ്രേമപാരവശ്യത്തിലൂടെയുള്ള ഭഗവദ്സേവയാണ് സായൂജ്യദായകമെന്ന തിരിച്ചറിവാണ് രാധാ-കൃഷ്ണ സംഗമത്തിലൂടെ വെളിവാക്കപ്പെടുന്നത്. രതിയുടെ അതിപ്രസരമുള്ള വിവരണങ്ങള്‍ കൊണ്ട് പുഷ്കലമാണ് എ.ഡി. 10-ാം നൂറ്റാണ്ടില്‍ വിരചിതമായ 'ബ്രഹ്മവൈവര്‍ത്ത പുരാണത്തില്‍' രാധാ-കൃഷ്ണ ലീലകളായി വര്‍ണ്ണിക്കപ്പെടുന്നത്.

ഹൈന്ദവക്ഷേത്രശില്‍പങ്ങളിലും ചിത്രങ്ങളിലും രതിഭാവങ്ങളുടെ വൈവിധ്യമാര്‍ന്ന രചനകള്‍ സമൃദ്ധമായി പ്രതിപാദന വിഷയമാണ്. ലൈംഗിക ബന്ധങ്ങളിലെ സ്വഭാവികവും അസ്വാഭാവികവുമായ രീതികളുടെ കഥനങ്ങള്‍ ഏറെയുണ്ടെങ്കിലും വൈവാഹികബന്ധത്തിലെ വിശ്വസ്തതയുടെ ഉദാഹരണങ്ങളും ഹൈന്ദവഗ്രന്ഥങ്ങളില്‍ സുലഭമാണ്. നളനും ദമയന്തിയും, സത്യവാനും സാവിത്രിയും - കേവലം രതിവര്‍ണ്ണനകള്‍ മാത്രമല്ല. ലൈംഗികജീവിതത്തിന്‍റെ ആസ്വാദ്യതയിലൂടെ സന്മാര്‍ഗ്ഗ ജീവിതരീതികള്‍ പുലര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഹൈന്ദവമതഗ്രന്ഥങ്ങളിലെ പ്രബോധനങ്ങളുടെ അന്തസ്സത്ത.

യഹൂദമതം

സ്ത്രീക്കും പുരുഷനും വിവാഹത്തിന്‍റെ പരിപ്രേക്ഷ്യത്തില്‍ മാത്രം അനുവദനീയമായ പാവന കര്‍മ്മമായിട്ടാണ് ലൈംഗികജീവിതത്തെപ്പറ്റിയുള്ള യഹൂദമതവീക്ഷണം. അവിഹിത വേഴ്ചകളില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലാനാണ് മോശയുടെ നിയമാവലി ഉള്‍ക്കൊള്ളുന്ന തോറയിലെ വിധി.

ഇസ്ലാം മതം

ഇസ്ലാം മതപ്രബോധനങ്ങളില്‍ ലൈംഗികമായ ആഗ്രഹങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അതിരുവിട്ട മോഹങ്ങള്‍ അപകടമേഖലകളാണെന്നും മുന്നറിയിപ്പുനല്‍കി വിലയിരുത്തപ്പെടുന്നു. വിവാഹം പുണ്യജീവിതത്തില്‍ മുന്നേറുന്നതിന് വിഘാതമല്ല. നിയന്ത്രണത്തോടെയുള്ള ലൈംഗികജീവിതം ആത്മീയ യാത്രയുടെ പാവനതക്കും പുരോഗമനത്തിനും തടസ്സവുമല്ല. വിവാഹജീവിതത്തെ സൂചിപ്പിക്കുന്ന 'നിക്കാഹ്' എന്ന വാക്കിന്‍റെ നിഷ്പത്തി ലൈംഗികബന്ധം എന്നതില്‍ നിന്നാണ്. ഒന്നിലധികം ഭാര്യമാര്‍ മതപാരമ്പര്യത്തില്‍ നിഷിദ്ധവുമല്ല.

ക്രിസ്തുമത പ്രബോധനങ്ങള്‍

ആദ്യകാല ക്രിസ്ത്യന്‍ സമൂഹങ്ങള്‍ പഴയ നിയമഗ്രന്ഥങ്ങളിലെ പല സന്മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലൈംഗികബന്ധങ്ങളില്‍ നിഷ്കര്‍ഷതയോടെ പിന്തുടര്‍ന്നിരുന്നു. ലൈംഗികാഭിനിവേശങ്ങള്‍ വിവാഹജീവിതത്തില്‍ മാത്രം പ്രകടിപ്പിക്കേണ്ട വികാരമാണ്. അല്ലാതെയുള്ള ലൈംഗികവികാരങ്ങള്‍ മനസാവാചാകര്‍മ്മണാ ആസക്തികളും പാപകരവുമായി കണക്കാക്കപ്പെട്ടിരുന്നു. അഞ്ചാം നൂറ്റാണ്ടോടെ വിശുദ്ധ ആഗസ്തീനോസിന്‍റെ പഠനങ്ങള്‍ക്കനുസൃതമായി നൈസര്‍ഗികമായ ലൈംഗിക ചിന്തകള്‍ 'ഉത്ഭവപാപത്തിന്‍റെ' സാര്‍വ്വജനീനമായ ഫലസിദ്ധിയായി കരുതപ്പെടുന്നു.

കത്തോലിക്കാമതബോധനഗ്രന്ഥത്തില്‍ (CCC) പ്രത്യുല്‍പാദന മാര്‍ഗ്ഗമെന്ന നിലക്ക് സൃഷ്ടികര്‍മ്മത്തില്‍ സ്രഷ്ടാവായ ദൈവം സൃഷ്ടികളുടെ സഹകരണത്തോടെ നിറവേറ്റുന്ന പരിപാവനമായ കര്‍മ്മമായാണ് ലൈംഗികബന്ധത്തെ വിവരിക്കുന്നത്. ലൈംഗികബന്ധത്തിനു രണ്ടു ധര്‍മ്മങ്ങളുണ്ട്. ഭിന്നലിംഗക്കാരായ സ്ത്രീയും പുരുഷനും ഒന്നായിചേരുന്ന (Unitive) ധര്‍മ്മം. രണ്ട്, പ്രത്യുല്‍പാദനപരമായ ധര്‍മ്മം (Procreative) പ്രത്യുല്‍പാദനക്ഷമതയെ ഒഴിവാക്കി ലൈംഗികസുഖത്തിനുമാത്രം അമിതപ്രാധാന്യം നല്‍കിക്കൊണ്ടുള്ള മിക്കവാറും എല്ലാ മാര്‍ഗ്ഗങ്ങളും സ്രഷ്ടാവിന്‍റെ സദുദ്ദേശ്യങ്ങള്‍ക്കു നിരക്കാത്ത പ്രവൃത്തികളാണ്, ലൈംഗികതയുടെ പാവനതക്ക് വിരുദ്ധമായ നിലപാടുകളുമാണ്.  എന്നാല്‍ ശാരീരികവും മാനസികവുമായ അച്ചടക്കങ്ങള്‍ പാലിച്ചുകൊണ്ട് ദൈവനീതിക്കു നിരക്കുന്ന തരത്തിലുള്ള ലൈംഗികക്രമീകരണങ്ങള്‍ തിരുസഭ അനുവദിക്കുന്നുമുണ്ട്. ഉദാഹരണം, സ്വാഭാവിക കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ (NFP) അവലംബിച്ചുകൊണ്ടുള്ള ലൈംഗികബന്ധങ്ങള്‍.

ലൈംഗികബന്ധങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രത്യുല്‍പാദന ധര്‍മ്മത്തിനു വിഘാതം സൃഷ്ടിക്കുന്ന എല്ലാ രീതികളും ഉറകള്‍(Condoms), ഡയഫ്രങ്ങള്‍, പുരുഷബീജങ്ങളെ നിര്‍ജ്ജീവമാക്കുന്ന ജെല്ലുകള്‍, യോനിയില്‍ നിക്ഷേപിക്കുന്ന ഗുളികകള്‍ തുടങ്ങിയവയും ലൂപ്പുകള്‍, കോപ്പര്‍ ടി മുതലായവയും പ്രത്യുല്‍പാദനസാധ്യതയുടെ 'തുറവിക്ക്' (Openness) തടസ്സം നിന്നുകൊണ്ട്, ആസ്വാദ്യതക്കും ആസക്തിപൂരണത്തിനും വേണ്ടി മാത്രമായി ലൈംഗികബന്ധങ്ങളെ 'കൈകാര്യം ചെയ്യുന്നത്' (Manipulate) പാപകരമായ രീതികളാണ് എന്നതിനു സംശയമില്ല.

ലൈംഗികത: കത്തോലിക്ക വീക്ഷണത്തില്‍

ലൈംഗിക ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ധാര്‍മ്മിക മൂല്യങ്ങള്‍ എന്നും കത്തോലിക്കാ സഭയിലെ സജീവമായ ചര്‍ച്ചാവിഷയമായിരുന്നു. ഇന്നും ആണുതാനും. സഭയുടെ ഔദ്യോഗികപഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ലൈംഗികവൃത്തിയുടെ ആത്യന്തിക ലക്ഷ്യങ്ങള്‍ പ്രത്യുല്‍പാദനവും പരസ്പരസ്നേഹത്തിന്‍റെ പ്രകാശനവുമാണ് എന്നാണ്. വ്യക്തിയുടെ ലൈംഗികചോദനകളോടുള്ള ഓരോ പ്രതികരണവും പ്രത്യുല്‍പാദനത്തിനുള്ള 'തുറവ്' നിലനിര്‍ത്തിക്കൊണ്ടുള്ള പരസ്പരസ്നേഹത്തിന്‍റെ ബാഹ്യപ്രകടനങ്ങളായിരിക്കണം. പ്രത്യുല്‍പാദനവും പരസ്പരം ഒന്നാകലും(Procreative and unitize) എന്ന ലൈംഗികതയിലെ ഇണപിരിക്കാനാവാത്ത ഇരട്ട ലക്ഷ്യങ്ങളെ പുരസ്കരിച്ചുകൊണ്ടുള്ള കത്തോലിക്കാസഭയുടെ എല്ലാ പ്രബോധനങ്ങളും രൂപംകൊണ്ടിട്ടുള്ളത് ദൈവകല്പിതമായ ഈ രണ്ടു വിശ്വാസലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ്. പല ലൈംഗികവൃത്തികളെയും പ്രവണതകളെയും പാപകരമെന്നു വിലയിരുത്തുന്നതും ഇതേ അടിസ്ഥാനത്തിലാണ്. ഭാര്യാഭര്‍തൃബന്ധങ്ങളിലൂടെയല്ലാതെ മൂന്നാമതൊരുവന്‍റെയോ ഒരുവളുടെയോ ഇടപെടലിലൂടെ നടത്തുന്ന ഏതൊരു പ്രത്യുല്‍പാദനശ്രമവും സ്വാഭാവിക നീതിക്കും സഭയുടെ പ്രത്യുല്‍പാദനപ്രക്രിയയിലെ നിലപാടുകള്‍ക്കും വിരുദ്ധമാണ്. എന്തെന്നാല്‍ അത്തരം ഇടപെടലുകളെല്ലാം പരസ്പരസ്നേഹത്തിലധിഷ്ഠിതമായ സ്വയംദാനത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രം സംഭവിക്കേണ്ട പ്രത്യുല്‍പാദനത്തിന്‍റെ പരിപ്രേക്ഷ്യത്തിനു വെളിയിലാണ്. അത്തരം പരിശ്രമങ്ങള്‍ എത്ര ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായിക്കൊള്ളട്ടെ; അപലപനീയമാണ്, പാപവുമാണ്

ഇവിടെ, സ്വാഭാവിക നീതിയാണ് സഭയുടെ നിലപാടുകളുടെ അടിസ്ഥാനം. അല്ലാതെ വ്യക്തിപരമായ കാര്യലാഭമെന്ന 'മാക്വിവെല്ലിയുടെ' (Machiavellian) സിദ്ധാന്തങ്ങളല്ല. "ലക്ഷ്യം നല്ലതായിരിക്കാം. പക്ഷേ ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗ്ഗവും പ്രധാനമാണ്." ധാര്‍മ്മികമൂല്യങ്ങളുടെയെല്ലാം രൂപീകരണത്തിന് അടിസ്ഥാനമാകുന്നത് സ്വാഭാവിക നിയമങ്ങളാണ് (Natural Law). സകല മനുഷ്യരുടെയും ആത്മാവില്‍ മുദ്രണം ചെയ്തിരിക്കുന്ന നന്മ ചെയ്യാനും തിന്മയില്‍ നിന്ന് മാറിനില്‍ക്കാനുമുള്ള ദൈവിക കല്പനകളാണ് സ്വാഭാവിക നിയമങ്ങള്‍. ഈ നിയമങ്ങളുടെ പ്രാഗ്രൂപമാണ് 'പത്തുകല്പനകള്‍.'

(തുടരും)

You can share this post!

സൂക്ഷ്മത

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts