news-details
കാലികം

കുടുംബം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്

ആഗോള സാമ്പത്തികരംഗത്തെ പ്രതിസന്ധികളെ അതിസൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ അതിനു സാമ്പത്തികമല്ലാത്ത പല കാരണങ്ങളുമുണ്ടെന്നു  കാണാം. സാമ്പത്തിക പ്രതിസന്ധികളെ വിലയിരുത്തുന്നതിന് മറ്റു സാമൂഹ്യശാസ്ത്രങ്ങളുടെ സഹായമില്ലാതെ കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍എത്തി നില്‍ക്കുകയാണ്. മനുഷ്യനെ വിപണിയുടെ ഭാഗമായി മാത്രം കണ്ടുകൊണ്ട്, അവന്‍റെ ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ബന്ധങ്ങള്‍ ചിട്ടപ്പെടുത്തപ്പെട്ട ആധുനിക മുതലാളിത്തത്തിന്‍റെ അപകടങ്ങളെ തുറന്നുകാണിക്കുകയും സാമ്പത്തികശാസ്ത്രത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങളെ പലതിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന പുസ്തകമാണ് സ്റ്റീഫന്‍ എ. മാഗ്ലിന്‍റെ ദി ഡിസ്മല്‍ സയന്‍സ് (The Dismal Science)...

വിപണികേന്ദ്രീകൃത മുതലാളിത്തം മനുഷ്യനെ വെറുമൊരു വ്യക്തിയും ഉപഭോക്താവും മാത്രമാക്കി, അവന്‍റെ സാമൂഹികബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും തകര്‍ത്തെറിഞ്ഞു. ഈ തകര്‍ച്ച അവസാനം വിപണി സമ്പദ്വ്യവസ്ഥയുടെതന്നെ തകര്‍ച്ചയ്ക്കു കാരണമായി. എന്തുകൊണ്ട് 2008-ല്‍ അമേരിക്കന്‍ വ്യവസ്ഥ തകര്‍ന്നു? എന്തുകൊണ്ട് യൂറോപ്പ് തകരുന്നു? എന്ന അന്വേഷണം ഭാരതീയരായ നമുക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ്.

സ്റ്റീഫന്‍ എ. മാഗ്ലിന്‍റെ അഭിപ്രായത്തില്‍ കഴിഞ്ഞ നാല് പതിറ്റാണ്ട് വിപണി സമ്പദ്വ്യവസ്ഥയുടെതായിരുന്നു. വികസനത്തിന്‍റെയും നിക്ഷേപത്തിന്‍റെയും പേരില്‍  തെറ്റായ കാര്യവും പ്രോത്സാഹിപ്പിക്കപ്പെട്ടു. വികസനതന്ത്രവും രാഷ്ട്രീയവുമെല്ലാം കുത്തകകള്‍ക്ക് അടിയറവുപറഞ്ഞു. സമൂഹത്തിന്‍റെ അജണ്ട തീരുമാനിക്കുന്നത് കോര്‍പ്പറേറ്റുകള്‍ ആയിത്തീര്‍ന്നു. ഇതിന്‍റെ പല ഉദാഹരണങ്ങളും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

1973 നവംബര്‍ മുതല്‍ 1975 മെയ്മാസം വരെ അമേരിക്കയില്‍ നിലനിന്ന സാമ്പത്തികമാന്ദ്യത്തെ മറികടക്കാന്‍ കോര്‍പ്പറേറ്റുകള്‍ കണ്ടെത്തിയ വഴി കുടുംബത്തെ തകര്‍ത്ത് വിപണിയില്‍ ഉണര്‍വ്വുണ്ടാക്കുക എന്നതായിരുന്നു. കുടുംബങ്ങള്‍ വിപണിക്കെതിരാണ്. ഭാര്യയും ഭര്‍ത്താവും വേറിട്ട് ജീവിച്ചാല്‍ രണ്ടുപേര്‍ക്കും വേറെ വേറെ വീടുകളും ഗൃഹോപകരണങ്ങളും വേണം. ഇങ്ങനെ കുടുംബം തകര്‍ന്നാല്‍ വിപണി ഇരട്ടി വളര്‍ച്ച നേടും എന്നതിന്‍റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ കുടുംബങ്ങളെ തകര്‍ക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഈ തീരുമാനമെടുത്ത രഹസ്യയോഗത്തെതന്നെ വിമര്‍ശിച്ച് ചില മതനേതാക്കള്‍ രംഗത്ത് വന്നുവെങ്കിലും ഈ പ്രതികരണങ്ങള്‍ക്ക് കോര്‍പ്പറേറ്റുകളുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ കഴിഞ്ഞില്ല.

കുടുംബങ്ങളെ തകര്‍ക്കുന്നതിന്, പരപുരുഷബന്ധം നല്ലതെന്ന് ചിത്രീകരിക്കുന്ന സിനിമകളെയും പരിപാടികളെയും കോര്‍പ്പറേറ്റുകള്‍ സ്പോണ്‍സര്‍ ചെയ്തു. സ്വവര്‍ഗ്ഗരതിക്കാരെയും വ്യത്യസ്ത ലൈംഗിക ഗ്രൂപ്പുകളെയും സംഘടിപ്പിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സഹായങ്ങള്‍ ചെയ്തു. സ്വതന്ത്ര ലൈംഗികവാദത്തെ എല്ലാ അര്‍ത്ഥത്തിലും പ്രോത്സാഹിപ്പിച്ചു. ഇതെല്ലാം ചേര്‍ന്ന് കുടുംബങ്ങളെ ചിന്നഭിന്നമാക്കി. എല്ലാ പാശ്ചാത്യ രാജ്യങ്ങളിലും ഇതുതന്നെ സംഭവിച്ചു. എല്ലാവരും വ്യക്തികളായി മാറി. പിതാവിന്‍റെയും മാതാവിന്‍റെയും കടമകള്‍ മറന്നു. പുത്രന്‍റെയും പുത്രിയുടെയും കര്‍ത്തവ്യങ്ങള്‍ അവരും മറന്നു. എല്ലാവരും അവനവന്‍റെ സുഖത്തെക്കുറിച്ചും അവനവന്‍റെ അവകാശത്തെക്കുറിച്ചും മാത്രം ചിന്തിച്ചു പ്രവര്‍ത്തിച്ചു. പ്രജനനകാലത്ത് കുഞ്ഞുങ്ങളെ പിരിക്കുന്ന മൃഗസ്വഭാവം സമൂഹത്തില്‍ വളര്‍ന്നു. മക്കളെ നോക്കാതെയായി. മാതാപിതാക്കളെ തിരിച്ചറിയാത്തവരായി. ഇന്ന് അമേരിക്കയില്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങളുടെ 53 ശതമാനം വിവാഹേതരബന്ധത്തില്‍നിന്നാണ്. വലിയ ഒരു വിഭാഗം കുട്ടികള്‍ ജീവിക്കുന്നത് ഒന്നുകില്‍ പിതാവിന്‍റെയോ അല്ലെങ്കില്‍ മാതാവിന്‍റെയോ കൂടെയായി. പാശ്ചാത്യലോകത്ത് മുഴുവന്‍ തന്നെ ഇതായി അവസ്ഥ. അച്ഛന്മാരുടെ സ്ഥാനത്ത് പുതിയ അച്ഛന്മാരും അമ്മമാരുടെ സ്ഥാനത്ത് പുതിയ അമ്മമാരും വരാന്‍ തുടങ്ങി. അമ്മമാര്‍ കണ്ടെത്തുന്ന പുതിയ അച്ഛന്മാര്‍ ബ്രിട്ടനിലെ 5-ല്‍ ഒന്ന് കുട്ടികളെ പീഡിപ്പിക്കുന്നതായി 2012 ലെ നാഷ്ണല്‍ ചില്‍ഡ്രന്‍സ് ഹോം (National Childrens Home) റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റ കുടുംബനാഥന്‍റെയോ, കുടുംബനാഥയുടെയോ കീഴില്‍ കുട്ടികള്‍ വളരുന്നത് പലപ്പോഴും അപകടകരമാണ്. മാതാവായാലും പിതാവായാലും കുട്ടിയെ തനിയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍ കുട്ടികളോട് ക്രൂരത കാട്ടുന്നു. എന്‍.എസ്.പി.സി.സി. (NSPCC-National Society for Prevention of Srwelty to Children)  ന്‍റെ 2010 -ലെ റിപ്പോര്‍ട്ട് പറയുന്നത് ആഴ്ചയില്‍ 5 കുട്ടികള്‍ ബ്രിട്ടനില്‍ സ്വന്തം മാതാപിതാക്കളാല്‍ കൊലചെയ്യപ്പെടുന്നു വെന്നാണ്. അനാഥരായ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് അമേരിക്കയിലും യൂറോപ്പിലും അക്രമവും നിയമലംഘനവും വര്‍ദ്ധിക്കുന്നു.

കുടുംബം വഹിച്ചിരുന്ന ധര്‍മ്മങ്ങളായ ശിശുപരിപാലനം, വൃദ്ധജനപരിപാലനം എന്നിവ ഗവണ്‍മെന്‍റുകള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ സാമൂഹിക സുരക്ഷിതത്വ ചെലവുകള്‍ കുത്തനെ ഉയര്‍ന്നു. ഏഷ്യന്‍ രാജ്യങ്ങളിലും പ്രത്യേകിച്ച് ഇന്ത്യയിലും കുട്ടികളുടെ സംരക്ഷണം, വളര്‍ച്ച, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത് കുടുംബം ആയതിനാല്‍ ഈ മേഖലയില്‍ സര്‍ക്കാരിന് വളരെ ചുരുങ്ങിയ ചെലവുകള്‍ മാത്രമേ വരുന്നുള്ളൂ. ഏഷ്യന്‍ സമൂഹങ്ങളിലെ ശക്തമായ കുടുംബസംവിധാനം വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും എല്ലാത്തരം സുരക്ഷയും ഉറപ്പുവരുത്തി. സമ്പദ്വ്യവസ്ഥകള്‍ കോര്‍പ്പറേറ്റ് നിയന്ത്രണത്തിലേയ്ക്ക് പോകുകയും കോര്‍പ്പറേറ്റുകള്‍ കുടുംബങ്ങളെ തകര്‍ക്കുകയും ചെയ്തപ്പോള്‍ സാമൂഹിക സുരക്ഷിതത്വ ചെലവുകള്‍ കുത്തനെ കൂടിയത് പാശ്ചാത്യ സമ്പദ്വ്യവസ്ഥകളെ പ്രതിസന്ധിയിലാക്കി. കുടുംബവ്യവസ്ഥ തകര്‍ന്നതിനാല്‍ത്തന്നെ കൂടുതല്‍പ്പേരും സന്താനോല്‍പ്പാദനത്തിന് താല്പര്യമില്ലാതെ ഒരുമിച്ചു മാത്രം ജീവിച്ചു. ഇത് ജനന നിരക്ക് കുറച്ചു. സമൂഹത്തില്‍ യുവാക്കളുടെ എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്തു. ഇത് ഈ നാടുകളിലെ ഉത്പാദനത്തെ ബാധിച്ചു. ഉള്ള യുവാക്കള്‍ തന്നെ കുടുംബങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ ലക്ഷ്യബോധമില്ലാതെ വളരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പ്രശ്നം ജോലിചെയ്തു ജീവിക്കാന്‍ തയ്യാറുള്ള യുവാക്കളുടെ എണ്ണം കുറയുന്നു എന്നുള്ളതാണ്.

കുടുംബം സംസ്കാരത്തിന്‍റെ ആധാരശിലയാണ്. കുടുംബത്തിന്‍റെ തകര്‍ച്ച സംസ്കാരത്തെ തകര്‍ത്ത് യാതൊരു ഗുണങ്ങളും ഇല്ലാതെ മൃഗങ്ങളെപ്പോലെ ജീവിക്കുന്ന ഒരു വിഭാഗത്തെ വളര്‍ത്തി. ആദ്യം അവര്‍ അന്നന്നു കിട്ടുന്നത് അന്നുതന്നെ ചെലവാക്കി പിന്നീട് നാളെ കിട്ടാന്‍ സാദ്ധ്യതയുള്ളത് ഇന്നേ ചെലവാക്കി. അമേരിക്കക്കാരനും കുടിയേറിയവനും ചേര്‍ന്നുള്ള അമേരിക്കയിലെ 30 കോടി ആളുകള്‍ കൈവശംവെച്ചിരിക്കുന്നത് 126 കോടി ക്രെഡിറ്റ് കാര്‍ഡുകളാണ്. ഈ ക്രെഡിറ്റ് കാര്‍ഡുകളില്‍ 92 ശതമാനവും വരാന്‍ പോകുന്ന 6 വര്‍ഷത്തെ വരുമാനം ഇപ്പോള്‍തന്നെ ഉപയോഗിച്ചു തീര്‍ത്തു. വീടും സ്ഥലവും എല്ലാം പണയം വെച്ച് പുതിയ വീടുവാങ്ങി. ആ വീടു പണയംവെച്ച് വീണ്ടും പുതിയ വീടുവാങ്ങി. ഇങ്ങനെ വീടുള്ളവര്‍ ശരാശരി ആറ് വീടുകള്‍ പണയമെടുക്കുകയും അങ്ങനെ വീടിന്‍റേയും ഭൂമിയുടേയും വില തകര്‍ന്നപ്പോള്‍ പണയമെടുക്കാന്‍ പറ്റാത്തതിനാല്‍ എല്ലാ വീടുകളും നഷ്ടപ്പെടുകയും ചെയ്തു. പണയ വസ്തുവിന്‍റെ വിലയിടിഞ്ഞതുമൂലം ജനങ്ങള്‍ കടം തിരിച്ചടയ്ക്കാത്തതു കൊണ്ടാണ് 2008-ല്‍ അമേരിക്കയിലെ ബാങ്കുകള്‍ തകര്‍ന്നത്. സാമ്പത്തിക മേഖലയുടെ തകര്‍ച്ചകൊണ്ട് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ അമേരിക്കയും ഇന്ത്യയും ഒരേ നിരക്കിലെത്തി. അമേരിക്കയുടെ അതേ ദിശയില്‍ യൂറോപ്പ് നീങ്ങുന്നു. എവിടെ കുടുംബം ഇല്ലാതാകുന്നുവോ, അവിടെ സമ്പാദ്യം കുറയുകയും നിക്ഷേപം കുറയുകയും ചെയ്യുന്നു. കുടുംബം ശക്തമായ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ജപ്പാന്‍, ചൈന എന്നിവയുടെയെല്ലാം സമ്പാദ്യശരാശരി 20 ശതമാനത്തിന് മുകളിലാണ്. അതിനാല്‍ത്തന്നെ ഈ രാജ്യങ്ങളില്‍ സമ്പാദ്യം ധാരാളമായി നിക്ഷേപമായി മാറുന്നു. നമ്മുടെ സമ്പാദ്യത്തിന്‍റെ വലിയ പങ്ക് കുടുംബസമ്പാദ്യമാണ് (Family Savings). കോര്‍പ്പറേറ്റുകളുടെ സമ്പാദ്യം (Corporate Savings) താരതമ്യേന കുറവാണ്. കുടുംബ സമ്പാദ്യം എന്നു പറയുമ്പോള്‍ ഭാരതത്തിലെ കുടുംബങ്ങളില്‍ സമ്പാദ്യം ഉണ്ടാക്കുന്നതും അത് നിലനിര്‍ത്തുന്നതും അതിനെ വളര്‍ത്തുന്നതും കുടുംബത്തിന്‍റെ നട്ടെല്ലായ മാതാവാണ്. പ്രൊഫ. കനക സഭാപതിയുടെ ഇന്ത്യന്‍ മോഡല്‍ ഓഫ് ഇക്കോണമി ബിസിനസ്സ് ആന്‍റ് മാനേജ്മെന്‍റ് (Indian Model of Economy Business and Management) എന്ന ഗവേഷണഗ്രന്ഥം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് കുടുംബം ആണെന്നും കുടുംബത്തില്‍ത്തന്നെ മാതാവാണ് ഭാവി സുരക്ഷിതത്വമുണ്ടാക്കുന്ന സമ്പാദ്യത്തിന്‍റെ സൂക്ഷിപ്പുകാരും നടത്തിപ്പുകാരും എന്നും സമര്‍ത്ഥിക്കുന്നു. ഭാരതത്തിലെ പുതിയ സംരംഭങ്ങളുടെ നിക്ഷേപത്തിന് 82 ശതമാനം പേരും ആശ്രയിക്കുന്നത് സ്വന്തം കുടുംബത്തേയും ബന്ധുക്കളേയുമാണ്. വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവര്‍ 18 ശതമാനം പേര്‍ മാത്രമാണ്. കോര്‍പ്പറേറ്റുകളായി വരെ വളര്‍ന്ന വലിയ സ്ഥാപനങ്ങളുടെ അടിസ്ഥാന നിക്ഷേപം ഭാരതത്തിലെ അമ്മമാരുടെയോ അമ്മൂമ്മമാരുടെയോ കെട്ടുതാലിയായിരുന്നു എന്നുള്ളത് കനക സഭാപതിയുടെ പഠനത്തില്‍ പറയുന്നു. റിലയന്‍സ്, ടി.വി.എസ്. മുതല്‍ ചെന്നൈ സില്‍ക്സ് വരെയുള്ളവരുടെ ഉദാഹരണങ്ങളെ ചൂണ്ടിക്കാട്ടി കനക സഭാപതി പറയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സ്ത്രീകളുടെ ഒരു സമ്പദ് വ്യവസ്ഥയെന്നാണ്. അതിനാല്‍ത്തന്നെ അതിന് അമ്മയുടെ മുഖമാണ് ഉള്ളതെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു. അമ്മമാര്‍ക്ക് ഈ സമ്പാദ്യശീലം ഉള്ളിടത്തോളം ഭാരതത്തിലെ കുടുംബങ്ങളും ഭാരത സമ്പദ്വ്യവസ്ഥയും സുശക്തമായിരിക്കും.
ആഗോളവത്കരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയ കാലത്ത് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. ജദീഷ് ഭഗവതി ഭാരത സമ്പദ്വ്യവസ്ഥയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്ന രീതിയില്‍ ഒരു പ്രബന്ധം തയ്യാറാക്കുകയും ഈ പ്രബന്ധത്തില്‍ അദ്ദേഹം ചില കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ രസകരമാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരണമെങ്കില്‍ ഉപഭോഗം വര്‍ദ്ധിക്കണമെന്നും ഭാരതീയര്‍ സമ്പാദ്യശീലം ഉപേക്ഷിച്ച് ധാരാളം പണം വിപണിയില്‍ ചെലവിടണമെന്നും എല്ലാ മേഖലകളും വിദേശ നിക്ഷേപത്തിനായി തുറന്നിടണമെന്നും വരുന്ന കമ്പനികള്‍, ധാരാളം പരസ്യങ്ങള്‍ നല്‍കുമ്പോള്‍ ജനങ്ങള്‍ ഉപഭോഗസംസ്കാരത്തിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് അമേരിക്കക്കാരന്‍ നടപ്പാക്കി. അവര്‍ എല്ലാം കടം വാങ്ങി.  ഭാരത്തിലെ അമ്മമാര്‍ പരസ്യങ്ങള്‍ കണ്ടു പക്ഷേ, അതില്‍ ആകൃഷ്ടരായ മറ്റു കുടുംബാംഗങ്ങളെ വരെ വന്‍ ചെലവിടലുകളില്‍നിന്നു പിന്‍തിരിപ്പിച്ച,് സമ്പാദിച്ചു, മക്കളെ പഠിപ്പിച്ചു. ആ മക്കള്‍ അമേരിക്കയില്‍ വരെ സംരംഭങ്ങള്‍ തുടങ്ങി. കുടുംബമില്ലാതെ വളര്‍ന്നവന് കുടുംബത്തില്‍ പിറന്നവനോട് മത്സരിക്കാന്‍ കഴിയില്ല. അമേരിക്കക്കാരനും യൂറോപ്യനും ഇന്ന് യുദ്ധത്തിനൊഴികെ ഒന്നിനും കൊള്ളരുതാത്തവരായി മാറി.

ആഗോളവത്കരണത്തില്‍നിന്നു ഭാരതത്തെ ഇന്നും രക്ഷിച്ചുനിര്‍ത്തുന്നത് ഭാരതത്തിലെ അമ്മമാരാണ്. കുടുംബത്തിന്‍റെ നട്ടെല്ലായ അവര്‍ നാടിന്‍റെ സംസ്കാരത്തിന്‍റെയും സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ്. ജാതിയും മതവും ഏതായാലും നാടിന്‍റെ നട്ടെല്ലായ ഈ അമ്മമാരുടെ കാല്‍ക്കല്‍ പ്രണമിച്ച് സുശക്തമായ ഭാരതത്തിന്, ശക്തമായ കുടുംബത്തിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം.

You can share this post!

തീവ്രവാദമല്ല ക്രിസ്തീയത

ഫാ. ജോഷി മയ്യാറ്റില്‍
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts