news-details
മറ്റുലേഖനങ്ങൾ

നരേന്ദ്ര മോഡിയും ഞാനും

ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ടുരേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. അതിനെനിക്കു സാധിച്ചാല്‍ പൗരാവകാശമെന്നൊക്കെ വിളിക്കപ്പെടുന്ന അതു ഞാന്‍ ഉപയോഗിക്കുന്നത് മൂന്നാമത്തെയോ നാലാമത്തെയോ തവണയായിരിക്കും. എന്തുവില കൊടുത്തും എനിക്ക് ആ മനുഷ്യനെ തടയേണ്ടതുണ്ട് - അസഹിഷ്ണുതയുടെ, വംശീയ ദ്വേഷത്തിന്‍റെ, കോര്‍പ്പറേറ്റ് ഇന്ത്യയുടെ പ്രതീകമായ ആ മനുഷ്യനെ.

നരേന്ദ്ര മോഡി ഹിന്ദുവിനെയോ, ഹൈന്ദവജീവിതശൈലിയെയോ പ്രതിനിധീകരിക്കുന്നില്ലെന്ന് ഒട്ടുമേ ശങ്ക കൂടാതെയാണ് തറപ്പിച്ചുപറയുന്നത്. സത്യത്തില്‍ നേര്‍വിപരീതമാണു സംഭവിക്കുന്നത്. ഹൈന്ദവികതയുടെയും ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും രക്ഷകനായി മോഡിയെ പൊക്കിപ്പിടിക്കുന്നതുവഴി പകിട്ടേറിയ ഇന്ത്യന്‍ സംസ്കാരത്തെയും ജീവിതശൈലിയെയും പ്രശ്നകലുഷിതമാക്കുകയാണ്.

എന്തുകൊണ്ടാണ് ഞാന്‍ ഈ മനുഷ്യനെ വെറുക്കുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം എന്‍റെ ജീവിതത്തെ നിയന്ത്രിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടാത്തത്? എന്തുകൊണ്ട് ഇപ്പോള്‍തന്നെ പൊട്ടിപ്പോകുമാറ് മുറുകിയിരിക്കുന്ന, തിളച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും ഭാവി അദ്ദേഹത്തെ ഭരമേല്പിച്ചുകുടാ? ഇതാ കാരണങ്ങള്‍:

1. പ്രത്യേക അന്വേഷണ സംഘം (SIT) എന്ന ഒരു പറ്റം അന്വേഷണ വിഡ്ഢികള്‍ മോഡി കുറ്റക്കാരനല്ലെന്നു പറഞ്ഞാലും ഗുജറാത്തിലെ തന്‍റെ ഭരണകാലത്ത് 2002-ല്‍ നടമാടിയ വര്‍ഗീയ കലാപങ്ങള്‍ക്കും നിരപരാധികളെ കൃത്യമായ പദ്ധതി ആവിഷ്കരിച്ച് കൊന്നൊടുക്കിയതിനും അദ്ദേഹം തീര്‍ച്ചയായും ഉത്തരവാദിയാണ്.

2. ഇന്ത്യയെന്നാല്‍ ഹിന്ദുവെന്നും ഹിന്ദുവെന്നാല്‍ ഇന്ത്യയെന്നുമുള്ള തലതിരിഞ്ഞ, ഗര്‍ഹണീയമായ തത്വചിന്തയുടെ ശില്പി മോഡിയാണ്.

3. അദ്ദേഹവും അദ്ദേഹത്തിന്‍റെ സംഘടനയും പ്രചരിപ്പിക്കുന്ന വെറുപ്പിന്‍റെ തത്വചിന്തക്ക് സമാനമായി ലോകത്ത് രണ്ടെണ്ണമുണ്ട്. ഒന്ന്, ആര്യന്‍ വംശത്തെ മഹത്വവത്കരിച്ച അഡോള്‍ഫ് ഹിറ്റ്ലറുടെ തലതിരിഞ്ഞ ചിന്താപദ്ധതി; രണ്ട് അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കറുത്തവരെയും വെളുത്തവരെയും വേര്‍തിരിച്ചുനിര്‍ത്തിയ തീവ്ര വലതു പക്ഷത്തിന്‍റെ തത്വചിന്ത. ഇന്ത്യയ്ക്ക് വെറുപ്പും അസഹിഷ്ണുതയും കപടമതേതര വാദവും അബദ്ധങ്ങളും ഒന്നുചേര്‍ന്ന ഈ അടിത്തറയിന്മേല്‍ ഒരിക്കലും ഉയര്‍ന്നു നില്ക്കാനാവില്ല. ഇന്ത്യയുടേത് ഒരു മഴവില്‍ സംസ്കാരമാണ്. ആ സംസ്കാരമേ ഇന്ത്യ ഛിന്നഭിന്നമാകുന്നതില്‍ നിന്നു രക്ഷിക്കൂ.

4. ഈ മനുഷ്യന്‍റെയും അദ്ദേഹത്തിന്‍റെ ചുറ്റുമുള്ള സംഘത്തിന്‍റെയും വാക്കുകളും മനോനിലയും പരിശോധിച്ചാല്‍, അദ്ദേഹത്തിന്‍റെ അജണ്ട നടുക്കുന്നതാണെന്നു നമുക്കു തിരിച്ചറിയാനാകും. അതു കാവിവത്കരണമോ, കാവിയെ ഹിന്ദുയിസത്തിന്‍റെ പര്യായമായി അവതരിപ്പിക്കുന്നതോ, ഒരുഹിന്ദു മതരാഷ്ട്രമായി ഇന്ത്യയെ മാറ്റണമെന്നുള്ള ആഗ്രഹമോ മാത്രമല്ല; അത് ഭിന്നാഭിപ്രായങ്ങളുടെയും വ്യത്യസ്ത വിശ്വാസങ്ങളുടെയും ഇതര സംസ്കാരങ്ങളുടെയും തമസ്കരണവും നിര്‍മാര്‍ജ്ജനവുമാണ്. ഇന്ത്യയുടെ ചരിത്രത്തിലെവിടെയെങ്കിലും ഇത്തരത്തില്‍ അസഹിഷ്ണുത പ്രചരിപ്പിച്ച, വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച സമൂഹമോ, ഭരണാധിപനോ ഉണ്ടായിട്ടില്ല.

പുരാതന ഹൈന്ദവസംസ്കാരവും തത്വദര്‍ശനവും അക്കാലത്തെ രാജ്യതന്ത്രജ്ഞതയും അക്രമത്തിന്‍റെയോ പ്രലോഭനത്തിന്‍റെയോ മാര്‍ഗമുപയോഗിച്ചല്ല വ്യാപിച്ചത്. അക്കാലത്തെ ഇന്ത്യക്കാരുടെ ബലഹീനതകൊണ്ടാണ് ഹിന്ദുകുഷിന് അപ്പുറത്തുള്ളവരും അവരുടെ സംസ്കാരങ്ങളും ഇന്ത്യയെ കീഴടക്കിയതെന്നു കരുതുന്നത് അബദ്ധ ജടിലമാണ്. പഴയകാലത്തെ ആരുടെയെങ്കിലും നീചമായ പ്രവൃത്തികള്‍ക്ക് ഇന്നു മറുപടി കൊടുക്കണമെന്നു വാദിക്കുന്നതും തികഞ്ഞ മൂഢതയാണ്. മോസ്കുകളും പള്ളികളും സിനഗോഗുകളും തച്ചുടക്കുന്നതും ചരിത്രപുസ്തകങ്ങളെ അസത്യംകൊണ്ടും അസംബന്ധംകൊണ്ടും നിറയ്ക്കുന്നതും പഴയകാലത്തെ കാവിപുതപ്പിക്കുന്നതും പരിഹാസ്യമോ ഹ്രസ്വദൃഷ്ടിത്വമോ മാത്രമല്ല, വരുംതലമുറയെ അപകടത്തിലാക്കുന്നതുമാണ്.

ഇതിവിടെ അംഗീകരിക്കപ്പെട്ടാല്‍പ്പിന്നെ ഹിന്ദുയിസവും പശ്ചിമേഷ്യയിലെ ചില ഗോത്രനാടുകളില്‍ ഉടലെടുത്ത് ഇന്നും തീവ്രമായ അസഹിഷ്ണുത പുലര്‍ത്തുന്ന മതവിശ്വാസങ്ങളും തമ്മില്‍ എന്തു വ്യത്യാസം?

5. കോര്‍പ്പറേറ്റു ലോകം മോഡിയെ തങ്ങളുടെ മിശിഹായായിട്ടാണു ഒരുപാട് ഇഷ്ടത്തോടെ അവരോധിച്ചിരിക്കുന്നത്. അതിന്‍റെ വാണിജ്യകുട്ടകത്തില്‍, ഒന്നു നിലനില്ക്കാന്‍ പോലും വല്ലാതെ കഷ്ടപ്പെടുന്നവര്‍ ഇടം കണ്ടെത്തുന്നതേയില്ല. 120 കോടി ഇന്ത്യക്കാരില്‍ അത്തരക്കാര്‍ 65 ശതമാനമാണ്. നരേന്ദ്രമോഡിക്ക് അവര്‍ കാറിനടിയില്‍പ്പെട്ട് അരഞ്ഞ്, പിന്നീടു മറന്നുകളയുന്ന പട്ടിക്കുഞ്ഞുങ്ങള്‍ മാത്രമാണ്.

മോഡി മുന്‍പന്തിയിലെത്തിച്ചിരിക്കുന്ന, അദ്ദേഹത്തിന്‍റെ പബ്ലിക് റിലേഷന്‍സ് സംഘം ഇടമുറിയാതെ പരസ്യപ്പെടുത്തിയിരിക്കുന്ന അതിവേഗം വികസിക്കുന്ന ഗുജറാത്ത് എന്നത് നഗരവത്കരണത്തിന്‍റെ, അങ്ങോട്ടുമിങ്ങോട്ടും പോകുന്ന എക്സ്പ്രസ് ഹൈവേകളുടെ, വലിയ മാളുകളുടെ, വന്‍വ്യവസായങ്ങളുടെ നാടാണ്. ഒരുപാട് 'പട്ടിക്കുട്ടികളെ' നിഷ്കാസിതരാക്കിയാണ് അവയൊക്കെ അവിടെ വേരുറപ്പിച്ചിരിക്കുന്നത്. ഇന്നവിടെ, കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതം വഴിമുട്ടിനില്ക്കുമ്പോള്‍, വലിയ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളം വലിയ നഗരങ്ങളിലേക്കും അവിടുത്തെ വ്യവസായശാലകളിലേക്കും ഒഴുകിക്കൊണ്ടിരിക്കുന്നു.

തലതിരിഞ്ഞ ഒരു വികസന അജണ്ട, വര്‍ഗീയദ്വേഷം നിറഞ്ഞ ഒരു സാമൂഹിക നിലപാട്, പൗരന്മാരുടെ സ്വകാര്യയിടങ്ങളില്‍പോലും തലയിട്ട് വിരുദ്ധാഭിപ്രായത്തെ ഇല്ലാതാക്കുന്ന ഒരു ഓര്‍വേലിയന്‍ രാഷ്ട്രസങ്കല്പം - ഇത്തരത്തിലൊന്നു സങ്കല്പിച്ചു നോക്കൂ. മോഡിക്കും അദ്ദേഹത്തിന്‍റെ കാവി ധരിച്ച പടയണിക്കും സഹവര്‍ത്തിത്വവും മതേതരത്വവുമുള്ള ഒരു സമൂഹത്തെ നിര്‍മ്മിച്ചെടുക്കാനാകില്ല.  മതേതരത്വത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് മുസ്ലീം പക്ഷപാതിത്വം കൊണ്ടുനടക്കുന്നെങ്കില്‍, മോഡിയും കൂട്ടരും ജൂഗുപ്സാവഹമായ രീതിയില്‍ മുസ്ലീമുകള്‍ക്കും ഇതരവിശ്വാസങ്ങള്‍ക്കും എതിരാണ്.

അഴിമതിയുടെ കാര്യത്തിലാണെങ്കില്‍, നാം എത്ര കുറച്ചു പ്രതീക്ഷിക്കുന്നുവോ അത്രയും നമുക്കു നല്ലത്. മോഡിയില്‍ അഴിമതിക്കറ പുരണ്ടിട്ടില്ലായിരിക്കാം. എന്നാല്‍ കട്ടുമുടിക്കുന്നതിലും അഴിമതിയിലും ബിജെപി മന്ത്രിമാരും സാമാജികരും ഏതറ്റംവരെ പോകുമെന്നു നാം കണ്ടിട്ടുള്ളതാണ്. ഇസ്ലാമിനും ക്രിസ്ത്യാനിക്കും മേലെ ഹിന്ദുയിസത്തെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നുള്ള അവകാശവാദം തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്. നര്‍മ്മദയില്‍ അണകെട്ടി ഉയര്‍ത്തിയ വെള്ളത്തില്‍ മുങ്ങിപ്പോയത് പ്രാചീനകാലത്തെയും മദ്ധ്യയുഗത്തിലെയും നൂറുകണക്കിന് അമ്പലങ്ങളാണ്. വരാന്‍പോകുന്നതെന്തായിരിക്കുമെന്നതിന്‍റെ ദുസ്സൂചനകളാണ് ഇവയെല്ലാം.

You can share this post!

സൂക്ഷ്മത

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts