news-details
കവർ സ്റ്റോറി

പരിമിതികളുള്ള വിദ്യാര്‍ത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ 51 കാരണങ്ങള്‍

ആമുഖം

ഒരു കുഞ്ഞു ജനിക്കുക എന്നത് ഏവര്‍ക്കും ആനന്ദകരവും ആഹ്ലാദപ്രദവുമാണ്. പക്ഷേ പിന്നീട് ആ കുഞ്ഞില്‍ വരുന്ന ശാരീരിക-മാനസിക-ബൗദ്ധികവളര്‍ച്ചകളും തളര്‍ച്ചകളും ആ കുരുന്നിനെയും മാതാപിതാക്കളെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറോ, മസ്തിഷ്ക തളര്‍ച്ചയോ തത്തുല്യമായ മറ്റ് അസുഖങ്ങളോ ബാധിച്ച ഒരു കുഞ്ഞിന്‍റെ പരിചരണവും പരിപാലനവും വിദ്യാഭ്യാസവുമൊക്കെ പലപ്പോഴും പ്രശ്നസങ്കുലിതമാകാറുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള എല്ലാ രാജ്യങ്ങളിലും ഇത്തരം കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളില്‍ ഈ നിയമങ്ങള്‍ കൂടുതല്‍ പ്രാവര്‍ത്തികമാകാറുണ്ട്. ആ രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലിരിക്കുന്ന inclusive education ഈ രംഗത്ത് സാധ്യതകളൊരുക്കുന്നു. പക്ഷേ കേരളത്തില്‍ inclusive education ന് സാധ്യതകളേറെയാണെങ്കിലും അതു പ്രവൃത്തിപഥത്തില്‍ വരുത്തുന്നതിന് വേണ്ടത്ര ശ്രദ്ധ നല്‍കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത്  inclusive education മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. പവന്‍ ജോണ്‍ ആന്‍റണി പരിമിതികളുള്ള വിദ്യാര്‍ത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ  കാരണങ്ങള്‍ വ്യക്തമാക്കുന്നു.

അമേരിക്കയിലോ മറ്റു വിദേശരാജ്യങ്ങളിലോ പരിമിതികളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ജന്മാവകാശമാണ്. അവര്‍ക്ക് സാധാരണ സ്കൂളുകളില്‍ പഠിക്കുന്നതിനും അവരോടു കൂടെയായിരിക്കുന്നതിനും അവകാശമുണ്ട്. അതിനുള്ള നിയമസംവിധാനം അത്തരം രാജ്യങ്ങളിലുണ്ട്. സാധാരണ നിലവാരമുള്ള കുട്ടികളുടെ ഒപ്പം പരിമിതികളുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടണമെങ്കില്‍ അതിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. ഇത്തരത്തിലുള്ള ഒരു കുഞ്ഞിനെ സാധാരണനിലവാരത്തിലുള്ള കുട്ടികളോടൊപ്പം ഇരിക്കാന്‍ മാത്രം അനുവദിച്ചാല്‍ പോരാ. ക്ലാസില്‍ അധ്യാപകന്‍ എടുക്കുന്ന പാഠഭാഗം ഉള്‍ക്കൊള്ളാനും ഗ്രഹിക്കാനുമുള്ള കഴിവ് പരിമിതികളുള്ള കുട്ടികള്‍ക്ക് ഉണ്ടോയെന്ന് അധികൃതര്‍ മനസ്സിലാക്കണം. ഉദാഹരണത്തിന് കണക്ക്(mathematics) ക്ലാസിലിരിക്കുന്ന പരിമിതികളുള്ള ഒരു കുട്ടിക്ക് സാധാരണ കുട്ടിയെപ്പോലെ മള്‍ട്ടിഫിക്കേഷന്‍ ടേബിള്‍ (ഗുണന, സങ്കലന പട്ടികകള്‍) ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സാധിച്ചെന്നു വരില്ല. അത്തരം സാഹചര്യത്തില്‍ ചിത്രങ്ങളുടെ  സഹായത്തോടെയോ, കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ, ക്ലാസ് റെക്കോര്‍ഡു ചെയ്തു സൂക്ഷിച്ചോ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള സൗകര്യം ഒരുക്കണം. ഇതേ സൗകര്യം കേരളത്തിലുള്ള കുഞ്ഞുങ്ങള്‍ക്കും ലഭ്യമാകേണ്ടതാണ്. അതിനുള്ള അവകാശവും അര്‍ഹതയും അവര്‍ക്കുണ്ട്. ഇവിടെ വെളുത്തവരും കറുത്തവരും എന്ന വ്യത്യാസമേയുള്ളൂ. കുഞ്ഞുങ്ങള്‍  എന്നും കുഞ്ഞുങ്ങള്‍ തന്നെ. അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുകയെന്നത് നമ്മുടെ കടമയാണ്. 1995ല്‍ പ്രാബല്യത്തില്‍ വന്ന  PWD Act (The Persons with Disabilities (Equal opportunities, Protection of Rights and full participation) Act 1995)* ഉം അതിനുശേഷം 2016 ല്‍ പാസാക്കുകയും 2017 ല്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത RPwD Act (The Rights of Persons with Disabilities -RPwD- Act)  ഉം ഭിന്നശേഷിക്കാരെ പരിരക്ഷിക്കുന്നതിനായി ഇന്ത്യന്‍ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഫലപ്രദമായ രീതിയില്‍ എല്ലായിടത്തും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതൊരു വസ്തുതയാണ്.  ഗ്രാമങ്ങളിലുള്ള സാധാരണസ്കൂളൂകളില്‍ ഇത്തരം കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതുകൊണ്ടു മാത്രം കാര്യമില്ല. ഇവരെ പരിശീലിപ്പിക്കാന്‍ തക്കവിധത്തിലുള്ള അധ്യാപകരെയും ഈ സ്കൂളുകളിലേക്കു നിയമിക്കണം. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെങ്കിലും പരിമിതികളുള്ള കുട്ടികളെയും അല്ലാത്തവരെയും ഒരുമിച്ചിരുത്തി പരിശീലിപ്പിക്കാനും അവരുമായി ഇടപഴകാനുമുള്ള സാധ്യത ഒരുക്കണം. കേരളത്തില്‍ സ്പെഷ്യല്‍ സ്കൂളുകള്‍ ഉണ്ടെങ്കിലും അവയൊക്കെ വലിയ വലിയ പട്ടണങ്ങളില്‍ മാത്രമാണ്. ആലപ്പുഴ, കുട്ടനാട്, കോഴിക്കോട് പ്രദേശങ്ങളിലുള്ള  കുഗ്രാമങ്ങളിലൊന്നും സ്പെഷ്യല്‍ സ്കൂളുകള്‍ അനുവദിക്കപ്പെട്ടിട്ടില്ല.

കോളേജു വിദ്യാഭ്യാസം നേടാന്‍തക്ക കഴിവുള്ള നിരവധി കുട്ടികള്‍ പരിമിതിയുള്ളവരുടെ കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചില മേഖലകളില്‍ ശാരീരികമോ ബൗദ്ധികമോ ആയ പരിമിതികള്‍  ഉണ്ടായിരിക്കാമെങ്കിലും മറ്റു ചില മേഖലകളില്‍ സാധാരണകുട്ടികളുടെ IQ ലെവലും അവരെപ്പോലെ പെരുമാറാനും ഇടപെടാനുമുള്ള കഴിവും ഉണ്ട്.  സംസാരവൈകല്യമോ, വീല്‍ച്ചെയര്‍ ഉപയോഗിക്കേണ്ട അവസ്ഥയോ തുടങ്ങി ഏതെങ്കിലും വിധത്തിലുള്ള വൈകല്യമുള്ള ഒരു കുട്ടി ഏകദേശം പതിനെട്ടുവയസ്സുവരെ  സ്പെഷ്യല്‍ സ്കൂളില്‍ പഠിച്ചിട്ട് ശേഷംകാലം അവരുടെ വീടുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. അവര്‍ക്ക് സ്പെഷ്യല്‍ സ്കൂള്‍ വഴിയാണെങ്കില്‍ പോലും പ്ലസ് വണ്‍, പ്ലസ് ടൂ, ഡിഗ്രി തലങ്ങളിലെ ക്ലാസുകള്‍ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അന്തരീക്ഷം ഒരുക്കണം. എനിക്കറിയാവുന്ന എത്രയോ മിടുക്കരായ കുട്ടികള്‍ പത്തിരുപതു വര്‍ഷക്കാലം സ്പെഷ്യല്‍ സ്കൂളുകളില്‍ ഫീസു കൊടുത്തു പഠിച്ചതിനുശേഷം ഒന്നും ചെയ്യാനില്ലാതെ  വീടുകളില്‍ ഒതുങ്ങുന്നു. അത്തരം കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് സ്വയംപര്യാപ്ത നേടാനുള്ള അവസരമൊരുക്കണം.

പരിമിതികളുള്ള കുട്ടികള്‍ക്ക് കോളേജ് വിദ്യാഭ്യാസം സാധ്യമാണോ എന്നാണ് നാം തിരിച്ചറിയേണ്ടത്. അവര്‍ക്ക് കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ തീര്‍ച്ചയായും അവരെ ഉന്നതവിദ്യാഭ്യാസത്തിന് അയയ്ക്കണം. അതിന് 51 അല്ല 101 കാരണങ്ങള്‍ നമുക്കു കണ്ടെത്താനാവും. അവരുടെ വാസനയും കഴിവും കഴിവുകേടും തിരിച്ചറിഞ്ഞ് അനുയോജ്യമായ ട്രെയിനിംഗ് നല്കണം. അവരെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താനുള്ള ഒരു വേദി ഒരുക്കുകയാണ് നാം ചെയ്യേണ്ടത്. ഒരു ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നു മനസ്സിലായാല്‍ ഏതെങ്കിലും ഡിപ്ലോമാ കോഴ്സിന് അയയ്ക്കുക. ഇത്തരം കുട്ടികളുടെ പെരുമാറ്റം ക്ലാസിലോ, ലാബിലോ അസ്വസ്ഥത സൃഷ്ടിച്ചാല്‍പോലും അവരെ പുറത്താക്കാന്‍ നിയമം അനുവദിക്കുന്നില്ല.  

ഇത്തരം കുട്ടികള്‍ക്ക് മറ്റ് കുട്ടികളെപ്പോലെ മെഡിസിനോ, എന്‍ജിനീയറിംഗിനോ ഒന്നും പ്രവേശനം നേടാന്‍ സാധിച്ചെന്നു വരില്ല. പക്ഷേ ഇവര്‍ക്ക് എന്നും മാതാപിതാക്കളുടെ സംരക്ഷണം ഉണ്ടാകണമെന്നുമില്ല. ഇവരുടെ കാലശേഷം ജീവിക്കാനുള്ള സ്വയംപര്യാപ്തത നേടാന്‍ ആവശ്യമായ സംഗതികളെല്ലാം കുട്ടികള്‍ക്ക് ലഭ്യമാക്കണം. പരാശ്രയമില്ലാതെ സ്വതന്ത്രമായ ജീവിതരംഗം ഇവര്‍ക്കായി ഒരുക്കപ്പെടുന്നതില്‍ ഗവണ്‍മെന്‍റ് ശ്രദ്ധ ചെലുത്തണം, അതിനായി നിയമനിര്‍മ്മാണം നടത്തണം.  

തുല്യവിദ്യാഭ്യാസം

വേര്‍തിരിവുകളില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം അന്താരാഷ്ട്രതലത്തില്‍ വ്യാപകമായ സ്വീകാര്യത നേടിക്കഴിഞ്ഞു. ഉള്‍ക്കൊള്ളല്‍ (inclusive education)  കിഴക്കിന്‍റെ ആശയമാണ്. പരിമിതികളുള്ള  കുട്ടികളെയും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന രീതി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. സാധാരണ ക്ലാസ്മുറികളില്‍ സ്വാഭാവികമായി രൂപപ്പെടുന്ന സൗഹൃദങ്ങള്‍ക്കൊപ്പം പരിമിതരും പഠിച്ചുവളരാന്‍ അത് വഴിയൊരുക്കുന്നു. ഉള്‍ക്കൊള്ളലിന്(inclusive education)പുതിയ പുതിയ നിര്‍വചനങ്ങളുമായി വിദഗ്ദ്ധരും രംഗത്തെത്തികഴിഞ്ഞു. എന്തായിരുന്നാലും എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന്  തുല്യഅവസരം എന്നതാണ് ഉള്‍ക്കൊള്ളല്‍(inclusive education) എന്ന ആശയത്തിന്‍റെ അടിസ്ഥാനതത്വം. പരിമിതികളുള്ളവരും ഇല്ലാത്തവരുമായ എല്ലാ കുട്ടികള്‍ക്കും വേര്‍തിരിവുകളില്ലാതെ ഒരുമിച്ച് പഠിക്കുന്നതിനും കളിക്കുന്നതിനും വളരുന്നതിനും അവസരം ഒരുക്കുന്ന വിദ്യാഭ്യാസസമ്പ്രദായം. "വേര്‍തിരിവുകള്‍ കണ്ടെത്തുകയും അവയെ നീക്കം ചെയ്യുകയും ചെയ്യുന്ന പ്രക്രിയ"യെന്നാണ് എയ്ന്‍സ്കോ (Ainscow 2007) ഉള്‍ക്കൊള്ളലിനെ വിശേഷിപ്പിക്കുന്നത്(പേജ് 156). "എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവസരവും അംഗീകാരവും, പിന്തള്ളപ്പെടാനും പുറന്തള്ളപ്പെടാനും അംഗീകരിക്കപ്പെടാതിരിക്കാനും സാധ്യതയുള്ളവര്‍ക്ക് പ്രത്യേക ഊന്നലും" എന്ന് ഉള്‍ക്കൊള്ളലിനെ(inclusive education) അദ്ദേഹം വീണ്ടും വിശദീകരിക്കുന്നു(പേജ് 156). പരിമിതികളുടെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെയും വേര്‍തിരിക്കരുതെന്നതുതന്നെ തുല്യവിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനതത്വം. തുല്യരായി പുലരുവാനും തുല്യത പുലര്‍ത്തുവാനുമുള്ള അവസരം യു എസ് പോലുള്ള രാജ്യങ്ങളിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പൗരന്മാര്‍ക്ക് കുട്ടിക്കാലം മുതലേ ലഭിക്കാന്‍ അത് അവസരം ഒരുക്കുന്നു. പക്ഷേ വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ആളുകള്‍ പരിഗണിക്കപ്പെടുക.  അവസരങ്ങള്‍ ലഭ്യമാക്കിയാല്‍ പ്രതിസന്ധികളെയും വൈരുദ്ധ്യങ്ങളെയും മറികടന്ന് കഴിവിനനുസരിച്ച് നേട്ടമുണ്ടാക്കാന്‍ ഓരോ വ്യക്തിക്കും കഴിയുമെന്ന് തുല്യവിദ്യാഭ്യാസ സമ്പ്രദായം തെളിയിക്കുന്നതായി പുന്‍വാസി(Poonwassie 1992) പറയുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ പരിമിതികളില്ലാത്ത കുട്ടികള്‍ക്കൊപ്പം കുഞ്ഞുനാള്‍ മുതല്‍ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന പരിമിതികളുള്ള ഒരു കുട്ടിക്ക് ഒരു തരത്തിലും വേര്‍തിരിവ് അനുഭവപ്പെടുന്നില്ല. അവള്‍/അവന്‍ ആ ക്ലാസിന്‍റെ ഭാഗമാണ്. അവന്‍റെ/അവളുടെ തരത്തിലും പ്രായത്തിലുംപെട്ട കുട്ടികളുടെ കൂട്ടത്തിലെ സജീവസാന്നിധ്യമാണ് അവള്‍/അവന്‍.

യു എസില്‍ പ്രായത്തിനു ചേര്‍ന്ന സൗജന്യ പൊതുവിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. കഴിവുകള്‍ വികസിക്കുന്നതില്‍ ഏതു തരത്തിലുള്ള കാലതാമസമുള്ള കുട്ടിയാണെങ്കിലും എത്രയും നേരത്തെ വിദ്യാഭ്യാസത്തിലേക്ക് കടക്കുവാന്‍ ജന്മം മുതല്‍തന്നെ അവകാശമുണ്ട്. അതിന് അനുയോജ്യമായ സേവനം ലഭ്യമാക്കുന്നതിന് ഒരു കൂട്ടം വിദഗ്ദ്ധര്‍ ചേര്‍ന്ന് ഒരു വ്യക്തിഗത സേവനപദ്ധതി (Individualized Service Plan - IFSP) ക്ക് രൂപം നല്കിയിരിക്കുന്നു. അതില്‍ കുട്ടിക്ക് ആവശ്യമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടി വളരുമ്പോള്‍ ഈ സേവനം കുട്ടിക്ക് യോജിച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന പ്രാദേശിക സ്കൂളുകളിലേക്ക് കൈമാറപ്പെടുന്നു. അവിടെ സ്കൂള്‍ അധികൃതര്‍ കുട്ടിക്കായി വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (individualized Education Programme IEP) തയ്യാറാക്കുന്നു. യു എസില്‍ എമ്പാടുമുള്ള പൊതുസ്കൂളുകളില്‍ പഠിക്കുന്ന പരിമിതികളുള്ള ഓരോ വിദ്യാര്‍ത്ഥിക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നത് അവരവര്‍ക്ക് അനുയോജ്യമായ ഈ വ്യക്തിഗത വിദ്യാഭ്യാസപദ്ധതി പ്രകാരമാണ്. ഏതു തരത്തിലുള്ള പരിമിതിയുമുള്ള കുട്ടികള്‍ക്ക് 21 വയസ്സുവരെ പ്രായത്തിന് അനുസരിച്ചുള്ള സൗജന്യപൊതുവിദ്യാഭ്യാസം യു എസ് ഫെഡറല്‍ നിയമം നിര്‍ബന്ധമാക്കിയിരിക്കുന്നു. പതിനാറു വയസ്സാകുമ്പോഴേക്കും എല്ലാ കുട്ടികള്‍ക്കും ഭാവി ആസൂത്രണം ചെയ്യുന്നതിനുള്ള പദ്ധതിയും  (Transition Plan) ഫെഡറല്‍ നിയമം അനുശാസിക്കുന്നു. പരിമിതികളുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് 'പച്ചയായ' ജീവിതത്തിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനാണ് ഈ പദ്ധതി പ്രധാനമായും ഊന്നല്‍ നല്കുന്നത്. Transition (പരിവര്‍ത്തനം) എന്ന പദത്തിന് പല നിര്‍വചനങ്ങളുമുണ്ട്. 1994ല്‍ Council for exceptional children’s division on career development തയ്യാറാക്കിയ നിര്‍വചനമാണ് പൊതുവേ സ്വീകരിക്കപ്പെട്ടുപോരുന്നത്. വിദ്യാര്‍ത്ഥി എന്ന പദവിയില്‍ നിന്ന് സമൂഹത്തിലെ പ്രായപൂര്‍ത്തിയായ അംഗം എന്ന പദവിയിലേക്കുള്ള മാറ്റം എന്നാണ് അവര്‍ നല്‍കുന്ന നിര്‍വചനം. പഠന ആവശ്യങ്ങള്‍ക്കുമപ്പുറം മറ്റു പല കാര്യങ്ങളും ഉള്‍പ്പെട്ടതാണ് അവരുടെ സങ്കല്പത്തിലെ പരിവര്‍ത്തനപദ്ധതി (Transition Plan) സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ്, സ്വതന്ത്രജീവിതം, തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, തൊഴില്‍ കണ്ടെത്തുന്നതിന് മറ്റു കുട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് എന്നിവയെല്ലാം ഇതില്‍പെടുന്നു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷമുള്ള വിദ്യാഭ്യാസം കാംക്ഷിക്കുന്ന വിദ്യാര്‍ത്ഥികളില്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതിനുള്ള പ്രാപ്തിയും ഉത്തരവാദിത്വവും ഉണ്ടാവണമെന്ന് ഈ വിദഗ്ദ്ധര്‍ അനുശാസിക്കുന്നു. സ്വാവബോധവും സ്വാതന്ത്ര്യബോധവും വളര്‍ത്തുന്നതില്‍ കുടുംബങ്ങളുടെ പങ്കും അവര്‍ ഊന്നിപ്പറയുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍നിന്ന് കോളേജ് വിദ്യാഭ്യാസത്തിലേക്കുള്ള പരിമിതികളുള്ള വിദ്യാര്‍ത്ഥികളുടെ പരിവര്‍ത്തനം പ്രത്യേക പഠനം ആവശ്യമുള്ള മേഖലയത്രെ.

പരിമിതികളുള്ള വിദ്യാര്‍ത്ഥികളും ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ ചുവടുവയ്പും

മുന്‍കാലങ്ങളില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ പരിമിതികളുള്ള വിദ്യാര്‍ത്ഥികള്‍ കോളേജുകളിലോ, സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൂര്‍ണതൊഴിലധിഷ്ഠിത കോഴ്സുകളിലോ ചേരുന്നതിനു പകരം വേറിട്ട പ്രത്യേക വിദ്യാഭ്യാസപരിപാടികളില്‍ (Special Education Programms) ചേരുകയായിരുന്നു പതിവ്. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ പരിമിതികളുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക തൊഴില്‍കേന്ദ്രങ്ങളും പരിശീലനകേന്ദ്രങ്ങളും അവരെ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും അവരുടെ സ്വാഭാവിക സുഹൃത്തുക്കള്‍ക്കൊപ്പം തൊഴില്‍ നേടാനുള്ള അവസരങ്ങളില്‍ നിന്നും അവരുടെ സമൂഹത്തില്‍നിന്നും വേര്‍തിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഹൈസ്കൂള്‍ പഠനത്തിനുശേഷം പരിമിതികളുള്ള കുട്ടികളില്‍ ഭൂരിപക്ഷം പൊതുസമൂഹത്തിന് അദൃശ്യരായി മാറുന്നു. യു എസില്‍ ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും  പരിമിതികളുള്ള വിദ്യാര്‍ത്ഥികളെ ഹൈസ്കൂള്‍ പഠനശേഷം തുടര്‍വിദ്യാഭ്യാസത്തിനായി കോളേജുകളിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും എത്തിക്കുന്നതിനുള്ള വലിയ ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്നുവരുന്നു. പരിമിതികളുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ ഇന്നു കോളേജുകളില്‍ പ്രവേശനം നേടി ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കുന്നു. (Ecices and Ochou, 2005, Thomas 2000) 1991നും 96നും ഇടയ്ക്ക് കോളേജുകളില്‍ പ്രവേശനം നേടിയ പരിമിതികളുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവുണ്ടായതായി തോമസ് (2000) പറയുന്നു. ആരോഗ്യപരമായ പരിമിതികളും കേഴ്വിക്കുറവും കാഴ്ചക്കുറവും സംസാരശേഷിയിലെ പരിമിതികളും പഠന പരിമിതികളും ഉളളവരായിരുന്നു അവരിലേറെയും. യു എസിലെ 88 ശതമാനം കോളേജുകളും പരിമിതികളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതായി യു എസ് വിദ്യാഭ്യാസവകുപ്പിന്‍റെ 2011ലെ റിപ്പോര്‍ട്ടു പറയുന്നു. അതില്‍ 31 ശതമാനം വിദ്യാര്‍ത്ഥികള്‍ പഠനപരിമിതി ഉള്ളവരാണ്. 18 ശതമാനം പേര്‍ ശ്രദ്ധക്കുറവുള്ളവരും. (Attention -deficit hyperactivity disorder ADHD or ADD) മറ്റൊരു 18 ശതമാനം പേരാകട്ടെ ശാരീരികാരോഗ്യപ്രശ്നമുള്ളവരും. 15 ശതമാനം പേര്‍ മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരായിരുന്നു. ഏഴു ശതമാനം പേര്‍ കേള്‍ക്കാനും കാണാനും ബുദ്ധിമുട്ടുള്ളവര്‍. 11 ശതമാനം പേര്‍ മറ്റ് തരത്തിലുള്ള പരിമിതികള്‍ അനുഭവിക്കുന്നവര്‍.

ഇന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിമിതികളുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി കാണുന്നു. കോളേജുകളില്‍ പ്രവേശനം തേടുന്ന പരിമിതരുടെ എണ്ണത്തില്‍ വരുംനാളുകളില്‍ വര്‍ധനവുണ്ടാകുമെന്ന് അതു സൂചിപ്പിക്കുന്നു. ഓട്ടിസവും (Autism Spectrum disorder) ബുദ്ധിമാന്ദ്യവും (Intellectual Disability) മസ്തിഷ്ക തളര്‍വാതവും (Cerebral Palsy) പഠനപരിമിതിയും ശ്രദ്ധക്കുറവും (ADHD) ഉള്ളവരും സമീപകാലങ്ങളില്‍ കോളേജ് വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കുന്നതായി തെളിവുകള്‍ പറയുന്നു. (Antony and Shore 2015). ബുദ്ധിമാന്ദ്യം ബാധിച്ച ഒരു വിദ്യാര്‍ത്ഥി 13 വര്‍ഷംകൊണ്ട് കോളേജു ബിരുദം നേടിയതെങ്ങനെയെന്ന്College Experience: Individuals with Cereberal Palsy എന്ന ഗ്രന്ഥത്തില്‍ ഞാന്‍ എടുത്തു പറയുന്നുണ്ട്. ബുദ്ധിമാന്ദ്യവും കാഴ്ചക്കുറവുമുള്ള വ്യക്തി അവയെല്ലാം അതിജീവിച്ച് ബിരുദധാരിയായതെങ്ങനെയെന്നും പ്രസ്തുത ഗ്രന്ഥത്തില്‍ പ്രത്യേകം വിവരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കേണ്ടതില്ലെന്നായിരുന്നു ആ കുട്ടിയുടെ അധ്യാപകരുടെ ഉപദേശം. ആസ്പെര്‍ഗര്‍ സിന്‍ഡ്രോം (Asperger Syndrome) ബാധിച്ച ഷോര്‍(2015) ബാല്യം മുതലുള്ള അവന്‍റെ ജീവിതം നമ്മോടു പങ്കുവയ്ക്കുന്നു. ജനിച്ച് പതിനെട്ടാം മാസത്തില്‍ തന്നെ ഷോറിന് ആശയവിനിമയത്തിനുള്ള മുഴുവന്‍ കഴിവുകളും നഷ്ടപ്പെട്ടിരുന്നു. ഷോറിന് കടുത്ത ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ഉണ്ടെന്ന് വൈദ്യശാസ്ത്രം സ്ഥിതീകരിച്ചു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവനൊരിക്കലും ഗണിതശാസ്ത്രം പഠിക്കില്ലെന്നു അധ്യാപകര്‍ വിധിയെഴുതി. ഇന്ന് ഷോര്‍ ഒരു മുഴുസമയ പ്രൊഫസറാണ്. പരിമിതികളുള്ളവരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന അന്താരാഷ്ട്ര പ്രശസ്തനായ പ്രഭാഷകനാണ്.  സ്റ്റാറ്റിസ്റ്റിക്സ് അടക്കമുള്ള കോളേജുതല വിഷയങ്ങള്‍ അദ്ദേഹം ഒരു സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്നു.  പരിമിതികളുള്ള വ്യക്തികള്‍ പരിമിതികളില്ലാത്ത വ്യക്തികളില്‍നിന്ന് വ്യത്യസ്തരല്ല എന്ന് ഈ ജീവിതങ്ങള്‍ വിളിച്ചുപറയുന്നു. അധ്യാപകരില്‍നിന്നുതന്നെ നിരുത്സാഹപ്പെടുത്തലും പ്രതിലോമ പരാമര്‍ശങ്ങളും ഉണ്ടായിട്ടും ഷോറിനെ പോലൊരാള്‍ക്ക് കോളേജ് അധ്യാപകനും പണ്ഡിതനുമാകാന്‍ കഴിഞ്ഞുവെങ്കില്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശവും പിന്തുണയുമുണ്ടെങ്കില്‍ പരിമിതികളുള്ള ആര്‍ക്കും ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോളേജ് വിദ്യാഭ്യാസത്തിലേക്കോ ഇഷ്ടമുള്ള മറ്റ് മേഖലകളിലേക്കോ സുഗമമായി കടക്കുന്നതിന് സാധിക്കും.

ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പരിമിതരായ വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക തുടര്‍ച്ചയായി കോളേജു വിദ്യാഭ്യാസത്തെ പരിഗണിക്കാന്‍, പരിമിതികളുള്ള കുട്ടികളോടും അവരുടെ മാതാപിതാക്കളോടും വിദ്യാഭ്യാസ വിദഗ്ദ്ധരോടും, പരിമിതികളുള്ള വിദ്യാര്‍ത്ഥികളുടെ തുല്യതയ്ക്കും അവരെക്കൂടി പൊതുവിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനും വേണ്ടി വാദിക്കുന്ന ആള്‍ എന്ന നിലയില്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. പരിമിതികളുള്ളവര്‍ സമൂഹത്തില്‍നിന്ന് പുറന്തള്ളപ്പെടുന്നത് തടയുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും പരിമിതികളുള്ളവരുടെ കോളേജ്/ഉന്നത വിദ്യാഭ്യാസം ഒരു പരിധിവരെ സഹായകമാകും.
പരിമിതികളുളള വിദ്യാര്‍ത്ഥികളുടെ കോളേജ് വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനുള്ള 51 കാരണങ്ങള്‍ ഇതാ-

1. വിദ്യാഭ്യാസത്തെ അടുത്ത പടിയിലേക്ക് ഉയര്‍ത്തുന്നു.
2. പരിമിതികളില്ലാത്തവരില്‍നിന്ന് വ്യത്യസ്തരല്ല പരിമിതികളുള്ളവര്‍ എന്ന് തെളിയിക്കപ്പെടുന്നു.
3. പരിമിതികളുള്ളവരും ബുദ്ധിപരമായി ശേഷിയുള്ളവരാണെന്ന യാഥാര്‍ത്ഥ്യം പങ്കുവയ്ക്കപ്പെടാന്‍ അവസരം ഒരുക്കുന്നു.
4. പുതിയ വഴികളും പുതിയ വിവരങ്ങളും പരിചയപ്പെടാന്‍ അവസരമൊരുക്കുന്നു.
5. പുതിയ കഴിവുകളും സങ്കേതങ്ങളും പഠിക്കാന്‍ വേദിയൊരുക്കുന്നു.
6. സമകാലീന പ്രശ്നങ്ങളെ പാഠ്യപദ്ധതിയില്‍ തന്നെ പഠിക്കാന്‍ കഴിയുന്നു.
7. വിദ്യാഭ്യാസമേഖലയില്‍ തനിക്കുകൂടി ബാധകമാകുന്ന പ്രശ്നങ്ങളുടെ ഭാഗമാകാനും അതിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിവു നല്കുന്നു.
8. പരിമിതികളില്ലാത്ത കൂട്ടുകാരുമായും വിദഗ്ദ്ധരുമായും ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്നു.
9. വ്യത്യസ്ത പഠനമേഖലകളും തൊഴിലുകളും കണ്ടെത്താന്‍ സാധിക്കുന്നു.
10. ഒരു പ്രത്യേക വിഷയത്തിലോ വിഭാഗത്തിലോ കൂടുതല്‍ പഠനം സാധ്യമാക്കുന്നു.
11. പുതിയ താല്പര്യങ്ങളും സാധ്യതകളും കണ്ടെത്താന്‍ സാധിക്കുന്നു.
12. ഉയര്‍ന്ന തലത്തില്‍ അറിവു സമ്പാദിക്കാനും മനനം ചെയ്യാനും കഴിവു നേടുന്നു.
13. പൊതുസമൂഹത്തില്‍ തന്നെ തൊഴില്‍ സമ്പാദിക്കാന്‍ കഴിയുന്നു.
14. കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കുന്നു.
15. മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്നു.
16. ബാല്യകാലസ്വപ്നങ്ങള്‍ പൂവണിയാന്‍ തക്ക വിദഗ്ദ്ധ പരിശീലനം ലഭിക്കുന്നു.
17. സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പഠിക്കുന്നു.
18. ആത്മാഭിമാനം വികസിപ്പിക്കാന്‍ സഹായിക്കുന്നു.
19. ആത്മവിശ്വാസം വളര്‍ത്തുന്നു.
20. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പുതിയ സൗഹൃദങ്ങള്‍ നേടാന്‍ സാധിക്കുന്നു.
21. പരിമിതികളുള്ളവരോ ഇല്ലാത്തവരോ ആയ ആളുകളുമായി ഇടപഴകുന്നതിനുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കും.
22. തൊഴില്‍ വൈദഗ്ദ്ധ്യം വളര്‍ത്തും.
23. പുതിയ തൊഴിലുകള്‍ കണ്ടെത്താന്‍ കഴിയുന്നു.
24. പുതിയ ഹോബികള്‍ ശീലിക്കും.
25. വിദഗ്ദ്ധപഠനം നേടാന്‍ കഴിയും.
26. കൂടുതല്‍ കൂട്ടുകാരെ നേടുന്നതിനും അവരുമായി സഹകരിക്കുന്നതിനും അവസരം ലഭിക്കുന്നു.
27. എഴുതാനുള്ള ശേഷി വര്‍ദ്ധിക്കുന്നു.
28. വായനാ മികവ് ലഭിക്കുന്നു.
29. ഗവേഷണതാല്‍പര്യം ഉണ്ടാകുന്നു.
30. സ്വതന്ത്രമായി ഗവേഷണം നടത്താന്‍ ശ്രമിക്കുന്നു.
31. ഉയര്‍ന്ന തലത്തില്‍ സ്വയം ചിന്തിക്കാന്‍ ശ്രമിക്കും.
32. പരിമിതികളില്ലാത്ത കൂട്ടുകാരെ ബോധവത്കരിക്കാന്‍ സാധിക്കുന്നു.
33. കോളേജ് സംവിധാനത്തില്‍ പ്രൊഫസര്‍മാര്‍ക്കും ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മാറിചിന്തിക്കാന്‍ അവസരമൊരുക്കുന്നു.  
34. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്നു.
35. സമൂഹത്തെ ബോധവത്കരിക്കുന്നു.
36. പരിമിതികളുള്ള മറ്റുള്ളവരെയും കോളേജ് വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് മാതൃകയാകുകയും ചെയ്യുന്നു.
37. ആജീവനാന്ത സൗഹൃദവലയം  രൂപപ്പെടുത്താന്‍ കഴിയും.
38. പുതിയൊരു വിദ്യാഭ്യാസ സംസ്കാരവുമായി ഇഴുകിച്ചേരാന്‍ സാധിക്കുന്നു.
39. സ്വദേശ വിദേശ സഹപാഠികളില്‍ നിന്ന് സംസ്കാരങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പഠിക്കാന്‍ അവസരം ലഭിക്കും.
40. വിമര്‍ശനാത്മക ചിന്തയും അപഗ്രഥന പാടവവും ഉപയോഗിക്കുന്നതിനും അവ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നതിനും സാധിക്കുന്നു.
41. പുതിയ മേഖലകള്‍ തേടുന്നതിനുള്ള അക്കാദമിക സ്വാതന്ത്ര്യം ലഭിക്കുന്നു.
42. ഏതു മേഖലകളിലും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാം.
43. ഏതു മേഖലയിലും ഏറ്റവും മികച്ച പഠനരീതി സ്വീകരിക്കാം.
44. സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും.
45. തൊഴില്‍ ഉന്നതി ലഭിക്കുന്നു.
46. കൂട്ടുകാരുമൊത്തുള്ള തൊഴില്‍ജീവിതം നയിക്കാന്‍ സാധിക്കുന്നു.
47. രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ സഹായമില്ലാതെ ദൈനംദിന ജീവിതം നയിക്കാന്‍ സാധിക്കും.
48. ഭാവി വിദ്യാഭ്യാസ തൊഴില്‍ പദ്ധതികള്‍ സ്വയം ആസൂത്രണം ചെയ്യാന്‍ കഴിയും.
49. കുടുംബത്തെയോ അധികാരികളെയോ ആശ്രയിക്കാതെ വിദ്യാഭ്യാസജീവിതം ആസ്വദിക്കാന്‍ സാധിക്കും.
50. പ്രായപൂര്‍ത്തിയിലേക്കും തുടര്‍ന്നും സ്വതന്ത്രമായി മുന്നേറുന്നതിന് കഴിയുന്നു.
51. യഥാര്‍ത്ഥ ലോകത്ത് നിലനില്‍ക്കുന്നതിന് ആവശ്യമായ അറിവും കഴിവുമുള്ള വ്യക്തിയായി മാറുന്നതിന് അവസരം ലഭിക്കുന്നു.

ഒരാള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നതോടെ അവസാനിപ്പിക്കേണ്ട ഒന്നല്ല ഉള്‍ക്കൊള്ളല്‍(inclusive education). സമൂഹത്തിലെ എല്ലാ മേഖലകളിലും പരിമിതിയുള്ളവരെ ഉള്‍പ്പെടുത്തുമ്പോഴേ തുല്യവിദ്യാഭ്യാസ സമ്പ്രദായം അര്‍ത്ഥപൂര്‍ണമാകൂ. പരിമിതികളുള്ള  വിദ്യാര്‍ത്ഥികളെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുക വഴി സമത്വപൂര്‍ണമായ ഒരു സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കാം.

(കടപ്പാട്: Lissah Journel ല്‍ ലേഖകന്‍  പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്നു മൊഴിമാറ്റം നടത്തിയതാണ് ഇതിലെ പ്രസക്തഭാഗങ്ങള്‍.)

Ref:-
https://disabilityaffairs.gov.in/content/page/acts.php
Ainscow, M., 2007 From special education to effective schools for all: a review of progress so far In L Florian The sage handbook of special education, Thousand Oaks California: Sage Publications.
Antony, PJ. (2015). College Experience: Individuals with Cerebral Palsy.
In P. J. Antony, &S. M. Shore (Eds.). College for students with disabilities: We do belong(11-34). Philadelphia, PA: Jessica Kingsley publishers.
de Fur, S. H., Getzel, E, E., &Trossi, K.(1996). Making the postsecondary education match: a role for transition planning Journal of Vocational Rehabilitation, 6(3), 231-241.

You can share this post!

ഈ മുത്തച്ഛന് ഒന്നും അറിയില്ല!

ഷാജി സി. എം. ഐ.
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts