news-details
മറ്റുലേഖനങ്ങൾ

ക്രിസ്തു ജനിക്കുന്നത്

ഞാന്‍ തുടക്കത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ഫിലോസഫര്‍ ആണ് വിറ്റ്ഗന്‍സ്റ്റെയിന്‍. പക്ഷേ ഈ അടുത്തകാലത്ത് മെക്സിക്കന്‍ സാഹിത്യകാ രനായ കാര്‍ലോസ് ഫ്യുവന്തസിനെ വായിച്ചപ്പോ ഴാണ്   വിറ്റ്ഗന്‍സ്റ്റെയിന്‍റെ തത്വചിന്ത എനിക്ക് ശരിക്കും മനസ്സിലായത്. കാര്‍ലോസ് ഫ്യുവന്തസ്  വിറ്റ്ഗന്‍സ്റ്റെയിനിനെ വിശേഷിപ്പിക്കുന്നത് ഇരുപതാംനൂറ്റാണ്ടിന്‍റെ തത്വചിന്തകന്‍ എന്നാണ്. പരമ്പരാഗത തത്വചിന്ത വസ്തുക്കളുടെ അല്ലെങ്കില്‍ കാര്യങ്ങളുടെ അര്‍ത്ഥം അന്വേഷിച്ചത് ചിന്തയുടെ മേഖലയിലായിരുന്നു. പക്ഷേ വിറ്റ്ഗന്‍സ്റ്റെയിന്‍ പറഞ്ഞു നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം അതിനു പിന്നിലുള്ള ചിന്തയിലല്ല, ഭാഷയില്‍തന്നെയാണ്. ഭാഷയിലൂടെയാണ് അര്‍ത്ഥങ്ങള്‍ കൈമാറ്റം ചെയ്യുന്നതെങ്കിലും ഭാഷയില്‍ വരുന്നതോടുകൂടി സത്യങ്ങള്‍ക്ക് തേയ്മാനം സംഭവിക്കാന്‍ തുടങ്ങുന്നു. അപ്പോള്‍ പറയപ്പെട്ടതില്‍ അല്ല കാര്യം പറയാന്‍ പറ്റാത്ത തിലായിരിക്കും കാര്യം. അതുപോലെതന്നെ  ലോജിക് പ്രത്യാശയെ ശോഷിപ്പിച്ച് കഴിയുമ്പോള്‍ പുതിയ ഭാവത്തില്‍ ഉള്ള ഒരു അറിവ് ആവിര്‍ഭവിക്കുന്നു. അതു വിളിച്ചുവരുത്തുന്നത് കലയുടെ പ്രതിരോധ നന്മകളെ ആയിരിക്കും. മതപരമായ ചിന്തകളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു അത് മനസ്സിലാക്കി അദ്ദേഹം പറയുന്നത്, "The honest thinker is like a tightrope walker. He seems to be walking on air, his support is the most fragile imaginable. and yet it is possible to walk.'

നമ്മളെ നിര്‍വചിക്കുന്നത്  നമ്മുടെ ഭാഷ തന്നെയാണ്. ഭാഷ പ്രധാനമായും ചെയ്യുന്നത് രണ്ട് കാര്യങ്ങളാണ്: ഒന്നാമതായി വസ്തുതകളെ പ്രതിനിധീകരിക്കുന്നു, പ്രസ്താവനകളെ അള ക്കുന്നു. രണ്ടാമതായി വികാരങ്ങളെ നിര്‍വഹിക്കുന്നു. മൂല്യം നീതി അര്‍ത്ഥം ഇതെല്ലാം ഉള്ളത് ഭാഷയില്‍ തന്നെയാണ്. ചരിത്രവും വര്‍ത്തമാനവും ഭാഷയുടെ പരിപോഷണമാണ്. ഉദാഹരണത്തിന്, നെപ്പോളിയന്‍ റഷ്യയെ ആക്രമിക്കുന്നത്  1812-ല്‍ ആണ്. പക്ഷെ, എപ്പോഴെക്കെ ഒരു വായനക്കാരന്‍ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവല്‍ വായിക്കുന്നുവോ അപ്പോഴൊക്കെ നെപ്പോളിയന്‍  റഷ്യയെ ആക്രമിക്കുന്നു. നെപ്പോളിയന്‍ റഷ്യയെ ആക്രമിക്കുന്ന പശ്ചാത്തലത്തില്‍ ടോള്‍സ്റ്റോയി എഴുതിയ കൃതിയാണ് യുദ്ധവും സമാധാനവും. നോവലിന്‍റെ ശക്തി ഇതാണ്, അത് ചരിത്രത്തെ വര്‍ത്തമാനകാലത്തില്‍ അവതരിപ്പി ക്കുന്നു.

ഇതുതന്നെയാണ് സുവിശേഷങ്ങളുടെ സത്യവും, എപ്പോഴൊക്കെ ഒരാള്‍ ബൈബിള്‍ വായി ക്കുന്നുവോ അപ്പോഴൊക്കെ അയാള്‍ക്കായി ക്രിസ്തു ജനിക്കാനും ജീവിക്കാനും തുടങ്ങുന്നു. ഒരു ശ്രീലങ്കക്കാരനെ സംബന്ധിച്ച് ക്രിസ്തുവിന്‍റെ ജനനവും ജീവിതവും സംഭവിക്കുന്നത് അവന്‍റെ ചുറ്റുപാടുകളില്‍ തന്നെയാണ്. ഒരു ആഫ്രിക്കക്കാരനെയും ഇന്ത്യക്കാരനെയും സംബന്ധിച്ചും ഇത് തന്നെയാണ് സത്യം. ഇപ്പോള്‍ കുറച്ച് പൈസയൊക്കെ ആയിക്കഴിയുമ്പോള്‍ മിക്ക ക്രിസ്ത്യാനികളുടെയും ഒരു സ്വപ്നം എന്നത് വിശുദ്ധ നാട് സന്ദര്‍ശിക്കുക എന്നതാണ്.  യാത്ര നല്ലതാണ്. പക്ഷേ വിശുദ്ധനാട് സന്ദര്‍ശനം അത്ര വലിയവിശുദ്ധി പ്രദാനം ചെയ്യുമെന്നു തോന്നുന്നില്ല. അതിനു സാധ്യത കുറവാണ്. ഇസ്രായേലില്‍ ചെന്നിട്ട് ക്രിസ്തു ജനിച്ച ഒരുസ്ഥലം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അവിടെ ക്രിസ്തു ജനിച്ചു എന്നേയുള്ളൂ എന്നാല്‍ ഇപ്പോള്‍ അവിടെ അവന്‍ ജനിക്കണം എന്നില്ല. ഇസ്രയേലില്‍ നടന്നുപോയി എന്നേയുള്ളൂ ഇപ്പോള്‍ നടക്കണമെന്നില്ല. പലപ്പോഴും വിശുദ്ധനാട് സന്ദര്‍ശനം വെളിവാക്കുന്നത്, ക്രിസ്തുവിന്‍റെതായ ഒരു നന്മയും അവിടെ അവ ശേഷിക്കുന്നില്ല എന്നതാണ്. പസോലിനിക്ക് പറ്റിയത് അതാണ്, മത്തായിയുടെ സുവിശേഷം എന്ന സിനിമയുടെ തിരക്കഥയുമായി ഇസ്രയേലില്‍ സിനിമ ഷൂട്ട് ചെയ്യാന്‍ പോയ പസോലിനിക്ക്  അവിടെ ക്രിസ്തുവിന്‍റെ ഓര്‍മ്മ വഹിക്കുന്ന അന്തരീക്ഷമോ ചുറ്റുപാടുകളോ കാണാന്‍ സാധിച്ചില്ല. അവസാനം ഇറ്റലിയില്‍ തിരിച്ചെത്തി ഏറ്റവും ദരിദ്രമായ ഒരു ഗ്രാമത്തിലാണ് മത്തായിയുടെ സുവിശേഷം എന്ന സിനിമ ഷൂട്ട് ചെയ്തത്.

അത് ഒരുപക്ഷേ ക്രിസ്തുവിനെ കാണാനായുള്ള തീര്‍ത്ഥാടനം ഇസ്രായേലിലേക്ക് അല്ല നടത്തേണ്ടത്, നമ്മുടെ തന്നെ ചുറ്റുപാടുകളിലേക്ക് ആയിരിക്കണം, തടവറകളിലേക്കും ആശുപത്രികളിലേക്കും അന്നത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന  സഹോദരന്‍റെ വീട്ടിലേക്കും ആയിരിക്കണം.

ക്രിസ്തു ഒരു ചരിത്രപുരുഷന്‍ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് എല്ലാവരുടെയും ശ്രമം. അവന്‍ ഒരു ചരിത്രപുരുഷന്‍തന്നെയായിരുന്നു. എന്നാല്‍ അത് സ്ഥാപിച്ചിട്ട് വലിയ പ്രയോജനമൊന്നുമില്ല. അവന്‍ ഒരു ചരിത്ര പുരുഷന്‍ ആയിരുന്നു എന്നതിനേക്കാള്‍  പ്രധാനം അവന്‍ ഒരു ഭാവിപുരുഷനാണ് എന്നുള്ളതാണ്. അവന്‍റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകകളാണ് സുവിശേഷങ്ങള്‍. സുവിശേഷങ്ങളില്‍ അവനെ കെട്ടി ഒതുക്കി വാദങ്ങള്‍ ജയിക്കാനും കുറ്റാരോപണങ്ങള്‍ നടത്താനുമുള്ള ഉപാധിയായി അവനെയും അവന്‍റെ വാക്കുകളെയും ഉപയോഗിക്കുമ്പോള്‍ സുവിശേഷ പ്രഘോഷണങ്ങള്‍  മനുഷ്യാവകാശലംഘനം ആയി മാറുന്നു. ബ്രൂണോ ലാതോര്‍ തിരിച്ചറിയുന്നത്: സുവിശേഷ സത്യങ്ങള്‍ ഭൂതകാലത്തില്‍ നിന്നും  വര്‍ത്തമാനകാലത്തിലേക്കും അവിടെ നിന്നും ഭാവിയിലേക്കും സഞ്ചരിക്കുകയല്ല ചെയ്യുന്നത് പകരം വര്‍ത്തമാനത്തില്‍ നിന്നും ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും സഞ്ചരിക്കുകയാണ് ചെയ്യുന്നത്. വര്‍ത്തമാനകാലം ഭാവിയുടെ ഒരു മുന്‍ ആഖ്യാനം ആണ്. ഇവിടെ ആണ് സത്യം ഡോഗ്മയുമായി സംഘര്‍ഷത്തില്‍ ആകുന്നത്. Christianity is a practice and not a dogma എന്നു  യഹൂദനായ വിറ്റ്ഗന്‍സ്റ്റയിന്‍ മനസ്സിലാക്കുന്നു. ഭൂതകാലത്തിന് ഒരിക്കലും ഭാവിയെ നിര്‍ണയിക്കാന്‍ സാധിക്കുകയില്ല  പക്ഷേ  ഭാവികാലത്തിന് ഭൂതകാലത്തെ  നിര്‍മ്മിക്കാന്‍, നിശ്ചയിക്കാന്‍ സാധിക്കും, "Your past is determined by what you do in the future' എന്നത് ശാസ്ത്ര സത്യമാണ്.

ഏശയ്യയുടെ പ്രവചനങ്ങള്‍ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നോ എന്നതിനെക്കുറിച്ച്  സംശയമുണ്ട്. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന വായനയില്‍ വിവര്‍ത്തനത്തിന്‍റെതായ ചില പ്രശ്നങ്ങളുണ്ട്. ആര്‍ക്കോ വേണ്ടി  നടത്തിയ പ്രവചനത്തെ ക്രിസ്തു അവന്‍റെ താക്കി എന്ന ഭാവി വ്യാഖ്യാനം ആയിരിക്കും ഉചിതം. ക്രിസ്തു സിനഗോഗില്‍ പ്രവേശിച്ച് ആകസ്മികമായി ഏശയ്യയുടെ പുസ്തകമെടുത്ത് വായിക്കുന്നു. കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു എന്ന ഭാഗം വായിക്കുന്നു. വായിച്ചു കഴിഞ്ഞിട്ട് അവനെ തന്നെയും  എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ പറയുന്നു, നിങ്ങള്‍ കേട്ടിരിക്കെ ഇന്ന് ഈ തിരുവെഴുത്ത് പൂര്‍ത്തിയായിരിക്കുന്നു. നൂറ്റാണ്ടുകളായി പലരും അതു വായിച്ചിട്ടുണ്ട്, വ്യാഖ്യാനിച്ചിട്ടുണ്ട്. പക്ഷെ. ആരും പറഞ്ഞില്ല ഇന്ന് ഈ തിരുവെഴുത്ത് പൂര്‍ത്തിയായിരിക്കുന്നു എന്ന്. ആരും ഈ പ്രവചനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറുള്ള  ഒരാള്‍ക്ക് വേണ്ടി ഈ പുസ്തകം കാത്തിരിക്കുകയായിരുന്നു. ക്രിസ്തു വന്നിട്ട് പുസ്തകത്തിന്‍റെ  ആഗ്രഹം നിറവേറ്റി. അതിന്‍റെ പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി അവന്‍ ഒരു യാത്ര ആരംഭിച്ചു. ദരിദയുടെ ഭാഷയില്‍ പറഞ്ഞാല്‍, ക്രിസ്തു  പുസ്തകത്തെ  വിളിച്ചു ണര്‍ത്തി. പുസ്തകം  ക്രിസ്തുവിനെയും വിളിച്ചുണര്‍ത്തി. അവരു തമ്മില്‍ ഒരു ഉടമ്പടി  നടത്തി. ക്രിസ്തു പറഞ്ഞു, ഞാന്‍ നിന്നെ പൂര്‍ത്തീകരിക്കും. പുസ്തകം പറഞ്ഞു ഞാന്‍ നിന്നില്‍ പൂര്‍ത്തീ കരിക്കപ്പെടും.

You can share this post!

സൂക്ഷ്മത

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts