news-details
ഓര്‍മ്മ

അമ്മയാവുകയെന്നാല്‍

അമ്മയുടെ രക്തം സ്നേഹം കൊണ്ട് വെളുക്കുമ്പോഴത്രേ മുലപ്പാലുണ്ടാവുന്നതെന്ന കവി കല്പന വായിച്ചു കണ്ണ് നിറയവേ അടിവയറ്റില്‍ കുഞ്ഞിക്കാലുകള്‍ പതുക്കനെ ചവിട്ടിയവള്‍ മെല്ലെയൊന്നു കുതിച്ചത് അതിഗാഢവും തരളവുമായൊരു ഓര്‍മ്മയായി മനസ്സിലിപ്പോഴുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ സന്ധ്യയില്‍ ഞാനിങ്ങനെ കുറിച്ചത് ഇന്ന് മറിച്ച് നോക്കവേ അറിയാതിത്തിരി സങ്കടവും ഉന്മാദവും ഹൃദയത്തില്‍ കിനിയുന്നു.

എന്‍റെ ചില്ലയില്‍ പാര്‍പ്പിട സ്നേഹപരാഗങ്ങള്‍
പുതുജീവനായ് നിലവിളിക്കുന്നു.
എന്‍റെ ഇലഞരമ്പുകളതിനെ പൊതിഞ്ഞ്
ഇളം നാവിലേക്കു ജീവന്‍റെ അമൃതിറ്റിറ്റ് കൊടുക്കുന്നു...
തോന്നുന്നു, പ്രാണന്‍റെ പ്രവാഹത്തില്‍, സ്വപ്നങ്ങളുടെ കിതപ്പിലതിന് ചിറകുകള്‍ മുളച്ചുതുടങ്ങിയെന്ന്
എന്‍റെ വിശുദ്ധതാഴ്വാരത്ത് ചിറക് കുടയുന്ന ഈ ശലഭം
മഞ്ഞപാപ്പാത്തിയോ അതോ ഒരു സൂര്യശലഭമോ?
പച്ചഞരമ്പുകള്‍ തെളിഞ്ഞുയരുന്ന അടിവയര്‍; അഭിമാനവും കൗതുകവും പ്രണയവും മഷിയെഴുതിയ കണ്ണുകള്‍: ഉറവ കനത്ത് ഘനം കൂടുന്ന മാറിടം; വിരിഞ്ഞുയരുന്ന ജഘനങ്ങള്‍; നോക്കി നില്‍ക്കേ എന്നിലെ പെണ്ണും വസന്തത്തിലെ ഉന്മാദമെന്ന് എനിക്കു തോന്നുന്നു. നിനക്ക് കരയായും കടലായും ഞാന്‍; എനിക്കുള്ളില്‍ ഓളം തല്ലുന്ന കടല്‍, അതിന്‍റെ വേലിയേറ്റങ്ങള്‍..... തിരകളും ചുഴികളും... അതില്‍ നീന്തിത്തുടിക്കുന്ന കുരുന്ന് ജലപ്രാണി; വിരല്‍ത്തുമ്പിലെ ഹൃദയം കൊണ്ട് ഞാനറിഞ്ഞ അതിന്‍റെ ചലനങ്ങള്‍..... എന്‍റെ മനസ്സും ഹൃദയവും ശരീരവും ആ ആഴിയിലേക്ക് മാത്രം ഒഴുകിയ നാളുകള്‍.... ദൈവമേ, ഉയിരിനെ പേറുന്ന ഗര്‍വ്വില്‍ ഞാന്‍ മതിമറന്ന നാളുകള്‍.

മണ്ണിനെയും വിണ്ണിനെയും കോര്‍ത്തിണക്കി സൃഷ്ടിയുടെ ഗര്‍വ്വിലും ഗാംഭീര്യത്തിലും സ്ഥിതിയുടെ പ്രശാന്തതയിലും സ്ത്രീ വ്യാപരിക്കുന്നത് അവളുടെ ഗര്‍ഭാവസ്ഥയിലാവണം. സ്ത്രൈണപൂര്‍ണ്ണിമയുടെ ഉത്സവകാലം. സ്ത്രീയുടെ ഋതുപകര്‍ച്ചകളില്‍ വസന്തത്തിനും ശിശിരത്തിനും ശരത്കാലത്തിനുമൊക്കെ അപ്പുറം 'പ്രകൃതി' എന്നൊരുകാലം. പ്രപഞ്ചനിലനില്പിന് തേനും പാലുമൊഴുകുന്ന കാനാന്‍ദേശമായി പ്രകൃതിയും ഈശ്വരനും അവളെ ഒരുക്കിയെടുക്കുന്ന കാലം. അവളിലേക്കാനാളുകളില്‍ ഒഴുകിയെത്തുന്ന സ്നേഹോഷ്മളതകളുടെ കുഞ്ഞുകുഞ്ഞരുവികള്‍. എന്‍റെ ഹൃദയം ആ നാളുകളില്‍ അതിന്‍റെ ആരോടും പറയാനാവാത്ത വല്യസങ്കടങ്ങളും ചെറിയ സന്തോഷങ്ങളുമെന്നും നിരന്തരം സംവദിച്ചത് എനിക്കുള്ളിലെ ആ കുഞ്ഞുഹൃദയത്തോട്. തീര്‍ച്ചയായും ഉയിരിനെ പേറുന്ന ഉന്മാദത്തിലവള്‍ ഏത് സങ്കടത്തെയും കുറുകേ കടന്നേക്കും.

ഡിസംബര്‍ മാസത്തിലെ ഇളം മഞ്ഞിനെ വകഞ്ഞുമാറ്റി നേര്‍ത്തൊരു നിലവിളിയോടെ കുഞ്ഞ് പിറന്നുവീഴവേ പേറ്റുനോവിന്‍റെ മൂര്‍ച്ഛയില്‍ ഞാനാഴ്ന്നുപോയൊരു മയക്കം. എന്‍റെ അംശം മുന്നീര്‍ക്കുടത്തെ ഭേദിച്ച് സ്വതന്ത്രയായ് കുതിക്കുകയാണ് അവളുടെ ലോകത്തേക്ക്. വെളുത്ത തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ ഉത്ക്കടമായൊരു വികാരത്തോടെ ഞാനാദ്യമായ് ചേര്‍ത്തു പിടിച്ച നിമിഷങ്ങള്‍. എന്‍റെ ഗര്‍ഭപാത്രത്തിന്‍റെ കന്നിവസന്തത്തെ അറിഞ്ഞവള്‍. അതിന്‍റെ നവ്യവും ശുദ്ധവുമായ മിടിപ്പുകളെ നിശ്വാസത്തിന്‍റെ ഭാഗമാക്കിയവള്‍. വല്ലാത്തൊരു ആവേശത്തോടെ സ്നേഹത്തിന്‍റെ കിതപ്പോടെ ഏത് ചോതോവികാരത്തിലാവും ഞാനവളോട് മന്ത്രിച്ചത് 'നീ എന്‍റെ മാംസത്തിന്‍റെ മാംസം; രക്തത്തിന്‍റെ രക്തം. നീ എന്‍റേത് മാത്രം. നിന്‍റെ മണം പോലും എന്‍റെ ഉറവകളുടെ കന്നിഗന്ധം.'

എത്രകണ്ടാലും മതിവരാത്ത കുഞ്ഞുകൈകളും പാദങ്ങളും, ഉറക്കത്തില്‍ താനേ വിരിയുന്ന പുഞ്ചിരി. നീലമേഘങ്ങള്‍ ഒഴുകിനടക്കുന്ന കണ്ണുകള്‍. ഒക്കെ കാണവേ മാതൃത്വമെന്ന അനുപമമായ സ്നേഹപ്രവാഹത്തില്‍ എന്‍റെ രക്തം മുഴുക്കനേ വെളുത്തുവെന്ന് ഞാന്‍ വിശ്വസിച്ചു. കുഞ്ഞിന്‍റെ ഓര്‍മ്മയില്‍ എന്‍റെ നെഞ്ചില്‍നിന്ന് കുതിച്ചൊഴുകിയ പാലരുവികള്‍..... മുലപ്പാലില്‍ കുതിര്‍ന്ന ഉറക്കമൊഴിഞ്ഞ രാത്രികള്‍. മാതൃത്വം എന്നില്‍ അത്രയും ഗാഢമായതിനാലാവണം കുട്ടികള്‍ ഇത്തിരി മുതിര്‍ന്നിട്ടുകൂടി ചില നിമിഷങ്ങളില്‍ ഉരുള്‍പൊട്ടിയാലെന്നോണം സ്നേഹമെന്നെ ഉലയ്ക്കും. അപ്പോഴൊക്കെ ബലമായി ചേര്‍ത്ത് പിടിച്ചു ഞാനവരെ എന്‍റെ നെഞ്ചിടിപ്പ് കേള്‍പ്പിക്കും. പതുക്കെ കണ്ണുകളടച്ച് ഇവിടെയിപ്പോഴും പാലുണ്ടായിരുന്നെങ്കിലമ്മേ എന്ന് പറഞ്ഞ് അവള്‍ കൈ കുടിക്കും. അവളുടെ മുഖത്ത് തുളുമ്പുന്ന നിര്‍വൃതി കാണേ എന്നില്‍ നിറയുന്ന വാത്സല്യവും സ്നേഹവുമൊക്കെ എന്‍റെ ഹൃദയത്തിന് താങ്ങാനാവുമോ എന്ന് ആ നാളുകളില്‍ ഞാന്‍ ഭയന്നിട്ടുണ്ട്. അപ്പോഴൊക്കെ എന്നോ വായിച്ച സയന്‍സ്ഫിക്ഷനിലെ റൂബിയെന്ന കമ്പ്യൂട്ടര്‍ സുന്ദരിയെ ഞാനോര്‍ത്തു. യന്ത്രലോകത്തിന്‍റെയും മനുഷ്യലോകത്തിന്‍റെയും ഇടനാഴിയിലെവിടോ വച്ച് യന്ത്രത്തിനന്യമായ സ്നേഹമെന്ന വികാരം നിറഞ്ഞ് ആ പ്രവാഹം താങ്ങാനാവാതെ തകര്‍ന്നുപോയ റൂബിയെന്ന റോബോട്ടിനെ.

പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് പ്രായോഗികമതിയും വൈഭവവുമുള്ള ഒരമ്മയെക്കാളുപരി, അഗാധവും ആഴവുമുള്ളൊരു വൈകാരികതയായാണ് മാതൃത്വമെന്നില്‍ നിറഞ്ഞിരിക്കുന്നത്. അതെന്നിലലിഞ്ഞ് ചേര്‍ന്നിരിക്കുന്നൊരു സിദ്ധിയെന്ന പോലെ. കമലാദാസിന്‍റെ  Middle Age  എന്ന കവിതയിലെ When left alone you touch their books and things; and weeps a lith secretely എന്ന വരി എപ്പോള്‍ വായിച്ചാലും എത്ര മറച്ചുപിടിച്ചാലും എന്നിലെ അമ്മയുടെ ശബ്ദം പതറി കണ്ണുനിറഞ്ഞുപോവും. അമ്മയായതിലൂടെ മാതൃത്വം എന്‍റെ സഹജഭാവമായുയര്‍ന്നുവെന്നും നിനയ്ക്കാതെ വയ്യ. സ്ത്രീയില്‍ മാതൃത്വത്തിന്‍റെ ഇളംചൂടുള്ള ഇന്ദ്രിയം എന്നും വിരിച്ചുപിടിച്ച കൈകളോടെ ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നുവെന്നും. ക്ലാസ്സ്മുറികളില്‍ ഇത്തിരി മുതിര്‍ന്നകുട്ടികള്‍ അവരുടെ വല്യസങ്കടങ്ങളില്‍ എന്‍റെ ചങ്കോട് ചായുമ്പോള്‍ നെഞ്ചില്‍ പാല്‍ ചുരുത്തുമ്പോഴുള്ള വിങ്ങലും അടിവയറൊന്നുലയുന്നതും ഇന്നും ഞാനറിയുന്നുണ്ട്.

കാലത്തിന്‍റെ കൈവിട്ടൊരു ഗതിയില്‍ എന്‍റെ അക്ഷയപാത്രത്തിന്‍റെ ചില്ലകളൊക്കെ വാടിത്തുടങ്ങിയിരിക്കുന്നു... ഇലകളൊക്കെ തളര്‍ന്നുതുടങ്ങിയിരിക്കുന്നു. എന്നാലും ജീവന്‍റെ സ്പന്ദനങ്ങളെ ഞാനാ വിശുദ്ധകൂടാരത്തില്‍ കാത്തുസൂക്ഷിച്ച ദിനങ്ങളുടെ ഓര്‍മ്മ എന്നില്‍ നിന്നൊരിക്കലും മായാതെ മങ്ങാതെ നില്‍ക്കും. ആ ഓര്‍മ്മകളിലെന്നെ തളച്ചിട്ട് വേണം ശേഷകാലം പ്രകൃതിയായ് ഞാനൊഴുകേണ്ടതെന്ന്. അമ്മയാവുക എന്ന പ്രപഞ്ചനിലനില്പിനായുള്ള മധുരവും വേദനാപൂര്‍വ്വവുമായ ത്യജിക്കലിലൂടെ പ്രകൃതിയുടെ നിറവും ആനന്ദവും പിടച്ചിലും എന്നെ അനുഭവിപ്പിച്ച മനോഹരവും ഉദാത്തവുമായ കാലങ്ങള്‍. ലോകമേ, കനിവിന്‍റെയും വിസ്മയത്തിന്‍റെയും മിഴികള്‍കൊണ്ട് അമ്മമാരെന്ന് ഞങ്ങളെ ഓര്‍മ്മിക്കുക.
(കടപ്പാട്: സ്ത്രൈണപൂര്‍ണ്ണിമ, തിയോ ബുക്സ്, കൊച്ചി) 

You can share this post!

മരിച്ചാലും മരിക്കാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍

സി. അലീന എഫ്.സി.സി. മുളപ്പുറം
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts