news-details
കവർ സ്റ്റോറി

ദൈവരാജ്യം ബലഹീനരുടെ ജ്ഞാനം

ആഗോളവല്‍ക്കരണം സാമ്പത്തികരംഗത്ത് മാത്രമല്ല, മനുഷ്യന്‍റെ സമസ്തജീവിത മണ്ഡലങ്ങളെയും കാഴ്ചപ്പാടുകളെയും അടിസ്ഥാനപരമായി സ്വാധീനിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.  ഇവിടെ മുതലാളിത്ത സമ്പദ്വ്യവസ്ഥ പുതിയൊരു രൂപം പ്രാപിച്ചിരിക്കുന്നു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും, പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരും ആകുന്ന ഈ ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രതിഫലനങ്ങള്‍ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാമ്പത്തിക-സാമൂഹ്യരംഗങ്ങളില്‍ നിന്നും കാണാന്‍ സാധിക്കും. ഇത്തരത്തില്‍ വളര്‍ന്നുവരുന്ന അതിഭൗതിക വാദത്തിന്‍റെയും സ്വാര്‍ത്ഥതയുടേയും പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയുടേയും സാഹചര്യത്തില്‍ ഉത്തരവാദിത്തമുള്ള വിശ്വാസ സമൂഹങ്ങള്‍ തങ്ങളുടെ മതഗ്രന്ഥങ്ങള്‍ പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.  സാമ്പത്തിക നീതിക്കു വേണ്ടി പോരാടുന്ന പ്രസ്ഥാനങ്ങളുമായി സഹകരിക്കാനും സാമ്പത്തിക അടിമത്വത്തിനെതിരെ പുതിയ ബദലുകളെ തുറക്കാനും മതങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.  (ഈ നിലയ്ക്കുള്ള ചില സമീപനങ്ങള്‍ ക്രൈസ്തവ മേഖലയില്‍ ആരംഭിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന Evangelii Gaudium (The Proclamation of the gospel in todays world) മറ്റൊന്ന് ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ എഴുതിയ Transcending Greedy Money:Interreligious Solidarity for Just Relations.  (New Approaches to Religion and power) By Dr. Ulrich Duchrow and Franz J. Hinkelammert).ഈയൊരു സാഹചര്യത്തില്‍ ബൈബിള്‍ എങ്ങനെയാണ് ഈ വിഷയങ്ങളോടു പ്രതികരിക്കുന്നത് എന്ന് വീണ്ടും അന്വേഷിക്കുന്നത് നന്നായിരിക്കും.  

ആഗോളവത്കരണവും സാമ്രാജ്യത്വങ്ങളും

1960-ല്‍ വിമോചനപ്രസ്ഥാനങ്ങളുടെ കാലഘട്ടമായിരുന്നു.  ഇന്നത്തെ മൂന്നാം ലോകരാഷ്ട്രങ്ങളിലുള്‍പ്പെടുന്ന ഒട്ടേറെ രാജ്യങ്ങളിലെ വിശേഷിച്ചും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിമോചന പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളുടെ ഫലമായി യുറോപ്യന്‍ അധിനിവേശത്തിന് അറുതി വരുന്നത് 1960 കളിലാണ്.  മിഷേല്‍ ഫൂക്കോയുടെ ഭാഷയില്‍, ചരിത്രത്തില്‍ വരെ നിശ്ശബ്ദരാക്കപ്പെട്ട ജനസമൂഹങ്ങള്‍ സ്വന്തം ശബ്ദം വീണ്ടെടുക്കുകയും, സ്വന്തം ശബ്ദത്തില്‍ സംഘടിതമായി സംസാരിക്കാന്‍ കരുത്തു നേടുകയും ചെയ്ത കാലമായിരുന്നു ഇത്.  എന്നാല്‍ സാമ്രാജ്യത്വ ശക്തികള്‍  തങ്ങളുടെ പഴയ കോളനികളെ ചൂഷണം ചെയ്യുവാനും അവരുടെ സാമ്പത്തിക മേല്‍ക്കോയ്മ തുടര്‍ന്ന് കൊണ്ടുപോകുവാനും പുതിയ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയായിരുന്നു.  പുതുതായി രൂപം കൊണ്ട ഭരണകൂടങ്ങള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചതുവഴി മത-വംശ-ഭാഷ തരംതിരിവുകള്‍ ഒരു പരിധിവരെ അതിജീവിക്കാന്‍ സാധിച്ചു.  എന്നാല്‍ സാങ്കേതിക വിദ്യയില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ മുന്നേറ്റങ്ങള്‍ സാമ്പത്തികമായി വിവര്‍ത്തനം ചെയ്യുന്നതില്‍ സ്വകാര്യമുതലാളിത്ത കുത്തകകള്‍ വിജയിച്ചതോടെ ആഗോള സാമ്പത്തിക ക്രമത്തില്‍ നവ കോളനിവല്‍ക്കരണം എന്ന പുതിയൊരു യുഗം ആരംഭിക്കുകയായിരുന്നു. ദേശ-രാഷ്ട്ര സങ്കല്‍പങ്ങള്‍ ആഗോളവത്ക്കരണം പൊളിച്ചെഴുതി എന്നതാണ് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രതിഭാസം എന്നത്.  ഇവിടെ വിമോചന പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ പ്രാരംഭം കുറിച്ച ക്ഷേമരാഷ്ട്ര (Welfare) സങ്കല്‍പം പാടേ അവഗണിക്കപ്പെട്ടു.  മനുഷ്യന്‍റെ ആവശ്യങ്ങള്‍ കമ്പോളത്തിലെ ലഭ്യതയ്ക്ക് അനുസരിച്ച് പരിവര്‍ത്തനം ചെയ്യപ്പെട്ടു.  ഇങ്ങനെ മനുഷ്യന്‍റെ സമസ്തജീവിതത്തെയും മാറ്റിയെഴുതിയ ആഗോളവത്ക്കരണം എന്ന പ്രതിഭാസം ഇന്ന് സംഘടിതമായി സാമ്രാജ്യത്വ രൂപം പ്രാപിച്ചിരിക്കുകയാണ്.  ആഗോളവന്‍കിട കുത്തകകളും മുതലാളിത്തഭീമന്മാരും ഇതിനെല്ലാം മെയ്വഴക്കത്തോടെ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.

ആഗോളവത്ക്കരണം ഒരു സാമ്രാജ്യത്വ രൂപം പ്രാപിച്ചു എന്ന് പറയുമ്പോള്‍ അതിന് വിപുലമായ അര്‍ത്ഥമാണ് ഉള്ളത്.  കമ്പോളത്തിന് പ്രാധാന്യം നല്‍കി, കമ്പോളത്തിലൂടെ ഭരണകൂടങ്ങളുടെ നിയന്ത്രണശേഷിയെ പരിമിതപ്പെടുത്തുന്ന തന്ത്രമാണ് ആഗോളവത്ക്കരണം പ്രയോഗിക്കുന്നത്.  ഈ തന്ത്രത്തിന്‍റെ ലക്ഷ്യം ആഗോളവ്യവസ്ഥയ്ക്കു വിരുദ്ധമായി നില്‍ക്കുന്ന ശക്തികളെ ശിഥിലീകരിക്കാനും ശക്തമായ ഭരണകൂടങ്ങള്‍ നേതൃത്വം നല്‍കുന്ന സുദൃഢമായ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രൂപങ്ങളെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമാണ് പദ്ധതിയിടുന്നത്. ഇതുവഴി ആത്യന്തികമായി സംഭവിക്കുന്നത് ഭരണകൂടം എന്നത് കമ്പോളവും കമ്പോളത്തെ നിയന്ത്രിക്കുന്ന മൂലധന ശക്തികളും ആകും എന്നതാണ് വാസ്തവം.

ബൈബിള്‍ ആദിയോടന്തം വായിക്കുമ്പോള്‍ അത് ഒരിക്കലും ഒരു പ്രഭാഷണമല്ല (Orations) പ്രത്യുത രാജ്യങ്ങളോടും ജനതകളോടും ചരിത്രത്തോടും ദൈവം നടത്തുന്ന ഇടപെടലുകളുടെ ആകെത്തുകയാണ്.  ഇന്ന് സാമ്രാജ്യത്വരൂപം പ്രാപിച്ച് നില്‍ക്കുന്ന ഈ ആഗോള സാമ്പത്തിക പ്രതിഭാസത്തോടുള്ള നീതിപൂര്‍വ്വമായ പ്രതികരണത്തെ നമുക്ക് ബൈബിളില്‍ നിന്ന് തന്നെ കാണാന്‍ സാധിക്കും.  

ദൈവരാജ്യം ഒരു പ്രയോഗം

പഴയ നിയമത്തില്‍ ഇസ്രായേലിന്‍റെ ദൈവസങ്കല്‍പം രൂപപ്പെടുത്തുന്നതില്‍ പുറപ്പാട് സംഭവം (Exodus Event) വലിയ സംഭാവനയാണ് ചെയ്തിരിക്കുന്നത്. ഈ വിമോചന മുന്നേറ്റമാണ് പഴയനിയമ ഗ്രന്ഥങ്ങളുടെ രചനയുടെ അടിസ്ഥാന പ്രേരണ. അടിമത്വത്തില്‍ നിന്ന് വിമോചിപ്പിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ആശയങ്ങളും പ്രതീക്ഷകളും ആണ് പ്രവാചകന്മാരും തങ്ങളുടെ പുസ്തകങ്ങളില്‍ പങ്കുവയ്ക്കുന്നത്.  ഈ ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതി എല്ലാവിധ അടിമത്വങ്ങളില്‍ നിന്നും സമസ്ത സൃഷ്ടിയെ വിമോചിപ്പിക്കുക എന്നതുതന്നെയാണ്.

പഴയനിയമ ചിന്തയില്‍ ദൈവരാജ്യം എന്ന പ്രയോഗമോ, സങ്കല്‍പമോ നിലനിന്നിരുന്നതായി തെളിവുകള്‍ ഒന്നും തന്നെയില്ല.  എന്നാല്‍ ദൈവം ഇസ്രായേലിന്‍റെ രാജാവാണ് എന്ന് എടുത്തു പറയുന്നതായി വായിക്കാന്‍ സാധിക്കും. (deyt 33:5) സങ്കീര്‍ത്തനങ്ങളും സമാനമായ ചിന്തകള്‍ തന്നെയാണ് പങ്കുവയ്ക്കുന്നത്.  രാജ്യം (Nation) എന്ന സങ്കല്‍പം ഇസ്രായേലിന്‍റെ ചിന്തയ്ക്ക് തികച്ചും അന്യമാണ്.  വിവിധ ഗോത്രങ്ങളായി ദേശാന്തരിയായി പാര്‍ത്തു വന്ന ഗോത്രവര്‍ഗ്ഗ സമൂഹം രാജാവിനെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ചിന്തിക്കുന്നതും അവരുടെ വളര്‍ച്ചയുടെ പുതിയൊരു ഘട്ടത്തിലാണ്. ശാവൂലിനെ ഇസ്രായേലിന്‍റെ ആദ്യത്തെ രാജാവാക്കുന്നതും ദൈവം തന്നെയാണ്. ശത്രുരാജ്യങ്ങള്‍ക്കു രാജാവും സൈന്യവും ഒക്കെ ഉണ്ടായിരുന്നപ്പോഴും ഇതൊന്നും വ്യവസ്ഥാപിതമായി ഉണ്ടാകാതിരുന്നിട്ടും ഇസ്രായേല്‍ അതിനെതിരെ ഒരു പിടിച്ച് നില്‍പ്പ് സാധ്യമാക്കുകയാണ്. ദൈവത്തെ മുന്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രസങ്കല്‍പം തന്നെയാണ് മൊണാര്‍ക്കിയുടെ കാലത്ത് ഇസ്രായേല്‍ മുന്നോട്ടു വയ്ക്കുന്നത്.  പ്രവാചകകാലത്ത് സാഹോദര്യത്തിന്‍റെ ഉടമ്പടി തകര്‍ക്കുന്ന പാശ്ചാത്യരാജ്യങ്ങളെ അവന്‍ തകര്‍ത്ത് കളയും (2:4-3:2, 10:1-11) എന്നാണ് പറയുന്നത്.  ഇതുവഴി പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്യുന്നതും പ്രതീക്ഷിക്കുന്നതും ദൈവരാജ്യത്തിന്‍റെ വരവും ഭൂമിയെ ഭരിക്കുന്നതുമാണ്.

പുതിയ നിയമത്തില്‍ സമവീക്ഷണ സുവിശേഷങ്ങളിലാണ് ദൈവരാജ്യം അല്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യം എന്ന പ്രയോഗം കാണാന്‍ സാധിക്കുന്നത്. വി. മത്തായി സ്വര്‍ഗ്ഗരാജ്യം എന്ന് മാത്രം ഉപയോഗിക്കുന്നത് ദൈവം എന്ന വിശുദ്ധനാമം ഉപയോഗിക്കാതെ പകരം മറ്റ് വാക്കുകള്‍ ഉപയോഗിക്കുന്ന യഹൂദപാരമ്പര്യം ഉള്ളതുകൊണ്ടാണ്.  പ്രയോഗത്തില്‍ വ്യത്യാസം ഉണ്ടെങ്കിലും സമാനമായ അര്‍ത്ഥം തന്നെയാണ് മൂന്ന് സുവിശേഷങ്ങളും പങ്ക് വയ്ക്കുന്നത്.  

സുവിശേഷങ്ങളില്‍ ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലിനെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.  വിസ്തൃതമായ റോമന്‍ സാമ്രാജ്യം ചെറുരാജ്യങ്ങളെ കീഴ്പ്പെടുത്തി ഭരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇസ്രായേല്‍ എന്ന ചെറുരാജ്യത്തും നിലനിന്നിരുന്നത്. മതജീവിതത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലും യഹൂദമതത്തെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റി രാഷ്ട്ര ഭരണം നിര്‍വ്വഹിക്കുന്നതിലും അവര്‍ വജയിച്ചിരുന്നു.  മതവും രാഷ്ട്രീയവും ചേര്‍ന്ന ഒരവിശുദ്ധകൂട്ടുകെട്ട് ഭരണനിര്‍വ്വഹണം നടത്തുമ്പോള്‍ ധനത്തിന്‍റെ കുമിഞ്ഞു കൂടല്‍ ഒരു വശത്ത് നടക്കുന്നു.  മതത്തിന്‍റെ മേലങ്കികളും അടയാളങ്ങളും ബലിവസ്തുക്കള്‍ പോലും ലാഭത്തിന് വേണ്ടിയുള്ള ആര്‍ത്തിയുടെ ഉപകരണങ്ങളായി മാറുന്നു.  ഇവിടെ തകരുന്ന അനേകരുടെ ജീവിതമുണ്ട് എന്ന് ബൈബിള്‍ തന്നെ സാക്ഷിക്കുന്നുണ്ട്. സ്ത്രീകള്‍, രോഗികള്‍, സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളപ്പെടുന്ന പാവപ്പെട്ടവര്‍, അടിമത്വം അനുഭവിക്കുന്നവര്‍ ഇങ്ങനെ പോകുന്ന സാധാരണക്കാരുടെ ഇടയിലേയ്ക്കാണ് ക്രിസ്തു കടന്നുവരുന്നത്. ഇവിടെ ക്രിസ്തു നിലവിലുള്ള സാമ്രാജ്യങ്ങള്‍ക്ക് ബദലായി മറ്റൊന്ന് സംസാരിക്കാന്‍ തുടങ്ങുകയാണ്. അതാണ് ദൈവരാജ്യം. അന്ന് നിലവിലിരുന്നതിന് തികച്ചും വിരുദ്ധമായിരുന്നു ദൈവരാജ്യത്തിന്‍റെ രൂപവും ഘടനയും എന്നത്.

ക്രിസ്തു ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നത് റോമന്‍ സാമ്രാജ്യത്വം രാജ്യം (Kingdom) എന്ന സങ്കല്പം ഒരു മര്‍ദ്ദിത ഉപാധിയാക്കിയതിന് ബദലായിട്ടാണ്. അതുവരെ ആരും പറഞ്ഞ് കേള്‍ക്കാത്ത ഒരു രാജ്യം ക്രിസ്തു ഉദ്ഘാടനം ചെയ്യുകയാണ്.  അടിമത്വവും, പാര്‍ശ്വവല്‍ക്കരണവും, പട്ടിണിയും, അസമത്വങ്ങളും അതിജീവിക്കുന്ന ഒരു ചെറു സമൂഹം മാത്രമായിരുന്നു അന്ന് ക്രിസ്തുവിന്‍റെ ദൈവരാജ്യത്തിന്‍റെ അംഗങ്ങള്‍. ദൈവരാജ്യം ഒരാള്‍ മാനസികമായി സ്വാംശീകരിക്കുന്നത് മാത്രമല്ല വിമോചനം അനുഭവിക്കുന്നതും പ്രദാനം ചെയ്യുന്നതും സംഘം ചേരുന്നതുമാണ്.  ക്രിസ്തുവിന്‍റെ ദൈവരാജ്യം ആഗോളമുതലാളിത്തം നമ്മുടെ ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങളെ തൂത്തെറിയുമ്പോള്‍ ദൈവരാജ്യം എന്ന രാഷ്ട്ര സങ്കല്‍പം നാം തിരിച്ച് പിടിക്കേണ്ടിയിരിക്കുന്നു.  ദൈവരാജ്യം എന്ന സങ്കല്പത്തിന് അതില്‍ത്തന്നെ ഒരു ചാലകത്വമുണ്ട് എന്നതാണ് ഇന്നും അതിന്‍റെ വിപുലീകരണം ഒരു നിറഞ്ഞ പ്രതീക്ഷയായി മനുഷ്യര്‍ കൊണ്ടുനടക്കുന്നത്.

ബലഹീനരുടെ ജ്ഞാനം

ദൈവം രാഷ്ട്രങ്ങളോടും, ജനതകളോടും, അധികാരങ്ങളോടും മറ്റ് വാഴ്ചകളോടും നിരന്തരം ഇടപെടുന്നതാണ് ബൈബിള്‍ രേഖപ്പെടുത്തുന്നത് എന്ന് കണ്ടുകഴിഞ്ഞു. ഇടപെടലുകള്‍ എല്ലാം നിലവിലുള്ളതിന് ബദലായി മറ്റൊന്ന് അവതരിപ്പിച്ചുകൊണ്ടാണ് എന്നതാണ് അതിലെ ഏറ്റവും വലിയ സവിശേഷത എന്നത് വി. പൗലോസ് ക്രിസ്തുസംഭവത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ പറയുന്നു- ڇജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്വമായത് തിരഞ്ഞെടുത്തു...ڈ (1 കൊറി. 1:27-28).  ഈ പ്രയോഗങ്ങള്‍ ആലങ്കാരികമായി തോന്നാമെങ്കിലും ഇതിന്‍റെ പിന്നിലെ ദൈവിക പദ്ധതി നിലവിലുള്ള അധികാര ഘടനയ്ക്ക് എതിരായി ദൈവം പുതിയ ബദലിന് രൂപം കൊടുക്കുകയാണ്. കൊറിയന്‍ പശ്ചാത്തലത്തില്‍ വികാസം പ്രാപിക്കുന്ന മിന്‍ഞ്ചുംഗ് ദൈവശാസ്ത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ബലഹീനരുടെ ജ്ഞാനം സാമ്രാജ്യങ്ങളുടെ ജ്ഞാനത്തിന് വിരുദ്ധമാണ് എന്നതുകൊണ്ട് പുതിയൊരു ലോക നിര്‍മ്മിതിയില്‍ ബലഹീനരുടെ ജ്ഞാനം ഒരു ബദല്‍ ലോകം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് എന്ന് പഠിപ്പിക്കുന്നുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ വൈരത്തിന്‍റെ പശ്ചാത്തലത്തില്‍ നവ കോളനിവല്‍ക്കരണവും മുതലാളിത്തവും സാധാരണ ജനങ്ങളില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഭയവും നിലനില്‍ക്കുമ്പോഴും ബലഹീനര്‍ സംഭാവന ചെയ്യുന്ന ഒരു ജ്ഞാനം ഉണ്ട്.  അത് ലെവിയാത്താന്‍ സൃഷ്ടിക്കുന്ന ജ്ഞാനത്തിന്‍റെ അതിരുകള്‍ ലംഘിക്കുന്നതാണ്.  ക്രിസ്തുവും പാളയത്തിനു പുറത്താണ് (സാമ്രാജ്യത്വത്തിന്‍റെ അതിരിന് പുറത്താണ്) ക്രൂശിക്കപ്പെടുന്നത്.  എന്നാല്‍ ക്രിസ്തുവിന്‍റെ ക്രൂശ് സകല അതിരുകളെയും ലംഘിച്ച് ഇന്നും ലോകത്തിന് വെല്ലുവിളിയാകുന്നു. ക്രൂശ് പുതിയ ഒരു ജ്ഞാനം സംഭാവന ചെയ്യുന്നു.  ഇതാണ് മിന്‍ഞ്ചുംഗിന്‍റെ ജ്ഞാനമാതൃക. Kwon Jinkwan വ്യക്തമാക്കുന്നത് ഇപ്രകാരമാണ്

“The wisdom of the Empire needs to be redeemed by the wisdom of the weak and the poor, ie, the minjung.  The wisdom of the minjung is described by Apostle Paul is such terms as the thought of the Spirit, Phronema toun Pneumatos (Rom. 8:6), and the word of the cross, ho logos tou sturon (1 cor. 1:18).  For paul, the wisdom of the cross is the thought and mind of the Spirit as it is singularly connected to the wisdom of the weak.  The spirit works in collective efforts of the weak  and the oppressed, to struggle against the Empire and to construct a new world.  (Kwon Jinkwan, The wisdom of the weak as opposed to the wisdom of the empire preparing a ground for establishing on alternate world.  A Korean perspective, in Asia Journal of theology, Vol. 25, No.2, Oct. 2011, P-223).

ദൈവരാജ്യം സമീപിച്ചിരിക്കുന്നു.
"ദൈവരാജ്യം സമീപിച്ചിരിക്കുന്നു"  (math. 3:2) എന്നത് സുവിശേഷത്തന്‍റെ ആദ്യഭാഗങ്ങളില്‍ മുഴങ്ങികേള്‍ക്കുന്ന ശബ്ദമാണ്.  യോഹന്നാന്‍ സ്നാപകനും ക്രിസ്തുതന്നെയും (math. 4:17, mark: 1:15) ഇത്തരത്തില്‍ പ്രസ്താവിക്കുന്നുണ്ട്.  ഈയൊരു പ്രസംഗമാണ് ക്രിസ്തുവിനെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നത്.  ഈയൊരു പ്രഖ്യാപനം മാനസാന്തരപ്പെടുവാന്‍ ഒരാളെ പ്രേരിപ്പിക്കുന്നതായിട്ടും ആണ് നമുക്ക് വായിക്കാന്‍ സാധിക്കുന്നത്.  ക്രിസ്തുവിന്‍റെ കാലത്ത് റോമന്‍ ആധിപത്യത്തിലും പൗരോഹിത്യ അധികാരത്തിന്‍റെ കീഴിലും ഞെരിഞ്ഞ് അമര്‍ന്നിരുന്ന ജനം, മറ്റൊരു രാജ്യം സാധ്യമാണ് എന്ന് കേള്‍ക്കുകയാണ്.  ഈ കേള്‍വിയാണ് അനേകരെ ഇതിലേക്ക് ആകര്‍ഷിച്ചത്. ഈയൊരു രാജ്യത്തിലേയ്ക്കുള്ള പ്രവേശനം മാനസാന്തരപ്പെടുത്തുന്നതു വഴിയാണ് സാധിക്കുന്നത്.  അധികാരത്തിന്‍റെയും ബന്ധനങ്ങളുടേയും അടമത്വത്തിന്‍റെയും എല്ലാ കെട്ടുകളെയും പൊട്ടിച്ചെറിഞ്ഞ് ആര്‍ക്കും അതിലേയ്ക്ക് പ്രവേശിക്കാം.  ഈയൊരു പ്രഘോഷണം ഇന്നും നമ്മുടെ മധ്യേ മുഴങ്ങുന്ന ഒന്നാണ്.  ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമാണ് ദൈവരാജ്യത്തിന്‍റെ സാമീപ്യം എന്ന് പറയുമ്പോഴും ഈ പ്രഘോഷണം നമ്മെ പിടിച്ചുകുലുക്കുന്നതാണ്.  

ദൈവരാജ്യത്തിന്‍റെ സാന്നിധ്യം നീതിയും സമാധാവും സ്നേഹവുമുള്ള മറ്റൊരു ലോകമാണ്.  ആഗോളവത്ക്കരണം മറ്റൊരു സാമ്രാജ്യരൂപം പ്രാപിക്കുമ്പോള്‍ ഇതിന് ബദലായി മറ്റൊരു ലോകം സാധ്യമാണ് എന്ന് പറയാന്‍ നമുക്ക്-ക്രൈസ്തവ സഭകള്‍ക്ക് സാധിക്കുമോ എന്നതാണ് നാം നേരിടുന്ന വെല്ലുവിളി,  പല ലോക വേദികളിലും മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്ന ഈ മുദ്രാവാക്യം ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കേണ്ടതാണ്.  

നിന്‍റെ രാജ്യം വരണമെ.

യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുന്ന പ്രാര്‍ത്ഥനയിലെ ഒരു ഭാഗമാണ് ഇത്.  (math. 6:10, luke 11:2)  ദൈവരാജ്യം എന്താണ്, എങ്ങിനെയാണ് എന്നൊക്കെ വിവിധ ഉപമകളിലൂടെ ക്രിസ്തു പറയാന്‍ ശ്രമിക്കുന്നുണ്ട്.  ദൈവരാജ്യം കടുകുമണിയോടും (മത്താ. 13:31), പുളിച്ച മാവിനോടും (13:33) നിധിയോടും (13:44) നല്ല മുത്ത് അന്വേഷിക്കുന്ന വ്യാപാരിയോടും (13:45) സദൃശ്യമാണ് എന്ന് ക്രിസ്തു വിശദീകരിക്കുന്നുണ്ട്.  ഇതിലൂടെയെല്ലാം വ്യക്തമാകുന്നത് ദൈവരാജ്യം നിരന്തരം അന്വേഷണങ്ങളിലൂടെ പൂര്‍ത്തിയാക്കുന്നതും കണ്ടെത്തുന്നതുമാണ്.  ഇനിയും പൂര്‍ത്തിയാകേണ്ട ഒരു ആഗ്രഹമാണ് ദൈവരാജ്യം. അനീതിയുടെ ഘടനകളുമായി സന്ധിചെയ്യുന്നവര്‍ക്കും അടിച്ചമര്‍ത്തുന്ന സാമൂഹ്യ-രാഷ്ട്രീയ-മത രൂപങ്ങളെ താലോലിക്കുന്നവര്‍ക്കും ക്രിസ്തുവിന്‍റെ ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ സാധിക്കില്ല.  പട്ടിണിയും, പാലായനവും, യുദ്ധങ്ങളും, വംശീയ വിദ്വേഷവും കലഹങ്ങളും മണ്ണിനും മനുഷ്യനും മേലുള്ള കടന്നുകയറ്റങ്ങളും ശാശ്വതീകരിക്കുന്ന സംഘടിത സാമ്രാജ്യരൂപങ്ങള്‍ ആവേശത്തോടെ ഉയര്‍ന്നു വരുന്ന ഈ സാഹചര്യത്തില്‍ ഇരകള്‍ക്കും മാനസാന്തരപ്പെടുന്നവര്‍ക്കും മാത്രം പ്രാര്‍ത്ഥിക്കാം. ڇദൈവമേ നിന്‍റെ രാജ്യം വരണമേڈ എന്ന്.  

ഉപസംഹാരം

ആഗോളവത്ക്കരണം വളരെ പ്രഹരശേഷിയുള്ള ഒരു പ്രതിഭാസമായി ഇന്ന് മാറിയിരിക്കുകയാണ്.  നവ കൊളോണിയന്‍ ആശയങ്ങളില്‍ ഊന്നിയ മുതലാളിത്തം ഒരാശയം എന്നതിലുപരി അത് ഇന്ന് ഒരു സാമ്രാജ്യത്വ രൂപം തന്നെ പ്രാപിച്ചിരിക്കുകയാണ്.  ബലഹീനതയുടെ ജ്ഞാനം സാമ്രാജ്യങ്ങളുടെ ജ്ഞാനത്തെ ഉല്ലംഘിക്കുന്നതാണ്.  ക്രിസ്തു വിശദമാക്കുന്ന ദൈവരാജ്യം എന്ന സങ്കല്‍പം ബലഹീനതയുടെ ജ്ഞാനത്തിന്‍റെ മാതൃകയാണ്.  ഇത് വിശ്വാസപരമായി ഏറ്റെടുക്കുന്നവര്‍ക്കും പിന്‍തുടരുന്നവര്‍ക്കും പ്രഖ്യാപിക്കാന്‍ സാധിക്കും ദൈവരാജ്യം സമീപിച്ചിരിക്കുന്നു.  അല്ലെങ്കില്‍ മറ്റൊരു ലോകം സാധ്യമാണ് എന്ന്.  ഈ പ്രയാണം അവസാനമായി ചെന്നുചേരുന്നത് നിരന്തരമായ പ്രാര്‍ത്ഥനയിലാണ്, നിന്‍റെ രാജ്യം വരണമെ എന്ന പ്രാര്‍ത്ഥന.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts