news-details
മറ്റുലേഖനങ്ങൾ

മൂന്നു ജ്ഞാനികള്‍

യേശുവിനെ കാണാന്‍ ദൂരെനിന്നു വന്ന അവര്‍ മൂന്നുപേരായിരുന്നു.

എന്‍റെ രാജ്യത്തുള്ളവര്‍ അവരെ വിളിക്കുന്നത് രാജാക്കന്മാരെന്നാണ്.

ആംഗലേയഭാഷ സംസാരിക്കുന്ന നാടുകളില്‍ മിക്കയിടത്തും അവര്‍ ജ്ഞാനികളെന്നും അറിയപ്പെടുന്നു. എനിക്കുമിഷ്ടം ജ്ഞാനികളെന്ന് അവരെ വിളിക്കാനാണ്. രാജാക്കന്മാരെന്ന വിളിപ്പേരുകൊണ്ട് എന്തുചെയ്യാനാകുമെന്ന്എനിക്കറിയില്ല.

അവരെ ജ്ഞാനികളായി കാണാനാണ് ഞാനിഷ്ടപ്പെടുന്നത്.

അവര്‍ ജ്ഞാനികളായിരുന്നു, വലിയ ജ്ഞാനികള്‍.

അവര്‍ വലിയ അന്വേഷികളായിരുന്നല്ലോ.

പലരുടെയും മതപ്രകാരം അന്വേഷണത്തില്‍ ആരംഭിക്കുന്നതാണ് ജ്ഞാനം.

അവര്‍ ഒരു നക്ഷത്രത്തെ കണ്ടു.

അതിലെന്താണിത്ര വലിയ കാര്യമെന്നു നിങ്ങള്‍ ചോദിച്ചേക്കാം.

എല്ലാവരും നക്ഷത്രങ്ങള്‍ കാണാറുണ്ടല്ലോ.

ശരിയാണത്.

പക്ഷേ നക്ഷത്രങ്ങള്‍ കാണാന്‍ നമുക്കു മുകളിലേക്കൊന്നു നോക്കേണ്ടതുണ്ട്.

അതെല്ലാവരും ചെയ്യുന്ന ഒരു കാര്യമല്ല.

നിങ്ങള്‍ അവസാനം നക്ഷത്രം കണ്ടതെന്നാണ്?

നിങ്ങള്‍ മുകളിലേക്കൊന്നു നോക്കിയിട്ട് എത്രനാളായി?

അവര്‍ ഒരു നക്ഷത്രത്തെ കാണുക മാത്രമല്ല ചെയ്തത്, നക്ഷത്രം നിമിത്തം ഒരു സന്ദേശംകൂടി കാണുകയായിരുന്നു.

നക്ഷത്രത്തില്‍ അവര്‍ കണ്ടത് ഒരടയാളമാണ്;
അതിനര്‍ത്ഥം തീറ്റ, കുടി, കാമം തുടങ്ങിയ കാര്യങ്ങള്‍ മാത്രം ചിന്തിക്കുന്ന മൃഗങ്ങളെപ്പോലെയോ കീടങ്ങളെ പോലെയോ ചുറ്റുവട്ടങ്ങളില്‍ തല പൂഴ്ത്തി നിന്നവരായിരുന്നില്ല അവരെന്നാണ്.

അവര്‍ വിശ്വസിച്ചു - അതിരുകള്‍ക്കപ്പുറത്തുള്ളതിനെ, ഈ ലോകത്തിന് അടിസ്ഥാനമായതിനെ
ഈ ലോകത്തില്‍നിന്നു വ്യത്യസ്തവും ഇതിലൂടെ കാണപ്പെടുന്നതുമായ മറ്റൊരു ലോകത്തെ.
ഇപ്പറഞ്ഞതാണു ശരിക്കും ജ്ഞാനം.
തങ്ങളുടെ കണ്ണുകളെയല്ല അവര്‍ വിശ്വസിച്ചത്,
തങ്ങള്‍ കാണുന്നതിനപ്പുറത്തൊന്നുമില്ലെന്നും അവര്‍ക്കു വിശ്വസിക്കാനാകുമായിരുന്നില്ല.

കാണപ്പെടുന്നതിനപ്പുറത്തും കാര്യങ്ങളുണ്ടെന്ന് അവര്‍ വിശ്വസിച്ചു.

അവര്‍ ദൈവവിശ്വാസികളായിരുന്നു.

അവിശ്വാസികള്‍ ആകെ വിശ്വസിക്കുന്നത് സ്വന്തം കണ്ണുകളെയാണ്.

വിശ്വാസികള്‍ക്ക് പക്ഷേ അവയെ മാത്രം ആശ്രയിക്കാനാവില്ല; കാണപ്പെടുന്നത് അവരില്‍ പുതിയ ചോദ്യങ്ങള്‍ ഉണര്‍ത്തുന്നു.

ആ മൂന്നുപേരെ തലയാട്ടി വിളിക്കുകയായിരുന്നു അവര്‍ കണ്ട നക്ഷത്രം.
എങ്ങോട്ടേയ്ക്കോ അതവരെ ക്ഷണിച്ചു; അതവര്‍ സ്വീകരിക്കുകയും ചെയ്തു.

എന്തുകൊണ്ടാവാം അവര്‍ നക്ഷത്രത്തെ പിഞ്ചെന്നത്?

എനിക്കു കൃത്യം അറിയില്ല.

ഈ ലോകത്തില്‍ പുതുതായി എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന്,
പാപത്തിന്‍റെയും കുറ്റബോധത്തിന്‍റെയും ഭൂതകാലം നീക്കപ്പെടുകയോ, തോല്പിക്കപ്പെടുകയോ ചെയ്യാന്‍ പോകുകയാണെന്ന് ഒരു ആശയോ പ്രതീക്ഷയോ അവര്‍ക്കുണ്ടായിരുന്നിരിക്കണം.

അവരെക്കുറിച്ചു പറയപ്പെട്ട കാര്യങ്ങളുടെ ഒരു പശ്ചാത്തലത്തില്‍ തോന്നുന്നത് നാം സങ്കല്പിച്ച രീതിയിലാവാം കാര്യങ്ങള്‍ നടന്നത് എന്നാണ്. അതായത്, നമ്മളിന്ന് 'രക്ഷ'യെന്നൊക്കെ വിളിക്കുന്ന എന്തോ ഒന്നാവണം അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്.
രക്ഷയന്വേഷിച്ചിറങ്ങിയവര്‍ നക്ഷത്രത്തെ പിഞ്ചെന്നത് എന്തുകൊണ്ടും ബുദ്ധിപൂര്‍വ്വമായി.

നക്ഷത്രത്തെ പിഞ്ചെന്ന അവര്‍ അന്വേഷിച്ചത്

പ്രശ്നപരിഹാരങ്ങളെല്ലാം നിര്‍ദ്ദേശിക്കുന്ന ഒരു പുസ്തകമായിരുന്നില്ല; എല്ലാവര്‍ക്കും വിമോചനം സാധ്യമാക്കുന്ന ഒരു രാഷ്ട്രീയ സംവിധാനവുമല്ല; മനുഷ്യസ്വഭാവത്തെ വ്യാഖ്യാനിക്കാനും അതിനെ ആവശ്യാനുസൃതം മാറ്റിയെടുക്കാനും കഴിയുമെന്ന് കരുതുന്ന ഒരു സാമൂഹ്യശാസ്ത്ര പ്രമാണവുമല്ല; മനുഷ്യരാശിയെ മുഴുവന്‍ മനഃശാസ്ത്രവിശ്ലേഷണത്തിനു വിധേയമാക്കാനുതകുന്ന ഒരു മനോവിശകലന ഉപകരണവുമല്ല.

പിന്നെയോ അവരന്വേഷിച്ചത് ഒരു വ്യക്തിയെയാണ്, ഒരു ശിശുവിനെയാണ്.

അതിനെക്കുറിച്ച് കുറച്ചാലോചിച്ചാല്‍ തന്നെ നമുക്കു വ്യക്തമാകും, അവധാനമുള്ള ഒരു തീരുമാനമായിരുന്നു അതെന്ന്. കാരണം, രക്ഷയെന്നത് വ്യക്തിവഴി മാത്രം സാക്ഷാത്കരിക്കപ്പെടുന്ന ഒന്നാണല്ലോ.

എന്തുകൊണ്ട് ഞാനിങ്ങനെ ചിന്തിക്കുന്നുവെന്നു വിശദീകരിക്കാന്‍ ശ്രമിക്കാം.

യേശുവിനെ ഒന്നു പരിഗണിക്കുക.

ഒരുവേള അദ്ദേഹം ധൂര്‍ത്തപുത്രന്‍റെ ഉപമ പറയുന്നു; അതുവഴി എപ്പോഴും ക്ഷമിക്കാന്‍ തയ്യാറുള്ള ഒരു പിതാവിനെക്കുറിച്ചു പഠിപ്പിക്കുന്നു.

നല്ലയൊരു കഥയാണത് - ശരിക്കും ഒരു ക്ലാസിക് തന്നെ.

അതിലെ വാക്കുകളുടെ മിതത്വം പ്രശംസനീയമാണ്. പക്ഷേ ഈ കഥ പറഞ്ഞയാള്‍ സൂചിപ്പിക്കുന്ന ആ അപ്പന്‍ - പിതാവായ ദൈവം - യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയാണെന്ന്, കഥയിലെ അപ്പന്‍റെ അതേ മനോഭാവമുള്ളവനാണെന്ന് നമുക്ക് ഉറപ്പു നല്‍കാനായില്ലെങ്കില്‍, ഈ കഥകൊണ്ട് എന്തു പ്രയോജനം?

ഒരാശുപത്രിയില്‍ പോകുമ്പോള്‍ ഇതിനു സമാനമായ കാര്യം നാം അനുഭവിക്കുന്നില്ലേ?
ആശുപത്രി നിറയെ ഏറ്റവും അധുനാതനങ്ങളായ ഉപകരണങ്ങളുണ്ട്.

പേസ് മേക്കര്‍, കൃത്രിമ ശ്വാസകോശം, കിഡ്നി കഴുകുന്ന ഉപകരണങ്ങള്‍, അങ്ങനെ എന്തെല്ലാം.

പക്ഷേ ആ മെഷീനുകള്‍ക്കും എനിക്കും മധ്യത്തില്‍ ഇടനിലക്കാരനായി ഒരു വ്യക്തിയില്ലെങ്കില്‍ അവ കൊണ്ടൊന്നും ഒരു കാര്യവുമില്ല.

എന്നില്‍ വ്യക്തിപരമായ താല്പര്യം ആര്‍ക്കുമില്ലെങ്കില്‍ എല്ലാം വ്യര്‍ത്ഥമാണ്.

പള്ളിക്കൂടത്തിന്‍റെ കാര്യത്തിലും ഇങ്ങനെതന്നെ.

പുസ്തകങ്ങള്‍, പഠനസഹായികള്‍ ഒന്നുമല്ല, സ്കൂളിനെ സ്കൂളാക്കുന്നത്; അവിടത്തെ വ്യക്തികളാണ് അതിനെ നിര്‍മ്മിക്കുന്നതും തകര്‍ക്കുന്നതും.

അവഗണിക്കപ്പെട്ട ഒരു കുഞ്ഞിനെ സഹായിക്കാന്‍ ഒരു റിപ്പോര്‍ട്ടിനോ, പ്ലാനിനോ, കെട്ടിടത്തിനോ ആകില്ല. എന്നാല്‍ സഹായിക്കാന്‍ സന്നദ്ധതയുള്ള ഒരു കരത്തിന്, ഒരു സ്വരത്തിന് അതിനാകും.

ആ മൂന്നു ജ്ഞാനികള്‍ക്ക് അതറിയാമായിരുന്നു. അവര്‍ വിമോചനം ആഗ്രഹിച്ചു;
അനന്തതയില്‍നിന്നൊരു ഉറപ്പാണ് അവര്‍ തേടിയത്;
ഒരു കരത്തിനും ഒരു സ്വരത്തിനും വേണ്ടിയാണ് അവരലഞ്ഞത്.
ദൈവത്തിന്‍റെ കരവും ദൈവത്തിന്‍റെ സ്വരവും അവരന്വേഷിച്ചു; ഒടുക്കം കണ്ടെത്തുകയും ചെയ്തു.

എന്നിട്ട് പുതിയ മനുഷ്യരായി,  മറ്റൊരു വഴിയേ വീട്ടിലേക്കു മടങ്ങി.

അതിനെക്കുറിച്ചാലോചിച്ചാല്‍ നമുക്കു മനസ്സിലാകും, നാമും അവരുടെ സ്ഥാനത്താണ് - അതേ സ്ഥാനത്ത്.

നാം ഒരുപാടു കാര്യങ്ങളന്വേഷിക്കുന്നു.

ഞാനും അങ്ങനെതന്നെ.

വല്ലാത്ത കുറ്റബോധം എന്നെ വേട്ടയാടുന്നുണ്ട് -
കള്ളന്‍, നിഷേധി, കരുതല്‍ കൊടുക്കാത്തവന്‍,
അനീതി പ്രവര്‍ത്തിക്കുന്നവന്‍ ഒക്കെയാണു ഞാന്‍.
ഈ ലോകത്ത് ഇത്രനാളും ജീവിച്ചതു നിമിത്തം കരങ്ങള്‍ ഒരുപാടു മലീമസമായിരിക്കുന്നു.
അങ്ങനെയുള്ള എനിക്ക് ഒരുറപ്പു വേണം -
എല്ലാം വീണ്ടെടുക്കാനാകുമെന്ന്, ക്ഷമിക്കപ്പെടുമെന്ന്, മറക്കപ്പെടുകപോലും ചെയ്യുമെന്നുള്ള ഉറപ്പ്.
പുതിയൊരു ജീവിതമാണു ഞാന്‍ തെരയുന്നത് - പുതിയ സാധ്യതകള്‍, സത്യസന്ധമായ പുതിയൊരു നിലനില്പ്.

അതിനു നമുക്കു കഴിയണമെങ്കില്‍ നമുക്കു വേണ്ടത് പുതിയ ഘടനകളല്ല, ധാര്‍മ്മിക പ്രബോധനമോ, തത്വമോ, ദൈവശാസ്ത്രമോ, നയമോ, തത്വചിന്തയോ അല്ല.

നമുക്കു വേണ്ടത് ഒരു വ്യക്തിയെയാണ്.

നമുക്കു വേണ്ടത് യേശുവിനെയാണ്.

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts