news-details
കവർ സ്റ്റോറി

പൗരുഷവും പരിഷ്കൃത സമൂഹവും

സമൂഹത്തില്‍ ഏറെ അംഗീകരിക്കപ്പെടുന്നതും പ്രകീര്‍ത്തിക്കപ്പെടുന്നതുമായ 'പുരുഷ ലക്ഷണത്തെ' ആധുനിക പരിഷ്കൃത സമൂഹത്തിന്‍റെ സങ്കല്പങ്ങളുമായി ചേര്‍ത്തുവച്ച് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത് ആവശ്യമെന്ന് തോന്നുന്നു. " ഇവനൊരു പുരുഷനാണ്", "ഇതാണ് യഥാര്‍ത്ഥ പൗരുഷം", "നീയാണെടാ ആണ്‍കുട്ടി" എന്നിങ്ങനെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ സാധാരണ നാം പറയുന്ന പറച്ചിലുകള്‍ക്ക്  വല്ല കുഴപ്പവുമുണ്ടോ? ചരിത്രത്തെ മാറ്റിമറിച്ച "പുരുഷത്വ"ത്തെ മനശ്ശാസ്ത്ര പശ്ചാത്തലത്തിലൂടെയുള്ള പുനര്‍വായനയ്ക്കാണ് ഞാന്‍ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

പുരുഷന്‍ എന്നാല്‍ എന്ത്? ഇതിന് രണ്ടുഭാഗങ്ങള്‍ ഉണ്ട്. ജനിതകപരവും ആര്‍ജ്ജിതവും. മനുഷ്യനില്‍ X,Y ക്രോമസോമുകള്‍ ചേരുമ്പോഴാണ് പുരുഷപ്രജ ജനിക്കുന്നത്. സ്ത്രീ ആണെങ്കില്‍ X തക്രോമസോമും. അതായത് Y ക്രോമസോമാണ് ജനിതകപരമായി പുരുഷജാതിയെ നിര്‍ണ്ണയിക്കുന്നത്. ഒരു പരിധിവരെ അവന്‍റെ സ്വഭാവത്തിന്‍റെ ജനിതക അടിസ്ഥാനവും Y ക്രോമസോമാണ്. എന്നാല്‍ മനുഷ്യസ്വഭാവം പൂര്‍ണ്ണമായി ജനിതകപരമല്ല. ഇതിന്‍റെ ഏറെ ഭാഗവും ആര്‍ജ്ജിതമാണ്. അതുകൊണ്ട് പുരുഷസ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ ജനിതകഘടനപോലെ ജീവിതസാഹചര്യവും സാമൂഹിക പശ്ചാത്തലവും നിര്‍ണ്ണായക സ്വാധീനശക്തികളാണ്. വളരെ ചെറുപ്പം മുതലേ ഒരു കുഞ്ഞിനെ പുരുഷനോ, സ്ത്രീയോ ആയി മാനസികമായി രൂപപ്പെടുത്തുന്നത് അവന്/അവള്‍ക്ക് ലഭിക്കുന്ന പരിചരണവും അവന്‍/അവള്‍ പങ്കുവയ്ക്കുന്ന സമൂഹത്തിന്‍റെ ചിന്താഗതികളുമാണ്. രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞ് വിവസ്ത്രയായി വീടിനകത്തുകൂടെ ഓടുമ്പോള്‍ അവളെ ഓടിച്ചിട്ടുപിടിച്ച് നിര്‍ബന്ധപൂര്‍വ്വം വസ്ത്രം ധരിപ്പിക്കുന്ന അമ്മ, നാലുവയസ്സുകാരന്‍ വിവസ്ത്രനായി മുറ്റത്തുകൂടി ഓടിനടക്കുന്നതിനെ, അവന്‍ ആണ്‍കുട്ടിയല്ലേ എന്ന് ന്യായം പറഞ്ഞ് സാധൂകരിക്കുമ്പോള്‍ അവനിലെ പുരുഷലക്ഷണമായ താന്‍പോരിമയും നാണക്കുറവുമാണ് പ്രോത്സാഹിപ്പിക്കുന്നത്.

പുരുഷന്‍റെ പൗരുഷവുമായി സാധാരണക്കാരായ നാം ചേര്‍ത്തുവയ്ക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാം? കായികശേഷി, കരുത്ത്, ശക്തി, വികാരം, ആവേശം, മത്സരം, ആക്രമണം, പിടിച്ചെടുക്കല്‍, ദേഷ്യം, നാണക്കുറവ് ഇവയെല്ലാമാണ് സാധാരണക്കാരുടെ ബുദ്ധിയിലെ പുരുഷലക്ഷണങ്ങള്‍. കരയാന്‍ അവന് അവകാശമില്ല. പകരം ദേഷ്യപ്പെടാം. കരുണയും ദയയും പ്രകടിപ്പിക്കുന്നതിന് അവന് അവകാശം ഇല്ലെങ്കിലും പകരമായി പ്രതികാരം ചെയ്യാം. പ്രണയം പോലും അവന് കീഴടക്കലും പ്രാപിക്കലുമാണ്. പരാജയപ്പെടുന്നതിലും നല്ലത് അവനെ സംബന്ധിച്ചിടത്തോളം മരണമാണ്. എന്താണ് ഇതിന് അര്‍ത്ഥം? മാനസികവും സാമൂഹികവും സാംസ്കാരികവുമായി വളര്‍ന്ന പരിഷ്കൃത സമൂഹത്തില്‍ പുരുഷലക്ഷണങ്ങള്‍ എത്രമാത്രം ഹിതകരമാണ്? മാനുഷിക ഗുണങ്ങളായി പരിഷ്കൃതസമൂഹം കരുതുന്ന ദയ, കരുണ, കരുതല്‍, സ്നേഹം, ക്ഷമ, താഴ്മ, വിധേയത്വം, നാണം, മിതത്വം, നിസ്സഹായത ഇവയൊക്കെ സ്ത്രീ ലക്ഷണങ്ങളാകുമ്പോള്‍, പുരുഷലക്ഷണങ്ങളില്‍ മിക്കവയും കായിക പ്രാമുഖ്യമുള്ള മൃഗീയ സ്വഭാവങ്ങളായി പരിഷ്കൃത സമൂഹം തിരിച്ചറിയുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുരുഷന്‍ മനുഷ്യത്വത്തില്‍ കുറവുള്ള ജാതിയാണെന്ന് പറയാതെ വയ്യ (Men is less human).

ഇവിടെയാണ് പുനര്‍വായനയുടെ പ്രാമുഖ്യം.

മനുഷ്യന്‍റെ സ്വഭാവവുമായി ബന്ധപ്പെട്ട് നടക്കുന്ന ജനിതകഘടനയെ സംബന്ധിച്ച ഗവേഷണം അധിക ആക്രമണവാസനയും ക്രിമിനല്‍ സ്വഭാവവുമുള്ള പല പുരുഷന്മാരിലും അടിസ്ഥാന ജനിതകമായ XY ക്രോമസോമിനു പകരം X Y Y ക്രോമസോം ഉള്ളതായി കണ്ടെത്തി. എന്താണ് ഇതിന്‍റെ സൂചന? ജനിതകപരമായി തന്നെ Y ക്രോമസോമിന് അല്ലെങ്കില്‍ പുരുഷ ക്രോമസോമിന് മനുഷ്യസ്വഭാവം കുറവാണ് എന്നുള്ളത് തന്നെ. അതായത് പുരുഷനില്‍ പുരുഷഭാവം കൂടുന്തോറും മനുഷ്യസ്വഭാവം കുറഞ്ഞുവരികയും, മൃഗസ്വഭാവം കൂടുകയും ചെയ്യുന്നുവെന്നു പറയാതെ വയ്യ.

മനുഷ്യസ്വഭാവം അപഗ്രഥിക്കുന്ന പല മനശാസ്ത്രജ്ഞരുടെയും അഭിപ്രായത്തില്‍ സ്ത്രീക്ക് പലതരത്തിലുള്ള സ്വപ്നങ്ങളും താല്പര്യങ്ങളുമുണ്ട്. സൗഹൃദം, പ്രണയം, സ്നേഹം, സംഗീതം, ആത്മീയത, പ്രാര്‍ത്ഥന, സേവനം, കുടുംബം, മാതാപിതാക്കള്‍, കുട്ടികള്‍, വസ്ത്രം, ഭക്ഷണം, ആഭരണം, പ്രകൃതി, സൗന്ദര്യം തുടങ്ങി അനേകം താല്പര്യങ്ങള്‍ ഇവരില്‍ ഏറിയും കുറഞ്ഞും ഇരിക്കുമ്പോള്‍ പുരുഷതാല്പര്യം പലപ്പോഴും പരിമിതമാണ്. ഭക്ഷണം, ലൈംഗികത, അധികാരം, പണം തുടങ്ങിയ ചുരുക്കം ചില കാര്യങ്ങളിലേക്ക് അവന്‍റെ താല്പര്യങ്ങള്‍ പരിമിതപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പരിഷ്കൃതസമൂഹത്തിന് പുരുഷലക്ഷണങ്ങളില്‍ ഏറിയ പങ്കും അനഭിമതമാണ്. ഓരോ പുരുഷനും കൂടുതല്‍ പരിഷ്കൃതനാകുന്നതിനുവേണ്ടി ഫലത്തില്‍ അവന്‍റെ പുരുഷ സ്വഭാവം നഷ്ടപ്പെടുത്തിയേ തീരൂ. പുരുഷനെ പുരുഷനാകാനല്ല മറിച്ച് ചെറിയ പ്രായത്തില്‍ തന്നെ അവനിലെ ജൈവപരമായ മൃഗസ്വഭാവത്തെ നിയന്ത്രിച്ച് പരിഷ്കൃതമനസ്സിനെ അവനില്‍ സൃഷ്ടിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. ശൗര്യത്തിനുപകരം കരുണക്കും, കായികബലത്തേക്കാള്‍ ആത്മബലത്തിനും സ്വാര്‍ത്ഥതയേക്കാള്‍ പങ്കുവയ്ക്കലിനും നാണക്കുറവിനേക്കാള്‍ മാന്യതയ്ക്കും,  ദേഷ്യപ്രകടനത്തേക്കാള്‍ എല്ലാ വികാരങ്ങളുടെയും പക്വമായ പ്രകടനത്തിനും, കാമത്തേക്കാള്‍ പ്രേമത്തിനും പ്രാധാന്യം നല്കുന്ന ഒരു വ്യക്തിത്വത്തെ വളര്‍ത്തിയെടുക്കാനും നാം ശ്രമിക്കണം. പൗരുഷത്തിന് പരിഷ്കൃത സമൂഹം പുതിയ നിര്‍വചനങ്ങള്‍ ഉണ്ടാക്കിയേ പറ്റൂ. അല്ലാത്ത പക്ഷം ഈ പരിഷ്കൃത സമൂഹത്തില്‍ കൊള്ളയും ബലാത്സംഗവും കൊലപാതകവും ഇനിയും പുരുഷന്മാര്‍ ഉള്ളിടത്തോളം തുടരും. ഇവയൊക്കെ ന്യായീകരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും പുരുഷത്വത്തിന്‍റെ അടയാളങ്ങളായി കാണുവാനും ഇനിയും ധാരാളം പുരുഷകേസരികള്‍ ഉണ്ടാവും. അതില്‍ അത്ഭുതപ്പെടാനില്ല. സഹോദരന്‍മാരേ, നമുക്ക് പുരുഷനാകേണ്ട, പകരം മനുഷ്യനാകാം. സഹോദരിമാരേ നിങ്ങളുടെ ആണ്‍കുട്ടികളെ പുരുഷനല്ല, മനുഷ്യനാക്കാം.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts