news-details
കവർ സ്റ്റോറി

മുന്‍വിധിയുടെ മനഃശാസ്ത്രം

ആര്‍ക്കും ഇഷ്ടമല്ലെങ്കിലും എല്ലാവരും കൊണ്ടുനടക്കുന്ന ദുര്‍ഗുണമാണ് മുന്‍വിധി (Prejudice). നമ്മുടെ ബൗദ്ധിക വ്യാപാരങ്ങളെയും, അഭിപ്രായത്തെയും മാത്രമല്ല നമ്മുടെ പെരുമാറ്റത്തെയും, വികാരങ്ങളെയും ഇത് സ്വാധീനിക്കുന്നുണ്ട്. സാമൂഹ്യ മനഃശാസ്ത്രപ്രകാരം ആരെയെങ്കിലും കുറിച്ചു മറ്റൊരാള്‍ക്ക് ഉള്ള നിഷേധാത്മക മനോഭാവത്തെയാണ് മുന്‍വിധിയെന്ന് വിശേഷിപ്പിക്കുന്നത്. ഈ മനോഭാവം കൃത്യമായ/സത്യസന്ധമായ/ വിശദമായ അനുഭവങ്ങളുടെ പിന്‍ബലത്തിലല്ല രൂപപ്പെടുന്നതെങ്കിലും കാഠിന്യമേറിയതാണെന്നുമാത്രമല്ലാ വൈരാഗ്യം, ദേഷ്യം, ഭയം, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ ഇതിനോട് ചേര്‍ന്ന് രൂപപ്പെടുന്നു എന്നുള്ളതും മനഃശാസ്ത്രത്തില്‍ മുന്‍വിധിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ഇത് നമ്മെ യഥാര്‍ത്ഥ്യബോധം ഇല്ലാത്തവരും വിദ്വേഷികളും, കലാപകാരികളും, സങ്കുചിതചിത്തരും ആക്കിത്തീര്‍ക്കും. വര്‍ഗ്ഗം, വര്‍ണം, ലിംഗം, വംശം, മതം, നിറം, ജാതി, രാഷ്ട്രം, ഭാഷ തുടങ്ങിയ വിവിധകാര്യങ്ങളില്‍ നമുക്ക് മുന്‍വിധികളുണ്ട്. അതുപോലെ പലപ്പോഴും ചില കുടുംബങ്ങളോടും വ്യക്തികളോടു പോലും നമുക്ക് മുന്‍വിധികളുണ്ടാകാറുണ്ട്. നമ്മളെല്ലാം ജനിച്ചുവളരുന്നത് ഏതെങ്കിലും ഒരു സമൂഹത്തിന്‍റെ ഭാഗമായിട്ടാണ്. ആ സമൂഹത്തിന് അതിന്‍റേതായ രീതികളും ശരിതെറ്റുകളുമുണ്ട്. പലപ്പോഴും അതിലെ അംഗങ്ങളെ അതിന്‍റെ രീതികളും ചിന്തകളും മാത്രമാണ് ശരിയെന്നും അതില്‍ നിന്നും വ്യത്യസ്തമായതെല്ലാം അനുചിതവും തെറ്റുമാണെന്നും ആ സമൂഹം പഠിപ്പിക്കും. സമൂഹത്തിന് കെട്ടുറപ്പും സ്ഥിരതയും ഉണ്ടാവാനാണ് ഇതെങ്കിലും അറിയാതെയെങ്കിലും സ്വന്തസമൂഹത്തില്‍ നിന്ന് വ്യത്യസ്തമായവയെ തിരസ്കരിക്കാനും 'ശരിയല്ലാത്ത'തെന്ന് ചിന്തിക്കാനും അംഗങ്ങളെ പഠിപ്പിക്കുന്നു. മുന്‍വിധിയുടെ രൂപപ്പെടല്‍ ഇവിടെയാണ് ആരംഭിക്കുന്നത്.

നാം വളരുന്ന സമൂഹത്തിന്‍റെ വിശാലവീക്ഷണവും വൈവിധ്യവും അതിന്‍റെ അതിര്‍വരമ്പുകളുടെ (boundary) കാഠിന്യവും എല്ലാം നമ്മുടെ മുന്‍വിധിയുടെ തീവ്രതയെ സ്വാധീനിക്കുന്നു. അതുകൊണ്ട് ഒരേ മതവും, സംസ്കാരവും, സാമ്പത്തിക ഭൗതികസൗകര്യവും വംശവുമുള്ള മിക്കവാറും കൊച്ചുസമൂഹങ്ങള്‍ മിക്കപ്പോഴും മത-ജാതി-വംശ-ഭാഷാ-സംസ്കാര വൈവിധ്യമുള്ള വലിയ സമൂഹങ്ങളെക്കാള്‍ മുന്‍വിധി ഉള്ളവരാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ചില മത-ജാതി-വര്‍ഗ്ഗ-വര്‍ണ്ണ സംഘടനകള്‍ തീവ്രചിന്താഗതി പുലര്‍ത്തുന്നവരാണ്. അവരുടെ പഠിപ്പിക്കലുകളും, സ്വാധീനവും പലപ്പോഴും ഒരു സമൂഹത്തെത്തന്നെ തീവ്രമുന്‍വിധിയുള്ളവരാക്കിയേക്കാം. ജര്‍മ്മനിയിലെ നാസികളും ആഫ്രിക്കയിലെയും, നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡ്യയിലെയും ചില ഗോത്രവര്‍ഗ്ഗക്കാരും ഒക്കെ ഇങ്ങനെ അവരുടെ സമൂഹത്തെ അപകടകരമാം വിധം മുന്‍വിധിയില്‍ വളര്‍ത്താന്‍ ശ്രമിച്ചു എന്ന് ചരിത്രത്തില്‍നിന്നു വ്യക്തമാണ്.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും  അടിച്ചമര്‍ത്തപ്പെട്ടവരും, ന്യൂനപക്ഷങ്ങളും പലപ്പോഴും അരക്ഷിതത്വബോധം അനുഭവിക്കുന്നവരാണ്. ഭയവും വിദ്വേഷവുമാകാം ഇവരുടെ അടിസ്ഥാനവിശ്വാസം. ഈ സമൂഹത്തിന് തങ്ങളുടെ ചുറ്റുമുള്ളവരെ വിശ്വാസത്തിലെടുക്കാന്‍ പ്രയാസമുണ്ട്. അതോടൊപ്പം ഈ സമൂഹത്തിനുള്ളില്‍ വളരെ ഗാഢമായ ബന്ധവും രൂപപ്പെടും. അങ്ങനെ അവര്‍ മറ്റുള്ളവരെക്കാള്‍ തീവ്രനിലപാടുകാരും മുന്‍വിധിയുള്ളവരും ആയിത്തീരാറുണ്ട്. നക്സല്‍ ഗ്രാമങ്ങള്‍ ഉണ്ടായ ചരിത്രം ഇതിനുത്തമ ഉദാഹരമാണ്.

മറ്റ് സമൂഹങ്ങളില്‍ നിന്ന് ഭൂമിശാസ്ത്രപരമോ, മറ്റേതെങ്കിലുമോ കാരണത്താല്‍ ഒറ്റപ്പെട്ട് വൈവിധ്യങ്ങളുമായി ഇടപഴകി പരിചയപ്പെടാതെ സ്വയം സൃഷ്ടിച്ച തുരുത്തുകളില്‍ കഴിയുന്ന യൂറോപ്യന്‍സിലും ദ്വീപ് സമൂഹങ്ങളില്‍ ജീവിക്കുന്നവരിലും ഉള്‍വനങ്ങളില്‍ ജീവിക്കുന്ന ഗോത്രക്കാരിലും ഇത്തരം സ്വഭാവം പ്രകടമായി കാണാറുണ്ട്. സമൂഹം മാത്രമല്ല വ്യക്തിഗതമായി നാം ഓരോരുത്തരും മുന്‍വിധിയുള്ളവരാണ്. ചിലരെ കാണുമ്പോഴെ നമുക്കവരെ ഇഷ്ടപ്പെടും. ചിലരെ തീരെ ഇഷ്ടപ്പെടുകയുമില്ല. പ്രത്യേകിച്ച് ഒരു പരിചയവും ഇല്ലാതെ നാം മുന്‍വിധിയോടെ പെരുമാറും. സിഗ്മണ്ട് ഫ്രോയിഡ് എന്ന മനശാസ്ത്രജ്ഞന്‍ ട്രാന്‍സ്ഫറന്‍സ് എന്ന മാനസിക പ്രക്രിയയെ കുറിച്ച് പറയുന്നുണ്ട്. ആദ്യകാല ജീവിതാനുഭവങ്ങള്‍ നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്നും, അത് പിന്നീടുള്ള നമ്മുടെ ചിന്തകളെയും നിയന്ത്രിക്കുമെന്നും അദ്ദേഹം വാദിക്കുന്നു. പിതാവിനെ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് പിതാവിന്‍റെ എന്തെങ്കിലും ഒരു പ്രത്യേകതയുള്ള (മീശയുടെ രൂപമോ, മുഖത്തെ ഭാവപ്രകടനമോ, സംസാരരീതിയോ ഒക്കെ) ഒരു പയ്യനോട് മറ്റൊരു കാരണവും ഇല്ലാതെ അടുപ്പം തോന്നിയെന്നു വരാം. അതുപോലെ അമ്മയോട് കടുത്ത വിദ്വേഷമുള്ള മകള്‍ അമ്മായി അമ്മയില്‍ അമ്മയുടേതിന് സമാനമായ പെരുമാറ്റമോ, ശാരീരിക പ്രത്യേകതയോ എന്തെങ്കിലും കണ്ടാല്‍ ഒരു കാരണവും ഇല്ലാതെ വെറുപ്പ് പ്രകടിപ്പിച്ചെന്നും വരാം. ഇത് ഒരു തരത്തിലുള്ള മുന്‍വിധിയാണെന്ന് പറയാം. ഏതായാലും വ്യക്തികളും സമൂഹങ്ങളും ജീവിതാനുഭവങ്ങള്‍കൊണ്ടും സാഹചര്യങ്ങള്‍കൊണ്ടും ധാരാളം മുന്‍വിധികള്‍ ഉണ്ടാക്കിയെടുക്കാറുണ്ട്.

എന്താണ് മുന്‍വിധിയുടെ ദോഷം ? മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇത് മനുഷ്യനെ പരിമിതപ്പെടുത്തുന്നു. അതായത് മുന്‍വിധി മനുഷ്യനിലും സമൂഹത്തിലും നിഷേധാത്മകവികാരങ്ങള്‍ സൃഷ്ടിക്കുകയും തീവ്രമാക്കുകയും ചെയ്യുന്നു. വെറുപ്പ്, വിദ്വേഷം, ഭയം, ദേഷ്യം, ഉപദ്രവം, അക്രമം ഒക്കെയാണ് ഈ നിഷേധാത്മക വികാരങ്ങള്‍. ഇത് ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന അന്തര്‍സംഘര്‍ഷങ്ങളും, പീഡനങ്ങളും വലുതാണ്. വ്യക്തിയുടെയും സമൂഹത്തിന്‍റെയും വളര്‍ച്ചക്കും സമാധാനത്തോടെ പരസ്പരസഹകരണത്തോടെയും ഉള്ള നിലനില്‍പ്പിന് ഇത് തടസ്സം സൃഷ്ടിക്കും. കലാപവും ആത്മനിന്ദയും മാത്രമാണ് മുന്‍വിധിയുടെ ആധിക്യം മനുഷ്യനുനല്‍കുന്നത് അതുകൊണ്ടു മുന്‍വിധിയില്‍ നിന്നും ഓരോ വ്യക്തിയും സമൂഹവും പരമാവധി സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കേണ്ടാണ്.

എങ്ങിനെയാണ് മുന്‍വിധിയില്‍ നിന്ന് രക്ഷപെടുക? ഏറ്റവും പ്രധാനം ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തുക എന്നതുതന്നെയാണ്. പല പഠനങ്ങളും പറയുന്നു, ആത്മവിശ്വാസവും മുന്‍വിധിയും പരസ്പരം ബന്ധത്തിലാണെന്ന്. അതായത് ആത്മവിശ്വാസക്കുറവും അരക്ഷിതാവസ്ഥയും ഉള്ളിടത്ത് മുന്‍വിധിയുടെ കാഠിന്യം കൂടും. അതുപോലെതന്നെ നല്ല ആത്മവിശ്വാസവും ആരോഗ്യകരമായ സ്വത്വബോധവും ഉള്ളവരില്‍ മുന്‍വിധിയുടെ കാഠിന്യം കുറവുമാണ്. അതുകൊണ്ട് ഓരോ വ്യക്തിയും ഓരോ സമൂഹവും ആരോഗ്യകരമായ സ്വത്വബോധം വളര്‍ത്തിയെടുക്കണം. യുക്തിസഹമായി അനുഭവങ്ങളും അറിവുകളും വിശകലനം ചെയ്യുന്നതിലൂടെ ആത്മവിശ്വാസം പങ്കുവയ്ക്കല്‍, അവസരം നല്‍കല്‍, ആത്മഅനാവരണം എന്നിവയാണ്  പാശ്ചാത്യമനഃശാസ്ത്രജ്ഞര്‍ മുന്‍വിധിയെ മറികടക്കാനായി ഏറ്റവും അധികം പ്രചരിപ്പിക്കുന്ന സമ്പ്രദായം. ഓരോ വ്യക്തിയും സമൂഹവും തങ്ങളുടെ വൈഭവങ്ങളെയും കാഴ്ചപ്പാടുകളെയും മറ്റുള്ളവരുമായി പങ്ക്വയ്ക്കുന്നതിലൂടെയും അതുപോലെ മറ്റുള്ളവരുടെ വൈഭവങ്ങളെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നതിലൂടെയും മുന്‍വിധികള്‍ ദുര്‍ബലമാകുന്നു. അതായത് പരസ്പരം പരിചയപ്പെടുമ്പോഴും ആശയവിനിമയം ചെയ്യുമ്പോഴും സാവധാനം മുന്‍വിധികള്‍ ഇല്ലാതാകും.

മുന്‍വിധികള്‍ മനുഷ്യരെ തമ്മിലും സമൂഹങ്ങളെതമ്മിലും അകറ്റുമെങ്കില്‍ പരസ്പരം അറിയാനും, അനുഭവിക്കാനും അവസരം ലഭിക്കുമ്പോള്‍ മുന്‍വിധികള്‍ക്ക് കാഠിന്യം നഷ്ടപ്പെട്ട് നമുക്കിടയിലെ മതിലുകള്‍ ഇടിഞ്ഞ് വീഴുമെന്ന് അനുമാനിക്കാം.
ആല്‍പോര്‍ട്ട് എന്ന മനഃശാസ്ത്രജ്ഞന്‍ 6 കാര്യങ്ങള്‍ മുന്‍വിധികളെ മറികടക്കാനായി നിര്‍ദ്ദേശിക്കുന്നുണ്ട്.

1. പരസ്പര ആശ്രയത്വം പലകൂട്ടം ആളുകള്‍ക്ക് പരസ്പരം ആശ്രയത്തിലൂടെ മാത്രമേ നിലനില്‍ക്കാനാവൂ എന്ന തിരിച്ചറിവും അതിനായി സ്വയം സമര്‍പ്പിക്കലും ഉണ്ടാകുമ്പോള്‍ മുന്‍വിധികള്‍ കുറഞ്ഞ് പോകും.

2. പൊതുലക്ഷ്യം പല സമൂഹങ്ങള്‍ ഒന്നുചേര്‍ന്ന് ഒരു ലക്ഷ്യത്തിനായി പ്രയത്നിക്കുമ്പോള്‍ അവരറിയാതെ സഹകരണത്തിലേയ്ക്കും തിരിച്ചറിവിലേയ്ക്കും എത്തും. അതും മുന്‍വിധിയുടെ കാഠിന്യം കുറയ്ക്കും.

3. തുല്യതയും സമത്വവും സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ ഉന്മൂലനവും മനുഷ്യന്‍റെ മുന്‍വിധികള്‍ കുറയ്ക്കും.

4. അനൗദ്യോഗിക ബന്ധങ്ങളുടെ ദൃഢീകരണം. സഭയുടെ പേരിലും മറ്റുപല 'ബ്രാന്‍ഡു'കളുടെ പേരിലും വിഭജിക്കപ്പെട്ടവര്‍ക്ക് അനൗദ്യോഗിക വ്യക്തിബന്ധങ്ങള്‍ പരസ്പരം വളര്‍ത്തിയെടുക്കാന്‍ അവസരം ലഭിച്ചാല്‍ അത് മുന്‍വിധികള്‍ മറികടക്കാന്‍ ഏറ്റവും നല്ല ഉപായമാണ്.

5. സമൂഹത്തിനുവെളിയിലുള്ള സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും പ്രോത്സാഹനം. സാംസ്കാരിക ഔന്നത്യത്തിലെത്തിയ സമൂഹങ്ങളെല്ലാം സ്വന്തം സമൂഹത്തിനു വെളിയില്‍ മറ്റുപല സമൂഹത്തിലെയും ആളുകളുമായി സൗഹൃദങ്ങളും ബന്ധങ്ങളും വളര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കണം.
6. സമന്വയവും തുല്യതയും ഉറപ്പുവരുത്തുന്നതിനാവശ്യമായ നിയമനിര്‍മ്മാണവും ബോധപൂര്‍വ്വം അതിനായി സമൂഹാംഗങ്ങളെ നിര്‍ബന്ധിക്കുന്നതും നല്ലതാണ്.

ഈ ആറുകാര്യങ്ങള്‍ നടപ്പാക്കിയാല്‍ സംശയവും മുന്‍വിധിയും ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ആല്‍പോര്‍ട്ടിന്‍റെ അഭിപ്രായം.

ഏതായാലും സ്വന്തം സമൂഹത്തിനപ്പുറത്ത് ഉള്ളതെല്ലാം തെറ്റാണെന്നും സാത്താന്യമാണെന്നും മതങ്ങളും സമൂഹങ്ങളും പഠിപ്പിക്കുന്നത് നിര്‍ത്തുകയും പരസ്പരവിശ്വാസവും വൈവിധ്യതയെ ആസ്വദിക്കാനും അംഗീകരിക്കാനുമുള്ള മനസ്സുമില്ലാതെ മുന്‍വിധികള്‍ക്ക് പരിഹാരമുണ്ടാകില്ല.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts