news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ലാവോത്സുവിന്‍റെ ശിഷ്യനായ ചുവാങ് ത്സു തന്‍റെതന്നെ പേരാണു തന്‍റെ പുസ്തകത്തിനു കൊടുത്തിരിക്കുന്നത്. തന്‍റെ സുഹൃത്തും ലൊജീഷ്യനുമായ ഹുയി ത്സുവുമായി ഒരിക്കല്‍ നടന്ന ഒരു ചെറു സംഭാഷണം അതില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഹാവോ നദിയിലേക്ക് നോക്കിക്കൊണ്ട് ചുവാങ് പറയുന്നു: "എത്ര ആയാസരഹിതമായാണ് ഈ വെള്ളമീനുകള്‍ നീന്തുന്നത്! ഇതാണ് ഇവയുടെ ആനന്ദം." ഉടനെ വന്നു ഹുയിയുടെ മറുപടി: "താങ്കള്‍ അതിനു വെള്ളമീനല്ലല്ലോ, പിന്നെങ്ങനെ അവയ്ക്ക് ആനന്ദമാണെന്നു പറയും?" ഹുയിയുടെ ലോജിക്കുതന്നെ ഉപയോഗിച്ചായിരുന്നു ചുവാങ്ങിന്‍റെ ഉത്തരം. "താങ്കള്‍ ഞാനല്ലല്ലോ. പിന്നെങ്ങനെ എനിക്ക് അവയുടെ ആനന്ദം അറിയാനാകില്ലെന്നു പറയാന്‍ കഴിയും? ഞാനത് അറിഞ്ഞത് ഈ നദിയില്‍നിന്നാണ്." മീനുകള്‍ക്ക് സന്തോഷമുണ്ടെന്നോ സങ്കടമുണ്ടെന്നോ അറിയാനാകില്ലെന്നാണു ലൊജീഷ്യന്‍റെ വാദം. കാരണം നമ്മള്‍ അവറ്റകളല്ലല്ലോ. എന്നാല്‍ നമ്മുടെ ലോജിക്കുവച്ച് ഒരു കാര്യം തീര്‍ച്ചയായും നമുക്കറിയാം: അവറ്റകള്‍ക്കു നല്ല രുചിയുണ്ട്. തെരുവുനായ്ക്കളെ വണ്ടിയിടിപ്പിച്ചു കൊല്ലുന്നത് സാമൂഹ്യസേവനമാണെന്നു വിശ്വസിക്കുന്ന ഒരാളെ അറിയാം. നായ്ക്കള്‍ക്കു വേദനയുണ്ടോ എന്നാര്‍ക്കറിയാം! എന്നാല്‍ ഒരു കാര്യത്തില്‍ ഉറപ്പുണ്ട്: നായ്ക്കള്‍ ചാകേണ്ടവയാണ്. ഹുയിയുടെ വാദമനുസരിച്ച് അയാളും അയാളുടെ ലോകവും അതിലെ ശരിതെറ്റുകളും അനുഭൂതികളും മാത്രമാണു പ്രധാനം. ചുവാങ്ങിനു പക്ഷേ അതുമാത്രമല്ല ലോകം. വെള്ളത്തില്‍ നീന്തിക്കളിച്ച് അയാള്‍ അനുഭവിച്ചറിഞ്ഞതാണു മീനുകളുടെ ലോകം. അവയുടെ വികാരങ്ങള്‍ അയാള്‍ക്ക് എങ്ങനെ നിഷേധിക്കാനാകും?

അപരന്‍റെ ചെരുപ്പിനകത്തു കയറിനിന്നു നോക്കുക എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗം ഇംഗ്ലീഷ് ഭാഷയിലുണ്ടല്ലോ. അതിനെ ഒറ്റവാക്കില്‍ സഹാനുഭൂതിയെന്നു വിളിക്കാം. ഹുയിത്സു ചെയ്യാത്തത് അതാണ്. അങ്ങനെയാണ് അയാള്‍ ചില തീര്‍പ്പുകളിലെത്തുന്നത്. ഇത്തരത്തിലുള്ള ഒരുപാടു തീര്‍പ്പുകളുടെ ഉടമകളാണു മനുഷ്യര്‍. ഉദാഹരണത്തിന്, അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ കാലത്തു കുഷ്ഠരോഗികളെ പള്ളിയില്‍നിന്നു പുറത്താക്കാനായി ഒരു പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷതന്നെ നിലവിലുണ്ടായിരുന്നത്രേ. ആ ശുശ്രൂഷയ്ക്കൊടുക്കം പുരോഹിതന്‍ ഇങ്ങനെ കല്പിച്ചിരുന്നു: "പള്ളിയിലോ, ചന്തസ്ഥലങ്ങളിലോ, ആള്‍ത്താമസമുള്ള ഇടങ്ങളിലോ നീ പ്രവേശിക്കുന്നതിനെ ഇതിനാല്‍ ഞാന്‍ നിരോധിക്കുന്നു... കുഞ്ഞുങ്ങളെ തൊടാനോ, സ്വന്തം പാത്രത്തില്‍നിന്നല്ലാതെ ആഹരിക്കാനോ ഇനിമേല്‍ പാടുള്ളതല്ല". സിവില്‍ സമൂഹത്തിന്‍റെ നിലപാടും ഇതില്‍നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല. അസ്സീസിയില്‍ പുതിയൊരു മജിസ്ട്രേറ്റ് അധികാരമേറ്റെടുത്താല്‍ ഒരു മാസത്തിനുള്ളില്‍ എല്ലായിടത്തും പരതി, കുഷ്ഠരോഗികളെ വേട്ടയാടിപ്പിടിക്കണമെന്നു നിയമമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ അസ്സീസിയുടെ മേയറായിരുന്ന അന്തോണിയോ ഫൊര്‍ത്തീനി പറയുന്നത്, ഫ്രാന്‍സിസിന്‍റെ കാലത്ത് ശിക്ഷാഭീതിയില്ലാതെ ആര്‍ക്കും കുഷ്ഠരോഗികളെ മര്‍ദ്ദിക്കാമായിരുന്നു എന്നാണ്. സഭയും സമൂഹവും സംസ്കാരവും കുഷ്ഠരോഗികളെ സംബന്ധിച്ച് ഒരേ തീര്‍പ്പുകളിലെത്തുകയും അവ അനുശാസിക്കുകയും ചെയ്തിരുന്ന അന്നാളുകളിലൊരിക്കലാണ് കുഷ്ഠരോഗിയെ കെട്ടിപ്പിടിച്ച്, അയാളുടെ ചെരുപ്പിനകത്ത് കയറിനിന്ന്, അയാളുടെ കണ്ണുകളിലൂടെ കാര്യങ്ങള്‍ കാണാന്‍ ഫ്രാന്‍സിസ് ശ്രമിച്ചത്. ലോകം ഉപേക്ഷിക്കാന്‍ നിമിത്തമായത് ഈ അനുഭവമാണെന്നാണ് പിന്നീട് ഫ്രാന്‍സിസ് മരണപത്രത്തില്‍ എഴുതുന്നത്. കുഷ്ഠരോഗിയുടെ ജീവിതം തന്‍റെ അനുഭൂതിയുടെ ഭാഗമാക്കുക വഴി തന്‍റെ സംസ്കാരത്തിന്‍റെയും ലോകത്തിന്‍റെയും വിധിതീര്‍പ്പുകളുടെ പൊള്ളത്തരം അയാള്‍ക്കു വ്യക്തമാകുകയാണ്. അന്യവ്യക്തികളുടെയും ജീവികളുടെയും ഭാഗത്തുനിന്ന് കാര്യങ്ങള്‍ കണ്ടതുകൊണ്ടാവണം അയാള്‍ക്ക് തേനീച്ചകളുടെ വിശപ്പ് പ്രധാനപ്പെട്ട വിഷയമാകുന്നത്, ഗുബിയോയിലെ ചെന്നായ്ക്കുവേണ്ടി അയാള്‍ വാദിക്കുന്നത്, കള്ളന്മാരോടു ക്ഷമ ചോദിക്കുന്നത്, അറക്കാന്‍ കൊണ്ടുപോയ ആടിനെ രക്ഷിക്കാന്‍ കമ്പിളിപ്പുതപ്പു നല്കുന്നത്. സഹാനുഭൂതിയുടെ ആ മനുഷ്യനെക്കുറിച്ചു പറയപ്പെടുന്ന ഐതിഹ്യകഥകളില്‍പോലും അതിന്‍റെ അനുരണനങ്ങളുണ്ട്. തോമസ് അക്വിനാസിന്‍റെ മുറിയിലേക്കു ചെന്ന ഗണികയെ തീക്കൊള്ളികൊണ്ടു കുത്തിപ്പുറത്താക്കിയെന്നു പറയപ്പെടുന്നുണ്ടല്ലോ. എന്നാല്‍ ഫ്രാന്‍സിസിനെക്കുറിച്ചുള്ള ഐതിഹ്യകഥയില്‍ പറയുന്നത് സുല്‍ത്താനിന്‍റെ നാട്ടില്‍ വച്ച് അയാളെ ഒരു ഗണിക സമീപിച്ചുവെന്നും, താന്‍ അവള്‍ക്കു പ്രലോഭനകാരണമായല്ലോ എന്നു വിലപിച്ച് അയാള്‍ സ്വയം തീയിലേക്ക് എടുത്തുചാടിയെന്നുമാണ്. ആദ്യത്തേതു വിധിതീര്‍പ്പുകൊണ്ടു സംഭവിക്കുന്നതാണ്; രണ്ടാമത്തേത് അവളുടെ ചെരുപ്പിനകത്തു കയറിനില്‍ക്കുന്നതുകൊണ്ട് സംഭവിക്കുന്നതും.

വിധിതീര്‍പ്പുകളുടെ മണ്ഡലത്തില്‍ ഭൂതകാലം മാത്രമാണുള്ളത്. സഹാനുഭൂതിയുടെ മണ്ഡലത്തില്‍ വര്‍ത്തമാനവും ഭാവിയുമെല്ലാം പ്രധാനപ്പെട്ടതാണ്. ആളുകളില്‍ ഭീതിയും വെറുപ്പും നിറച്ചിരുന്ന ഒരു മനുഷ്യന് ശ്രീബുദ്ധന്‍റെ ശിഷ്യനാകണമെന്നു പെട്ടെന്നൊരു ദിവസം മോഹം. അയാള്‍ ആശ്രമത്തിലെത്തിയപ്പോള്‍ ശ്രീബുദ്ധന്‍ ഭിക്ഷാടനത്തിനു പോയിരിക്കുകയാണെന്നു പറഞ്ഞു. ബുദ്ധഭിക്ഷുക്കള്‍ അയാളെ ആശ്രമത്തിലെ ശരിപുത്രയെന്ന ജ്യോത്സ്യഭിക്ഷുവിന്‍റെ പക്കലെത്തിച്ചു. അയാള്‍ അയാളുടെ എണ്ണായിരം മുജ്ജന്മങ്ങളിലും കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്; അതുകൊണ്ട് ഒരിക്കലും ഒരു ബുദ്ധനാകാനാകില്ല- ശരിപുത്ര വിധിച്ചു. അപ്പോഴാണ് ശ്രീബുദ്ധന്‍ കയറിവന്നത്. അദ്ദേഹം അയാളെ ശിഷ്യനായി സ്വീകരിക്കുകയും ഒരാഴ്ചക്കുള്ളില്‍ അയാള്‍ക്കു ബോധജ്ഞാനം സിദ്ധിക്കുകയും ചെയ്തു. "എന്താണിത്? ജ്യോതിഷശാസ്ത്രമെല്ലാം തെറ്റാണെന്നാണോ ഇതിനര്‍ത്ഥം?" ശരിപുത്ര ബുദ്ധനോട് ആരാഞ്ഞു. കിട്ടിയ മറുപടി ഇതായിരുന്നു: "താങ്കള്‍ കണ്ടത് അയാളുടെ ഭൂതകാലമാണ്; ഞാനോ ഭാവിയും. നാളിതുവരെ ഏറെ മുറിവേറ്റതുകൊണ്ട് ഏതുവിധേനയും മോചനം വേണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് താങ്കള്‍ ഇത്രനാള്‍കൊണ്ട് നേടാതിരുന്ന ബോധജ്ഞാനം അയാള്‍ ഇത്രവേഗം നേടിയത്."

കുമ്പസാരക്കൂട്ടിലിരുന്ന് ഇടര്‍ച്ചകളുടെ കഥകള്‍ കേട്ടു തുടങ്ങിയിട്ട് ഏഴുകൊല്ലമായി. ഇന്നിപ്പോള്‍ ആളുകളെക്കാണുന്ന രീതിക്കുതന്നെ മാറ്റം വന്നിരിക്കുന്നു. എല്ലാവരും ഏറെ മുറിവുകളും ഭയങ്ങളും അസ്വാസ്ഥ്യങ്ങളും ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍. ഇവരുടെ നേര്‍ക്ക് എങ്ങനെയാണു വിരല്‍ ചൂണ്ടാനാകുക? വലിയ ഗൗരവപ്രകൃതിക്കാരും മനഃപൂര്‍വ്വം തെറ്റുചെയ്യുന്നവരും എന്നൊക്കെ കരുതപ്പെടുന്നവരുടെ നെഞ്ചകങ്ങള്‍ പൊടിഞ്ഞിരിക്കുകയാണെന്ന് കുമ്പസാരക്കൂട്ടിലിരുന്നാലേ മനസ്സിലാകൂ. എല്ലാം അറിയുകയെന്നുവച്ചാല്‍ എല്ലാം പൊറുക്കുകയെന്നാണ് അര്‍ത്ഥമെന്നു കേട്ടിട്ടില്ലേ? അതുകൊണ്ടാവണം ക്രിസ്തുവിന് ആരേയും ചെറുതാക്കാനാകാതിരുന്നത്. അവന്‍ കണ്ടത് ദീര്‍ഘയാത്രകൊണ്ട് വല്ലാതെ വിണ്ടുകീറിയ പാദങ്ങള്‍ മാത്രമാണ്. അവ കഴുകി, തുടച്ച്, ചുംബിക്കാനേ അവനാകൂ. "ആവശ്യത്തില്‍ കൂടുതല്‍ കാരുണ്യം കാണിക്കൂ; കാരണം എല്ലാവരും മുറിവേറ്റവര്‍" എന്ന് ഒരിക്കല്‍ കിട്ടിയ എസ്.എം.എസ്. ഒരാളോടു കാണിക്കാവുന്ന ഏറ്റവും വലിയ ആദരവ് അയാളുടെ ഭാഗത്തുനിന്ന് കാര്യങ്ങളെ കാണുക എന്നതാണെന്നു തോന്നുന്നു. ക്രിസ്തു പരസ്യപാപിനിയോടു ചെയ്തത് അതാണ്. പിന്നീട് തന്‍റെ കുഞ്ഞിന് അത്താഴം വിളമ്പിക്കൊടുക്കുന്നതിനിടയില്‍ ഏതു പുരുഷന്‍റെ മുമ്പില്‍ താനാദ്യമായി ശിരസ്സുയര്‍ത്തി നിന്നുവോ, അയാളെക്കുറിച്ച് അവള്‍ തന്‍റെ കുഞ്ഞിനോടു പറയും. "നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍ മറക്കും. നമ്മള്‍ ചെയ്ത കാര്യങ്ങളും അവര്‍ മറക്കും. എന്നാല്‍ നമ്മുടെ സാന്നിധ്യത്തില്‍ അവര്‍ക്ക് അവരെക്കുറിച്ചുതന്നെ തോന്നിയത് അവര്‍ക്കു മറക്കാനാവില്ല" എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

തന്‍റെ ലോകത്ത് ചുങ്കക്കാരും വേശ്യകളും ഏറെയുണ്ടാകും എന്നുതന്നെയാണ് ക്രിസ്തു പറഞ്ഞത്. ഇളയപുത്രന് ഇടം കിട്ടുന്നതാണ് അവന്‍റെ ഭവനം. അപ്പോള്‍ സ്വാഭാവികമായും പുറത്താകുന്നത് മൂത്ത പുത്രനാണ്. ഒരു സെന്‍ഗുരുവിന്‍റെ ശിഷ്യഗണത്തില്‍ ഒരു കള്ളന്‍ വന്നുചേരുകയാണ്. ഒരു മോഷണശ്രമത്തില്‍ അയാള്‍ പിടിയിലായി. ആളെ പുറത്താക്കണമെന്നു മറ്റു ശിഷ്യന്മാര്‍. ഗുരു പക്ഷേ അതവഗണിച്ചു. വീണ്ടും മോഷണം. ഒന്നുകില്‍ അയാള്‍, അല്ലെങ്കില്‍ ഞങ്ങള്‍ എന്ന നിലപാടിലെത്തുകയാണ് ശിഷ്യന്മാര്‍. അപ്പോള്‍ ഗുരു പറഞ്ഞു: "ശരിതെറ്റുകള്‍ അറിയാവുന്നവരാണു നിങ്ങള്‍. അതുകൊണ്ടു നിങ്ങള്‍ പൊയ്ക്കോളൂ. അതുപോലും അറിയാത്ത ഇവന്‍ ഇവിടെ നില്ക്കട്ടെ." മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകുന്നത് ഇങ്ങനെയാണ്. അന്ത്യവിധിയില്‍ മനുഷ്യപുത്രന്‍ മനുഷ്യരെ ഇടതുവശത്തും വലതുവശത്തുമായി വേര്‍തിരിച്ചുനിര്‍ത്തി. വലതുവശത്തുള്ളവരോടൊപ്പം പുള്ളിക്കാരന്‍ സ്വര്‍ഗത്തിലേക്കു കയറിപ്പോകാന്‍ തുടങ്ങുകയാണ്. പടിവാതില്‍ക്കല്‍ എത്തിനില്ക്കുമ്പോള്‍ ഇടതുവശത്തുള്ളവരോട് മനുഷ്യപുത്രനു വലിയ സഹാനുഭൂതി. എങ്ങനെയാണ് അവരെ ഉപേക്ഷിക്കാന്‍ പറ്റുക? അങ്ങനെ, അവരോടും കയറിപ്പോരാന്‍ പറയുകയാണ്. സഹിക്കാനാകുമോ വലതുവശത്തുള്ളവര്‍ക്ക്? "ഇതെന്തു നീതി? ഇതെന്തു ന്യായം? അങ്ങനെയെങ്കില്‍ ഞങ്ങളില്ല നിന്‍റെ സ്വര്‍ഗത്തിലേക്ക്!" അങ്ങനെ ഇടത്തുള്ളവര്‍ സ്വര്‍ഗത്തിനകത്തും വലത്തുള്ളവര്‍ പുറത്തുമാകുന്നു. ഒന്നാമത്തവന്‍ അവസാനത്തവനും അവസാനത്തവന്‍ ഒന്നാമനുമാകുന്ന അത്ഭുതം!

സഹാനുഭൂതിക്ക് ഇത്തരം ചില അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുണ്ട്. പുതുവര്‍ഷം നമ്മെക്കൊണ്ട് ഇത്തരം ചില അത്ഭുതങ്ങള്‍ ചെയ്യിക്കട്ടെ.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts