news-details
കവർ സ്റ്റോറി

മദ്യാസക്തി : സത്യവും മിഥ്യയും

കേരള സര്‍ക്കാരിന്‍റെ പുതിയ മദ്യനിരോധന നിലപാടുകളുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന സമയമാണല്ലോ ഇത്. എന്നാല്‍ മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും, മദ്യാസക്തി എന്ന രോഗത്തെപ്പറ്റിയും ശാസ്ത്രീയമായ അറിവുകുറവ് പലപ്പോഴും ഈ ചര്‍ച്ചകളില്‍ മുന്നിട്ടുനില്‍ക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഇന്നും പൊതുസമൂഹം മദ്യാസക്തിയേയും അനുബന്ധ പ്രശ്നങ്ങളേയും കേവലം സ്വഭാവപ്രശ്നമായി ലഘൂകരിച്ച് കാണാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ലോകാരോഗ്യസംഘടന മദ്യാസക്തിയെ രോഗാവസ്ഥയായി മാനസികരോഗ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിലപാട് എടുത്തത് ലോകമെങ്ങും ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ ആധികാരികമായി പഠിക്കുന്നതിനും ചികിത്സിക്കുന്നതിനും പ്രചോദനം നല്‍കി.

എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി മദ്യം ഉപയോഗിക്കുന്നവരെ മൂന്നായി തരം തിരിക്കാം.

1. സോഷ്യല്‍ ഡ്രിങ്കേഴ്സ് (Social Drinkers)

ഇത്തരക്കാര്‍ വളരെ നിയന്ത്രിതമായ തോതില്‍ മദ്യം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് അവരുടെ ശാരീരികമോ, മാനസികമോ, സാമൂഹികമോ, തൊഴില്‍പരമോ ആയ ജീവിതത്തെ ഒട്ടും ബാധിക്കുന്നില്ല. പലപ്പോഴും ഉല്ലാസത്തിനോ, വിനോദത്തിനോ മാത്രമായി മദ്യം ഉപയോഗിക്കുന്നവരാണ് ഇവര്‍.

2. മദ്യദുരുപയോഗകര്‍ (Alcohol Abusers)

എല്ലാവരും ആരംഭത്തില്‍ സോഷ്യല്‍ ഡ്രിങ്കേഴ്സ് ആണെങ്കിലും അതില്‍ ഒരു ചെറിയ വിഭാഗം ക്രമേണ മദ്യം ദുരുപയോഗം ചെയ്യാനാരംഭിക്കും. ഇവരും സൗഹൃദ കൂട്ടായ്മയിലും ഉത്സവലഹരിയിലുമൊക്കെയാണ് മിക്കപ്പോഴും മദ്യം ഉപയോഗിക്കുന്നത്. മദ്യം ഉപയോഗിക്കാതിരിക്കുമ്പോള്‍ പിന്മാറ്റ ലക്ഷണങ്ങളോ (withdrawal symptoms) മദ്യം ഉപയോഗിക്കുന്നതു കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങളോ ഒന്നും ഇവര്‍ പ്രകടിപ്പിക്കാറില്ല. എങ്കിലും അമിതമായ മദ്യ ഉപയോഗം പലപ്പോഴും സ്വഭാവവൈകല്യങ്ങളിലേയ്ക്കും, വ്യക്തിബന്ധങ്ങളിലെ ശിഥിലതകളിലേയ്ക്കും ഇവരെ കൊണ്ടെത്തിക്കാറുണ്ട്. എപ്പോള്‍ വേണമെങ്കിലും മദ്യം ഉപേക്ഷിക്കാനും വേണ്ടപ്പോഴൊക്കെ മദ്യം നിയന്ത്രിച്ച് ഉപയോഗിക്കാനും ഇവര്‍ക്ക് സാധിക്കുന്നു.

3. മദ്യാസക്തര്‍ (Alcohol Addicts)

ഇക്കൂട്ടര്‍ മദ്യത്തിന്‍റെ അടിമ ആയവര്‍ ആണ്. എപ്പോഴെങ്കിലും മദ്യപിക്കാന്‍ ആരംഭിച്ചാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് (മൂന്നു പെഗ്ഗിലധികം) അമിതമായി മദ്യപിക്കാന്‍ മാത്രമേ ഇവര്‍ക്കു കഴിയൂ. ഇക്കൂട്ടരില്‍ ചിലര്‍ നിരന്തരം അമിതമായി മദ്യപിക്കുന്നവരാണ്. മറ്റു ചിലര്‍ മദ്യപിക്കുമ്പോള്‍ മാത്രം അമിതമായി മദ്യപിക്കുന്നവരും ആണ്. (മാസത്തില്‍ ഒരിക്കലോ, ആഴ്ചയില്‍ ഒരിക്കലോ ഒക്കെയാവാം). പക്ഷേ മദ്യപിച്ചു തുടങ്ങിയാല്‍ അതവസാനിപ്പിക്കുന്നതുവരെ അമിതമായി മദ്യപിച്ചുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്കു നിര്‍ത്തുന്ന ഇവര്‍ മദ്യത്തിന്മേല്‍ തങ്ങള്‍ക്ക് നിയന്ത്രണം ഉണ്ട് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും. ഇവരും കഠിനമായ മദ്യപാന രോഗികള്‍ തന്നെയാണ.് എന്നു മാത്രമല്ല നിരന്തര മദ്യപാനികളെപ്പോലെതന്നെ എല്ലാ ആരോഗ്യ - സാമൂഹിക പ്രശ്നങ്ങളും ഇവര്‍ക്കും ഉണ്ടാകും.

മദ്യാസക്തിയിലെത്തിപ്പെട്ടവര്‍ എത്ര ശ്രമിച്ചാലും മദ്യം നിയന്ത്രിച്ച് ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടേയിരിക്കും. ഓരോ തവണ മദ്യം ഉപയോഗിക്കാനാരംഭിക്കുമ്പോഴും നിയന്ത്രിതമായി മാത്രം കഴിക്കാനാണിവരുടെ ആഗ്രഹവും താല്‍പ്പര്യവുമെങ്കിലും അത് സാധിക്കാതെ വരുന്നു എന്നതാണ് സത്യം.

മദ്യാസക്തി രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍

1. ശേഷി കൂടല്‍: മദ്യം ഉപയോഗിക്കാനുള്ള ശേഷി ചിലരില്‍ മാത്രം കൂടിവരുന്നത് കാണാം. അതായത് ഒരു പെഗ് കുടിക്കുമ്പോള്‍ കിട്ടുന്ന 'കിക്ക്' കിട്ടാന്‍ ക്രമേണ രണ്ടും, മൂന്നും, നാലും ഒക്കെ കുടിക്കേണ്ടിവരുന്നു. ഇതാണ് മദ്യാസക്തിയുടെ ഏറ്റവും സുപ്രധാന ലക്ഷണം. മദ്യപിക്കാന്‍ എനിക്ക് നല്ല സ്റ്റാമിന ഉണ്ടെന്നും എത്ര കഴിച്ചാലും എനിക്ക് 'മത്ത്' പിടിക്കില്ല എന്നും ചിന്തിക്കുന്നവര്‍ ഓര്‍ക്കുക: നിങ്ങള്‍ ഹതഭാഗ്യനായ മദ്യാസക്തനാണ്. എന്നെന്നേക്കുമായി മദ്യം ഉപേക്ഷിച്ചേ മതിയാകൂ.

2. ആല്‍ക്കഹോള്‍ പിന്‍വാങ്ങല്‍ രോഗം
(Alcohol withdrawal syndrome)

മദ്യം നിര്‍ത്തിയാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍/ദിവസങ്ങള്‍ക്കുള്ളില്‍ മദ്യാസക്തര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകും. അമിതമായ വിയര്‍പ്പ്, തലവേദന, ഉറക്കക്കുറവ്, വിറയല്‍, നെഞ്ചിടിപ്പ്, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, ഉത്കണ്ഠ, ഓര്‍മ്മക്കുറവ്, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണാറുള്ളത്. എന്നാല്‍ ചിലരില്‍ ഇത് കഠിനവും ഗുരുതരവുമായ ലക്ഷണങ്ങളായി മാറാറുണ്ട്. അപസ്മാരം, ഡെലീറിയം, കോസഫ്കോ സൈക്കോസിസ് എന്നീ അവസ്ഥകള്‍ ഒക്കെ പിന്‍വാങ്ങല്‍ ലക്ഷണങ്ങളായി കാണാറുണ്ട്. മദ്യവിമോചന ചികിത്സ ഇങ്ങനെയുള്ള അവസരങ്ങളില്‍ സുപ്രധാനമാണ്. ചികിത്സകൊണ്ട് വേഗത്തില്‍തന്നെ ഈ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകാറുമുണ്ട്.

3. മദ്യത്തോടുള്ള അമിതമായ ആര്‍ത്തി:

മദ്യം കിട്ടാനുള്ള അമിതമായ ആര്‍ത്തിയും വ്യഗ്രതയുമാണ് അടിമത്ത രോഗത്തിന്‍റെ സുപ്രധാനമായ മറ്റൊരു ലക്ഷണം. ഇത്തരക്കാര്‍ മദ്യത്തിനുവേണ്ടി എന്തും ചെയ്യും. മദ്യം ഉപയോഗിക്കാനുള്ള അവസരം മനഃപൂര്‍വ്വം സൃഷ്ടിക്കുക, അതിനായി ഏതു വിധേനയും സമയവും പണവും കണ്ടെത്തുക, മറ്റ് ചുമതലകളും ഉത്തരവാദിത്തങ്ങളും അവഗണിച്ച് മദ്യത്തിനു വേണ്ടി പോവുക ഇതെല്ലാം മദ്യാസക്തിയുടെ ലക്ഷണമാണ്. Black out എന്ന പ്രതിഭാസവും  Pulling blank എന്ന പ്രതിഭാസവും ഈ ഘട്ടത്തില്‍ പലരിലും പ്രത്യക്ഷപ്പെടുന്നു. മദ്യപിച്ചശേഷം ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മറന്നുപോകുകയും, പിറ്റേദിവസം ഇതേപ്പറ്റി വീട്ടുകാര്‍ പരാതി പറയുമ്പോള്‍ തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് തര്‍ക്കിക്കുകയും ചെയ്യുന്ന പ്രതിഭാസം ആണ് ബ്ലാക്ക് ഔട്ട്. അതുപോലെ തങ്ങള്‍ക്കോര്‍മ്മയില്ലാത്ത കാര്യങ്ങളെപ്പറ്റി ചോദിക്കുമ്പോള്‍ ഊഹിച്ച് യാഥാര്‍ത്ഥ്യമല്ലാത്തതോ, കൃത്യമല്ലാത്തതോ ആയ കാര്യങ്ങള്‍ പറഞ്ഞ് ഓര്‍മ്മക്കുറവിനെ മറയ്ക്കാന്‍ ശ്രമിക്കുന്ന പ്രതിഭാസം ആണ് Pulling blank  എന്നറിയപ്പെടുന്നത്.

മദ്യഅടിമത്വത്തിന്‍റെ പ്രധാന അനന്തരഫലം

മദ്യ അടിമത്തം ഗൗരവമായ ശാരീരിക - മാനസിക രോഗങ്ങളിലേക്ക് ഒരാളെ എത്തിക്കുന്നു. കരള്‍വീക്കം മാത്രമാണ് പൊതുജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയാകുന്ന മദ്യാസക്ത രോഗവുമായി ബന്ധപ്പെട്ട ഏക രോഗം. കരളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് മദ്യാസക്തരോഗികളില്‍ കേവലം 20%ത്തില്‍ താഴെ ആളുകള്‍ മാത്രമേ വിധേയമാകുന്നുള്ളു. ancreatitis, Cancer, മറവിരോഗം, ലൈംഗികശേഷി നഷ്ടമാകല്‍, ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയെല്ലാം മദ്യാസക്തരില്‍ സാധാരണ കാണപ്പെടുന്ന രോഗങ്ങള്‍ തന്നെയാണ്. എന്നാല്‍ 50% ത്തോളം മദ്യാസക്ത രോഗികളും ക്രമേണ മനോരോഗത്തിലേക്ക് വഴുതിവീഴുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് ലോകമെങ്ങും 12% ത്തോളം മദ്യാസക്ത രോഗികളും ആത്മഹത്യ ചെയ്യുന്നു. കഠിന മനോരോഗങ്ങള്‍ ആയ സംശയരോഗങ്ങള്‍, ഉന്മാദ-വിഷാദ രോഗങ്ങള്‍, ഒ.സി.ഡി (Obsessive Compulsive Disorder), ലഘു മനോരോഗങ്ങളായ ഉത്കണ്ഠാരോഗങ്ങളും മദ്യാസക്തരില്‍ ഏറിയ പങ്കിലും ഉണ്ടാകുന്നു എന്നതാണ് മദ്യാസക്ത രോഗത്തിന്‍റെ ചികിത്സയെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നതിന്‍റെ അടിസ്ഥാനം.

എന്താണ് മദ്യവിമോചന ചികത്സ

പലരും ആശങ്കപ്പെടുന്നതുപോലെ പിന്നീട് മനോരോഗത്തിന് കാരണമായേക്കാവുന്ന എന്തോ ഒരു ചികിത്സ അല്ല ഇത്. പ്രത്യുത ജീവിക്കാനുള്ള അറിവും കഴിവും സാഹചര്യവും അടിമയായ ഒരു വ്യക്തിയിലും അയാളുടെ കുടുംബത്തിലും സൃഷ്ടിക്കുകയാണ് മദ്യവിമോചന ചികിത്സയുടെ യഥാര്‍ത്ഥ മര്‍മ്മം. പൊടുന്നനെ മദ്യം ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന പിന്‍മാറ്റ ലക്ഷണങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയോ പരമാവധി ലഘൂകരിക്കുകയോ ചെയ്യുന്നതിനുവേണ്ടി Benzodiazepine പോലുള്ള ചില മരുന്നുകള്‍ ചികിത്സയുടെ ആദ്യഭാഗത്ത് ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ രോഗി നേടിയെടുക്കുന്ന ഉള്‍ക്കാഴ്ചകളുടെ ആഴം മനസ്സിലാക്കി മദ്യത്തോടുള്ള ആസക്തി കുറയുന്നതിനു വേണ്ടിയുള്ള ചില മരുന്നുകള്‍ ഉപയോഗിക്കുകയും   ചിലപ്പോഴെങ്കിലും മദ്യവിരക്തി ഉണ്ടാക്കുന്ന ഡയഫള്‍സിറാം പോലെയുള്ള ചില മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനപ്പുറം മറ്റൊരു മരുന്നു പ്രയോഗവും മദ്യവിമോചന ചികിത്സയില്‍ ഇല്ല എന്നതാണ് സത്യം. സുപ്രധാനമായ ചികിത്സാ സമ്പ്രദായം കൗണ്‍സിലിംഗും മനശ്ശാസ്ത്ര - സാമൂഹിക ചികിത്സയുമാണ്. അതുകൊണ്ട് ഈ ചികിത്സയ്ക്ക് ഒരു പാര്‍ശ്വ ഫലവും ഇല്ല എന്ന സത്യത്തെ ഏവരും മനസ്സിലാക്കണം. മദ്യാസക്തചികിത്സയുമായി ബന്ധപ്പെട്ട് ഓര്‍ത്തിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍ ഇവയാണ്.

ډ മദ്യാസക്തി ചികിത്സിച്ചു മാറ്റാന്‍ ആവാത്ത രോഗമാണ്. മദ്യാസക്ത ചികിത്സയിലൂടെ ലക്ഷ്യമിടുന്നത് മദ്യമില്ലാതെ ജീവിക്കാനുള്ള കഴിവും പ്രാപ്തിയും അറിവും രോഗിയിലും, രോഗിയുടെ കുടുംബാംഗങ്ങളിലും സൃഷ്ടിക്കുക മാത്രമാണ്.

ډ മദ്യവിമോചന ചികിത്സയ്ക്കു വിധേയനായ ഒരാള്‍ക്ക് ആ ചികിത്സ വഴി നിയന്ത്രിതമായി മദ്യം ഉപയോഗിക്കാനുള്ള കഴിവ് ഒരിക്കലും ഉണ്ടാക്കിയെടുക്കാനാവില്ല.

ډ എപ്പോഴെങ്കിലും ഇയാള്‍ കുടിച്ചാല്‍ പണ്ട് എങ്ങനെ കുടിച്ചിരുന്നോ അതേ അവസ്ഥയിലേക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് എത്തിപ്പെടും.

ډ (Follow up) തുടര്‍ചികിത്സ മദ്യവിമോചന ചികിത്സയുടെ ഏറ്റവും സുപ്രധാനമായ വിജയ രഹസ്യമാണ്.

മദ്യാസക്തരോഗത്തില്‍ എത്തിപ്പെടാതിരിക്കാനുള്ള ചില പ്രതിരോധമാര്‍ഗ്ഗങ്ങള്‍

ډ മദ്യാസക്ത രോഗം ഒരളവുവരെ പാരമ്പര്യമായി ലഭിക്കുന്നതാണ്. അതുകൊണ്ട് ബന്ധുക്കളില്‍ (മാതാപിതാക്കള്‍, മുത്തശ്ശന്മാര്‍, അമ്മാവന്മാര്‍, സഹോദരങ്ങള്‍) മദ്യാസക്ത രോഗം ഉണ്ടെങ്കില്‍ Social drinking  ല്‍ നിന്നും പൂര്‍ണ്ണമായി മാറിനില്‍ക്കുക.

ډ ആരെങ്കിലും മദ്യത്തോടുള്ള സഹിഷ്ണുത (tolerance)) - ആദ്യഉപയോഗങ്ങളില്‍ കിട്ടുന്ന കിക്ക് കിട്ടാന്‍ പിന്നീട് കൂടുതല്‍ അളവ് ആവശ്യമായി വരുന്ന അവസ്ഥ - തങ്ങളില്‍ വളരുന്നതായി ശ്രദ്ധിച്ചാല്‍ പിന്നീട് മദ്യത്തെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുക.

ډ ആരെങ്കിലും കുടിക്കുമ്പോള്‍ പലപ്പോഴും 3 peg   ല്‍ (സ്ത്രീകള്‍ 2 peg   ല്‍) അധികമായി പോകുന്നു എന്ന് മനസ്സിലാക്കിയാല്‍ മദ്യത്തോട് എന്നെന്നേക്കുമായി വിട പറയുക.

ډ സന്തോഷത്തിലും ദുഃഖത്തിലും മറ്റെന്തു കാര്യത്തിലും മദ്യം വേണമെന്ന് തോന്നിത്തുടങ്ങിയാല്‍ നിങ്ങള്‍ മാനസികമായി മദ്യത്തിന് അടിമയായിക്കഴിഞ്ഞു എന്നുറപ്പിക്കാം. അതുകൊണ്ട് മദ്യം പൂര്‍ണ്ണമായി ഉപേക്ഷിച്ചേ മതിയാകൂ.

ډ ചെറിയ അളവില്‍ മദ്യം ഉപയോഗിക്കുമ്പോള്‍ പോലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വലിയ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ മദ്യത്തില്‍ നിന്നും മാറിനില്‍ക്കണം.

ډ എത്ര വൈകി കുടി തുടങ്ങുമോ അത്രയും നല്ലത്. (കൗമാരത്തില്‍ കുടിക്കാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.)

മദ്യാസക്തരോഗം രോഗമാണ്. സ്വന്തം ശ്രമം കൊണ്ട് മദ്യത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ശ്രമിച്ചിട്ട് പറ്റാതെ വരുന്നവര്‍ നിശ്ചയമായും ചികിത്സയ്ക്ക് വിധേയമാകണം. മദ്യവിമോചന ചികിത്സകൊണ്ട് മനോരോഗം വരില്ല. പക്ഷേ മദ്യപാനം കൊണ്ട് മനോരോഗസാധ്യത ഏറെയാണ്. 

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts